Monday, December 29, 2014

പ്രതികരണത്തിന്റെ പ്രത്യയശാസ്ത്രം ...!!!

പ്രതികരണത്തിന്റെ പ്രത്യയശാസ്ത്രം ...!!!
.
ജീവിക്കാൻ ഏതൊരു ജീവിക്കും അവകാശമുണ്ട്‌ എന്നത് പോലെ തന്നെ തനിക്ക് പ്രിയമോ അപ്രിയമോ ആയ എന്തിനോടും പ്രതികരിക്കാൻ ഏതൊരു പൗരനും അവകാശമുണ്ട്‌ . ഭാരതത്തിന്റെ ഭരണഘടന അതിന് സംരക്ഷണവും നല്കുന്നുണ്ട് . പ്രതികരിക്കാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്‌ എന്നതുപോലെ തന്നെ പരമ പ്രധാനമാണ് തന്റെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ജീവിക്കാൻ എല്ലാ വ്യക്തികൾക്കും ഉള്ള അവകാശവും . ഇതും ഭരണഘടനയും നിയമവും ഒക്കെ അനുശാസിക്കുന്നത് തന്നെ . പ്രതികരണ ശേഷിയില്ലാതവരെ ആരും അംഗീകരിക്കില്ല എന്നതും സത്യം തന്നെ ..!
.
പ്രതികരണങ്ങൾ വ്യക്തി പരമോ സാമൂഹികമോ ഒക്കെയാകാം . അത് വ്യക്തിപരമായി ഒരാൾ മാത്രം നടത്തുന്നതും കൂട്ടായി സംഘടനകളോ സംവിധാനങ്ങളോ നടത്തുന്നതും ആകാം . ഓരോ പ്രതികരണങ്ങൾക്കും കാലത്തിനും ദേശത്തിനും സാമൂഹിക വ്യവസ്ഥിതികൾക്കും അനുസരിച്ച് വ്യത്യസ്ഥതയും മാറ്റവും ഉണ്ടാകാം . ചിലത് സമാധാന പരവും ചിലത് അക്രമാസക്തവും ആകാം . ചില ഏകാധിപതികളായ ഭരണാധികാരികൾ അല്ലെങ്കിൽ ചില പ്രത്യേക തത്വസംഹിതകളിൽ അല്ലെങ്കിൽ സംവിധാനങ്ങളിൽ നിലനിൽക്കുന്ന രാജ്യങ്ങൾ പ്രതികരണങ്ങളെ അവഗണിക്കുകയോ നിരോധിക്കുകയോ ഒക്കെ ചെയ്യാറുണ്ടെങ്കിലും അവിടെയും ഏതെങ്കിലും മാർഗ്ഗങ്ങളിൽ പ്രതികരികരണങ്ങൾ ഉണ്ടാവുക തന്നെ ചെയ്യാറുണ്ട് ..!
.
ശ്രദ്ധിക്കപെടാൻ വേണ്ടി പ്രതികരണങ്ങൾക്ക് പലപ്പോഴും പല പ്രത്യേക മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരും കുറവല്ല . പുതിയ ആശയങ്ങൾ പലതും കാലാകാലങ്ങളിൽ പ്രയോജനപ്പെടുതാറുണ്ട് പലരും . പ്രതികരണങ്ങൾ പലപ്പോഴും ഫലം കാണുമെങ്കിലും ചിലപ്പോഴെല്ലാം പരാജയങ്ങളും ആകാം . പ്രതികരിച്ചു എന്നതുകൊണ്ട്‌ മാത്രം ചിലപ്പോൾ അക്രമങ്ങൾ ഉണ്ടാവുകയും , അതുപോലെ തന്നെ പ്രതികരണങ്ങൾ കൊണ്ട് അക്രമങ്ങൾ ഒഴിവാവുകയും ഉണ്ടാകാം . പ്രതികരണങ്ങൾ കൊണ്ട് സ്വയം നേട്ടമുണ്ടാക്കുന്നവരും മറ്റുള്ളവരെ പ്രതികരിക്കാൻ വിട്ട് മാറിനിന്ന് നേട്ടം കൊയ്യുന്നവരും വിരളമല്ല ...!
.
പ്രതികരണം മൌനമായും വാചാലമായും ആകാം . നോട്ടം കൊണ്ടും ഭാവം കൊണ്ടും പ്രവർത്തികൊണ്ടും ഒക്കെ പ്രതികരണങ്ങൾ പലവിധമാകാം . പ്രതികരിക്കാതിരിക്കുന്നതും ചിലപ്പോൾ പ്രതികരണത്തിന്റെ മാർഗ്ഗമാകാം . പ്രതികരണം അനുകൂലവും പ്രതികൂലവും ആവുകയും ചെയ്യാം . എങ്ങിനെയായാലും പ്രതികരിക്കുക എന്നത് മാനുഷിക ധർമ്മം തന്നെയാണ് . നിസ്സാര കാര്യങ്ങൾക്ക് വരെ ആവശ്യമില്ലാത്ത കോലാഹലങ്ങൾ ഉണ്ടാക്കി അതൊരു വലിയ സംഭവമാക്കി മാറ്റുന്നതുപോലെ വലിയ സംഭവങ്ങൾ ആകേണ്ട വസ്തുതകൾ വേണ്ടവിധം പ്രതികരിക്കാതതിനാൽ ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിനു തന്നെ തീരാ നഷ്ടങ്ങൾ ഉണ്ടാകുന്നവയും ഉണ്ട് . ....!
.
ഇന്നത്തെ സാഹചര്യത്തിൽ പലരും ആത്മ രോഷം പ്രകടിപ്പിക്കാനും ധീരരെന്നും പ്രതികരിക്കാൻ തയ്യാരുള്ളവരെന്നും മറ്റുള്ളവരെ ബോധിപ്പിക്കാനും മാത്രവും ശ്രമിക്കാറുണ്ട് . ചിലപ്പോഴെല്ലാം മറ്റുള്ളവരെ കരിവാരിത്തേക്കാനും അവഹേളിക്കാനും വേണ്ടിയും ചിലർ ശ്രമിക്കാറുണ്ട് . ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ അല്ലെങ്കിൽ അതുപോലെയുള്ള മറവുകളിലൂടെ മാത്രം വീര ശൂര പരാക്രമികൾ ആകുന്ന ഇക്കൂട്ടരിൽ ചിലരെങ്കിലും പക്ഷെ നേരിട്ട് ഒരിക്കലും പ്രതികരിക്കാറില്ല എന്നതാണ് സത്യം . എന്തിനും ഏതിനും ആവശ്യത്തിനും അനാവശ്യത്തിനും വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രതികരിക്കുന്നവരും ചിലപ്പോഴെല്ലാം വിപരീത ഫലം തന്നെയാണ് ഉണ്ടാക്കുന്നത്‌ ...!
.
പ്രതികരണം ജീവികുലതിന്റെയും മാനവികതയുടെയും ഒക്കെ അവശ്യ ഘടകം തന്നെയെങ്കിലും ചിലപ്പോഴെല്ലാം അത് വഴിമാറി തെറ്റായ ദിശയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു . അനാവശ്യ കാര്യങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ ആവശ്യമുള്ള കാര്യത്തിനു തന്നെയെങ്കിലും പ്രതികരിക്കുന്ന രീതി നീതീകരിക്കാൻ പറ്റാത്തതോ അയാൽ അവിടെ ആ പ്രതികരണത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുകയും അതുപിന്നെ വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യുന്നു . അങ്ങിനെ വരുമ്പോൾ അത്തരം പ്രതികരണങ്ങൾ പിന്നീടുള്ള തലമുറയുടെ പ്രതികരണ ശേഷിയെതന്നെയാണ് ചോദ്യം ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കിയേ തീരു . പ്രതികരണത്തോടൊപ്പം നമുക്ക് വേണ്ടത് ആത്മാർഥമായ പ്രവർത്തി കൂടിയാണ് എന്ന് നാം ഒരിക്കലും മറന്നു കൂടാ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...