Sunday, November 13, 2016

കാഴ്ചക്കുമേലെ ...!!!

കാഴ്ചക്കുമേലെ ...!!!
.
നനഞ്ഞ മുടിയിലെ വെള്ളത്തുള്ളികൾ കണ്ണിലേക്ക് കുടഞ്ഞിട്ട് അവൾ വിളിച്ചപ്പോഴാണ് അയാൾ ഉണർന്നെണീറ്റത്‌ . അവളുടെ ചൂടുള്ള പുതപ്പിനുള്ളിൽ അയാളിലേക്കുതന്നെ ഉൾവലിഞ്ഞുള്ള അതി തീക്ഷ്ണമായ അയാളുടെ ഉറക്കത്തിൽനിന്നും . അവളിലേക്കുതന്നെ നോക്കിയിരിക്കവെ അവൾ ഇന്നലത്തെതിനേക്കാൾ അപ്പോൾ സുന്ദരിയായിരിക്കുന്നു എന്നയാൾക്ക്‌ തോന്നി . കാലത്തെ കുളിരിൽ അവളുടെ ചൂടിലേക്കൂളിയിടാൻ അയാൾ പിന്നെയും കൊതിച്ചെങ്കിലും അയാൾക്കുനേരെ കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ പെട്ടെന്ന് അവളിലേയ്ക്കുതന്നെ ചിതറിയൊളിച്ചു ....!
.
എപ്പോഴാണ് അവളെ പരിചയപ്പെട്ടതെന്ന് അയാൾക്കോർമ്മയില്ല . അവളെ എന്ന് മാത്രമല്ല അതുപോലുള്ള പലരെയും . പരിചയപ്പെടുന്നവരിൽ ചിലർ അയാളുടെ ഹൃദയത്തിലേക്കെത്തിനോക്കുമ്പോൾ അയാൾ അവരെ ചുവപ്പു പരവതാനികൾ വിരിച്ച, പൂക്കൾകൊണ്ടലങ്കരിച്ച വഴികൾ ഒരുക്കി സ്വീകരിച്ചു . ഓരോരുത്തരും പക്ഷെ പലരും ചിലരുമായി അയാളിലേക്ക് ആഴ്ന്നിറങ്ങുന്നത് അയാൾ അറിഞ്ഞുകൊണ്ടുതന്നെ ആസ്വദിച്ചിരുന്നു . നിർലോഭമായ ഒരുന്മാദത്തോടെ . ആർക്കും വേദനയില്ലാതെ . ആർക്കും നീരസമില്ലാതെ ...!
.
പതിവുകൾ പലകുറി തെറ്റുമ്പോഴൊക്കെ അയാൾ വിർവ്വികാരതയോടെ അയാളെയും അവരെയും നോക്കി നിന്നു . തെറ്റിക്കാൻ മാത്രമായി അയാൾ ഉണ്ടാക്കുന്ന പതിവുകൾ പോലെ . പിന്നെ അയാളിലേക്കുള്ള വഴികൾ ഓരോരുത്തർക്കായി അയാൾ സ്വയം തുറന്നു കൊടുക്കുമ്പോഴും അവർക്കൊക്കെ വ്യത്യസ്ത വാതിലുകളും ജനലുകളും അയാൾ ഉണ്ടാക്കിവെച്ചു . ഓരോ വാതിലിനും ഓരോ ജനലുകൾക്കും പ്രത്യേകം പ്രത്യേകം അലങ്കാരങ്ങളോടെ . പ്രത്യേകം പ്രത്യേകം വിരിപ്പുകളും തിരശീലകളോടും കൂടി ....!
.
അവൾ മാത്രമെന്ന് അവൾക്കു തോന്നുന്നിടത്തുനിന്നും അയാൾ, അയാൾ മാത്രമെന്ന് അവൾക്കും തോന്നിപ്പിച്ചു . രൂപങ്ങൾ മാറുമ്പോഴും ഭാവങ്ങൾ മാറുമ്പോഴും കാലങ്ങൾ മാറുമ്പോഴും അയാൾ അയാൾ തന്നെയായിരിക്കാൻ അയാൾക്ക് കഴിയുന്നിടത്തു അയാൾ അവരെയും കൊണ്ടെത്തിച്ചു . ഓരോരുത്തരിലേക്കും ആഴ്ന്നിറങ്ങുമ്പോൾ അവരെ അവരുടെ ലഹരിയുടെ മൂർദ്ധന്യതയിലെത്തിക്കാൻ അയാൾ ശ്രദ്ധിച്ചു . പരിചരണത്തിൽ അയാളുടെ വാത്സല്യം നിറച്ചുവെക്കാനും ....!
.
പിന്നെയും അയാളിലേക്കാഴ്ന്നിറങ്ങാൻ അവൾ തിടുക്കപ്പെട്ടപ്പോൾ അയാൾ തന്റെ പുതപ്പുകൾ മാറ്റി . വിരിപ്പുകളും . അവളിലേക്കുള്ള യാത്രയിൽ അയാളെ മാത്രം കാത്തിരിക്കുന്ന ഒരു ഒറ്റരൂപം അപ്പോൾ തെളിയുന്നത് അയാൾ വേദനയോടെ കണ്ടു . വഴിക്കണ്ണുമായി കാത്തിരിക്കുന്ന ആ നിറരൂപത്തിന് പ്രതീക്ഷയുടെ , സ്നേഹത്തിന്റെ മുഖവുമുണ്ടായിരുന്നു . നീയൊരു പൂവാണെങ്കിൽ അതൊരു വസന്തമാണെന്നും നന്മയുടെ പൂങ്കാവനമാണെന്നും അയാൾ സ്വയം ഏറ്റു പറഞ്ഞു . എന്നിട്ടും .....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...