Tuesday, November 4, 2014

രണ്ടു പെണ്‍കുട്ടികൾ ...!!!

രണ്ടു പെണ്‍കുട്ടികൾ ...!!!
.
( " ഓർമ്മപ്പുസ്തകം " )
.
പത്രപ്രവർത്തകനായ സുഹൃത്തിന്റെ കൂടെ അങ്ങോട്ട്‌ പോകുമ്പോൾ എനിക്കൊന്നും അറിയില്ലായിരുന്നു. എന്നെ അവിടെ തനിച്ചിരുത്തി പോകാൻ പറ്റാത്തത് കൊണ്ടാണ് അവൻ , അവനെ കാണാൻ ചെന്ന എന്നെയും അവരുടെ കൂടെ കൂട്ടിയത്. പോകുന്നത് സൈനികരുടെ കൂടെയാണെന്നും , ആക്രമണം നടന്ന ഒരു സ്ഥലത്തേയ്ക്കാണെന്നും പറഞ്ഞപ്പോൾ ആവേശമായി ...!
.
തികച്ചും ഒറ്റപ്പെട്ട ഒരു ഉൾനാടൻ ഗ്രാമമായിരുന്നു അത് . പ്രകുതിയുടെ മനോഹാരിതയ്ക്കൊപ്പം എപ്പോഴും തങ്ങി നിൽക്കുന്ന മൂകതയും ആ ഗ്രാമത്തെ കൂടുതൽ സുന്ദരമാക്കുന്നു . അവിടെ ചെല്ലുമ്പോൾ പേടിയോടെ അവിടവിടെ മാറിനിൽക്കുന്ന കുറച്ചു കുട്ടികളും മുതിർന്നവരും പിന്നെ ഞങ്ങൾക്ക് തൊട്ടുമുന്നേ എത്തിയ സൈനികരും മാത്രം . എന്റെ സുഹൃത്തിനൊപ്പം ഞാനും അങ്ങോട്ട്‌ നടന്നടുത്തു ...!
.
ആക്രമണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിരുന്നു അപ്പോൾ . ചിതറി തെറിച്ച ശരീരഭാഗങ്ങൾ പെറുക്കിയടുക്കുന്ന ആശുപത്രി അധികൃതർക്കിടയിലൂടെ ശവശരീരങ്ങൾക്കടുത്തെത്തുമ്പോൾ എന്റെ കാലുകൾ മെല്ലെ വിറക്കാൻ തുടങ്ങിയിരുന്നു . ശരീരം തളരാനും . മുറ്റത്ത്‌ രണ്ടു പേരുടെ മൃദദേഹങ്ങളാണ് ഉണ്ടായിരുന്നത് .മാതാപിതാ ക്കളെന്നുതോന്നിക്കുന്ന രണ്ട് വൃദ്ധരുടെ . വെടിയുണ്ടകളിൽ അവ ചിതറിതെറിച്ചിരിക്കുന്നു ....!
.
ഒറ്റുകാരെന്നുമുദ്രകുത്തി ആ സർക്കാർ സർവീസ്സിലുള്ള കുടുംബത്തെ ഒന്നടക്കം പ്രാദേശിക ഭീകരവാദികൾ കൊന്നൊടുക്കുകയായിരുന്നു എന്നാണ് ഒരു സൈനികൻ പറഞ്ഞത് . പ്രദേശവാസികളാരും അതുകൊണ്ട് തന്നെ അവരോടുള്ള ഭയം കൊണ്ട് അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയതും ഇല്ല . രണ്ടു വർഷമായി അവിടുത്തുകാർക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തിരുന്ന ഒരു ഡോക്ടറും കുടുംബവും ആയിരുന്നു അത് ...!
.
അധികം അവിടെ നിൽക്കാൻ എനിക്കായില്ല .എന്റെ സുഹൃത്ത്‌ അവരുടെ ഫോട്ടോ എടുക്കുമ്പോൾ ഞാൻ മെല്ലെ അകത്തേക്ക് കടന്നു . തനിതനിയെയുള്ള ചെറിയ ചെറിയ ഗ്രാമീണ വീടുകളിൽ ഒന്നായിരുന്നു അതും . അവിടെ മറ്റു രണ്ടു പേരുടെ മൃദദേഹങ്ങളാണ് ഉണ്ടായിരുന്നത് . വിശദാംശങ്ങൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കിടയിലൂടെ ഞാൻ നോക്കിയപ്പോൾ ആദ്യം കണ്ണിൽ ഉടക്കിയ കാഴ്ച്ചതന്നെ എന്നെ നിശ്ചലനാക്കി ...!
.
അടുത്തടുത്ത്‌ വെടിയുണ്ടകളേറ്റ് മരിച്ചു കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും ശരീരം കെട്ടിപ്പിടിച്ച് തളർന്ന് കിടക്കുന്ന രണ്ട് പെണ്‍കുട്ടികൾ . ഏകദേശം ഒന്നും നാലും വയസ്സ് തോന്നിക്കുന്ന അവരിൽ ഇളയ കുട്ടിക്ക് വിശപ്പും ദാഹവും കൊണ്ടാകാം ബോധമുണ്ടായിരുന്നില്ല . ആ കുട്ടിയെ ആശുപത്രി അധികൃതരെ ഏൽപ്പിച്ച് ഒരു സൈനികൻ ഞങ്ങളെയും സംശയത്തോടെ നോക്കുന്ന മറ്റേ കുട്ടിയെ എടുക്കാൻ ചെന്നപ്പോൾ അത് ഭയന്ന് പുറകിലേക്ക് മാറി ...!
.
അത് കണ്ടു നിൽക്കാനാകാതെ ഞാൻ അദ്ധേഹത്തെ മാറ്റിനിർത്തി ആ കുട്ടിയുടെ അടുത്തെത്തുമ്പോൾ അവളെന്നെ അവശതയോടെയാണ് നോക്കിയത് . ആ കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട്‌ചേർത്ത്പിടിച്ച് പുറത്ത് ആംബുലൻസിലെക്കു ഓടുമ്പോൾ ഞാൻ മറ്റൊന്നും ഓർത്തില്ല . ആംബുലൻസിലെത്തി കുഞ്ഞിനെ ആശുപത്രി അധികൃതരെ ഏൽപ്പിക്കുമ്പോൾ അവളെന്റെ കൈയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു . അത് വിടുവിക്കാൻ തോന്നാതിരുന്നതിനാൽ ഞാനും അവളോട്‌ കൂടെ അടുത്തിരുന്നു ...!
.
കുഞ്ഞു വാവയ്ക്കൊപ്പം അവൾക്കും പ്രാഥമിക ശുശ്രൂഷകൾ ഏറ്റുകിടക്കുമ്പോൾ അവളിൽ ഭയത്തേക്കാളും ആശ്വാസം നിഴലിക്കുന്നത് ഞാൻ കണ്ടു . അനാഥരായ ആ രണ്ടു പെണ്‍കുട്ടികളുടെ ജീവിതം എനിക്കുമുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി ... അതിനേക്കാൾ എന്തിനുവേണ്ടിയാണ് അവർ അനാഥരായതെന്ന സംശയവും , അതുകൊണ്ട് ആർക്ക് എന്ത് നേട്ടമെന്നും .. ? അവളും മെല്ലെ മയക്കത്തിലേയ്ക്കു വഴുതി വീഴുകയായിരുന്നു അപ്പോൾ . പക്ഷെ അതിനുമുൻപ്‌ അവൾ എന്റെ കൈവിട്ട് അവളുടെ കുഞ്ഞനുജത്തിയെ എത്തിപ്പിടിക്കാൻ ശ്രമിച്ചത് എന്നെ ശരിക്കും കോരിത്തരിപ്പിച്ചു . ....!!!
.
( ഇൻറർനെറ്റിൽ രണ്ടു ശവകുടീരങ്ങൾക്ക് നടുവിൽ പകച്ചിരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം കണ്ടപ്പോൾ സ്വാനുഭവത്തിന്റെ ഓർമ്മപ്പുസ്തകത്തിൽ നിന്നും ചികഞ്ഞെടുത്തത് )
.
സുരേഷ്കുമാർ പുഞ്ചയിൽ

കുപ്പായം ...!!!

കുപ്പായം ...!!! . കുപ്പായം അങ്ങിനെത്തന്നെയായിരിക്കണം . ദേഹത്തിനിണങ്ങി മനസ്സിനിണങ്ങി തന്നോട് താൻ ചേർന്ന് ......! . ഞാൻ നനയുമ്പോൾ നന...