Saturday, December 20, 2014

ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി ...!!!

ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി ...!!!
.
ഒരു തികഞ്ഞ ഭാരതീയനെങ്കിലും , ഒരു രാഷ്ട്രീയക്കാരൻ ആകണമെന്ന് ആഗ്രഹിക്കുകയും പിന്നീട് എനിക്കതിനുള്ള കഴിവില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് ഒരു ജനസേവകൻ എങ്കിലും ആയിത്തീരാൻ ശ്രമിക്കുകയും , ഒടുവിൽ ആരുമായിതീരാതെ എനിക്ക് ഞാൻ തന്നെ ആരെന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരനാണ് ഞാൻ . വേദ പുസ്തകത്തിന്റെ പരിശുദ്ധിയേക്കാൾ, പവിത്രതയോടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൂല ഗ്രന്ഥങ്ങൾ പലകുറി വായിച്ചുതീർത്തിട്ടും ചോദ്യങ്ങളിൽ സ്വയം കുരുങ്ങുമ്പോൾ ഇങ്ങിനെയൊരു വിലയിരുത്തലിന് എനിക്കുള്ള കഴിവിനെ ഞാൻ സംശയിക്കുന്നുമുണ്ട് . എങ്കിലും ഒരു ഭാരതീയൻ എന്ന നിലയിൽ എന്റെ അഭിപ്രായം മാത്രം ഇവിടെ പങ്കുവെക്കുന്നു ...!
.
ജനാധിപത്യത്തിന്റെ ശക്തി തിരിച്ചറിയുകയും അതിന്റെ പ്രാധാന്യം സാധാരണ ജനങ്ങളിൽ കൂടി എത്തുകയും അത് അങ്ങിനെ തന്നെ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാൻ സാധിക്കുകയും ചെയ്തതാണ് ഭാരതീയ സാമൂഹിക ശാസ്ത്രത്തിന്റെ യഥാർത്ഥ പ്രസക്തി . സാമൂഹിക ആചാര്യന്മാരും ആദ്യകാല രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒക്കെ അതിൽ നിർണായകമായ സ്ഥാനം വഹിച്ചിട്ടുമുണ്ട് . അങ്ങിനെ ഒരു വ്യവസ്ഥ നിലനിൽക്കുന്നത് തന്നെയാണ് ഭാരതത്തിന്റെ സമാധാന അന്തരീക്ഷത്തിന്റെ നട്ടെല്ലും ...!
.
രാഷ്ട്രീയപരമായി , ഭാരതത്തിലെ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവയുടേതായ താത്വാദിഷ്ടിത നിലപാടുകളുണ്ട്‌ . അവരെ അങ്ങിനെ ആയതിൽ നിന്നോ അങ്ങിനെ തുടരുന്നതിനെയോ ആർക്കും കുറ്റപ്പെടുത്താനും കഴിയില്ല . അവരുടെ ഉത്പതിയും നിലനിൽപ്പും ആശയവും അങ്ങിനെതന്നെയാണ് താനും . ഒരു പ്രത്യേക മത വിഭാഗതിനുവേണ്ടി അല്ലെങ്കിൽ ഒരു പ്രത്യേക ആശയത്തിന്റെ പേരിൽ ഒക്കെ പിറവിയെടുത്ത ഒരു രാഷ്ട്രീയ പാർട്ടി അവർക്കുവേണ്ടി മാത്രം അല്ലെങ്കിൽ അതിനുവേണ്ടി മാത്രം പ്രവർത്തിക്കുന്നു എന്നത് അവരുടെ ശരിതന്നെയും ആകുന്നല്ലോ ...!
.
ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും മുതലാളിത്തമായാലും തൊഴിലാളിത്തമായാലും ഓരോ പാർട്ടികൾക്കും അവരവരുടെ നിലനിൽപ്പിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും ആശയങ്ങളും നടപ്പിലാക്കുകയും അതിനനുസരിച്ച് മുന്നോട്ടു നീങ്ങുകയും വേണ്ടത് തന്നെ. അത് രാഷ്ട്രത്തേക്കാൾ സമൂഹത്തേക്കാൾ വ്യക്തികളേക്കാൾ അവരവരുടെ ധർമ്മവും കടമയും മറന്ന് , ഓരോ പാർട്ടികളുടെയും വ്യക്തിപരമായ കാര്യം മാത്രമാകുന്നതാണ് ഇതിൽ ഏറെ വേദനാജനകം എങ്കിലും ...!
.
രാഷ്ട്രീയ പാർടികൾ ജനങ്ങൾക്കും സമൂഹത്തിനും വേണ്ടിയാണ് എന്നാണ് വെപ്പ് എങ്കിലും പല പ്രഫല പാര്ടികളെയും നിയന്ത്രിക്കുന്നത്‌ തീർച്ചയായും ചില നിർണ്ണായക ശക്തികളാണ് എന്നത് പരസ്യമായ രഹസ്യമാണ് . അത് മത ജാതീയ സാമൂഹിക സംഘടനകൾ മുതൽ കച്ചവടക്കാരും കോർപറേറ്റുകൾ വരെ വിവിധ ഘടകങ്ങളാകാം . പ്രത്യയ ശാസ്ത്രങ്ങളും പ്രകടന പത്രികകളും പലതുണ്ടെങ്കിലും അവയിലെല്ലാം പലപ്പോഴും സ്വാർത്ഥ താത്പര്യങ്ങളും ഒളിച്ചു വെക്കപ്പെടുന്നു എന്നത് നിരാശാജനകം തന്നെയെങ്കിലും ...!
.
ഒരു വശത്ത് മുതലാളിത്തവും മറുവശത്ത് മറ്റു സ്വാർത്ഥ താത്പര്യക്കാരും അണിനിരക്കുമ്പോൾ തനിച്ച് ഒന്നിനും ത്രാണിയില്ലാത്ത സാധാരണക്കാർ തീർച്ചയായും ആഗ്രഹിക്കുന്ന ആവശ്യപ്പെടുന്ന ഒരിടം ഇവിടെ എപ്പോഴും ശക്തമായി അവശേഷിക്കുന്നു എന്നതാണ് സത്യം. ആരോടും വിവേചനമില്ലാതെ ജാതിയുടെയും മതത്തിന്റെയും കുത്തകകളുടെയും അധികാരികളുടെയും സ്വാധീനമില്ലാതെ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളാൻ ഇപ്പോഴും പല പാർടികൾക്കും സാധിക്കും എന്നും അവർ അങ്ങിനെ ചെയ്യും എന്നും സാധാരണ ജനങ്ങൾ പ്രതീക്ഷ വെച്ച് പുലർത്തുന്നുമുണ്ട് ....!
.
എന്നാൽ അധികാരത്തിന്റെ ഗർവ്വ് പല പാർട്ടികളെയും ബാധിക്കുകയും അവർ സാധാരണ ജനങ്ങളിൽ നിന്നും അകന്നു പോവുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ . തൊഴിലാളി വർഗ്ഗത്തിന് വേണ്ടി അല്ലെങ്കിൽ സാധാരണക്കാർക്ക് വേണ്ടി എന്ന ലേബലിൽ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം നിലകൊള്ളുകയും അവരുടെ കൊള്ളരുതായ്മകൾക്കും അഹങ്കാരത്തിനും കൂട്ടുനിൽക്കുകയും ചെയ്യുക വഴി സാധാരണക്കാരന്റെ മനസ്സിലെ സ്ഥാനം തന്നെയാണ് ഇവരിൽ ചിലരെങ്കിലും എന്നന്നേയ്ക്കുമായി നഷ്ടപ്പെടുത്തുന്നത് ...!
.
പ്രവർത്തകർക്കും അതിന്റെ അനുഭാവികൾക്കും മാത്രമുള്ള സംവിധാനം എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടതാണ് പല മുഖ്യധാരാ പാർടികളും ജനമനസ്സുകളിൽ നിന്നും സാധാരണക്കാരിൽ നിന്നും അകന്നു പോകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് . സ്വന്തം സ്വത്വം നഷ്ടപ്പെടുത്തി സ്വയം ആരെന്ന് ചോദിക്കുന്ന അവസ്ഥയിലേക്ക് ചില പ്രധാന രാഷ്ട്രീയ കക്ഷികളെങ്കിലും അധപതിച്ചിരിക്കുന്നു എന്നത് തീർത്തും സങ്കടകരവുമാണ് . അത് ശരിയായാലും തെറ്റായാലും അങ്ങിനെ എണ്ണം പറഞ്ഞുള്ള വിശകലനത്തിനും അവതരണത്തിനും ഒരു രാഷ്ട്രീയ പാർടിക്കാരനല്ലാത്ത ഞാൻ തുനിയുന്നത് ശരിയല്ല എന്നതിനാൽ അതിനു മുതിരുന്നുമില്ല ...!
.
വിശദീകരണത്തിനും വിശകലനത്തിനും മുതിരുന്നതിനു പകരം ഭാരതത്തിലെ മാറുന്ന ഇന്നത്തെ രാഷ്ട്രീയ അവസ്ഥയിൽ ഇപ്പോഴും അവശേഷിക്കുന്ന സാധാരണക്കാരന്റെ ആ ഇടം തീർച്ചയായും ആരെങ്കിലും പൂരിപ്പിക്കുക തന്നെ വേണം . അധിക്കാരത്തിൽ എത്താനോ ഭരിക്കാനോ സാധിച്ചില്ലെങ്കിലും ഭാരതത്തിന്റെ ഭരണ രാഷ്ട്രീയ തീരുമാനങ്ങളിൽ സാധാരണക്കാരന്റെ ശബ്ദം കേൾപ്പിക്കേണ്ടത് ഭാരതത്തിന്റെ ഭാവിക്ക് തന്നെ അത്യന്താപേക്ഷിതമായിരിക്കെ അതിനുള്ള ശ്രമം തീർച്ചയായും ഉണ്ടാകേണ്ടതാണ് ...!
.
ഭാരതത്തിലെ പൊതു സമൂഹം തീർച്ചയായും രാഷ്ട്രീയത്തിൽ താത്പര്യമുള്ളവർ തന്നെയാണ് . സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഒരു പരിധിവരെ തങ്ങളുടെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അവർ എപ്പോഴും തയ്യാറാവുകയും ചെയ്യാറുണ്ട് . എന്നാൽ അധികാര ദുർവിനിയോഗവും അഴിമതിയും അക്രമവും നിറഞ്ഞ ഇന്നത്തെ രാഷ്ട്രീയ അവസ്ഥ തീർച്ചയായും ഇതിനൊരു വിലങ്ങുതടിയാണ് . ഈ അവസ്ഥ തുടരുന്നത് ഭാരതത്തിന്റെ ഭാവിയെ തന്നെ ദോഷമായി ബാധിക്കുകയും ചെയ്യും. ...!
.
ലോകത്തിലെ പല രാജ്യങ്ങളും അവിടുത്തെ അക്രമവും അഴിമതിയും നിറഞ്ഞ പൊതു ഭരണ സംവിധാനത്തിൽ നിന്നും മാറിയത് അതിനേക്കാൾ മോശമായ അവസ്ഥകളിലെയ്ക്കാണ് എന്നത് നാം തീർച്ചയായും ശ്രദ്ധിക്കേണ്ട വസ്തുതയാണ് . അഴിമതിയും അക്രമവും സ്വജനപക്ഷപാതവും കച്ചവടവും പണവും ജാതിയും മതവും തകർത്ത് ഭരിക്കുന്ന ഇന്നത്തെ ഈ രാഷ്ട്രീയ അവസ്ഥ ഭാരതത്തിലെ ജനങ്ങളെയും രാഷ്ട്രീയത്തിൽ നിന്നും മാറി ചിന്തിക്കാൻ ഇടവരുത്തിയാൽ അതിന്റെ ഫലം പ്രവചനാതീതമായിരിക്കും . അതിനുള്ള അവസ്ഥ ഉണ്ടാകാതിരിക്കാൻ അഴിമതിയുടെ മൂർതരൂപങ്ങളായ നമ്മുടെ രാഷ്ട്രീയ പാർടികൾ തീർച്ചയായും ശ്രദ്ധിച്ചേ പറ്റൂ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

കുപ്പായം ...!!!

കുപ്പായം ...!!! . കുപ്പായം അങ്ങിനെത്തന്നെയായിരിക്കണം . ദേഹത്തിനിണങ്ങി മനസ്സിനിണങ്ങി തന്നോട് താൻ ചേർന്ന് ......! . ഞാൻ നനയുമ്പോൾ നന...