Saturday, June 28, 2014

ഹൃദയത്തിൽ നിന്നുള്ള ദൂരം ...!!!

ഹൃദയത്തിൽ നിന്നുള്ള ദൂരം ...!!!
.
ഒരു ഹൃദയത്തിൽ നിന്നും മറ്റൊരു ഹൃദയത്തിലേക്ക് എത്ര ദൂരമുണ്ട് ...? എന്തൊരു വിരോധാഭാസം അല്ലെ. എപ്പോഴെങ്കിലും ജീവിതത്തിൽ തനിക്ക് ഇങ്ങിനെയൊരു ചോദ്യം നേരിടേണ്ടി വരുമെന്ന് താൻ കരുതിയോ. ഊണിലും ഉറക്കത്തിലും ഒന്നായിരുന്നിട്ടും ഒന്നിച്ചു മാത്രം സഞ്ചരിച്ചിട്ടും ഒരേമുറിയിൽ ഒരേ കട്ടിലിൽ ഒരേ കിടക്കയിൽ നാൽപതു കൊല്ലം ഒന്നിച്ചു കഴിഞ്ഞിട്ടും അത് മാത്രം ഒരിക്കലും അളന്നു നോക്കിയില്ല . തെറ്റായിരുന്നു .. എല്ലാം തെറ്റായിരുന്നു എന്ന് ഇപ്പോൾ താൻ തിരിച്ചറിയുന്നു. ഇനി പ്രയോജനമില്ലെങ്കിലും ....!
.
അമ്മയാണ് അവളെ തന്റെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് തന്നത് . എന്നും കൂട്ടായിരിക്കാൻ, തനിക്ക് തുണയായിരിക്കാൻ അവൾ എപ്പോഴും കൂടെയുണ്ടാകുമെന്ന് അമ്മ പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു . തന്നെ അറിയാൻ തനിക്കുവേണ്ടത് പറയാതെ മനസ്സിലാക്കാൻ തന്റെ മനസ്സിലേക്ക് ഊളിയിട്ടിറങ്ങാൻ എല്ലാം എല്ലാം അവൾ ഏറെ മിടുക്കിയായിരുന്നു. കഴിഞ്ഞ നാൽപതു കൊല്ലത്തിനിടയിൽ എപ്പോഴെങ്കിലും ഒരിക്കൽ തനിക്ക് മുഖമൊന്ന്കറുപ്പിക്കാൻ കൂടി അവൾ അവസരം തന്നിട്ടേയില്ല ...!
.
ഈ ചുവപ്പിന് തീയിന്റെ ചൂടാണ് ഇപ്പോഴും . അല്ലെങ്കിലും അതങ്ങിനെയല്ലേ വരൂ. കനൽ കെട്ടടങ്ങിയിട്ടില്ലാത്ത ഈ നിറങ്ങളുടെ ചൂളയിൽ തീയുടെ കത്തുന്ന ചൂട് അവശേഷിച്ചിട്ടില്ലെങ്കിലല്ലെ അത്ഭുതമുള്ളൂ നിറങ്ങൾ .... ഈ നിറങ്ങളിൽ കറുപ്പ് തന്റെ കണ്ണുകളിലെയ്ക്കാണ് ഇപ്പോഴും തുളച്ചുകയറുന്നത് . മഞ്ഞയും പച്ചയും നീലയുമെല്ലാം തനിക്കു മുന്നിൽ താണ്ഡവ നൃത്തം ചെയ്യുന്ന പോലെ. അതോ തന്നെ നോക്കി പരിഹസിക്കുകയാണോ അവയെല്ലാം ... വെളുപ്പാകട്ടെ തന്റെഹൃദയത്തിൽ നിന്നും ഒലിചിറങ്ങിയതാണ് എന്നുതന്നെയാണ് തനിക്ക് തോന്നുന്നത് .. നിറങ്ങൾ അവളുടെ ജീവന്റെ തുടിപ്പുമായി ....!
.
കാലത്ത് ആറുമണിക്ക് തുടങ്ങുന്ന തന്റെ ജീവിത യാത്ര എപ്പോഴും തന്റെ കുടുംബത്തിന് വേണ്ടി മാത്രമായിരുന്നു . എവിടെയെങ്കിലും വഴി തെറ്റിയതായി എവിടെയെങ്കിലും കാലിടറിയതായി ആരും വെറുതേ പോലും പറയുകയുമില്ല . തന്റെ മാതാപിതാക്കളോട് തന്റെ മക്കളോട് തന്റെ സഹോദരങ്ങളോട് എന്തിന്, സുഹൃത്തുക്കളോടും സമൂഹത്തോടുപോലും പരമാവധി താൻ നീതി പുലർത്തി യിരുന്നു. അതിൽ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു എപ്പോഴും . മറ്റുള്ളവർ തന്റെ നന്മയിൽ വാചലരാകുമ്പോൾ താൻ സ്വയം മറന്നു ... പക്ഷെ തന്റെ ഭാര്യയോട് ...?
.
മുന്നോട്ട് വെച്ച കാൽ കത്തുന്ന തീയിൽ ചവുട്ടിയ പോലെ തിരിച്ചെടുത്തത് ഇപ്പോഴും ഓർമ്മയുണ്ട് . പഴയ വീടിന്റെ അടുക്കളയോട് ചേർന്ന ആ ഒറ്റമുറി ... ജീവിതത്തിൽ താൻ ഒരിക്കലെങ്കിലും അവിടെ കടന്നുചെന്നതായി ഒർമ്മപൊലുമില്ല മുൻപൊന്നും . അല്ലെങ്കിൽ തന്നെ പൂമുഖത്തെ ചാരുകസേരയിൽ നിന്നും താൻ എപ്പോഴെങ്കിലും അകത്തളങ്ങളിലേയ്ക്ക് എത്തിനോക്കാൻ പോലും ശ്രമിച്ചിട്ടേ ഇല്ലല്ലോ. അതുകൊണ്ട് തന്നെ സത്യത്തിൽ അങ്ങിനെയൊരു മുറി അവിടെയുണ്ടെന്ന് തനിക്ക് അറിഞ്ഞത് തന്നെ അപ്പോഴാണെന്ന് തോന്നുന്നു. പൊട്ടിയ ഓടിന്റെ അരികുകളിൽ കൂടി അരിച്ചെത്തുന്ന നുറുങ്ങു വെളിച്ചം മാത്രം പാറി പറക്കുന്ന ആ ഒറ്റമുറി ...!
.
മക്കൾക്കും ആദ്യമൊക്കെ എല്ലാം താൻ തന്നെയാണ് തിരഞ്ഞെടുക്കാറുണ്ടായിരുന്നത് എങ്കിലും അവർ വളരാൻ തുടങ്ങിയപ്പോൾ അവരുടെ ഇഷ്ട്ടങ്ങൾ തന്റെതിൽനിന്നും വിഭിന്നമാകുന്നത് തനിക്ക് തിരിച്ചറിയാനും അവർക്ക് വഴങ്ങി വഴിമാറാനും താൻ നിരുപാധികം തയ്യാറായി . അപ്പോഴും പക്ഷെ ... ഏറ്റവും നല്ല വസ്ത്രങ്ങളും നല്ല ആഭരണങ്ങളും മാത്രം തന്റെ ഭാര്യ അണിയണം എന്ന് നിർബന്ധം ഉണ്ടായിരുന്ന താൻ പക്ഷെ എപ്പോഴെങ്കിലും അവളുടെ ഇഷ്ട്ടം ചോദിച്ചിരുന്നോ ...? താൻ കൊണ്ടു പോകുന്നിടതേയ്ക്ക്‌ താൻ പറയും പോലെ അണിഞ്ഞൊരുങ്ങി തന്റെ കയ്യും പിടിച്ച് തനിക്കൊപ്പം മാത്രം അവളും ....!
.
നിലാവിന്റെ ഗന്ധമായിരുന്നു ആ മുറിക്ക് . അല്ലെങ്കിൽ മണ്ണെണ്ണ വിളക്കിന്റെ... ? . പക്ഷെ അതിന്റെ ചുവരുകൾക്ക് ലോകത്തിന്റെ ഗന്ധവും ആകാശത്തിന്റെ വിശാലതയും . വിറക്കുകയായിരുന്നു ആ ചുമരിലെ ഓരോ ചിത്രങ്ങളിലൂടെയും കടന്നുപോകുമ്പോൾ ... ആ നിറങ്ങൾക്ക് ഇപ്പോഴും അവളുടെ ജീവൻ . ആ രൂപങ്ങൾക്ക്‌ ഇപ്പോഴും തന്നെ എന്നും മതുപിടിപ്പിക്കാറുള്ള അവളുടെ വിയര്പ്പിന്റെ മണം ...! അവിടെ തളർന്നു വീണ തന്നെ അവൾ തന്നെയല്ലേ താങ്ങിയെടുത്ത് ഇവിടെ കൊണ്ടുവന്നു കിടത്തിയത്‌ ...!
.
കിടക്കയിൽ തന്റെ ആവേശം അവളുടെ മാറിൽ കുറച്ചു വിയർപ്പുതുള്ളികളായി പടർത്തി മാറുമ്പോൾ താൻ ഒരിക്കലെങ്കിലും അവളുടെ ചുടു നിശ്വാസം കേൾക്കാതെ പോയതെന്തേ ..? എന്തിനും ഏതിനും സംശയത്തിന് ഇടപോലും നൽകാതെ അവൾക്കു സർവ്വ സ്വാതന്ത്ര്യവും നൽകുമ്പോഴും എന്തെ താൻ അവളുടെ മനസ്സിന്റെ കെട്ടുകൾ അഴിച്ചു വിടാൻ കരുതലെടുതില്ല ...? ഓരോ ശ്വാസത്തിലും ഒപ്പമുണ്ടായിട്ടും തന്റെ കാലടിപ്പാടുകളിൽ കൂടി മാത്രം അവളെ കൈ പിടിച്ചു നടത്തിയിട്ടും താൻ എന്തെ അവളെ തിരിച്ചറിഞ്ഞില്ല ...!
.
എന്നും അഹങ്കാരമായിരുന്നില്ലേ തനിക്ക് . തന്റെ ഭാര്യയ്ക്കും മക്കൾക്കും വേണ്ടതെല്ലാം വേണ്ടപോലെ താൻ നടത്തിക്കൊടുക്കുന്നു എന്ന അഹങ്കാരം. മക്കൾ അവരുടെ ആവശ്യങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ അവൾ ഒന്നും ചോദിക്കാതിരുന്നിരുന്നത് താൻ അവളെ പൊന്നുപോലെ നോക്കുന്നത് കൊണ്ടാണെന്ന് തെറ്റിദ്ധരിച്ച താൻ എന്തൊരു വിഡ്ഢിയാണ് . പുലർച്ച മുതൽ പാതിരാത്രിവരെ താൻ കഷ്ട്ടപ്പെതെല്ലാം അവരെ സന്തോഷിപ്പിക്കാനായിരുന്നിട്ടും അവൾ, അവൾ മാത്രം അപ്പോഴും ..!
.
ഇനി, തന്റെ ഈ ഹൃദയവും .. ദൂരമളക്കാൻ ഇനി എന്തിനാണ് തനിക്കൊരു ഉപകരണം . അളക്കാവുന്ന ദൂരതിനുമപ്പുറം അവളുടെ ഹൃദയം മിടിക്കാതെ കാത്തിരിക്കുമ്പോൾ ഇനി പ്രാർത്ഥിക്കാം ദൂരമില്ലാതുള്ള ദൂരത്തിൽ അവളുടെ ഹൃദയം അടുത്ത ജന്മത്തിലെങ്കിലും അടുത്തു കിട്ടാൻ. എല്ലാ തെറ്റുകൾക്കും പ്രായശ്ചിത്തം ചെയ്യാൻ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

വൃത്തം ...!!!

വൃത്തം ...!!!
.
ശൂന്ന്യതയിൽ നിന്നും
പൂർണ്ണതയിലേക്കും
പൂർണ്ണതയിൽനിന്നും
ശൂന്ന്യതയിലേക്കുമുള്ള
സഞ്ചാര പഥം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, June 24, 2014

കാത്തിരിപ്പിന് ...!!!

കാത്തിരിപ്പിന് ...!!!
.
കണ്ണ് കത്തുമ്പോൾ
കൈപിടിച്ച്
കാൽപാദത്തിൽ
വെള്ളമൊഴിച്ച്
കരളിലൊരൽപ്പം
മധുരംതേച്ച്
മടിയിലൊരു
പാ വിരിച്ച്
വിരലിൽ ദർഭയിട്ട്
തണലിലൊരു
വിളക്കുവെച്ച്
കാത്തിരിക്കാൻ
കാതോരത്തിൽ
അരാനുമില്ലെങ്കിൽ
വ്യർത്ഥമല്ലെ ഈ ജന്മം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, June 23, 2014

പുറപ്പെടൽ ...!!!

പുറപ്പെടൽ ...!!!
.
എന്റെ വീട്ടിലെ
രണ്ടു കാളകളും
ഇന്ന് രാവിലെ
ഇരട്ട പെറ്റു ...!
.
ഞാൻ
കയറെടുക്കണോ
കുട്ടയെടുക്കണോ
എന്റെ
പുറത്തു കെട്ടാൻ
പാളയെടുക്കണോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

അക്ഷരങ്ങൾ ...!!!

അക്ഷരങ്ങൾ ...!!!
.
സ്നേഹിച്ചാൽ
ഒരു വേശ്യയെ പോലെ
വഴങ്ങുകയും
വെറുപ്പിച്ചാൽ
ഒരു ശത്രുവിനെ പോലെ
മുഖം തിരിക്കുകയും
ചെയ്യുന്ന
നവജാത ശിശുവിന്റെ
മനസ്സുള്ള
മാന്ത്രിക രൂപങ്ങൾ ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, June 22, 2014

സ്ത്രീ ...!!!

സ്ത്രീ ...!!!
.
ഹൃദയത്തിന്റെ
രണ്ടറകളിൽ വിഷവും
മറ്റേത് രണ്ടിൽ
അമൃതും നിറച്ച്
സ്നേഹവും മോഹവും
കരുണയും പ്രതികാരവും
സമാസമം ചേർത്ത്
കണ്ണീരിൽ ചാലിച്ചെടുത്ത
പ്രവചനാതീതതയുടെ
വശ്യമനോഹരമായ
അത്ഭുത രൂപം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, June 21, 2014

സമയം ...!!!

സമയം ...!!!
.
സൂക്ഷിച്ചുപയോഗിച്ചാൽ
ആവശ്യത്തിൽകൂടുതലും
ദുർവ്യയംചെയ്‌താൽ
ഒന്നിനുംതികയാതെയും,
സ്വയം നിയന്ത്രിക്കാവുന്ന
ഒരത്ഭുത വസ്തു ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, June 19, 2014

ഉത്തരം കിട്ടാനൊരു കണക്ക് ...!!!

ഉത്തരം കിട്ടാനൊരു കണക്ക് ...!!!
.
കണക്കിൽ ഞാൻ വളരെ മോശമാണ് . പണ്ടും അതെ ഇപ്പോഴും അതെ . അതെപ്പോഴും അങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും . അങ്ങിനെയല്ലാതാകാൻ ഞാൻ ഒട്ട് ആഗ്രഹിക്കുന്നുമില്ല . എന്നാൽ ഇതൊക്കെ അറിയാമായിരുന്നിട്ടു തന്നെയാണ് അയാൾ അങ്ങിനെയൊരു കണക്ക് എന്നോട് തന്നെ ചെയ്തുകൊടുക്കാൻ പറഞ്ഞതും ...!
.
അയാളെ അപ്പോൾ മാത്രമാണ് ഞാൻ എന്റെ ജീവിതത്തിൽ തന്നെ ആദ്യമായി കാണുന്നത് . അയാൾ എവിടെനിന്നാണ് വന്നതെന്നോ എവിടേയ്ക്കാണ്പോകുന്നതെന്നോ എനിക്കറിയില്ലായിരുന്നു . ഈ ആൾക്കൂട്ടത്തിന് നടുവിൽ എന്തിനാണ് അയാൾ എന്നെമാത്രം തിരഞ്ഞെത്തിയതെന്നും എനിക്കറിയില്ലായിരുന്നു . പക്ഷെ എല്ലാറ്റിനുമപ്പുറം എന്നെ കണക്കാക്കി മാത്രം ഒരു കണക്കും . ...!
.
എനിക്കതിനുള്ള ഉത്തരം കണ്ടെത്താൻ ഒരിക്കലും കഴിയില്ലെന്ന് അയാൾക്കുതന്നെ ഉറപ്പുള്ളതുപോലെയുള്ള ആ ചോദ്യം എന്നിൽ അഭിമാനഭോധമാണ് ഉണർത്തിയത് അപ്പോൾ . ജീവിതത്തിൽ എല്ലായിടത്തും തോൽവികൾ മാത്രം ഏറ്റു വാങ്ങുമ്പോൾ ഇവിടെ ഒന്ന് പൊരുതാൻ എന്റെ മനസ്സ് വല്ലാതെ വെമ്പി . പരാജയപെടുമ്പോഴും അത് അവസാനം വരെ പോരുതിക്കൊണ്ടാകാനുള്ള ഒരു വിഫല ശ്രമം ....!
.
അയാളുടെ മുഖത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരിഹാസ പുഞ്ചിരിയാണ് എന്നെ കൂടുതൽ കർമ്മോത്സുകനാക്കിയത് എന്നുതന്നെ പറയാം . ആദ്യം ഞാൻ സ്വന്തമായി തന്നെ അതിനൊരുത്തരം കണ്ടെത്താൻ ശ്രമിച്ചു നോക്കി. കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചുമൊക്കെ പരമാവധി ശ്രമിച്ചെങ്കിലും എനിക്കറിയാത്ത വഴികളിൽ കൂടിയുള്ള ആ കണക്ക് പ്രതീക്ഷിച്ചപോലെ എന്നെ തോൽപ്പിക്കുക തന്നെ ചെയ്തു. അത് ഞാൻ പ്രതീക്ഷിച്ചതിനാൽ നിരാശ കൂടാതെ ഉത്തരം കണ്ടെത്താനുള്ള മറ്റു വഴികൾ തേടി ഞാൻ പുറത്തിറങ്ങി ...!
.
അന്വേഷണത്തിൽ ആദ്യം ഓർമ്മവന്ന പേര് എന്നെ കണക്ക് പഠിപ്പിച്ച പണിക്കർ സാറിനെയാണ് . പഠിക്കുന്ന സമയത്ത് ജനലിനു പുറത്തെ നീലചെരിവുള്ള ആകാശം സ്വപ്നം കണ്ടിരുന്നിരുന്ന തനിക്ക് അദ്ധേഹത്തിന്റെ കയ്യിൽനിന്ന് കിട്ടിയിട്ടുള്ള അടിയുടെ ചൂട് ഇപ്പോഴും കൈവെള്ളയിൽ ഉണർന്നു നിൽക്കുന്നതിനാൽ അദ്ധേഹത്തെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുണ്ടായില്ല . പഠിപ്പിൽ മോശമായാലും കുരുത്തക്കേടുകൾ കൂടെയുണ്ടെങ്കിലും മഹാനായ ആ അധ്യാപകന് എന്നോടുണ്ടായിരുന്ന വത്സല്ല്യത്തിനു മാത്രം ഒരു കുറവും അപ്പോഴും കണ്ടില്ല. ...!
.
ആമുഖമൊന്നും കൂടാതെ കാര്യം പറഞ്ഞപ്പോൾ വാർദ്ധക്ക്യം തൂങ്ങുന്ന കണ്‍പീലികൾ ബദ്ധപ്പെട്ടുയർത്തി അദ്ധേഹം കര്മ്മനിരതനായി . കണക്കെഴുതിയ കടലാസ്കയ്യിൽ വാങ്ങി അദ്ദേഹം അത് സൂക്ഷിച്ച് പഠിച്ചു . എന്നിട്ട് ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ കുറച്ചു സമയം നോക്കിയിരുന്നു . പിന്നെ തീർത്തും അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ അദ്ദേഹം കണക്കെഴുതിയ ആ കടലാസ് എന്നെ തിരിച്ചേൽപ്പിച്ചു കൊണ്ട് ഒന്നും പ്രതികരിക്കാതെ അകത്തു കയറി വാതിലടച്ചു ...!
.
ഇനിയും അവിടെ നിന്നിട്ട് പ്രയോചനമില്ലെന്ന തിരിച്ചറിവ് അടുത്ത ആളെ തേടാൻ എന്നെ പ്രേരിപ്പിച്ചു . ഇനി പോകാനുള്ളത് നാട്ടിലെ ഏററവും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും ബുദ്ധിജീവിയും ക്വിസ്സ്മാസ്റ്ററും ഒക്കെയായ ഒരു വ്യക്തിയുടെ അടുത്തേക്കാണ് . നാട്ടിലും മറുനാട്ടിലും ഏറെ പ്രശസ്തനായ അദ്ധേഹത്തെ എനിക്ക് അത്ര അടുത്ത പരിചയമൊന്നും ഇല്ലെങ്കിലും നാട്ടുകാരാൻ എന്ന പരിഗണന വെച്ച് ഇടിച്ചു കയറാൻ തന്നെ ഞാൻ തീരുമാനിച്ചു . ...!
.
അപ്പോൾ വലിയ തിരക്കിലൊന്നും ആയിരുന്നില്ല അദ്ധേഹമെങ്കിലും തന്റെ പതിവ് ജാടകളിൽ നിന്നും ഇറങ്ങിവരാതെ എന്നെ സ്വീകരിച്ചിരുത്തി കാര്യം പറഞ്ഞപ്പോൾ ഇതൊക്കെ എത്ര നിസ്സാരം എന്ന മട്ടിൽ എന്റെ കയ്യിൽ നിന്നും കണക്കു വാങ്ങി ശ്രദ്ധിച്ചു നോക്കിയിട്ട് ആലോചിക്കാൻ തുടങ്ങി. അദ്ധേഹത്തിന്റെ ആലോചന എന്റെ ആകാശവും അദ്ധേഹത്തിന്റെ ഭൂമിയും കടന്നു പോകും എന്ന ഘട്ടത്തിൽ ഞാൻ ഇടപെട്ടു . ഉത്തരത്തിനായി ഞാൻ പിന്നെ വന്നോളാം എന്ന എന്റെ അഭിപ്രായം പക്ഷെ അദ്ദേഹം നിരാകരിച്ചു . എന്നിട്ട് പറഞ്ഞു, ഈ കണക്കിന് മൂന്ന് ഉത്തരങ്ങൾ ഉണ്ടെന്ന്. ...!
.
ഒന്നിന് പകരം മൂന്നു കിട്ടുന്നത് സന്തോഷം തന്നെ എങ്കിലും എനിക്ക് വേണ്ടത് ഒരു ഉത്തരമാണല്ലോ . എങ്കിലും അദ്ധേഹത്തെ പിണക്കാതെ മൂന്നു ഉത്തരങ്ങളും എഴുതി വാങ്ങി, നന്ദിയും പറഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോൾ എഴുതി തന്ന മൂന്ന് ഉത്തരങ്ങളും ചോദ്യത്തിന്റെ ആവർത്തനങ്ങൾ മാത്രം . ഇനി എന്റെ കണ്ണുകളുടെ കുഴപ്പമാണോ എന്ന് ഒന്ന് കൂടി നോക്കി അല്ലെന്ന് ഉറപ്പു വരുത്തിയപ്പോൾ വീണ്ടും ഞാൻ പെരുവഴിയിൽ തന്നെയായി . ഇനിയെന്ത് എന്ന ചോദ്യത്തിന് മാത്രം അപ്പോൾ ഒരു ഉത്തരം മുന്നിൽ കിട്ടി. തൊട്ടു മുന്നിലതാ പണിക്കരാശാൻ ...!
.
പണിക്കരാശാൻ പണ്ടത്തെ കുഴിപ്പള്ളിക്കൂടതിന്റെ പാരമ്പര്യമുള്ള തറവാട്ടുകാരനാണ് . നാട്ടിലെയും അന്യനാട്ടിലെയും അറിയപ്പെടുന്ന ജ്യോത്സ്യനാണ്‌ കൂടാതെ വലിയ കണക്കപ്പിള്ളയും. ഒട്ടും അമാന്തിക്കാതെ അദ്ധേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ ഒരു പൂരത്തിനുള്ള ആളുകൾ ക്യൂവിലുണ്ട് . വർത്തമാനം അറിയാതെ ഭൂതം കാണാതെ ഭാവിയെ അറിയാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന ജനസമൂഹം . എന്റെ പരിചയം വെച്ച് ഞാൻ ഉള്ളിൽ നുഴഞ്ഞു കയറിയപ്പോൾ പിന്നിലുള്ളവരുടെ ആക്രോശങ്ങൾ കേട്ടില്ലെന്നു നടിച്ചു. കാര്യം കാണാൻ കഴുത ഏതു കാലും പിടിക്കുമല്ലോ ...!
.
പണിക്കർ കാര്യം അറിഞ്ഞ് ഒട്ടും ആലോചിക്കാതെ കവടി നിരത്തി . പഞ്ചാംഗങ്ങൾ വാരി വലിച്ചിട്ട് പരതി . ഒടുവിൽ നിവൃത്തിയും കണ്ടെത്തി . ഇതെന്റെ മുജ്ജന്മ സുകൃതം . ഇതെന്റെ വർത്തമാന കാല കർമ്മ ഫലം . ഇതെന്റെ ഭാവിയുടെ താക്കോൽ ... പരിഹാര ക്രിയകളുടെ ഒരു വലിയ ചാർത്തും എഴുതിത്തന്നു ഉടനെ അദ്ദേഹം . പിന്നെ എന്റെ മുന്നിൽ ദക്ഷിണയ്ക്കായി കാത്തിരിക്കുമ്പോൾ ഞാൻ കയ്യിലുള്ളതും കാൽക്കൽ വെക്കാതെ അവിടുന്ന്തടിതപ്പി . ...!
.
ഇനി....? കണക്കെഴുതിയ കടലാസും പിടിച്ച് ഞാൻ മാത്രം ബാക്കി. ഉത്തരമില്ലാത്തതായി ഒന്നുമില്ലെന്ന ഉത്തരം മാത്രം കയ്യിൽ വെച്ച് ഈ കണക്കിന് ഞാൻ ഇനി എങ്ങിനെ ഒരു ഉത്തരം കണ്ടെത്തും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, June 17, 2014

സുരക്ഷിതത്വത്തിന് ബെൽറ്റിടുമ്പോൾ ....!!!

സുരക്ഷിതത്വത്തിന് ബെൽറ്റിടുമ്പോൾ ....!!!
.
സുരക്ഷ ഓരോ ജീവിയുടെയും ജന്മാവകാശം തന്നെയാണ് . വീട്ടിൽ, നാട്ടിൽ, ജോലിസ്ഥലത്ത്, സമൂഹത്തിൽ അങ്ങിനെ എല്ലായിടത്തും ഓരോ പൗരനും എപ്പോഴും സ്വയവും മറ്റുള്ളവരാലും സംരക്ഷിക്കപ്പെടേണ്ടവർ തന്നെ . അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അവനവന് എന്നപോലെ മറ്റുള്ളവർക്കും ഒരിക്കലും ഒഴിഞ്ഞു മാറാനും കഴിയില്ല ...!
.
ഏതൊരു കാര്യങ്ങളിലും നമ്മൾ മുന്നേറ്റം നടത്തുമ്പോൾ അതിനു മുൻപ് നാം ഏർപ്പെടുത്തേണ്ട ചില അടിസ്ഥാന സൌകര്യങ്ങളുണ്ട് എവിടെയും . ഒരു വലിയ വ്യാപാര സമുച്ചയം നിർമ്മിക്കുമ്പോൾ അതിലേക്കുള്ള വഴികളും, വെള്ളവും വെളിച്ചവും കെട്ടിടത്തിന് ആവശ്യമായ മാനദണ്ഡങ്ങളും അതിലെത്തുന്നവർക്കുള്ള അടിസ്ഥാന സൌകര്യങ്ങളും ഒരുക്കേണ്ടതുപോലെ ഇത് എല്ലാറ്റിലും നിർബന്ധവുമാണ് ...!
.
പുരോഗതിയിലെയ്ക്കുള്ള പാത നിർമ്മിക്കുമ്പോൾ ഇതെല്ലാം വസ്തു നിഷ്ഠമായി കണക്കാക്കേണ്ടത് അനിവാര്യം തന്നെ. അടിസ്ഥാന സൗകര്യ വികസനമാണ് ഇതിൽ ഏറ്റവും പ്രധാനം. പിന്നെയുള്ളത് കാലോചിതമായ പരിഷ്കാരങ്ങളോടെയുള്ള നിയമ നിർമ്മാണവും അതിന്റെ ശരിയായ രീതിയിലുള്ള നടത്തിപ്പും . അങ്ങിനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധയോടെ നടപ്പിലാക്കുക അത്യന്താപേക്ഷിതമാണ് . ലോകത്തിനു മുൻപിൽ തല ഉയർത്തി നിൽക്കണമെങ്കിൽ അവരുടെ നിലവാരത്തിലേയ്ക്ക് നമ്മളും ഉയരുക തന്നെ വേണം....!
.
എല്ലാറ്റിലെയും എന്നപോലെ യാത്രയിലെ സുരക്ഷിതത്വവും അതിന് സ്വീകരിക്കുന്ന നടപടികളും ഈ ഗണത്തിൽ മുൻപന്തിയിൽ നിൽക്കേണ്ടത് തന്നെ. നമ്മൾ ഇപ്പോൾ ലോകത്തിൽ എതോരിടത്തുമെന്നപോലെ ഏറ്റവും പുതിയ വാഹനങ്ങളും ഏറ്റവും പുതിയ യാത്രാമാർഗ്ഗങ്ങളും ഇവിടെയും നമ്മൾ അവതരിപ്പിക്കുന്നു . നല്ല വാഹനങ്ങൾക്ക് നല്ല പാതകളും നല്ല സാഹചര്യങ്ങളും അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുകൊണ്ട് തന്നെ നമ്മളും പ്രാപ്തമാക്കുന്നു ഇപ്പോൾ ...!
.
ശരാശരി ലോകത്തിൽ സംഭവിക്കുന്ന അപകടമരണങ്ങളുടെ കണക്കെടുത്താൽ ഏറിയ പങ്കും എല്ലായിടത്തും നടക്കുന്നത് റോഡിൽ ആണെന്ന് എല്ലാവർക്കും അറിയാം . ഒരു റോഡ്‌ അപകടം വരുത്തുന്ന നാശനഷ്ടം അതിൽ നഷ്ടപെടുന്ന ജീവന്റെ വിലയേക്കാൾ എത്രയോ ഇരട്ടിയാണെന്ന് നമ്മൾ അറിയാതെ പോകുന്നതാണ് റോഡിലെ സുരക്ഷയുടെകാര്യത്തിൽ നമ്മളെ ഇത്രയും അലസരാക്കുന്നത്. ലോകം മുഴുവൻ എങ്ങിനെ റോഡ്‌ അപകടങ്ങൾ കുറയ്ക്കാം എന്ന് തല പുകയ്ക്കുമ്പോൾ നമ്മൾ അതിനു വിപരീതമായി ചിന്തിക്കുന്നതെങ്ങിനെയാണ് ...!
.
മറ്റെല്ലാ നിയമങ്ങളും എന്നപോലെ സുരക്ഷയ്ക്ക് വേണ്ടി ഉണ്ടാക്കുന്ന നിയമങ്ങളും ബുദ്ധിമുട്ടുള്ളതാണ് എങ്കിൽ കൂടി അത് നടപ്പിലാക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥരാണ് എന്ന സത്യം നമ്മളാണ് എപ്പോഴും ബോധപൂർവ്വം മറക്കുന്നത് . ഓരോ ജന സമൂഹത്തിന്റെയും ഭൂപ്രകൃതികളുടെയും രീതിയ്ക്കനുസരിച്ച് ആധുനിക രീതിയിൽ നിയമനിർമ്മാണത്തിന് ലോകം ശ്രമിക്കുന്നു എപ്പോഴും .എന്നാൽ ഈ നിയമങ്ങൾ നമ്മുടെ തന്നെ രക്ഷയ്ക്കുള്ളതാനെന്ന് ഇവിടെ നമ്മൾ വിസ്മരിയ്ക്കുന്നു പലപ്പോഴും . ...!
.
ഒരു വാഹനത്തിൽ കയറി ഇരിക്കും മുൻപേ അതിന്റെ ചുറ്റും ഒരുവട്ടം നടന്ന് പ്രത്യക്ഷത്തിൽ വാഹനത്തിന് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തുക. കയറി ഇരുന്നാൽ ഉടനെ സീറ്റ് ബെൽറ്റ് ഇടുക . സഹ യാത്രികരുടെ സൌകര്യവും സുരക്ഷയും ഉറപ്പുവരുത്തുക , വാഹനം തനിക്ക് നിശ്ചയിച്ച പാതയിലും സ്പീടിലും മാത്രം ഓടിക്കുക വാഹനം ഓടിക്കുമ്പോഴും പാർക്ക് ചെയ്യുമ്പോഴും വലത്തോട്ടോ ഇടത്തോട്ടോ മാറുമ്പോഴും സിഗ്നൽ ഇടുക തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ എന്താണ് ഇത്ര ബുദ്ധിമുട്ട് എന്ന് ഓരോരുത്തരും നിർബന്ധമായും ചിന്തിക്കേണ്ടത് തന്നെയാണ് ...!
.
ഇത്തരം നിയമങ്ങളോട് മുഖം തിരിക്കുന്നതിൽ മലയാളി എപ്പോഴും മുൻപിലാണ് എന്നത് ഏറെ രസകരമാണ്. കേരളത്തിൽ നിയമത്തെ പരിഹസിക്കും പോലെ ഹെൽമെറ്റ്‌ കയ്യിൽ വെച്ചിട്ടും തലയിൽ ധരിക്കാതെ വണ്ടിയോടിക്കുകയും സീറ്റ്ബെൽറ്റ് പോലീസിനെ കാണുമ്പൊൾ വലിച്ചുപിടിച്ച്‌ വണ്ടിയോടിക്കുകയും ഒക്കെ ചെയ്യുന്ന മലയാളിക്ക് ഇതൊന്നും കേരളത്തിന്‌ പുറത്ത് ശരിയായി ചെയ്യാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നതും കൂടാതെ ഈ വക എല്ലാ സൌകര്യങ്ങളുമുള്ള വാഹനം ഓടിക്കുന്നവർ പോലും അത് ചെയ്യില്ല എന്ന് ദുർവ്വാശി പിടിക്കുന്നതും ഏറെ വിരോധാഭാസം തന്നെ. ...!
.
കർക്കശമായ നിയമങ്ങൾ അനാവശ്യമായി നടപ്പിലാക്കുന്നു എന്ന് വിലപിക്കുന്നവർ ആലോചിക്കേണ്ട ഒരു വസ്തുതയുണ്ട് . അപ്രായോഗികാമെന്ന് പുഛിച്ച് തള്ളുന്ന ഇത്തരം നിയമങ്ങളൊക്കെ യാതൊരു തടസ്സവും കൂടാതെ ലോകത്തിന്റെ ഇതരഭാഗങ്ങളിൽ നടപ്പിലാക്കുന്നവയാണ് എന്ന്. ഒരു വ്യക്തിയുടെ സുരക്ഷ ആ സമൂഹത്തിന്റെ കൂടി സുരക്ഷയാണെന്ന് മനസ്സിലാക്കുകയും അതിനുവേണ്ടി നിയമങ്ങൾ കൂടുതൽ പ്രായിഗവും കർക്കശവും ആക്കാൻ ലോകം ശ്രമിക്കുമ്പോൾ , ലോകത്തിന് മുന്നിൽ ഓടാൻ വെമ്പി നിൽക്കുന്ന മലയാളി ലോക നിയമങ്ങൾക്കു മുഖം തിരിച്ചാൽ എങ്ങിനെയാണ് അവിടെ എത്തിച്ചേരുക ...!
.
ജനങ്ങളുടെ ദീർഘകാല നന്മയെക്കാൾ അവരെ താത്കാലിക ലാഭത്തിനു വേണ്ടി കയ്യിലെടുക്കാനാണ് പലപ്പോഴും ഭരണകൂടം ശ്രമിക്കാറുള്ളത് . പലപ്പോഴും പല നിയമങ്ങളും അതിന്റെ അന്തസ്സത്ത നഷ്ട്ടപ്പെടാതെ നടപ്പിലാക്കുന്നതിനു പകരം ജനങ്ങളുടെ താത്പര്യാർത്ഥം അതിൽ വെള്ളം ചേർക്കുമ്പോൾ അതൊരു സാമൂഹിക അനീതിയാണെന്ന് പക്ഷെ ആരും അറിയുന്നില്ലെന്നത് കഷ്ടം തന്നെ....!
.
ഒരു ഉദ്യോഗസ്ഥൻ സത്യസന്ധമായി എപ്പോഴെല്ലാം നിയമം നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴും നമ്മൾ ഏറെ അസ്വസ്തരാവുകയും അസഹിഷ്ണുതയുള്ളവരാവുകയും ചെയ്യും . അത് സ്വാഭാവികം . പക്ഷെ ഇവിടെ ആ ഉദ്യോഗസ്ഥൻ നിയമം നടപ്പിലാക്കുന്നത് അയാളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടിയല്ലെന്നും മറിച്ച് നമ്മൾ ഓരോരുത്തരുടെയും സുരക്ഷയ്ക്ക് വേണ്ടികൂടിയാണെന്നും ഒരിക്കലെങ്കിലും അതിനെ കണ്ണടച്ച് എതിര്ക്കുന്നതിനു മുൻപ് ഓർക്കുന്നത് നല്ലതായിരിക്കും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, June 15, 2014

അറബിക്കടൽ ചുവക്കുമ്പോൾ ...!

അറബിക്കടൽ ചുവക്കുമ്പോൾ ...!
.
മനുഷ്യൻ സമൂഹമായി ജീവിക്കാൻ ആരംബിച്ചതുമുതൽ അവൻ എപ്പോഴും അധിനിവേശത്തിനും ശ്രമിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം . സ്വന്തം ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി അവൻ എപ്പോഴും തന്നെ സംരക്ഷിക്കുന്ന ഈ പ്രകൃതിക്കുമേൽ, ഇതര സമൂഹങ്ങൾക്കുമേൽ എന്തിന് , സ്വ സമൂഹത്തിൽ തന്നെയും അധിനിവേശം നടത്താൻ എപ്പോഴും ശ്രമിച്ചിരുന്നു. അധിനിവേശം എന്നത് ആ വാക്കിന്റെ യഥാർത്ഥ അർത്ഥത്തെക്കാൾ ചൂഷണം എന്ന ഗോപ്യമായ അവസ്തയിലേയ്ക്കാണ് പലപ്പോഴും തരം താണിരുന്നത് എന്നതും വസ്തുതയാണ് ...!
.
അധികാരം സ്ഥാപിക്കുക എന്നതിനോടൊപ്പം തന്നെ അതാത്പ്ര പ്രദേശത്തെ സമ്പത്തടക്കമുള്ള പ്രകൃതി വിഭവങ്ങൾ കയ്യടക്കുക എന്നതു തന്നെയാണ് എന്നും അധിനിവേശത്തിന്റെ മുഖ്യ ഹേതുക്കളിൽ ഒന്ന് . ഭൂഖണ്ഡങ്ങൾ മാറിയാലും സമൂഹങ്ങൾ മാറിയാലും അവസ്ഥയ്ക്ക് പ്രത്യേക മാറ്റങ്ങളൊന്നും എവിടെയും സംബവിക്കാറില്ലായിരുന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നപോലെ അധികാരവും കരുതുമുള്ളവർ എപ്പോഴും എവിടെയും മേൽക്കൈ നേടുകയും ചെയ്തു പോന്നു ...!
.
പുരാതന കാലം മുതൽ ഏഷ്യയിലും ആഫ്രികയിലും അമേരിക്കയിലും എന്തിന് യൂറോപ്പിൽ പോലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല . തിരിച്ചടിക്കാൻ കരുത്തുണ്ട് എന്ന് തോന്നുന്നവർക്ക് മുന്നിൽ മാത്രം ഇത്തരക്കാർ മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ഒരു നാടകം കളിച്ച് , തന്റെ പ്രബലത്വതിനു കൊട്ടമൊന്നുമില്ലെന്നു വരുത്തിതീർത്തുകൊണ്ട് മെല്ലെ തടിയൂരും എന്ന് മാത്രം . അല്ലാത്തിടതൊക്കെ തങ്ങളുടെ അധീശത്വത്തിനു വേണ്ടി ശ്രമിക്കുക തന്നെ ചെയ്യും ഇവര എപ്പോഴും ...!
.
സമൂഹത്തിൽ ഇതിന് ഉദാഹരണമായി വ്യത്യസ്തമായ ഒരുപാട് സംഭവങ്ങൾ ദിനം പ്രതി ഉണ്ടാകുന്നു ആഫ്രികയിലെയും സിറിയയിലെയും യുക്രെയിനിലെയും ഒക്കെപോലെ മറ്റു പലയിടത്തെയും സംഭവങ്ങൾക്ക് ശേഷം മദ്ധ്യപൂർവ്വ ദേശത്തുള്ളവരെ മാത്രമല്ല ലോകത്തെ ഓരോരുത്തരെയും നേരിട്ട് ബാധിക്കുന്ന വിധം ഇറാഖ് വീണ്ടും കലുഷിതമാകുന്നതാണ് ഇപ്പോൾ നമ്മൾ കാണുന്നത് . അസ്ഥിരമായ ഒരു രാജ്യത്ത് ഉണ്ടാകുന്ന സംഘർഷം മറ്റെല്ലാത്തിനേക്കാളും ഏറെ അപകടകാരിയാകുമെന്നത് ഒരു നഗ്ന യാധാർഥ്യവുമാണ് ...!
.
മദ്ധ്യപൂർവ്വ ദേശം മറ്റെല്ലാ പ്രദേശങ്ങളും എന്ന പോലെ എപ്പോഴും സംഘർഷങ്ങളുടെ നടുവിൽതന്നെ ആയിരുന്നു . വ്യത്യസ്ത സംസ്കാരങ്ങൾ സമ്മേളിക്കുന്ന ഏതൊരിടത്തും ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകതന്നെ ചെയ്യും . അതിനെ ദുഷ്ടലാക്കോടെ സമീപിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നിടത്താണ് അഭിപ്രായ വ്യത്യാസങ്ങൾ രക്തരൂക്ഷിതമായ സംഘർഷങ്ങളിലേയ്ക്കു നീങ്ങുന്നത്‌ . വിവിധ സംസ്കാരവും ജീവിത സാഹചര്യങ്ങളും സമ്മേളിക്കുന്ന ഈ ഭൂപ്രദേശം പ്രകൃതി വിഭവങ്ങളുടെ കലവറയായതു തന്നെ അധിനിവേശങ്ങൾക്കും കാരണമായി. എണ്ണയുടെ സാമ്പത്തികശാസ്ത്രം ഈ ലോകത്തിന്റെ രാഷ്ട്രീയത്തെയും സ്വാധീനിക്കാൻ തുടങ്ങിയതോടെ ഇവരെ ചൂഷണം ചെയ്യാൻ എപ്പോഴും കരുതുള്ളവർ വിവിധ പദ്ധതികളുമായി കരുതലോടെ കാത്തുനിന്നു...!
.
പ്രലോഭിപ്പിച്ചും പേടിപ്പിച്ചും ഓരോരുത്തരെയും അവരവരുടെ മനോനിലയ്ക്കനുസരിച്ച് ശത്രുക്കൾ തങ്ങളുടെ വരുതിയിൽ ആക്കാറുണ്ട് എപ്പോഴും. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല . മുന്നിൽ ഭയത്തിന്റെ ഇരയിട്ട് ഇവിടുത്തെ ഓരോ രാജ്യങ്ങളെയും വ്യത്യസ്ത രീതിയിൽ ശത്രുക്കൾ കാലാ കാലങ്ങളായി തങ്ങളുടെ വരുതിയിൽ നിരത്തുകയായിരുന്നു എപ്പോഴും . തങ്ങൾക്കു അധീശത്വം നഷ്ട്ടമാകുന്നു എന്ന ഓരോ ഘട്ടത്തിലും അവർ ഇവിടെ രക്ത രൂക്ഷിതമായ സംഘർഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ചരിത്രം ...!
.
കൂടി നിൽക്കുന്നവരെ ആക്രമിച്ചു കീഴാടക്കാൻ ബുദ്ധിമുട്ടാണെന്ന് ഏതൊരു യുദ്ധ തന്ത്രജ്ഞനും വ്യക്തമായറിയാം . അതുകൊണ്ട് തന്നെ വിഘടിപ്പിച്ച് ഭരിക്കുക എന്ന പ്രാകൃത തന്ത്രം സമർത്ഥമായി അവർ ഇവിടെയും ഉപയോഗിക്കാൻ തുടങ്ങി . അതുതന്നെ തുടരുകയും ചെയ്യുന്നു . അനുഷ്ഠാനങ്ങളിലെയോ ആചാരങ്ങളിലെയോ വ്യത്യസ്ഥതയെ ഒരു കാരണമായി ഉയർത്തി ഒരു സമൂഹത്തെ ഒന്നാകെ വ്യത്യസ്ത ചേരികളിലാക്കി പരസ്പരം ശത്രുത വളർത്തി തമ്മിൽ തമ്മിൽ കൊന്നൊടുക്കാൻ പ്രേരിപ്പിക്കുന്നത് അതിനു ശേഷമുള്ള ആ ഭൂവിഭാഗത്തിന്റെ നിയന്ത്രണത്തിന് വേണ്ടി മാത്രമാണെന്നത് ഒരു നഗ്നമായ സത്യം മാത്രം ...!
.
മധ്യപൂർവ്വെഷ്യയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു വലിയ ജനസമൂഹം ഈ ലോകത്ത് തന്നെ ഉണ്ട് . ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയേയും ഈ ഭൂപ്രതേശം ചെരുതായല്ല സ്വാധീനിക്കുന്നത് . ലോക സമാധാനത്തെയും സാമൂഹിക ഉന്നമനത്തെയും ഈ ഭൂപ്രതേശവും ഇവിടുത്തെ ജന സമൂഹവും എപ്പോഴും പ്രോത്സാഹിപ്പിചിട്ടെ ഉള്ളൂ . അതുകൊണ്ട് തന്നെ ഈ പ്രദേശത്തിന്റെ സ്ഥിരതയും ശാന്തിയും ലോകത്തിനു തന്നെ അത്യന്താപേക്ഷിതമാണ് ...!
.
ആക്രമണങ്ങൾ നേരിട്ടാകുമ്പോൾ ചെറുത്തുനിൽപ്പിന് സാദ്ധ്യതയും സാഹചര്യങ്ങളും ധാരാളം . എന്നാൽ പിന്നിലൂടെ കുത്സിത മാർഘങ്ങലൂടെ യുള്ള ആക്രമണങ്ങളെ തിരിച്ചറിയുകയും അതിനെ വേണ്ടവിധം നേരിടുകയും ചെയ്യുന്നിടത്താണ് അവിടുത്തെ ജനങ്ങളും ഭരണകൂടങ്ങളും യഥാർത്ഥ വിജയം പ്രാപ്തമാക്കുന്നത്. അങ്ങിനെയൊരു വിജയത്തിന് നിശ്ചയധാർട്യവും ആത്മവിശ്വാസവും നിശ്ചയമായും അത്യാവശ്യമാണ് ...!
.
അധിനിവേശങ്ങൾക്കെതിരെ ചെരുത്തുനിൽക്കുക എന്നത് ഏറെ ദുഷ്കരമാണ് . പ്രത്യേകിച്ച് ആ സമൂഹം വിഘടിച്ചു നിൽക്കുമ്പോൾ . പക്ഷെ മധ്യപൂർവ്വേഷ്യയിൽ ഇപ്പോൾ ഉടലെടുക്കുന്ന ഈ സംഘർഷം തീര്ച്ചയായും കരുതലോടെ കൈകാര്യം ചെയ്യേണ്ടത് തന്നെയാണ്. മുൻപെല്ലാം രണ്ടു രാജ്യങ്ങൾ തമ്മിലാണ് യുദ്ധമോ യുദ്ധസമാനമായ സംഘർഷങ്ങളോ ഇവിടെ ഉണ്ടാകാറുള്ളത്. എന്നാൽ ഇപ്രാവശ്യം ശത്രു കുറേക്കൂടി കരുതലോടെ ഈ പ്രദേശത്തിന്റെ നിലനിൽപ്പിനെ തന്നെ ലക്ഷ്യമിട്ട്കൊണ്ടാണ് ആക്രമണം നടത്തുന്നത് . ഒരു പ്രദേശത്തിന്റെ മാത്രമല്ല, ഒരു സമൂഹത്തിന്റെ തന്നെ സർവ്വനാശത്തിലേക്കും വഴിവെക്കാവുന്ന ഈ സംഘർഷം എത്രയും വേഗം ഒത്തുതീർക്കേണ്ടത് ഈ ലോകത്തിന്റെ തന്നെ നന്മയ്ക്കും നിലനിൽപ്പിനും അത്യാവശ്യമാണ് ഇപ്പോൾ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, June 12, 2014

എനിക്ക് വാങ്ങുവാൻ....!!!

എനിക്ക് വാങ്ങുവാൻ....!!!
.
ആരോ പറഞ്ഞറിഞ്ഞു
ഒരു മഹാസൗധം വിൽപ്പനയ്ക്കെന്ന്
വാങ്ങുമ്പോൾ
മഹത്തായത്‌ തന്നെ
വാങ്ങണമെന്ന് മോഹവും ...!
.
തിരഞ്ഞെതി ചെന്ന്നിന്നത്
തലസ്ഥാനത്തെ
ഭരണസിരാ കേന്ദ്രത്തിനു മുന്നിൽ ...!
.
നമ്മുടെ കാടും മേടും
പുഴകളും പൂക്കളും വരെ
വിറ്റു തുലച്ച നമ്മൾ
ഇതും വിൽക്കുക തന്നെ ചെയ്യുമല്ലോ ...!
.
മറ്റാരെങ്കിലും വാങ്ങും മുൻപേ
എനിക്കിതു വാങ്ങണം .
പക്ഷെ
എന്റെ കയ്യിൽ അത്രയും പണമില്ല
അതുകൊണ്ട് നിങ്ങളൊന്ന് സഹായിച്ചാൽ ....???
.
സുരേഷ്കുമാർ പുഞ്ചയിൽ

മനുഷ്യൻ മറക്കാതിരിക്കുന്നത് ...!!!

മനുഷ്യൻ മറക്കാതിരിക്കുന്നത് ...!!!
.
എന്റെ ഭാണ്ഡത്തിൽ
ഞാൻ കരുതിവെച്ചിരിക്കുന്നത്
മൂന്നു തുള്ളി കുടിനീർ ...!
.
എന്റെ ഈ യാത്രയിൽ
ഇതിലെ ആദ്യത്തെതുള്ളി
ഞാൻ പുറത്തെടുക്കുക
എനിക്കുമുന്നിൽ
ഒരു കാക്ക
വന്നിരിക്കുമ്പോൾ ആയിരിക്കും
കറുകറുത്ത ചിറകുകളുള്ള
ഒരു വെളുത്തകാക്ക ...!
.
പിന്നത്തെതുള്ളി
ഞാൻ പുറത്തെടുക്കുക
എനിക്ക് മുന്നിൽകാണുന്ന
ആദ്യത്തെ വൃക്ഷത്തിന്‌
നനയ്ക്കാനായിരിക്കും
ഇലകളും ചില്ലകളും
നിറഞ്ഞു നിൽക്കുന്ന
ആ വൃക്ഷത്തിന്‌ ...!
.
ഇനി അവശേഷിക്കുന്ന
മൂന്നാമത്തെ തുള്ളി
മുഴുവനായും ഞാൻ
ആകാശത്തിനു നൽകും
അതുപക്ഷെ
എന്റെ അടുത്ത യാത്രയുടെ
തുടക്കത്തിൽ മാത്രമെങ്കിലും
കാരണം
ആ നീർതുള്ളികൊണ്ടു വേണം
എനിക്കെന്റെ ഭൂമിമുഴുവൻ
നനയ്ചെടുക്കാൻ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, June 9, 2014

ബലാൽസംഗം ഒരു രാഷ്ട്രീയവുമാണ് ...!!!

ബലാൽസംഗം ഒരു രാഷ്ട്രീയവുമാണ് ...!!!
.
ഇണയുടെ സമ്മതമോ സഹകരണമോ ഇല്ലാതെ പൈശാചികവും ക്രൂരവുമായി ബലാൽ ചെയ്യുന്ന ഏതൊരു സംഗമത്തിനും ഒരു മനസ്സാസ്ത്രവും ഭൂമിശാസ്ത്രവും തീർച്ചയായും ഉണ്ടായിരിക്കും . പ്രദേശങ്ങൾക്ക്, സാഹചര്യങ്ങൾക്ക് ഒക്കെ അനുസരിച്ച് ഇതിന് വ്യാഖ്യാനവും വ്യത്യസ്തമായിരിക്കുകയും ചെയ്യും . ദുർബലർ എപ്പോഴും ആക്രമിക്കപ്പെടുകതന്നെ ചെയ്യുമെന്ന പ്രാകൃത പ്രകൃതി ശാസ്ത്രം ഇപ്പോഴും ഈ കാട്ടാളന്മാർ ചിലർ മുറുകെ പിടിക്കുന്നു ...!
.
രോഗാതുരമായ മനസ്സുമായി നടക്കുന്ന ഒരു പുരുഷൻ അല്ലെങ്കിൽ ഒരു സ്ത്രീ തന്റെ ഇണയ്ക്കുമേൽ കടന്നാക്രമണം നടത്തി ക്രൂരമായി തന്റെ കാമാർത്തി പൂർതീകരിക്കുന്നതിനെയാണ് പൊതുവെ ബലാൽസംഗം എന്ന് പറയുന്നത് . കുറ്റവാളിയുടെ മനസ്സുള്ള ഒരു രോഗിയുടെ മനോവിഭ്രാന്തി എന്നതിനേക്കാൾ അടിച്ചമർത്തപ്പെടുന്ന വികാരങ്ങളുടെ വേലിയേറ്റവും ലഹരികളുടെ അമിതോപയോഗവും ഇതിലേക്ക് വഴിവെക്കുന്നു. സ്ത്രീകൾ അബലകളും അടിച്ചമർത്തപ്പെടുന്നവരുമാണ് എന്ന പതിവ് പല്ലവികൾക്കൊപ്പം ഇവിടെ ഇരകളാകുന്നത് സ്വാഭാവികമായും എപ്പോഴുമെന്നപോലെ മഹാഭൂരിപക്ഷവും സ്ത്രീകൾ തന്നെ ...!
.
ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത് പതിവുപോലെ എതിർക്കാൻ ത്രാണിയില്ലാത്തവർ , ചെറുത്തു നിൽപ്പിന് മനസ്സില്ലാത്തവർ . അങ്ങിനെ ശരിക്കും അബലകൾ . കുറച്ചു സമയത്തെ കുറച്ച് സഹതാപതിനപ്പുറം ഒരു ബലാൽസംഗതിൽ ഇരയുടെ യഥാർത്ഥ വേദനയാണ് ആരും കാണാതെ പോകുന്ന ഒരു വലിയ സത്യം . തീർത്തും തന്റേതല്ലാത്ത കാരണങ്ങളാൽ ക്രൂരമായി, പൈശാചികമായി ആക്രമിക്കപ്പെടുന്ന ആ നിസ്സഹായതയുടെ ജീവിതം പിന്നീടങ്ങോട്ട് മഹാദുരിതം മാത്രമാവുകയാണ് എപ്പോഴും ചെയ്യുന്നത്. ...!
.
പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണവും സ്ത്രീകളുടെ ആധുനിക ജീവിതവുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് അഭിനവ ഭുദ്ധിജീവികൾ വായ്ക്കുരവയിടുമ്പോൾ അവർ കാണാതെ പോകുന്ന സത്യം, ഇത്തരത്തിൽ ആക്രമിക്കപ്പെടുന്ന ഇരകളിൽ തൊണ്ണൂറ്റി ഒൻപത് ശതമാനവും അങ്ങിനെയുള്ള യാതൊരു പ്രലോഭനങ്ങളും ഉണ്ടാക്കാതവരാണ് എന്നതാണ് . എണ്‍പത് കഴിഞ്ഞ വൃദ്ധയും ഒരു വയസ്സുള്ള മുലപ്പാലിന്റെ മണം മാറാത്ത കുഞ്ഞും എങ്ങിനെയാണ് മറ്റൊരാളെ പ്രലോഭിപ്പിക്കുന്നത് . സ്വന്തം നാണം മറയ്ക്കാൻ അഴുക്കുപുരണ്ട കീറിതുന്നിച്ചേർത്ത വസ്ത്രം ധരിച്ചെത്തുന്ന ഗ്രാമീണ കന്ന്യക ആരെ - എങ്ങിനെയാണ് പ്രലോഭിപ്പിക്കുന്നത് ...!
.
മുന്നിൽ കിട്ടുന്ന ഇരയെ മാത്രമല്ലാതെ ഇരകളെ പതിയിരുന്നാക്രമിച്ചു കീഴടക്കുന്ന അവസ്ഥകളും ഇവിടെ ധാരാളമുണ്ട്. സ്വാഭാവികമായി ആക്രമിയുടെ അപ്പോഴാതെ മനോനിലയ്ക്കനുസരിച്ച് ഉണ്ടാകുന്നവയാണ് മിക്കവാറും ബലാത്സംഗങ്ങൾ എങ്കിലും അങ്ങിനെയല്ലാതവയും ധാരാളം. മനോനിയന്ത്രണം നഷ്ട്ടപ്പെട്ട ഒരാളുടെ അടക്കാനാകാത്ത ലൈംഗികതൃഷ്ണയുടെ - ലൈംഗികഭ്രാന്തിന്റെ അവസ്ഥാബേധങ്ങളായി ബലാത്സംഗങ്ങൾ വിവക്ഷിക്കപ്പെടാറുണ്ടെങ്കിലും ചിലപ്പോഴെല്ലാം ചിലർ തങ്ങളുടെ സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി കൃത്രിമമായി അങ്ങിനെയൊരവസ്ഥ സൃഷ്ടിക്കുന്നു എന്നതും നാം അറിയേണ്ടതാണ് . അവിടെയാണ് ബലാൽസംഗം ഒരു രാഷ്ട്രീയവും ആകുന്നത് ...!
.
ഒരു വലിയ ജനക്കൂട്ടത്തെ അല്ലെങ്കിൽ ഒരു സമൂഹത്തെ ഒന്നാകെ ഒന്നിച്ച് പേടിപ്പിക്കാൻ ഭരണാധികാരികളും അധികാരിവർഗ്ഗവും മേലാളന്മാരും പുറത്തെടുക്കുന്ന ഒരു ആയുധവും കൂടിയാണ് ചിലപ്പോൾ ബലാത്സംഗങ്ങൾ . ഒരു സമൂഹത്തിലെ സ്ത്രീകളിൽ വരുത്തുന്ന ഭീതി അവരുടെ കുടുംബ നാഥന്മാരുടെ ചെറുത്തുനിൽപ്പിനെ അല്ലെങ്കിൽ പരാക്രമങ്ങളെ എങ്ങിനെ സ്വാധീനിക്കുമെന്ന് അവർക്ക് നന്നായറിയാം. പോലീസും പട്ടാളവും മറ്റ് അധികാര കേന്ദ്രങ്ങളും ചരിത്രത്തിൽ പലപ്പോഴും ഇങ്ങിനെ പെരുമാരിയിട്ടുണ്ടെന്നത് കാണാതെ പോകുന്ന നേരുകൾ ...!
.
അതുപോലെതന്നെയാണ് രാഷ്ട്രീയ എതിരാളികൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ അഭിനവ നേതാക്കന്മാരും മൌനാനുവാദത്തോടെ ഇത്തരം ദുർനടപടികളിലെയ്ക്കു സമൂഹത്തെ നയിക്കുന്നത് . അവരുടെ രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ അവർക്കെതിരെ സമൂഹത്തെ ഒന്നാകെ ഇളക്കിവിടാൻ പലരും അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം ദുർനടപടികൾക്ക് കൂട്ട് നിൽക്കുന്നു ...!
.
സ്ത്രീ ശാക്തീകരണത്തെ കുറിച്ചും അക്രമികൾക്ക് മരണശിക്ഷ നല്കുന്നതിനെകുറിച്ചും വാ തോരാതെ സംസാരിക്കുന്ന ഇവിടുത്തെ സമൂഹം പക്ഷെ ഈ ബലാത്സംഗങ്ങൾക്കുപുറകിലെ യഥാർത്ഥ മനസ്സാസ്ത്രം പഠിക്കാതെ പോകുന്നു . ഇന്നത്തെ ഒരു ദുരന്തം നാളേയ്ക്കുള്ള അനുഭവ പാഠമാക്കാൻ നാം അപ്പോഴും തയ്യാറാകുന്നില്ല . കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നത് സാമൂഹിക നീതിയാണ് എന്നതുപോലെ തന്നെ പരമപ്രധാനമാണ് ഇരകളുടെ സംരക്ഷണവും ഒപ്പം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നതും ....!
.
ഇവിടെ വേദനയുടെ മുഖത്തിന്‌ മാത്രം കണ്ണുകൾ ഇല്ലാതെ പോകുന്നു എന്നതാണ് സത്യം. ക്രൂരമായി കൊല്ലപ്പെടുന്ന ഇരകളുടെ ദുരിതം അവിടെ അവരുടെ മരണത്തോടെ തീരുമ്പോൾ ജീവിച്ചിരിക്കുന്നവരുടെ ദുരിതം ആ സമൂഹത്തെ ഒന്നാകെ അവസാനംവരെ കാർന്നു തിന്നുകൊണ്ടേയിരിക്കുമെന്ന് ഇത്തരക്കാർ ഒരിക്കലും ഓർക്കുന്നേയില്ല . അവരവരുടെ സ്വാർത്ഥലാഭത്തിന് വേണ്ടി മറ്റേതൊരു ആയുധവും എന്നപോലെ ബാലാൽസംഗങ്ങളും ഉപയോഗിക്കപ്പെടുകയാണ് ചിലപ്പോഴെല്ലാം ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, June 7, 2014

ഭാര്യയെ വിൽക്കുന്നവർ ...!!!

ഭാര്യയെ വിൽക്കുന്നവർ ...!!!
.
പണത്തിന്, പദവികൾക്ക് മറ്റു ചിലപ്പോൾ സൌഹൃദങ്ങൾക്ക് വേണ്ടിയും സ്വന്തം ഭാര്യയെ മറ്റുള്ളവർക്ക് വിൽക്കുന്ന ചില ഭർത്താക്കൻമാരെങ്കിലും ഈ ഭൂമിയിൽ ഉണ്ട് . വിലക്കാൻ വേണ്ടി മാത്രം കല്ല്യാണം കഴിക്കുന്നവരും ഉള്ളത് തന്നെ. പണത്തിനും പദവികൾക്കും ഒന്നുമല്ലാതെ തന്റെ മാത്രം രതി വൈകൃതങ്ങൾക്ക് വേണ്ടി സ്വന്തം ഭാര്യയെ മറ്റുള്ളവർക്ക് കാഴ്ചവെക്കുന്നവരും അപൂർവ്വമല്ല . വിൽക്കപ്പെടുന്ന പെണ്‍കുട്ടികൾ അല്ലെങ്കിൽ സ്ത്രീകൾ ഭാര്യമാർ മാത്രമല്ലെങ്കിലും ഇവിടെ പറയുന്നത് അവരെക്കുറിച്ച് മാത്രം ...!
.
നേരിട്ടുള്ള വിൽപ്പന മനപ്പൂർവ്വവും ഒരാളുടെ മാത്രം ഇഷ്ടത്തോടെയുള്ളതുമാകാം. ഇനി അങ്ങിനെയല്ലാതെ രണ്ടുപേരുടെയും പരസ്പര സഹകരണത്തോടെയുള്ളതും ആകാം . ഭാര്യ ഭാര്യയുടെ വഴിക്കും ഭർത്താവ് ഭർത്താവിന്റെ വഴിക്കും സ്വന്തമായി അവനവനെ കച്ചവടം നടത്തുകയും എന്നിട്ട് ഒന്നിച്ച് ഭാര്യാ ഭർത്താക്കൻമാരായി ഒരേ വീട്ടിൽ കുട്ടികളോടൊത്ത് സഹകരണത്തോടെ കഴിയുകയും ചെയ്യുന്ന കുടുംബങ്ങളും ധാരാളം. അവനവന്റെ താത്പര്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് കച്ചവടത്തിന്റെ രീതിയും മാറുന്നു എന്ന് മാത്രം....!
.
ഇതൊന്നുമല്ലാതെ മറ്റൊരു വിൽപ്പനയും തകൃതിയായി നടക്കുന്നുണ്ട് ഇവിടെ. പരോക്ഷമായ ഒരു മായ കച്ചവടം. ഇവിടെ ഭർത്താക്കന്മാർ അവരുടെ ഭാര്യമാരെ അവർ അറിയാതെ വിൽക്കാതെ വിൽക്കുന്നു . ഭാര്യമാർ അവരുടെ ഭർത്താക്കൻമാരെയും ഇങ്ങിനെ കച്ചവടം ചെയ്യുന്നതിൽ ഒട്ടും പുറകിലല്ല താനും . ആർക്കും പ്രത്യക്ഷത്തിൽ ദോഷമില്ലാത്ത ആർക്കും നേരിട്ട് അറിയാത്ത ഈ മായകച്ചവടം തികച്ചും മാനസികവും, തന്ത്രപരവും ഒപ്പം കുടിലവുമാണ് ...!
.
തന്റെ പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി താൻ നേരിട്ട് ഇടപെട്ടാൽ സാധിക്കാതെ വരുന്ന സന്ദർഭങ്ങളിൽ തന്റെ ഇണയെ ഉപയോഗിച്ച് കാര്യം നേടുക എന്ന നട്ടെല്ലില്ലാത്ത കർമ്മമാണ്‌ മഹാ ബഹുഭൂരിപക്ഷവും നടപ്പിലാക്കുന്നത് . ഭർത്താവിന് പണത്തിനു അത്യാവശ്യം വരുമ്പോൾ അയാൾ നേരിട്ട് ചോദിച്ചാൽ മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ കിട്ടാതെ വരുന്നിടങ്ങളിൽ നിന്ന് അയാൾ തന്ത്ര പൂർവ്വം ആർക്കും സംശയമുണ്ടാകാത്ത വിധം തന്റെ ഭാര്യയെ വിട്ട് കാര്യം നടത്തിയെടുക്കുന്നു....!
.
അതുപോലെ തന്നെ തന്റെ അത്യാവശ്യമായ മറ്റു കാര്യങ്ങൾക്ക് ഭാര്യ ഭർത്താവിനെയും ഇതുപോലെ ഉപയോഗിക്കുന്നു. തന്റെ ഭാര്യയെ മറ്റെയാൾക്ക് ഇഷ്ടമാണെന്നും അയാൾ രോഗാതുരമായ ഒരു കണ്ണോടെയാണ് അവളെ നോക്കുകയെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ് അവളുടെ ഭർത്താവ് അവളെ അയാളുടെ അത്യാവശ്യത്തിന് അങ്ങോട്ട്‌ പറഞ്ഞയക്കുന്നതെന്നതിലാണ് കച്ചവടത്തിന്റെ ഭൂമിശാസ്ത്രം കടന്നു വരുന്നത്. പ്രത്യക്ഷത്തിൽ താനോ തന്റെ ഭാര്യയോ ആർക്കും വഴങ്ങുന്നുമില്ല, മറ്റാരുകണ്ടാലും അതിൽ മോശമായി ഒന്നുമില്ലതാനും. അങ്ങിനെയുള്ള ഒരു ആശ്വാസത്തിന്റെ മുഖംമൂടി യണിഞ്ഞു കൊണ്ടുള്ള ഈ നാടകം നിർബാധം നടന്നുകൊണ്ടേയിരിക്കുന്നു ...!
.
തന്നെ അന്വേഷിചെത്തുന്നവരോട് താൻ ഇവിടെ ഇല്ലെന്ന് കള്ളം പറയാൻ ഭാര്യയെ പറഞ്ഞയക്കുമ്പോഴും ആ വരുന്ന ആൾ ആർത്തിയോടെ തന്റെ ഭാര്യയെ നോക്കി സുഖിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒന്നുമറിയാത്തപോലെ അയാൾക്കരികിലേക്ക് അവളെ പറഞ്ഞയക്കുന്നു അവളുടെ ഭർത്താവ് . അതുപോലെതന്നെ തന്റെ പൊങ്ങച്ചത്തിന് അല്ലെങ്കിൽ അതുപോലുള്ള സ്വാർഥമായ മറ്റുകര്യങ്ങൾക്ക് തന്റെ ഭർത്താവിനെ അറിഞ്ഞുകൊണ്ടുതന്നെ മറ്റു സ്ത്രീകൾക്ക് മുന്നിലേക്ക്‌ വിടുന്ന ഭാര്യമാരും ഒട്ടും കുറവല്ല. തന്റെ ഭർത്താവിന്റെമേൽ അവർക്കൊരു കണ്ണുണ്ടെന്നുള്ള യാഥാർത്ഥ്യം അറിഞ്ഞുകൊണ്ടുതന്നെ തന്റെ ആവശ്യം മുൻനിർത്തി അത് അപ്പോഴവർ മറന്നുവെക്കുന്നു . താത്കാലിക രക്ഷയ്ക്കായുള്ള ഈ കച്ചവടം ഒരുപക്ഷെ ഭർത്താവോ ഭാര്യയോ മനപ്പൂർവ്വം ആകണമെന്നുമില്ല താനും ...!
.
ഇവിടെ എതിരെയുള്ള വ്യക്തിയുടെ മനസ്സിലേക്ക് ഒരു ചീത്ത വിചാരതിനുള്ള അല്ലെങ്കിൽ അവസരതിനുള്ള സാധ്യതയാണ് ഈ ഭർത്താവ് അല്ലെങ്കിൽ ഭാര്യ തുറന്നിടുന്നത്. മുന്നിൽ വരുന്ന വ്യക്തിയുടെ ഇണയ്ക്ക് അവർ താനുമായി ഇടപഴകുന്നതിൽ അല്ലെങ്കിൽ സഹകരിക്കുന്നതിൽ കുഴപ്പമില്ല എന്ന ഒരു തോന്നൽ മറ്റേ ആളിൽ ഇത് സൃഷ്ട്ടിക്കപ്പെടുന്നു . കൂടാതെ താൻ അയാളുടെ അല്ലെങ്കിൽ അവളുടെ മുന്നിൽ പോകുന്നതിൽ തന്റെ ഭർത്താവിന് അല്ലെങ്കിൽ ഭാര്യക്ക് കുഴപ്പമില്ല എന്ന ഒരു വിശ്വാസം ഭർത്താവിൽ അല്ലെങ്കിൽ ഭാര്യയിൽ ഇത് സൃഷ്ടിക്കപ്പെടുത്തുകയും ചെയ്യുന്നു. ...!
.
ഈ അറിവില്ലായ്മയുടെയോ അറിഞ്ഞുകൊണ്ട്തന്നെയുള്ളതിന്റെയോ ആയ കച്ചവടം സമൂഹത്തിൽ അപഥ സഞ്ചാരത്തിനുള്ള ആദ്യത്തെ വളംവെക്കലാണെന്ന് ഇവർ അറിയാതെ പോകുന്നിടതാണ് ഇതിന്റെ യഥാർത്ഥ ദുരന്തം പതിയിരിക്കുന്നത്‌ . ഇതാണ് എല്ലാ തെറ്റുകൾക്കും കാരണം എന്നല്ല, മറിച്ച് ഇതും ഒരു കാരണമാണെന്ന് പറയുന്നു എന്ന് മാത്രം . ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ മറ്റൊരാളുടെ മുന്നിലേക്ക്‌ പറഞ്ഞയക്കുന്നതിനെയല്ല മറിച്ച് അതിനുള്ളിൽ ഒളിച്ചിരിക്കുന്ന കച്ചവട ലക്ഷ്യത്തെ മാത്രമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്‌ ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

നിവൃത്തികേട് ...!!!

നിവൃത്തികേട് ...!!!
.
ഉത്തരവാദിത്വങ്ങളിൽനിന്നും
ഒഴിഞ്ഞുമാറാനും
ഒളിച്ചോടാനുമുള്ള
ഒരു ഭീരുവിന്റെ
ഒഴിവുകഴിവുകൾ ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, June 5, 2014

സേതുരാമൻ ആത്മഹത്യ ചെയ്യുകയാണ് ...!!!

സേതുരാമൻ ആത്മഹത്യ ചെയ്യുകയാണ് ...!!!
.
അതെ...! സേതു രാമൻ ഇപ്പോൾ ആത്മഹത്യ ചെയ്യുകയാണ്. അതല്ലാതെ അയാൾക്ക്‌ മറ്റൊന്നും ചെയ്യുവാൻ ഇല്ലാത്തതുകൊണ്ട് തന്നെയാണ് അയാള് അങ്ങിനെ ചെയ്യുന്നതും. നിങ്ങൾ ഒരു പക്ഷെ അയാളെ കളിയാക്കുമായിരിക്കും . ഒരു വിഡ്ഢിയെന്ന് അല്ലെങ്കിൽ ഒരു ഭീരുവെന്ന് വിളിക്കുകയോ ചെയ്യുമായിരിക്കും . നിങ്ങൾ പറയുന്നതൊക്കെ ശരിയായിരിക്കാം ഒരുപക്ഷെ . പക്ഷെ നിങ്ങൾ അറിയാത്ത ഒന്നുണ്ട് . ഒരു ഭീരു ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന്....!
.
അല്ലെങ്കിൽ നിങ്ങൾക്ക് തന്നെ പറയാം. സേതുരാമൻ ആത്മഹത്യ ചെയ്യുകയല്ലാതെ എന്താണ് ഇനി ചെയ്യേണ്ടത് . ശരി, ഞാൻ ഇപ്പോൾ അയാളെ അതിലേയ്ക്ക് നയിക്കുന്ന കാര്യങ്ങൾ പറയാം . എന്നിട്ട് നിങ്ങൾക്ക് അയാളെ അതിൽനിന്ന് പിന്തിരിപ്പിക്കണമെങ്കിൽ ആകാമല്ലോ ...!
.
അച്ഛന്റെയും അമ്മയുടെയും ഒറ്റമകനായിരുന്നു സേതുരാമൻ . അവൻ പത്താം ക്ലാസ്സിലെത്തിയപ്പോൾ അവന്റെ പരീക്ഷയിൽ ഒന്നാം റാങ്കോടെ പാസ്സാകാൻ വേണ്ടി ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ പൂജയും വഴിപാടും കഴിക്കാൻ പോകവേ ഉണ്ടായ ഒരു വാഹന അപകടത്തിൽ അവന് ആകെയുണ്ടായിരുന്ന അവന്റെ അച്ഛനെയും അമ്മയെയും നഷ്ട്ടപ്പെട്ടു ...!
.
അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട അവന് പിന്നെ സഹായം അടുത്ത വീട്ടിലെ ഒരു അകന്ന ബന്ധു ആയിരുന്നു. അത്യാവശ്യം അവനു സ്വത്തൊക്കെ ഉണ്ടായിരുന്നത് കൊണ്ട് അവർ പ്രത്യേക താത്പര്യവും കാണിച്ചിരുന്നു അവനോട് . ഭക്ഷണവും താമസവും ഒക്കെ ഒരുവിധം അവിടെത്തന്നെ എന്നപോലെ ആവുകയും ചെയ്തു. പഠനവും ഒപ്പം അവിടുന്ന് തന്നെ തുടർന്നു . അച്ഛന്റെയും അമ്മയുടെയും ജീവനെടുത്തത് കൊണ്ടായിരിക്കാം ദൈവങ്ങൾ അക്കുറി അവന് ഒന്നാം റാങ്ക് തന്നെ നല്കിയിരുന്നു ...!
.
ആ വീട്ടിൽ അവർക്കൊരു പെണ്‍കുട്ടിയുണ്ടായിരുന്നു . സീതാലക്ഷ്മി ....! നല്ല നിലയിൽ മുന്നോട്ടു പോകുന്ന സേതുരാമന്റെ പെണ്ണായി സീതാലക്ഷ്മിയെ അവർ അവരോധിക്കുകയും ചെയ്തിരുന്നു അപ്പോഴേക്കും . അവനും സ്വയവും ആ ചിന്ത വളർത്തുകയും അവളെ പ്രണയിക്കാൻ തുടങ്ങുകയും ചെയ്തു. അവൾക്കും അവനെ ആദ്യമേ ഇഷ്ട്ടമായിരുന്നു . പഠനത്തിൽ പുറകിലായിരുന്നെകിലും അവൻ കൂടെയുണ്ടായിരുന്നതിനാൽ അവൾ തട്ടിയും മുട്ടിയും ഒരുവിധം മുന്നോട്ടു പോവുകയും ചെയ്തു ...!
.
സേതുരാമൻ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ഉന്നതമായ ഒരു ജോലി കിട്ടിയപ്പോഴേക്കും അവളും ഒരു വിധം ഡിഗ്രീ കടന്നുകൂടി . കുറച്ചു ദൂരെയാണ് ജോലിസ്തലം എന്നതിനാൽ ആഴ്ച്ചയിലൊരിക്കലാണ് അവൻ വീട്ടിൽ വരാറുള്ളത് . എല്ലാം ഒരുവിധം ഭംഗിയായതോടെ പിന്നെ അവരുടെ കല്യാണത്തെ കുറിച്ചായി ചിന്ത എല്ലാവർക്കും . അവനും അവളുമാകട്ടെ അത് കാത്തു കാത്തിരുന്ന ദിനവും ...!
.
അങ്ങിനെ അവരുടെ കല്യാണവും ആർഭാട പൂർവ്വം ഭംഗിയായി കഴിഞ്ഞു. അവൾക്കും അവനും പരസ്പരം ഏറെ ഇഷ്ടവുമായിരുന്നതിനാൽ വിവാഹത്തിന് ഒന്നുകൂടി മോടികൂടുകയും ചെയ്തു . ജീവിതത്തിൽ ആരൊരുമില്ലാതിരുന്നിരുന്ന തന്റെ പഴയ നാളുകളിൽ തന്നെ സ്നേഹിക്കാനും സഹായിക്കാനും കൂടെ ഉണ്ടായിരുന്ന ആ കുടുംബത്തോടുള്ള സ്നേഹവും കടപ്പാടും കൂടിയായിരുന്നു അവന് ആ വിവാഹം ....!
.
മധുവിധുവിന്റെ ലഹരിയിൽ അവർ തുടക്കം ഗംഭീരമാക്കി . കുട്ടികൾ പെട്ടെന്ന് വേണ്ടെന്നതു രണ്ടുപേരുടെയും തീരുമാനമായിരുന്നു. വിവാഹത്തിന്റെ ആവശ്യത്തിനും മധുവിധുവിനും ഒക്കെയായി അവൻ രണ്ടു മാസമായിരുന്നു ലീവ് എടുത്തിരുന്നത് . യാത്രകളൊക്കെ കഴിഞ്ഞ് തിരിചെതിയപ്പോഴെക്കും അവനു വീണ്ടും ജോലിയിൽ കയറാനുള്ള സമയമായിരുന്നു. ജോലി സംബന്ധമായി ധാരാളം യാത്രകൾ ചെയ്യേണ്ടിയിരുന്ന അവനാകട്ടെ തത്കാലം അവളെ കൂടെ കൂട്ടാനും കഴിയില്ലായിരുന്നു . അതുകൊണ്ട് തന്നെ ഏറ്റവും സുരക്ഷിതയായി അവളെ അവളുടെ വീട്ടിൽ തന്നെ നിർത്താനും അവർ തീരുമാനിച്ചു ...!
.
അവൻ ജോലിക്കുപോയാൽ പിന്നെ അവൾ തനിച്ചായി വീട്ടിൽ . അവന്റെ ഓർമ്മയിൽ അവൾ വല്ലാതെ വേദനിക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാരാണ് ആദ്യം പറഞ്ഞത് അവൾക്കും ഒരു ജോലി ശരിയാക്കിയാൽ അവളുടെ മടുപ്പ് മാറുമല്ലോ എന്ന് . അവൾക്കും കൂടി ജോലി ചെയ്യേണ്ട സാഹചര്യം ഒന്നുമില്ലെങ്കിലും വിരസതയൊഴിവാക്കാൻ അവളോടും ജോലിക്ക് പോയ്ക്കൊളളാൻ അവൻ സമ്മതം മൂളി. അങ്ങിനെ വീടിന്റെ തൊട്ടടുത്ത്‌ തന്നെയുള്ള ഒരു ചെറിയ സ്ഥാപനത്തിൽ അവൾക്കു ജോലിയും കിട്ടി ...!
.
ആഴ്ചയിൽ ഒരിക്കൽ അവൻ വരുമ്പോൾ അവർ വീണ്ടും അവരുടെ ദിനങ്ങൾ ആഘോഷമാക്കി. ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകവേ സാവധാനം അവളിലെ മാറ്റങ്ങൾ അവനിൽ അസ്വസ്ഥത വളർത്താൻ തുടങ്ങി . സ്നേഹക്കൂടുത്തൽ കൊണ്ടുള്ള സംശയങ്ങളെന്നു വിവരം പറഞ്ഞപ്പോൾ അവളുടെ മാതാപിതാക്കളും ആശ്വസിപ്പിച്ചു . പക്ഷെ പിന്നെ പിന്നെ അവന്റെ സംശയങ്ങൾ പതിയെ പതിയെ സത്യമാവുകയായിരുന്നു ....!
.
അവൻ വിളിച്ചാൽ അവളെ കിട്ടാതായി. വീട്ടിലേക്കു മിക്കവാറും അവൾ വരുന്നത് പല സമയങ്ങളിലായി . അവൾ പലപ്പോഴും പലരോടുമോപ്പം പുരത്തുപോകുന്നതായി പലരും കണ്ടതായി പറയാൻ തുടങ്ങി . അവനിൽ മാത്രമല്ല അവളുടെ മാതാ പിതാക്കളിലും സംശയം ബലപ്പെട്ടതോടെ അവൻ അവളെക്കുറിച്ചുള്ള രഹസ്യമായ അന്വേഷണത്തിലേക്ക് കടന്നു. അതോടെ അവൻ അറിഞ്ഞത് ഏറെ വേദനിപ്പിക്കുന്ന സത്യങ്ങളായിരുന്നു ...!
.
വിരഹ ദുഃഖത്തിൽ ഓഫീസിൽ വിഷമിചിരുന്നിരുന്ന അവളെ അവിടുത്തെ ഒരു സഹപ്രവർത്തകൻ സമർത്ഥമായി ഉപയോഗിക്കാൻ തുടങ്ങി. ആദ്യമാദ്യം അവളുടെ നല്ല സുഹൃത്തായി കൂടെ കൂടി, അവളുടെ വിരസതയകറ്റാനും ആശ്വസിപ്പിക്കാനും കൂട്ടുനിന്നിട്ട് പതിയെ പതിയെ അവളെ അയാളുടെ വഴിയിലേക്ക് കൊണ്ട് പോവുകയായിരുന്നു . കൈവിട്ടു പോകുന്നു എന്ന് തിരിച്ചരിയുംപോഴേയ്ക്കും അവൾക്ക് അവളിൽ തന്നെയുള്ള എല്ലാ നിയന്ത്രണങ്ങളും നഷ്ട്ടമായിരുന്നു . പിന്നെ അയാളില്ലാതെ അവൾക്കു ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയിലായി അവൾ. അല്ലെങ്കിൽ അവൾക്കു വേറെ വഴിയില്ലെന്ന അവസ്ഥയും ...!
.
ഒടുവിൽ ഭാര്യയെ വേണ്ടവിധം സംരക്ഷിക്കാൻ അല്ലെങ്കിൽ പരിപാലിക്കാൻ കഴിവില്ലാത്ത ആണുംപെണ്ണുംകെട്ടവൻ എന്ന നാട്ടുകാരുടെ പരിഹാസവും വീട്ടുകാരുടെ കുറ്റപ്പെടുത്തലും . സ്വന്തമായി ഒരു ബന്ധുപോലും ഇല്ലാത്ത കുട്ടികൾ ഇല്ലാത്ത അവൻ അവനേക്കാൾ സ്നേഹിച്ചിരുന്നത് അവന്റെ ഭാര്യയേയും . ഒടുവിൽ , എങ്ങിനെയെങ്കിലും ഒന്ന് ഒഴിഞ്ഞു തന്ന് തന്നെ ജീവിക്കാൻ അനുവദിക്കണമെന്ന അവളുടെ അപേക്ഷയും .. ആരുമില്ലാത്ത, ആർക്കും വേണ്ടാത്ത അവൻ ഇനി ആത്മഹത്യ ചെയ്യുകയല്ലാതെ എന്തു ചെയ്യാൻ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, June 2, 2014

നന്ദി ...!!!

നന്ദി ...!!!
.
ചായംതേച്ച്
മിനുക്കിയൊരുക്കി
നാട്യത്തിന്റെ
മേലാടയും കെട്ടി
മുഖക്കണ്ണാടിയിൽ
അലങ്കരിച്ചുവെക്കുന്ന
വ്യർത്ഥമായ
വാക്കുകളുടെ
വിഡ്ഢി കൂട്ടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, June 1, 2014

കാഴ്ച്ചപ്പുറം...!!!

കാഴ്ച്ചപ്പുറം...!!!
.
പകൽ .. എരിഞ്ഞു തീരാതെ പിന്നെയും ബാക്കി നിൽക്കുമ്പോൾ അതിലേയ്ക്കൊരു പെരുമഴ. ആ പെരുമഴയത്തായിരുന്നു അവൾ അവന്റെ മനസ്സിലേക്ക് ഓടിവന്നു കയറിയത്. ഒരു നിശാ പുഷ്പം പോലെ പരിമളവും പരത്തിക്കൊണ്ട്‌ . ഏതൊരു പ്രണയ കഥയിലെയും പോലെ, സ്വാഭിവകമായി . പക്ഷെ ആ മഴയ്ക്ക്‌ അവളെ പോലെതന്നെ ഒരു വല്ലാത്ത പ്രത്യേകതയുണ്ടായിരുന്നു എന്ന് മാത്രം . പൊരിവെയിലത്ത് പെയ്യുന്ന കറുകറുത്ത മഴ പോലെ ...!
.
പതിവുപോലെ, നിരാശമായ അന്നത്തെ പകലിലെ തണുത്ത കാറ്റിൽ പ്രതീക്ഷകളെ ഒരു നൂലിൽ കെട്ടി ആകാശത്തേക്ക് പറത്തിവിട്ട് , തിരിച്ചു വരുന്നവയെയും കാത്ത് ഉമ്മറത്തിണ്ണയിൽ ... അകത്തളത്തിൽ നിന്നും അമ്മയുടെ കുറുകുറെ കുറുകുന്ന ഹൃദയതാളം ഉമ്മറത്തേയ്ക്ക്കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടും പാടി ...!

കയറി വന്നിട്ടും, തന്റെ തന്നെ മുന്നിൽ നേരെ നിന്നിട്ടും അവൾ പക്ഷെ എന്തുകൊണ്ടാണ് അപ്പോൾ തന്റെ കണ്ണുകളിലേക്കു മാത്രം നോക്കാതിരുന്നത്. അവളുടെ കണ്ണുകളിൽ എവിടെയോ ഒളിപ്പിച്ച തീക്കനലുകൾ ഞാൻ മാത്രം കാണേണ്ട എന്ന് കരുതിയാണോ. അതോ അവൾ നനഞ്ഞ മഴ എന്നിൽ ഒരു കുളിരാകേണ്ട എന്ന് കരുതിയോ. അറിയാൻ ശ്രമിച്ചില്ല അപ്പോൾ പക്ഷെ ...!
.
എന്തിനാണ് അവൾ അപ്പോൾ ഈ മഴയത്തു തന്നെ ഇറങ്ങി വന്നത്. എന്റെ ഹൃദയത്തിലേക്കുള്ള അവളുടെ ആദ്യത്തെ കുടിയേറ്റം ഇങ്ങിനെയായത് എനിക്കിഷ്ട്ടമായില്ല തന്നെ . ആർപ്പും ആരവവും ഒന്നുമില്ലെങ്കിലും ഒരു തണുത്ത കാറ്റുള്ള സന്ധ്യയിലായിരുന്നെകിൽ അതിനൊരു സാഹിത്യ ഭാവമെങ്കിലും ഉണ്ടാകുമായിരുന്നു എന്ന് ഞാൻ ആശിച്ചുപോയി അപ്പോൾ....!
.
ഒരു സാധാരണ മഴയെക്കാൾ എനിക്കിഷ്ടം പെരുമഴകൾ തന്നെയാണ് . നിറയെ കനത്ത വെള്ളത്തുള്ളികൾ തകർത്തു വീഴുന്ന പെരുമഴകൾ .. ഇടയ്ക്കിടെ ഇടിയുടെ ഘോര നാദവും മിന്നലിന്റെ കണ്തെളിച്ചവും കൂടിയാകുമ്പോൾ ആഘോഷം . ഞാൻ ഈ പെരുമാഴകളെ ശരിക്കും പ്രണയിക്കുക തന്നെ ചെയ്യുന്നു. കാരണം , ഇങ്ങിനെയുള്ള പെരുമഴകളിലാണല്ലോ എപ്പോഴും ഞാൻ എന്റെ വേദനകളെ നനയാനും കുതിരാനും ഇട്ടു വെക്കാറുള്ളത് ...!
.
അവളുടെ കണ്‍ വെട്ടത്തുനിന്നും ഞാൻ എന്റെ കണ്‍മിഴികളെ പിൻവലിച്ചത് മറ്റൊരു വേദനയിലേക്ക് . മനപ്പൂർവ മല്ലെങ്കിലും എത്തിപ്പെട്ടത് അവിടെത്തന്നെ. മുറ്റത്ത്‌ താൻ എന്നും നനഞ്ഞു കുതിർന്ന തന്റെ വേദനകളെ ഇളം വെയിൽ നാളങ്ങളിൽ ഉണക്കാനിടുന്ന കുഞ്ഞു തൈമാവിന്റെ താഴതെ ചില്ല അപ്പോൾ കൊളുത്തിയ മിന്നലിൽ പൊട്ടി വീണിരിക്കുന്നു...!
.
അമ്മയാണ് ആ തൈമാവു അവിടെ തന്നെ നട്ടത് . അച്ഛന്റെ ചിതക്ക്‌ വെട്ടിയ കുഞ്ഞു തൈമാവിന്റെ ഓർമ്മയ്ക്ക്‌ . അന്നു വെട്ടിയ ആ മാവ് അച്ഛൻ തന്നെ വെച്ചുണ്ടാക്കിയതാണത്രേ . കാഴ്ചകൾ കാണാൻ മാത്രം പരിചയിച്ച അന്ന് തനിക്കതെല്ലാം കാണാക്കാഴ്ചകൾ മാത്രം . ഊഞ്ഞാലു കെട്ടി അടാറുള്ള ആ തൈമാവിന്റെ നഷ്ടം അച്ഛന്റെ ഓർമ്മകൾക്ക് മെലെയുമായിരുന്നില്ല അപ്പോൾ ...!
.
ആ കാഴ്ച്ചയുടെ വേദനയിൽ നിന്നും തിരിച്ചെതുമ്പോഴേക്കും അവൾ അകത്തേക്ക് ഒരു ചിര പരിചിതയെ പോലെ. ശരിക്കും അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിച്ചത് തന്നെ. വശ്യ മനോഹരിയായ അവൾ ചലിക്കുമ്പോൾ പുറത്തെ മഴ തുള്ളികൾ പോലും അവളുടെ താളത്തിന് കാതോർക്കും പോലെ . മിന്നലുകൾ അവൾക്ക് നിറം ചാർത്തും പോലെ . അവളിൽ എവിടെയാണ് ഒരു കാമുകീ ഭാവം. എത്ര തിരഞ്ഞിട്ടും അത് മാത്രം കണ്ടെത്താനായില്ല അപ്പോൾ ...!
.
മെല്ലെ തനിക്കു മുന്നിലൂടെ തന്നെ ശ്രദ്ധിക്കുന്നില്ല എന്നപോലെ അവൾ അകത്തേക്ക് അധികാരത്തോടെ കടന്നു പോകുന്നത് എങ്ങിനെയാണ് തനിക്ക് നിർവ്വികാരതയോടെ നോക്കി നില്ക്കാൻ സാധിച്ചത് . ഒരു നിഷേധിയുടെ മുഖത്തേക്കാൾ അപ്പോൾ അവൾ അണിഞ്ഞിരുന്നത്പ ഒരു സഹായിയുടെ ഭാവമായിരുന്നുവോ ... അതോ , തന്നെ കടന്നുപോകുമ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞു കണ്ടത് സഹതാപത്തിന്റെ ഒരു മങ്ങിയ പുഞ്ചിരിയായിരുന്നുവോ ...!
.
അകത്തളങ്ങൾ.... അമ്മയുടെ ഊർധശ്വാസത്തിന്റെ ഗന്ധത്തിനും ആ ഹൃദയത്തിൽ നിന്നും ഇറ്റു വീഴുന്ന ചോരയുടെ ചുവപ്പിനുമൊപ്പം ഓരോ മുക്കിലും മൂലയിലും ആളുകളുടെ കാൽപ്പെരുമാറ്റം കടന്നു ചെല്ലാത്ത ഓരോ കോണിലും തന്റെ മോഹങ്ങളും സ്വപ്നങ്ങളും താൻ അടുക്കി വെച്ചിരിക്കുകയായിരുന്നല്ലോ . ആരുമറിയാതെ ആരും കാണാതെ ഇത്രയും നാൾ . സ്വരുക്കൂട്ടി വെച്ചതെല്ലാം .... അവിടേയ്ക്ക് എങ്ങിനെയാണ് അവൾ കടന്നു ചെല്ലുക .. അവ അവളെ തിരിച്ചറിഞ്ഞാലോ . അല്ലെങ്കിൽ തിരിച്ചും ....!
.
അമ്മയുടെ രൂപമാണ് ആ വീടിനും അപ്പോൾ. തണുത്തുറഞ്ഞ് നിറം മങ്ങി ജീവൻ മടിക്കുത്തിൽ തിരുകിവെച്ച്‌ ഏന്തി ഏന്തി നടക്കുന്ന തന്റെ അമ്മയുടെ രൂപം. തനിക്കുവേണ്ടി മാത്രം ഇപ്പോഴും വീഴാതെ ഊണുകൊടുത്ത് നിർത്തിയ പോലെ . നഷ്ടബോധത്തിന്റെ കണ്ണീർ തുള്ളികൾക്കിപ്പുറം ഒരു പാഴ്ചെടിക്ക് വെറുതേ വെള്ളവും വളവും കൊടുക്കുന്നു എന്ന ബോധമില്ലാതെ എന്റെ അമ്മ ....!
.
പെട്ടെന്ന് അകത്തു നിന്നും അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ് ആശ്വസിപ്പിക്കും പോലെ ഒരു വിളിയൊച്ച അവന്റെ ഹൃദയത്തിലേക്ക് യാത്ര പറഞ്ഞെത്തവെ അവൾക്കു പുറകെ അകത്തേയ്ക്ക് ഓടിയെത്താൻ അവൻ നന്നേ പാടുപെട്ടു . പക്ഷെ അപ്പോഴേക്കും ഒരു മിന്നലിന്റെ കയ്യും പിടിച്ച് അവൾ അകത്തേയ്ക്ക്പോയ അതേ പോലെ അവനെ നോക്കാതെ അവനു മുന്പിലൂടെ പുറത്തേയ്ക്ക് ..ആ വെളിച്ചത്തിൽ അവൻ വ്യക്തമായും കണ്ടിരുന്നു അവൾക്കപ്പോൾ തന്റെ അമ്മയുടെ രൂപമായിരുന്നെന്ന് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

" ഇൻ " ബോക്സ്‌ ...!!!

" ഇൻ " ബോക്സ്‌ ...!!!
.
പ്രതീക്ഷകളുടെയും
നിരാശകളുടെയും
പ്രണയത്തിന്റെയും
വിരഹത്തിന്റെയും
കാമത്തിന്റെയും
രതിയുടെയും
പകയുടെയും
ചതിയുടെയും
മോഹതിന്റെയും
നൊമ്പരങ്ങളുടെയും
സൌഹൃദത്തിന്റെയും
കച്ചവടത്തിന്റെയും
ഏകാന്തതയുടെയും
ഭ്രാന്തിന്റെയും
ജൽപനങ്ങളുടെയും
സന്ദേശങ്ങൾ
മടിച്ച് , മരവിച്ച്
ജീവൻ കാത്തിരിക്കുന്ന
ശവപ്പെട്ടി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

എനിക്കും ഒരലമാര വേണം ...!!!

എനിക്കും ഒരലമാര വേണം ...!!! . ഓർമ്മകളില്ലെങ്കിലും ഓർമ്മിക്കാനില്ലെങ്കിലും സൂക്ഷിക്കാൻ എനിക്കും വേണം ഒരലമാര ....! . ചിത്രപ്പണികൾ ചെയ്...