Saturday, June 28, 2014

ഹൃദയത്തിൽ നിന്നുള്ള ദൂരം ...!!!

ഹൃദയത്തിൽ നിന്നുള്ള ദൂരം ...!!!
.
ഒരു ഹൃദയത്തിൽ നിന്നും മറ്റൊരു ഹൃദയത്തിലേക്ക് എത്ര ദൂരമുണ്ട് ...? എന്തൊരു വിരോധാഭാസം അല്ലെ. എപ്പോഴെങ്കിലും ജീവിതത്തിൽ തനിക്ക് ഇങ്ങിനെയൊരു ചോദ്യം നേരിടേണ്ടി വരുമെന്ന് താൻ കരുതിയോ. ഊണിലും ഉറക്കത്തിലും ഒന്നായിരുന്നിട്ടും ഒന്നിച്ചു മാത്രം സഞ്ചരിച്ചിട്ടും ഒരേമുറിയിൽ ഒരേ കട്ടിലിൽ ഒരേ കിടക്കയിൽ നാൽപതു കൊല്ലം ഒന്നിച്ചു കഴിഞ്ഞിട്ടും അത് മാത്രം ഒരിക്കലും അളന്നു നോക്കിയില്ല . തെറ്റായിരുന്നു .. എല്ലാം തെറ്റായിരുന്നു എന്ന് ഇപ്പോൾ താൻ തിരിച്ചറിയുന്നു. ഇനി പ്രയോജനമില്ലെങ്കിലും ....!
.
അമ്മയാണ് അവളെ തന്റെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് തന്നത് . എന്നും കൂട്ടായിരിക്കാൻ, തനിക്ക് തുണയായിരിക്കാൻ അവൾ എപ്പോഴും കൂടെയുണ്ടാകുമെന്ന് അമ്മ പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു . തന്നെ അറിയാൻ തനിക്കുവേണ്ടത് പറയാതെ മനസ്സിലാക്കാൻ തന്റെ മനസ്സിലേക്ക് ഊളിയിട്ടിറങ്ങാൻ എല്ലാം എല്ലാം അവൾ ഏറെ മിടുക്കിയായിരുന്നു. കഴിഞ്ഞ നാൽപതു കൊല്ലത്തിനിടയിൽ എപ്പോഴെങ്കിലും ഒരിക്കൽ തനിക്ക് മുഖമൊന്ന്കറുപ്പിക്കാൻ കൂടി അവൾ അവസരം തന്നിട്ടേയില്ല ...!
.
ഈ ചുവപ്പിന് തീയിന്റെ ചൂടാണ് ഇപ്പോഴും . അല്ലെങ്കിലും അതങ്ങിനെയല്ലേ വരൂ. കനൽ കെട്ടടങ്ങിയിട്ടില്ലാത്ത ഈ നിറങ്ങളുടെ ചൂളയിൽ തീയുടെ കത്തുന്ന ചൂട് അവശേഷിച്ചിട്ടില്ലെങ്കിലല്ലെ അത്ഭുതമുള്ളൂ നിറങ്ങൾ .... ഈ നിറങ്ങളിൽ കറുപ്പ് തന്റെ കണ്ണുകളിലെയ്ക്കാണ് ഇപ്പോഴും തുളച്ചുകയറുന്നത് . മഞ്ഞയും പച്ചയും നീലയുമെല്ലാം തനിക്കു മുന്നിൽ താണ്ഡവ നൃത്തം ചെയ്യുന്ന പോലെ. അതോ തന്നെ നോക്കി പരിഹസിക്കുകയാണോ അവയെല്ലാം ... വെളുപ്പാകട്ടെ തന്റെഹൃദയത്തിൽ നിന്നും ഒലിചിറങ്ങിയതാണ് എന്നുതന്നെയാണ് തനിക്ക് തോന്നുന്നത് .. നിറങ്ങൾ അവളുടെ ജീവന്റെ തുടിപ്പുമായി ....!
.
കാലത്ത് ആറുമണിക്ക് തുടങ്ങുന്ന തന്റെ ജീവിത യാത്ര എപ്പോഴും തന്റെ കുടുംബത്തിന് വേണ്ടി മാത്രമായിരുന്നു . എവിടെയെങ്കിലും വഴി തെറ്റിയതായി എവിടെയെങ്കിലും കാലിടറിയതായി ആരും വെറുതേ പോലും പറയുകയുമില്ല . തന്റെ മാതാപിതാക്കളോട് തന്റെ മക്കളോട് തന്റെ സഹോദരങ്ങളോട് എന്തിന്, സുഹൃത്തുക്കളോടും സമൂഹത്തോടുപോലും പരമാവധി താൻ നീതി പുലർത്തി യിരുന്നു. അതിൽ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു എപ്പോഴും . മറ്റുള്ളവർ തന്റെ നന്മയിൽ വാചലരാകുമ്പോൾ താൻ സ്വയം മറന്നു ... പക്ഷെ തന്റെ ഭാര്യയോട് ...?
.
മുന്നോട്ട് വെച്ച കാൽ കത്തുന്ന തീയിൽ ചവുട്ടിയ പോലെ തിരിച്ചെടുത്തത് ഇപ്പോഴും ഓർമ്മയുണ്ട് . പഴയ വീടിന്റെ അടുക്കളയോട് ചേർന്ന ആ ഒറ്റമുറി ... ജീവിതത്തിൽ താൻ ഒരിക്കലെങ്കിലും അവിടെ കടന്നുചെന്നതായി ഒർമ്മപൊലുമില്ല മുൻപൊന്നും . അല്ലെങ്കിൽ തന്നെ പൂമുഖത്തെ ചാരുകസേരയിൽ നിന്നും താൻ എപ്പോഴെങ്കിലും അകത്തളങ്ങളിലേയ്ക്ക് എത്തിനോക്കാൻ പോലും ശ്രമിച്ചിട്ടേ ഇല്ലല്ലോ. അതുകൊണ്ട് തന്നെ സത്യത്തിൽ അങ്ങിനെയൊരു മുറി അവിടെയുണ്ടെന്ന് തനിക്ക് അറിഞ്ഞത് തന്നെ അപ്പോഴാണെന്ന് തോന്നുന്നു. പൊട്ടിയ ഓടിന്റെ അരികുകളിൽ കൂടി അരിച്ചെത്തുന്ന നുറുങ്ങു വെളിച്ചം മാത്രം പാറി പറക്കുന്ന ആ ഒറ്റമുറി ...!
.
മക്കൾക്കും ആദ്യമൊക്കെ എല്ലാം താൻ തന്നെയാണ് തിരഞ്ഞെടുക്കാറുണ്ടായിരുന്നത് എങ്കിലും അവർ വളരാൻ തുടങ്ങിയപ്പോൾ അവരുടെ ഇഷ്ട്ടങ്ങൾ തന്റെതിൽനിന്നും വിഭിന്നമാകുന്നത് തനിക്ക് തിരിച്ചറിയാനും അവർക്ക് വഴങ്ങി വഴിമാറാനും താൻ നിരുപാധികം തയ്യാറായി . അപ്പോഴും പക്ഷെ ... ഏറ്റവും നല്ല വസ്ത്രങ്ങളും നല്ല ആഭരണങ്ങളും മാത്രം തന്റെ ഭാര്യ അണിയണം എന്ന് നിർബന്ധം ഉണ്ടായിരുന്ന താൻ പക്ഷെ എപ്പോഴെങ്കിലും അവളുടെ ഇഷ്ട്ടം ചോദിച്ചിരുന്നോ ...? താൻ കൊണ്ടു പോകുന്നിടതേയ്ക്ക്‌ താൻ പറയും പോലെ അണിഞ്ഞൊരുങ്ങി തന്റെ കയ്യും പിടിച്ച് തനിക്കൊപ്പം മാത്രം അവളും ....!
.
നിലാവിന്റെ ഗന്ധമായിരുന്നു ആ മുറിക്ക് . അല്ലെങ്കിൽ മണ്ണെണ്ണ വിളക്കിന്റെ... ? . പക്ഷെ അതിന്റെ ചുവരുകൾക്ക് ലോകത്തിന്റെ ഗന്ധവും ആകാശത്തിന്റെ വിശാലതയും . വിറക്കുകയായിരുന്നു ആ ചുമരിലെ ഓരോ ചിത്രങ്ങളിലൂടെയും കടന്നുപോകുമ്പോൾ ... ആ നിറങ്ങൾക്ക് ഇപ്പോഴും അവളുടെ ജീവൻ . ആ രൂപങ്ങൾക്ക്‌ ഇപ്പോഴും തന്നെ എന്നും മതുപിടിപ്പിക്കാറുള്ള അവളുടെ വിയര്പ്പിന്റെ മണം ...! അവിടെ തളർന്നു വീണ തന്നെ അവൾ തന്നെയല്ലേ താങ്ങിയെടുത്ത് ഇവിടെ കൊണ്ടുവന്നു കിടത്തിയത്‌ ...!
.
കിടക്കയിൽ തന്റെ ആവേശം അവളുടെ മാറിൽ കുറച്ചു വിയർപ്പുതുള്ളികളായി പടർത്തി മാറുമ്പോൾ താൻ ഒരിക്കലെങ്കിലും അവളുടെ ചുടു നിശ്വാസം കേൾക്കാതെ പോയതെന്തേ ..? എന്തിനും ഏതിനും സംശയത്തിന് ഇടപോലും നൽകാതെ അവൾക്കു സർവ്വ സ്വാതന്ത്ര്യവും നൽകുമ്പോഴും എന്തെ താൻ അവളുടെ മനസ്സിന്റെ കെട്ടുകൾ അഴിച്ചു വിടാൻ കരുതലെടുതില്ല ...? ഓരോ ശ്വാസത്തിലും ഒപ്പമുണ്ടായിട്ടും തന്റെ കാലടിപ്പാടുകളിൽ കൂടി മാത്രം അവളെ കൈ പിടിച്ചു നടത്തിയിട്ടും താൻ എന്തെ അവളെ തിരിച്ചറിഞ്ഞില്ല ...!
.
എന്നും അഹങ്കാരമായിരുന്നില്ലേ തനിക്ക് . തന്റെ ഭാര്യയ്ക്കും മക്കൾക്കും വേണ്ടതെല്ലാം വേണ്ടപോലെ താൻ നടത്തിക്കൊടുക്കുന്നു എന്ന അഹങ്കാരം. മക്കൾ അവരുടെ ആവശ്യങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ അവൾ ഒന്നും ചോദിക്കാതിരുന്നിരുന്നത് താൻ അവളെ പൊന്നുപോലെ നോക്കുന്നത് കൊണ്ടാണെന്ന് തെറ്റിദ്ധരിച്ച താൻ എന്തൊരു വിഡ്ഢിയാണ് . പുലർച്ച മുതൽ പാതിരാത്രിവരെ താൻ കഷ്ട്ടപ്പെതെല്ലാം അവരെ സന്തോഷിപ്പിക്കാനായിരുന്നിട്ടും അവൾ, അവൾ മാത്രം അപ്പോഴും ..!
.
ഇനി, തന്റെ ഈ ഹൃദയവും .. ദൂരമളക്കാൻ ഇനി എന്തിനാണ് തനിക്കൊരു ഉപകരണം . അളക്കാവുന്ന ദൂരതിനുമപ്പുറം അവളുടെ ഹൃദയം മിടിക്കാതെ കാത്തിരിക്കുമ്പോൾ ഇനി പ്രാർത്ഥിക്കാം ദൂരമില്ലാതുള്ള ദൂരത്തിൽ അവളുടെ ഹൃദയം അടുത്ത ജന്മത്തിലെങ്കിലും അടുത്തു കിട്ടാൻ. എല്ലാ തെറ്റുകൾക്കും പ്രായശ്ചിത്തം ചെയ്യാൻ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

വൃത്തം ...!!!

വൃത്തം ...!!!
.
ശൂന്ന്യതയിൽ നിന്നും
പൂർണ്ണതയിലേക്കും
പൂർണ്ണതയിൽനിന്നും
ശൂന്ന്യതയിലേക്കുമുള്ള
സഞ്ചാര പഥം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

കുപ്പായം ...!!!

കുപ്പായം ...!!! . കുപ്പായം അങ്ങിനെത്തന്നെയായിരിക്കണം . ദേഹത്തിനിണങ്ങി മനസ്സിനിണങ്ങി തന്നോട് താൻ ചേർന്ന് ......! . ഞാൻ നനയുമ്പോൾ നന...