Thursday, January 13, 2011

ഞാന്‍ , എന്നെക്കുറിച്ച് ....!

ഞാന്‍ , എന്നെക്കുറിച്ച് ....!

അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരുന്നത് എന്നെക്കുറിച്ച് മാത്രമായിരുന്നു. എന്റെ ഉയര്‍ന്ന ജോലിയും ഉയര്‍ന്ന ജീവിത നിലവാരവും ഉയര്‍ന്ന ചിന്തകളും ഉയര്‍ന്ന ബാങ്ക് ബാലന്‍സും .... എനിക്ക് പറയാന്‍ അങ്ങിനെ വലിയ കാര്യങ്ങള്‍ മാത്രം. എന്റെ വളരെ വലിയ കുടുംബകാര്യങ്ങളും, അതിന്റെ മഹിമയും എന്നില്‍ വികാരം കൊള്ളിച്ചു . വായില്‍ വെള്ളിക്കരണ്ടിയുമായാണ് പിറന്നതെന്നു ഞാന്‍ എപ്പോഴും വലിയവായില്‍ പറയും.....!

ആരെയും പരിഹസിക്കാന്‍ , എന്റെ കഴിവുകളെ തന്മയത്വത്തോടെ ഉപയോഗിക്കുന്ന ഞാന്‍ ശരിക്കും ഒരു ബുദ്ധിമാന്‍ തന്നെ. എന്റെ കഴിവുകളില്‍ മറ്റുള്ളവര്‍ അസൂയപ്പെടുമ്പോഴും പക്ഷെ എനിക്ക് എന്നോട് തന്നെ ഒരിക്കലും ആദരവ് തോന്നിയിട്ടില്ല . ഞാനാണ് കേരളം കണ്ടുപിച്ചതെന്നും, എന്റെ കയ്യിലൂടെയാണ് മലയാള ഭാഷ പിറന്നുവീണതെന്നും ഞാന്‍ എല്ലായിടത്തും വാതുവെച്ചു. കമ്പ്യൂട്ടറും, ഇന്റര്‍നെറ്റും കണ്ടുപിടിച്ചത് പോലും ഞാനാണെന്ന്, ചിലപ്പോഴെങ്കിലും ഞാന്‍ ആശ്വസിച്ചു. ലോകത്തിന്റെ സ്പന്തനം തന്നെ തന്റെ കൈവിരലിലൂടെയാണ് നടക്കുന്നതെന്ന് വീമ്പു പറഞ്ഞു. പുതിയ കണ്ടുപിടുത്തങ്ങളെ പറ്റിയും മാര്‍ക്കറ്റില്‍ ഇറങ്ങുന്ന പുതുപുത്തന്‍ സാങ്കേതിക വിദ്യയെ കുറിച്ചും ഞാന്‍ ആദ്യം പറഞ്ഞു ....!

എനിക്ക് ചുറ്റും ഒരു കൂട്ടം ആരാധകരുണ്ടായത് എന്നെ പലപ്പോഴും രോമാഞ്ചം കൊള്ളിച്ചു. അവര്‍ എനിക്കുപുറകില്‍ എന്നെക്കുറിച്ച് പറയുന്നതൊന്നും ഞാന്‍ കേട്ടില്ലെന്നു നടിച്ചു. എന്റെ ബ്ലോഗുകളിലും എന്നോടുള്ള സൌഹൃദ സംഭാഷണങ്ങളിലും ആളുകള്‍ എന്നെ പുകഴ്ത്താന്‍ മാത്രം മിനക്കെടുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അവര്‍ക്കുമുന്നില്‍ പലപ്പോഴും ഞാന്‍ എളിമ നടിച്ചു. മാന്ന്യനായി പെരുമാറാന്‍ ഞാന്‍ ശ്രമിക്കുക തന്നെയും ചെയ്തു. ...!

ഞാനൊരു ബുദ്ധിജീവിയാണെന്നും, സാമൂഹ്യ സേവകനായ പൊതു പ്രവര്‍ത്തകന്‍ ആണെന്നും മതേതരവാദിയാണെന്നും വ്യക്തമാക്കാന്‍ പലപ്പോഴും ഞാനെന്റെ മതത്തെ തള്ളിപ്പറഞ്ഞു . എന്റെ തെറ്റുകളെ പരസ്യമായി ഞാന്‍ തന്നെ ഇകഴ്ത്തി സംസാരിച്ചു. എന്റെ സാമൂഹ്യ സേവനങ്ങളെകുറിച്ച് ഞാന്‍ എനിക്ക് വേണ്ടപ്പെട്ടവരെക്കൊണ്ട് പരസ്യമായും രഹസ്യമായും പലകുറി പറയിച്ചു. അങ്ങിനെ ഞാന്‍ തന്നെയായി ഭൂലോകത്തിലെ വലിയവന്‍ . എല്ലാമായിട്ടും, ഞാന്‍ എന്ന ഒരു മനുഷ്യനായി മാത്രം മാറാന്‍ എനിക്കിതുവരെയും കഴിഞ്ഞില്ലല്ലോ ...!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Monday, January 10, 2011

ഇല്ലാത്തൊരു ഹൃദയത്തിന് ...!!!

ഇല്ലാത്തൊരു ഹൃദയത്തിന് ...!!!

നഷ്ട്ടപ്പെടാന്‍ മാത്രം വലുതല്ല്ലാത്ത ഒരു ഹൃദയമുണ്ടായതായിരുന്നു, അപ്പോള്‍ എന്റെ കുഴപ്പം. അതുതന്നെ എന്ന് ഞാന്‍ ഒരിക്കല്‍ കൂടി ഉറപ്പു വരുത്തിയപ്പോള്‍ പിന്നെ, ആ കുഴപ്പം അങ്ങ് നീക്കാന്‍ തീരുമാനിക്കാം എന്ന് തീരുമാനിച്ചു. തീരുമാനമെടുക്കാന്‍ തീരുമാനിച്ചത് തന്നെ വലിയകാര്യമായി എനിക്ക് തോന്നി. എന്നെക്കുറിച്ച് അന്നൊരിക്കല്‍ കൂടി എനിക്ക് അഭിമാനവും...!

പിന്നെ ആ തീരുമാനത്തില്‍ , പതിവുപോലെ തീരുമാനമൊന്നും ആകാതെ വന്നപ്പോള്‍ തീരുമാനം തന്നെ മുന്നിട്ടിറങ്ങി എന്ന് തോന്നുന്നു. അതുകൊണ്ടാകാം, അത് തന്നെ അലോസരപ്പെടുത്തുന്നതായി എനിക്ക് തന്നെ തോന്നാന്‍ തുടങ്ങിയത്. എന്നാല്‍ പിന്നെ വെച്ച് താമസിപ്പിക്കേണ്ടെന്ന് ഉടനെ കയറിയങ്ങു ശപഥവും ചെയ്തു. അത്, പത്തു പേരോട് പറയാന്‍ ഒട്ടും അമാന്തിച്ചുമില്ല ....!

ഹൃദയമുണ്ട് എന്ന് സമ്മതിച്ചത് തന്നെ വലിയ കാര്യമായാണ് പലരും അപ്പോള്‍ പറഞ്ഞത്. എങ്കില്‍ പിന്നെ, ഉള്ള ഹൃദയത്തെ ശരിയായി പരിപാലിക്കേണ്ടത്‌ തന്റെ തന്നെ ആവശ്യമായതിനാല്‍ ഒടുവില്‍ ഞാന്‍ തന്നെ തുടക്കമിട്ടു. ഹൃദയത്തിനു ആവശ്യമായ എല്ലാം കൃത്യമായി എത്തിച്ചു കൊടുക്കാനും, ആവശ്യമായ ജീവിത സാഹചര്യം ഒരുക്കാനും, ദാരിദ്ര്യ രേഘക്ക് താഴെയുള്ള ഈയുള്ളവന് ആവതില്ലെങ്കിലും, കഴിയാവുന്ന വിധമെല്ലാം ചെയ്യാമെന്ന് സത്യം ചെയ്തപ്പോള്‍ ഒരു സമാധാനവും ആയി...!

പിന്നെയും കുറച്ചു കഴിഞ്ഞപ്പോള്‍ , ആദ്യത്തെ ആവേശമെല്ലാം പതിവുപോലെ കെട്ടുപോകാന്‍ തുടങ്ങിയെന്നു ഞാന്‍ തന്നെ ഭയപ്പെട്ടു. അതൊരു പക്ഷെ ശരിയായിരുന്നില്ലെങ്കിലും, തെറ്റുമായിരുന്നില്ല എന്നതാണ് സത്യം. എങ്കില്‍ പിന്നെ ഭാരമാകും മുന്‍പ് ഒഴിവാക്കാം എന്നുമായി ചിന്ത. അത് ശരിയുമാണെന്ന് എനിക്ക് തന്നെ അന്നാദ്യമായി തോന്നുകയും ചെയ്തു. ആ ചിന്ത തന്നെ കൊണ്ടുപോകുന്നത് പ്രശ്നങ്ങളുടെ വലിയൊരു ചിലന്തിവലയിലെക്കാണെന്ന് ഞാന്‍ പക്ഷെ അപ്പോള്‍ ഓര്‍ത്തതേയില്ല. .....!

ആര്‍ക്കു കൊടുക്കും, എങ്ങിനെ കൊടുക്കും, എപ്പോള്‍ കൊടുക്കും, എന്തിനു കൊടുക്കും, കൊടുത്താല്‍ തന്നെ അവരത് സ്വീകരിക്കുമോ, സ്വീകരിച്ചാല്‍ തന്നെ അവരതിനെ നന്നായി നോക്കുമോ....! പ്രശ്നങ്ങളെക്കാള്‍ , പ്രമാണങ്ങളായി തലയ്ക്കുമീതെ. ഒരാള്‍ക്ക്‌ കൊടുത്താല്‍ മറ്റൊരാള്‍ക്ക് പരാതിയില്ലെന്ന് സ്ഥാപിക്കാനായി പിന്നത്തെ ശ്രമം. ഒടുവില്‍ പ്രശ്നങ്ങള്‍ക്കും, ചിന്തകള്‍ക്കും പ്രമാണങ്ങള്‍ക്കും എല്ലാം മീതെ, നഷ്ട്ടപെടാന്‍ മാത്രം വലുതല്ലാത്ത ആ ഹൃദയം എന്റെ ശരീരത്തില്‍ തന്നെ അപ്പോഴും മിടിച്ചു കൊണ്ടേയിരുന്നു. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Saturday, January 8, 2011

മനുഷ്യന്‍ ...!!!

മനുഷ്യന്‍ ...!!!

അപ്പോഴും ഉണങ്ങാത്ത അയാളുടെ മുറിവുകളില്‍ നിന്ന് പഴുത്തളിഞ്ഞ ചലവും ചോരയും ഇടകലര്‍ന്ന് ഇറ്റിറ്റു വീഴുന്നത് നക്കിയെടുക്കാന്‍ മത്സരിച്ച് കൂട്ടത്തോടെ ഓടിയെതിയിരുന്നത് ഒരുകൂട്ടം തേനിച്ചകളാണ് എന്നതായിരുന്നു അയാളിലേക്ക് എന്നെ ആദ്യം ആകര്‍ഷിച്ചത്. അപ്പോഴും ഉണങ്ങാത്ത അയാളുടെ മുറിവുകളില്‍ നിന്ന് അവ ആര്‍ത്തിയോടെ ആ ദ്രാവകം നക്കിയെടുക്കുന്നത് ഞാന്‍ നോക്കിനിന്നു. അതെന്നെ വല്ലാതെ അത്ഭുതപ്പെടുതിയപ്പോള്‍ , ഞാന്‍ മെല്ലെ അയാള്‍ക്കടുത്തെത്തി ...!

എന്റെ വിവരമില്ലായ്മയില്‍ സ്വയം മൂക്ക് പൊത്തിക്കൊണ്ടാണ് ഞാന്‍ ചെന്നതെങ്കിലും എനിക്കനുഭവപ്പെട്ടത്‌ വശ്യമായ സുഗന്ധമായിരുന്നു. അയാളുടെ അളിഞ്ഞ ദേഹത്തുനിന്നും പരിസരം മുഴുവന്‍ അത് വ്യാപിച്ചുകൊണ്ടേയിരുന്നു. അതെന്നില്‍ ആശ്ചര്യമുണര്‍ത്തിയപ്പോള്‍ ഞാന്‍ മെല്ലെ അയാള്‍ക്കരികിലിരുന്നു. കണ്ണുകള്‍ മെല്ലെ തുറന്നുപിടിച്ച് അയാളെ ഒന്നുതൊടാന്‍ ശ്രമിച്ചപ്പോള്‍ എത്തിപ്പെട്ടത് ഒരു പനിനീര്‍ പൂവിലെന്നു തോന്നിപോയി. അതയാളുടെ ശരീരമായിരുന്നു. പനിനീര്‍ പൂവിനേക്കാള്‍ എന്നുതന്നെ ഒരുപക്ഷെ പറയേണ്ടിവരുന്ന മൃദുല ദേഹം...!

പിന്നെ ഞാന്‍ പതുക്കെ അയാളുടെ അരികെയിരുന്നു, അപ്പോഴും തലയ്ക്കടിയില്‍ കരുതിവെച്ചിരുന്ന അയാളുടെ മാറാപ്പ് എന്റെ ശ്രദ്ധയിലെത്തിയത് മനപ്പോര്‍വ്വം തന്നെ. അതുമാത്രം അയാള്‍ അപ്പോഴും ആര്‍ക്കും വിട്ടു കൊടുക്കാതെ മുറുകെപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് തോന്നിച്ചത് എന്നില്‍ ആകാംക്ഷയാണ്‌ ഉണ്ടാക്കിയത് . മെല്ലെ അത് കടന്നെടുത്ത് തുറന്നു നോക്കിയപ്പോള്‍ ഞാന്‍ പക്ഷെ അത്ഭുത ലോകത്തിലായി. അത് നിറയെ അയാളുടെ ജീവിതാനുഭവങ്ങള്‍ ആയിരുന്നു ...!

അപ്പോഴേക്കും കടന്നെത്തിയ മുനിസിപ്പാലിറ്റി ജീവനക്കാര്‍ അയാളുടെ ശരീരം ചുരുട്ടിക്കൂട്ടി ഒരു സഞ്ചിയിലാക്കി പോതിഞ്ഞെടുതപ്പോള്‍ , ഞാന്‍ നോക്കിയിരുന്നു. ആര്‍ക്കും വേണ്ടാത്ത അയാളുടെ ശരീരവുമായി ആ വണ്ടി കടന്നു പോയപ്പോള്‍ , ഞാന്‍ ആ മാറാപ്പുമാത്രം എന്റെ ജീവിതത്തോട് അണച്ചുപിടിച്ചു. പിന്നെ അയാളില്‍ നിന്നോഴുകിയിറങ്ങിയ ദ്രാവക അവശിഷ്ട്ടങ്ങളില്‍ ഹൃദയം ചേര്‍ത്തുകിടന്നു. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

ജീവിതം ....!!!

ജീവിതം ....!!!

കണ്ണുകളുടെ അകത്തളങ്ങളില്‍ നിന്ന് തുടങ്ങുന്ന കാഴ്ച്ചയുടെ വസന്തം ചെന്ന് നില്‍ക്കുന്ന വര്‍ണതിന്റെ അതിര്‍വരമ്പില്‍ നിന്ന് പിന്നെയും തുടരുന്ന അന്വേഷണമാണ് സത്യമെന്ന് അയാള്‍ക്ക്‌ അപ്പോഴും വിശ്വാസമായില്ല. കണ്ണും കാതും നിറഞ്ഞു നല്‍കുന്ന അറിവിന്റെ വെളിച്ചമാണ് സത്യമെന്ന് അയാള്‍ എപ്പോഴും വിശ്വസിക്കാന്‍ ശ്രമിചിരുന്നതുപോലെ. വ്യര്തമാണ്‌ പല കാഴ്ചകള്‍ എന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ് പല കേള്‍വികളെന്നും അയാള്‍ അറിയാതെപോയി. അതൊരുപക്ഷേ അയാളുടെ വിധിയുമായിരിക്കാം. കര്‍മങ്ങള്‍ക്കുമപ്പുറം അയാള്‍ നടന്നുനീങ്ങേണ്ട വഴിത്താരകള്‍ മുന്‍കൂട്ടി അടയാളപ്പെടുതിയത് പക്ഷെ അയാളല്ലല്ലോ....!

എന്നിട്ടും യാത്രകള്‍മാത്രം അയാള്‍ അവസാനിപ്പിച്ചില്ല. മരണത്തിലേക്കെന്നു നിശ്ചയമില്ലാതിരുന്നിട്ടും കാലനെ തേടിയുള്ള യാത്രപോലെ. മുന്നില്‍ ഇല്ലാത്ത കുന്നുതേടി നാറാണത്ത്ഭ്രാന്തന്‍ കല്ലുരുട്ടും പോലെ. വസന്തം കൈവെള്ളയിലൂടെ കണ്‍വെട്ടത്തുനിന്നും കൊഴിഞ്ഞുപോകുന്നത്‌ വേദനയോടെ നോക്കിനില്‍ക്കാനേ അയാള്‍ക്ക്‌ അപ്പോള്‍ ആയുള്ളൂ. ഇനി നിറയെ പൂക്കളും പൂമ്പാറ്റകളുമായി അത് എപ്പോഴെങ്കിലും വിരുന്നു വരുമായിരിക്കാം, പക്ഷെ അത് തന്റെ ജീവിതത്തിലേക്ക് എത്തുമെന്ന് അപ്പോള്‍ അയാള്‍ക്ക്‌ ഉറപ്പിച്ചു പറയാനാകില്ലായിരുന്നു. എന്നിട്ടും അയാള്‍ കാത്തിരുന്നത് ഗ്രീഷ്മത്തിന് വേണ്ടി മാത്രം. ഗ്രീഷ്മം അയാളില്‍ ഒരിക്കലും ആഘോഷമായിരുന്നില്ല. പക്ഷെ അയാള്‍ക്കിഷ്ട്ടം അതുമാത്രവും ...!

വരുമോ എന്നറിയില്ലെങ്കിലും അയാള്‍ വസന്തതിനായി പൂചെടികളെ വളര്തിവെച്ചു. അവയ്ക്ക് വെള്ളവും വളവും നല്‍കി പകിട്ടേകി. വളര്‍ന്നു പന്തലിക്കാന്‍ അവയ്ക്ക് അയാള്‍ തണലുകള്‍ ഒരുക്കി. പൂപ്പന്തലുകളും ഒരുക്കിവെച്ചു. പിന്നെ പൂമ്പോടിക്കായി കൂട്ടത്തോടെ കടന്നെതാറുള്ള പൂമ്പാറ്റകള്‍ക്കായി കാത്തിരുന്നു. തേന്‍ കുടിക്കാനെത്തുന്ന കരിവണ്ടുകള്‍ക്കായി നിലാവൊരുക്കാന്‍ അയാള്‍ മഴമേഘങ്ങളോട് ഒഴിഞ്ഞു നില്‍ക്കാന്‍ പ്രാര്‍ത്ഥിച്ചു. പെയ്ത് ഒഴിയാന്‍ വെമ്പിയിട്ടും അവ പക്ഷെ അയാള്‍ക്ക്‌ മുന്നില്‍ അപ്പോഴൊക്കെ അനുസരണയോടെയിരുന്നു ....!

വസന്തവും ഗ്രീഷ്മവും ശരത്തും ഹെമാന്തവുമോന്നും ആയിരുന്നില്ല ശരിക്കും അയാളുടെ ജീവിതം. അതുപക്ഷേ അയാള്‍ സ്വയം തിരഞ്ഞെടുതതായതിനാല്‍ അയാള്‍ അത് തന്നെ ജീവിച്ചു തീര്‍ക്കണമെന്ന് വാശിപിടിച്ചിട്ടും. വ്യവസ്ഥാപിതമായ സിദ്ധാന്തങ്ങള്‍ ഒന്നുമില്ലെങ്കിലും, പറയുന്ന വാക്കുകളിലെ അക്ഷരങ്ങലെയെങ്കിലും അയാള്‍ പച്ചയായി നിറുത്താന്‍ വൃഥാ ശ്രമിച്ചു കൊണ്ടേയിരുന്നു അപ്പോഴും. നിലനില്‍ക്കാന്‍ അവയെങ്കിലും അങ്ങിനെ ആഗ്രഹിചിരുന്നിട്ടും, കഴിയാത്ത അവസ്തയിലെങ്കിലും. കര്‍മ്മങ്ങളുടെ സത്യസന്ദ്ധതയെ അയാള്‍ക്ക്‌ സംശയമില്ലാ തിരുന്നിട്ടും, എങ്കിലും പിന്നെയും ബാക്കിയാകുന്ന കുറച്ചു നിമിഷങ്ങളില്‍ അയാള്‍ അയാളെങ്കിലും ആയിത്തീരാന്‍ കൊതിച്ചു. എന്നിട്ടും ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

മരണശേഷം ...!!!

മരണശേഷം ...!!! . മരണ ശേഷമുള്ള നരകത്തെ കുറിച്ച് പറഞ്ഞുപറഞ്ഞ് ഈ സ്വർഗ്ഗ തുല്യമായ ജീവിതത്തെ നരകമാക്കി തീർക്കുന്നവരെ പിന്നെയെങ്ങനെ സ്വർഗ്...