Saturday, December 17, 2016

രാജാവ് നഗ്നനാണ് ...!!!

രാജാവ് നഗ്നനാണ് ...!!!
.
അയ്യേ ... ഈ രാജാവ് വസ്ത്രം ധരിച്ചിട്ടില്ലാ ....! രാജാവ് നഗ്നനാണ് ...... ! പട്ടുകോണകത്തിനിടയിലൂടെ തന്റെ കുഞ്ഞുമണിയും തിരുപ്പിടിപ്പിച്ചുകൊണ്ടു ആ കൊച്ചുകുട്ടി ആളുകൾക്കിടയിൽനിന്നും അങ്ങിനെ ഉറക്കെ വിളിച്ചുപറഞ്ഞതുകേട്ട് എല്ലാവരും സ്തബ്ധരായി . ഘോഷയാത്രകൾ നിശ്ചലമായി . കാവലാളുകൾ പരിഭാന്തരായി . ഉദ്യോഗസ്ഥ വൃന്ദം ഞെട്ടിയിരുന്നു , പരിചാരകർ പരക്കം പാഞ്ഞു ....!
.
ഒരുകയ്യിലെ കോലുമുട്ടായിയും നൊട്ടിനുണഞ്‌ മറുകൈകൊണ്ട് തന്റെ പട്ടുകോണകത്തിനിടയിലൂടെ പുറത്തെടുത്ത കുഞ്ഞുമണിയിലെ തിരുപ്പിടുത്തം വിടുവിക്കാതെ ആൾക്കൂട്ടത്തിനിടയിൽ ഒതുങ്ങിനിന്നിരുന്ന തന്റെ അമ്മയുടെ പുറകിലേക്ക് ഓടിമാറുന്നതിനിടയിലും അവൻ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നത് രാജാവ് വസ്ത്രം ധരിച്ചിട്ടില്ല എന്നതുതന്നെയായിരുന്നു ....!
.
ഉഗ്രപ്രതാപിയാണ് രാജാവ് . വീരശൂര പരാക്രമി . ധീരോദാത്തൻ , ദയാലു , പ്രജാതത്പരൻ , ആദർശധീരൻ ,ലോക ജേതാവ് , മഹാരാജാവ് ....! അയൽരാജ്യങ്ങൾക്കിടയിൽ മാത്രമല്ല വിദൂര ദേശങ്ങളിൽ പോലും മഹാരാജാവിന് ബഹുമാനവും സ്വീകാര്യതയും ഏറെയാണുതാനും . പ്രജാ ക്ഷേമ താത്പര്യാർത്ഥം വേഷപ്രഛന്നനായി പോലും നാടുനീളെ സഞ്ചരിച്ചുകൊണ്ട് ജനഹിതം നടപ്പിലാക്കുന്ന ജനാതിപത്യ വാദി .... !
.
രാജാവിന്റെ ഓരോ കാര്യങ്ങളും നോക്കി കൃത്യതയോടെ നടപ്പിലാക്കാൻ അനുചരരും പരിചാരകരും അനവധി . വലുതും ചെറുതുമാണെങ്കിലും പദ്ധതികൾ തയ്യാറാക്കി കൃത്യതയോടെ നടപ്പിലാക്കാനുള്ള കഴിവുള്ള ഉദ്യോഗസ്ഥരും ഏറെ . രാജാവിനെക്കുറിച് ആർക്കും എതിരഭിപ്രായമില്ല , സുന്ദരനും സുമുഖനും മാത്രമല്ല രാജാവ്, പരമ കാരുണ്യവാനുമാണെന്ന് ഏവർക്കും അറിയുകയും ചെയ്യാം . ഇനിയും ഒരു നൂറുവര്ഷംകൂടി ഇതേ രീതിയിൽ ഭരണം നടത്താൻ രാജാവിന് കഴിയട്ടെ എന്ന് പ്രജകൾ പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എപ്പോഴും ...!
.
എന്നിട്ടും രാജാവ് ഇപ്പോൾ നഗ്നനാണ് , ഞാനും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, November 13, 2016

കാഴ്ചക്കുമേലെ ...!!!

കാഴ്ചക്കുമേലെ ...!!!
.
നനഞ്ഞ മുടിയിലെ വെള്ളത്തുള്ളികൾ കണ്ണിലേക്ക് കുടഞ്ഞിട്ട് അവൾ വിളിച്ചപ്പോഴാണ് അയാൾ ഉണർന്നെണീറ്റത്‌ . അവളുടെ ചൂടുള്ള പുതപ്പിനുള്ളിൽ അയാളിലേക്കുതന്നെ ഉൾവലിഞ്ഞുള്ള അതി തീക്ഷ്ണമായ അയാളുടെ ഉറക്കത്തിൽനിന്നും . അവളിലേക്കുതന്നെ നോക്കിയിരിക്കവെ അവൾ ഇന്നലത്തെതിനേക്കാൾ അപ്പോൾ സുന്ദരിയായിരിക്കുന്നു എന്നയാൾക്ക്‌ തോന്നി . കാലത്തെ കുളിരിൽ അവളുടെ ചൂടിലേക്കൂളിയിടാൻ അയാൾ പിന്നെയും കൊതിച്ചെങ്കിലും അയാൾക്കുനേരെ കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ പെട്ടെന്ന് അവളിലേയ്ക്കുതന്നെ ചിതറിയൊളിച്ചു ....!
.
എപ്പോഴാണ് അവളെ പരിചയപ്പെട്ടതെന്ന് അയാൾക്കോർമ്മയില്ല . അവളെ എന്ന് മാത്രമല്ല അതുപോലുള്ള പലരെയും . പരിചയപ്പെടുന്നവരിൽ ചിലർ അയാളുടെ ഹൃദയത്തിലേക്കെത്തിനോക്കുമ്പോൾ അയാൾ അവരെ ചുവപ്പു പരവതാനികൾ വിരിച്ച, പൂക്കൾകൊണ്ടലങ്കരിച്ച വഴികൾ ഒരുക്കി സ്വീകരിച്ചു . ഓരോരുത്തരും പക്ഷെ പലരും ചിലരുമായി അയാളിലേക്ക് ആഴ്ന്നിറങ്ങുന്നത് അയാൾ അറിഞ്ഞുകൊണ്ടുതന്നെ ആസ്വദിച്ചിരുന്നു . നിർലോഭമായ ഒരുന്മാദത്തോടെ . ആർക്കും വേദനയില്ലാതെ . ആർക്കും നീരസമില്ലാതെ ...!
.
പതിവുകൾ പലകുറി തെറ്റുമ്പോഴൊക്കെ അയാൾ വിർവ്വികാരതയോടെ അയാളെയും അവരെയും നോക്കി നിന്നു . തെറ്റിക്കാൻ മാത്രമായി അയാൾ ഉണ്ടാക്കുന്ന പതിവുകൾ പോലെ . പിന്നെ അയാളിലേക്കുള്ള വഴികൾ ഓരോരുത്തർക്കായി അയാൾ സ്വയം തുറന്നു കൊടുക്കുമ്പോഴും അവർക്കൊക്കെ വ്യത്യസ്ത വാതിലുകളും ജനലുകളും അയാൾ ഉണ്ടാക്കിവെച്ചു . ഓരോ വാതിലിനും ഓരോ ജനലുകൾക്കും പ്രത്യേകം പ്രത്യേകം അലങ്കാരങ്ങളോടെ . പ്രത്യേകം പ്രത്യേകം വിരിപ്പുകളും തിരശീലകളോടും കൂടി ....!
.
അവൾ മാത്രമെന്ന് അവൾക്കു തോന്നുന്നിടത്തുനിന്നും അയാൾ, അയാൾ മാത്രമെന്ന് അവൾക്കും തോന്നിപ്പിച്ചു . രൂപങ്ങൾ മാറുമ്പോഴും ഭാവങ്ങൾ മാറുമ്പോഴും കാലങ്ങൾ മാറുമ്പോഴും അയാൾ അയാൾ തന്നെയായിരിക്കാൻ അയാൾക്ക് കഴിയുന്നിടത്തു അയാൾ അവരെയും കൊണ്ടെത്തിച്ചു . ഓരോരുത്തരിലേക്കും ആഴ്ന്നിറങ്ങുമ്പോൾ അവരെ അവരുടെ ലഹരിയുടെ മൂർദ്ധന്യതയിലെത്തിക്കാൻ അയാൾ ശ്രദ്ധിച്ചു . പരിചരണത്തിൽ അയാളുടെ വാത്സല്യം നിറച്ചുവെക്കാനും ....!
.
പിന്നെയും അയാളിലേക്കാഴ്ന്നിറങ്ങാൻ അവൾ തിടുക്കപ്പെട്ടപ്പോൾ അയാൾ തന്റെ പുതപ്പുകൾ മാറ്റി . വിരിപ്പുകളും . അവളിലേക്കുള്ള യാത്രയിൽ അയാളെ മാത്രം കാത്തിരിക്കുന്ന ഒരു ഒറ്റരൂപം അപ്പോൾ തെളിയുന്നത് അയാൾ വേദനയോടെ കണ്ടു . വഴിക്കണ്ണുമായി കാത്തിരിക്കുന്ന ആ നിറരൂപത്തിന് പ്രതീക്ഷയുടെ , സ്നേഹത്തിന്റെ മുഖവുമുണ്ടായിരുന്നു . നീയൊരു പൂവാണെങ്കിൽ അതൊരു വസന്തമാണെന്നും നന്മയുടെ പൂങ്കാവനമാണെന്നും അയാൾ സ്വയം ഏറ്റു പറഞ്ഞു . എന്നിട്ടും .....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, November 8, 2016

മാ ... തത്വം ...!!!

മാ ... തത്വം ...!!!
.
ചുടു ചോര ഇറ്റു വീഴുന്ന ചുണ്ടുകൾ കൊണ്ടൊരു വാത്സല്യ ചുംബനം മൂർദ്ധാവിൽ . മാറിൽ മാലയായി കോർത്ത തലയോട്ടികളിലെ പച്ച മാംസം തുടച്ചുമാറ്റി വായിൽ തിരുകി വച്ച് തരുന്ന മുല ഞെട്ടുകളിലൂടെ ചുരത്തുന്ന സ്നേഹാമൃതം ആവോളം . വാളും ചിലമ്പും പിടിച്ചു തഴമ്പിച്ച കൈകളിൽ സൂക്ഷിച്ചു വെച്ച ചൂണ്ടു വിരലിലൂടെ പകരുന്ന സുരക്ഷിതത്വം . പകലുകളിലും രാത്രികളിലും കെടാതെ കത്തുന്ന നക്ഷത്രക്കണ്ണുകളിലെ കനലിന്റെ വെട്ടം കൂട്ടിനും വഴികാട്ടിയും ... മാതൃത്വത്തിന് മാത്രം എന്തെ, പിന്നെയും മുഖങ്ങൾ ഇല്ലാതെ പോകുന്നു ...!
.
കാവേരി എന്റെ മോളുടെ പൂച്ചക്കുട്ടിയാണ് . വഴിയരുകിൽ ചത്തുകിടക്കുന്ന അമ്മക്കരുകിൽ കരഞ്ഞു തളർന്നു കിടന്നിരുന്ന ആ പൂച്ചക്കുട്ടിയെ ഒരു യാത്രക്കിടയിലാണ് അവൾക്ക് കിട്ടിയത്. യമുനയാകട്ടെ അവളുടെ പട്ടിക്കുട്ടിയും . അതുപോലെ , കാലൊടിഞ്ഞുതൂങ്ങിയ നിലയിൽ മറ്റൊരു യാത്രക്കിടയിലാണ് അവൾക്കതിനെയും കിട്ടിയത് . എന്റെ ഭാര്യക്ക് പൂച്ചയേയും പട്ടിയെയുമൊക്കെ ഭയങ്കര പേടിയാണെങ്കിലും ഞങ്ങളവയെ സ്നേഹത്തോടെ വളർത്തുകതന്നെ ചെയ്തിരുന്നു . പ്രത്യേക പരിഗണനയൊന്നും കൊടുക്കാറില്ലെങ്കിലും അവ ഞങ്ങളോടൊപ്പം ഞങ്ങളുടെ കൊച്ചുവീട്ടിലെ അംഗങ്ങളെപ്പോലെത്തന്നെ കഴിഞ്ഞു പൊന്നു ....!
.
രൗദ്രമായ ഭാവങ്ങളൊക്കെയും സ്നേഹത്തെ മറച്ചുപിടിക്കാനുള്ള ഒരു മുഖപടം മാത്രമാക്കുകയാണെന്ന് ആരും പറഞ്ഞില്ല. പറയാതെയും ആരും അറിഞ്ഞുമില്ല . എന്നിട്ടും കത്തുന്ന കണ്ണിൽ , . എരിയുന്ന നെഞ്ചിൽ , വേവുന്ന മനസ്സിൽ എല്ലായിടത്തും തിരയുകതന്നെയായിരുന്നു . തന്നെ തന്നിലേക്കടുപ്പിക്കുന്ന തന്നെ തേടി രാക്ഷസീയമെന്നത് ഒരു ഭാവനമാത്രമാണ് കാടത്ത മെന്നത് ഒരു പ്രയോഗ പദവും . കത്തുന്ന ചൂടിൽ മഴയല്ല , കുളിരും തണുപ്പുമാണ് വേണ്ടതെന്ന് ആര് ആരെ അനുഭവിപ്പിക്കാൻ ...!
.
സ്‌കൂളിൽ നിന്നും വരുമ്പോഴാണ് എന്റെ മകൾ രണ്ട് ആൽമരത്തൈകൾ കൊണ്ടുവന്നത് . വന്നപാടെ അവളത് മുറ്റത്തെ മൂലകളിൽ കുഴിച്ചിട്ട് വെള്ളമൊഴിച്ചു . ആരുമത് നശിപ്പിക്കാതെ നോക്കണമെന്ന് ഏട്ടനെ നിഷ്കർഷിച്ചു . അടുക്കളയിലെ അവശിഷ്ട്ടങ്ങൾ അതിന്റെ കടയ്ക്കലേക്ക് ഇടണമെന്ന് അമ്മയോട് ശട്ടവും കെട്ടി . കൃത്യമായൊന്നുമില്ലെങ്കിലും അവളത്തിന് വെള്ളമൊഴിച്ചു, വളവുമിട്ടു . പിന്നെ, സാവധാനത്തിൽ ആ തൈകൾക്ക് ഇലകളും ശാഖകളും വളരുന്നത് സംതൃപ്തിയോടെ നോക്കിനിന്നു ...!
.
പാലാഴികൾ കടഞ്ഞിട്ടും പലരുവികൾ തുഴഞ്ഞിട്ടും പാൽക്കടൽ നീന്തിയിട്ടും ദേവതകൾക്കു മാത്രം പിന്നെയും അമൃത് കിട്ടിയില്ല . അമൃതായ അമൃതെല്ലാം അമ്മയുടെ ഗർഭപാത്രത്തിലാണെന്ന് പാവം അവർ അറിഞ്ഞിരുന്നില്ലല്ലോ അപ്പോഴും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, November 1, 2016

ബന്ദ്‌ ( ക്ഷമിക്കണം - ഹർത്താൽ )

ബന്ദ്‌ ( ക്ഷമിക്കണം - ഹർത്താൽ )
.
കാട് എന്ന് പേരുണ്ടായിരുന്ന ചില സ്ഥലങ്ങളിലെ കുറച്ചു മരങ്ങൾ കൂടി. പിന്നെ അവിടവിനെയുള്ള കുന്നും മലകളും എന്ന് വിളിക്കാറുണ്ടായിരുന്ന ചില മൺകൂനകൾ . പുഴകൾ എന്ന് പേരുണ്ടായിരുന്ന അപൂർവ്വം നീർച്ചാലുകൾ , പിന്നെ നെൽപ്പാടങ്ങൾ എന്ന് പേരുണ്ടായിരുന്ന കുറച്ചു തരിശു ഭൂമിയും . നശിപ്പിക്കാൻ ഇനി വളരെ കുറച്ചു മാത്രം . ഏറിയാൽ ഒരൊന്നൊന്നര കൊല്ലം കൊണ്ട് ഇതുകൂടി എനിക്ക് ശരിയാക്കാവുന്നതേയുള്ളൂ . എന്നിട്ടും ഏറെ മനോഹരിയാണ് കേരളം എന്ന എന്റെ ഈ മാതൃഭൂമിയിന്ന് എന്നതിൽ എനിക്കഭിമാനം തോന്നുന്നു. എന്നെക്കൊണ്ട് ഇത്രയൊക്കെ ആക്കി തീർക്കാൻ പറ്റിയല്ലോ ....!
.
ഇനി ഒരു ബന്ദുകൂടി അല്ല ഹർത്താൽ കൂടി പ്രഖ്യാപിച്ചാലോ എന്നാണ് ഇന്നത്തെ ചിന്ത . പണ്ട് ... പണ്ടെന്നു പറഞ്ഞാൽ AB ( ആഫ്റ്റർ മൈ ബർത് ) ഒരു ഇരുപതു വർഷങ്ങൾക്കു മുൻപുവരെ നിറഞ്ഞു പെയ്തിരുന്ന മഴയിൽ നിറഞ്ഞുറങ്ങിയ പകലോർമ്മകളുണ്ട് എനിക്കും . തോരാത്ത മഴ രാത്രികളുടെ കുളിരോർമ്മകളും . പക്ഷെ ഇപ്രാവശ്യം മഴയുടെ ദേവനായ ഇന്ദ്രൻ ആവശ്യത്തിന് മഴ തരാതെ നമ്മളെയങ്ങു ചതിച്ചു കളഞ്ഞു . ചോദിക്കാൻ ചെന്നപ്പോൾ വജ്രായുധം കാട്ടി ഭീഷണിപ്പെടുത്തി ഒരു പറച്ചിലും . നീ നിന്റെ പ്രകൃതിയെ നശിപ്പിച്ചതിനുള്ള ശിക്ഷയാണെന്ന് . ......!
.
അല്ലെങ്കിൽ തന്നെ ഇതൊക്കെ നോക്കാൻ എനിക്കെവിടാ നേരം . എന്റെ തിരക്കുകൾ വല്ലതും മൂപ്പരുണ്ടോ അറിയുന്നു . അഴിമതി പണം ഒളിപ്പിക്കാനും പള്ളികളിലും അമ്പലങ്ങളിലും മത സൗഹാർദ്ദ പ്രാർത്ഥന നടത്താനും രാജ്യസ്നേഹവും പ്രകൃതി സ്നേഹവും പ്രസംഗിക്കാനും കടിച്ചുകൊല്ലാൻ വരുന്ന തെരുവുനായ്ക്കളെ സ്നേഹത്തോടെ സംരക്ഷിക്കാനും മറ്റുള്ളവരുടെ കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കാനും കുഞ്ഞു കുട്ടികളെയും വീട്ടമ്മമാരെയും ലഹരി പിടിപ്പിക്കാനും ഒക്കെതന്നെ എനിക്കിവിടെ നേരം തികയുന്നില്ലെന്ന് മൂപ്പരുണ്ടോ അറിയുന്നു ....!
.
പിന്നെ, കാടും മലയും ഉണ്ടായിട്ടാണോ മരുഭൂമിയിലും കടലിലും മഴപെയ്യുന്നത് . അപ്പോൾ പിന്നെ എന്റെ ഈ കൊച്ചു കേരളത്തിൽ എന്തുകൊണ്ട് മഴപെയ്യുന്നില്ല എന്ന എന്റെ ചോദ്യത്തിന് മൂപ്പർ ധിക്കാരം പൂർവ്വം മൗനം ദീക്ഷിച്ചു. ആദർശ ധീരനും രാജ്യസ്നേഹിയും മത സ്നേഹിയും വിപ്ലവ നായകനും പരിസ്ഥിതി പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനും ഒക്കെ ആയ എന്നോടാണോ മൂപ്പരുടെ കളി . എന്റെ കാട് , എന്റെ പുഴ , എന്റെ കുളം എന്റെ വയൽ ... ഞാൻ എനിക്കിഷ്ടമുള്ളതുപോലെ ഉപയോഗിക്കും , എനിക്കിഷ്ടമുള്ളതുപോലെ നശിപ്പിക്കും... മൂപ്പരാരാ ചോദിക്കാൻ . അതുകൊണ്ട് മൂപ്പർക്കെതിരെ ഞാൻ ഉടനെയൊരു ബന്ദ് ( ഹർത്താൽ ) അങ്ങ് പ്രഖ്യാപിക്കാൻ തീരുമാനിച്ചു. വിജയിക്കട്ടെ വിജയിക്കട്ടെ . ഞാൻ മാത്രം വിജയിക്കട്ടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 17, 2016

എനിക്ക് വേണ്ടത് ഒരു ശവക്കുഴി മാത്രം ....!!!

എനിക്ക് വേണ്ടത് ഒരു ശവക്കുഴി മാത്രം ....!!!
.
വെട്ടിനുറുക്കി പൊതിഞ്ഞുകെട്ടിയ
മകന്റെ ശവവും നോക്കി
മനസ്സ് മരിച്ച ഒരമ്മയുണ്ട് കുടുംബത്തിൽ ...!
.
ഹൃദയരക്തത്തിൽ മുങ്ങിപ്പോയ
കെട്ടുതാലിയും മാറത്തടക്കി
ഭർത്താവിന്റെ ചിതക്കുമുന്നിൽ
ആത്മാഹുതിക്കൊരുങ്ങുന്ന
ഒരു ഭാര്യയുണ്ട് അകത്തളത്തിൽ ....!
.
വെട്ടി തുണ്ടമാക്കി മാറ്റിയെടുത്ത
അച്ഛന്റെ ചൂണ്ടുവിരലും കയ്യിലെടുത്ത്‌
കരഞ്ഞുകൊണ്ട് കാത്തിരിക്കുന്ന
ഒരു കുഞ്ഞു മകളുണ്ട് ഉമ്മറത്ത് ...!
.
താങ്ങും തണലുമാകേണ്ട
ഏട്ടന്റെ വേർപാടിൽ
ജീവിതം നഷ്ടപ്പെട്ട ഒരു പെങ്ങളുണ്ട്
അടുക്കളയുടെ ഇരുട്ടിൽ ...!
.
വർത്തമാനവും ഭാവിയും നഷ്ടപ്പെട്ട
ഇവർക്കുമേലെ
പുതിയ റോഡും പാലവും
വ്യവസായവും കെട്ടിപ്പൊക്കാതെ
എനിക്കുവേണ്ടത് ആറടിമണ്ണിലെ
ഒരു ശവക്കുഴിമാത്രം ...!
.
ആർഷ ഭാരത സംസ്കാരത്തിൽ
ഊറ്റംകൊള്ളുന്ന ,
വാക്കിൽ മുഴുവനും
സ്വാതന്ത്ര്യവും സമാധാനവും സമത്വവും
മതേതരത്വവും വിളമ്പുന്ന
വിപ്ലവത്തിന്റെ , സമരങ്ങളുടെ
വീരേതിഹാസങ്ങൾ രചിക്കുന്ന
ആധുനിക കേരളമേ ,
എനിക്കിനി വേണ്ടത് ആ ശവക്കുഴിമാത്രം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 3, 2016

യുദ്ധത്തിന് മുൻപ് ......!!!

യുദ്ധത്തിന് മുൻപ് ......!!!
.
യുദ്ധം
എനിക്കെന്റെ ധർമ്മമാണ്
പക്ഷെ
യുദ്ധത്തിനിറങ്ങും മുൻപെ
എനിക്കൊന്ന് പ്രാർത്ഥിക്കണം ...!
.
ഒരു നേരത്തെ
അന്നത്തിനുപോലും വകയില്ലാത്ത
എന്റെ സഹോദരരുടെ പിച്ചച്ചട്ടിയിൽ
കയ്യിട്ടു വാരുന്നവർക്കുവേണ്ടി ....!
.
വൃദ്ധരും രോഗികളുമായ
സ്വന്തം മാതാപിതാക്കളെ
തെരുവിലുപേക്ഷിക്കുന്ന
മക്കൾക്ക് വേണ്ടി ...!
.
എതിർക്കാൻ പോലും അറിവില്ലാത്ത
സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ
ക്രരൂരമായി പീഡിപ്പിക്കുന്ന
മാതാപിതാക്കൾക്ക് വേണ്ടി ...!
.
ഒരു യുവതയെ മുഴുവൻ
ലഹരിക്കടിമപ്പെടുത്തുന്ന
ഉദ്യോഗസ്ഥ - കച്ചവടക്കാർക്കുവേണ്ടി ...!
.
അഴിമതിയും കളവും
സ്വജന പക്ഷപാതവും
മാത്രം കൈമുതലായ
നേതാക്കൾക്കുവേണ്ടി ...!
.
നിരപരാധികളെ
നിഷ്കരുണം കൊന്നൊടുക്കുന്ന
മത ഭ്രാന്തന്മാർക്കു വേണ്ടി ....!
.
സ്വന്തം മാതൃരാജ്യത്തെ
ഒറ്റുകൊടുക്കുന്ന
രാജ്യദ്രോഹികൾക്കുവേണ്ടി ...!
.
എനിക്കാത്മാർത്ഥമായി
പ്രാർത്ഥിക്കണം ....!
.
എന്നിട്ടുവേണം എനിക്കായുധമെടുക്കാൻ
പിന്നെ
ശാശ്വത സമാധാനത്തിനുവേണ്ടിയുള്ള
യുദ്ധം ചെയ്യാൻ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, September 22, 2016

എന്റെ പേരോ മനുഷ്യൻ ...???

എന്റെ പേരോ മനുഷ്യൻ ...???
.
കൈ നിറയെ പണവും
നല്ലൊരു വക്കീലുമുണ്ടെങ്കിൽ
എനിക്കിവിടെ എന്തക്രമവും ചെയ്യാം ...!
.
ഒരു സ്മാർട് ഫോണും
അതിൽ ഇന്റർനെറ്റും ഉണ്ടെങ്കിൽ
എനിക്കാരെക്കുറിച്ചും എന്തുമെഴുതാം ...!
.
കുറച്ചധികം ലഹരിയുണ്ടെങ്കിൽ
എനിക്കെന്റെ അമ്മയെയും, പെങ്ങളെയും ,
മകളെയും വരെ
ക്രൂരമായി ബലാത്സംഗം ചെയ്യാം ...!
.
ഒരു സംഘടനയുടെ കൊടി
കയ്യിലുണ്ടെങ്കിൽ
എനിക്കീ നഗരം കത്തിച്ചുകളയാം ...!
.
ഒരു മതം കൂടെയുണ്ടെങ്കിൽ
വിശക്കുന്നവനെയും ഉറങ്ങിക്കിടക്കുന്നവനേയും
പിഞ്ചു കുഞ്ഞുങ്ങളെയും പച്ചക്കു കൊല്ലാം ...!
.
ഒരു രാഷ്ട്രീയസംഹിതയുണ്ടെങ്കിൽ
എന്റെ മാതൃരാജ്യത്തെ ഒറ്റുന്ന
രാജ്യദ്രോഹിക്കുവരെ കൂട്ടുനിൽക്കാം ....!
.
ഇങ്ങിനെയൊക്കെയാകാം എനിക്കെങ്കിൽ
എന്റെ പേരോ മനുഷ്യൻ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, August 24, 2016

ജനിക്കണം, ഒരു പട്ടിയായെങ്കിലും ...!!!

ജനിക്കണം, ഒരു പട്ടിയായെങ്കിലും ...!!!
.
ആരെയും കൊല്ലാൻ എനിക്കാവില്ല
ആർക്കുവേണ്ടിയും മരിക്കാനും ...!
ജീവിതം എന്റെയും അവകാശമാകവേ
ഞാനും പ്രാർത്ഥിക്കുന്നു
ജനിക്കണം അടുത്ത ജന്മത്തിലെങ്കിലും
ഒരു പട്ടിയായെങ്കിലും ഈ കേരളത്തിൽ ...!
.
പട്ടിയായി ജനിച്ചാൽ ഗുണങ്ങളേറെ
തിന്നാം ബിരിയാണി വയറുനിറയെ
പിന്നെ പശുവിറച്ചിയും പന്നി മാസവും
കയറിച്ചെല്ലാം അമ്പലനടയിലും പള്ളി വാതിൽക്കലും
കിടക്കാം തെരുവോരത്തും കൊട്ടാരക്കെട്ടിലും ...!
.
കുരക്കാം ആർക്കു നേരെയും
കടിക്കാം ആരെ വേണമെങ്കിലും
സഞ്ചരിക്കാം രാത്രിയും പകലും
സംരക്ഷിക്കാൻ ആളും തരം പോലെ
പിന്നെയെന്തിന് അമാന്തിക്കണം ഞാനിനി
ജനിക്കണം പട്ടിയായിത്തന്നെ, അടുത്തജന്മമെങ്കിലും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, August 20, 2016

സിംഹങ്ങൾ ചിരിക്കാറില്ല ...!!!

സിംഹങ്ങൾ ചിരിക്കാറില്ല ...!!!
.
ഒരു സ്മാർട് ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കിൽ നിനക്കും ലോക സാഹിത്യകാരനോ വേദാന്തിയോ വിമർശകനോ തത്വജ്ഞാനിയോ ആയിയൊക്കെ നിഷ്പ്രയാസം പ്രശസ്തനാകാം എന്ന് അവളെന്റെ മുഖത്തുനോക്കി പറഞ്ഞപ്പോൾ ഞാനും ഒന്ന് ചൂളിപ്പോയി . ഇനി ഇവളെങ്ങാനും എന്റെ തലതിരിഞ്ഞ എഴുത്തുകളെന്തെങ്കിലും വായിച്ചിട്ടാണോ എന്നെ പരിഹസിക്കുന്നതെന്ന് സ്വാഭാവികമായും ചിന്തിച്ചും പോയി ഞാനപ്പോൾ ....!
.
എന്നാൽ അവളുടെ ഭാഗ്യത്തിന് അതൊന്നും വായിക്കാനുള്ള ഗതികേട് അവൾക്കില്ലാതിരുന്നതിനാൽ ഞാൻ തത്കാലം രക്ഷപ്പെട്ടു എന്നാശ്വസിച്ചുകൊണ്ട് അവളെയും കൂട്ടി അടുത്തുള്ള കോഫി ഷോപ്പിലേക്ക് കയറുമ്പോൾ അവൾ ചോദിച്ചു നീ എപ്പോഴെങ്കിലും ഒരു സിംഹം കരയുന്നത് കണ്ടിട്ടുണ്ടോ എന്ന്. ഒരു സിംഹത്തെ പോയിട്ട് നേരെ ചൊവ്വേ ഒരു കഴുതയെ പോലും കണ്ടിട്ടില്ലാത്ത ഞാൻ എങ്ങിനെയാണ് അതിനുള്ള ഉത്തരം പറയുക . മിണ്ടാതെ കാപ്പിക്കും കൂടെ കഴിക്കാനുള്ളതിനും ഓർഡർ കൊടുത്തിട്ട് അവളെയും കൂട്ടി തുറന്ന ടെറസ്സിലെ മറച്ചുപിടിച്ച ഇരിപ്പിടങ്ങളിലേക്ക് നടന്നു നീങ്ങവേ ഇവളുടെ അടുത്ത ചോദ്യത്തിൽ നിന്നും എങ്ങിനെ രക്ഷപ്പെടും എന്ന് മാത്രമായിരുന്നു എന്റെ ചിന്ത .....!
.
കാപ്പിക്കായി കാത്തിരിക്കുന്നതിനിടയിൽ അവൾ തന്റെ ലാപ്ടോപ്പ് ഓപ്പൺ ചെയ്‌തുകൊണ്ട് എന്നോടാവശ്യപ്പെട്ടത് നാളെ അവൾക്ക് സെനറ്റിൽ പ്രെസന്റ് ചെയ്യാൻ ഒരു ലേഖനം തയ്യാറാക്കി കൊടുക്കാനായിരുന്നു . അതും പൊതുസമൂഹത്തിൽ അതിന്റെ കാഴ്ചപ്പാടുകളിൽ വരുത്തേണ്ട ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടാണ് വിഷയം . കേട്ടത് സത്യം തന്നെയെന്ന് ഒന്നുകൂടി ചോദിച്ചുറപ്പുവരുത്തിയപ്പോൾ കാപ്പിയും കടിയും കിട്ടിയില്ലെങ്കിലും വേണ്ടില്ല ആ ടെറസ്സിൽ നിന്നും എടുത്തു ചാടിയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി എനിക്കപ്പോൾ . ...!
.
എല്ലാം കെട്ടുകാഴ്ചകൾ മാത്രമാണെന്നും നമ്മൾ ജീവിക്കുന്നു എന്നത് തന്നെ ഒരു വിശ്വാസം മാത്രമാണെന്നും തുടങ്ങി അവൾ വാചാലമായി മഹത്തായ തത്വങ്ങൾ പറയാൻ തുടങ്ങിയപ്പോൾ അറിയാതെ വായ്തുറന്നുപോയ എന്റെ മൂക്കിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞത് ഞാൻ ഒരു വിഡ്ഢിയാണെന്നാണ് . അതുവരെ അവൾ പറഞ്ഞതെല്ലാം സത്യമോ മിഥ്യയോ എന്ന് എനിക്കുതന്നെ ഉറപ്പില്ലായിരുന്നെങ്കിലും അപ്പോൾ അവൾ പറഞ്ഞ ആ സത്യത്തിനുമുന്നിൽ ഞാൻ അടിയറവുപറഞ്ഞുപോയി ...!
.
നേരിൽ കാണുന്നതല്ലാതെ അനുഭവിക്കുന്നതല്ലാതെ ഒന്നും വിശ്വസിക്കരുതെന്ന് നമ്മെ പഠിപ്പിക്കുന്ന ശാസ്ത്രംപോലും നമ്മെ പറ്റിക്കുകയാണെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ എന്നെയൊന്ന് ഉറക്കെ നുള്ളിനോക്കി . ഉദാഹരണമായി അവൾ പറഞ്ഞത് ഒരു പമ്പരം കറങ്ങുന്നത് നമുക്ക് നമ്മുടെ കണ്ണുകൊണ്ട് കാണാം , പക്ഷെ ഭൂമി കറങ്ങുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ ഇതുവരെ എന്നാണ് . എന്നിട്ടും ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത് ഭൂമി സ്വയമുള്ള അച്ചുതണ്ടിൽ കറങ്ങുന്നു എന്നാണ് . അങ്ങിനെ ഒരു അച്ചുതണ്ട് ഉണ്ടെങ്കിൽ ആ തണ്ടിന്റെ വേര് എവിടെയെന്ന അവളുടെ ചോദ്യം കൂടിയായപ്പോൾ ഞാൻ ഉറക്കെ പറഞ്ഞുപോയി, നാളെ അവൾക്ക് പ്രസന്റ് ചെയ്യാനുള്ള ലേഖനം ഞാൻ തന്നെ എഴുതിത്തരാമെന്ന് . എന്നിട്ട് അപ്പോഴേക്കും കൊണ്ടുവന്ന ചൂട് കാപ്പിയും കുടിച്ചുകൊണ്ട് ഞാൻ ടൈപ് ചെയ്യാൻ തുടങ്ങി , സിംഹങ്ങൾ ചിരിക്കാറില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, August 11, 2016

മതിലുകൾ കൊണ്ടൊരു വീട് ...!!!

മതിലുകൾ കൊണ്ടൊരു വീട് ...!!!
.
പന്ത്രണ്ടാമത്തെ വരിയും കെട്ടി കഴിഞ്ഞപ്പോൾ അയാൾ ഒന്നിരുന്നു , ഒരു ദീർഘ നിശ്വാസത്തോടെ . തന്റെ വീടിന് ചുറ്റും താൻ തീർക്കുന്ന ഈ ചുറ്റുമതിലിനുള്ളിൽ നിന്നാൽ ഇനി തന്റെയും തനിക്കൊപ്പമുള്ളവരുടെയും തലയ്ക്കുമുകളിൽവരെ ഒന്നും പുറത്തുകാണില്ലല്ലോ എന്നത് അയാളെ തെല്ലൊന്നുമല്ല അപ്പോൾ ആശ്വസിപ്പിച്ചത് . ഇനിയുള്ളത് അല്പം സാവധാനത്തിലായാലും കുഴപ്പമില്ലെന്നും അയാൾക്കറിയാമായിരുന്നു .
.
തന്റെ വീട് തന്റെ സ്വപ്നമായിരുന്നു എന്നത് അയാൾ ഓർത്തെടുത്തു . എന്നാൽ ഇപ്പോഴും അടച്ചുറപ്പോടെ വൃത്തിയോടെ ഒരു മുറിപോലും ശരിയാക്കിയെടുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലല്ലോ എന്നതിൽ അയാൾക്ക് കുണ്ഠിതവുമുണ്ടായിരുന്നു . മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന വലിയ കുടുംബം പരിമിതികളോടെ അവിടെ കഴിയുന്നതിൽ അയാൾക്ക് വിഷമവും ഉണ്ടായിരുന്നു . എന്നാൽ അതിനേക്കാളൊക്കെ അയാൾക്ക് പ്രധാനമായിരുന്നത് ആ വീടിനുചുറ്റും വലിയൊരു മതിൽ കെട്ടുക എന്നതുതന്നെയായിരുന്നു . നഗരമദ്ധ്യത്തിൽ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് ആ വീട് ഉള്ളതെന്നതുപോലും അയാളെ അതിൽനിന്നും പിന്തിരിപ്പിച്ചിരുന്നുമില്ല.
.
അല്പസമയത്തെ ആ ആശ്വാസം പോലും അയാളെ അസ്വസ്ഥനാക്കാൻ തുടങ്ങിയപ്പോൾ വീണ്ടും അയാൾ തന്റെ ജോലിതുടർന്നു . കല്ലുകൾ പെറുക്കിയടുക്കി ചുമരുകൾ പടുത്ത്‌ ആ ചുമരുകൾക്കും മേലെ മറയുണ്ടാക്കുമ്പോൾ അയാളുടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ . തന്നെ ഇനിയൊരിക്കലും മറ്റൊരാളും കാണരുത് . തന്നെ മുഴുവനായും തന്നെ എല്ലാറ്റിൽനിന്നും മറച്ചു പിടിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് അയാൾ അപ്പോഴുമുറച്ചുതന്നെ വിശ്വസിച്ചു .
.
ചില പരിധികൾ എപ്പോഴും പരിമിതികൾക്കും അപ്പുറത്താണെന്നത് അയാൾ ഓർക്കാൻ കൂട്ടാക്കിയിരുന്നില്ല . എന്നിട്ടും തന്നിൽ നിന്നും തന്നിലേക്കുള്ള ദൂരം കൃത്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു എപ്പോഴും അയാൾ . തന്റെ ദൂര പരിധിക്കുള്ളിൽ , തന്റെ സംരക്ഷിത സംവിധാനത്തിനുള്ളിൽ തന്നെയും തന്നോട് ചേർന്നുള്ളവയെയും ചേർത്ത് നിർത്താനും അയാൾ വ്യഗ്രതപ്പെട്ടു .
.
കമ്പിയും കല്ലും , മണ്ണും കട്ടയും , എന്തിന് ... ചുള്ളിക്കമ്പുകൾ പോലും അയാൾ തന്റെ ചുമരുകൾക്കായി ഉപയോഗിച്ചു . പരമാവധി ഉറപ്പും ബലവുമായിരുന്നില്ല അപ്പൊഴും അയാൾ ലക്ഷ്യമാക്കിയിരുന്നതെന്ന് അയാളെപ്പോലും അമ്പരപ്പിച്ചില്ല . അയാൾക്കപ്പോഴെല്ലാം ആവശ്യമായിരുന്നത് തന്റെ നേർക്കുള്ള മറ്റുള്ളവരുടെ കാഴ്ച്ചയെ മറക്കുക എന്നത് മാത്രമായിരുന്നു .
.
തറയുടെ ബലമോ നിലത്തിന്റെ വിസ്തൃതിയോ അകത്തളത്തിന്റെ സൗകര്യമോ അയാൾ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല . ശുചിയായി ഭക്ഷണം കഴിക്കാനുള്ള സൗകര്യം പോലും ഒരുക്കുന്നതിനേക്കാൾ അയാൾ തിടുക്കപ്പെട്ടത് ആ ഭാഗത്തേക്കുള്ള വഴികൾ കൂടി അടച്ചുകെട്ടുന്നതിലായിരുന്നു .അഴുക്കുചാലുകൾ പുറത്തേക്ക്‌ തുറക്കാതിരിക്കാൻ പോലും അയാൾ ശ്രദ്ധിച്ചത് അതിലൂടെ ആരെങ്കിലും തന്നെ കണ്ടാലോ എന്ന ഭയം കൊണ്ടുതന്നെ .
.
ഇടയിൽ വരുന്ന വിടവുകൾ നികത്തി അതിലൂടെ വരുന്ന സൂര്യവെളിച്ചം പോലും തടയുന്നതിൽ അയാൾ വ്യാപൃതനായി . തന്റെയും തന്റെ കൂടെയുള്ളവരുടെയും വസ്ത്രങ്ങൾ പോലും അതിനായി ഉപയോഗിക്കാൻ അയാൾക്ക് മടിയുമില്ലായിരുന്നു . പകലുകളും രാത്രികളും നോക്കാതെ വെയിലും മഞ്ഞും മഴയും വകവെക്കാതെയുള്ള അയാളുടെ പരിശ്രമത്തിന് ഫലം കാണുക തന്നെ ചെയ്തു . ഒരു വെയിൽനാളം പോലും എത്തിനോക്കാത്ത വിധം മറച്ചുകെട്ടിയ ഒരു വീടൊരുക്കാൻ അയാൾക്ക് അപ്പോഴേക്കും കഴിഞ്ഞിരുന്നു .
.
മേൽക്കൂരപോലുമില്ലാത്ത ആ വീടിന്റെ അയാളേക്കാൾ പൊക്കമുള്ള മതിലിനുള്ളിൽ നിന്ന് ചാരിതാർഥ്യത്തോടെ കൃതാർത്ഥതയോടെ അയാൾ അയാളിലേക്ക് നോക്കുമ്പോൾ അയാളും അയാൾക്കൊപ്പമുള്ളവരും അപ്പോൾ നഗ്നരും ദരിദ്രരുമാണെന്ന് മാത്രം അയാൾ തിരിച്ചറിഞ്ഞുമില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, July 30, 2016

എനിക്ക് ജയ്‌വിളിക്കാൻ ...!!!

എനിക്ക് ജയ്‌വിളിക്കാൻ ...!!!
.
വഴിയേ പോകുന്ന പെണ്ണുങ്ങളെ
മാനഭംഗം ചെയ്താലും
ശത്രു രാജ്യത്തിന് വേണ്ടി
സിന്ദാബാദ് വിളിച്ചാലും
തീവ്രവാദികളെ
വീരന്മാരാക്കിയാലും
പൊതുമുതൽ
കട്ടുമുടിച്ചാലും
അഴിമതിയുടെ
സംരക്ഷകരായാലും
എനിക്കുവേണ്ടി ജയ്‌വിളിക്കാൻ
എന്നെ സംരക്ഷിക്കാൻ
ഇവിടെ ആളുള്ളപ്പോൾ
ഞാൻ എന്തിന് നന്നാവണം ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, July 18, 2016

എന്നിലേക്കെത്തുവാൻ ... !!!

എന്നിലേക്കെത്തുവാൻ ... !!!
.
സ്വാതന്ത്ര്യം എന്നത്
എനിക്കു തോന്നുന്നതെല്ലാം ചെയ്യാനുള്ള
ലൈസൻസ് ആണെങ്കിൽ
ആ സ്വാതന്ത്ര്യത്തെ ഞാനുപേക്ഷിക്കുന്നു ... !
.
മതം എന്നത്
നിരാലംബരും നിരാശ്രയരുമായ
നിരപരാധികളെ ഉപദ്രവിച്ചുകിട്ടുന്ന
പുണ്ണ്യമാണെങ്കിൽ
ആ പുണ്ണ്യവും ഞാൻ ഉപേക്ഷിക്കുന്നു ... !
.

മറ്റുള്ളവരെ ദ്രോഹിക്കാനും
ദുർവിനിയോഗം ചെയ്യാനുമുള്ളതാണ്
അധികാരമെങ്കിൽ
ആ അധികാരങ്ങളും ഞാനുപേക്ഷിക്കുന്നു ... !
.
ഒന്നുമില്ലെങ്കിലും
എനിക്കു മാത്രമായെങ്കിലും
എന്നെയെങ്കിലും നിലനിർത്താനായെങ്കിൽ ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, July 15, 2016

സ്വർഗ്ഗ രാജ്യം ... !!!

സ്വർഗ്ഗ രാജ്യം ... !!!
.
ദൈവം ഒരു നയ വഞ്ചകനും കൂടിയാണ് ,
അല്ലെങ്കിൽ എന്നെയിങ്ങനെ പ്രലോഭിപ്പിക്കില്ലല്ലോ ,
മോഹങ്ങൾ ഉപേക്ഷിക്കാൻ മാത്രം പക്വതയെനിക്കില്ലെന്നു ,
അദ്ദേഹത്തിനും അറിവുള്ളതല്ലെ ... !
.
അദ്ദേഹമെനിക്ക് രാമരാജ്യവും ,
പിന്നെയെനിക്ക് ക്രിസ്തു രാജ്യവും ,
ഇപ്പോളെനിക്ക് സ്വർഗ്ഗ രാജ്യവുമാണ്
ഓഫ്ഫർ ചെയ്യുന്നത് ... !
.
എനിക്കിപ്പോഴുള്ള
ഈ സുന്ദരമായ എന്റെ രാജ്യം തന്നെ
ഞാനൊന്നു മനസ്സുവെച്ചാൽ
സ്വർഗ്ഗത്തേക്കാൾ സുന്ദരമക്കാമെന്നിരിക്കെ
ഇനിയെന്തിനെനിക്ക്‌ വേറൊരു സ്വർഗ്ഗ രാജ്യം ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ .

Saturday, July 2, 2016

മരണശേഷം ...!!!

മരണശേഷം ...!!!
.
ശവത്തിന്റെ മേൽ വെക്കുന്ന
റീത്തുകളിലെ പൂക്കൾക്കും
ശവത്തിന്റെ നാറ്റമാണ്
ഒരു ശവമായിരിക്കെ പിന്നെയും
എന്തിന് ശവംനാറ്റം വീണ്ടും സഹിക്കണം
അതുകൊണ്ട്
എന്റെ ശവത്തിനുമേലെ
ദയവായി റീത്തുകൾ വെക്കരുത് ...!
.
വെടിമരുന്നിന്റെ രൂക്ഷ ഗന്ധം
എപ്പോഴുമോർമ്മിപ്പിക്കുന്നത്
യുദ്ധങ്ങളെയാണ്
ഓരോ യുദ്ധങ്ങളും
എപ്പോഴുമവശേഷിപ്പിക്കുന്നത്
ഒരുകൂട്ടം ശവങ്ങൾ മാത്രവും
അതുകൊണ്ട്
എന്റെ ശവസംസ്കാരത്തിന്
ആചാരവെടികൾ വേണ്ട ...!
.
പ്രതിമകളും സ്മാരകങ്ങളും
സ്നേഹം അവശേഷിപ്പിക്കുന്നവരുടെ മനസ്സിൽ
വേദനകൾ മാത്രം ബാക്കിയാക്കും
മരണംതന്നെ വേദനയും നഷ്ടവുമാകവെ
എന്റെ മരണശേഷം
എനിക്കായി സ്മാരകങ്ങൾ വേണ്ട ...!
.
ധനം എന്നാൽ
പണവും സ്വർണ്ണവും വസ്തുവകകളും
നന്മയും വിശുദ്ധിയും നല്ല പ്രവർത്തികളും
കൂടിയാകവേ
ഇതൊന്നുമില്ലാത്തവന്
നഷ്ടപ്പെടാനും ഒന്നുമില്ലെന്നിരിക്കെ
മരണശേഷം എനിക്കുവേണ്ടി
ആരും കരയുകയും വേണ്ട ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, June 26, 2016

കേൾക്കുക നിങ്ങളെയെങ്കിലും ...!!!

കേൾക്കുക നിങ്ങളെയെങ്കിലും ...!!!
.
കേൾക്കുക എന്നത് ഒരു കലയാണ് . ഓരോരുത്തരും പറയുന്നത് അവരുടെ താത്പര്യത്തിനനുസരിച് അവർ ഉദ്ദേശിക്കുന്ന അർത്ഥത്തിൽ കേൾക്കാൻ കഴിയുക എന്നത് തീർത്തും നിസ്സാരമല്ല തന്നെ . നമുക്ക് പ്രിയപ്പെട്ടതും അല്ലാത്തതും , വേണ്ടതും വേണ്ടാത്തതും നല്ലതും ചീത്തയും ... അങ്ങിനെയങ്ങിനെ, കാഴ്ചയേക്കാൾ, സ്പർശനത്തേക്കാൾ , രുചിയേക്കാൾ , ഗന്ധത്തേക്കാൾ ഒരു പക്ഷെ വികാര വിക്ഷോഭങ്ങൾക്ക് എളുപ്പത്തിൽ വശംവദമാക്കപ്പെടാവുന്ന ഒരു സംവേദന മാധ്യമം തന്നെയായതുകൊണ്ട് കേൾവി എപ്പോഴും വളരെ പ്രാധാന്യവും അർഹിക്കുന്നു .
.
നമ്മളെ കേൾക്കാൻ ഒരാളുണ്ടാകുക എന്നത് ഈ ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള ഒരു കാര്യം തന്നെയാണ് . നമ്മുടെ സങ്കടങ്ങൾ , നമ്മുടെ കുസൃതികൾ , നമ്മുടെ സ്വകാര്യതകൾ നമ്മുടെ ആശങ്കകളും ആവലാതികളും ... അങ്ങിനെ നമ്മുടെ മനസ്സിലുള്ളതെന്തും തുറന്നു പ്രകടിപ്പിക്കാൻ നമുക്ക് ഏറ്റവും എളുപ്പം സാധിക്കുന്ന കേൾവിയെന്ന മഹാ സംഭവത്തിന് ഒരു വ്യക്തി ഇഷ്ടത്തോടെയുണ്ടാവുക എന്നു പറഞ്ഞാൽ അതൊരു സന്തോഷപ്രദവും വികാരപരവുമായ കാര്യം തന്നെ .
.
ഇതിനിടയിൽ നമ്മൾ പറയാൻ ആഗ്രഹിക്കുന്ന പോലെത്തന്നെ നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട് എന്നസത്യം നാം ഒരിക്കലും മറന്നുകൂട. ഒരു വാക്കിനു വേണ്ടി കാത്തുനിൽക്കുന്നതുപോലെ ഒരുവാക്ക് കേട്ടെങ്കിലെന്ന് കാത്തിരിക്കുന്നവരും തുല്ല്യം തന്നെ . അങ്ങിനെ ഒരേഒരു നിമിഷത്തെ ഒരു കേൾവിക്കുറവുകൊണ്ടു മാത്രം നഷ്ട്ടപ്പെട്ടുപോകുന്ന ഒരുപാട് ജീവിതങ്ങളുണ്ട് ഈ മണ്ണിൽ എന്നതും ഒരു പരമമായ സത്യം .
.
ആശയോടെ ആശങ്കയോടെ ആകുലതകളോടെ ആത്മഹർഷത്തോടെ ഉന്മാദത്തോടെ .... തന്റെ മനസ്സുതുറക്കാൻ കാത്തിരിക്കുന്ന . ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ കേൾക്കാൻ തയ്യാറാകാത്ത ഭർത്താവ് അല്ലെങ്കിൽ ഭാര്യ ആ കുടുംബത്തിന്റെ സ്വസ്ഥതയും സമാധാനവുമാണ് കൊട്ടിയടക്കുന്നതെന്ന് ഓർക്കുന്നതേയില്ല . തന്റെ കുഞ്ഞു കുഞ്ഞു നൊമ്പരങ്ങൾ പങ്കുവെക്കാൻ കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്ക് നേരെ ചെവിയടക്കുന്ന അച്ഛൻ അല്ലെങ്കിൽ അമ്മ അവരുടെ ഭാവിയും ജീവിതവുമാണ് മൂകമാക്കുന്നതെന്നും അറിയാതെ പോകുന്നു .
.
ഒരു നല്ല വാഗ്മിയാകാൻ കഴിയുക എന്നതുപോലെത്തന്നെ മഹത്തരമാണ് ഒരു നല്ല കേൾവിക്കാരനാവുക എന്നതും . ഒരു മഹാനായില്ലെങ്കിലും തന്റെ പ്രിയപ്പെട്ടവരുടെ വിലയേറിയ വാക്കുകൾക്ക് ഒരുനിമിഷമെങ്കിലും ചെവികൊടുക്കാൻ കഴിഞ്ഞാൽ അതവരുടെ ജീവിതം തന്നെ മാറ്റിമറിക്കുമെങ്കിൽ ആ ഒരുനിമിഷം നമുക്കും മാറ്റിവെക്കാം .ഇന്നത്തെ ഈ ലോക ലഹരി ദിനത്തിന്റെ ആപ്ത വാക്യം തന്നെ നമ്മുടെ കുട്ടികളുടെ കേൾവിക്കാരനാവുക എന്നതാണ് . നമ്മൾ ഒരുനിമിഷം അവർക്ക് കേൾവിക്കാരനായിരുന്നാൽ നമ്മുടെ കുട്ടികൾ ലഹരിക്കെങ്കിലും അടിമപ്പെടാതിരിക്കുമെങ്കിൽ തീർച്ചയായും അവരെ പറയാൻ അനുവദിക്കുക , അവരെ കേൾക്കാൻ തയ്യാറാവുക ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Monday, April 4, 2016

പണം ...!!!

പണം ...!!!
.
പണം
വീർപ്പിച്ചു കെട്ടിയ
ഒരു വലിയ
ബലൂൺ പോലെയാണ് ...!
.
കയ്യിലുള്ളവനത്
യധേഷ്ടം തട്ടിക്കളിക്കാം,
അഹങ്കരിക്കാം ,
അർമ്മാദിക്കാം ,
ഇല്ലാത്തവന്
അത് ആഗ്രഹത്തോടെയും
പ്രതീക്ഷയോടെയും
നോക്കിയിരിക്കാം ...!
.
ഒരു കാറ്റിലത്
പറന്നുപോകാം
കൈവിട്ടാലതിന്റെ
കാറ്റും പോകാം ...!
.
ശ്രദ്ധിച്ചില്ലെങ്കിലതു
പൊട്ടിപ്പോകാം
ശ്രദ്ധിച്ചാലതവസാനം വരെയും
കൊണ്ടു നടക്കാം ...!
.
വീർപ്പിക്കാൻ ആരോഗ്യമില്ലെങ്കിൽ
വീർത്തതുകൊണ്ട്‌ തൃപ്തിപ്പെടേണ്ട
ആ വർണ്ണ ബലൂൺ പക്ഷേ
ഏവരുടെയും സ്വപ്നമാണ്
ജീവിതവും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, March 30, 2016

വിശപ്പ്‌ ...!!!

വിശപ്പ്‌ ...!!!
.
മരണത്തേക്കാൾ ഭീതിതവും
രതിയേക്കാൾ ഉത്തേജിതവും
പ്രണയത്തേക്കാൾ തീവ്രവും
വിരഹത്തേക്കാൾ വികാരപരവും
നഷ്ടപ്പെടലിനേക്കാൾ വേദനാജനകവും
തോൽവിയേക്കാൾ ഭയചകിതവും
വിശപ്പ്....!
.
മതത്തേക്കാൾ മദോന്മത്തവും
രാഷ്ട്രീയത്തെക്കാൾ ആവേശഭരിതവും
വിജയത്തേക്കാൾ ഊഷ്മളവും
കടലിനേക്കാൾ ആഴമേറിയതും
അകാശത്തേക്കാൾ വിശാലമായതും
വിശപ്പ്‌ ...!
.
വിശപ്പാണ് ജീവിതം
ജീവിതമാണ് വിശപ്പും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, March 28, 2016

രൂപക്കാഴ്ചകൾ ...!!!

രൂപക്കാഴ്ചകൾ ...!!!
.
കാണുന്നവയിൽ
ചില മുഖങ്ങൾക്കെല്ലാം
ഒരേ രൂപമായത്‌
യാദൃശ്ചികം മാത്രമല്ല
അത്
രാത്രിയിൽ നിന്നാണ്
പകലുകൾ ഉണ്ടാകുന്നത്
എന്ന് പറയുംപോലെയോ
അല്ലെങ്കിൽ
മറവിക്ക് ശേഷമാണ്
ഓർമ്മകൾ ഉണ്ടാകുന്നത്
എന്ന് പറയും പോലെയോ
ആയിരിക്കാം ...!
.
എങ്കിലും
ഞാനിപ്പോൾ തിരയുന്നത്
ചില രൂപങ്ങളെ തന്നെ
തെരുവിൽ അലയുന്ന അനാഥരുടെ ,
വിശപ്പ്‌ ഒട്ടിച്ച വയറുള്ളവരുടെ
രോഗപീഡയാൽ ഉഴലുന്നവരുടെ ...!
.
എന്നിട്ടുവേണം
മുഖപുസ്തകത്തിൽ,
പൊതു ചുമരുകളിൽ ,
വിഡ്ഢിപ്പെട്ടിയിൽ ,
പത്രത്താളുകളിൽ ....
ഒക്കെയും എനിക്കവർക്കൊപ്പം
ചേർന്നുനിൽക്കുന്ന രൂപങ്ങളാകാൻ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, March 23, 2016

ഗർഭപാത്രതിനും, ഹൃദയത്തിനുമിടയിൽ ...!!!

ഗർഭപാത്രതിനും,
ഹൃദയത്തിനുമിടയിൽ ...!!!
.
ഗർഭപാത്രതിനും,
ഹൃദയത്തിനുമിടയിൽ
ഒരു വലിയ ഇടമുണ്ട് ...!
.
ബീജം വളർന്ന്
കുഞ്ഞാകുന്നിടത്തോളം
വലിയ ദൂരം ...!
.
പാത്രങ്ങൾ
വിതയ്ക്കാനും കൊയ്യാനും മാത്രമുള്ള
വയലുകൾ മാത്രമാകാത്തിടത്തുനിന്നും ...!
.
സ്ത്രീയിൽനിന്നും
അമ്മയിലേക്കുള്ള
സുകൃതത്തിന്റെ ഇടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, March 9, 2016

പ്രണാമം , സ്ത്രീയേ നിനക്ക് ...!!!

പ്രണാമം , സ്ത്രീയേ നിനക്ക് ...!!!
.
പ്രണാമം ,
തെരുവിൽ നഗ്നയാക്കപ്പെടുന്നവൾക്ക്
അകത്തളങ്ങളിൽ ഒറ്റപ്പെടുന്നവൾക്ക്
വാക്കുകൾ പണയം വെക്കേണ്ടിവരുന്നവൾക്ക്
കാഴ്ചകൾ നഷ്ടപ്പെടുത്തേണ്ടിവരുന്നവൾക്ക്
താലിമാല പണയം വെക്കേണ്ടിവരുന്നവൾക്ക്
ചായാനൊരു തോളില്ലാതെവരുന്നവൾക്ക്
ഛായകളിൽ രൂപങ്ങൾ നഷ്ടപ്പെടുന്നവൾക്ക്
തലമുറകൾക്ക് ജീവിതം ബലിനൽകുന്നവൾക്ക്
കണ്ണീരിലുണക്കി സ്നേഹം സൂക്ഷിക്കുന്നവൾക്ക്
പ്രണാമം , സ്ത്രീയേ നിനക്ക് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, March 8, 2016

ഭാരം ...!!!

ഭാരം ...!!!
.
നിഴലിന് കനം കൂടുന്നത്
കാഴ്ചക്ക് ഭാരം വെക്കുമ്പോൾ ...!
.
ഭാരം
മാംസത്തിന്റെയാകാം
മനസ്സിന്റെയാകാം
മരണത്തിന്റെയുമാകാം ...!
.
മാംസത്തിന്റെയാകുമ്പോൾ
മാനത്തിനും
മാനത്തിന്റെയാകുമ്പോൾ
മനസ്സിനും ...!
.
ഭാരം മാത്രം
പിന്നെയും ശേഷിക്കുന്നത്
നിഴലിൽ മാത്രവും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, March 7, 2016

ഞാൻ എന്നത് ...!!!

ഞാൻ എന്നത് ...!!!
.
ഞാൻ എന്നത്
പിന്നെയും അവശേഷിക്കുന്ന
ഒരു മായ മാത്രമെന്ന്
എനിക്ക് തോന്നുന്നിടത്ത്
ഞാൻ ഞാനാകുന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, March 2, 2016

മടക്കയാത്രചെയ്യുന്നവർ ...!!!

മടക്കയാത്രചെയ്യുന്നവർ ...!!!
.
വിവരം അറിഞ്ഞപ്പോൾ തന്നെ ഞാനും എന്റെ സുഹൃത്തും കൂടി പറ്റാവുന്ന വിധത്തിലുള്ള എല്ലാ മാർഘങ്ങളിലൂടെയും പരമാവധി പൈസയും സ്വരൂപിച്ച് അങ്ങോട്ട്‌ യാത്ര തിരിച്ചു . ആയിരത്തി ഒരുന്നൂറ് മൈൽ ദൂരെയുള്ള ജോലി സ്ഥലത്ത് നിന്നും ഭീകരമായ മരുഭൂമിയിലൂടെ രാത്രിയിലെ ആ കൊടും തണുപ്പിൽ സ്പീഡിൽ യാത്ര ചെയ്ത് അങ്ങോട്ടെത്തുക എന്നത് ഏറെ ദുഷ്കരമായിരുന്നിട്ടും ഞങ്ങൾക്ക് പിന്തിരിയുക അസാധ്യമായിരുന്നു . എന്നിട്ടും പകുതിയിലേറെ ദൂരം താണ്ടിയപ്പോഴേക്കും തളർന്നുപോയ ഞാൻ വാഹനം സുഹൃത്തിനെ ഏൽപ്പിച്ച് മാറിയിരുന്നു .
.
പത്തു പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് വളരെ യാദൃശ്ചികമായാണ് ഒരു ഔദ്യോഗിക സന്ദർശനത്തിനിടയിൽ ഞാൻ അദ്ധേഹത്തെ പരിചയപ്പെടുന്നത് . രണ്ട് വ്യത്യസ്ത രാജ്യങ്ങളിലാണ് ഞങ്ങൾ താമസിച്ച് പണിയെടുക്കുന്നതെങ്കിലും, സമാന മനസ്ഥിതിക്കാരായതിനാലാകാം വളരെ പെട്ടെന്നാണ് ഞങ്ങൾ അടുത്തതും നല്ലൊരു കുടുംബ സൌഹൃദത്തിലേക്ക് ആ ബന്ധം വളർന്നതും . യാത്രയുടെ ഇടവേളകളിൽ മാറുന്ന കുപ്പായങ്ങൾക്കിടയിൽ പലപ്പോഴും പല ബന്ധങ്ങളും കൂടി ഊർന്നു വീണു പോകാറുണ്ടെങ്കിലും എന്തുകൊണ്ടോ അപൂർവ്വങ്ങളിൽ ചിലതിലോന്നായി ഞങ്ങളുടെ ബന്ധവും നിലനിന്നു .
.
രാജ്യാന്തരങ്ങൾ താണ്ടി ഞാൻ പിന്നീട് എത്തിപ്പെട്ടത് അദ്ദേഹം ജോലി ചെയ്യുന്ന ഇതേ രാജ്യത്തായത് ഈ കാഴ്ച്ചകൂടി എന്നെ കാണിക്കാനുള്ള വിധിയുടെ ക്രൂരതയാകാം . ബന്ധങ്ങൾക്ക് പ്രാധാന്ന്യം നൽകി ജീവിതം ബന്ധനത്തിലായ ആ മഹാനായ മനുഷ്യൻ ഒരു പരാചിതനാണെന്നാണ് ഏല്ലാവരും എപ്പോഴും പറഞ്ഞിരുന്നതെന്ന് ഞാൻ ഓർത്തെടുത്തു . ഒരു നല്ല ഭർത്താവോ നല്ല അച്ഛനോ എന്തിന് നല്ലൊരു സുഹൃത്തുപോലും അല്ല താനെന്ന് അദ്ദേഹം തന്നെയും പലപ്പോഴും പറയുമായിരുന്നത് അദ്ധേഹത്തിന്റെ കുറ്റസമ്മതം തന്നെയുമായിരുന്നു .
.
നീണ്ട ഇരുപതു വർഷം കുടുംബസമേതം പ്രവാസിയായിരുന്നിട്ടും നല്ല ജോലിയും നല്ല സ്ഥിതിയും ഉണ്ടായിരുന്നിട്ടും ഭാര്യയ്ക്ക് താലി കോർത്തിടാൻ ഒരു സ്വർണ്ണ മാല പോലുമില്ലെന്നത്‌ അയാളുടെ പരാജയത്തിന്റെ പര്യായം തന്നെ . ബാപ്പ ഇല്ലാതെ ഉമ്മയെയും ആറ് സഹോദരങ്ങളെ നോക്കി വളർത്തി വലുതാക്കി , തന്റെയും കുടുംബത്തിന്റെയും ബാദ്ധ്യതകൾ ഏറ്റെടുത്ത് തീർത്തെടുത്തു എന്നത് അതിനൊരു ന്യായീകരണമായി അദ്ദേഹം പോലും ഒരിക്കലും പറഞ്ഞിട്ടുമില്ല . ഒടുവിൽ ജീവിക്കാൻ അറിഞ്ഞുകൂടായിരുന്ന ആ മനുഷ്യന് ശൂന്ന്യതയിൽ അവശേഷിക്കുന്നതാകട്ടെ പറക്കമുറ്റാത്ത മൂന്നു പെണ്മക്കളും വയ്യാത്ത ഭാര്യയും .
.
നേരം ഉച്ചയോടടുക്കുമ്പോഴേക്കും ഞങ്ങൾ അവിടെയെത്തി . സാമൂഹ്യ പ്രവർത്തകരുടെ തിക്കിത്തിരക്കിനിടയിൽ നിന്നും ആശുപത്രി മോർച്ചറിയുടെ വളരെ ദൂരെ തിരിച്ചുപോക്കിനുള്ള ഭാണ്ടവും കെട്ടി അദ്ധേഹത്തിന്റെ വരവും കാത്തിരിക്കുന്ന അവരെ കണ്ടെത്താൻ എനിക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നു . കണ്ണീരുണങ്ങിയ ആ എട്ടു കണ്ണുകളിലും ജീവൻ തന്നെ അവശേഷിച്ചിരുന്നില്ലെന്നത്‌ എന്നെ നന്നേ തളർത്തി നാലുവയസ്സു മാത്രം പ്രായമുള്ള ഇളയ കുട്ടിപോലും എന്നെക്കാൾ പക്വതയോടെ ആ അവസ്ഥയെ അഭിമുഖീകരിക്കുന്നത് കണ്ടുനിൽക്കാൻ എനിക്കാവുമായിരുന്നില്ല .
.
ഭക്ഷണം കഴിച്ച് കിടക്കുന്നതിനിടയിൽ യാത്രപോലും പറയാതെ ഒരു കുഞ്ഞു പിടച്ചിലിൽ തങ്ങളെ മുഴുവനായും തനിച്ചാക്കിപോയ അദ്ധേഹത്തെ അവർ എത്രമാത്രം സ്നേഹിക്കുകയും ആശ്രയിക്കുകയും ചെയ്തിരുന്നു എന്നത് ഇടയ്ക്കിടെ മോർച്ചറിയുടെ വാതിലിലേക്ക് എത്തിനോക്കുന്ന ആ കണ്ണുകളിൽ നിന്നും കണ്ടെടുക്കാമായിരുന്നു . അവശേഷിക്കുന്ന നാലുജീവനുകളുടെ ജീവിതം മുഴുവൻ രണ്ടു കൈസഞ്ചികളിൽ കൊരിനിറക്കുമ്പോൾ ശേഷിക്കുന്നതെല്ലാം കൊടും ശൂന്ന്യത മാത്രമാണെന്ന് അവർക്കും നന്നേ തിരിച്ചറിയാമായിരുന്നു .
.
കയ്യിൽ കരുതിയതെല്ലാം എന്റെ കുഞ്ഞിന്റെ ഒപ്പമുള്ള ആ മൂത്തകുട്ടിയെ ഏൽപ്പിക്കുമ്പോൾ അവളിൽ കണ്ട ദയവുചെയ്ത് ഞങ്ങളോട് സഹതപിക്കല്ലേ എന്ന അപേക്ഷ എന്നെ കർമ്മ നിരതനാക്കി . എന്നെക്കൊണ്ട് കഴിയുന്നതുപോലെ സഹായിച്ചോളാം എന്ന് പറയുന്നതിന് പകരം എന്നും കൂടെനിൽക്കാം എന്ന് ഉറപ്പിച്ചു പറഞ്ഞത് അവൾ പ്രതീക്ഷിച്ചത് തന്നെയായിരുന്നു . പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള ആ കുട്ടി ഞാൻ കൊടുത്ത പൈസ വാങ്ങി സൂക്ഷിച്ചുവെച്ച് അനിയത്തിമാരെയും കൂട്ടി തളർന്നിരിക്കുന്ന ഉമ്മയെ പരിചരിക്കുന്നത് അപ്പോൾ ഞാൻ അഭിമാനത്തോടെ നോക്കിനിന്നു .
.
അദ്ധേഹത്തെ കാണാൻ ഞാൻ പിന്നെ ശ്രമിച്ചില്ല എന്നത് എന്നെ വിഷമിപ്പിച്ചില്ല . അതുപക്ഷെ ഒരിക്കലും അദ്ധേഹത്തെ അവഹേളിക്കലായിരുന്നില്ല . മറിച്ച് അയാളിൽ ഞാൻ എന്റെ പ്രതിബിംബവും കാണുന്നതുകൊണ്ടായിരുന്നു . മറ്റൊരു പരാജിതന് അതിനുള്ള അർഹതയില്ല എന്ന വിശ്വാസവും . അപ്പോഴേക്കും പുറത്തുകൊണ്ടുവന്ന അദ്ധേഹത്തിന് പുറകിലായി ആ കുട്ടികൾ അവരുടെ ഉമ്മയുടെ കയ്യും പിടിച്ച് നടന്നകലുന്നത് ഞാൻ എന്റെ കണ്ണാടിയിൽ കണ്ടുനിന്നു. ഒരു ജീവിതത്തിന്റെ മുഴുവൻ ബാക്കിപത്രമായി അവശേഷിക്കുന്ന ആ കുട്ടികളെങ്കിലും പരാജയപ്പെടല്ലേ എന്ന ഒരു വലിയ പ്രാർഥനയോടെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, February 29, 2016

ക്യാൻസറും കേരളവും .

ക്യാൻസറും കേരളവും .
.
ക്യാൻസറിനെ കുറിച്ചുള്ള ബോധവത്കരണങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ പ്രത്യേകിച്ചും കേരളം ഇപ്പോൾ . കോടാനുകോടികൾ മുടക്കി ആശുപത്രികൾ പണിയുന്നു , കൂട്ട ഓട്ടങ്ങൾ സംഘടിപ്പിക്കുന്നു മാരത്തോൺ ചർച്ചകൾ നടക്കുന്നു പോസ്റ്ററുകളും ചലച്ചിത്രങ്ങളും ഉണ്ടാകുന്നു പ്രമുഘർ സമൂഹത്തിനുമുന്നിൽ വലിയ വലിയ സംഭാവനകൾ നൽകുന്നു .... അങ്ങിനെ പോകുന്നു വിസ്മയകരമായ പലവിധ കാഴ്ചകൾ . എല്ലാം വളരെ നല്ലത് തന്നെ .
.
ലോകത്തിൽ എല്ലാകാലത്തും പല വിധത്തിലുള്ള മഹാമാരികൾ ഉത്ഭവിക്കാറും പ്രചരിക്കാറുമുണ്ട് . പലതും ശാസ്ത്രീയമായി തിരിച്ചറിയാൻ കഴിയാതിരുന്ന പുരാതന കാലത്ത് മനുഷ്യൻ അതിൽ പലതിനെയും വിശ്വാസത്തിന്റെ ഭാഗവുമാക്കി . അതിൽ എല്ലാ കാലത്തും തുടർച്ചയായി നിലനിൽക്കുന്ന പല മഹാ രോഗങ്ങളിൽ ഒന്നുതന്നെയാണ് ക്യാൻസർ. ഇപ്പോഴും ഫലപ്രദമായ അല്ലെങ്കിൽ പൂർണ്ണമായ ചികിത്സ സാധ്യമാകാത്ത ഒരു വലിയ വ്യാധി .
.
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ് . പാരമ്പര്യം, ലഹരിയുടെ ഉപയോഗം , തൊഴിൽ സാഹചര്യങ്ങൾ , അന്തരീക്ഷ മലിനീകരണം തുടങ്ങി നമ്മൾ കഴിക്കുന്ന ഭക്ഷണം വരെ പലതും . ഏതൊരു രോഗവും വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതുതന്നെയാണ് അത് വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക എന്നത് . എന്നാൽ ക്യാൻസറിന്റെ കാര്യത്തിൽ ചില മുൻകരുതലുകൾ എങ്കിലും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല തന്നെ . അന്തരീക്ഷ മലിനീകരണം തുടങ്ങി പല വലിയ കാര്യങ്ങളിലും ഒരു സാധാരണക്കാരനായ മനുഷ്യന്റെ ഇടപെടലുകൾക്കും മുൻകരുതലുകൾക്കും വലിയ പരിധികളും പരിമിധികളുമുണ്ട് താനും .
.
എന്നാൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില ചെറിയ കാര്യങ്ങൾ കൊണ്ടുതന്നെ ഈ വലിയ വിപത്തിനെ ഒരു പരിധിയോളം നേരിടാം എന്നതാണ് യാഥാർത്ഥ്യം . ക്യാൻസർ വരാനുള്ള കാരണങ്ങളിൽ പരമ പ്രധാനമായ ഒന്നാണ് മായം കലർന്ന അല്ലെങ്കിൽ വിഷം കലർന്ന ഭക്ഷണം . നമ്മൾ എന്ത് കഴിക്കണം എന്നതിനേക്കാൾ എന്ത് കഴിക്കാതിരിക്കണം എന്ന് തീർച്ചയായും നമുക്ക് തന്നെ തീരുമാനിക്കാം എന്നിരിക്കെ അത് ചെയ്യുക മാത്രം കൊണ്ട് ഒരു പരിധിവരെയെങ്കിലും തടയാൻ കഴിയുന്ന ഒരു വലിയ വിപത്തിനെ എന്തിനിങ്ങനെ വലുതാക്കി വളർത്തുന്നു .
.
നമ്മൾ ഇന്ന് കഴിക്കുന്ന ഭക്ഷണത്തിൽ ഭൂരിഭാഗത്തിലും ഭീകരമായ തോതിൽ വിഷം കലർന്നിരിക്കുന്നു അന്നതൊരു സത്യമാണ് . കറിപ്പൊടികളിൽ, മുൻകൂട്ടി തയ്യാറാക്കി പാക്കറ്റുകളിൽ വരുന്ന ഭക്ഷണത്തിൽ , കുടിക്കുന്ന പാലിൽ , വെളിച്ചെണ്ണയിൽ തുടങ്ങി അത്യാവശ്യമായ നിത്യോപയോഗ ഭക്ഷണ പദാർഥങ്ങളിൽ അടക്കം പലതിലും വിഷം ഉണ്ടെങ്കിലും അവയിൽ പലതും തടയുന്നതിൽ നമുക്ക് വീണ്ടും ചില പരിമിതികൾ ഉണ്ടായേക്കാം . എന്നാൽ നമ്മുടെ കണ്മുന്നിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നമുക്ക് മുന്നിൽ വെച്ചുതന്നെ ചേർക്കുന്ന മായം അല്ലെങ്കിൽ വിഷം നമുക്ക് തടയാൻ കഴിയുന്നില്ല എന്നത് വിചിത്രം തന്നെ .
.
നമുക്കുമുന്നിൽ വറുത്തെടുക്കുന്ന ചിപ്സുകളിൽ , നമുക്കുമുന്നിൽ ഉണ്ടാക്കുന്ന ചായയിൽ നമുക്കുമുന്നിൽ ഉണ്ടാക്കിയെടുക്കുന്ന ദോശയിലും വടയിലും നമുക്കുമുന്നിൽ ഉണ്ടാക്കിയെടുക്കുന്ന ഫ്രൈകളിലും മാംസത്തിലും അങ്ങിനെ നമ്മുടെ കണ്മുന്നിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ തന്നെ എത്രമാത്രം വിഷമാണ് ചേർക്കപ്പെടുന്നത് . താത്കാലിക ലാഭത്തിന് വേണ്ടി അറിഞ്ഞും അറിയാതെയും കച്ചവടക്കാർ ചെയ്യുന്ന ഈ ഭീകരമായ തെറ്റുകൾ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ച് നമ്മൾ ആ ഭക്ഷണം രുചിയോടെ വാങ്ങി കഴിക്കുന്നു . ഈയൊരു പ്രാവശ്യത്തേക്കല്ലേ എന്ന തൊടുന്യായവും പറഞ്ഞ് . പുറം മാന്യതയുടെ മേലങ്കിയുമണിഞ്ഞ്‌ . പാതയോരത്തെ തട്ടുകടകളിലും സ്റ്റാർ ഹോട്ടലിലെ മെഴുകുതിരി വെട്ടത്തിലും നടക്കുന്നത് ഇതുതന്നെയെന്ന് നാം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കുന്നു .
.
അത്യാഹിതക്കാരന്റെ വഴിപോലും മുടക്കി യാത്രകൾ നടത്തുന്നവരും കയറാൻ പറ്റാത്ത ക്ഷേത്രങ്ങളിലും പള്ളികളിലും കയറി പ്രാർത്ഥനയ്ക്ക് സമയം കണ്ടെത്തുന്നവരും വ്യഭിചാരത്തിനും അഴിമതിക്കും പിന്നാലെ പായുന്നവരും തീവ്രവാദികൾക്ക് സിന്ദാബാദ് വിളിക്കുന്നവരും മത - ജാതി വിദ്വേഷം വളർത്തുന്നവരും ഓൺലൈൻ മാദ്ധ്യമങ്ങളിലിരുന്ന് ഘോരഘോരം മുറവിളികൂട്ടുന്നവരും ഇതൊക്കെയും വെള്ളിവെളിച്ചത്തിലിരുന്ന് ആഘോഷമാക്കി മാറ്റുന്നവരും ഒക്കെ രോഗം വന്നതിന് ശേഷം ആയിരങ്ങൾ മുടക്കി ചികിത്സിക്കാൻ പോകുന്നതിനു മുൻപ് തങ്ങൾക്കു മുന്നിൽ നടക്കുന്ന ഈ കൊടും ക്രൂരതകൾ തടയാൻ ഒരു ചെറുവിരൽ അനക്കിയാൽ അത് തങ്ങൾക്കോ തങ്ങളുടെ പ്രിയപ്പെട്ടവർക്കോ ഏറെ ഉപകാരപ്രദമാകുമെന്ന് അറിയുക .
.
മരണം ആർക്കും എപ്പോഴും വരാം . രോഗം വന്നാലും ഇല്ലെങ്കിലും നമ്മൾ മരിക്കും . ശ്രദ്ധിച്ചാലും ഇല്ലെങ്കിലും വരാനുള്ളത് വരികയും ചെയ്യും . എന്നാലും നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ നമുക്ക് തടയാൻ പറ്റാവുന്ന ഒരു കാരണം കൊണ്ട് നമ്മുടെ കണ്മുന്നിൽ ദുരിതം അനുഭവിക്കേണ്ടി വരുന്നത് തടയാതിരിക്കുന്നത് കുറ്റം ചെയ്യുന്നവരേക്കാൾ ഏറെ കുറ്റകരമാണെന്നോർക്കുക .
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, February 28, 2016

ഓറഞ്ചുകൾ വിൽക്കുന്ന പെൺകുട്ടി .

ഓറഞ്ചുകൾ വിൽക്കുന്ന പെൺകുട്ടി .
.
അസ്ഥിപഞ്ചരങ്ങൾ മാത്രം ശേഷിക്കുന്ന തകർന്നടിഞ്ഞ ആ മഹാനഗരത്തിന് മുൻപേയുള്ള കുഞ്ഞു നാൽക്കവലയുടെ കണ്ണിൽ വളവുതിരിയുന്നിടതുതന്നെ ഇരിക്കുന്നതുകൊണ്ട്‌ മാത്രമല്ല അവളെന്റെ കണ്ണുകൾക്ക്‌ അമൃതായത് . കീറിപ്പറിഞ്ഞതെങ്കിലും ചാരുതയോടെ വസ്ത്രം ധരിച്ച് ഉറങ്ങുന്ന അനിയത്തിയെയും ഹൃദയത്തോട് അടക്കിപ്പിടിച്ച് തനിക്കരികരികിലെ പഴകിയ കുട്ടയിലെ വിൽപ്പനയ്ക്കുള്ള മധുരമുള്ള ഓറഞ്ചുകൾ ഒരു കുഞ്ഞിനെയെന്നോണം സംരക്ഷിച്ച് വെക്കുന്ന അവളുടെ വാത്സല്ല്യം കണ്ടിട്ടാണ് . തന്റെ കീറിപ്പഴകിയൊരു പാവാടയിൽ പൊതിഞ്ഞ് സ്നേഹത്തോടെ ഓരോ മധുര നാരങ്ങയും തന്റെ അനിയത്തിയെ എന്നപോലെ അവൾ സൂക്ഷിച്ചു വെക്കുന്നത് എത്ര ചാരുതയോടെയാണ് നോക്കിനിൽക്കാനാവുക.
.
ഒരു ആരോഗ്യ സംഘടനയ്ക്ക് വേണ്ടിയുള്ള ചലചിത്ര നിർമ്മിതിയുമായി ബന്ധപ്പെട്ട് യുദ്ധത്തിൽ തകർന്ന ആ നഗരത്തിലേക്ക് പുറപ്പെടുമ്പോൾ ഭയമായിരുന്നു ആദ്യം .. ഭയം എന്നത് മരണത്തോട് മാത്രമാകുന്നത് ഭീരുത്വം മുന്നിൽനിൽക്കുമ്പോൾ മാത്രമെന്നത് സത്യം . മരണത്തേക്കാൾ ഭീകരതയോടെ ജീവിക്കുന്ന രക്തസാക്ഷികളുടെ ദയനീയതയാണ് ആയുധങ്ങളേക്കാൾ എന്നെ യഥാർത്ഥത്തിൽ പേടിപ്പിച്ചിരുന്നത് . ശവങ്ങൾ പോലും ഭക്ഷണമാക്കേണ്ട ഗതിക്കെട്ട ജീവനുകളെ കാണേണ്ടി വരുന്നത് തോക്കുമായി കൊല്ലാൻ വരുന്ന ഒരു കലാപകാരിയുടെ രൂപത്തേക്കാൾ ഭീതിതമാണെന്ന് എങ്ങിനെ പറയാതിരിക്കും.
.
നഗരത്തിലേക്ക് കടക്കും മുൻപ് അതിന്റെ ഭൂപടം നോക്കി തയ്യാറെടുപ്പുകൾ നടത്താനാണ് ഞങ്ങൾ അവിടെ വാഹനം നിർത്തിയത് . ഞങ്ങൾക്ക് നേരെ മുന്നിൽ കുരച്ചുദൂരെയായി ഇരിക്കുന്ന അവൾ എന്റെ കണ്ണിൽപെട്ടത്‌ കൃത്യതയോടെയും . പെട്ടെന്ന് കണ്ണിലുടക്കുന്ന ആ കാഴ്ച നോക്കി , നോക്കിനിൽക്കെ , അവളിൽ എനിക്കെന്റെ മുത്തശ്ശിയെയാണ് പെട്ടെന്ന് തന്നെ ഓർമ്മ വന്നത് . സ്നേഹവും ദയയും വാത്സല്യവും എത്ര മധുരമായാണ് അവളും എന്റെ മുത്തശ്ശിയെപോലെ കരുതിവെക്കുന്നതെന്ന് ഞാൻ ആശ്ചര്യത്തോടെ അനുഭവിച്ചറിഞ്ഞു ..
.
ഇടയ്ക്ക് ഉണർന്ന അവളുടെ അനിയത്തിക്കുട്ടി വിശക്കുന്നെന്ന് പറഞ്ഞത് കൊണ്ടാകാം, അവൾ കുട്ടിയെ തന്റെ മാറിലെ വസ്ത്രമെടുത്ത്‌ താഴെ വിരിച്ച് അതിൽ കരുതലോടെയിരുത്തി കുട്ടയിൽ നിന്നും ഏറ്റവും നല്ല മധുര നാരങ്ങതന്നെ തിരഞ്ഞെടുത്ത് അല്ലികൾ അടർത്തിയെടുത്ത്‌ നാരുകൾ കളഞ്ഞ് ഓരോന്നായി വായിൽകൊടുത്തുതുടങ്ങിയപ്പോൾ എന്റെയുള്ളിലെ അച്ഛൻ നൊമ്പരപ്പെടാൻ തുടങ്ങി . കുഞ്ഞ് ആ നാരങ്ങയല്ലിയുടെ നീരോക്കെകുടിച്ച് ബാക്കിയാക്കുന്ന ചണ്ടി കളയാതെ അവൾ സ്വയം കഴിക്കുന്നത് കൂടി കണ്ടപ്പോൾ ഞാൻ അവളെ മനസ്സുകൊണ്ട് സാഷ്ടാംഗം നമിച്ചു .
.
പെട്ടെന്നുതന്നെ ഞാൻ എന്റെ കയ്യിൽ കരുതിയിരുന്ന ഭക്ഷണവും അവർക്ക് ഉപയോഗപ്പെടാവുന്ന എന്റെ ചില വസ്ത്രങ്ങളും പിന്നെ ഉണ്ടായിരുന്ന പൈസയും എടുത്ത് അവൾക്കരികെ ചെന്ന് അതെല്ലാം ബഹുമാനത്തോടെ അവൾക്കുനൽകുമ്പോൾ അവളും എനിക്കുമുന്നിൽ എഴുന്നേറ്റുനിന്നു , ബഹുമാനത്തോടെ. എന്നിട്ട് വസ്ത്രങ്ങളും ഭക്ഷണവും മാത്രം എടുത്ത് അതിലെ പണം മുഴുവനായും തിരിച്ചുതന്നത് എന്നെ ശരിക്കും സ്ത്ബ്ധനാക്കി .. യുദ്ധത്തിൽ ഉറ്റവരും ഉടയവരുമടക്കം എല്ലാം നഷ്ടപ്പെട്ട തങ്ങൾക്ക് പണത്തേക്കാൾ ഇപ്പോൾ വേണ്ടത് കരുതലും തണലും സ്നേഹവും ഭക്ഷണവുമാണ് എന്ന് അവൾ പറയാതെ പറഞ്ഞപ്പോൾ എനിക്ക് നിസ്സഹായനായി നോക്കിനില്ക്കാനെ കഴിയുമായിരുന്നുള്ളൂ .
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, February 25, 2016

ബാക്കി വെക്കുക , ഈ കറുപ്പുനിറമെങ്കിലും ...!!!

ബാക്കി വെക്കുക ,
ഈ കറുപ്പുനിറമെങ്കിലും ...!!!
.
എല്ലാവരും തിരക്കിലാണ്
താന്താങ്ങളുടെ നിറങ്ങൾ
തിരഞ്ഞെടുക്കുന്നതിൽ
അല്ലെങ്കിൽ മറ്റുള്ളവർക്ക്
അവരവരുടെ നിറങ്ങൾ
ചാർത്തിക്കൊടുക്കുന്നതിൽ ...!
.
ചിലർക്ക് ചുവപ്പും ചിലർക്ക് കാവിയും
ചിലർക്ക് പച്ചയും ചിലർക്ക് നീലയും
ചിലർക്ക് മഞ്ഞയും മറ്റുചിലർക്ക് വെള്ളയും ...!
.
ദേശസ്നേഹത്തിന്റെയും ,
വിപ്ലവത്തിന്റെയും ,
വർഗ്ഗീയതയുടെയും ,
ഭീകരതയുടെയും ,
ആധുനികതയുടെയും
വിശ്വാസത്തിന്റെയും
അവിശ്വാസത്തിന്റെയും
വിഘടനവാദത്തിന്റെയും
അവസരവാദത്തിന്റെയും...
അങ്ങിനെ നിറങ്ങൾ അനവധി ...!
.
എല്ലാവരും എല്ലാനിറങ്ങളും
തിരഞ്ഞെടുത്തു കഴിയുമ്പോൾ
അവശേക്കുന്ന ഒരു നിറമുണ്ടാകും
കറുപ്പ് ..!
അനശ്വരതയുടെ , സത്യത്തിന്റെ
മാനവികതയുടെ, സ്നേഹത്തിന്റെ
ജീവനുള്ള നിറം ...!
.
അതെനിക്കായി മാറ്റിവെക്കുക
കാരണം
നിറങ്ങളാൽ അറിയപ്പെടുന്നതിനേക്കാൾ
എനിക്കുപ്രിയം
നിറമില്ലാത്ത ഒരുമനുഷ്യനായിരിക്കാനാണ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, January 12, 2016

രക്തം ...!!!

രക്തം ...!!!
.
രക്തമാണ്
കാരണം ,
കാര്യവും ...!
.
സിരകളിലൂടെ
ഭൂമിയിലൂടെ
കാലുകൾക്കിടയിലൂടെയും ...!
.
ജീവനും
ജീവിതവുമായി
.മതവും
വിപ്ലവവുമായി
വിശ്വാസവും
നിരാശയുമായി
ദൈവവും
ചെകുത്താനുമായി ...!
.
ഇനി ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...