Tuesday, March 31, 2020

ചില കൊറോണക്കാല കാഴ്ചകൾ ...!!!

ചില കൊറോണക്കാല കാഴ്ചകൾ ...!!!
.
തൊട്ടടുത്ത റൂമിൽ വയ്യാതെ കിടക്കുന്ന അച്ഛനെയും അമ്മയെയും ഒന്നാശുപത്രിയിൽ ഒരോട്ടോ വിളിച്ചുപോലും പറഞ്ഞയക്കാത്തവർക്ക് , ഇപ്പോൾ അമ്മായീടെ ഭർത്താവിന്റെ അച്ഛന്റെ പെങ്ങളുടെ മകന്റെ ഭാര്യയുടെ അമ്മയുടെ അനിയത്തിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ യാത്രാ പെർമിഷൻ വേണം ...!
.
മകനെ സ്‌കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്ത ശേഷം അങ്ങോട്ട് തിരിഞ്ഞു പോലും നോക്കാതെ , മക്കളിപ്പോ ഏതു ക്ലാസ്സിലാണ് പഠിക്കുന്നതെന്നു പോലും അറിയാത്ത അച്ഛനും അമ്മയ്ക്കും മക്കൾക്ക് ക്ലാസ്സ്‌ നഷ്ടപ്പെടുന്നതോർത്ത് ഉറക്കമേയില്ല ...!
.
ബന്ധുകൂടിയായ അയൽക്കാരൻ പട്ടിണികിടന്നു മരിച്ചിട്ടും തിരിഞ്ഞു നോക്കാൻ കൂട്ടാക്കാത്ത സാമൂഹ്യ പ്രവര്ത്തകന് തെരുവുപട്ടികൾ പട്ടിണി കിടക്കുന്നതോർത്ത് അവർക്ക് ഭക്ഷണം കൊടുക്കാൻ അങ്ങോട്ടൊന്നു പോകാൻ കഴിയാത്തതിനാൽ ചോറിറങ്ങുന്നില്ല ...!
.
മാടിനെപ്പോലെ പണിയെടുപ്പിച്ചിട്ടും സ്വന്തം തൊഴിലാളികൾക്ക് അവർക്കർഹതപ്പെട്ട ശമ്പളമോ മറ്റാനുകൂല്യങ്ങളോ കൊടുക്കാൻ തയ്യാറല്ലാത്ത കമ്പനി മുതലാളിക്ക് , സർക്കാർ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്ന അഥിതി തൊഴിലാളികളുടെ തൊഴിലില്ലായ്മയോർത്ത് ഉറക്കം വരുന്നില്ല . ...!
..
സ്വന്തം വീട്ടിൽ പോലും ഒരു മരം നട്ടുവളർത്തി പ്രകൃതി സംരക്ഷണം ഉറപ്പുവരുത്താത്ത സോഷ്യൽമീഡിയാജീവിയായ പരിസ്ഥിതി പ്രവര്ത്തകന് രണ്ടുമാസം കഴിഞ്ഞാൽ അയൽസംസ്ഥാനത്തെ കാടുകളിൽ കാട്ടുതീയുണ്ടാകുമെന്നോർത്ത് മനസ്സുപിടക്കുന്നു ...!
.
ജന്മദിനത്തിലോ പെരുന്നാളിനോ പോലും പള്ളിയിലോ അമ്പലത്തിലോ പോകാത്ത , വീഴാൻ പോകുമ്പോൾ പോലും ദൈവമേ എന്നൊന്ന് വിളിക്കാൻ തോന്നാത്ത ഭക്തന് ആരാധനാലയത്തിൽ ഭജനമിരിക്കാൻ കഴിയാത്തതിൽ മനഃപ്രയാസത്താൽ ഇരിക്കപ്പൊറുതിയില്ല ...!
.
ആഴ്ചയിൽ നാലുദിവസവും ലീവെടുത്തോ മുങ്ങിയോ കറങ്ങിനടക്കുന്ന സർക്കാരുദ്യേഗസ്ഥന് ദിവസേന ആപ്പീസിൽപോയി ജോലിചെയ്യാൻ കഴിയാത്തതിനാൽ ആത്മസംഘർഷത്താൽ ഉണ്ണാനും ഉറങ്ങാനും വയ്യ ...!
.
ഈ കൊറോണക്കാലത്ത് ഇനിയെന്തൊക്കെ ...?
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, March 29, 2020

ഭീകരവാദികൾ ...!!!

ഭീകരവാദികൾ ...!!!
.
ഒരു മഹാമവ്യാധിയെ ശക്തമായിത്തന്നെ നേരിടാൻ ലോകം മുഴുവൻ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയും മുൻപിൻ നോക്കാതെ കർശനമായി തന്നെ നടപ്പിലാക്കുകയും ചെയ്യുകയും ഓരോരുത്തരും എവിടെയാണോ ഇപ്പോഴുള്ളത് അവിടെത്തന്നെ സുരക്ഷിതരായിരിക്കണമെന്ന് ലോകത്തിലെ എല്ലാ ആരോഗ്യപ്രവർത്തകരും ഒരുപോലെ അപേക്ഷിച്ചാവശ്യപ്പെടുകയും , ഓരോ സർക്കാരുകളും അവരവർക്കു കഴിയുന്നതിലും ഏറെ കാര്യങ്ങൾ ജനനന്മക്കുവേണ്ടി ആത്മാർത്ഥമായി തന്നെ ചെയ്തുകൊട്നിരിക്കുകയും ചെയ്യുന്ന ഈ സമയത്ത് അഷ്ടിക്ക് വകയില്ലാത്ത പാവങ്ങളെ പറഞ്ഞിളക്കി ഒരു സമൂഹ പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിക്കുന്നത് ആരായാലും അവരെ ഭീകരരായി കണക്കാക്കുകയും മുഖംനോക്കാതെ നടപടിയെടുത്ത് അമർച്ചചെയ്യുകയും ചെയ്തില്ലെങ്കിൽ രാജ്യം വലിയ വിലത്തന്നെ നൽകേണ്ടി വരുമെന്നതിൽ ഒരു സംശയവുമില്ല. ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, March 28, 2020

മോഹക്കടൽ ....!!!

മോഹക്കടൽ ....!!!
.
തീരത്തുനിന്നും കടലിലേക്കുള്ള ദൂരവും കടലിൽനിന്ന് തീരത്തിലേക്കുള്ള ദൂരവും ഒന്നാണെന്ന തെറ്റിദ്ധാരണയിൽ നിന്നാണ് അയാളുടെ തുടക്കം . അതയാളുടെ ആഗ്രഹങ്ങളുടെ ആകെത്തുകയായിരുന്നു എന്ന് തിരിച്ചറിയാനുള്ള വിവേകമില്ലായ്മ , അല്ലെങ്കിൽ അതങ്ങിനെയായിരിക്കണമെന്ന ആഗ്രഹത്തിന്റെ പ്രതിഫലനം ....!
.
എന്നിട്ടും അയാൾ അതങ്ങിനെത്തന്നെയായിരിക്കട്ടെ എന്നുമാത്രം ആഗ്രഹിച്ചുകൊണ്ടേയിരുന്നു എപ്പോഴും . അതങ്ങിനെയല്ലെന്നുറപ്പിക്കാൻ വേണ്ടിമാത്രം ഒരു മുഴക്കോലുകൊണ്ട് അളക്കാൻ പോലും ചിലപ്പോഴെല്ലാം അയാൾ തയ്യാറായിരുന്നതും അതുകൊണ്ടുതന്നെയായിരുന്നു . അവിശ്വാസത്തിൽ നിന്നും, വിശ്വാസത്തിലേക്കുള്ള ദൂരം പോലെ ...!
.
ആശ്വാസമോ ആവശ്യമോ അതുമല്ലെങ്കിൽ പ്രതീക്ഷയോ കരുത്തോ ... അങ്ങിനെ എന്തൊക്കെയായിരുന്നു ഓരോ കടലും അതിന്റെ കരകൾക്കെന്ന് അയാൾ ആശ്ചര്യപ്പെടാറുണ്ട് എപ്പോഴും . സ്വന്തമാക്കി കരുതിവെക്കാനുള്ള വെമ്പലോടെ ഓരോ കരയും ഓരോ നിമിഷവും തന്റെ കടലിലേക്ക് സ്വയമിറങ്ങിച്ചെന്ന് സ്വതന്ത്രമാകും പോലെ ...!
.
അല്ലെങ്കിൽ തന്നെ ഒരു കടലിനെങ്ങിനെയാണ് അതിന്റെ തീരത്തിന്റേതുമാത്രമായിരിക്കാൻ സ്വയമേവ സാധ്യമാവുക . കടൽ അതിന്റെ ഓരോ തീരത്തിന്റേതുമെന്ന് അവയെ ഓരോന്നിനെയും മോഹിപ്പിക്കുമാറ് ഓരോ തീരത്തോടും അടുത്തുകൊണ്ടേയിരിക്കുന്നത് അയാൾക്കുമാത്രം അറിയാതെപോകുന്നതോ അതോ കണ്ടില്ലെന്നു നടിക്കുന്നതോ ...!
.
കടൽ എപ്പോഴും അങ്ങിനെയാണ് . അലങ്കാരമായി . ആലസ്യമായി . മോഹമായി , കുളിരായി ആശ്വാസമായി പ്രതീക്ഷയായി ... അങ്ങിനെ, അങ്ങിനെ അതിനോടടുക്കുന്ന , അവരോരോരുത്തരോടും ചേർത്തുവെക്കുന്ന ഓരോ കരകളുടെയും പ്രത്യേകം പ്രത്യേകം സ്വന്തവുമായി ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, March 23, 2020

പ്രകൃതിയുടെ പാഠങ്ങൾ ...!!!

പ്രകൃതിയുടെ പാഠങ്ങൾ ...!!!
..
പുലർകാല കുളിരിൽ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ഊളിയിടാൻ ശ്രമിക്കുന്നതിനിടയിൽ ഗോമാതാവിൻറെ കരച്ചിൽ കേട്ടാണ് , കാലത്തെത്തന്നെ കണ്ണുതുറന്നത് . ഇതെന്തുപറ്റിയെന്ന് അത്ഭുതം കൂറവേ മുന്നിലതാ പതിവ് കള്ളച്ചിരിയുമായി മൂപ്പരിങ്ങനെ ചാഞ്ഞിരിക്കുന്നു . അപ്പോൾ ഗോമാതാവെവിടെയെന്ന് അത്ഭുതം കുറവേ മൂപ്പരാ ഓടക്കുഴൽകൊണ്ടൊരു അടിത്തന്നു തലയ്ക്കു തന്നെ.. ഒന്നുകൂടി നേരം വെളുത്തോട്ടെ എന്നുകരുതിയാണോ അതോ ....!
..
തന്റെ നാറ്റംകൊണ്ട്‌ മൂപർക്കിനി ബുദ്ധിമുട്ടാകേണ്ട എന്നുവെച്ച് വേഗം പോയി പല്ലൊക്കെ തേച്ച് പ്രഭാതകൃത്യങ്ങളും കുളിയും കഴിച്ച് വന്ന് അടുത്തിരുന്നപ്പോൾ മൂപ്പരും എന്റടുത്തേക്ക് നീങ്ങിയിരുന്നു . എന്നിട്ടൊരു വലിയ ലിസ്റ്റെടുത്തുതന്നു കയ്യിൽ . അതിശയത്തോടെ ഞാനാ ലിസ്റ്റുനോക്കിയതും എന്റെ കണ്ണുതള്ളിപ്പോയി ....!
..
പശു, പന്നി, പോത്ത് , കുരിശ് , കൊന്ത , ചന്ദനക്കുറി , തൊപ്പി ആചാരങ്ങൾ , അക്രമങ്ങൾ , കൊലവിളികൾ ആർപ്പുവിളികൾ ....... ഇനി ഇല്ലാത്തതൊന്നും അതിലില്ലായിരുന്നു, പക്ഷെ എവിടെയൊക്കെ നോക്കിയിട്ടും ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ഒക്കെയല്ലാതെ ആ ലിസ്റ്റിലെവിടെയും ഒറ്റമനുഷ്യനെയും മനുഷ്യത്വത്തെയും എനിക്ക് കാണാത്തതിൽ കണ്ണുംതള്ളി അന്തംവിട്ട് കുന്തംവിഴുങ്ങിയിരിക്കെ മൂപ്പർ എന്നെ മെല്ലെ തട്ടിവിളിച്ചു ...!
..
അടുത്തേക്ക് നീക്കിയിരുത്തി കണ്ണടച്ച് ചെവിയോർക്കാൻ പറഞ്ഞപ്പോൾ ഞാനും അറിയാതെ കണ്ണടച്ചു . മൂപ്പരെതൊട്ട് കാതുകൂർപ്പിക്കവേ ഒരു നനുത്ത തേങ്ങലാണ് കാത്തിലേക്കോടിയെത്തിയത് . കടലിന്റെ ഇരമ്പലിനൊപ്പം ചങ്കിൽ ജീവൻ പിടക്കുന്ന ഒരു കുഞ്ഞു തേങ്ങൽ . ഞെട്ടി മാറി ഒന്നുകൂടെ മൂപ്പരോട് ചേർന്നിരിക്കവേ അകത്ത് , അസഹ്യമായ വേദനയിൽ നിന്നുള്ള മോചനമാഗ്രഹിച്ച് മരണമേ, നീയെങ്ങിനെയെങ്കിലുമെന്നെയൊന്ന് പുൽകിയാലുമെന്ന ഒരു പെൺകുഞ്ഞിന്റെ നീറ്റുന്ന പിടച്ചിൽ ....!
..
ആശ്രയമറ്റവരെ ചൂഷണം ചെയ്യുന്ന മതപരിവർത്തകരുടെ മാടിവിളികൾ , ദൈവത്തിനെന്ന് കള്ളം പറഞ്ഞ് നിഷ്കളങ്കരെ ചുട്ടുകൊല്ലുന്ന തീവ്രവാദികളുടെ ആർപ്പുവിളികൾ , വിവേചനത്തിന്റെ , വേർതിരിവിന്റെ വേർപെടുത്തലുകളുടെ ഹൃദയവേദനകൾ . ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ ദൈവത്തെപോലും വേദനിപ്പിക്കുന്നത് ..... ഹൃദയം നിന്നുപോകുമോ എന്ന ഭയത്താൽ ഞാൻ പേടിച്ച് കണ്ണുതുറന്ന് മൂപ്പരെ കെട്ടിപ്പിടിച്ചുപോയി ....!
..
അവസരങ്ങളും പാഠങ്ങളും ഏറെത്തന്നെങ്കിലും പാഠം പഠിക്കാത്ത എനിക്കുവേണ്ടി , തന്റേതു പോലെ അവരുടേതുമാണ് ഈ ലോകമെന്ന് ചിന്തിക്കുകപോലും ചെയ്യാത്ത സ്വാർത്ഥരുടെ അത്യാർഥിക്കുമുന്നിൽ ജീവനുപോലും വേണ്ടി പിടക്കേണ്ടിവരുന്ന ഓരോ ജീവജാലങ്ങൾക്കും മരങ്ങൾക്കും പുഴകൾക്കും വേണ്ടി എല്ലാറ്റിനും അതീതമായ ഈ പ്രകൃതിതന്നെ ആവശ്യസമയത്ത് ഒരു സ്വയം സന്തുലനം നടത്തുമെന്ന് എന്നിട്ടുമെന്തേ നീ ഇനിയും തിരിച്ചറിയാത്തതെന്ന് മൂപ്പർ എന്നെ മെല്ലെ തഴുകിയാശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചപ്പോൾ എനിക്കുത്തരമില്ലായിരുന്നു ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, March 22, 2020

പ്രാണൻ പകുത്ത് ....!!!

പ്രാണൻ പകുത്ത് ....!!!
..
പേടിപ്പിക്കും വിധം ശക്തമായ മിന്നലോടെ , കാതടപ്പിക്കുന്ന ഘോരമായ ഇടിനാദത്തോടെ പകലോ രാത്രിയോ എന്നില്ലാതെ അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന ഒരു തുലാമഴപോലെയാണ് അവനെന്നാണ് അവൾ എപ്പോഴും പറയാറുള്ളത് . അവൾപോലുമറിയാതെ അവളിൽ പെയ്തിറങ്ങി പിന്നെ അവളൊന്നറിഞ്ഞുണർന്ന് ആ മഴയുടെ കുളിരിലൊന്ന് നനയാൻ തുടങ്ങുപോഴേക്കും ആകാശത്തൊരു മേഘതുണ്ടുപോലും അവശേഷിക്കാതെ അവൻ മറഞ്ഞുപോകുന്നത് അവൾക്കെപ്പോഴും അതിശയവുമായിരുന്നു ...!
...
ചിലപ്പോൾ അതിപ്രണയത്തിന്റെ , മറ്റുചിലപ്പോൾ ഒരുകുഞ്ഞിനെ പോലെ സ്നേഹത്തോടെ പിന്നെ ചിലപ്പോൾ ഒരു കാരണവരുടെ കരുതലോടെ .. വേറെ ചിലപ്പോൾ കുട്ടിക്കുറുമ്പുകളും കുസൃതികളുമായി ഒരു റൊമാന്റിക് ഹീറോ .... ഇനിയും ചിലപ്പോൾ തല്ലിക്കൊല്ലാൻ തോന്നുന്ന സംശയാലുവായ ഒരു കുശുമ്പൻ തറ കാമുകൻ .... അവൻ എങ്ങിനെ എപ്പോൾ എന്താകുമെന്ന് അവൾക്കുപോലും അത്ഭുതമാകാറാണ് പതിവ് . ....!
..
തന്നെ അത്രയും അഗാധമായി പ്രണയിക്കുന്നു എന്ന് എപ്പോഴും വാതോരാതെ പറയാറൊന്നുമില്ലെങ്കിലും അഹങ്കാരിയായ അവന്റെ ഭാവം പക്ഷെ എപ്പോഴും അങ്ങനെത്തന്നെയാണ് താനും . അവൻ അതിപ്രണയത്തിന്റെ , നിസ്വാർത്ഥസ്നേഹത്തിന്റെ ആകെത്തുകയായിട്ടും പക്ഷെ അകാരണമായി തന്നെ എന്തിനായിരിക്കും അവൻ പലപ്പോഴും ഇല്ലാത്ത കാരണങ്ങളുണ്ടാക്കി ഇങ്ങിനെ കുത്തിനോവിച്ച് കൊല്ലാതെ കൊല്ലുന്നതെന്നതും അതിശയം തന്നെ ...!
..
തന്നോട് സത്യം ചെയ്തിട്ടുണ്ടെങ്കിലും , പലപ്പോഴും തന്നെത്തന്നെ ഒളിച്ചുചാടി അവന്റെ ചില ചുറ്റിക്കളികൾ താൻ കണ്ടില്ലെന്നു നടിക്കുന്നത് അവനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടല്ലാതെ മറ്റൊന്നുമല്ലെന്ന് എന്നിട്ടും അവനെന്തേ മനസ്സിലാക്കിയിട്ടും പ്രകടിപ്പിക്കാതെ പോകുന്നു ...! താൻ അറിഞ്ഞുകൊള്ളട്ടെ എന്ന പോലെയുള്ള അവന്റെ കള്ളം പറച്ചിലുകളിൽ അവന്റെ സത്യസന്ധത താൻ തിരിച്ചറിയുന്നതുകൊണ്ടുകൂടിയാകാം താൻ അവനെ അത്രമേൽ വിശ്വസിക്കുന്നതും ...!
..
ഹൃദയത്തിൽ അമൃതൊഴിച്ച് , മനസ്സിൽ നിറയെ തന്നെ മാത്രം നിറച്ചുവെച്ച് തന്നെ തന്റെ ജീവന്റെ ജീവനായി സ്നേഹിക്കുന്ന അവൻ പക്ഷെ തൻ കൊതിക്കുന്ന പോലെ സ്ന്ഹക്കുളിരിന്റെ ഒരു നിലാമഴയായി , ആശ്വാസത്തിന്റെയും ആശ്രയത്തിന്റെയും ഒരു രാത്രിമഴയായി മാത്രം പെയ്തിറങ്ങാതെ അതിന്റെ കൂടെ എന്തിനാണ് തന്നിൽ പൊള്ളുന്ന മിന്നലായും ഭയപ്പെടുത്തുന്ന ഇടിയായും കൂടി പെയ്തിറങ്ങുന്നതെന്ന് അവൾ പലപ്പോഴും അതിശയപ്പെടുകയായിരുന്നു . ഒരുപക്ഷെ ഇതുമായിരിക്കുമോ പ്രണയമെന്നും , ഇനിയതല്ല പ്രണയമെന്നാൽ ഇതുംകൂടിയാണെന്നുമാണോ ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, March 21, 2020

ലോകം ...!!!

ലോകം ...!!!
.
ആരവങ്ങളില്ല , ആർപ്പുവിളികളില്ല ,
ആഘോഷങ്ങളും , ആചാരങ്ങളുമില്ല ,
മതങ്ങളില്ല , ജാതികളില്ല ,
കൊലവിളികളില്ല, യുദ്ധകാഹളങ്ങളും ...!
.
പ്രതീക്ഷകളില്ല , പരിഭവങ്ങളും
നിയമങ്ങളില്ല , ഉത്തരവുകളും
സമരങ്ങളില്ല, പ്രതിഷേധങ്ങളും
ജനങ്ങളില്ല ജീവിതവും ...!
.
ജീവൻ പോലും ഉണ്ടെന്നുറപ്പില്ലാത്ത
ഒരു സൂക്ഷ്മാണുജീവി
അഹങ്കാരിയായ മനുഷ്യനെ
എത്രമാത്രം ഇങ്ങിനെ നിസ്സാരനാക്കുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, March 20, 2020

നക്ഷത്രപെണ്ണിന് .....!!!

നക്ഷത്രപെണ്ണിന് .....!!!
.
അതൊരു നിയോഗമായിരുന്നു . അല്ലെങ്കിലൊരു വരദാനം . പണ്ടൊക്കെ ഈ മഹാമുനിമാരോക്കെ ശപിച്ചശേഷം ശാപമോക്ഷം കൊടുക്കുംപോലെ , മുജ്ജന്മങ്ങളിലെ പാപപരിഹാരാർത്ഥം എന്നപോലെ തന്റെ മൂപ്പർ തനിക്കായി കരുതിവെച്ച നക്ഷത്രക്കണ്ണുകളുള്ള ആ മാലാഖ പെണ്ണിനെ ...! ഒരു നിമിഷാർദ്ധത്തിൽ തന്നിലേക്ക് വന്നെത്തിയതാണെന്ന തോന്നലൊഴിച്ച് തനിക്കായി കാത്തിരുന്ന് കാത്തിരുന്ന് വന്നെത്തിയ നിധിപോലെ ....!
.
അവൾ തനിക്ക് ആരാണെന്നതിനേക്കാൾ അവൾ തനിക്കാരെല്ലാമല്ലെന്നതിലെ പുണ്യം തന്നെയായിരുന്നു അവളിലെ സത്യവുമെന്ന് തന്നെക്കാൾ നന്നായി ആർക്കാണ് അറിയാവുന്നത് . ജീവനേക്കാൾ ജീവിതത്തേക്കാൾ അവൾ തനിക്ക് നിർവൃതിയാകുന്നതും അതുകൊണ്ടുതന്നെ ...!
.
ഒരു പനിനീർ പൂപോലെ, ഒരു താമരയിതൾ പോലെ, ഒരു പൂമ്പാറ്റ കുഞ്ഞുപോലെ, പാതി കണ്ണുതുറന്നൊരു പൂച്ചക്കുഞ്ഞിനെപോലെ അവൾതന്നെയാ ഹൃദയത്തിന്റെ അഞ്ചാമത്തെ പൊന്നറയിലൊതുക്കി കരുതിവെക്കുന്നതിലെ സ്നേഹത്തേക്കാൾ വലുതായി എന്താണ് തനിക്കീ ലോകത്തിലുള്ളത് ....!
.
ഒന്ന് കിന്നരിക്കാൻ , കുറച്ച് പരിതപിക്കാൻ , കുറെ സങ്കടപ്പെടാൻ , ലേശം ചൊടിപ്പിക്കാൻ , കുറേ കുറുമ്പുകാട്ടാൻ , ചൂടുള്ള വികൃതികൾ കാട്ടാൻ, കാരണമില്ലാതെ തല്ലുകൂടാൻ , തുറന്നു പറയാതെ ദേഷ്യപ്പെടാൻ പിന്നെയൊന്ന് ഉള്ളുതുറന്ന് പ്രണയിക്കാൻ എപ്പോഴും തന്റെതും തന്റെ മൂപ്പരുടേതുമായ ആ മാലാഖപ്പെണ്ണിന് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, March 19, 2020

ചന്തത്തിലൊരു പുതപ്പ് ....!!!

ചന്തത്തിലൊരു പുതപ്പ് ....!!!
.
വലുതും ചെറുതുമായുള്ളവ
വേർതിരിച്ചെടുത്ത്
ഒറ്റക്കും കൂട്ടായും
നിറങ്ങളും തരങ്ങളും
കോർത്തൊരുക്കിവെച്ച്
കയ്യിലുള്ളതും കിട്ടാനുള്ളതും
ഇനി വരാനുള്ളതും കണക്കുകൂട്ടി
സ്വന്തമായി മാത്രം
വലിയൊരു പുതപ്പുതുന്നണം ....!
.
സൂചിയും നൂലും കയ്യിലെടുത്ത്
കാഴ്ചക്കും, പിന്നെ കാര്യത്തിനും ,
ഉൽക്കുളിരിനാൽ പുറം വിറയ്ക്കുന്ന
ഒരു കുഞ്ഞുപനിയെയും കൂട്ടുപിടിച്ച്
ചന്തത്തിൽ പുതക്കാൻ
പാകത്തിലൊരു പുതപ്പ് ...!
.
തൊങ്ങലുകളും അലങ്കാരങ്ങളും
അലുക്കുകളും തുന്നിച്ചേർത്ത്
അകത്തുള്ളതൊന്നും
പുറത്തേക്കു കാണാത്ത ,
ഒന്നും പുറത്തേക്കു കേൾക്കാത്ത
സ്വകാര്യമായൊരു പുതപ്പ് ....!
.
ആർക്കും പങ്കുവേണ്ടാത്ത
സ്വന്തം സങ്കടങ്ങളുടെ
ഏകാന്ത പുതപ്പ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, March 18, 2020

ചിലയിടങ്ങൾ .....!!!

ചിലയിടങ്ങൾ .....!!!
.
ഒരു തണൽ . പിന്നെയൊരു മരം . അതിനു ശേഷമൊരു കാട് ....! ഒളിച്ചിരിക്കാൻ ഇടങ്ങൾ ഒത്തിരി . വേണമെങ്കിൽ സ്വന്തം നിഴലിലും . അതിനു ശേഷം ..?
.
കാത്തിരിപ്പാണ് വിരഹം. കാത്തിരിപ്പാണ് പ്രതീക്ഷയും . കാത്തിരിപ്പ് തന്നെയാണ് നാളെയും .കാറ്റ് പടികടന്നെത്തിയത് ആരുമറിയാതെയാണ് . ചുറ്റിത്തിരിഞ്ഞതും കറങ്ങി തിരിഞ്ഞതും ആരുമറിയാതെ തന്നെ . അവിടെയും, ഇവിടെയും എല്ലായിടത്തും ഒരുപോലെയായി , പതുങ്ങി, ഒതുങ്ങി, മറഞ്ഞ് , തിരിഞ്ഞ് ... പക്ഷെ കാറ്റല്ലേ ......!
.
കലപിലക്ക് ശേഷം നിശബ്ദതയാണ് പതിവ് . പക്ഷെ ശബ്ദം മുഴുവൻ തൊണ്ടയിൽ കുടുങ്ങുമ്പോൾ പുറം , വാചാലതതന്നെയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ആശ്ചര്യകരവും. . വാക്കുകളിലും നിഴൽ നാടകങ്ങൾ . വാചകങ്ങളിലും ....!
.
നിഴൽ താൻ തന്നെയാകുന്നതും താൻ തന്നെ സ്വയം നിഴലാകുന്നതും എങ്ങിനെയാണ് വ്യത്യസ്തമല്ലാതാകുന്നത് . നിഴലിൽ നിന്നും തന്നിലേക്കുള്ള ദൂരം തന്നിൽ നിന്നും നിഴലിലേക്കുള്ള ദൂരത്തോളമെത്താത്തിടത്തോളം അത് രണ്ടും രണ്ടായും അല്ലെങ്കിൽ ഒന്നായും തന്നെയിരിക്കാം ....!
.
ഒന്ന് ഒന്നാകുന്നതും , ഒന്ന് ഒന്നിൽനിന്നും ഒന്നാകുന്നതും ഒന്ന് ഒന്നിനോടൊന്നാകുന്നതും ഒന്ന് പിന്നെ വലിയൊരു ഒന്നാകുന്നതും ഏറ്റവും ഒടുവിലായി ഒന്നുമല്ലാതാകുന്നതും പോലെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

ഭ്രാന്തുകൾ ...???

ഭ്രാന്തുകൾ ...???
.
അതൊരു വണ്ടായിരുന്നു . കറുത്ത് , വലിയ കൊമ്പുകളും ഉണ്ടക്കണ്ണുകളുമുള്ള കറുകറുത്ത ഒരു വലിയ വണ്ട് . ഒരു മരമൊക്കെ കുത്തിമറിച്ചിടാൻ പാകത്തിൽ അത്രയും ശക്തനായ ഒരു വണ്ട് . ചെറിയ ശബ്ദത്തിൽ തുടങ്ങി വലിയ ശബ്ദമായി ഉറക്കെ അഹങ്കാരത്തോടെ മൂളിക്കൊണ്ട് അതിങ്ങനെ നേർക്കുനേർ വരുന്നതുതന്നെ ഭയമായിരുന്നു . ഉള്ളിൽനിന്നും നിറഞ്ഞുയരുന്ന ഉറച്ച ഭയം ....!
.
നട്ടതും നനച്ചതും വളർത്തിവലുതാക്കിയതും ഒരു വലിയ പനിനീർത്തോട്ടം സ്വന്തമാക്കാനായിരുന്നില്ല . ഒരു കുഞ്ഞു പനിനീർ പൂ ആ പനിനീർ ചെടിയിൽ വിരിഞ്ഞു നിൽക്കുന്നത് മാറിനിന്ന് കണ്ട് സന്തോഷിക്കാനായിരുന്നു . എന്റെ സ്വന്തമെന്ന അഹങ്കാരത്തോടെ . എന്റെ സ്വന്തമെന്ന ആവേശത്തോടെ . വേലിക്കു പുറത്ത് ആരും കാണാതെ മാറി നിന്നെങ്കിലും തന്റെ സ്വന്തമായ ആ പൂ അവിടെയങ്ങിനെ പൂത്തു വിടർന്നു നിൽക്കുന്നത് കണ്ടു മനസ്സുനിറയാൻ . നിറഞ്ഞ സ്നേഹത്തോടെ . നിറഞ്ഞ ഹൃദയത്തോടെ ....!
.
പിന്നെയും കാറ്റ് വീശുകയാണ് . ഇക്കുറി പക്ഷെ നിശബ്ധതയാണ് എങ്ങും . മരങ്ങൾ കടപുഴകി വീഴുന്നതും വീടുകളുടെ മേൽക്കൂരകൾ പറന്നുപോകുന്നതും , ഒക്കെ മാത്രമാണ് കാഴ്ചയിൽ . അതൊരു കാറ്റുമൂലമാണെന്ന് അപ്പോഴൊന്നും അറിയുന്നേയില്ല . കാറ്റ് കാലിൽ നിന്നും നെഞ്ചിലേക്ക് തറച്ചുകയറുന്നത് നെഞ്ചിൻകൂട് തകർത്തെറിഞ്ഞുകൊണ്ടാണ് . അതുമാത്രം പക്ഷെ വലിയ ശബ്ദത്തിൽ . വളരെ വളരെ വലിയ ശബ്ദത്തിൽ ...!
.
ആ പൂ ഇപ്പോഴും എപ്പോഴും അവിടെയുണ്ടാകണമെന്ന് പ്രാർത്ഥിക്കുമ്പോഴൊക്കെ അതിനെ പറിച്ചെടുക്കാൻ വരുന്ന കുഞ്ഞു കൈകളെപോലും ഇവിടെ ഈ മരമറവിലിരുന്ന് ആട്ടിയോടിക്കുമ്പോൾ അവിടേക്ക് നീളുന്ന വലിയ കൈകളെ കൊത്തിയെരിയാൻ മൂർച്ചയുള്ള ആയുധങ്ങളും കരുതിവെച്ചിരുന്നു താൻ എപ്പോഴുമെന്ന് വേദനയോടെ ഓർക്കുന്നു . പക്ഷെ അതെന്തിന് ... ചോദ്യം, ഉത്തരങ്ങൾ .. എല്ലാം വ്യർത്ഥവും ....!
.
തിരമാലകൾ നിശ്ചലമാകുന്നതും മാമലകൾ നിശബ്ദമാകുന്നതും എന്തോ , ഇതേ കാറ്റുമൂലം തന്നെയെന്ന് എന്തുകൊണ്ടോ ഓർക്കാൻ പോലും ഭയമാകുന്നു . താനും ആ കാറ്റിൽ നഷ്ട്ടപ്പെട്ടുപോയാലോ എന്നഭയം പോലെ . താനും ആ കാറ്റിൽ ഇല്ലാതായാലോ എന്ന ഭയം പോലെ . പക്ഷെ ......!
.
കൈകൾ മരവിക്കുന്നു . കാലുകൾ നിശ്ചലമാകുന്നു . മനസ്സും ശരീരവും വ്യർത്ഥവുമാകുന്നു . ആരുമില്ലാതെ, ആർക്കും വേണ്ടാതെ .....! പക്ഷെ അപ്പോഴും ആ വണ്ട് അവിടെയുണ്ട് . മൂളിക്കൊണ്ട് . ആ പനിനീർച്ചെടിയും അതിലെ പൂവും പോലും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, March 17, 2020

ചിതറി ....!!!

ചിതറി ....!!!
.
ചില ശൂന്ന്യതകൾ
ചിന്തയുടേതാണ്
മറ്റു ചിലതാകട്ടെ
മിഥ്യയുടേതും ...!
.
അതൊരു കാറ്റായിരുന്നു
ചുട്ടുപഴുത്ത സന്ധ്യയുടെ
അഗാധതയിലേക്ക്
കൈപിടിച്ച് ആനയിക്കുന്ന
ഒരു ഇളം കുളിർ തെന്നൽ ....!
.
ഓരോ നദിയും
ഒരോ ഗ്രാമത്തിന്റേതാണ്
അവരവരുടേതെന്ന്
ഓരോ ഗ്രാമീണനും
സ്വയം അവകാശപ്പെടാനെന്ന പോലെ ....!
.
പക്ഷേ .....?
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...