Thursday, January 26, 2023

പ്രണയിനീ നീ ...!!!

പ്രണയിനീ നീ ...!!!
.
നീ

എന്റേതുമാത്രമാണെന്ന്
ഞാൻ കരുതുന്നതിനേക്കാൾ
ഞാൻ
നിന്റേതുമാത്രമാണെന്ന്
ഞാൻ തന്നെ
നിസ്ചയിച്ചുറപ്പിച്ചാൽ
എനിക്ക് നിന്നെമാത്രം
എപ്പോഴും പ്രണയിക്കാമല്ലോ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, January 16, 2023

ദൈവത്തിന്റെ അവതാരങ്ങൾ ....!!!

ദൈവത്തിന്റെ അവതാരങ്ങൾ ....!!!
.
ഇരുട്ടുമൂടി ആളൊഴിഞ്ഞ് വിജനവിശാലമായ പറമ്പിലെ പരദേവതാ ക്ഷേത്രത്തിൽ തനിയെ വിളക്കുവെക്കാൻ പോകുമ്പോൾ അച്ഛമ്മയാണ് പറഞ്ഞുതരാറുള്ളത് അവിടെ ദൈവമുണ്ടാവും അതുകൊണ്ട് ഒട്ടും പേടിക്കേണ്ടെന്ന് . രാത്രിയുടെ ഇരുട്ടിൽ ആ പറമ്പിലെ ക്ഷേത്ര മുറ്റത്ത് ഭഗവതിയെ നരച്ചുനീണ്ട മുടിയൊക്കെ അഴിച്ചിട്ട് പട്ടുചുറ്റി ഒരമ്മൂമ്മയുടെ രൂപത്തിൽ പലരും കണ്ടിട്ടുണ്ടെന്ന പൊതുസംസാരത്തിന്റെ പിൻബലവും കൂടിയാവുമ്പോൾ ദൈവം കൂടെത്തന്നെയുണ്ടെന്ന തോന്നലും . പിന്നെ, നമ്മൾ ആഗ്രഹത്തിക്കുന്ന രൂപത്തിലാണ് ദൈവത്തെ നമ്മൾ കാണുകയെന്ന അച്ഛമ്മയുടെ പ്രാർത്ഥനയും ....!
.
യൗവ്വനം ബാല്യത്തിന്റെ കെട്ടുകഥകൾക്കുമേൽ യുക്തിയുടെ ശക്തിതെളിയിക്കാൻ തുടങ്ങിയപ്പോൾ കർമ്മമാണ്‌ പ്രധാനമെന്നായി . ചിന്തകളിൽ തീപ്പൊരികൾ പായാനും കർമ്മങ്ങളിൽ വിശ്വാസങ്ങളേക്കാൾ ശാസ്ത്രം മുന്നിട്ടു നിൽക്കാനും തുടങ്ങിയപ്പോൾ ദൈവങ്ങൾ അച്ഛമ്മയുടെ കഥാപാത്രങ്ങൾ മാത്രമായി . . ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങൾ മാത്രമായി . വിശ്വാസമെന്നത് കർമ്മങ്ങളും കർമ്മഫലങ്ങളും മാത്രവും . ...!
.
എന്തൊക്കെയോ ചെയ്യണമെന്ന ആവേശത്തിൽ എങ്ങോട്ടെന്നില്ലാതെ ഓടിനടക്കുന്നതിനിടയിൽ യാത്രകൾ യാത്രകൾ മാത്രം . അതിനിടയിൽ ശരീരം മനസ്സിനൊപ്പം ഓടിയെത്താൻ മടിപിടിച്ചിട്ടും നിര്ബന്ധിച്ചതുകൊണ്ടാവാം പരിഭവിച്ച് മാറിയിരിക്കാൻ ശ്രമിച്ചപ്പോഴേക്കും ആശുപത്രിക്കിടക്കയിലേക്ക് രക്തവും മരുന്നും കൈത്താങ്ങുമായി കൂടെയെത്തിയ ആ അപരിചിതനിൽ ഞാൻ ആദ്യം എന്റെ അച്ഛമ്മയെ ഓർമ്മിച്ചത് അയാളിൽ എന്റെ ദൈവത്തെ കണ്ടതുകൊണ്ടാണോ എന്ന് എനിക്കപ്പോൾ അറിയില്ലായിരുന്നു ....!
.
പിന്നെയുള്ള യാത്രകളിലൊക്കെ പണ്ടൊരാൾ പറയും പോലെ, പൂക്കളും പരവതാനികളും ഉണ്ടായിരുന്നപ്പോൾ അതിനേക്കാളേറെ കല്ലുകളും മുള്ളുകളും ഉണ്ടായിരുന്നു . എന്നിട്ടും യാത്രകൾ യാത്രകൾ തന്നെയായി, ജീവിതത്തിലുടനീളവും ....!
.
കണ്ണെത്താത്ത, കാതെത്താത്ത വരണ്ടുണങ്ങിയ മരുഭൂമിയുടെ അങ്ങേത്തലയ്ക്കൽ വഴിതെറ്റിയലയുമ്പോൾ ആകാശത്തിന്റെ അതിരുകളിൽ നിന്നെന്ന പോലെ കടന്നെത്തിയ ആ അന്യ രാജ്യക്കാരൻ വഴിയും പിന്നെ യാത്രക്കുള്ള വഴിയും പറഞ്ഞുതന്ന് കൂടെ കൂട്ടി തന്റെ കുടിലിൽ കൊണ്ടുപോയി വയറുനിറയെ ഭക്ഷണവും തന്ന് യാത്രയാക്കുമ്പോൾ അപരിചിതനായ ആ അന്ന്യരാജ്യക്കാരനിൽ ഞാൻ ആദ്യം കണ്ടതും എന്റെ മാത്രം ദൈവത്തെത്തന്നെയായിരുന്നു ,,,!
.
വിദേശ രാജ്യത്തെ എയർപോർട്ടിൽ ഉടുവസ്ത്രമൊഴിച്ച് സകലതും നഷ്ട്ടപ്പെട്ട് നിർവികാരനായി ഒന്നുകരയാൻപോലുമാകാതെ നിൽക്കുമ്പോൾ പുറകിലൂടെ കടന്നെത്തി കൂടെ കൊണ്ടുപോയി ഉദ്യോഗസ്ഥരെ സഹായത്തിനേൽപ്പിച്ച് വേണ്ടതെല്ലാം സ്വയം ചെയ്തുതന്ന് തന്നെ സുരക്ഷിതമായി തിരിച്ചയക്കാൻ മുന്നിൽ നിന്ന ആ പഴയ പരിചയക്കാരനിൽ കണ്ടതും അച്ഛമ്മ പഠിപ്പിച്ചു തന്ന എന്റെ ദൈവത്തെ തന്നെ . ...!
.
ഭാര്യയും കുട്ടികളുമായി കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരിച്ചു വരുമ്പോൾ കയ്യിൽ പൈസ തികയാതെ എടുത്ത സാധനങ്ങളിൽ പലതും ആരുംകാണാതെ തിരിച്ചുവെക്കുന്നത് കണ്ട് എനിക്ക് തിരിച്ചു താരാനുള്ളതെന്ന ഭാവേന കടം തന്നു സഹായിച്ച് കൂടെ നിന്ന സുഹൃത്തിനും ദൈവത്തിന്റെ മുഖമായിരുന്നു . മാസങ്ങളോളം ശമ്പളം വൈകുമ്പോൾ കയ്യിൽ പൈസയുണ്ടാവില്ലെന്നറിഞ്ഞ് പറയാതെതന്നെ എന്റെ മേശവലിപ്പിൽ കയ്യിലുള്ള പൈസ മിണ്ടാതെ വെച്ച്പോകുന്ന എന്റെ സഹപ്രവർത്തകനിലും കണ്ടത് ദൈവത്തിന്റെ മുഖം തന്നെ....!
.
വേദനയുടെ നെരിപ്പോടിൽ, നിരാശയുടെ പടുകുഴിയിൽ, ജീവിതം താളം തെറ്റുന്ന നിമിഷത്തിൽ കൂടും കൂട്ടുമായി കൂടെനിന്ന അടുത്ത സുഹൃത്തുക്കളിൽ മാത്രമല്ല , അടുത്തെത്താനാവില്ലെങ്കിലും മനസ്സുകൊണ്ട് കൂടെ നിൽക്കാറുള്ള ഹൃദയ ബന്ധങ്ങളിലും കണ്ടതൊക്കെയും എന്റെ ദൈവത്തിന്റെ മുഖം തന്നെയായിരുന്നു...!
.
രവിവർമ്മ ചിത്രങ്ങളേക്കാൾ ഈ മുഖങ്ങൾക്കെല്ലാം ഒരു ഹൃദയമുണ്ടെന്നും ജീവന്റെ തുടിപ്പുണ്ടെന്നും മനസ്സിലാക്കിയപ്പോൾ ദൈവം എനിക്കും അന്യനല്ലാതാകുന്നു. ജീവനോടെ, ജീവിതത്തോട് പ്രത്യക്ഷത്തിൽ തന്നെയും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Sunday, January 15, 2023

കണ്ണേ , മടങ്ങാം ...!!!

കണ്ണേ , മടങ്ങാം ...!!!
.
മടങ്ങാമെന്നോ
അതോ .....
തുടങ്ങാമെന്നോ ...!!!
.
എങ്ങോട്ട് ..??
എന്നിലേക്കോ , നിന്നിലേക്കോ ,
അതോ നമ്മളിലേക്കോ ..?
.
എന്നിലേക്കും നിന്നിലേക്കുമല്ല
നമ്മളിലേക്കും അവരിലേക്കുമല്ല ...!
.
പിന്നെ !?
.
എന്നിൽനിന്നും തുടങ്ങി
നിന്നിലൂടെ അവരിലേക്കും
പിന്നെ ,
നമ്മളിലേക്കും ...!
.
എങ്കിൽ ....
.
അതെ, തുടങ്ങാം ...
.
യാത്രയല്ലേ , പാഥേയം ...?
.
മനസ്സിലുണ്ട് , എല്ലാ കരുത്തോടെയും ...
അതുമതിയാവില്ലേ ...?
.
തീർച്ചയായും ....
.
എങ്കിലാ വിളക്കൊന്നു കൊളുത്തു
പ്രകാശം പരക്കട്ടെ ,

എല്ലാ തുടക്കങ്ങളുമെന്നപോലെ
ഒടുക്കവും
ശുഭകരവുമാകട്ടെ ..... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Wednesday, January 4, 2023

വിധി ...!!!

വിധി ...!!!
.
വലിയ കാട്
നിറഞ്ഞ പ്രജകൾ
പ്രതാപത്തോടെ രാജാവ് ...!
.
കൊടുങ്കാറ്റും പേമാരിയും .....
ആറുനിറഞ്ഞ് , കാട് നിറഞ്ഞ് ,
ഗുഹകളും മരങ്ങളും മൂടി പ്രളയ ജലം ...!
.
ജലത്താൽ അപഹരിക്കപ്പെട്ട്
കുടുംബവും കൂട്ടും ..!
.
പ്രാണൻ, തന്റെ രക്ഷതേടി ഓടിക്കയറ്റിയത് മാമരക്കൊമ്പിൽ
മരക്കൊമ്പിന് രാജാവിനെ താങ്ങാനുള്ള ശേഷിയില്ലാതെയോ
രാജാവിന് മരക്കൊമ്പിൽ കയറുള്ള യോഗ്യതയില്ലാതെയോ ?
മരക്കൊമ്പൊടിഞ്ഞ് രാജാവ് താഴെ ...!
.
മഴതോരാതെ , വെള്ളം കുറയാതെ ...!
.
ഒടുവിൽ
കരിമ്പാറക്കെട്ടിനു മുകളിലെ തുറന്നു വിശാലമായ രാജസിംഹാസനം
ആരെയും പേടിക്കാതെ ആകാശത്തിനു തൊട്ടു താഴെ ....!
.
കുത്തിനോവിക്കുന്ന തണുപ്പിൽ
കോരിച്ചൊരിയുന്ന മഴയിൽ
കൂടും കൂട്ടും കുടുംബവും നഷ്ടപ്പെട്ടതിന്റെ തീവ്രതയിൽ ...!
.
എന്നിട്ടും ഉയർത്തിതന്നെ വെക്കാനാഞ്ഞ തലയിൽത്തന്നെ
ആദ്യത്തെ വെള്ളിടിയും ,
ജീവനെത്തന്നെ കരിച്ചുണക്കിക്കൊണ്ട് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

കണ്ണുകളെ , നിങ്ങളുടെ കാഴ്ചക്കപ്പുറവും ....!

കണ്ണുകളെ , നിങ്ങളുടെ കാഴ്ചക്കപ്പുറവും ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...