Wednesday, November 6, 2019

അവന് വേണ്ടി ...!!!

അവന് വേണ്ടി ...!!!
.
കാത്തിരിക്കണം . അവനുവേണ്ടി മാത്രം . ഏറെ പ്രതീക്ഷയോടെ , ഏറെ മോഹത്തോടെ ഏറെ പാരവശ്യത്തോടെ .... എന്നിട്ട് ആരും കാണാതെ ആ പടിപ്പുര വാതിലിൽ ഇടയ്ക്കിടെ പോയി നോക്കണം . അവന്റെ കാലൊച്ചയെങ്ങാനും കടന്നു വരുന്നുണ്ടോ എന്ന്. പിന്നെ തിരിച്ചു പോരണം പ്രതീക്ഷയോടെ തന്നെ . അകത്തു പണികളിൽ ഏർപ്പെടുമ്പോഴും ഒരു ചെവി അവന്റെ കാലൊച്ചക്കു വേണ്ടി കൂർപ്പിച്ചു വെക്കണം .. ഒരു നിഴൽ വെട്ടം കണ്ടാൽ, ഒരു കാലൊച്ച കേട്ടാൽ പടിപ്പുര വാതിലിൽ ഓടിപ്പോയി നോക്കണം .....!
.
കാത്തു കാത്തിരുന്ന് ഒടുവിൽ അവനെത്തുമ്പോൾ, അവൻ കാണാതെ , ഓടി ഉമ്മറവാതിൽ മറവിൽ ഒളിച്ചു നിൽക്കണം . മുറ്റത്തുകൂടി അവൻ നടന്നെത്തുന്ന കാൽപാടുകൾ നോക്കി വെക്കണം . പിന്നീട് ആ കാലടിപ്പാടുകൾക്കു മേലെ തന്റെ കാൽപാദങ്ങൾ ചേർത്തുവെച്ചുനടക്കാൻ വേണ്ടി . അനിയത്തിയോ നാത്തൂനോ കാണാതെ തന്റെ കവിളിൽ വിരിയുന്ന നാണത്തിന്റെ ചുവപ്പ് ഒളിച്ചുവെച്ച് ഉമ്മറത്തെ ചവിട്ടു പടിയിൽ അവൻ കാല്കഴുകുന്ന വെള്ളം ഒലിച്ചു പോകാതെ തടഞ്ഞുവെക്കണം . ആ വെള്ളത്തിൽ തന്റെ കാൽപാദങ്ങൾ മുഴുവനായും ഒന്ന് നനച്ചെടുക്കാൻ ....!
.
ഉമ്മറത്തിണ്ണയിൽ അവനിരുന്നയിടം ഓർത്തുവെക്കണം . അവനെഴുന്നേൽക്കുമ്പോൾ അവിടുത്തെ ആ ചൂട് മാറുംമുന്നേ അവിടെയിരുന്നൊന്നു കുളിരുമാറ്റണം . ഇടക്കൊരു നാണം കലർന്ന ചിരിയോടെ അളന്നുമുറിക്കാതെ മനസ്സിൽ നിന്നും വരുന്ന അവന്റെ വാക്കുകൾ അക്ഷരങ്ങളായി അന്തരീക്ഷത്തിൽനിന്നും പിടിച്ചെടുക്കണം . കണ്ണും കാതും പിന്നെ ഹൃദയവും നിറച്ച് എന്നേക്കുമായി സൂക്ഷിച്ചുവെക്കാൻ . പിന്നെ, അവൻകുടിച്ചു വെക്കുന്ന ചായ ഗ്ലാസും മറ്റാരും എടുക്കാതെ മാറ്റിവെക്കണം . അവന്റെ ചുണ്ടുകൾ മുട്ടിയയിടം തിരഞ്ഞെടുത്ത് അവിടെത്തന്നെ തന്റെ ചുണ്ടുകൾ ചേർത്ത് ആ ഗ്ളാസ്സിലെ അവൻ ബാക്കിവെച്ച ചായ കുടിച്ചുതീർക്കാൻ ....!
.
അവൻ അകത്തേക്ക് നടക്കുമ്പോൾ അവൻ കാണാതെ അവന്റെ നിഴലൊട്ടി നടക്കണം . ഇടനാഴിയിലെ വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് രണ്ടു നിഴലുകളും വലുതാവുകയും ചെറുതാവുകയും ചെയ്യുന്നതിന്റെ സാരങ്ങളിൽ തലയിടാതെ ആ നിഴലിൽ നിന്നും മാറാതെ അവനൊപ്പം നടന്നു പോകണം . . തെക്കിനിയിൽ അച്ഛനും ആങ്ങളമാർക്കുമൊപ്പം ഇലയിട്ട് അവനുണ്ണാനിരിക്കുമ്പോൾ ആരും കാണാതെ നോക്കി നിൽക്കണം . അവന്റെ ഇലയിൽ അവനിഷ്ടമുള്ളതെല്ലാം 'അമ്മ ആവശ്യത്തിന് വിളമ്പുന്നതും അവനതെല്ലാം ഇഷ്ടത്തോടെ കഴിക്കുന്നതും . അതുകഴിഞ്ഞ് ഇളലമടക്കി അവൻ മറ്റുള്ളവർക്കൊപ്പം എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ആരും കാണാതെ ഓടിപ്പോയി ആ ഇലയെടുത്തോണ്ടുപോരണം . ഓടിവന്ന് വടക്കിനിക്കോലായിലിരുന്ന് അവന്റെ ബാക്കി കഴിക്കണം. അവനിലേതെന്ന അവകാശത്തോടെ .....!
.
കൈതുടക്കാൻ അവനെടുക്കുന്ന തോർത്ത് മറ്റാരും ഉപയോഗിക്കാതെ മാറ്റിയെടുത്തുവെച്ച് അതിങ്ങനെ മാറിലിട്ടു നടക്കണം പിന്നെ . എന്നിട്ട് അവനു കിടക്കാൻ വിരിച്ചിട്ട കോസറിയിൽ അവൻ തന്റെ കുപ്പായം അഴിച്ചുവെച്ച് നീണ്ടു നിവർന്ന് ഒരു ഉച്ചമയക്കത്തിന് കിടക്കുന്നത് ഇങ്ങിനെ കൊതിയോടെ നോക്കി നിൽക്കണം . എന്നിട്ട് അവനുറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പു വരുത്തി ഓടിച്ചെന്നാ കുപ്പായമൊന്നെടുത്തിടണം . അവന്റെ ചൂടും ചൂരും നിറഞ്ഞുനിൽക്കുന്ന അവന്റെ സ്നേഹവും അവന്റെ സുരക്ഷിതത്വവും ആവോളം നിറഞ്ഞ , അവന്റെ ദേഹത്തോടും അവന്റെ ഹൃദയത്തോടും ഒട്ടിനിൽക്കുന്ന നിൽക്കുന്ന അവന്റെ കുപ്പായം ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...