Tuesday, March 31, 2020

ചില കൊറോണക്കാല കാഴ്ചകൾ ...!!!

ചില കൊറോണക്കാല കാഴ്ചകൾ ...!!!
.
തൊട്ടടുത്ത റൂമിൽ വയ്യാതെ കിടക്കുന്ന അച്ഛനെയും അമ്മയെയും ഒന്നാശുപത്രിയിൽ ഒരോട്ടോ വിളിച്ചുപോലും പറഞ്ഞയക്കാത്തവർക്ക് , ഇപ്പോൾ അമ്മായീടെ ഭർത്താവിന്റെ അച്ഛന്റെ പെങ്ങളുടെ മകന്റെ ഭാര്യയുടെ അമ്മയുടെ അനിയത്തിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ യാത്രാ പെർമിഷൻ വേണം ...!
.
മകനെ സ്‌കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്ത ശേഷം അങ്ങോട്ട് തിരിഞ്ഞു പോലും നോക്കാതെ , മക്കളിപ്പോ ഏതു ക്ലാസ്സിലാണ് പഠിക്കുന്നതെന്നു പോലും അറിയാത്ത അച്ഛനും അമ്മയ്ക്കും മക്കൾക്ക് ക്ലാസ്സ്‌ നഷ്ടപ്പെടുന്നതോർത്ത് ഉറക്കമേയില്ല ...!
.
ബന്ധുകൂടിയായ അയൽക്കാരൻ പട്ടിണികിടന്നു മരിച്ചിട്ടും തിരിഞ്ഞു നോക്കാൻ കൂട്ടാക്കാത്ത സാമൂഹ്യ പ്രവര്ത്തകന് തെരുവുപട്ടികൾ പട്ടിണി കിടക്കുന്നതോർത്ത് അവർക്ക് ഭക്ഷണം കൊടുക്കാൻ അങ്ങോട്ടൊന്നു പോകാൻ കഴിയാത്തതിനാൽ ചോറിറങ്ങുന്നില്ല ...!
.
മാടിനെപ്പോലെ പണിയെടുപ്പിച്ചിട്ടും സ്വന്തം തൊഴിലാളികൾക്ക് അവർക്കർഹതപ്പെട്ട ശമ്പളമോ മറ്റാനുകൂല്യങ്ങളോ കൊടുക്കാൻ തയ്യാറല്ലാത്ത കമ്പനി മുതലാളിക്ക് , സർക്കാർ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്ന അഥിതി തൊഴിലാളികളുടെ തൊഴിലില്ലായ്മയോർത്ത് ഉറക്കം വരുന്നില്ല . ...!
..
സ്വന്തം വീട്ടിൽ പോലും ഒരു മരം നട്ടുവളർത്തി പ്രകൃതി സംരക്ഷണം ഉറപ്പുവരുത്താത്ത സോഷ്യൽമീഡിയാജീവിയായ പരിസ്ഥിതി പ്രവര്ത്തകന് രണ്ടുമാസം കഴിഞ്ഞാൽ അയൽസംസ്ഥാനത്തെ കാടുകളിൽ കാട്ടുതീയുണ്ടാകുമെന്നോർത്ത് മനസ്സുപിടക്കുന്നു ...!
.
ജന്മദിനത്തിലോ പെരുന്നാളിനോ പോലും പള്ളിയിലോ അമ്പലത്തിലോ പോകാത്ത , വീഴാൻ പോകുമ്പോൾ പോലും ദൈവമേ എന്നൊന്ന് വിളിക്കാൻ തോന്നാത്ത ഭക്തന് ആരാധനാലയത്തിൽ ഭജനമിരിക്കാൻ കഴിയാത്തതിൽ മനഃപ്രയാസത്താൽ ഇരിക്കപ്പൊറുതിയില്ല ...!
.
ആഴ്ചയിൽ നാലുദിവസവും ലീവെടുത്തോ മുങ്ങിയോ കറങ്ങിനടക്കുന്ന സർക്കാരുദ്യേഗസ്ഥന് ദിവസേന ആപ്പീസിൽപോയി ജോലിചെയ്യാൻ കഴിയാത്തതിനാൽ ആത്മസംഘർഷത്താൽ ഉണ്ണാനും ഉറങ്ങാനും വയ്യ ...!
.
ഈ കൊറോണക്കാലത്ത് ഇനിയെന്തൊക്കെ ...?
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...