Saturday, September 25, 2010

എന്റെ സുഹൃത്ത്‌ .....!!!

എന്റെ സുഹൃത്ത്‌ .....!!!

മഴയ്ക്കും മഞ്ഞിനുമിടയില്‍ വീര്‍പ്പുമുട്ടുന്ന പുലരിയിലാണ് അയാള്‍ എവിടെനിന്നോ എന്ന പോലെ വീട്ടിലേക്കു കയറി വന്നത്. ഉറക്കത്തിന്റെ അവസാന തുള്ളികളില്‍ സ്വയം അലിയുന്ന ആ മനോഹര നിമിഷങ്ങളില്‍ കടന്നു വന്ന അയാളുടെ വിളികള്‍ സ്വപ്നത്തിലെന്ന പോലെ കാതില്‍ മുട്ടി വിളിച്ചപ്പോള്‍ ഞാന്‍ മെല്ലെ പുതപ്പില്‍ നിന്നും ഊര്‍ന്നിറങ്ങി. അതിനു മുന്‍പേ, അടുക്കളയിലായിരുന്ന ഭാര്യ അയാളുടെ വിളി കേട്ട്, പേടിയോടെ എന്റെ അടുത്തേക്ക് വരികയായിരുന്നു. ഇത്ര വെളുപ്പിന് ആരാണ് എന്ന അതിശയത്തേക്കാള്‍ , ഒരു ചെറിയ ഭയം തന്നെയായിരുന്നു അവളില്‍ .

എനിക്ക് പിന്നില്‍ മറഞ്ഞുനിന്ന് നോക്കുന്ന അവളെ നോക്കി ഞാന്‍ ഉറക്കം വകഞ്ഞു മാറ്റിയ കണ്‍പീലികള്‍ ഉയര്‍ത്തി വാതില്‍ തുറന്നു. തുറന്നു നോക്കിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. അതുപക്ഷേ ഭാര്യയിലാണ് വേവലാതിയുണ്ടാക്കിയത്. അവള്‍ തടഞ്ഞിട്ടും ഞാന്‍ പുറത്തിറങ്ങി ചുറ്റും നോക്കി. നനയാന്‍ നിറഞ്ഞു നില്‍ക്കുന്ന പ്രഭാതത്തിലെ കുളിരില്‍ വെയില്‍നാളങ്ങള്‍ കടന്നെത്താന്‍ തിരക്ക് കൂട്ടുന്ന ഞങ്ങളുടെ കണിക്കൊന്നയുടെ ചുവട്ടില്‍ അയാള്‍ ഒരു സിഗരറ്റ് ആഞ്ഞാഞ്ഞ് വലിച്ചു കൊണ്ട് നില്‍ക്കുന്നു. യാത്ര ക്ഷീണം കൊണ്ട് വിവശനായ അയാളുടെ ചുമലില്‍ ഒരു കുഞ്ഞു തളര്‍ന്ന് ഉറങ്ങുന്നുമുണ്ടായിരുന്നു.

പുറം തിരിഞ്ഞു നില്‍ക്കുന്ന അയാളെ ഒറ്റ നോട്ടത്തില്‍ എനിക്ക് മനസ്സിലായില്ല. എന്റെ കാല്‍പ്പെരുമാറ്റം കേട്ടാണെന്നു തോന്നുന്നു, അയാള്‍ എന്റെ മുഖത്തേക്ക് തന്നെ തിരിഞ്ഞു നോക്കവേ ഞാന്‍ അതിശയപ്പെട്ടു പോയി. അത് അവനായിരുന്നു. എന്റെ നാട്ടുകാരനും സുഹൃത്തും വഴികാട്ടിയും, ഗുരുവും ഒക്കെയായ എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌. എനിക്ക് മാത്രമല്ല, ഒരുകാലത്ത് നാട്ടുകാര്‍ക്ക് വരെ സര്‍വ്വ സമ്മതനായിരുന്നു അവന്‍. നാട്ടുകാരുടെ കണ്ണിലുണ്ണി. വീട്ടുകാരുടെ പൊന്നോമന. പെണ്‍കുട്ടികളുടെ ആരാധന പാത്രം. ചിലപ്പോഴൊക്കെ അവനോട് എനിക്ക് അസൂയ തോന്നാറുണ്ടായിരുന്നതും അതുകൊണ്ടൊക്കെ തന്നെ.

എല്ലാ പെണ്‍കുട്ടികളുടെയും മോഹങ്ങളും വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രതീക്ഷകളും പാടെ തെറ്റിച്ചു കൊണ്ടായിരുന്നു അവന്റെ വിവാഹം. മറ്റൊരു മതത്തില്‍ പെട്ട പെണ്‍കുട്ടിയെ നാട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ ശക്തമായ എതിര്‍പ്പിനും ഭീഷണികള്‍ക്കും വഴങ്ങാതെ അതി സാഹസികമായി വിവാഹം കഴിച്ച് യുവാക്കളുടെ വീരനായി അവന്‍ അവതരിച്ചപ്പോള്‍ ഞാന്‍ പോലും ഞെട്ടിപ്പോയി. നാട്ടില്‍ ആരും സഹായിക്കാന്‍ ഇല്ലാതിരുന്നിട്ടും , ആരെയും കൂസാതെ അവനും അവളും അവിടെത്തന്നെ ജീവിച്ചു കാണിച്ചു. ധൈര്യ പൂര്‍വ്വം.

പിന്നെ അവനു ജോലികിട്ടി അവര്‍ രണ്ടുപേരും നാട്ടില്‍ നിന്നും പോകും വരെ അവന്‍ തന്നെയായിരുന്നു എല്ലാവരുടെയും വീര പുരുഷന്‍ . ഇപ്പോള്‍ വര്‍ഷങ്ങള്‍ പലതും കടന്ന് പോയിരിക്കുന്നു. ഞാന്‍ അങ്ങോട്ട്‌ വിളിച്ചില്ലെങ്കിലും ഇടയ്ക്കിടെ എന്നെ വിളിച്ച് വിവരങ്ങള്‍ തിരക്കാരുള്ള അവന്‍ ഭാര്യയുമായി എന്റെ വീട്ടിലും കുറെ മുന്‍പൊരിക്കല്‍ വന്നിട്ടുണ്ട്. പിന്നീട് പിന്നീട് അവന്റെ സംസാരത്തില്‍ എന്നെ മാത്രമേ അവന് വിശ്വാസമുള്ളൂ എന്ന തോന്നല്‍ ഉണ്ടാക്കിയത് എന്നെ അത്ഭുതപെടുത്തുകയും ചെയ്തിരുന്നു.

ആലോചനയില്‍ ഞാന്‍ ഒരു നിമിഷം എന്നെ മറന്നപ്പോള്‍ അവന്‍ എന്റെ അടുതെത്തി ഉറങ്ങുന്ന കുഞ്ഞിനെ എന്റെ കയ്യില്‍ തന്ന് ഒന്നും പറയാതെ അകത്തേക്ക് നടന്നു. വാതില്‍ക്കലുണ്ടായിരുന്ന എന്റെ ഭാര്യയെ കണ്ടതായി പോലും നടിക്കാതെ അകത്തു കടന്ന അവന്‍ നേരെ അകത്തേക്ക് കടന്ന്, ബാത്‌റൂമില്‍ പോയി വാതിലടച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അതിശയത്തോടെ നില്‍ക്കുന്ന എന്നെ ഭാര്യ സംശയത്തോടെ നോക്കവേ ഞാന്‍ കുഞ്ഞിനെ അവളുടെ കയ്യില്‍ കൊടുത്തു.

ഒന്നുമറിയാതെ തളര്‍ന്നുറങ്ങുന്ന ഏകദേശം മൂന്നു വയസ്സുള്ള ഓമനയായ ആ പെണ്‍കുഞ്ഞിനെ അവള്‍ വാത്സല്യത്തോടെ എടുത്ത് അകത്തു കൊണ്ടുപോയി പുതപ്പിച്ചു കിടത്തി, വീണ്ടും അടുക്കളയിലേക്കു പോയി. . അടഞ്ഞ വാതിലിനു പുറത്ത് ഞാന്‍ അയാളെ കാത്തു നില്‍ക്കവേ അയാള്‍ക്കുള്ള ചായ കൊണ്ടുവന്നു വെച്ച് വീണ്ടും എന്നെ ചോദ്യ ഭാവതിലൊന്ന് നോക്കി അവള്‍ അടുക്കളയിലേക്കു വലിഞ്ഞു.

കാത്തിരിപ്പിനൊടുവില്‍ അവന്‍ ബാത് റൂമില്‍ നിന്നിറങ്ങി, ഞാന്‍ നീട്ടിയ ടവല്‍ കൊണ്ട് മുഖം തുടച്ച്, പിന്നെ കൊടുത്ത ചായയും കുടിച്ചുകൊണ്ട് എന്റെ മൊബൈല്‍ വാങ്ങി എന്നോടൊന്നും പറയാതെ ആരെയോ വിളിക്കാന്‍ തുടങ്ങി. അവന് അവന്റെ സ്വകാര്യത കൊടുക്കാം എന്നുവെച്ച് പുറത്തിറങ്ങാം എന്ന് കരുതവേ, അവന്‍ സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ക്ലിയര്‍ അല്ലാത്തത് കൊണ്ടോ എന്തോ ഹലോ ഹലോ എന്ന് പലകുറി പറഞ്ഞ് ഒടുവില്‍ പോലീസ് സ്റ്റേഷന്‍ അല്ലെ എന്ന ചോദ്യം കേട്ടത് കൊണ്ടാണ് ഞാന്‍ ശരിക്കും പിന്തിരിഞ്ഞു നിന്നത്.

പിന്നെ അവന്‍ പറഞ്ഞതൊക്കെ ഇടിവെട്ടായാണ് എന്റെ കാതില്‍ വീണത്‌. അവന്റെ ഭാര്യയെ കൊന്നിട്ടാണ് അവന്‍ വരുന്നതെന്നും, കുഞ്ഞിനെ എന്നെ എല്പ്പിക്കാനാണ് അവന്‍ ഇങ്ങോട്ട് വന്നതെന്നും, ഇവിടെ എത്തിയാല്‍ അവനെ അറസ്റ്റു ചെയ്യാമെന്നുമാണ് അവന്‍ പോലീസിനോട് പറഞ്ഞത്. എന്നിട്ട് ഒഴുകുന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് ഒരു നിമിഷം കണ്ണടച്ച് നിന്ന്, പിന്നെ ഫോണ്‍ എന്റെ കയ്യില്‍ തന്ന് എന്റെ ചുമലിലോന്നു തട്ടി എന്റെ കണ്ണിലേക്കു തന്നെ ഒന്ന് തറപ്പിച്ചു നോക്കി അവന്‍ മെല്ലെ അകത്തേക്ക് കടന്ന്. ഞാന്‍ എഴുന്നേറ്റു പോന്ന എന്റെ കിടക്കയില്‍ കയറി തിരിഞ്ഞു കിടന്നപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ എനിക്ക് പിന്നില്‍ എല്ലാം കേട്ടുകൊണ്ട് കരച്ചിലടക്കി നില്‍ക്കുകയായിരുന്ന എന്റെ ഭാര്യയുടെ കയ്യും പിടിച്ച് അവന്റെ കുഞ്ഞിനടുതേക്ക് നടന്നു. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

കുപ്പികൾ വേണം , സന്തോഷം സൂക്ഷിക്കാൻ ...!!!

കുപ്പികൾ വേണം , സന്തോഷം സൂക്ഷിക്കാൻ ...!!! . കുപ്പികൾ വേണം, നിറയേ നിറയേ ... . പല രൂപത്തിലും പല നിറത്തിലും പല തരത്തിലുമുള്ള കുപ്പികൾ . ...