Sunday, November 13, 2016

കാഴ്ചക്കുമേലെ ...!!!

കാഴ്ചക്കുമേലെ ...!!!
.
നനഞ്ഞ മുടിയിലെ വെള്ളത്തുള്ളികൾ കണ്ണിലേക്ക് കുടഞ്ഞിട്ട് അവൾ വിളിച്ചപ്പോഴാണ് അയാൾ ഉണർന്നെണീറ്റത്‌ . അവളുടെ ചൂടുള്ള പുതപ്പിനുള്ളിൽ അയാളിലേക്കുതന്നെ ഉൾവലിഞ്ഞുള്ള അതി തീക്ഷ്ണമായ അയാളുടെ ഉറക്കത്തിൽനിന്നും . അവളിലേക്കുതന്നെ നോക്കിയിരിക്കവെ അവൾ ഇന്നലത്തെതിനേക്കാൾ അപ്പോൾ സുന്ദരിയായിരിക്കുന്നു എന്നയാൾക്ക്‌ തോന്നി . കാലത്തെ കുളിരിൽ അവളുടെ ചൂടിലേക്കൂളിയിടാൻ അയാൾ പിന്നെയും കൊതിച്ചെങ്കിലും അയാൾക്കുനേരെ കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ പെട്ടെന്ന് അവളിലേയ്ക്കുതന്നെ ചിതറിയൊളിച്ചു ....!
.
എപ്പോഴാണ് അവളെ പരിചയപ്പെട്ടതെന്ന് അയാൾക്കോർമ്മയില്ല . അവളെ എന്ന് മാത്രമല്ല അതുപോലുള്ള പലരെയും . പരിചയപ്പെടുന്നവരിൽ ചിലർ അയാളുടെ ഹൃദയത്തിലേക്കെത്തിനോക്കുമ്പോൾ അയാൾ അവരെ ചുവപ്പു പരവതാനികൾ വിരിച്ച, പൂക്കൾകൊണ്ടലങ്കരിച്ച വഴികൾ ഒരുക്കി സ്വീകരിച്ചു . ഓരോരുത്തരും പക്ഷെ പലരും ചിലരുമായി അയാളിലേക്ക് ആഴ്ന്നിറങ്ങുന്നത് അയാൾ അറിഞ്ഞുകൊണ്ടുതന്നെ ആസ്വദിച്ചിരുന്നു . നിർലോഭമായ ഒരുന്മാദത്തോടെ . ആർക്കും വേദനയില്ലാതെ . ആർക്കും നീരസമില്ലാതെ ...!
.
പതിവുകൾ പലകുറി തെറ്റുമ്പോഴൊക്കെ അയാൾ വിർവ്വികാരതയോടെ അയാളെയും അവരെയും നോക്കി നിന്നു . തെറ്റിക്കാൻ മാത്രമായി അയാൾ ഉണ്ടാക്കുന്ന പതിവുകൾ പോലെ . പിന്നെ അയാളിലേക്കുള്ള വഴികൾ ഓരോരുത്തർക്കായി അയാൾ സ്വയം തുറന്നു കൊടുക്കുമ്പോഴും അവർക്കൊക്കെ വ്യത്യസ്ത വാതിലുകളും ജനലുകളും അയാൾ ഉണ്ടാക്കിവെച്ചു . ഓരോ വാതിലിനും ഓരോ ജനലുകൾക്കും പ്രത്യേകം പ്രത്യേകം അലങ്കാരങ്ങളോടെ . പ്രത്യേകം പ്രത്യേകം വിരിപ്പുകളും തിരശീലകളോടും കൂടി ....!
.
അവൾ മാത്രമെന്ന് അവൾക്കു തോന്നുന്നിടത്തുനിന്നും അയാൾ, അയാൾ മാത്രമെന്ന് അവൾക്കും തോന്നിപ്പിച്ചു . രൂപങ്ങൾ മാറുമ്പോഴും ഭാവങ്ങൾ മാറുമ്പോഴും കാലങ്ങൾ മാറുമ്പോഴും അയാൾ അയാൾ തന്നെയായിരിക്കാൻ അയാൾക്ക് കഴിയുന്നിടത്തു അയാൾ അവരെയും കൊണ്ടെത്തിച്ചു . ഓരോരുത്തരിലേക്കും ആഴ്ന്നിറങ്ങുമ്പോൾ അവരെ അവരുടെ ലഹരിയുടെ മൂർദ്ധന്യതയിലെത്തിക്കാൻ അയാൾ ശ്രദ്ധിച്ചു . പരിചരണത്തിൽ അയാളുടെ വാത്സല്യം നിറച്ചുവെക്കാനും ....!
.
പിന്നെയും അയാളിലേക്കാഴ്ന്നിറങ്ങാൻ അവൾ തിടുക്കപ്പെട്ടപ്പോൾ അയാൾ തന്റെ പുതപ്പുകൾ മാറ്റി . വിരിപ്പുകളും . അവളിലേക്കുള്ള യാത്രയിൽ അയാളെ മാത്രം കാത്തിരിക്കുന്ന ഒരു ഒറ്റരൂപം അപ്പോൾ തെളിയുന്നത് അയാൾ വേദനയോടെ കണ്ടു . വഴിക്കണ്ണുമായി കാത്തിരിക്കുന്ന ആ നിറരൂപത്തിന് പ്രതീക്ഷയുടെ , സ്നേഹത്തിന്റെ മുഖവുമുണ്ടായിരുന്നു . നീയൊരു പൂവാണെങ്കിൽ അതൊരു വസന്തമാണെന്നും നന്മയുടെ പൂങ്കാവനമാണെന്നും അയാൾ സ്വയം ഏറ്റു പറഞ്ഞു . എന്നിട്ടും .....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, November 8, 2016

മാ ... തത്വം ...!!!

മാ ... തത്വം ...!!!
.
ചുടു ചോര ഇറ്റു വീഴുന്ന ചുണ്ടുകൾ കൊണ്ടൊരു വാത്സല്യ ചുംബനം മൂർദ്ധാവിൽ . മാറിൽ മാലയായി കോർത്ത തലയോട്ടികളിലെ പച്ച മാംസം തുടച്ചുമാറ്റി വായിൽ തിരുകി വച്ച് തരുന്ന മുല ഞെട്ടുകളിലൂടെ ചുരത്തുന്ന സ്നേഹാമൃതം ആവോളം . വാളും ചിലമ്പും പിടിച്ചു തഴമ്പിച്ച കൈകളിൽ സൂക്ഷിച്ചു വെച്ച ചൂണ്ടു വിരലിലൂടെ പകരുന്ന സുരക്ഷിതത്വം . പകലുകളിലും രാത്രികളിലും കെടാതെ കത്തുന്ന നക്ഷത്രക്കണ്ണുകളിലെ കനലിന്റെ വെട്ടം കൂട്ടിനും വഴികാട്ടിയും ... മാതൃത്വത്തിന് മാത്രം എന്തെ, പിന്നെയും മുഖങ്ങൾ ഇല്ലാതെ പോകുന്നു ...!
.
കാവേരി എന്റെ മോളുടെ പൂച്ചക്കുട്ടിയാണ് . വഴിയരുകിൽ ചത്തുകിടക്കുന്ന അമ്മക്കരുകിൽ കരഞ്ഞു തളർന്നു കിടന്നിരുന്ന ആ പൂച്ചക്കുട്ടിയെ ഒരു യാത്രക്കിടയിലാണ് അവൾക്ക് കിട്ടിയത്. യമുനയാകട്ടെ അവളുടെ പട്ടിക്കുട്ടിയും . അതുപോലെ , കാലൊടിഞ്ഞുതൂങ്ങിയ നിലയിൽ മറ്റൊരു യാത്രക്കിടയിലാണ് അവൾക്കതിനെയും കിട്ടിയത് . എന്റെ ഭാര്യക്ക് പൂച്ചയേയും പട്ടിയെയുമൊക്കെ ഭയങ്കര പേടിയാണെങ്കിലും ഞങ്ങളവയെ സ്നേഹത്തോടെ വളർത്തുകതന്നെ ചെയ്തിരുന്നു . പ്രത്യേക പരിഗണനയൊന്നും കൊടുക്കാറില്ലെങ്കിലും അവ ഞങ്ങളോടൊപ്പം ഞങ്ങളുടെ കൊച്ചുവീട്ടിലെ അംഗങ്ങളെപ്പോലെത്തന്നെ കഴിഞ്ഞു പൊന്നു ....!
.
രൗദ്രമായ ഭാവങ്ങളൊക്കെയും സ്നേഹത്തെ മറച്ചുപിടിക്കാനുള്ള ഒരു മുഖപടം മാത്രമാക്കുകയാണെന്ന് ആരും പറഞ്ഞില്ല. പറയാതെയും ആരും അറിഞ്ഞുമില്ല . എന്നിട്ടും കത്തുന്ന കണ്ണിൽ , . എരിയുന്ന നെഞ്ചിൽ , വേവുന്ന മനസ്സിൽ എല്ലായിടത്തും തിരയുകതന്നെയായിരുന്നു . തന്നെ തന്നിലേക്കടുപ്പിക്കുന്ന തന്നെ തേടി രാക്ഷസീയമെന്നത് ഒരു ഭാവനമാത്രമാണ് കാടത്ത മെന്നത് ഒരു പ്രയോഗ പദവും . കത്തുന്ന ചൂടിൽ മഴയല്ല , കുളിരും തണുപ്പുമാണ് വേണ്ടതെന്ന് ആര് ആരെ അനുഭവിപ്പിക്കാൻ ...!
.
സ്‌കൂളിൽ നിന്നും വരുമ്പോഴാണ് എന്റെ മകൾ രണ്ട് ആൽമരത്തൈകൾ കൊണ്ടുവന്നത് . വന്നപാടെ അവളത് മുറ്റത്തെ മൂലകളിൽ കുഴിച്ചിട്ട് വെള്ളമൊഴിച്ചു . ആരുമത് നശിപ്പിക്കാതെ നോക്കണമെന്ന് ഏട്ടനെ നിഷ്കർഷിച്ചു . അടുക്കളയിലെ അവശിഷ്ട്ടങ്ങൾ അതിന്റെ കടയ്ക്കലേക്ക് ഇടണമെന്ന് അമ്മയോട് ശട്ടവും കെട്ടി . കൃത്യമായൊന്നുമില്ലെങ്കിലും അവളത്തിന് വെള്ളമൊഴിച്ചു, വളവുമിട്ടു . പിന്നെ, സാവധാനത്തിൽ ആ തൈകൾക്ക് ഇലകളും ശാഖകളും വളരുന്നത് സംതൃപ്തിയോടെ നോക്കിനിന്നു ...!
.
പാലാഴികൾ കടഞ്ഞിട്ടും പലരുവികൾ തുഴഞ്ഞിട്ടും പാൽക്കടൽ നീന്തിയിട്ടും ദേവതകൾക്കു മാത്രം പിന്നെയും അമൃത് കിട്ടിയില്ല . അമൃതായ അമൃതെല്ലാം അമ്മയുടെ ഗർഭപാത്രത്തിലാണെന്ന് പാവം അവർ അറിഞ്ഞിരുന്നില്ലല്ലോ അപ്പോഴും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, November 1, 2016

ബന്ദ്‌ ( ക്ഷമിക്കണം - ഹർത്താൽ )

ബന്ദ്‌ ( ക്ഷമിക്കണം - ഹർത്താൽ )
.
കാട് എന്ന് പേരുണ്ടായിരുന്ന ചില സ്ഥലങ്ങളിലെ കുറച്ചു മരങ്ങൾ കൂടി. പിന്നെ അവിടവിനെയുള്ള കുന്നും മലകളും എന്ന് വിളിക്കാറുണ്ടായിരുന്ന ചില മൺകൂനകൾ . പുഴകൾ എന്ന് പേരുണ്ടായിരുന്ന അപൂർവ്വം നീർച്ചാലുകൾ , പിന്നെ നെൽപ്പാടങ്ങൾ എന്ന് പേരുണ്ടായിരുന്ന കുറച്ചു തരിശു ഭൂമിയും . നശിപ്പിക്കാൻ ഇനി വളരെ കുറച്ചു മാത്രം . ഏറിയാൽ ഒരൊന്നൊന്നര കൊല്ലം കൊണ്ട് ഇതുകൂടി എനിക്ക് ശരിയാക്കാവുന്നതേയുള്ളൂ . എന്നിട്ടും ഏറെ മനോഹരിയാണ് കേരളം എന്ന എന്റെ ഈ മാതൃഭൂമിയിന്ന് എന്നതിൽ എനിക്കഭിമാനം തോന്നുന്നു. എന്നെക്കൊണ്ട് ഇത്രയൊക്കെ ആക്കി തീർക്കാൻ പറ്റിയല്ലോ ....!
.
ഇനി ഒരു ബന്ദുകൂടി അല്ല ഹർത്താൽ കൂടി പ്രഖ്യാപിച്ചാലോ എന്നാണ് ഇന്നത്തെ ചിന്ത . പണ്ട് ... പണ്ടെന്നു പറഞ്ഞാൽ AB ( ആഫ്റ്റർ മൈ ബർത് ) ഒരു ഇരുപതു വർഷങ്ങൾക്കു മുൻപുവരെ നിറഞ്ഞു പെയ്തിരുന്ന മഴയിൽ നിറഞ്ഞുറങ്ങിയ പകലോർമ്മകളുണ്ട് എനിക്കും . തോരാത്ത മഴ രാത്രികളുടെ കുളിരോർമ്മകളും . പക്ഷെ ഇപ്രാവശ്യം മഴയുടെ ദേവനായ ഇന്ദ്രൻ ആവശ്യത്തിന് മഴ തരാതെ നമ്മളെയങ്ങു ചതിച്ചു കളഞ്ഞു . ചോദിക്കാൻ ചെന്നപ്പോൾ വജ്രായുധം കാട്ടി ഭീഷണിപ്പെടുത്തി ഒരു പറച്ചിലും . നീ നിന്റെ പ്രകൃതിയെ നശിപ്പിച്ചതിനുള്ള ശിക്ഷയാണെന്ന് . ......!
.
അല്ലെങ്കിൽ തന്നെ ഇതൊക്കെ നോക്കാൻ എനിക്കെവിടാ നേരം . എന്റെ തിരക്കുകൾ വല്ലതും മൂപ്പരുണ്ടോ അറിയുന്നു . അഴിമതി പണം ഒളിപ്പിക്കാനും പള്ളികളിലും അമ്പലങ്ങളിലും മത സൗഹാർദ്ദ പ്രാർത്ഥന നടത്താനും രാജ്യസ്നേഹവും പ്രകൃതി സ്നേഹവും പ്രസംഗിക്കാനും കടിച്ചുകൊല്ലാൻ വരുന്ന തെരുവുനായ്ക്കളെ സ്നേഹത്തോടെ സംരക്ഷിക്കാനും മറ്റുള്ളവരുടെ കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കാനും കുഞ്ഞു കുട്ടികളെയും വീട്ടമ്മമാരെയും ലഹരി പിടിപ്പിക്കാനും ഒക്കെതന്നെ എനിക്കിവിടെ നേരം തികയുന്നില്ലെന്ന് മൂപ്പരുണ്ടോ അറിയുന്നു ....!
.
പിന്നെ, കാടും മലയും ഉണ്ടായിട്ടാണോ മരുഭൂമിയിലും കടലിലും മഴപെയ്യുന്നത് . അപ്പോൾ പിന്നെ എന്റെ ഈ കൊച്ചു കേരളത്തിൽ എന്തുകൊണ്ട് മഴപെയ്യുന്നില്ല എന്ന എന്റെ ചോദ്യത്തിന് മൂപ്പർ ധിക്കാരം പൂർവ്വം മൗനം ദീക്ഷിച്ചു. ആദർശ ധീരനും രാജ്യസ്നേഹിയും മത സ്നേഹിയും വിപ്ലവ നായകനും പരിസ്ഥിതി പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനും ഒക്കെ ആയ എന്നോടാണോ മൂപ്പരുടെ കളി . എന്റെ കാട് , എന്റെ പുഴ , എന്റെ കുളം എന്റെ വയൽ ... ഞാൻ എനിക്കിഷ്ടമുള്ളതുപോലെ ഉപയോഗിക്കും , എനിക്കിഷ്ടമുള്ളതുപോലെ നശിപ്പിക്കും... മൂപ്പരാരാ ചോദിക്കാൻ . അതുകൊണ്ട് മൂപ്പർക്കെതിരെ ഞാൻ ഉടനെയൊരു ബന്ദ് ( ഹർത്താൽ ) അങ്ങ് പ്രഖ്യാപിക്കാൻ തീരുമാനിച്ചു. വിജയിക്കട്ടെ വിജയിക്കട്ടെ . ഞാൻ മാത്രം വിജയിക്കട്ടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...