Wednesday, July 23, 2014

സഹായത്തിന്റെ പ്രതിഫലം ...!!!

സഹായത്തിന്റെ പ്രതിഫലം ...!!!
.
അപ്പോൾ സമയം ഏകദേശം പുലർച്ചെ മൂന്നു മണി ആയിക്കാണും . അനിയന്റെ കല്യാണത്തിന് ഉള്ള ഒരുക്കങ്ങൾക്കിടയിൽ പാചകപ്പുരയിലെ തിരക്കുകൾ അൽപ്പം ഒതുക്കി കുറച്ചു ദൂരെയുള്ള പട്ടണത്തിലെ പൂക്കടയിൽ പോയി മാലയും ബൊക്കെയും ഒക്കെ വാങ്ങാൻ പോകാൻ ഇറങ്ങുകയായിരുന്നു ഞാനും എന്റെ സുഹൃത്തും . അടുക്കളയിൽ അപ്പോഴും സഹായിക്കുന്ന ഭാര്യയുടെ കയ്യിൽ നിന്നും ഒരു കട്ടൻ കാപ്പിയും വാങ്ങി ഞങ്ങൾ മെല്ലെ വണ്ടിയുമെടുത്ത്‌ പുറത്തേക്ക് യാത്രയായി....!
.
വീട്ടിൽ നിന്നും അധികം ദൂരമില്ല അവിടേക്ക് . പുലർകാലത്തിലെ കുഞ്ഞു തണുപ്പിൽ സുഹൃത്തിനെക്കൊണ്ട് വണ്ടിയുമോടിപ്പിച്ച് ചൂടുള്ള കട്ടൻ കാപ്പിയും കുടിച്ച് മെല്ലെ ഇരുട്ടും കുഴികളും നിറഞ്ഞ ആ റോഡിലൂടെ യാത്ര തുടരവേ പെട്ടെന്നാണ് മുന്നിൽ ഒരു ബൈക്ക് അപകടത്തിൽ പെട്ട് കിടക്കുന്നത് ഞങ്ങളുടെ വാഹനത്തിന്റെ വെളിച്ചത്തിൽ കണ്ടത് . ബൈക്കിനടുത്ത്‌ ഗുരുതരമായി പരിക്കേറ്റ ഒരു യുവാവും രക്തത്തിൽ കുളിച്ചു കിടക്കുന്നത് വ്യക്തമായി കണ്ടതും ഞങ്ങൾ വണ്ടി നിർത്തി താഴെയിറങ്ങി . മരണത്തിലേക്ക് നടന്നു കയറുന്ന അയാളുടെ രക്ഷിക്കണേ എന്ന യാചന ആ പരിസരം മുഴുവൻ നിറഞ്ഞു നിന്നിരുന്നു അപ്പോൾ....!
.
ഇടക്കൊക്കെയാണെങ്കിലും ധാരാളം വണ്ടികൾ കടന്നു പോകുന്ന ആ വഴിയിൽ ഏതോ വാഹനം അയാളെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയതായിരുന്നു . അപ്പോഴും ബോധമുണ്ടായിരുന്ന അയാൾക്ക്‌ പക്ഷെ ഇടിച്ചിട്ട വാഹനം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല . സഹായത്തിന് മറ്റാരെയും പ്രതീക്ഷിക്കാതെ അയാളെയും കോരിയെടുത്ത് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പായുമ്പോൾ വീട്ടിലെ കല്യാണ തിരക്കുപോലും മറന്നുപോയിരുന്നു. എന്റെ മടിയിൽ കിടത്തി ചോര വാർന്നൊഴുകുന്ന മുറിവുകൾ ഞാൻ കെട്ടിക്കൊടുക്കുമ്പോൾ അയാളുടെ മുഖത്തെ നന്ദിയുടെ ഭാവം എനിക്കൊരിക്കലും മറക്കാൻ പറ്റില്ലായിരുന്നു ...!
.
പരിചയമുള്ള ആശുപത്രിയായതുകൊണ്ട് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിലായി അവിടെ . അയാൾക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ഒരുക്കി കഴിഞ്ഞപ്പോഴെക്കും വീട്ടിൽ നിന്നും നേരം വൈകിയിട്ട് വിളിയോട് വിളിയായിരുന്നു . അയാളെ ആശ്വസിപ്പിച്ച് , യാത്രയും പറഞ്ഞ് പോരുമ്പോൾ അയാൾ എന്റെ കയ്യിൽ മുറുകെ പിടിച്ചത് നന്ദിയോടെ മാത്രമായിരുന്നു . അതിനിടയിൽ സുഹൃത്തിനെ വിട്ട് പൂക്കളും മാലയുമൊക്കെ വാങ്ങിപ്പിച്ച് ആശുപത്രിയിലേക്ക് വരുതിയിരുന്നതിനാൽ അവനോടൊപ്പം വേഗം തിരിച്ചിറങ്ങി, ഓടി വീട്ടിലെത്തി ...!
.
കല്യാണ തിരക്കുകൾക്കിടയിലും ആശുപത്രിയിൽ വിളിച്ച് വിവരം തിരക്കാൻ ഞാൻ മറന്നിരുന്നില്ല . പോലീസിലും പത്രത്തിലും അയാളുടെ വീട്ടിലും ഒക്കെ ഞാൻ തന്നെ വിവരം അറിയിച്ചിരുന്നിരുന്നതിനാൽ അയാളുടെ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ തന്നെ നടന്നിരുന്നു . അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ അയാൾക്ക്‌ ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നിരുന്നെങ്കിലും അതൊക്കെ ഭേദമാക്കാനും പറ്റിയിരുന്നു ...!
.
പിന്നെ എന്റെ വീട്ടിലെ കല്ല്യാണ തിരക്കുകൾ കുറച്ചുകൂടി എന്നെ എന്റെ വീട്ടിലേക്ക് മാത്രം ഒതുക്കിയപ്പോൾ അയാളെ കുറിച്ച് സത്യത്തിൽ ഞാൻ മറന്നുപോയി . അങ്ങിനെയിരിക്കെ ഒരാഴ്ചക്കുശേഷം ഞാൻ പുറത്തുപോയ ഒരവസരത്തിൽ വീട്ടിൽ എന്നെ അന്വേഷിച്ച് പോലീസ് വന്നിരിക്കുന്നു എന്നു ഭാര്യ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് ഓടിയെത്തി . കാര്യമറിയാതെ പരിഭ്രമത്തോടെ നിന്ന എന്നോട് പോലീസുകാരൻ പറഞ്ഞത് കേട്ട് ഞങ്ങൾ തളർന്നിരുന്നുപൊയി . ...!
.
അന്ന് അപകടത്തിൽ ഞാൻ രക്ഷിച്ചെടുത്ത ആ യുവാവ് പോലീസിൽ പരാതി കൊടുത്തിരിക്കുന്നത്‌ ഞാൻ ഓടിച്ചിരുന്ന എന്റെ വാഹനമാണ് അയാളെ ഇടിച്ചു വീഴ്ത്തിയത് എന്നാണ്. എന്നിട്ട് നിർത്താതെ പോകാൻ തുനിഞ്ഞ എന്നെ നാട്ടുകാർ പിടികൂടി അയാളെ നിർബന്ധ പൂർവ്വം ആശുപത്രിയിലേക്ക് വിടുകയായിരുന്നു എന്നും . അതിന് സാക്ഷികളായി കുറച്ചുപേരുടെ പേരും ഉണ്ടായിരുന്നു ഒപ്പം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, July 15, 2014

തുണ ...!!!

തുണ ...!!!
.
ഇരുട്ടിൽ
കൈവിടുന്ന
നിഴൽപോലും
ആശ്രയമില്ലെങ്കിൽ
പിന്നെ
ആരാണ്
എനിക്കൊരു
തുണ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, July 8, 2014

സ്ഥായി ....!!!

സ്ഥായി ....!!!
.
അമൃതിൽ
വിഷം ചേർന്നാൽ
അമൃതും വിഷം
വിഷത്തിൽ
അമൃത് ചേർന്നാൽ
വിഷം, വിഷം തന്നെയും ...!
.
സ്ഥായിയാകുന്നത്
വിഷമെങ്കിൽ
അതല്ലേ
അമൃതിനേക്കാൾ നല്ലത് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, July 6, 2014

ഉണ്ണിക്കുട്ടനും പാവക്കുട്ടിയും ...!

ഉണ്ണിക്കുട്ടനും പാവക്കുട്ടിയും ...!
.
ഒരിടത്തൊരിടത്ത് ഒരു കുഞ്ഞു ഗ്രാമത്തിൽ ഉണ്ണിക്കുട്ടൻ എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു . ഉണ്ണിക്കുട്ടന് വയസ്സായ ഒരു അമ്മയും ഒരു മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത് . ഇടിഞ്ഞു പൊളിഞ്ഞ പഴയ അവരുടെ വീട്ടിലാണ് അവർ താമസിച്ചിരുന്നത് . പണിക്കു പോകാനൊന്നും വയ്യാത്ത അവരെ പൊന്നുപോലെ നോക്കുന്നതും പത്തുവയസ്സുകാരനായ ഉണ്ണിക്കുട്ടൻ തന്നെയായിരുന്നു ....!
.
തൊട്ടടുത്തുള്ള രാമേട്ടന്റെ ചായക്കടയിൽ പണിക്കുപോയാണ് ഉണ്ണിക്കുട്ടൻ വീട്ടു ചിലവിനുള്ള പണം കണ്ടെത്തിയിരുന്നത് . പഠനത്തിൽ മിടുക്കൻ ആയിരുന്നെകിലും ജോലി കഴിഞ്ഞ് സ്കൂളിലൊന്നും പോകാൻ അവന് സമയം കിട്ടിയിരുന്നില്ല . എങ്കിലും രാമേട്ടന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മോൾ ശ്രീക്കുട്ടി ചേച്ചി അവനെ കുറേശ്ശെ എഴുതാനും വായിക്കാനും പഠിപ്പിക്കാറുണ്ടായിരുന്നു ...!
.
വീട്ടിലെയും ചായക്കടയിലെയും പണിയൊക്കെ കഴിഞ്ഞാൽ ഉണ്ണിക്കുട്ടൻ തൊട്ടടുത്തുള്ള ആൽത്തറയിൽ പോയിരുന്ന് കയ്യിൽ കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ചുകൊണ്ടിരിക്കും . ചിലപ്പോഴെല്ലാം ചായക്കടയിൽ ബാക്കിയാകുന്ന പലഹാരങ്ങളും ശ്രീക്കുട്ടി ചേച്ചി അവനു ആരും കാണാതെ പൊതിഞ്ഞു കൊടുക്കും . ആ പലഹാരങ്ങളും തിന്ന് പുസ്തകങ്ങളും വായിച്ച് അവൻ അവിടെ അവന്റെ ലോകത്തിൽ ഏറെ നേരം അങ്ങിനെയിരിക്കും ...!
.
അങ്ങിനെ ഒരു ദിവസം അവൻ ആൽത്തറയിലേക്ക് നടക്കവേ പെട്ടെന്ന് ഒരു പെണ്‍കുട്ടി ആരിൽ നിന്നോ രക്ഷപ്പെടാനെന്ന വണ്ണം ഓടിവന്ന് ആ ആൽതറയുടെ പുറകിൽ ഒളിച്ചിരുന്നു . അവളെ തിരഞ്ഞ് ആരും അവൾക്കു പുറകിൽ വന്നിരുന്നില്ലെങ്കിലും അവൾ ആരെയോ വല്ലാതെ പേടിച്ചിരുന്നു .കുറച്ചു സമയം ഒളിച്ചിരുന്ന് പിന്നെ ആരും വരുന്നില്ലെന്ന് ഉറപ്പു വരുത്തി , വന്ന വഴിയിൽ തന്നെ തിരിച്ചു പോവുകയും ചെയ്തു അവൾ . അവൾ പോയപ്പോൾ അവിടെ പോയി നോക്കിയ ഉണ്ണിക്കുട്ടന് അവൾ അവിടെ ഉപേക്ഷിച്ചു പോയ ഒരു പാവക്കുട്ടിയെ കിട്ടി ...!
.
ജീവിതത്തിൽ ഒരിക്കലും ഒരു കളിപ്പാട്ടം കിട്ടിയിട്ടില്ലാത്ത അവന് അതൊരു നിധിയായിരുന്നു . എങ്കിലും അത് ആ കുട്ടിയുടെതാനെന്ന ഓർമ്മ അവനെ സങ്കടപ്പെടുത്തി . അത് കിട്ടിയപ്പോൾ താൻ എത്ര സന്തോഷിക്കുന്നുവോ അതുപോലെതന്നെ അത് നഷ്ടമായപ്പോൾ ആ കുട്ടി എത്രമാത്രം സങ്കടപ്പെടുന്നുണ്ടാകും എന്ന് അവൻ ഓർത്തു പോയി . അതോടെ എങ്ങിനെയും ആ കുട്ടിയെ കണ്ടെത്തി ആ പാവക്കുട്ടിയെ തിരിച്ചേൽപ്പിക്കാനായി അവന്റെ ശ്രമം ...!
.
പാവക്കുട്ടിയെ കയ്യിലെടുത്ത് താലോലിക്കവേ അതിൽ നിറയെ അഴുക്കു പറ്റിയതായി കണ്ടു അവൻ . വെള്ളാരം കണ്ണുകളും സ്വർണ്ണ തലമുടിയും പുള്ളി ഉടുപ്പുമുള്ള ആ സുന്ദരിപ്പാവ അവനെ വല്ലാതെ സ്വാധീനിച്ചു . അവൻ അതിനെയും കൊണ്ട് വീട്ടിൽ പോയി, സൂക്ഷ്മതയോടെ കുളിപ്പിച്ച് അതിന്റെ ഉടുപ്പെല്ലാം കഴുകി ഉണക്കിയെടുത്ത് പിഞ്ഞിപ്പോയ ഭാഗങ്ങൾ തുന്നിക്കൂട്ടി തലമുടി ചീകിയൊതുക്കി അതിനെ തന്റെ നെഞ്ചോട്‌ ചേർത്ത് പിടിച്ചു ....!
.
അതിന്റെ പൊട്ടിപ്പോയ മാലയ്ക്കു പകരം അവൻ സൂക്ഷിച്ചുവെച്ച നാണയത്തുട്ടുകൾ കൊണ്ട് ഒരു പളുങ്കു മാല വാങ്ങി കഴുത്തിലിട്ടു . അവന് ഉടുപ്പുവാങ്ങാൻ വെച്ചിരുന്ന പൈസയെടുത്ത്‌ അതിനു കിടക്കാൻ ഒരു കുഞ്ഞു തൊട്ടിലും വാങ്ങി. പിന്നെ ഒരുപാട് ഇഷ്ടത്തോടെ അൽപ്പനേരത്തേക്ക് എങ്കിലും അതിനെയും കൂട്ടിപ്പിടിച്ച് കിടന്നുറങ്ങി ....!
.
പിറ്റേന്ന് അവൻ പാവയെ ശ്രീക്കുട്ടി ചേച്ചിയെ കാണിച്ച് അതിന്റെ ഉടമയായ ആ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള വഴികൾ അന്വേഷിച്ചു . ശ്രീക്കുട്ടി പറഞ്ഞു അത് അശ്വതിയുടെ പാവയായിരിക്കും എന്ന്. അത്ര നല്ല പാവകൾ അവൾക്കെ ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ അവനത്‌ അവൾക്ക് കൊണ്ട് പോയി കൊടുക്കാൻ തിടുക്കമായി . ശ്രീക്കുട്ടി ചേച്ചി അശ്വതിയെ കുറിച്ച് കൂടുതൽ പറഞ്ഞത് കേട്ടപ്പോൾ എന്തായാലും അതിനെ എത്രയും പെട്ടെന്ന് തന്നെ അവൾക്കു കൊണ്ട് പോയി കൊടുക്കണമെന്നും തീരുമാനിച്ചു അവൻ ....!
.
അശ്വതി ഒരു പാവം എട്ടുവയസ്സുകാരി കുട്ടിയായിരുന്നു . ഗ്രാമത്തിലെ അങ്ങേ തലക്കൽ താമസിക്കുന്ന അവർ പണക്കാരായിരുന്നു . അച്ഛൻ മരിച്ചതോടെ അമ്മ രണ്ടാം കല്യാണം കഴിച്ച് ആ രണ്ടാനച്ചന്റെ കൂടെയാണ് അവളുടെ താമസം. രണ്ടാനച്ചനാണെങ്കിൽ അവളെ ഇഷ്ട്ടവുമല്ല. മദ്യപിച്ചു വന്ന് അവളെ തലങ്ങും വിലങ്ങും തല്ലും. അവളെ പട്ടിണിക്കിടും. ഒരുപാട് വഴക്ക് പറയും മരിച്ചു പോയ തന്റെ സ്നേഹനിധിയായ അച്ഛനെ കുറ്റം പറയും... എല്ലാം അവൾ സഹിക്കും. പലപ്പോഴും അവളുടെ അമ്മയും മറുത്തൊന്നും പറയില്ല....!
.
ശ്രീക്കുട്ടി ചേച്ചിയോട് വഴിയൊക്കെ ചോദിച്ച് അവൻ അവളുടെ വീട് കണ്ടു പിടിച്ചു. ആരും കാണാതെ ഒരു വിധം അവളുടെ വീട്ടിലെത്തി അവളെ കണ്ടു പിടിച്ചപ്പോൾ രണ്ടാനച്ചന്റെ തല്ലും കൊണ്ട് അവൾ കരഞ്ഞുകൊണ്ട്‌ തൊടിയിലെ മൂലയിലുള്ള ഒരു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. അവൻ പതുക്കെ ചെന്ന് അവളറിയാതെ സഹതാപത്തോടെ, സ്നേഹത്തോടെ അവളെ കുറെ സമയം നോക്കി നിന്ന്. പിന്നെ പതുക്കെ അവളെ വിളിച്ച് ആ പാവക്കുട്ടിയെ അവൾക്ക് കൊടുത്തു....!
.
കളഞ്ഞു പോയ ആ പാവക്കുടിയെ തിരിച്ചു കിട്ടിയതും അവൾ സന്തോഷത്തോടെ തുള്ളിച്ചാടി. അതിന്റെ പുതിയ ഉടുപ്പും തൊട്ടിലും ഒക്കെ അവൾക്കു നന്നേ പിടിച്ചു . അപ്പോഴേക്കും അങ്ങോട്ട്‌ കടന്നെത്തിയ അവളുടെ ബന്ധുക്കളായ മറ്റു കുട്ടികളും അതിനെ ഏറ്റെടുത്തു . അവർ അതിന്റെ മഹത്വം ഉറക്കെ വാഴ്ത്തി . അവളെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി . പിന്നെ അവർ ആഘോഷ പൂർവ്വം ആ പാവക്കുട്ടിയേയും കൊണ്ട് അവനോടൊരു നന്ദി വാക്കു പോലും പറയാതെ കടന്നുപോകുമ്പോൾ , വേദനയോടെ അവൻ അവനിലേക്ക്‌ തന്നെ തിരിച്ചു നടക്കാൻ തുടങ്ങി ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, July 2, 2014

അകത്തളങ്ങളിൽ ലഹരി നുരയുമ്പോൾ ...!!!

അകത്തളങ്ങളിൽ ലഹരി നുരയുമ്പോൾ ...!!!
.
ഇന്നിന്റെ ഏറ്റവും വലിയ ശാപങ്ങളിലൊന്ന് എല്ലാവരും പറയും പോലെ , എല്ലാവർക്കും അറിയും പോലെ മദ്യവും മയക്കുമരുന്നുകളും തന്നെയാണ് . പ്രത്യേകിച്ചും നമ്മുടെ ഈ കൊച്ചു കേരളത്തിൽ . തലമുറകളിൽ നിന്നും തലമുറകളിലേയ്ക്കു ഒരു മഹാവിപത്തായി തന്നെ പടർന്നു കയറുന്ന ഈ ദുരവസ്ഥക്ക് ഇന്നത്തെ സാഹചര്യങ്ങളിൽ അടുത്തകാലത്തൊന്നും ഒരു മോചനം ഉണ്ടാകാനും വഴി കാണുന്നുമില്ല ....!
.
കാലാകാലങ്ങളിൽ സമൂഹത്തിൽ ദുരന്തസമാനമായ ഇത്തരം അവസ്ഥകൾ ഉണ്ടായിക്കോണ്ടേയിരിക്കും . എല്ലാ രാജ്യങ്ങളിലും എല്ലാ ആവാസവ്യവസ്ഥകളിലും ഇത് സർവ്വസാധാരണവുമാണ് . എന്നാൽ അപ്പോഴൊക്കെയും ഇത്തരം അവസ്ഥകളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാൻ അധികാരികളും സാമൂഹിക സാംസ്കാരിക നായകരും രംഗത്ത് ഇറങ്ങാറുണ്ട്‌ എന്നതായിരുന്നു ആശ്വാസം. എന്നാൽ ഇവിടെ തീർത്തും വ്യത്യസ്തമായി ഇപ്പോൾ ഇവരാരും ഇതിൽ കാര്യമായി ഇടപെടുന്നില്ല എന്നത് മാത്രമല്ല, പലരും ഇതിന് പ്രതികൂലമായി എന്നപോലെ മൌനമായിരിക്കുകയും ചെയ്യുന്നു എന്നത്ക്രൂരവും നിന്ദ്യവുമാണ്‌ ...!
.
ഒരു സമൂഹത്തിൽ പുരുഷനിൽ ഉണ്ടാകുന്ന അപചയത്തേക്കാൾ എപ്പോഴും ഭീകരമാണ് അവിടുത്തെ സ്ത്രീകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ . സമൂഹം പുരുഷ കേന്ദ്രീകൃതമെന്നും പുരുഷാധിപത്യമെന്നും ഒക്കെ വലിയ വായിൽ പറയുമ്പോഴും യഥാർത്ഥത്തിൽ ഒരു സമൂഹത്തെ നിയന്ത്രിക്കുന്നതും മുന്നോട്ട് നയിക്കുന്നതും അതിലെ സ്ത്രീകൾ തന്നെയാണ് . സ്ത്രീകൾ തന്നെ ഇത് ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാതതിനാലാണ് അവർ പലപ്പോഴും പുരുഷന്മാർക്കെതിരെ ശബ്ദമുയർത്തുന്നത് ....!
.
കാലാകാലങ്ങളിൽ സമൂഹത്തിൽ മാറ്റങ്ങൾ സാധാരണമാണ് . നല്ലതോ ചീത്തതോ എന്നത് അതിനെ സമൂഹം എങ്ങിനെ അഭിമുഘീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പലപ്പോഴും നിൽക്കുന്നത് . ലഹരിയുടെ ഉപയോഗത്തിലും കടന്നു വന്നിരിക്കുന്ന ഈ മാറ്റത്തെയാണ് ഞാൻ ഇവിടെ പ്രദിപാതിക്കുന്നത് . എല്ലാറ്റിലും എന്നപോലെ ലഹരിയുടെ ഉപയോഗത്തിലും കാലാകാലങ്ങളിൽ പ്രത്യേകിച്ച് കേരളത്തിൽ തുടർച്ചയായ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത് . ലഹരിയുടെ ഉപഭോഗം കൂടുന്നു എന്നതിനേക്കാൾ ആപത്കരമായിട്ടുള്ളത് അത് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള വൻ വർധനവാണ് . പ്രത്യേകിച്ചും പുതു തലമുറയുടെ കാര്യത്തിൽ ....!
.
ലഹരി തീർച്ചയായും ഒരു സമൂഹത്തെ ഒന്നാകെ നശിപ്പിക്കുക തന്നെ ചെയ്യും . സാമൂഹിക അന്തരീക്ഷം മലിനമാക്കുന്നതോടൊപ്പം സമൂഹത്തിന്റെ കെട്ടുറപ്പിനെയും അത് സാരമായി ഭാധിക്കും . എന്നാൽ ഇവിടെയും ചില അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് പ്രത്യേകിച്ചും കേരളത്തിൽ ഉണ്ടാകുന്നത് . അടുത്തകാലത്തായി പുറത്തിറങ്ങുന്ന പല പഠനങ്ങളും വിരൽ ചൂണ്ടുന്നത് കേരളത്തിന്റെ ( ഭാരതത്തിന്റെയും ) ഭീകരമായ ലഹരി യാത്രയെയാണ് . അതും പ്രത്യേകിച്ചും നമ്മുടെ സ്ത്രീകളുടെ . ഭീകര പ്രവർത്തനങ്ങളേക്കാൾ അല്ലെങ്കിൽ അതുപോലുള്ള മറ്റു സംഭവങ്ങളേക്കാൾ ഒരുപക്ഷെ നമ്മുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതും ഇതിലേയ്ക്കാണെന്നാണ് എന്റെ അഭിപ്രായം ....!
.
പണ്ട് കാലത്ത് ആണ്ടിനും ചങ്ക്രാന്തിക്കും വീട്ടുകാർ ഒന്നിച്ച് വീട്ടിൽ ഉണ്ടാക്കുന്ന വീര്യം കുറഞ്ഞ വീഞ്ഞോ അല്ലെങ്കിൽ കള്ളോ ഒരിറക്ക് കുടിച്ചിരുന്ന മലയാള സ്ത്രീകൾ ഇപ്പോൾ അതിൽനിന്നൊക്കെവിട്ട് പുരുഷനെക്കാൾ അല്ലെങ്കിൽ അതിൽ കൂടുതലോ മദ്യപിക്കാൻ തുടങ്ങുന്നു എന്നത് തീർത്തും ഭീതിതമാണ് . കേരളത്തിന്‌ പുറത്ത് പഠനത്തിനോ ജോലിക്കോ പോകുന്ന ഒരു വിഭാഗം സ്ത്രീകൾ പുരുഷനെപോലെ മദ്യപാനികൾ ആയാണ് മാറുന്നതെന്നത് പറയുമ്പോൾ തന്നെ കേരളത്തിനകത്തും സ്ഥിതി വ്യത്യസ്തമല്ല എന്നത് തീർച്ചയായും ശ്രദ്ധിക്കപ്പെടെണ്ടതാണ് . ...!
.
മറ്റു പലതും എന്നപോലെ ആധുനിക ജീവിതത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി ലഹരിയും സ്ത്രീകൾക്ക് മായിരിക്കുന്നു ഇപ്പോൾ. ജോലിഭാരം കാരണം, സൌഹൃദങ്ങൾ മൂലം അല്ലെങ്കിൽ കുടുംബ ബന്ധങ്ങളിലെ താളപ്പിഴാകൾ മൂലം ..... സ്വകാര്യ പാർടികളിൽ തുടങ്ങുന്ന ലഹരിയുടെ ഉപയോഗം പതുക്കെ പതുക്കെ പുറത്തേക്കും വ്യാപിക്കുമ്പോൾ അത് സമൂഹത്തിന് നേരെയുള്ള ഒരു മഹാ വിപത്തായാണ് മാറുന്നതെന്ന് ഇക്കൂട്ടർ അറിയുന്നേയില്ല. ...!
.
ഒരു കുടുംബത്തിൽ പുരുഷൻ മദ്യപിച്ചാൽ പ്രധാനമായും ഉണ്ടാവുന്ന സാമ്പത്തിക പരധീനതകളേക്കാൾ ഭീകരമായിരിക്കും ആ കുടുംബത്തിലെ സ്ത്രീകളും മദ്യപിക്കാൻ തുടങ്ങിയാൽ . ഒരു ചെറു വിഭാഗത്തിൽ മാത്രം ഒതുങ്ങി നില്ക്കുന്ന ഈ അവസ്ഥ ഇനിയും ശ്രദ്ധിക്കാതെയും തിരുതാതെയുമിരുന്നാൽ പിന്നെ തീർച്ചയായും എവിടെ എതിനിൽക്കുമെന്ന് പ്രവചിക്കുക വയ്യ. കുട്ടികൾ മാതാപിതാക്കൾ സഹോദരങ്ങൾ എന്നിവരെല്ലാം എപ്പോഴും ആശ്രയിക്കുന്ന കുടുംബ നാഥ തന്നെ ലഹരിയിൽ നുരയുംപോൾ പിന്നെ എന്ത് കുടുംബം എന്ത് ബന്ധം ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...