Wednesday, May 13, 2020

യാത്രികൻ ...!!!

യാത്രികൻ ...!!!
.
യാത്രക്കാർക്കും ബസ്സുകൾക്കും ഒരുപോലെ നിർദ്ദേശങ്ങളുമായി ശബ്ദായമാനമായ ആ ബസ് സ്റ്റേഷനിൽ കയ്യിൽ ഒരു കുടയും ചെറിയൊരു യാത്രാബാഗുമായി അയാൾ ഓട്ടോറിക്ഷയിൽ വന്നിറങ്ങി നേരെ ചെന്നത് നിരന്തരം കൃത്യതയോടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്ന അന്വേഷണങ്ങളുടെ കൗണ്ടറിൽ തന്നെയാണ് . ആളുകൾക്ക് നിർദ്ദേശങ്ങൾ പാലിക്കാൻ സാധിക്കുമെങ്കിലും ബസ്സുകൾ എങ്ങിനെ സ്വയം നിർദ്ദേശങ്ങൾ നിവ്വഹിക്കുമെന്ന് ആലോചിക്കാൻ അയാൾ നിന്നില്ലെന്നു വേണം അപ്പോൾ അനുമാനിക്കാനും ...!
.
അവിടെ നിന്നും അനൗൺസറോട് ചോദിച്ചു മനസ്സിലാക്കി തനിക്കു കയറേണ്ട ബസ്സ് കിടക്കുന്ന ഇടത്തേക്ക് നീങ്ങുന്നതിനിടയിൽ അയാൾ വഴിയിൽ തന്റെ വാഹനത്തിലേക്ക് നടന്നു കയറുന്ന മറ്റൊരു ഡ്രൈവറോടും തനിക്കു പോകേണ്ട ബസ്സിനെക്കുറിച്ച ചോതിച്ചുറപ്പുവരുത്തുന്നുണ്ടായിരുന്നു. തന്റെ ബസ്സിനടുത്തെത്തി അതിന്റെ ബോര്ഡിലേക്കും വണ്ടിയുടെ നമ്പറിലേക്കും രണ്ടു വട്ടം നോക്കി ഉറപ്പു വരുത്തി ഉള്ളിൽ കയറിയ ശേഷം, മുന്നിൽ തന്റെ സമയം നോക്കിയിരിക്കുകയായിരുന്നു ഡ്രൈവറോടും അയാൾ അതുതന്നെയാണ് തനിക്കുള്ള വാഹനമെന്ന് ചോദിച്ചുറപ്പുവരുത്തിയിരുന്നു ഒരവസാനവട്ടമെന്ന നിലയിൽ ...!
.
യാത്രക്കാർ കയറാൻ തുടങ്ങുകമാത്രമുണ്ടായിരുന്ന ആ ബസ്സിൽ തന്റെ സൗകര്യപൂർവ്വം മുൻ കാഴ്ചകളും വശങ്ങളിലെ കാഴ്ചകളും ഒരുപോലെ കാണാൻ സൗകര്യത്തിൽ ഒരു സീറ്റ് തിരഞ്ഞെടുത്ത് കയ്യിലെ ചെറിയ ബാഗ് മടിയിൽ തന്നെ വെച്ച് , കുട വശത്തെ കമ്പിയിൽ കുളത്തിയിട്ട് അയാൾ നീണ്ടു നിവർന്ന് സൗകര്യപൂർവ്വം അവിടെ ഇരിപ്പുറപ്പിച്ചു . ഇരുന്ന ശേഷം ചുറ്റുപാടുകളും ബസ്സിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നവരെയും ഒരു ജിജ്ഞാസിയുടെ കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്തു പോന്നു ...!
.
തന്റെ തൊട്ടടുത്ത് ഇരിക്കാനായി വന്നു നിന്ന ഒരു വൃദ്ധയായ അമ്മയെയും അവരുടെ ചെറുപ്പക്കാരനായ മകനെയും അയാൾ ഗൗനിക്കാതെയിരിക്കെ, എളുപ്പത്തിൽ തന്നെ ബസ്സ് നിറയുകയും അത് അതിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രക്ക് തയ്യാറാവുകയും ചെയ്തപ്പോൾ കണ്ടക്ടർ ടിക്കറ്റിനായി വന്നു നിന്നു . താനും ടിക്കറ്റ് എടുക്കേണ്ടയാൾ തന്നെയോ എന്ന് കണ്ടക്ടറോടുകൂടി ഒന്ന് ചോദിച്ചുറപ്പുവരുത്തും വണ്ണം ഒന്ന് തറപ്പിച്ചു നോക്കിയിട്ട് കയ്യിലെ ബാഗ് തുറന്ന് അതിലെ വലിയൊരു കെട്ട് നോട്ടിൽ നിന്നും ഏറ്റവും മുഷിഞ്ഞത് തിരഞ്ഞു പിടിച്ച് ഒന്നൊന്നായി കണ്ടക്ടറെ ഏൽപ്പിക്കുന്നത് തൊട്ടടുത്തുള്ളവരും അയാളെ പോലെ തന്നെ തെല്ലു നീരസത്തോടെ നോക്കിയിരിപ്പുണ്ടായിരുന്നു അപ്പോൾ. ...!
.
കയറിയപ്പോൾ മുതൽ ഉറങ്ങുന്ന ആ അമ്മയെയും അമ്മയെയോ മറ്റാരെയെങ്കിലുമോ ഗൗനിക്കാതെ കയറിയപ്പോൾ മുതൽ തന്റെ മൊബൈലിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ആ മകനെയോ തെല്ലും ശ്രദ്ധിക്കാതെ അയാൾ തന്റെ യാത്ര തുടർന്നു . ഇടയ്ക്ക് വശങ്ങളിലേക്കും പിന്നെ ചിലപ്പോൾ മുന്നിലേക്കും മാറി മാറി നോക്കി താൻ യാത്ര ചെയ്യുന്നത് ശരിയായ വഴിയിലൂടെയാണെന്നുന്ന് ഉറപ്പു വരുത്തുകയും അതാസ്വദിക്കുകയും ചെയ്യുന്നുമുണ്ടായിരുന്നു അയാളപ്പോൾ .. അതും കൂടാതെ കണ്ടക്ടറെ കാണുമ്പോഴൊക്കെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് ഇനിയെത്ര സമയമുണ്ടെന്ന് ചോദിച്ചു കൊണ്ടേയിരിക്കാനും അയാൾ മറന്നില്ല ...!
.
യാത്രയിലുടനീളം ഉണർന്നിരുന്ന് കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടേയിരുന്ന അയാൾ ഇടക്കെപ്പോഴാണ് ഒന്ന് മയങ്ങിപ്പോയതെന്ന് അയാൾക്ക്‌ തന്നെ നിശ്ചയമില്ലായിരുന്നു . സ്റ്റാൻഡിൽ ബസ്സ് നിർത്തി എല്ലാവരും ഇറങ്ങിയിട്ടും ഇറങ്ങാതെയിരുന്നുറങ്ങുന്ന അയാളെ കണ്ടക്ടർ വന്ന് വിളിച്ചുണർത്തി, ഇറങ്ങാനുള്ള സ്ഥലമെത്തിയെന്ന് പറഞ്ഞപ്പോഴാണ് അയാൾ പക്ഷെ തിരിച്ചറിയുന്നത് അയാൾ വന്നത് അയാൾക്ക്‌ സ്വയം യാത്ര ചെയ്യാനല്ലെന്നും അയാളെയും കൊണ്ട് യാത്രയാകേണ്ട , ആ ബസ്സിന്റെ തന്നെ യാത്രയയപ്പിനായിരുന്നെന്ന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...