Saturday, December 28, 2013

എന്റേത് ....!!!

എന്റേത് ....!!!  

ഇത്  എന്റേതാനെന്ന്  
ഞാൻ പറയുമ്പോഴാണ്  
ഇത് നിങ്ങളുടേത്  
കൂടിയാണെന്ന്  
മറ്റുള്ളവർക്ക്  
തോന്നുന്നത് ....!!! 

സുരേഷ്കുമാർ  പുഞ്ചയിൽ  

Friday, December 27, 2013

നിറവ് ...!!!

നിറവ് ...!!!  
. 
ഒഴിയുന്നത് നിറയ്ക്കുമ്പോൾ 
നിറഞ്ഞത്‌ ഒഴിയുന്നു  
അപ്പോൾ  
നിറഞ്ഞതേത് 
ഒഴിഞ്ഞതേത് ...??? 
. 
സുരേഷ്കുമാർ  പുഞ്ചയിൽ 

Saturday, December 21, 2013

കണ്ണാടി ...!!!

കണ്ണാടി ...!!!  
.
മുഖം നന്നാകാത്തതിന്
കണ്ണാടി പൊട്ടിചിട്ട്
കാര്യമില്ലെന്ന് പഴമൊഴി ...!
.
പക്ഷെ
രസം പോയ കണ്ണാടിയിൽ
എങ്ങിനെ മുഖം നന്നാകും ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

Saturday, December 14, 2013

മരം പെയ്യുന്നത് ...!

മരം പെയ്യുന്നത് ...!  
.
മഴയ്ക്ക് ശേഷം മരം
വീണ്ടും പെയ്യുന്നത്
മരത്തിനു വേണ്ടിയോ
മഴയ്ക്ക് വേണ്ടിയോ
അതോ
എനിയ്ക്ക് വേണ്ടിയോ ... ???
.
സുരേഷ്കുമാർ  പുഞ്ചയിൽ

Saturday, December 7, 2013

കാത്തിരിപ്പ്‌ ...!!!

കാത്തിരിപ്പ്‌ ...!!!  
. 
കാലം  
കാഴ്ച്ചക്കാരനോട്  
പറയുന്നത്  
കാത്തിരിക്കാനാണ് ...! 
. 
കാലത്തിനൊപ്പം  
കാത്തിരിക്കാനോ  
കാലം  
കഴിയുവോളം  
കാത്തിരിക്കാനോ ...??? 
. 
സുരേഷ്കുമാർ  പുഞ്ചയിൽ  

Friday, December 6, 2013

വിധി ...!!!

വിധി ...!!!  
.  
വിചാരമില്ലാത്ത  
വികാരങ്ങൾക്ക്  
വിചിത്രമായ  
വിധി ...!  
.  
വികാരമില്ലാത്ത  
വിചാരങ്ങൾക്ക്‌  
വിലയില്ലാത്ത  
വിധിയും ...!!!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

Sunday, December 1, 2013

ചരിത്രം ...!!!

ചരിത്രം ...!!!
.
ചരിത്രത്തിലേക്ക്
പുറകിലൂടെയോ  
മുന്നിലൂടെയോ  
നടന്ന് കയറാനാവുക....???  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

Monday, November 25, 2013

മനസ്സ് ...!!!

മനസ്സ് ...!!!    
.  
കുതിരയെ പോലെയാകണം   
മനസ്സെന്ന് പണ്ഡിതർ    
കടിഞ്ഞാണിട്ട്   
കണ്ണുകൾ  മറച്ച്   
കുളംബുകളിൽ ലാടം തറച്ച്   
എണ്ണയിട്ട് ദേഹം മിനുക്കി   
കുഞ്ചിരോമം വെട്ടിയോരുക്കി   
ഉശിരോടെ   
ആവേശത്തോടെ   
തെളിക്കപ്പെടുന്ന വഴിയെ ....!  
.  
പക്ഷെ   
കടിഞ്ഞാൻ  
നമ്മുടെ കയ്യിലല്ലെങ്കിൽ  ...???   
.  
സുരേഷ്കുമാർ  പുഞ്ചയിൽ   

ഒന്ന് വെച്ചാൽ ...!!!

ഒന്ന് വെച്ചാൽ ...!!!
.
ഒന്നു വെച്ചാൽ രണ്ട്
രണ്ടു വെച്ചാൽ നാല്
നാല് വെച്ചാൽ എട്ട്
എട്ടു വെച്ചാൽ ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

Wednesday, November 20, 2013

ദൈവങ്ങൾക്കുള്ള ഇടം , എനിക്കും ... !!!

ദൈവങ്ങൾക്കുള്ള  ഇടം , എനിക്കും ... !!!

മലമുകളിൽ ആ ക്ഷേത്രം അതിന്റെ എല്ലാ പവിത്രതയോടെയും നില്ക്കാൻ തുടങ്ങിയിട്ട് കാലമേറെയായി .  വല്ലപ്പോഴും മാത്രമെത്തുന്ന ആരാധകർക്ക് നടുവിൽ , അവരുടെ സ്വയമുള്ള പൂജകൾ നേരിട്ട് ഏറ്റുവാങ്ങി ദൈവവും മനുഷ്യനും ഒന്നായി സംവദിക്കുന്ന ആ ക്ഷേത്രം അതുകൊണ്ട് തന്നെ എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു . 

ആ ക്ഷേത്രത്തിലേക്ക് എന്നെ ആദ്യം കൊണ്ട് പോയത് അവളായിരുന്നു. എനിക്കൊപ്പം ജോലി ചെയ്തിരുന്ന ആ പെണ്‍കുട്ടി ആപ്പോൾ മാത്രം സന്തോഷവതിയായിരിക്കാറുണ്ട് എന്ന  കാരണം കൊണ്ട് കൂടി അവള്ക്കൊപ്പം ഞാനും ഏറെ കഠിനമായ ആ മല ചവിട്ടി,  കൂടാതെ , കിട്ടുന്ന എല്ലാ അവസരങ്ങളിലും ഞാൻ അവിടെ പോകാറുമുണ്ട്. 

നിറയെ പക്ഷികളും, കുഞ്ഞു കുഞ്ഞു മൃഗങ്ങളും വ്യത്യസ്തമായ മരങ്ങളും ഒരു കുഞ്ഞു അരുവിയും, ഒരിക്കലും വറ്റാത്ത നീര് തടവും അവിടം സമ്പന്ന മാക്കിയിരുന്നു . എപ്പോഴും വീശുന്ന തണുത്ത കാറ്റും, കാറ്റിൽ നിറയുന്ന പൂക്കളുടെ മണവും അവിടം ഒരു സ്വപ്ന ലോകമാക്കിയിരുന്നു. 

പഴകി ദ്രവിച്ച ഒരു വിഗ്രഹവും, ചരിത്ര സ്മൃതികൾ അയവിറക്കി നഷ്ട്ട പ്രതാ പങ്ങളിൽ എങ്കിലും അപ്പോഴും തലയെടുപ്പോടെ നില്ക്കുന്ന ആ ക്ഷേത്രത്തിനു പക്ഷെ മനുഷ്യൻ സൃഷ്ട്ടിച്ച പൂജാ  വിധികളില്ല, ദൈവത്തെ ഒന്ന് നേരാം വണ്ണം കാണാൻ പോലുമാകാതെ പിടിച്ചു തല്ലാൻ മാത്രമുള്ള കാവൽക്കാരില്ല. എല്ലാറ്റിനും പണം പിടുങ്ങുന്ന ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമില്ല .  

നമുക്ക്  മതിയാവോളം ദൈവത്തോട് നേരിട്ട് പറയാനുള്ളതെല്ലാം പറയാനുള്ള മനോഹരമായ അവസരം ശരിക്കും ഞാൻ മുതലാക്കാൻ തുടങ്ങി.  സത്യത്തിൽ ആവലാതികൾ പറയാനും അവാശ്യങ്ങൾ അന്ഗീകരിപ്പിച്ചു കിട്ടാനുമല്ല ഞാൻ ദൈവത്തെ കാണാൻ പോകാറുള്ളത്. എന്റെ മനസ്സിലുള്ളത് അതെ പോലെ തുറന്നു പറയാനാണ് .  അതിനു ഏറ്റവും പറ്റിയ ആൾ ദൈവം മാത്രമാണെന്ന് എനിക്ക് ബോധ്യമായിരുന്നു.  

എന്റെ വ്യാകുലതകൾ എന്റെ ആശങ്കകൾ എന്റെ വിഡ്ഢിത്തരങ്ങൾ എന്റെ ജല്പനങ്ങൾ ....! ആദ്യമാദ്യം ഞാൻ അങ്ങോട്ട്‌ പറയുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ .  പിന്നെ പിന്നെ ഞാൻ സംസാരിക്കുന്നതിനു എന്റെ മനസ്സില് തന്നെ മറുപടികളും ലഭിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ശരിക്കും ആസ്വദിക്കാൻ തുടങ്ങി ...!  ദൈവത്തെ  അനുഭവിക്കാനും. 

പിന്നെ പിന്നെ അവൾ ഇല്ലാതെയും ഞാൻ അവിടെ പോകാൻ തുടങ്ങി . ഒരുപാട് സമയം ചിലവഴിക്കാൻ തുടങ്ങി.. അങ്ങിനെ കുറച്ചു നാളുകൾക്കു ശേഷം, ഞാൻ ജോലി ആവശ്യങ്ങള്ക്ക് വേണ്ടി അവിടെ നിന്നും മാറി നില്ക്കേണ്ടി വന്നു . കുറച്ചു കാലത്തേക്ക് .  പിന്നെ മടങ്ങി എത്തുന്നത്‌ ഇപ്പോൾ.  എത്തിയപാടെ ഞാൻ ഓടുകയായിരുന്നു അങ്ങോട്ട്‌ . ഒരുപാട് നാളത്തെ മനസ്സ് മുഴുവൻ തുറക്കാൻ . 

പക്ഷെ അവിടെയെതിയതും ഞാൻ  പോയി . ഇപ്പോൾ അവിടെ ആ ക്ഷേത്രമില്ല. ആ പ്രതിഷ്ടയില്ല . എന്തിനു, അവിടെ ആ കുന്നു പോലുമില്ല . എല്ലാം ഇടിച്ചു നിരത്തി കെട്ടിടങ്ങള പണിതിരിക്കുന്നു . ഇനി ഞാൻ എങ്ങിനെപ്രാർത്ഥിക്കും ...??? 
 . 
സുരേഷ്കുമാർ  പുഞ്ചയിൽ   

Friday, November 15, 2013

എനിക്ക് ജീവിക്കാൻ ...!!!

എനിക്ക്  ജീവിക്കാൻ ...!!!  
.  
ഞാൻ ജീവിക്കുന്നത്  
നഗരത്തിലെ  
ഉയർന്നകെട്ടിടതിലെ  
വീട്ടിൽ ...!  
.  
ഞാൻ കുടിക്കുന്നത്  
കുപ്പികളിൽ കിട്ടുന്ന  
മിനറൽ വെള്ളം ...!  
.  
ഞാൻ കഴിക്കുന്നത്‌  
പിസ്സയും ബർഗറും  
നൂഡിൽസും ...!  
.  
എനിക്കുറങ്ങാൻ  
എസിയും  
സഞ്ചരിക്കാൻ  
വിമാനവും കപ്പലും  
കാറുകളും  ...!  
.  
പിന്നെ എന്തിനാനെനിക്ക്  
കാടുകളും പുഴകളും  
മരങ്ങളും കുന്നുകളും ..??  
.  
എല്ലാം  
നശിപ്പിക്കുകതന്നെ വേണം  
എനിക്ക് ജീവിക്കാൻ ...!!!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

Thursday, November 14, 2013

ഭാഷ ...!!!

ഭാഷ ...!!!  
.  
സംസാരിക്കാൻ  
തീർച്ചയായും  
ഒരു ഭാഷവേണം ..!  
.  
അത്  
വാക്കുകൾ  
ഉള്ളതായാലും  
ഭാവങ്ങൾ  
മാത്രമായാലും ...!  
.  
അത്  
അക്ഷരങ്ങൾ  
ഉള്ളതായാലും  
ശബ്ദം  
മാത്രമായാലും ...!  
.  
സംസാരിക്കാൻ  
പക്ഷെ  
ഒന്നുമില്ലെങ്കിൽ  
എന്തിനാണ്  
പിന്നെ  
ഭാഷ ....???  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

Tuesday, November 12, 2013

ശിഖണ്ഡി...!!!

ശിഖണ്ഡി...!!!    
.  
മുൻപിൽ നിന്നായാലും   
പിന്നിൽ നിന്നായാലും   
നേരിട്ടായാലും   
മറ്റുള്ളവർക്ക്  വേണ്ടിയായാലും     
ശിഖണ്ഡികൾ   
എയ്യുന്ന അമ്പുകൾക്കും   
മൂർച്ചയുണ്ട്‌   
അത് കൊള്ളുന്നവർക്ക്‌   
വേദനയും ....!!!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ   

Saturday, November 9, 2013

അങ്ങോട്ടും ഇങ്ങോട്ടും ...!!!

അങ്ങോട്ടും ഇങ്ങോട്ടും  ...!!!  
.
അങ്ങോട്ടും  
ഇങ്ങോട്ടുമുള്ള  
ദൂരം  
ഒന്നാണെന്ന്  
തത്വം ...!
.
എങ്കിൽ  
പോകുന്ന വഴിയിലൂടെയല്ല  
തിരിച്ചു വരുന്നതെങ്കിൽ  
അങ്ങോട്ടും ഇങ്ങോട്ടുമുള്ള  
ദൂരം  
എങ്ങിനെ ഒന്നാകും ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ  

ഇടം ...! !!

ഇടം ...!  
.
താളുകൾ
ഇനിയും
ഒത്തിരി ബാക്കി,
എഴുതുവാനും ...!
.
എന്നാൽ  
എന്റെ
ഓർമ്മപ്പുസ്തകത്തിൽ
എനിക്കുപക്ഷേ
ഇടമില്ല ..!
.
ഇനി ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, November 6, 2013

പ്രതിഫലം ...!

പ്രതിഫലം ...!    
.  
പകരം   
നൽകുന്നത്   
പ്രതിഫലം ...!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ   

Friday, November 1, 2013

ആഘോഷം ....!

 ആഘോഷം ....!  
.
അമ്മ  
കണ്ണ് മിഴിയാത്ത  
കുഞ്ഞുമകളെ  
കാമുകന് കാഴ്ചവെച്ച്‌  
ആഘോഷിക്കുന്നു ...!
.
മക്കൾ  
വായോവൃദ്ധയായ  
അമ്മയെ  
അമ്പലങ്ങളിൽ നടതള്ളി  
ആഘോഷിക്കുന്നു...!
.
ഞാനിവിടെ  
ഇതെല്ലാം നടക്കുന്ന  
എന്റെ  
സുന്ദര കേരളത്തിന്റെ  
പിറവിയും  
ആഘോഷിക്കുന്നു ...!
.
സുരേഷ്കുമാർ  പുഞ്ചയിൽ  

Thursday, October 31, 2013

ദൂരം ...!

ദൂരം ...!  
.  
എത്ര ഓടിയാലും  
എത്താത്ത ദൂരമെങ്കിൽ  
പിന്നെ  
നടക്കുന്നതല്ലേ നല്ലത് ...???  
.  
സുരേഷ്കുമാർ പുഞ്ചയിൽ  

ജീവിതം ...!

ജീവിതം ...!  
.  
എല്ലാവരും ജനിക്കുന്നു  
എല്ലാവരും മരിക്കുന്നു  
ജനിക്കുന്നവരെല്ലാം  
മരിക്കുകതന്നെ ചെയ്യുന്നു ...!  
..  
മരിക്കാനാണെങ്കിൽ  
പിന്നെ  
ജീവിക്കുന്നതെന്തിന് ...???  
.  
സുരേഷ്കുമാർ   പുഞ്ചയിൽ  

Sunday, October 27, 2013

ഓർമ്മ ...!!!

ഓർമ്മ ...!!!  
..
ജീവൻ തന്ന്
നിലനിർതുന്നവനെങ്കിലും
ചന്ദ്രനുദിക്കുമ്പോൾ
ആരാണ്
സൂര്യനെ ഓർക്കുക ...!!!
.
സുരേഷ്കുമാർ  പുഞ്ചയിൽ  

Friday, October 25, 2013

ദൂര യാത്ര ...!!!

ദൂര യാത്ര ...!!!  
.
ദൂരം
നരകത്തിലേക്കോ
സ്വർഗ്ഗത്തിലേക്കോ
കൂടുതൽ ...???
.
യാത്ര
എനിക്കിഷ്ട്ടമാണ്
എന്നതുകൊണ്ട്‌
ദൂരം കൂടുതൽ
ഉള്ളിടതേക്ക്
സഞ്ചരിക്കാൻ
മോഹം ...!
.
സുരേഷ്കുമാർ  പുഞ്ചയിൽ

യാത്രയ്ക്കുള്ള വഴികൾ ...!!!

യാത്രയ്ക്കുള്ള വഴികൾ ...!!!    
.  
വഴികൾ    
എപ്പോഴും    
തിരിച്ചുപോക്കിനും    
കൂടിയുള്ളതാണ് ...!  
.  
തുടക്കം    
എവിടെനിന്ന്    
എന്നില്ലാതെയാണെങ്കിലും    
ഒടുക്കവും    
അങ്ങിനെ    
ആയിക്കൊളളണമെന്നുമില്ല താനും ..!  
.  
തുടങ്ങും മുൻപേ    
നിശ്ചയിക്കപെടണമെന്നുണ്ടെങ്കിലും  
ഇല്ലാത്ത വഴികളും    
യാത്രയ്ക്കൊപ്പം  ...!    
.  
തിരിച്ചുപോക്കില്ലാത്ത    
യാത്രക്ക്    
വഴി    
ആവശ്യവുമില്ലാതാകുന്നു ...!!!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

Tuesday, October 22, 2013

ജീവിതത്തിന് ...!!!

ജീവിതത്തിന് ...!!!  
.
പകുത്തു കിട്ടാൻ
ഒരു ഹൃദയവും
പകർന്നു കിട്ടാൻ
ഒരൽപം പ്രണയവും
 ചായാൻ ഒരു
ചുമലും ഉണ്ടെങ്കിൽ
പിന്നെന്തു വേണം
ജീവിക്കാൻ ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

Tuesday, October 8, 2013

പരിധിക്കുമപ്പുറം ...!

പരിധിക്കുമപ്പുറം ...!    
.
എന്റെ മട്ടുപ്പാവിലിരുന്നാൽ
എനിക്ക് കാണാവുന്ന
കാഴ്ചകൾക്ക്  പരിധിയില്ല ...!
.
അതിനു കാരണം
എന്റെ മട്ടുപ്പാവിന്
അതിനു മേൽ ഉയരമുണ്ട്
എന്നതല്ല ..!
.
എന്റെ മട്ടുപ്പാവിന് മേലെ
 എന്റെ കാഴ്ച്ചയ്ക്ക്
തടസ്സമായി മറ്റൊന്നുമില്ല
എന്നതുകൂടിയാണ് ...!
.
എനിട്ടും
എനിക്ക് കാണാവുന്ന
കാഴ്ച്ചകൾക്കും  അപ്പുറം
ഞാൻ തിരഞ്ഞത്
എന്റെ
 കാണാ കാഴ്ച്ചകൾക്കാവുംപോൾ
ഉയരം മാത്രമോ
മറിച്ച്
ദൂരമോ എനിക്ക് പരിധി ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

Monday, October 7, 2013

വർഗ്ഗീയ വാദം ...!!!

വർഗ്ഗീയ വാദം ...!!!  
.  
വർഗ്ഗീയ വാദികളെ കൊണ്ട്  
വഴിനടക്കാൻ വയ്യാത്ത
ഈ നാട്ടിൽ
ആരുമെന്തേ
മനുഷ്യ വർഗ്ഗത്തിന്
വേണ്ടി മാത്രം
വാദിക്കുന്നില്ല ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Friday, September 13, 2013

നോവ്‌ ...!

നോവ്‌ ...!  
... 
എനിക്ക് നോവുന്നു  
എന്ന് ഞാൻ പറഞ്ഞപ്പോൾ  
നോവ്‌  
എന്നോട് ചോദിക്കുന്നു  
നിന്നെ ഞാൻ എന്തിനു  
നോവിക്കണമെന്ന് ...!  
... 
നോവിന്റെ നോവ്‌  
അറിയാത്ത ഞാൻ എങ്ങിനെ  
എന്റെ നോവറിയും  
നിങ്ങളുടെ നോവറിയും ...??? 
... 
സുരേഷ്കുമാർ  പുഞ്ചയിൽ  

Tuesday, September 10, 2013

വിളക്ക് ...!!!

വിളക്ക് ...!!!  
...
അട്ടത്ത്  
ആര്ക്കും വേണ്ടാതെ    
കാത്തു വെച്ചിരുന്ന  
നിലവിളക്കെടുത്തു  
പൊടിതട്ടി  
തുടച്ചുമിനുക്കി  
എണ്ണയൊഴിച്ച്  
അഞ്ചു തിരിയിട്ട്  
കത്തിച്ചു വെച്ചിട്ട്  
വെളിച്ചം വരും മുൻപേ  
അതൂതിക്കെടുത്തുന്നു ....???
....
സുരേഷ്കുമാർ  പുഞ്ചയിൽ  

Sunday, September 8, 2013

പോസ്റ്റ്‌മോർട്ടം ... !!!

പോസ്റ്റ്‌മോർട്ടം ... !!!  
... 
അവിചാരിതമായാണ് അയാളെ ഞാൻ അപ്പോൾ അവിടെ കണ്ടത്. എന്റെ അടുത്ത സുഹൃത്തിന്റെ അച്ഛനായ അടുത്ത വീട്ടിലെ കാരണവരുടെ ശവസംസ്കാര ചടങ്ങുകൾക്കായി  ഞാൻ അവിടെ ആ ശ്മശാനത്തിൽ  അവരോടൊപ്പം ചെല്ലുന്നത് നന്നേ പുലർച്ചെയായിരുന്നു . സംസ്കാര ചടങ്ങുകളുടെ ഒരുക്കങ്ങൾ നോക്കി ഞാൻ അടുത്ത് മാറി നില്ക്കവേയാണ് ഞാൻ അയാളെ കാണുന്നത്.  മെല്ലെ ആരോടൊക്കെയോ ഉള്ള പരിഭവം ഇനിയും തുറന്നു  പറയാതെ എന്ന പോലെ അവ്യക്തമായി പെയ്യുന്ന ചാറ്റൽ മഴയിൽ അയാള് അലസമായി അവിടെ കറങ്ങി നടക്കുകയായിരുന്നു അപ്പോൾ. 
... 
ഞാൻ അയാളെ ശ്രദ്ധിച്ചത് തന്നെ അയാളുടെ മുഖത്തെ  പരിഹാസ ചുവയുള്ള പുഞ്ചിരി കണ്ടുകൊണ്ടാണ്. മഴയോടാണോ അതോ ചുറ്റും കൂടി നില്ക്കുന്നവരോടാണോ ഇനി ആ ശ്മശാനതിനോട് തന്നെയാണോ പിന്നെ അതൊന്നുമല്ലാതെ തന്നോട് തന്നെയാണോ എന്നറിയാത്ത പോലെയുള്ള ആ പരിഹാസം പക്ഷെ അയാളെ തികച്ചും വ്യത്യസ്ഥനാക്കിയിരുന്നു അപ്പോൾ .  
... 
പൊള്ളുന്ന ചൂളക്ക് മുന്നില് തണുത്ത മനസ്സുമായി നില്ക്കുന്ന എന്റെ സുഹൃത്തിനെ അവന്റെ അച്ഛന്റെ ആത്മാവിനു മുന്നില് നമിപ്പിച്ചു ഞാൻ പിടിചെഴുന്നെൽപ്പിക്കുപോൾ എന്റെ മനസ്സും  ഒന്ന്  പിടചിരുന്നു. കാരണം  നാളുകൾക്കു മുൻപ് ഞാൻ എന്റെ അച്ചന് മുന്നില് ശിരസ്സ്‌ നമിച്ചത് അങ്ങിനെ തന്നെയായിരുന്നു . 
... 
ചടങ്ങുകൾക്ക്  ശേഷം അവരെ യാത്രയാക്കി പുറത്തിറങ്ങി ഞാൻ ആദ്യം തിരഞ്ഞത് ആ പരിഹാസ ചിരിയുളള  മുഖമായിരുന്നു. പക്ഷെ എന്നെ നിരാശനാക്കി അതപ്പോഴെക്കും അപ്രത്യക്ഷമായിരുന്നു . . ഇനിയും തിരഞ്ഞിട്ടു ഫലമില്ലെന്ന് എനിക്ക് തോന്നിയത് കൊണ്ടാകാം ഞാൻ പിന്നെ അവിടെ നിന്നില്ല.  എനിക്ക് അത്യാവശ്യമായി കാണേണ്ടിയിരുന്ന എന്റെ സുഹൃത്തിനെ കാണാൻ ഞാൻ അവളുടെ ആശുപത്രിയിലേയ്ക്കു  തിരിച്ചു. 
... 
കണ്ണീരിന്റെ മണമുള്ള വേദനകളുടെ ചില്ലുകൊട്ടരമായ ആ കെട്ടിട സമുച്ചയത്തിന്റെ അകത്തെ ഇരുളടഞ്ഞ കോണിലാണ് ആ മുറി. മരണത്തിന്റെ സമസ്യകൾ പൂരിപ്പിക്കാൻ ജീവനുള്ളവർ നടത്തുന്ന സമരമുഖം. ഞാൻ അവിടെ ചെല്ലുമ്പോൾ അവളും അങ്ങിനെയുള്ള ഒരു ശ്രമതിലായതിനാൽ  ഞാൻ കാത്തുനിന്നു. സമസ്യകൾ പൂരിപ്പിച്ചു കഴിഞ്ഞ്  കയ്യിൽ  കിട്ടാവുന്ന ഉത്തരത്തിനു വേണ്ടി കാത്തിരിക്കുന്ന അനേകർക്കൊപ്പം  ഞാനും. 
... 
അവിടെയും എനിക്കനുഭവപ്പെട്ടത്‌ അതെ തണുപ്പ് തന്നെ. പുറത്തെ ചൂടിനും അകത്തെ മഴയ്ക്കും അനുഭവിപ്പിക്കാനാകാത്ത തണുപ്പിൽ  അപ്പോൾ ചുറ്റും കൂടിനില്ക്കുന്നവരുടെ മൂകതക്കൊപ്പം വെറുതെ ഇരിക്കാനാണ് എനിക്കും തോന്നിയത്. കാത്തിരിക്കവേ എന്നെ തികച്ചും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പരിഹാസചിരിയുള്ള  മുഖം വീണ്ടും അവിടെ . പഴയത്  പോലെ തന്നെ അപ്പോഴും പെയ്തു തീരാത്ത ആ കുഞ്ഞു മഴയിൽ അലസമായി തിരഞ്ഞുകൊണ്ട്‌ . 
... 
ഇക്കുറി  പക്ഷേ അയാളെ വിടാൻ എനിക്ക് കഴിയുമായിരുന്നില്ല എന്നപോലെയായി ഞാൻ. പെട്ടെന്നെഴുന്നേറ്റു അയാള്ക്കടുതേക്ക്  നീങ്ങവേ, എന്റെ സുഹൃത്തും അവളുടെ സമസ്യ പൂരണതിനുള്ള ശ്രമം  കഴിഞ്ഞു പുറത്തിറങ്ങിയിരുന്നു   എന്നെ കണ്ടു എന്റെ അടുത്തേക്ക് വന്ന അവളെ തിരിഞ്ഞു ഞാൻ കൂടി നിന്ന് അവളെയും കൂട്ടി പുറത്തേക്കു കടക്കവേ അയാൾ  എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വരികയായിരുന്നു.   
... 
 തീർത്തും  ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട്  ഞങ്ങളുടെ അടുത്തേക്ക് നീങ്ങി നിന്ന് അയാള് അവളുടെ കൈകള   അധികാരത്തോടെ  എന്നപോലെ കടന്നു  പിടിച്ചു.  പിന്നെ അയാളുടെ മുഖത്ത് അപ്പോഴും നിലനിന്നിരുന്ന അതെ പരിഹാസ പുഞ്ചിരിയോടെ ആഞ്ഞാപിക്കും പോലെ അവളോട്‌ പറഞ്ഞു, തന്റെ മനസ്സിലുള്ളതൊക്കെ ഒരിക്കലും മറ്റാരും അറിയാതിരിക്കാൻ  ജീവനോടെ തന്നെ അയാളെയും ഒന്ന്  പോസ്ടുമോര്ട്ടം ചെയ്യണമെന്നു...!!! 
... 
സുരേഷ്കുമാർ  പുഞ്ചയിൽ  

Saturday, September 7, 2013

പുറം ....!!!

പുറം ....!!!  
... 
അകം മറച്ച്  
പുറം. 
പുറത്തിനുള്ളിൽ  
അകം ...! 
... 
പുറം തിരിയുമ്പോൾ  
മറുപുറം  
മറു പുറത്തിനിപ്പുറം  
മറുപുറം ...! 
... 
പുറം മറിച്ച്  
മറുപുറം തിരിച്ച്  
അപ്പുറമെത്തുമ്പോൾ  
വീണ്ടും മറുപുറം ...! 
.... 
അപ്പോൾ  
പുറമേത്  
അകമേത് ....! 
... 
സുരേഷ്കുമാർ  പുഞ്ചയിൽ ...!!!  

Sunday, September 1, 2013

അഹങ്കാരം ...!!!

അഹങ്കാരം ...!!!
...
ആകാശത്തിനു താഴെ
സമുദ്രവും
സമുദ്രത്തിനു താഴെ
ആകാശവും ...!
....
പിന്നെ എന്ത് കണ്ടിട്ടാണ്
ഞാൻ ഇത്ര
അഹങ്കരിക്കുന്നത് ...!
...
സുരേഷ്കുമാർ  പുഞ്ചയിൽ  

Monday, August 26, 2013

ദൂര വ്യത്യാസം ...!!!

ദൂര വ്യത്യാസം  ...!!!  
...
ഒന്നും പൂജ്യവും
അടുത്തടുത്ത്
തുടര്ച്ചയായെത്തിയിട്ടും
ഒന്നിൽ  നിന്നും
പൂജ്യത്തിലേയ്ക്കും
പൂജ്യത്തിൽ നിന്നും
ഒന്നിലേക്കുമുള്ള
ദൂരമെന്തേ
തികച്ചും
വ്യത്യസ്തമായിരിക്കുന്നു ...???
...
 സുരേഷ്കുമാർ പുഞ്ചയിൽ

Sunday, August 25, 2013

ഇര വേട്ടക്കാരനുമാകുമ്പോൾ ... !!!

ഇര വേട്ടക്കാരനുമാകുമ്പോൾ ... !!!
...  
സ്വ ദേഹവും
പിന്നെ ദേഹിയും
സ്വയം കത്തിച്ചു
ആ ചൂടിൽ
സ്വയം വേവുമ്പോൾ
ഓരോ ഇരയും
ഒരിക്കലും
ഉന്നം തെറ്റിക്കാതത
വേട്ടക്കാരനുമാകുന്നു ...!
....
സുരേഷ്കുമാർ  പുഞ്ചയിൽ  

Sunday, August 18, 2013

ഒരുമ ...!!!

ഒരുമ ...!!!  
..
ഒരുമയുണ്ടെങ്കിൽ
ഉലക്കമേലും
കിടക്കാമെന്ന്
കാരണവർ
...
പക്ഷെ
ഉലക്കയില്ലെകിൽ
എവിടെകിടക്കും ...???
...
 സുരേഷ്കുമാർ പുഞ്ചയിൽ

Saturday, August 17, 2013

ഞാൻ എന്റെ നിഴലാകുമ്പോൾ ....!!!

ഞാൻ എന്റെ നിഴലാകുമ്പോൾ  ....!!!  
...  
എനിക്ക് മുന്നേ നടന്ന്   
എന്നിൽനിന്നും വേറിട്ട്‌   
ഞാൻ എന്റെ   
നിഴലാകുമ്പോൾ   
നിഴൽ മാത്രമാകുന്നു ഞാൻ  ....!  
....  
എന്റെ നിഴൽ   
എനിക്ക് പകരമാകുന്നു   
എന്റെ നാക്കാകുന്നു   
നോക്കും പിന്നെ   
ചിന്തകളും പ്രവർത്തികൾ  പോലും ...!  
...  
പിന്നെ   
എനിക്കെന്റെ   
രൂപമില്ലാതാകുന്നു   
മുഖമില്ലാതാകുന്നു   
ഒടുവിൽ ഞാൻ  തന്നെയും   
ഇല്ലാതാകുന്നു.....!  
....  
സുരേഷ്കുമാർ പുഞ്ചയിൽ   

Thursday, August 15, 2013

എനിക്ക് മുൻപേ നടക്കുന്നവരോട് ....!

എനിക്ക് മുൻപേ നടക്കുന്നവരോട് ....!
..
എനിക്ക് മുൻപേ
നടക്കുന്നവരോട്
എനിക്കൊരു
അപേക്ഷയുണ്ട്
അത് പക്ഷെ
എനിക്ക് മാത്രമായി
അവശേഷിക്കേണ്ട  
എന്റെ അപേക്ഷ ...!
..
എനിക്ക് മുൻപേ
നടക്കുമ്പോൾ
നിങ്ങളുടെ നിഴൽ
എന്നിൽ വീഴാതെ
നോക്കണം
കാലടി പാടുകൾ
അവശേഷിപ്പിക്കാതെ
നോക്കണം
വഴിയിലൊന്നും
മറന്നു വെക്കാതെ
നോക്കണം ...!
..
പിന്തിരിഞ്ഞൊന്നും
പറയാതെ നോക്കണം
ഞാൻ പറയുന്നതൊന്നും
കേള്ക്കാതെ നോക്കണം
എനിക്ക് വേണ്ടി
കാത്തിരിക്കാതിരിക്കണം
എന്നെയോർത്ത്
പരിതപിക്കാതിരിക്കണം ...!
..
ഇനി
ഞാനാണ് നിങ്ങളെ
പിന്തുടരുന്നതെന്ന്
ഓര്ക്കാതെ നടക്കുക
നിങ്ങള്ക്ക് നടക്കാനുള്ള
നിങ്ങളുടെ ദൂരം മാത്രം ...!
..
 സുരേഷ്കുമാർ പുഞ്ചയിൽ  

Wednesday, August 14, 2013

ശത്രു ...!!!

ശത്രു  ...!!!  
അവനവന്റെ  
തോൽവികളിൽ നിന്നും  
തെറ്റുകളിൽ നിന്നും  
ഉരുത്തിരിയുന്ന  
ഭയമാണ്  
ശത്രു എന്ന മിഥ്യ ...!!! 
സുരേഷ്കുമാർ  പുഞ്ചയിൽ  

Wednesday, July 31, 2013

വായന ...!!!

വായന ...!!!  
..    
കൊടും പട്ടിണിയിൽ   
വയറ് കത്തിക്കാളുമ്പോൾ   
നടവഴികളിൽ നിന്നും   
വീണു കിട്ടുന്ന   
അരിമണികൾ   
ഒന്നൊന്നായി പെറുക്കിയെടുത്ത്   
കല്ലും പുല്ലും കളഞ്ഞ്   
വേഗത്തിൽ കഴുകി   
വൃത്തിയാക്കി   
കയ്യിൽ കിട്ടിയ കലത്തിലിട്ട്   
ചുള്ളിക്കമ്പുകളും   
ചപ്പുചവറുകളും   
അടിച്ചുകൂട്ടി കത്തിച്ച്   
പകുതിയെങ്കിലും  വേവുമ്പോൾ   
ഒരു  നുള്ള് ഉപ്പും   
ഒരു പച്ചമുളകും ചേർത്ത്   
അടുപ്പത്തെ കലത്തിൽനിന്നു തന്നെ   
ചൂടോടെ മോന്തിക്കുടിക്കുന്ന   
കഞ്ഞിപോലെ ...!!!  
..   
സുരേഷ്കുമാർ  പുഞ്ചയിൽ   

Tuesday, July 30, 2013

പിച്ച ചട്ടിയിൽ കയ്യിട്ടു വാരുമ്പോൾ ...!

പിച്ച ചട്ടിയിൽ കയ്യിട്ടു വാരുമ്പോൾ ...!  
..    
അഴിമതി, കൈക്കൂലി, അധികാര ദുർവിനിയോഗം ...  സമൂഹത്തിലെ ഇത്തരം പ്രശ്നങ്ങളൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.  പണ്ട് മഹാബലിയുടെ സങ്കല്പ കാലത്തിനപ്പുറം ലോകത്തിലെപ്പോഴും എവിടെയും ഇതെല്ലാം നിലനില്ക്കുന്നു, ഇനിയും നിലവിലുണ്ടാവുകയും ചെയ്യും...!    
..    
അവഗണയും ദുരിതങ്ങളും എപ്പോഴും ഏറ്റു  വങ്ങേണ്ടി വരിക ദുർബലരായ പാവങ്ങളാണ് എന്നത് സത്യത്തിൽ ഒരു പകൃതി നിയമമാണ്...!  കാട്ടിലായാലും നാട്ടിലായാലും എപ്പോഴും ആക്രമിക്കപെടുന്നതും ഉപദ്രവിക്കപെടുന്നതും പാവങ്ങളാണ് . ദുരിത പൂര്ണമായ ജീവിതം നയിക്കേണ്ടി വരുന്ന അവർ തന്നെയാണ് വീണ്ടും വീണ്ടും ചൂഷണങ്ങൾക്ക് വിധേയരാവുകയും ചെയ്യുക...!    
..    
ചരിത്രം എപ്പോഴും ആവർത്തിച്ചു കൊണ്ടേയിരിക്കും എന്നതിന് തെളിവുകളുടെ ആവശ്യമില്ല .    ഒരു നേരം പോലും തികച്ചു ഭക്ഷണം കഴിക്കാൻ പോലും പാകമില്ലാതെ, തല ചായ്ക്കാൻ ഒരിടമില്ലാതെ ഉടുതുണിക്ക്  മറുതുണിയില്ലാതെ    യാച്ചകരെക്കാൾ ദയനീയമായ അവസ്ഥയിൽ കഴിയുന്ന നമ്മുടെ ആദിമ ഗോത്ര വിഭാഗങ്ങളായ ആദിവാസികളോടുള്ള ക്രൂരതയാണ്  അതിൽ ഇവിടെ എടുത്തു പറയുന്നത് ...!  
..   
ചൂഷണം ഏതു വിധത്തിലും ആകാം. കൊച്ചു   പെണ്‍കുട്ടികളെ വരെ   ലൈംഗികമായി പീഡിപ്പിക്കുന്നിടത്ത് നിന്നും തുടങ്ങി, പ്രലോഭിപ്പിച്ച് മതപരിവർത്തനം  നടത്തുന്നതടക്കം അവരുടെ ആചാരാനുഷ്ട്ടാനങ്ങളെയും വിലപ്പെട്ട അറിവുകളെയും കവർന്നെടുക്കുന്നതും സാംസ്കാരികവും സാമൂഹികവുമായ അടിമത്തത്തിലേയ്ക്ക് അവരെ വലിച്ചിടുന്നതും  പോരാഞ്ഞ്  അവരുടെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുന്നത്‌ കൂടാതെയാണ്  അവർക്ക്  കിട്ടുന്ന നക്കാപ്പിച്ച ആനുകൂല്യങ്ങളിൽ നമ്മൾ കയ്യിട്ടു വാരുന്നത് ...!    
..    
പഠിപ്പും അതിനേക്കാൾ വിവരവും, ഉന്നത സ്ഥാനമാനങ്ങളും ഉള്ള സമൂഹത്തിലെ ഉന്നതർ എന്ന് അഹങ്കരിക്കുന്ന നമുക്ക് എങ്ങിനെയാണ് ആ പട്ടിണി പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ടു  വാരി തിന്നാൻ കഴിയുന്നത്‌ ...??  ആ പാവങ്ങളെ പറ്റിച്ചുണ്ടാക്കുന്ന  പണം കൊണ്ട് എങ്ങിനെ നമുക്ക് മനസ്സമാധാനത്തോടെ  ഭക്ഷണം കഴിക്കാൻ സാധിക്കുന്നു ...???    
..    
സുരേഷ്കുമാർ  പുഞ്ചയിൽ    

Sunday, July 28, 2013

ബുദ്ധി ...!!!

ബുദ്ധി ...!!!  
.. 
ബുദ്ധി കൂടി  
ബുദ്ധി കൂടി  
എനിക്കിപ്പോ  
ബുദ്ധിമുട്ടായി ....! 
.. 
 സുരേഷ്കുമാർ പുഞ്ചയിൽ  

എന്റെ പൂച്ച ...!!!

എന്റെ പൂച്ച ...!!!  
...  
എനിക്കൊരു    
പൂച്ചയുണ്ടായിരുന്നു  
അത് എപ്പോഴും  
വീട്ടിലുള്ള എലികളെ  
കൊന്നു തിന്നുമായിരുന്നു ...!  
...  
ഒരു ദിവസം  
കുറെ എലികൾ ചേർന്ന്  
ആ പൂച്ചയെ കൊന്നു തിന്നു ...!  
...  
ഇനി ഞാൻ എന്ത് ചെയ്യും ...???  
...  
സുരേഷ്കുമാർ  പുഞ്ചയിൽ  

Saturday, July 27, 2013

കാണുവാൻ ...!!!

കാണുവാൻ ...!!!  
..
പുറം കാഴ്ചക്ക് 
കണ്ണട ...!
അകക്കാഴ്ചയ്ക്ക് .???
..
 സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, July 24, 2013

ശൂന്യത ...!!!

ശൂന്യത ...!!!  
..  
ഈ പ്രപഞ്ചത്തിൽ  
ശൂന്യമായത്  
ഒന്നുമില്ലെങ്കിൽ  
പിന്നെ എങ്ങിനെയാണ്  
വസ്തുക്കൾ ഉണ്ടാകുന്നത്  ...???  
..  
സുരേഷ്കുമാർ  പുഞ്ചയിൽ  

Tuesday, July 23, 2013

എന്നെ ഞാൻ ചുമക്കുമ്പോൾ ...!

എന്നെ ഞാൻ ചുമക്കുമ്പോൾ ...!    
..  
ദൂരമളക്കാതെ    
എനിക്ക് യാത്ര തുടരാം   
തളർച്ചയിൽ   
എനിക്കെന്നെ താങ്ങാം ...!  
..  
എന്റെ കാലുളിൽ   
എനിക്കെന്നെ നിർത്താം   
എന്റെ കൈകളിൽ    
എനിക്കെന്നെയെടുക്കാം ..!  
..  
എന്റെ ചിന്തകളിൽ   
എനിക്കെന്നെ കാണാം   
എന്റെ പ്രവർത്തികളിൽ   
എനിക്കെന്നെ വയ്ക്കാം ...!  
..  
എനിക്കെന്റെനിഴലുമാകാം   
പിന്നെ എനിക്ക്   
ഞാൻ തന്നെയുമാകാം ...!  
എങ്കിലും പക്ഷെ  
എന്റെ കുഴിമാടത്തിലേയ്ക്ക്   
ഞാനെങ്ങിനെ എന്നെ ചുമക്കും ...???  
..  
 സുരേഷ്കുമാർ പുഞ്ചയിൽ  

Sunday, July 21, 2013

മനുഷ്യൻ ...!!!

മനുഷ്യൻ ...!!!  
.
രണ്ടു കാലുണ്ട് 
കൈകളും പിന്നെ
തലയൊന്നും ഉടലും
കണ്ണും കാതുമുണ്ട്
മൂക്കും വായയും....!
.
ചലിക്കും പിന്നെ ചിരിക്കും
കരയും പിന്നെ പ്രവർത്തിക്കും
ബുദ്ധിമാനെന്നു ഭാവിക്കും
ചിന്തിക്കും പോലെ നടിക്കും ...!
 .
എല്ലാം അറിയാമെന്നു
വീമ്പിളക്കും
ലോകം തന്റെ കാൽകീഴിലെന്ന്
വെറുതേ അഹങ്കരിക്കും  ...!
.
സ്വന്തം മക്കളെ ചുട്ടുതിന്നും 
അമ്മയെയും  പെങ്ങളെയും
കൂട്ടിക്കൊടുക്കും
സഹോദരനെ കുരുതി കൊടുക്കും
സുഹൃത്തിനെ  കൂടെനിന്ന് ചതിക്കും
.
ഇങ്ങിനെയുള്ള എന്നെയോ
ലോകം  വിളിപ്പൂ മനുഷ്യനെന്ന് ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

Wednesday, July 17, 2013

നമ്മുടെ വേണ്ടാത്ത കുഞ്ഞുങ്ങൾ ...!!!

നമ്മുടെ വേണ്ടാത്ത കുഞ്ഞുങ്ങൾ  ...!!!  
.
മുൻപ് ഒരു ആറു  വയസ്സുകാരി പെണ്‍കുട്ടി.  ഇപ്പോൾ നാലര വയസ്സുകാരാൻ ഒരു ആണ്‍കുട്ടി . മറ്റുള്ളവർക്ക്  മുൻപിൽ  നിസ്സഹായതയോടെ മാത്രം നില്ക്കാൻ കഴിയുന്ന  ഈ പിഞ്ചു കുഞ്ഞുങ്ങൾ  നമ്മുടെ പരിഷ്കൃത  സമൂഹം രണ്ടും കയ്യും കെട്ടി   നോക്കി നിൽക്കെ  ദിവസങ്ങളോളം  ക്രൂരമായി പീഡിപ്പിക്കപ്പെട്ടു ...!
.
ആ പിഞ്ചു ശരീരങ്ങളിൽ വേദന സഹിക്കാൻ കഴിയാതെ അരുതേ എന്ന് വാവിട്ട് അവർ അലറി കരയുമ്പോൾ നമ്മൾ നാടകം കളിച്ച് ആർത്തുല്ലസിച്ചു ...! തെരുവുകളിലും അന്തപുരങ്ങളിലും അഴിഞ്ഞാടി ...! അവരെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും സമയമില്ലാത്ത നമ്മൾ അധികാരത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയ നാടകങ്ങൾ അരങ്ങിലെതിച്ചു ...!
.
സ്വന്തം മാതാ പിതാക്കൾ തന്നെ അന്തകരാകുമ്പോൾ   മറ്റുള്ളവര്ക്കെന്തു കാര്യം എന്ന് നമ്മൾ മുടന്തൻ ന്യായങ്ങൾ  നിരത്താൻ ശ്രമിക്കുമ്പോൾ, നാം അറിയുന്നില്ല പെറ്റമ്മ നഷ്ട്ടപ്പെട്ട  ആ കുഞ്ഞുങ്ങൾക്ക്‌ സ്വന്തവും ബന്ധവും തിരയാനുള്ള പ്രയമായിരുന്നില്ലെന്ന് . സ്വന്തമായി കാര്യങ്ങൾ  ചെയ്യുവാനുള്ള വകതിരിവുപോലും ഇല്ലാത്തവരായിരുന്നു ആ പിഞ്ചു കുഞ്ഞുങ്ങളെന്നും  ....!
.
നമ്മുടെ ഈ പരിഷ്കൃത സമൂഹത്തിൽ നമുക്ക് നമ്മൾ തന്നെ ബാധ്യതയാകുമ്പോൾ നമുക്ക്  മറ്റുള്ളവരെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് അങ്ങിനെ ഒന്ന്...!  നമുക്ക് വേണ്ടാത്ത കുട്ടികളെ നമ്മൾ എന്തിനു  ജനിപ്പിക്കുന്നു... !
.
സുരേഷ്കുമാർ  പുഞ്ചയിൽ

Thursday, July 4, 2013

സൃഷ്ടി ....!!!

സൃഷ്ടി ....!!!  
.
ഞാൻ എന്റെ ഹൃദയം 
ചേർത്ത് പിടിക്കുന്നു
അതിലെ
അവസാന തുള്ളി രക്തവും
നഷ്ട്ടപ്പെടാതിരിക്കാൻ ...!
.
എന്റെ ഹൃദയം
മുറിയുന്നതിലെ
വേദനകൊണ്ടല്ല,
പിന്നെ
മരണഭയംകൊണ്ടുമല്ല
.
മറിച്ച്
എന്റെ
ഹൃദയത്തിൽ നിന്നും
കിനിഞ്ഞിറങ്ങുന്ന
ഓരോ തുള്ളി  
രക്തത്തിൽ നിന്നും
നിങ്ങൾ
എനിക്കറിയാത്ത
മറ്റൊരെന്നെ
സ്രുഷ്ട്ടിക്കുമെന്ന
ഭയം കൊണ്ട് മാത്രം.....!!!
.
 സുരേഷ്കുമാർ പുഞ്ചയിൽ  

Wednesday, July 3, 2013

കേൾവി ...!!!

കേൾവി ...!!!  
.
നല്ലോണം ചൊല്ലുമ്പോൾ 
കേൾക്കാത്തോരെങ്ങിനെ
വല്ലോണം ചൊല്ലിയാൽ 
കേൾക്കും ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

Saturday, June 29, 2013

എനിക്ക് മാത്രം ...!!!

എനിക്ക് മാത്രം ...!!!  
എനിക്കു  
മാത്രം  
കാണുവാനായി  
എന്തിനാണ്  
എനിക്ക്  
എന്റെ  
മുഖം ...??? 
സുരേഷ്കുമാർ  പുഞ്ചയിൽ  

Thursday, June 27, 2013

പ്രളയം...!

പ്രളയം...!  
.
ചുറ്റും ഇരുട്ട് മാത്രമാണ് ... കാഴ്ച പോയിട്ട്, ശബ്ദങ്ങൾ  പോലും അന്യമായിട്ട്‌ നേരം ഏറെയായിരിക്കുന്നു. സ്ഥലത്തെ പറ്റിയും സമയത്തെ പറ്റിയും  പിന്നെ ചിന്തിക്കുക പോലും വേണ്ട താനും. കാണാൻ ആകില്ലെങ്കിലും കണ്പീലികൾ തുറന്നു പിടിക്കാൻ തന്നെ സാധിക്കുന്നെ ഇല്ല . കാതുകളിൽ വലിയ ഭാരം കയറ്റി വെച്ചിരിക്കുന്ന പോലെ .  ചുട്ടുപഴുത്ത തൊണ്ടയിലൂടെ ഇപ്പോൾ ഉമിനീര് പോലും ഇറങ്ങുന്നില്ല . കൈകളും കാലുകളും ഉണ്ടെന്നു തന്നെ തോന്നുന്നത് പോലും ഇല്ല. ...!
.
മരണം ഇങ്ങിനെയാണ്‌ വരികയെന്ന് ആരും മുൻപ് പറഞ്ഞതോർമ്മയില്ല . അല്ലെങ്കിൽ തന്നെ  ഓര്മ്മ തന്നെ നഷ്ട്ടമാകുമ്പോൾ  അതിനും മേലെ ഇനിയെന്ത് . മരിച്ചു കഴിഞ്ഞാൽ തീര്ച്ചയായും  നരകത്തിലേക്ക് മാത്രമാകും തന്റെ യാത്രയെന്ന് പറയുമ്പോൾ ഭാര്യയായിരുന്നു തന്നെ കളിയാക്കിയിരുന്നതും . തന്റെ നരകം താൻ ഇവിടെത്തന്നെ സ്വയം തീര്ക്കുന്നല്ലോ എന്ന്....!
.
തന്റെ  ഭാര്യ. അവളെ അങ്ങിനെ മാത്രം  വിളിച്ചാൽ മതിയോ . എല്ലാവരും ഉണ്ടായിരുന്ന തന്റെ ജീവിതത്തിലേക്ക് ആർഭാടങ്ങളും ആരവങ്ങളുമായി ആരെയും കൂട്ടാതെ കടന്നെതിയവളാണ് അവൾ. എന്നിട്ട് എല്ലാവരുടെയും സ്ഥാനം എപ്പോഴും ഒന്നായി ഉത്തരവാദിത്വത്തോടെയും ആത്മാർതതയോടെയും ഏറ്റെടുതവൾ ...! എന്നിട്ടും മനപ്പൂർവ്വമല്ലെങ്കിലും  തന്നെ  വേദനകളും  ദുരിതങ്ങളും  മാത്രമേ താൻ അവൾക്കു നൽകിയുള്ളൂ ഇതുവരെയും. ...!
.
ഇപ്പോൾ അവളെയും താൻ കൈവിട്ടിരിക്കുന്നു .  ഈ ദുരന്തത്തിന്റെ കാണാ കയങ്ങളിലെയ്ക്ക്  അവളെ നിർദ്ദയം  കൈവിട്ടു കൊണ്ട് താൻ ഇവിടെ പ്രജ്ഞയറ്റ് . അവളെ മാത്രമോ ...? ഏറെ മോഹത്തോടെ അവൾ അവളുടെ ദിവ്യമായ ഗർഭപാത്രത്തിൽ  പേറുന്ന അവളുടെ ജീവിതത്തെയും. ..! 
.
അവളുടെ ജീവിതം എന്ന് മാത്രം താൻ പറയരുതെന്നറിയാം .  പക്ഷെ അങ്ങിനെ പറഞ്ഞുപോയില്ലേ ഇപ്പോൾ.  അപ്പോൾ അത് തന്നെയായിരിക്കും സത്യവും . അല്ലെങ്കിൽ തന്നെ ഞങ്ങളുടെ കുഞ്ഞിനു വേണ്ടി ജീവൻ  തന്നെ കൊടുക്കാൻ തയ്യാറാകുന്ന അവളുടെ ഒപ്പം വെക്കാൻ എന്റെ പേരിനു പോലും എന്ത് യോഗ്യത...!
.
ഒലിച്ചിറങ്ങുന്ന ഈ മഹാമാരിയിൽ സ്വയം നഷ്ട്ട പെടുമ്പോഴും  താൻ അവളെ ഓർത്തില്ല .  അല്ലെങ്കിൽ അതിനേക്കാൾ ക്രൂരമായി അവൾ അവളുടെയും ഞങ്ങളുടെയും  ജീവന് വേണ്ടി തനിക്കു നേരെ നീട്ടിയ കൈകളിലേക്ക് നോക്കാൻ പോലും അനുവദിക്കാതെ  തന്നെ പ്രളയം ഒഴുക്കിയെടുത്തുകളഞ്ഞു . ...!
.
ഇനി തന്നെയും  കാത്തിരിക്കുന്ന തന്റെ നരകത്തിലേക്ക് എത്ര ദൂരം....  അല്ലെങ്കിൽ എത്ര നേരം ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ
( സമർപ്പണം  - മഹാ പ്രളയത്തിൽ എനിക്ക് നഷ്ട്ടപ്പെട്ട എന്റെ സുഹൃത്തിന് )

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...