Sunday, February 28, 2016

ഓറഞ്ചുകൾ വിൽക്കുന്ന പെൺകുട്ടി .

ഓറഞ്ചുകൾ വിൽക്കുന്ന പെൺകുട്ടി .
.
അസ്ഥിപഞ്ചരങ്ങൾ മാത്രം ശേഷിക്കുന്ന തകർന്നടിഞ്ഞ ആ മഹാനഗരത്തിന് മുൻപേയുള്ള കുഞ്ഞു നാൽക്കവലയുടെ കണ്ണിൽ വളവുതിരിയുന്നിടതുതന്നെ ഇരിക്കുന്നതുകൊണ്ട്‌ മാത്രമല്ല അവളെന്റെ കണ്ണുകൾക്ക്‌ അമൃതായത് . കീറിപ്പറിഞ്ഞതെങ്കിലും ചാരുതയോടെ വസ്ത്രം ധരിച്ച് ഉറങ്ങുന്ന അനിയത്തിയെയും ഹൃദയത്തോട് അടക്കിപ്പിടിച്ച് തനിക്കരികരികിലെ പഴകിയ കുട്ടയിലെ വിൽപ്പനയ്ക്കുള്ള മധുരമുള്ള ഓറഞ്ചുകൾ ഒരു കുഞ്ഞിനെയെന്നോണം സംരക്ഷിച്ച് വെക്കുന്ന അവളുടെ വാത്സല്ല്യം കണ്ടിട്ടാണ് . തന്റെ കീറിപ്പഴകിയൊരു പാവാടയിൽ പൊതിഞ്ഞ് സ്നേഹത്തോടെ ഓരോ മധുര നാരങ്ങയും തന്റെ അനിയത്തിയെ എന്നപോലെ അവൾ സൂക്ഷിച്ചു വെക്കുന്നത് എത്ര ചാരുതയോടെയാണ് നോക്കിനിൽക്കാനാവുക.
.
ഒരു ആരോഗ്യ സംഘടനയ്ക്ക് വേണ്ടിയുള്ള ചലചിത്ര നിർമ്മിതിയുമായി ബന്ധപ്പെട്ട് യുദ്ധത്തിൽ തകർന്ന ആ നഗരത്തിലേക്ക് പുറപ്പെടുമ്പോൾ ഭയമായിരുന്നു ആദ്യം .. ഭയം എന്നത് മരണത്തോട് മാത്രമാകുന്നത് ഭീരുത്വം മുന്നിൽനിൽക്കുമ്പോൾ മാത്രമെന്നത് സത്യം . മരണത്തേക്കാൾ ഭീകരതയോടെ ജീവിക്കുന്ന രക്തസാക്ഷികളുടെ ദയനീയതയാണ് ആയുധങ്ങളേക്കാൾ എന്നെ യഥാർത്ഥത്തിൽ പേടിപ്പിച്ചിരുന്നത് . ശവങ്ങൾ പോലും ഭക്ഷണമാക്കേണ്ട ഗതിക്കെട്ട ജീവനുകളെ കാണേണ്ടി വരുന്നത് തോക്കുമായി കൊല്ലാൻ വരുന്ന ഒരു കലാപകാരിയുടെ രൂപത്തേക്കാൾ ഭീതിതമാണെന്ന് എങ്ങിനെ പറയാതിരിക്കും.
.
നഗരത്തിലേക്ക് കടക്കും മുൻപ് അതിന്റെ ഭൂപടം നോക്കി തയ്യാറെടുപ്പുകൾ നടത്താനാണ് ഞങ്ങൾ അവിടെ വാഹനം നിർത്തിയത് . ഞങ്ങൾക്ക് നേരെ മുന്നിൽ കുരച്ചുദൂരെയായി ഇരിക്കുന്ന അവൾ എന്റെ കണ്ണിൽപെട്ടത്‌ കൃത്യതയോടെയും . പെട്ടെന്ന് കണ്ണിലുടക്കുന്ന ആ കാഴ്ച നോക്കി , നോക്കിനിൽക്കെ , അവളിൽ എനിക്കെന്റെ മുത്തശ്ശിയെയാണ് പെട്ടെന്ന് തന്നെ ഓർമ്മ വന്നത് . സ്നേഹവും ദയയും വാത്സല്യവും എത്ര മധുരമായാണ് അവളും എന്റെ മുത്തശ്ശിയെപോലെ കരുതിവെക്കുന്നതെന്ന് ഞാൻ ആശ്ചര്യത്തോടെ അനുഭവിച്ചറിഞ്ഞു ..
.
ഇടയ്ക്ക് ഉണർന്ന അവളുടെ അനിയത്തിക്കുട്ടി വിശക്കുന്നെന്ന് പറഞ്ഞത് കൊണ്ടാകാം, അവൾ കുട്ടിയെ തന്റെ മാറിലെ വസ്ത്രമെടുത്ത്‌ താഴെ വിരിച്ച് അതിൽ കരുതലോടെയിരുത്തി കുട്ടയിൽ നിന്നും ഏറ്റവും നല്ല മധുര നാരങ്ങതന്നെ തിരഞ്ഞെടുത്ത് അല്ലികൾ അടർത്തിയെടുത്ത്‌ നാരുകൾ കളഞ്ഞ് ഓരോന്നായി വായിൽകൊടുത്തുതുടങ്ങിയപ്പോൾ എന്റെയുള്ളിലെ അച്ഛൻ നൊമ്പരപ്പെടാൻ തുടങ്ങി . കുഞ്ഞ് ആ നാരങ്ങയല്ലിയുടെ നീരോക്കെകുടിച്ച് ബാക്കിയാക്കുന്ന ചണ്ടി കളയാതെ അവൾ സ്വയം കഴിക്കുന്നത് കൂടി കണ്ടപ്പോൾ ഞാൻ അവളെ മനസ്സുകൊണ്ട് സാഷ്ടാംഗം നമിച്ചു .
.
പെട്ടെന്നുതന്നെ ഞാൻ എന്റെ കയ്യിൽ കരുതിയിരുന്ന ഭക്ഷണവും അവർക്ക് ഉപയോഗപ്പെടാവുന്ന എന്റെ ചില വസ്ത്രങ്ങളും പിന്നെ ഉണ്ടായിരുന്ന പൈസയും എടുത്ത് അവൾക്കരികെ ചെന്ന് അതെല്ലാം ബഹുമാനത്തോടെ അവൾക്കുനൽകുമ്പോൾ അവളും എനിക്കുമുന്നിൽ എഴുന്നേറ്റുനിന്നു , ബഹുമാനത്തോടെ. എന്നിട്ട് വസ്ത്രങ്ങളും ഭക്ഷണവും മാത്രം എടുത്ത് അതിലെ പണം മുഴുവനായും തിരിച്ചുതന്നത് എന്നെ ശരിക്കും സ്ത്ബ്ധനാക്കി .. യുദ്ധത്തിൽ ഉറ്റവരും ഉടയവരുമടക്കം എല്ലാം നഷ്ടപ്പെട്ട തങ്ങൾക്ക് പണത്തേക്കാൾ ഇപ്പോൾ വേണ്ടത് കരുതലും തണലും സ്നേഹവും ഭക്ഷണവുമാണ് എന്ന് അവൾ പറയാതെ പറഞ്ഞപ്പോൾ എനിക്ക് നിസ്സഹായനായി നോക്കിനില്ക്കാനെ കഴിയുമായിരുന്നുള്ളൂ .
.
സുരേഷ്കുമാർ പുഞ്ചയിൽ

എനിക്കും ഒരലമാര വേണം ...!!!

എനിക്കും ഒരലമാര വേണം ...!!! . ഓർമ്മകളില്ലെങ്കിലും ഓർമ്മിക്കാനില്ലെങ്കിലും സൂക്ഷിക്കാൻ എനിക്കും വേണം ഒരലമാര ....! . ചിത്രപ്പണികൾ ചെയ്...