Thursday, August 28, 2014

കാവൽക്കാരൻ ...!!!

കാവൽക്കാരൻ ...!!!
.
വഴിയോരത്തെ
വലിയ വീടിനുമുന്നിൽ
ഒരു വലിയ പട്ടി .
കറുത്ത നിറവും
വലിയ ശരീരവും
നിറഞ്ഞ ശൌര്യവുമുള്ള
ഭീകരൻ പട്ടി ...!
.
അതിക്രമിച്ചു കടക്കുന്നവരെ
കടിച്ചുകുടയാൻ
യാതൊരു മടിയുമില്ലാത്ത
കാവൽക്കാരൻ പട്ടി ....!
.
സ്നേഹവും
കൂറും
ആത്മാർത്ഥതയുമുള്ള
നാടൻ പട്ടി ...!
.
വഴിയോരത്തെ
വലിയവീടിനുമുന്നിൽ
തടിച്ച ചങ്ങലയിൽ
സ്ഥിരമായി തളയ്ക്കപ്പെട്ട് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, August 27, 2014

തുരുത്തുകൾ ...!!!

തുരുത്തുകൾ ...!!!
.
കടൽ കടക്കുമ്പോൾ
കാലുനനയരുത്
കാലിലെതണുപ്പ്
തലയിലുമെത്തരുത് ....!
.
എന്റെ ക്രോധത്തെ
രണ്ടായി പകുത്ത്
ഒരു പകുതി
എന്റെ തന്നെ ചുണ്ടിലെ
പുഞ്ചിരിയിലും
മറ്റേ പകുതി
എന്റെ
വലത്തേ കൈവെള്ളയിലും
പകർന്നു വെക്കുക....
അവയെനിക്ക്
ഉപയോഗിക്കാനുള്ളതാണ് ...!
.
തുരുത്തുകൾ
ഒളിത്താവളങ്ങളുമാണ്‌ ....
ജീവിക്കാൻ
ആഗ്രഹിക്കുന്നവരുടെ മാത്രം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, August 23, 2014

ആകാശം ശൂന്ന്യമാണ് ...!!!

ആകാശം ശൂന്ന്യമാണ് ...!!!
.
പകലുപോലെ വ്യക്തമായിരുന്നു അയാളുടെ ഉദ്ദേശ്യം . എന്നിട്ടും അവൾ എതിർത്തില്ല . അയാളെ അനുസരിച്ചുമില്ല . മൌനം സമ്മതം എന്നാണല്ലോ പഴമൊഴി . പ്രതിഷേധിക്കാൻ തനിക്കുള്ള സാധ്യത മൌനമാണെന്ന് അവൾ തിരഞ്ഞെടുത്തത് എന്ന് അയാൾ അറിഞ്ഞിരിക്കണമെന്നുമില്ലല്ലൊ . ...!
.
അയാളുടെ ആവേശം പക്ഷെ ഏറ്റു വാങ്ങാതിരിക്കാൻ അവൾ ശ്രമിച്ചതേയില്ല എന്നത് അയാളെ അത്ഭുത പ്പെടുത്തിയില്ല . എന്നിട്ടും അയാൾ ശ്രദ്ധിച്ചത് അവളെ തൃപ്തിപ്പെടുത്താനായിരുന്നു എന്നത് പക്ഷെ അവളെ ചിന്തനീയയാക്കി . ഇതൊരു പക്ഷെ ജീവിതത്തിലെ ആദ്യത്തെ അനുഭവം . ചിലപ്പോൾ അവസാനത്തേതും ... ?
.
കണക്കെടുക്കാൻ മാത്രം അങ്ങിനെ പലരുമൊന്നും കടന്നെതിയിട്ടില്ലാതിരുന്നതിനാൽ അയാൾ അവളുടെ ഓർമ്മകളിൽ നിലനിന്നു . തന്റെ അവകാശിക്കൊപ്പം . അവകാശം എന്നത് കണക്കെടുപ്പിന്റെ അറ്റത്തുള്ള കൂട്ടലിനും കുറക്കലിനും ശേഷം ലഭിക്കുന്ന അവസ്ഥതന്നെ എന്നത് അവൾക്കപ്പോൾ നിശ്ചയമുണ്ടായിരുന്നല്ലോ ...!
.
യാത്രയിൽ കണ്ടുമുട്ടുന്ന ചില ദൃശ്യങ്ങൾ പോലെ വ്യക്തതയോടെ നിലനിൽക്കുന്ന ചില രൂപങ്ങൾക്കൊപ്പം താനും . പകലുപോലെ അല്ലെങ്കിൽ കറുത്ത രാത്രി പോലെ . മഴയും വെയിലും മാറി മാറി വരുന്നത് എത്രയോ വട്ടം അറിഞ്ഞിരിക്കുന്നു അനുഭവിച്ചിരിക്കുന്നു . അപ്പോഴൊക്കെയും പക്ഷെ തനിക്കു മേലെ എന്തേ ഒരു ആകാശത്തിന്റെ ആവരണം ഇല്ലാതിരുന്നു എന്ന് അവൾ ഓർത്തുവെച്ചു ...!
.
ഭൂതകാലത്തിൽ നിന്നും ഭാവിയില്ലാത്ത ഒരു വർത്തമാനത്തിലേയ്ക്ക് കാലെടുത്തു വെച്ചത് തന്നെ നിർബന്ധ പൂർവ്വമായിരുന്നല്ലൊ . ബന്ധനങ്ങളുടെ നൂലിഴകൾ കഴുത്തിലൂടെ ചിന്തകളിലേയ്ക്കും ആത്മാവിലെയ്ക്കും തിരിച്ചിറങ്ങുമ്പോൾ മുതൽ താൻ തന്നെയും സർവ്വഥാ സമർപ്പിച്ചു കഴിഞ്ഞിരുന്നു ....!
.
പുണ്ണ്യത്തിന്റെ , പാരമ്പര്യത്തിന്റെ ..... തുടരേണ്ട ആചാരങ്ങളുടെ ഒരുക്കങ്ങളെല്ലാം എപ്പോഴും കണക്കോടെ കരുതി വെച്ചു . ഒന്നിനും എവിടെയും ഒരു കുറവുമില്ലാതെ . എന്നിട്ടും അവൾ മാത്രം അവസ്ഥാന്തരങ്ങളിൽ മാറി നിൽക്കപ്പെട്ടത്‌ അവസരങ്ങളുടെ സ്വാർഥത ....!
.
വിൽക്കപെടാൻ ഒരുക്കി നിർത്തുമ്പോഴും വാങ്ങുന്നവന്റെ അവകാശത്തേക്കാൾ വലുതായി വിൽപ്പനച്ചരക്കിന്‌
കാഴ്ച്ചകളില്ല . ആവരണങ്ങളും ആമുഖങ്ങളും ...! അവകാശികൾ ഏറുന്നതല്ലാതെ അവകാശങ്ങൾക്ക് പരിഗണനപൊലുമില്ല എന്ന സത്യം അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു അപ്പോഴേക്കും ...!
.
എപ്പോഴുമെന്നപോലെ അവൾ അപ്പോഴും പുറത്തേയ്ക്കൊന്നു നോക്കി നെടുവീർപ്പിടാൻ ഒരുങ്ങി . പുറത്തെ പകലുകളും രാത്രികളും ആകാശവും ഭൂമിയും കാണ്‍കെ . നക്ഷത്രങ്ങളും സൂര്യനും കാണ്‍കെ . അപ്പോഴും അവൾക്കു മേലെ ആകാശം ശൂന്ന്യം തന്നെയായിരുന്നു എന്നത് ശ്രദ്ധിക്കാതെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, August 20, 2014

ഇനി , എന്ന ചോദ്യം ...!!!

ഇനി , എന്ന ചോദ്യം ...!!!
.
ഇനി ...! പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ആ ചോദ്യത്തിന്റെ പ്രതിഫലനം അന്തരീക്ഷത്തിൽ അവസാനിക്കും മുൻപേ അവൾ അവിടെ നിന്നും പുറത്തിറങ്ങാൻ തുടങ്ങിയിരുന്നു. ജീവിതത്തിന്റെ പങ്കിടപ്പെടാത്ത മറ്റേ പകുതിയിലെ നേർ രേഖയിൽ അന്തരീക്ഷവായുവിൽ നിശ്ചലമായ ആ വാക്കുകളുടെ ആരംഭത്തെ മെല്ലെയൊന്ന് ചുംബിച്ചെടുക്കാൻ അവൾ പക്ഷെ അപ്പോഴും മറന്നില്ല ...!
.
ചോദ്യത്തിന് ഇവിടെ സമയമില്ല .. ഉത്തരത്തിനും .. ലക്ഷ്യത്തിനു മുൻപേ ദൂരം അളക്കാൻ പോലും സാധ്യമല്ലാത്തപ്പോൾ പിന്നെ എന്താണ് ചിന്തിക്കാനുള്ളത് . കരുതാൻ വലിയ ബാണ്ഡങ്ങൾ ഇല്ലാത്തത് ഓട്ടത്തിന്റെ വേഗത വർദ്ധിപ്പിക്കും എന്ന ഒരാശ്വാസം മാത്രം ബാക്കി ...! എങ്കിലും ചിറകുകളില്ലാത്തത് , കാലുകൾ ബന്ധനസ്ഥമാണെന്നത് .. എല്ലാം ചിന്തനീയം തന്നെ ...!
.
കുട്ടികളുടെ കയ്യും പിടിച്ച് ഓടാൻ തുടങ്ങുമ്പോൾ അവർ തിരിഞ്ഞു നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . ഒരു മാത്ര നിന്ന് പോയാൽ .. ഒരു വട്ടം ചിന്തിച്ചു പോയാൽ പിന്നെ കൈവിടുന്നത് അവരുടെ തന്നെ ജീവിതമാണെന്ന് തനിക്ക് ഉത്തമ ബോദ്ധ്യമുള്ളതിനാൽ ശ്രദ്ധിച്ചു . പരമാവധി ...!
.
അനാഥത്വത്തിന്റെ തീക്ഷ്ണത ഇത്രത്തോളം വരുമെന്ന് ആദ്യമായി ഇപ്പോൾ തിരിച്ചറിയുന്നു ... അവൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ പോലും വയ്യാത്ത അത്രയും തീവ്രതയോടെ ജീവിതത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ എങ്ങിനെയാണ് പിന്തിരിഞ്ഞു നിൽക്കാനാവുക ...!
.
അവസാനിപ്പിക്കാൻ എല്ലാം എളുപ്പമാണ് , പക്ഷെ തുടങ്ങാനാണ് തന്റേടം വേണ്ടതെന്ന് അവൻ എപ്പോഴും പറയാറുള്ളത് മാത്രം അപ്പോൾ ഓർത്തുവെച്ചു . അല്ലെങ്കിൽ തന്നെ ഇപ്പോഴല്ലെ ശരിക്കും തുടങ്ങുന്നത് . ഇതുവരേയ്ക്കും കാൽപ്പാടുകൾക്ക് മേലെ കാലടികൾ ചേർത്ത് വെച്ച് പിന്തുടരുക മാത്രമല്ലേ ആയിരുന്നുള്ളൂ ...!
.
വയ്യ ... പിന്നിടാനുള്ള ദൂരതിലെയ്ക്ക് തളർച്ചയുടെ വിയർപ്പുതുള്ളികളെ ഹോമിക്കെണ്ടിയിരിക്കുന്നു എങ്കിലും വയ്യ ... ആശുപത്രിക്കിടക്കയിൽ വിറങ്ങലിച്ച അവന്റെ ശരീരം ഭാരിച്ച ചികിത്സാ ബില്ലുകൽക്കൊപ്പം ഉപേക്ഷിച്ചു പോരേണ്ടി വരുമ്പോൾ തുടങ്ങിയ വേദനയ്ക്കൊപ്പം ഇനി എന്ന ചോദ്യത്തിന്റെ ഭാരവും താങ്ങിയുള്ള ഈ ഓട്ടം തുടര്ന്നല്ലേ പറ്റു . കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന അവന്റെ ഈ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങൾക്ക്‌ വേണ്ടിയെങ്കിലും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, August 16, 2014

നാളെകളിലേയ്ക്ക് ...!!!

നാളെകളിലേയ്ക്ക് ...!!!
.
ഇന്നലെകളിലൂടെ
നാളെയിലേയ്ക്കെത്തുന്ന
ഇന്നുകളെ
കാലം
എങ്ങിനെയാണ്
എന്നേയ്ക്കും
കാത്തുവെക്കാതിരിക്കുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

സ്വാതന്ത്ര്യദിനം ....!!!

സ്വാതന്ത്ര്യദിനം ....!!!
.
തകർക്കാനാകാത്ത
എന്റെ
ബന്ധനത്തിൽ
ഞാൻ
തളയ്ക്കപ്പെട്ടിരിക്കെ
എങ്ങിനെയാണ്
ഞാൻ
സ്വാതന്ത്ര്യദിനം
ആഘോഷിക്കുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, August 11, 2014

രണ്ടുതുള്ളി കണ്ണുനീർ ....!!!

രണ്ടുതുള്ളി കണ്ണുനീർ ....!!!
.
ഇക്കുറി പക്ഷെ
രണ്ടു തുള്ളി കണ്ണുനീർ
ഞാൻ ബാക്കി വെക്കും
കാരണം
അതെനിക്കുവേണ്ടിമാത്രം
കരുതിവെക്കാനുള്ളതാണ്‌ ...!
.
അതിലൊരു തുള്ളി
സ്നേഹംകൊണ്ട്
എന്റെ ഹൃദയം മുറിഞ്ഞ്
ഇറ്റു വീഴുന്ന
രക്ത തുള്ളികൾ
കഴുകി കളയാനുള്ളതാണ്‌ ...!
.
പിന്നത്തെ തുള്ളി
ബന്ധനങ്ങളുടെ തീച്ചൂളയിൽ
ഉരുകിയൊലിക്കുന്ന
എന്റെ മനസ്സിന്
കുളിരു പകരാൻ ...!
.
ഇനി
ഞാനൊന്ന് കരയട്ടെ
അവസാനം അവശേപ്പിക്കാൻ
എനിക്കാ രണ്ടുതുള്ളി
കണ്ണുനീർ വേണം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, August 9, 2014

ഏകാന്തത എന്നത് ....!!!

ഏകാന്തത എന്നത് ....!!!
.
ഏകാന്തത എന്നത്
ഒരു സ്വപ്നവുമാകുന്നു ...!
.
ചിലപ്പോൾ
തനിച്ചാകുമ്പോഴും
മറ്റുചിലപ്പോൾ
കൂട്ടതിലാകുമ്പോഴും
കൂടെനിൽക്കുന്ന
സുഹൃത്തിനെ പോലെ ...!
.
ഏകാന്തത
ഒരു വിജനതയുമാകുന്നു
നിശബ്ദതയിലെ
വാചാലതപോലെ ...!
.
ഏകാന്തത
ഇനി ചിലപ്പോൾ
പ്രണയവുമാകുന്നു
പ്രാണൻ പകുത്തു നൽകുന്ന
വേദനയുടെ പ്രണയം ....!
.
ഏകാന്തത
മരണവുമാകുന്നു
ചിലർക്കെങ്കിലും,
അത്
ജീവിതത്തെ
തൊട്ടറിയാത്തിടത്തോളം ...!
.
എനിക്ക് മാത്രം പക്ഷെ
ഏകാന്തത
ജീവിതമാകുന്നു ....
സ്വർഗ്ഗതുല്ല്യമായ
യാതനകളുടെ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

ആത്മാവിൽ നിന്നും ...!!!

ആത്മാവിൽ നിന്നും ...!!!

അയാളുടെ പുരുഷത്വത്തി നു നേരെ നിഷ്കരുണം തിരിഞ്ഞു കിടക്കുമ്പോഴൊക്കെ അവൾ ഒരുതരം ഭ്രാന്തമായ ആത്മരതിയുടെ ആലസ്യം അനുഭവിക്കും പോലെയായിരുന്നു . അയാളെ പരിഹസിക്കുമ്പോൾ അവൾക്കു ലഭിക്കുന്ന സംതൃപ്തിപോലെ. അല്ലെങ്കിൽ അയാൾക്ക്‌ പകരക്കാരെ തന്നിലേക്ക് വലിച്ചടുപ്പിക്കുമ്പോൾ കിട്ടുന്ന പ്രതികാര സുഖം പോലെ ...!
.
എന്നിട്ടും അയാൾ മാത്രം അവൾക്കെന്നും അത്ഭുതമായി അവശേഷിച്ചു . അവസരങ്ങൾ ഉണ്ടായിട്ടും , കാത്തിരിക്കാനും സ്വീകരിക്കാനും വേണ്ടപ്പെട്ടവർ ഇഷ്ട്ടംപോലെ ഉണ്ടായിട്ടും എന്നും തനിക്കൊപ്പം മാത്രം നിന്നിരുന്ന ആ മനുഷ്യനെ പക്ഷെ താൻ എന്നെങ്കിലും ഒരു ഭർത്താവിന്റെ പോയിട്ട് ഒരു മനുഷ്യൻ എന്ന പരിഗണനപോലും നൽകിയതെയില്ല ...!
.
അയാളുടേതല്ലെന്നറിഞ്ഞിട്ടും തന്റെ രണ്ടു കുട്ടികളെയും അയാൾ സ്വന്തമായി കരുതി പരിപാലിക്കുന്നത് കാണുമ്പൊൾ എന്നും ആവേശമായിരുന്നു . അയാളെ തോല്പ്പിക്കുന്നതിലുള്ള വാശി . അവരെ അയാളേക്കാൾ സ്നേഹിക്കുന്ന അയാളെ ഒരു ശത്രുവിനെ പോലെ പെരുമാറാൻ മക്കളെ പറഞ്ഞു പഠിപ്പിച്ചിട്ടും അയാൾ അവരെ സ്നേഹിച്ചുകൊണ്ടെയിരുന്നു ....!
.
എന്നെങ്കിലുമൊരിക്കൽ തന്റെ ശരീരത്തിൽ തൊടാൻ പോലും അയാളെ താൻ അനുവദിച്ചതായി ഓർമ്മയിൽ പോലുമില്ല . എന്നിട്ടും അയാൾ മാത്രം തന്റെ നിശ്വാസത്തിനെങ്കിലുമായി എപ്പോഴും കാത്തുനിന്നു . സഹതാപ ത്തോടെയെങ്കിലുമുള്ള ഒരു നോട്ടത്തിന് അയാൾ കൊതിച്ചു നിന്നിരുന്നത് പുച്ഛത്തോടെ മാത്രം നോക്കിനിന്നു കാണുമ്പോൾ എന്തൊരു സംതൃപ്തിയായിരുന്നു തനിക്ക് ...!
.
അമ്മാവന്റെ മകൾ ... കളിക്കൂട്ടുകാരി ..... അച്ഛനും അമ്മയുമില്ലാത്ത അയാളെ വളർത്തി വലുതാക്കിയവരോടുള്ള കടപ്പാട് . ആശ്രയവും ആവോളം സ്നേഹവും വാരിക്കോരി കൊടുത്തവരോടുള്ള നന്ദി . അതൊന്നും മാത്രമായിരുന്നില്ലല്ലൊ അയാൾക്ക്‌ തന്നോട് ഉണ്ടായിരുന്നത് . ഹൃദയം നിറഞ്ഞ സ്നേഹം മാത്രം . എന്നും വിധേയത്വത്തോടെ ആത്മാർഥതയോടെ തനിക്കു വേണ്ടി. എന്നിട്ടും താൻ ഒരിക്കൽ പോലും അയാളെ പ്രണയിച്ചതേയില്ലായിരുന്നു ...!!
.
കാമ്പസ്സിന്റെ ഹരമായി ആ ആരാമത്തിലെ ഏറ്റവും മനോഹരമായ പുഷ്പ്പമായി വിടർന്നുനിന്ന തന്നിലെ തേൻ നുകരാനെത്തിയ വണ്ടുകളിൽ ഒന്നിന്റെ കുസൃതിയിൽ ജീവിതം തന്നെ അവസാനിപ്പിക്കാൻ ശ്രമിച്ചതിന് ദൈവം തന്റെ അച്ഛന്റെയും അമ്മയുടെയും ജീവനെടുത്ത് പകരം വീട്ടിയപ്പോൾ കൂടെനില്ക്കാൻ, കൂടെ കൂട്ടാൻ അയാൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് താൻ ഒരിക്കലും ഓർത്തതേയില്ല ....!
.
എന്നിട്ടും എന്തിനായിരുന്നു താൻ അയാളെ ഇത്രമാത്രം വെറുത്തിരുന്നത് ... തന്നോട് തന്നെയുള്ള പ്രതികാരത്തിൽ നിന്ന് തുടങ്ങിയ ഒരു വാശി മാത്രമായിരുന്നു ആദ്യമെല്ലാം . പിന്നെ പിന്നെ ആ വെറുപ്പ്‌ അയാളിലേക്ക് പകർന്ന് താൻ തന്നിൽ നിന്ന് തന്നെ രക്ഷപെടുകായിരുന്നില്ലേ . അതെ, അത് തന്നെയാണ് സത്യം ...!
.
പ്രതികാരം തീർക്കാനെന്ന വണ്ണം എന്തൊക്കെ പേക്കൂത്തുകൾ . എല്ലാം ശരീരം മാത്രമെന്ന് അഹങ്കരിച്ച നാളുകൾ . എല്ലാം തനിക്കു ചുറ്റുമെന്ന് വ്യാമോഹിച്ച നിമിഷങ്ങൾ .പണവും പദവികളും ശരീരത്തിന്റെ അടിമകളായ കാലം . ....!
.
ഇന്ന്, ഇപ്പോൾ ഈ കിടക്കയിൽ മനസ്സ് മാത്രം ജീവിച്ചിരിക്കുന്ന തന്റെ കൂട്ടിനും അയാൾ മാത്രം . അയാളെ വെറുക്കാൻ പഠിപ്പിച്ച് മക്കൾ തന്നെ വെറുത്ത് കടന്നു പോയപ്പോഴും , തന്റെ ശരീരം തന്റെ നിയന്ത്രണങ്ങളെ ലംഘിക്കാൻ തുടങ്ങുന്നു എന്നറിഞ്ഞതും കൊണ്ട് നടന്നവർ കൂട്ടൊഴിഞ്ഞപ്പോഴും പരിഭവമില്ലാതെ പരാതിയില്ലാതെ തന്നെ ഏറ്റെടുക്കാൻ അയാൾ മാത്രം. തന്റെ ഭർത്താവ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, August 6, 2014

നിശ്ചലതയ്ക്ക് മുൻപേ ....!!!

നിശ്ചലതയ്ക്ക് മുൻപേ ....!!!
.
കണ്ണുകൾ മൂടിക്കെട്ടിയാണ് അയാളെന്നെ അകത്തേക്ക് കൊണ്ട് പോയത് .അതൊരുപക്ഷെ എന്റെ കാഴ്ച്ചയെ തടയാനാകണമെന്നില്ല മറിച്ച് അയാളുടെ രൂപങ്ങൾ എന്നിലേക്ക്‌ നഷ്ട്ടപെടാതിരിക്കാനാകാം ...!
.
എന്നിട്ടും അയാളവിടെ ഒരു മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു . മുറിയുടെ ഒത്ത നടുവിലായി എല്ലായിടത്തെക്കും വെളിച്ചം എത്തത്തക്കവണ്ണം . അതും അയാളുടെ കാഴ്ച്ചയെ നഷ്ട്ടപെടുതാതിരിക്കാൻ തന്നെയാകണം ...!
.
മുറി നിറയെ അയാൾ പെട്ടികൾ നിരത്തി വെച്ചിരുന്നു പല വലിപ്പത്തിലും നിറത്തിലും രൂപത്തിലും പല ആകൃതിയിലും ഉള്ള വിചിത്രങ്ങളായ പെട്ടികൾ . ആ പെട്ടികളിലോക്കെ ഏതോ പേരുകളും അയാൾ എഴുതിവെച്ചിരുന്നു ...!
.
അവിടെയുള്ള ഒരു ഇരിപ്പിടത്തിൽ അയാളെന്നെ ഇരുത്തുകയും പിന്നെ എന്റെ കാഴ്ച എനിക്ക് തന്നെ മടക്കി തരികയും ചെയ്തപ്പോൾ ഞാൻ ആദ്യം നോക്കിയത് എന്നെ തന്നെയായിരുന്നു . കാരണം എനിക്കറിയേണ്ടിയിരുന്നത് ഞാൻ അങ്ങിനെതന്നെ അപ്പോഴും ഇരിക്കുന്നു എന്നതായിരുന്നു ..!
.
പിന്നെ ഞാൻ ആ മുറിയുടെ പശ്ചാത്തലത്തിലൂടെ , ചുറ്റുപാടുകളിലൂടെ ഒരു നേർരേഖയിൽ എന്നപോലെ അയാളെ നോക്കുമ്പോൾ അയാൾ എനിക്ക് മുഖം തരാതിരിക്കാൻ അയാളുടെ മുഖം മറച്ചുപിടിക്കാനുള്ള പാഴ്ശ്രമത്തിലായിരുന്നു .... പരാജയപ്പെടും എന്നുറപ്പുള്ള വിധം ...!
.
എന്നിട്ടും എനിക്കുമുന്നിൽ അയാൾ നിരത്തിവെച്ച പെട്ടികളിലെ പേരുകൾ എനിക്ക് വായിച്ചെടുക്കാൻ ആദ്യ ശ്രമത്തിൽ എനിക്ക് കഴി ഞ്ഞതെയില്ല . കാരണം അതെല്ലാം അയാൾ എഴുതിയിട്ടുണ്ടായിരുന്നത് അയാളുടെ ഹൃദയ രക്തം കൊണ്ട് മാത്രമായിരുന്നു ...!
.
കണ്ണുകൾ സ്വയം മൂടി , പിന്നെ അയാള് ചെയ്തത് അയാളുടെ കാലുകൾ സ്വയം കെട്ടുകയായിരുന്നു. ഒരിക്കലും പൊട്ടാത്തവിധം ബലമായി .അപ്പോൾ ഞാൻ എന്റെ സ്വതന്ത്രമായ കാലുകൾ നോക്കി പുഞ്ചിരിച്ചുപോയി ...!
.
പിന്നെ അയാൾ അയാളുടെ കൈകൾ രണ്ടും സ്വയം പുറകിലേക്ക് വലിച്ചുകെട്ടി. അതിനയാൾക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും അതിലയാൾ വിജയിക്കുന്നത് കണ്ട് ഞാൻ പക്ഷെ അഭിമാനം കൊണ്ടു ...!
.
ഒടുവിൽ അയാൾ അയാളുടെ കണ്ണുകൾ മൂടിക്കെട്ടാൻ എന്നോടാവശ്യപ്പെട്ടപ്പോൾ ഞാൻ ആഹ്ലാദം കൊണ്ട് തുള്ളിചാടിപ്പോയി . തുറന്നിരിക്കുന്ന എന്റെ കണ്ണുകൾ നോക്കി ഞാൻ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഞാൻ അയാളുടെ കണ്ണുകളിലേയ്ക്ക് തറപ്പിച്ചു നോക്കിയപ്പോൾ അവിടെ ഒരു പരിഹാസം മാത്രം കണ്ട് ഞാൻ ആശ്ച്ചര്യപ്പെടാതിരുന്നില്ല ...!
.
ഞാൻ അയാളുടെ കണ്ണുകൾ കെട്ടുമ്പോൾ അയാൾക്ക്‌ വേദനിക്കാതിരിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നു . ഒട്ടും കാഴ്ച ചോരാത്തവിധം കെട്ടണമെന്ന്കെ അയാൾ നിർബന്ധം പിടിച്ചുകൊണ്ടെയിരുന്നു . കെട്ടി കഴിഞ്ഞപ്പോൾ അവിടെയിരിക്കുന്ന പെട്ടികളിലെ പേരുകൾ ഉറക്കെ വായിക്കാൻ അയാൾ എന്നോട് ആജ്ഞാപിച്ചു ...!
.
തെല്ലൊരു ജിജ്ഞാസയോടെ ഏറെ ബുദ്ധിമുട്ടി ഞാൻ ആ പേരുകൾ ഉറക്കെ വായിക്കാൻ തുടങ്ങിയപ്പോഴാണ് തിരിച്ചറിയുന്നത്‌ അതെല്ലാം എന്റെ പേരുകൾ തന്നെയായിരുന്നെന്ന് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, August 4, 2014

നിരാലംബരുടെ കൊലപാതകികൾ ...!!!

നിരാലംബരുടെ കൊലപാതകികൾ ...!!!
.
നിരാലംബനായ ഒരാളെ നേരിട്ട്കൊല്ലുന്നതിനേക്കാൾ ക്രൂരമാണ് അയാളെ കൊലയാളിക്കുമുന്നിലേക്ക് കൊല്ലാൻ ഇട്ടുകൊടുക്കുന്നത് . അങ്ങിനെ വരുമ്പോൾ കൊല്ലാൻ ഇട്ടുകൊടുക്കുന്നവർ ഇരട്ടി കുറ്റമാണ് കൊലപാതകികളെക്കാൾ ചെയ്യുന്നത് എന്നതാണ് സത്യം . എന്നാൽ ഇതൊരിക്കലും കൊലപാതകികളുടെ കുറ്റത്തിന് കുറവ് വരുത്തുന്നുമില്ല എന്നും ഓർക്കേണ്ടതാണ് ...!
.
ലിബിയ , ഇറാഖ് , അഫ്ഘാനിസ്ഥാൻ , സുഡാൻ , പാലസ്തിൻ , ഉക്രൈൻ ..... ലോകത്തിലെവിടെയും നടക്കുന്ന ഓരോ സംഘർഷത്തിലും ഒരുവശത്ത് കൊലപാതകികൾക്കൊപ്പം നിൽക്കുന്നവർ അല്ലെങ്കിൽ സംഘർഷത്തിലെ ഒരു പങ്കാളി എല്ലായിടത്തും ഒന്നാണെന്ന സത്യം എന്തുകൊണ്ട് നാം വിസ്മരിക്കുന്നു ...!
.
ഓരോ സംഘർഷത്തിലും നഷ്ട്ടങ്ങൾ സംഭവിക്കുന്നത്‌ അതിൽ ഒരിക്കലും നേരിട്ടിടപെടാത്ത നിരാലംബരായ പാവങ്ങൾക്ക്‌ മാത്രമാണ് . സ്ത്രീകൾ കുട്ടികൾ , വൃദ്ധർ , രോഗികൾ ... പ്രതികരിക്കാൻ പോലും കെൽപ്പില്ലാത്ത ഇത്തരക്കാരെ ആരും തിരഞ്ഞുപിടിച്ച് കൊല്ലുന്നതല്ലെങ്കിലും ഇരകൾ ആക്കപ്പെടുന്നത് എപ്പോഴും ഇവരൊക്കെ തന്നെ.....!
.
സംഘർഷങ്ങൾ എപ്പോഴും ഒരു വിഭാഗത്തിന്റെ മുതലെടുപ്പിന് വേണ്ടി കൂടിയാണ് എന്ന് വരുന്നിടതാണ് അതിന്റെ ഭീകരത വെളിവാക്കപെടുന്നത് . കുളം കലക്കി മീൻ പിടിക്കുക എന്ന പ്രാകൃത കുടിലത എത്ര മനോഹരമായാണ് ആധുനിക അധിനിവേശക്കാർ പയറ്റി മുതലെടുപ്പ് നടത്തുന്നത് ...!
.
ഓരോ ജീവനും വിലപ്പെട്ടതാണ്‌ . എവിടെയും ആരും ശത്രുവായി ജനിക്കുന്നില്ല , മരിക്കുന്നുമില്ല . കൊല്ലപ്പെടുന്നവന്റെ വേദനയെക്കാൾ വലുതല്ല ഒരിടത്തും കൊലപാതകികളുടെ അവകാശങ്ങൾ . എന്തിനു വേണ്ടിയാണ് കൊല്ലപ്പെടുന്നത് എന്ന് പോലും അറിയാതെ മരണമടയേണ്ടി വരുന്ന ഹതഭാഘ്യരുടെ ജീവനുവേണ്ടി പ്രാർത്ഥനയെങ്കിലും ചെയ്യാൻ ഓരോ സഹജീവിക്കും കരുണയുണ്ടാകേണ്ടത് അനിവാര്യം തന്നെ ...!
.
സംഘടിത ശക്തികൾക്കു മുന്നിൽ എതിർത്ത് നിൽക്കാൻ കെൽപ്പില്ലെന്ന പതിവ് ജൽപ്പനങ്ങൾക്ക് പകരം പ്രതിഷേധത്തിന്റെ ഒരു ശബ്ദമെങ്കിലും നാം ഉയർത്തേണ്ട കാലം കടന്നു പോകുന്നു എന്നോർക്കുക . ഇന്ന് മറ്റൊരിടത്താണെങ്കിൽ , ഇന്ന് മറ്റൊരാൾക്കാണെങ്കിൽ നാളെ അത് നമുക്ക് തന്നെ ആയിക്കൂടെന്നില്ല എന്നത് നഗ്നമായ ഒരു സത്യം മാത്രമാണ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ .

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...