Thursday, January 29, 2015

എനിക്കായോരിടം ...!!!

എനിക്കായോരിടം ...!!!
.
പ്രതിഷേധിക്കാൻ
ഉറക്കെ പ്രതികരിക്കാൻ
എനിക്കൊരു ഇടമൊരുക്കണം...!
.
വായുവും വെളിച്ചവും
ഇരുട്ടും ഗന്ധവും
കടന്നുകൂടാത്ത ഒരിടം ...!
.
കേൾവിയും കാഴ്ചയും
സ്പർശനവുമില്ലാത്ത
ശക്തമായോരിടം ...!
.
ജീവനും മരണവും
വികാരങ്ങളും
ബന്ധങ്ങളുമില്ലാത്ത
എന്റെ സ്വന്തം ഇടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, January 25, 2015

പുഛിക്കപ്പെടുന്ന പൈതൃകങ്ങൾ ...!!!

പുഛിക്കപ്പെടുന്ന പൈതൃകങ്ങൾ ...!!!
.
പഴമയെ പുഛിക്കുക എന്നതും പൈതൃകങ്ങളെ തള്ളി പറയുക എന്നതും കാലാകാലങ്ങളായുള്ള പല പുതു തലമുറക്കാരുടെയും ഒരു രീതിയാണ് . പുരാതനമായതെല്ലാം വിഡ്ഢിത്തരങ്ങൾ ആണെന്നും അവരൊക്കെ അന്തവിശ്വാസികളോ അപരിഷ്കൃതരോ ആണെന്നും അവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു പലപ്പോഴും . പൌരാണികമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും , കൂടാതെ ചരിത്ര സ്മാരകങ്ങളെയും എന്തിന് മഹത് വ്യക്തികളുടെ പ്രതിമകളെ പോലും പുഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഇക്കൂട്ടർക്ക് പഴയ തലമുറയിലെ മഹാന്മാരായ വ്യക്തിത്വങ്ങളെ പോലും അംഗീകരിക്കാനും ആദരിക്കാനും പലപ്പോഴും ബുദ്ധിമുട്ടാണ് എന്നതാണ് സത്യം ...!
.
താൻ ഒരു പരിഷ്കാരിയാണെന്ന് വരുത്തി തീർക്കാനും ആധുനികതയുടെ വക്താക്കളെന്ന് അവതരിപ്പിക്കാനും കൂടി വേണ്ടിയാണ് ചിലരെങ്കിലും അങ്ങിനെ ചെയ്യുന്നതും. പൌരാണികമായതിനെ , പൈതൃകങ്ങളെ തിരസ്കരിക്കുന്നതിലൂടെ തന്റെ വ്യക്തിത്വം വികസിപ്പിക്കാനും അവതരിപ്പിക്കാനും കഴിയും എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു . ദൈവങ്ങളെ, മഹത്വ്യതിത്വങ്ങളെ , മതവിശ്വാസങ്ങളെ , മഹത്ഗ്രന്ഥങ്ങളെ പുരാണങ്ങളെയും ഇതിഹാസങ്ങളെയും ഒക്കെ എന്തിനും ഏതിനും കണ്ണടച്ച് ഇക്കൂട്ടർ വിമർശിച്ചുകൊണ്ടേയിരിക്കും എപ്പോഴും . ചിലപ്പോഴെല്ലാം പുഛിക്കുകയും പരിഹസിക്കുകയും കൂടിയും . മതപരമായോ സാമൂഹികമായോ നിലനിൽക്കുന്ന അന്തവിസ്വാസങ്ങളെയും അനാചാരങ്ങളെയും തിന്മകളെയും എതിർക്കപ്പെടെണ്ടതും നിർമ്മാർജ്ജനം ചെയ്യപ്പെടേണ്ടതും അനിവാര്യമാണെങ്കിലും അതിന്റെ പേരിൽ മഹത്തായവയെ നിരാകരിക്കുകയും പുഛിക്കുകയും ചെയ്യുന്നത് അപലപനീയം തന്നെ ....!
.
പുതുമയെ അവതരിപ്പിക്കുമ്പോൾ പലപ്പോഴും ഇത്തരക്കാർ കൂട്ടുപിടിക്കുന്നത് ശാസ്ത്രത്തെയാണ് . ശാസ്ത്രീയ മായിതെളിയിക്കപ്പെട്ടത് എന്ന ലേബലിൽ ആണ് ഇത്തരക്കാർ പലപ്പോഴും തങ്ങളുടെ ആശയങ്ങളെ അവതരിപ്പിക്കാരും ഉള്ളത് . ആധുനികതയുടെ വക്താക്കളായ ഇവർ തങ്ങൾ മാത്രമാണ് ശരിയെന്ന് കഠിനമായി വാദിക്കുകയും അതിനുവേണ്ടി മാത്രം നിലനിൽക്കുകയും ചെയ്യുന്നു . പൌരാണികമായ എല്ലാം അങ്ങിനെ അടച്ചാക്ഷേപിക്കപ്പെടേണ്ട വസ്തുതകളാണോ എന്ന് ഒരിക്കലും ഇവർ ചിന്തിക്കുന്നേയില്ല . ശരിയായാലും തെറ്റായാലും അന്നത്തെ സാഹചര്യങ്ങളിൽ നന്മയെ മാത്രം ലക്ഷ്യമാക്കി ഏറെ യാതനകളും ത്യാഗങ്ങളും സഹിച്ച് സംഭവിപ്പിച്ച അത്തരം വസ്തുതകളുടെ / വ്യക്തികളുടെ പ്രയത്നവും മനസ്സും കണ്ടില്ലെന്നു നടിക്കുന്നത് ഏറെ വേദനാജനകമാണ് . നീണ്ട കാലങ്ങളുടെ കാത്തിരിപ്പിന്റെയും കഠിന പ്രയത്നങ്ങളുടെയും ഫലമായി രൂപപ്പെട്ട പലതും നിഷ്കരുണം ചവിട്ടിമെതിക്കുമ്പോൾ അതിന്റെ പുറകിലെ നന്മയുടെ അംശം അവഗണിക്കപ്പെടുന്നത് നീതീകരിക്കാൻ കഴിയാത്തത് തന്നെ ....!
.
ചരിത്രം നന്മ മാത്രമാണ് ചെയ്യുക എന്നല്ല ഇതിനർത്ഥം . ചരിത്രം തിരുതപ്പെടെണ്ടതല്ല എന്നോ , പൌരാണികമായതെല്ലാം നല്ലതുമാത്രമെന്നുമല്ല . പക്ഷെ എന്തും നശിപ്പിക്കും മുൻപ് , എന്തിനെയും എതിർക്കുകയും പുഛിച്ച് പരിഹസിച്ച് തള്ളും മുൻപ് ഒരു പുനർവിചിന്തനം അത്യാവശ്യമേന്നെ പറയുന്നുള്ളൂ . നശിപ്പിക്കാൻ എന്തും എളുപ്പമാണ്. പക്ഷെ നിർമ്മാണം ഒരു തപസ്യയാണ് . മനസ്സിന്റെയും ശരീരത്തിന്റെയും അർപ്പണതോടെയുള്ള തപസ്യ . മറ്റുള്ളവരെ ബഹുമാനിക്കാൻ കഴിയാത്തവർക്ക്‌ എങ്ങിനെയാണ് അവനവനെ തന്നെ ബഹുമാനിക്കാൻ കഴിയുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, January 22, 2015

സ്വത്വം തേടുന്നവർ ...!!!

സ്വത്വം തേടുന്നവർ ...!!!
.
നരച്ച രോമങ്ങൾ കനം തൂങ്ങുന്ന അയാളുടെ നെഞ്ചിൽ തലചായ്ച്ച്, പ്രാരാബ്ധങ്ങളുടെ ചുളിവുകൾ വീണ് കുഴിഞ്ഞു തുടങ്ങിയ അയാളുടെ ഹൃദയത്തിൽ തടവിക്കൊണ്ട് കിടക്കുകയായിരുന്ന അവളോട്‌ അയാൾ അപ്പോഴും ചോദിച്ചത് നീ എന്തിനെന്നെ വിട്ടു പോകുന്നു എന്നാണ് . പതിവ് പോലെ നിസ്സംഗതയിൽ പൊതിഞ്ഞ മൌനത്തിൽ ഒളിപ്പിച്ച് അയാളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് നെഞ്ചിലേക്ക് കയറിക്കിടന്നുകൊണ്ട് അപ്പോഴും ആറാത്ത അയാളുടെ നെഞ്ചിന്റെ കിതപ്പിൽ തന്റെ ശ്വാസം കുതിർത്ത് അവൾ അയാളുടെ കാതിൽ മെല്ലെയൊന്ന് കടിക്കുക മാത്രം ചെയ്തു അപ്പോൾ . അയാളെ വേദനിപ്പിക്കുന്ന കനമുള്ള ഒരു കടി .....!
.
പൊള്ളുന്ന തീയിൽ ഉരുകിയൊലിച്ച് , അടച്ചിട്ട അഴികൾക്കുള്ളിൽ തളർന്നവശയായ അവളുടെ നേരെ നീട്ടിയ അയാളുടെ കൈകൾ മാത്രമായിരുന്നു അന്നവൾ ആദ്യമായി കണ്ടത് . ആ കൈകൾ ചേർത്തുപിടിച്ച് കരയാൻ പോലും കെൽപ്പില്ലാതെ തളർന്നു തൂങ്ങിയ അവളുടെ കാൽപാദങ്ങൾ തഴുകിയുണർത്തി, വിജനമായ തരിശു ഭൂമിയിലൂടെ അവളെ അയാൾ നടക്കാൻ പഠിപ്പിക്കുമ്പോൾ അയാളുടെ ആ മെലിഞ്ഞ കൈകൾ അവൾ ഇറുകെ പിടിച്ചിരുന്നു , ചുവടുകൾ ഇടറാതിരിക്കാൻ, പിന്നെ ആത്മ ധൈര്യത്തിന്റെ കടും കരുത്തുള്ള ആ കൈപ്പിടി വിട്ടുപോകാതിരിക്കാനും ...!
.
സ്വപ്നങ്ങളിൽ നിന്നും ഒരു നല്ല ഫ്രെയിം നോക്കി തിരഞ്ഞെടുത്ത് അവളത് ചില്ലിട്ടു വെക്കാൻ തുടങ്ങിയപ്പോൾ അയാൾ വിലക്കിയതായിരുന്നു പണ്ടേ . പക്ഷെ അവൾ പറഞ്ഞത് തന്റേതു കൂടി കൂട്ടി ചേർത്തു ചേർത്ത് താനതിനു ജീവൻ കൊടുത്തുകൊള്ളാമെന്നാണ് . ഏറ്റവും സുന്ദരമെന്ന് , ഒരിക്കലും മറക്കാൻ പറ്റാത്തതെന്ന് അവൾ കരുതുന്ന രൂപം പക്ഷെ എന്റെ ആകൃതിയിലും പ്രകൃതിയിലും ആയത് വിരോധാഭാസം മാത്രം . എങ്കിലും ചിത്രത്തിലെ രൂപത്തിന് ജീവൻ കൊടുക്കാൻ മാത്രം വിഡ്ഢിയായിരുന്നോ അവൾ ...!
.
ഇരുട്ടായിരുന്നു അവൾക്കു ചുറ്റും എപ്പോഴും . കാഴ്ച്ചയുടെ അവസാനം തീർക്കുന്ന ഇരുട്ട് . എന്നിട്ടും വിവസ്ത്രയായ അവൾക്കയാൾ തന്റെ മേൽവസ്ത്രം അഴിച്ചു നൽകി നാണംമറപ്പിച്ചു . അവളുടെ ശരീരത്തിന് നനവിന്റെ ഈറൻ മണമായിരുന്നു . കണ്ണീരുണങ്ങിയ പാടുകളോടെ . അവളിൽ നീര് നിറച്ച് പുതു മണം നിറച്ച് പട്ടുടുപ്പിച്ച് ചമയ്ച്ചൊരുക്കിയെടുക്കുമ്പോൾ അവളുടെ നിറഞ്ഞു നിന്നിരുന്ന മുലക്കണ്ണുകൾ മാത്രം തൊടാതെ വിട്ടു . വലം തുടയും ....!
.
അക്ഷരങ്ങളിൽ ഓരോ ശ്വാസവും ഒളിപ്പിച്ചു വെക്കാൻ അവളെ പഠിപ്പിക്കാൻ ഒരുപാട് മിനക്കെടേണ്ടി വന്നിരുന്നു തനിക്കെന്ന് അവൾ ഓർമ്മിപ്പിക്കാറുണ്ട് എപ്പോഴും . അക്ഷരങ്ങൾ കൂട്ടി വാക്കുകളാക്കുമ്പോൾ അവയുടെ വക്കുകൾ പൊട്ടിപ്പോകാതെയും വളവുകൾ ചുളിയാതെയും നോക്കാൻ പ്രത്യേകം മനനം ചെയ്യിച്ചിരുന്നു . വാക്കുകളുടെ നീളം കൂടുമ്പോൾ ഇടയിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള അക്ഷരങ്ങളെ കുറിച്ചും പറഞ്ഞു കൊടുത്തു എപ്പോഴും ...!
.
ഒടുവിൽ ഇപ്പോൾ അവൾ പറയുന്നു അവൾക്ക് എന്നെ വിട്ടുപോകണമെന്ന് . അതിനു ഞാനവളെ ഒരിക്കലും തടവിലാക്കിയിരുന്നില്ലല്ലോ എന്നവൾ ചിന്തിച്ചതേയില്ല . ഓർക്കുകയും .. ബാക്കിവെക്കാൻ ഒന്നും കരുതിയിട്ടുണ്ടായിരുന്നില്ല എന്നതിനാൽ ഒരുക്കങ്ങൾ പോലും വേണ്ടെന്നിരിക്കെ പിന്നെ എന്തിനൊരു ഔപചാരികത . ഹൃദയത്തിന്റെ മിടിപ്പിനപ്പുറം വസ്ത്രങ്ങൾ പൊതിഞ്ഞ അവളുടെ ശരീരം ഒരിക്കലും എന്റെ കാഴ്ചയിൽ ഉണ്ടായിരുന്നില്ല എന്നിരിക്കെ ഇനിയെന്താണ് ശേഷം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, January 19, 2015

പൂരിപ്പിക്കപ്പെടാൻ ...!!!

പൂരിപ്പിക്കപ്പെടാൻ ...!!!
.
വിട്ടുപോയത് പൂരിപ്പിക്കുക
ശ്രമകരമായ ജോലിതന്നെ ...!
.
പൂരിപ്പിക്കപ്പെടാൻ
വിട്ടു കൊടുക്കുന്നവന്റെയും
പൂരിപ്പിക്കുന്നവന്റെയും
പൂരിപ്പിക്കപ്പെടുന്നവന്റെയും
പൂരിപ്പിക്കുന്നത്‌ കാത്തിരിക്കുന്നവന്റെയും
മനസ്സെങ്ങിനെയാണ്
ഒന്നാവുക ...???
.
എങ്കിലും പൂരിപ്പിക്കപ്പെടേണ്ടത്
എപ്പോഴും വിട്ടുപോകുന്നവമാത്രവും ..???
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, January 17, 2015

വണ്ടിയും കാത്ത് ....!!!

വണ്ടിയും കാത്ത് ....!!!
.
തേഞ്ഞുണങ്ങിയ ലാടം
പൊഴിഞ്ഞ കണ്‍പീലികൾ
കൂനിയ മുതുകും
രോമങ്ങളില്ലാത്ത വാലും ...!
.
എന്നിട്ടും കാളകൾ മാത്രം
കാത്തിരിക്കുന്നു
തങ്ങൾക്ക് വലിക്കാനുള്ള
ഭാരം കയറ്റിയ
പുതിയ വണ്ടിക്കു വേണ്ടി ....!
.
വലിച്ചിരുന്ന വലിയ വണ്ടി
അലങ്കാരങ്ങളില്ലാതെ
നുകവും ചക്രങ്ങളുമില്ലാതെ
വഴിയോരത്ത് അനാഥം,
കാളയ്ക്കും വണ്ടിക്കാരനും വേണ്ടാതെ ...!
.
വഴിവിളക്കുകൾ പോയ വഴിയും
തെളിയ്ച്ചിരുന്ന വണ്ടിക്കാരനും
നിറഞ്ഞ ഭാരവും വിസ്മൃതിയിൽ ...!
.
എന്നിട്ടും കാളകൾ മാത്രം
കാത്തിരിക്കുന്നു
തങ്ങൾക്ക് വലിക്കാനുള്ള
ഭാരം കയറ്റിയ
പുതിയ വണ്ടിക്കു വേണ്ടി ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, January 13, 2015

യോഗ്യതയുടെ മാനദണ്ഡങ്ങൾ ....!!!

യോഗ്യതയുടെ മാനദണ്ഡങ്ങൾ ....!!!
.
യോഗ്യയ്ക്ക് ഒരു മാനദണ്ഡം വെക്കുക എന്നത് സാർവത്രികമാണ് . ഒരു ജോലിയ്ക്ക് ഇന്നയിന്ന യോഗ്യതകൾ . ഒരു പരീക്ഷയ്ക്ക് ഇന്നത്‌ , ഒരു യാത്രയ്ക്ക് ഇന്നത്‌ , ഒരു പ്രവർത്തിക്ക് ഇന്നത്‌ ..... അങ്ങിനെ പോകുന്നു അത് . എന്തിനേറെ പറയുന്നു , ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാനും കിടക്കാനും ഇരിക്കാനും നടക്കാനും ഉറങ്ങാനും , എന്നുവേണ്ട എല്ലാറ്റിനുമുണ്ട് മാനദണ്ഡങ്ങൾ . ചിലതൊന്നും ആരും നിർബന്ധിക്കാൻ ഇല്ലെങ്കിലും അവ അടിസ്ഥാനമാക്കുന്നത് നല്ലതുതന്നെ . അങ്ങിനെ നിത്യ ജീവിതത്തിലെ ചെറിയ കാര്യങ്ങൾക്ക് പോലും ഒരു മാനദണ്ഡം വെക്കുന്നതിൽ തെറ്റുണ്ടെന്ന് പറയാനും കഴിയില്ല . മാനദണ്ഡങ്ങൾ ഇല്ലാതെയും യോഗ്യതകൾ അകാമെങ്കിലും യോഗ്യതയ്ക്ക് ഒരു മാനദണ്ഡമുണ്ടാകുന്നത് പലപ്പോഴും നല്ലതുമാണ് ....!
.
യോഗ്യതയുടെ മാനദണ്ഡങ്ങൾ പലപ്പോഴും ശ്രദ്ധിക്കപെടുന്നത് പൊതു പരീക്ഷകൾക്കും ഉന്നത പദവികൾക്കുമാണ് . സ്വാഭാവികമായും, അത്തരം ഉത്തരവാദപ്പെട്ട സ്ഥലങ്ങളിൽ അത് അത്യന്താപേക്ഷിതവുമാണ്താനും . സാധാരണയായി അത്തരം സാഹചര്യങ്ങളുടെ സാധ്യതകൾ മനസ്സിലാക്കി അതിനനുസരിച്ചാണ് ഓരോ പദവികൾക്കും അല്ലെങ്കിൽ സംഭവങ്ങൾക്കും , സ്ഥാപനങ്ങൾക്കും ഒക്കെ അതിന് ഉത്തരവാദപ്പെട്ടവർ വേണ്ട മാനദണ്ഡങ്ങൾ നിശ്ചയിക്കാറുള്ളത് . ശരിയായ പഠനത്തിന്റെയും പരിചയതിന്റെയും ഒക്കെ അടിസ്ഥാനത്തിലുമാണ് അതൊക്കെയും ചെയ്യുന്നതും ആ മാനദണ്ഡങ്ങൾ അതാത് സ്ഥാനങ്ങൾക്ക് നിശ്ചയമായും പ്രാധാന്യമുള്ളതും പാലിക്കപ്പെടേണ്ടതും ആണുതാനും ...!
.
യോഗ്യതകളും അതിന്റെ മാനദണ്ഡങ്ങളും എല്ലാറ്റിനും ഒരുപോലെയും ഏറെയും പ്രാധാന്ന്യമുള്ളതെങ്കിലും ഞാൻ ഇപ്പോൾ ഇവിടെ പരാമർശിക്കുന്നത് വിദ്യാഭ്യാസത്തെകുറിച്ചാണ്. ലോകത്തിൽ ആകമാനവും പ്രത്യേകിച്ച് ഭാരതത്തിലും പ്രൊഫഷണൽ വിധ്യാഭ്യാസത്തിന് അർഹത നേടുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. അതനുസരിച്ചുള്ള യോഗ്യതാ പരീക്ഷകൾ ഉണ്ട് . അതിനനുസരിച്ച് യോഗ്യത നേടുന്നവരെ മാത്രമേ അത്തരം കോഴ്സുകളിലേയ്ക്ക് തിരഞ്ഞെടുക്കാറുള്ളൂ . അതിലും കുറ്റങ്ങളും കുറവുകളും ഉണ്ടാകുമെങ്കിലും അങ്ങിനെയൊരു മാനദണ്ഡത്തിന്റെ ആവശ്യകത വളരെ പ്രാധാന്യ മുള്ളതുമാണ് ....!
.
വളരെ തന്ത്രപ്രധാന മേഖലകളിലേയ്ക്കും ജോലികൾക്കും വേണ്ടിയായാതുകൊണ്ടാണ് അവിടെയ്ക്കൊക്കെ പൊതു പരീക്ഷകൾ നടത്താറുള്ളതും , അതിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്താറുള്ളതും . അത് ആ സ്ഥാനങ്ങളുടെ പ്രാധാന്യത്തെയും അതിൽ പങ്കെടുക്കുന്നവരുടെ പ്രാധാന്യത്തെയും ഒരുപോലെ വെളിപ്പെടുത്തുകയും ചെയ്യുന്നു . ആ മാനദണ്ഡങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ അതിൽ പങ്കെടുക്കുന്നവർക്ക് ആ ജോലികൾ കൃത്യതയോടെ ചെയ്യാൻ സാധിക്കുകയില്ല എന്നത് തന്നെയാണ് മിക്കവാറുമുള്ള യാഥാർത്ഥ്യം . ഈ കടമ്പകൾ ഒന്നുമില്ലാതെയും കിട്ടുന്ന ജോലി ഭംഗിയായി ചെയ്യുന്നവരില്ല എന്നല്ല. അതുപക്ഷെ പ്രതീക്ഷയ്ക്കും അപ്പുറവും ...!
.
കാലാ കാലങ്ങളിൽ ഭരണകൂടവും അധികാരികളും തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചും സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടിയും മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തി ജനങ്ങളുടെയും ഇഷ്ടക്കാരുടെയും പ്രീതി സമ്പാതിക്കാൻ ശ്രമിക്കാറുണ്ട് . മതപരവും സാമ്പത്തിക പരവും രാഷ്ട്രീയപരവും ആയ ഒരുപാട് ഘടകങ്ങൾ ഇതിന് സ്വാധീനം ചെലുതാറുമുണ്ട് . അത് അവരുടെയൊക്കെ താത്കാലിക നിലനില്പ്പിനു വേണ്ടി മാത്രമുള്ള അടവുകൾ തന്നെയും ആകുകയും ചെയ്യുന്നു എപ്പോഴും. ഇങ്ങിനെ നിലവാരത്തിൽ വരുത്തുന്ന കുറവുകൊണ്ട്‌ കടന്നുകൂടുന്ന വ്യക്തികൾ മൂലം ഉണ്ടാകുന്ന സാമൂഹിക വിപത്തിനെ പറ്റി, താത്കാലിക ലാഭം മാത്രം നോക്കുന്ന ഇത്തരക്കാർ ഒരിക്കലും ചിന്തിക്കുക കൂടി ചെയ്യുന്നില്ല എന്നതാണ് സത്യം ....!
.
സാമൂഹികമായി താഴെ നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ തീർച്ചയായും ഭരണകൂടത്തിനും അധികാരികൾക്കും ബാധ്യതയുണ്ട് . അതിനു പക്ഷെ ദീർഘ കാല പദ്ധതികൾ ആവിഷ്കരിച്ച് അത്തരക്കാരെ കണ്ടെത്തി അവർക്കുവേണ്ട പ്രോത്സാഹനം നൽകി പഠിപ്പിചെടുത്ത് ഉന്നതിയിൽ എത്തിക്കുകയാണ് വേണ്ടത് . എന്നാൽ അതിനു മിനക്കെടാതെ പെട്ടെന്ന് കാര്യം സാധിക്കാൻ വേണ്ടി അതിന്റെ പേരിൽ മാനദണ്ഡങ്ങളിൽ ഇളവുവരുതുകയും എന്നിട്ട് അവരുടെ പേരിൽ ഇഷ്ടക്കാരെ കൂടി തിരുകികയറ്റുകയും ആണ് പലപ്പോഴും നടക്കുന്നത് . അങ്ങിനെ വരുമ്പോൾ ആവശ്യമുള്ളവരും അർഹിക്കുന്നവരും പുറം തള്ളപ്പെടുകയും ചെയ്യുന്നു . ....!
.
ചിലർക്കൊക്കെ അതുകൊണ്ട് നേട്ടമുണ്ടാകുമെങ്കിലും പലർക്കും അത്തരം പൊസിഷനുകൾ സ്റ്റാറ്റസ് സിംബലും കുടുംബ മഹിമ ഉയർത്താനുള്ള മാർഘവും മാത്രവുമാണ് . ഇങ്ങിനെയുള്ള ആളുകൾ യഥാർത്ഥത്തിൽ അർഹരായവർക്ക് പകരം കയറി പറ്റുമ്പോൾ നഷ്ടപ്പെടുന്നത് സാമൂഹിക പ്രതിബദ്ധതയും അർപ്പണവുമാണ് . അത് അതാതു തസ്തികകളുടെ മാന്യതയും ഗുണവും നശിപ്പിക്കുകതന്നെ ചെയ്യും. അർഹതയില്ലാത്ത ഒരാൾ ഒരു സ്ഥലത്ത് കയറുന്നത് രണ്ടുപേരുടെ നഷ്ടമാണ് യഥാർത്ഥത്തിൽ ഉണ്ടാക്കുന്നത്‌ . യഥാർത്ഥത്തിൽ കയറേണ്ട ആളുടെയും, അതേ വ്യക്തിയുടെ തന്നെയും . കൂടാതെ സമൂഹത്തിന്റെ അവകാശവും . ഇത്തരക്കാർ സമൂഹത്തിനു സാമ്പത്തികവും സാമൂഹികവുമായ ബാധ്യതയും ആയിത്തീരുന്നു പിന്നീട് .. അതുകൊണ്ട് തന്നെ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തുന്ന ഭരണാ ധികാരികൾ തീർച്ചയായും ഇവകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, January 7, 2015

പുറകിലേയ്ക്കുള്ള കേൾവികൾ ...!!!

പുറകിലേയ്ക്കുള്ള കേൾവികൾ ...!!!
.
ബോധം വന്നപ്പോൾ ഞാൻ ആദ്യം ചെയ്തത് എന്റെ പുറകിലെയ്ക്കുള്ള കാതുകൾ രണ്ടും കൊട്ടിയടയ്ക്കുകയായിരുന്നു . ബോധം വന്നപ്പോൾ എന്ന് പറയുമ്പോൾ അതുവരെ ഞാൻ ബോധം കെട്ടു കിടക്കുകയായിരുന്നു എന്നല്ല, എനിക്ക് എന്നെക്കുറിച്ചും മറ്റുള്ളവരെകുറിച്ചും സ്വതന്ത്രമായി ചിന്തിക്കാനുള്ള പ്രായമായപ്പോൾ എന്നർത്ഥം . ചിന്തിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ എന്നൊന്നും പക്ഷെ ഇടക്കുകയറി ആരും ചോദിച്ചു കളയരുത്. എങ്കിലും ....!
.
പുറകിലെ കാതുകൾ ആയിരുന്നു അവയെങ്കിലും കേൾവി കുറഞ്ഞത്‌ മുന്നിലെ കാതുകളിൽ ആയിരുന്നോ എന്നൊരു സംശയം . അതുവരെയും ഞാൻ കേട്ടുകൊണ്ടിരുന്നത്‌ മുന്നിലെയും പുറകിലെയും കാതുകൾ കൊണ്ടായതിനാലാകാം . പക്ഷെ , അതൊരു സംശയം മാത്രമായതിനാൽ ഞാൻ ആരോടും ഒന്നും മിണ്ടാൻ പോയില്ല കുറെ സമയത്തേക്ക് .മിണ്ടിയാലല്ലേ പിന്നെ എന്തെങ്കിലും കേൾക്കേണ്ടി വരൂ എന്നതായിരുന്നു എന്റെ ചിന്ത . അങ്ങിനെയല്ല എന്ന് തിരിച്ചറിയും വരെ . ...!
.
സാധാരണ പുറകിലായിരുന്നു എന്ന് തോന്നുന്നു , പലപ്പോഴും വാക്കുകൾ കുറച്ചുകൂടി കൃത്യതയോടെ ഉരുണ്ടു കൂടിയിരുന്നത് . തന്നെ കുറിച്ചും തനിക്കു വേണ്ടപ്പെട്ടവരെ കുറിച്ചും . പറയുന്നതും പറയിക്കുന്നതും . മുന്നിൽ നിന്ന് പറയുന്നതാണ് കേൾക്കുന്നതിൽ അഭികാമ്യം എങ്കിലും പുറകിലെ വാക്കുകളും ചിന്തനീയം എന്നുതന്നെയായിരുന്നു എന്റെയും അറിവ് അതുവരെ . അതുകൊണ്ട് മുൻ കാതുകളേക്കാൾ ശ്രദ്ധയോടെ പുറകിലെ കാതുകൾ ഞാൻ കൂർപ്പിച്ചു വെച്ച് കാത്തിരുന്നു ...!
.
പതുക്കെയെങ്കിലും, തിരിച്ചറിയുന്ന ചില ശബ്ദങ്ങൾക്ക്‌ പരിഹാസത്തിന്റെ ചുവയാണെങ്കിൽ ചിലതിന് ചതിയുടെ ചവർപ്പായിരുന്നു എന്നാണ് കാതുകൾ പറഞ്ഞിരുന്നത് . ചിലത് പുഞ്ചിരിയോടെയും ചിലത് പൊട്ടിച്ചിരിയോടെയും മറ്റു ചിലതാകട്ടെ സഹതാപത്തോടെയും . ചില ശബ്ദങ്ങൾക്കെങ്കിലും പ്രതികാരത്തിന്റെ ലാഞ്ചന ഉണ്ടായത് ഭയപ്പെടുത്തുകയും ചെയ്തു കാതുകളെ . എന്നിട്ടും അറിയാത്ത മുഖങ്ങളെ കാതുകൾ തിരിച്ചറിഞ്ഞ് രൂപങ്ങൾ നൽകിയത് വേദനയുടെ കാഴ്ചയിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് അറിയാനും വൈകി ...!
.
പുറകിൽ കേൾക്കുന്ന ശബ്ദങ്ങൾക്ക്‌ അക്ഷരങ്ങളും ഭാഷയും ഇല്ലായിരുന്നു എന്നത് എന്നെ നിരാശപ്പെടുത്തിയില്ല . ചലനങ്ങളിൽ നിന്നും അല്ലെങ്കിൽ ഭാവങ്ങളിൽ നിന്നും അതിന്റെ അർത്ഥം ഉൾക്കൊള്ളാൻ എന്റെ മനസ്സിന് കഴിയുമായിരുന്നു അപ്പോൾ. ചിലപ്പോൾ മനസ്സറിയാത്ത കാര്യങ്ങൾ ചിലപ്പോൾ മറ്റൊരർത്ഥത്തിൽ, മറ്റുചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ... .. ആ ശബ്ദങ്ങൾ എപ്പോഴും പിന്തുടരുക തന്നെയായിരുന്നു . വെവലാതിയിലൂടെ, വേദനയിലൂടെ നിരാശയിലൂടെ ആ ശബ്ദങ്ങളെ പിന്തുടർന്ന് ഒടുവിൽ എത്തിനിൽക്കാൻ സ്വന്തം ഇടമുണ്ടാക്കുമ്പോൾ ആ ശബ്ദങ്ങൾ നേർക്കുന്നു ....!
.
കാലുകൾ ഇല്ലാത്തവർ , കൈകൾ ഇല്ലാത്തവർ , മനസ്സും ഹൃദയവുമില്ലാത്തവർ ... പുറകിലെ ശബ്ദങ്ങൾക്കൊക്കെ അത്തരം രൂപങ്ങളായിരുന്നു എന്നും എന്നതും ആശ്വാസം തന്നെ . അല്ലെങ്കിൽതന്നെ പുറകിലുള്ള വാക്കുകൾക്ക് രൂപമുണ്ടാവുക എന്നതും ഒരു സ്വപ്നമല്ലെ . എന്നിട്ടും ചിലപ്പോഴെങ്കിലും അല്ലങ്കിൽ പലപ്പോഴും ആ അരൂപികളുടെ ശബ്ദം മുൻകാതുകളിലും അലയടിക്കുന്നത് അരോചകം തന്നെ. അതുകൊണ്ട് തന്നെ ഞാൻ എന്റെ പിൻകാതുകൾ വലിച്ചടച്ചു . ഇനിയൊരിക്കലും തുറക്കാത്ത വിധം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Sunday, January 4, 2015

ജീവന്റെ കണ്ണീർ ....!!!

ജീവന്റെ കണ്ണീർ ....!!!

തിരക്കുള്ളപ്പോഴെല്ലാം അങ്ങിനെയാണ് പതിവ് . വിശ്രമമില്ലാതെ ജോലി സ്ഥലത്ത് തന്നെ ഭക്ഷണവും ലഘു വിശ്രമവും വീണ്ടും ജോലിയും . കാലത്ത് അഞ്ചുമണിക്ക് തുടങ്ങി ജോലി തീരും വരെ അങ്ങിനെ തുടരും . ചിലപ്പോൾ ഇരുപതു മണിക്കൂർ വരെ തുടർച്ചയായി . അൻപതുഡിഗ്രിക്കുമേൽ ഉള്ള പൊള്ളുന്ന ചൂടിൽ ഒരു പുൽക്കൊടിയുടെ പോലും തണൽ പോലുമില്ലാത്ത ജീവനില്ലാത്ത മരുഭൂമിയിൽ . അങ്ങിനെയുള്ള സന്ദർഭങ്ങളിൽ ഓഫീസ് മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങി അവർക്കൊപ്പം ഞാനടക്കമുള്ള സിനിയർ സ്റ്റാഫും ഉണ്ടാകും സഹായത്തിന് ...!
.
അന്നും അതുപോലൊരു തിരക്കുപിടിച്ച ദിവസമായിരുന്നു . തലേന്ന് നടന്ന ഒരു അപകടത്തെ തുടർന്ന് ഉണ്ടായ നാശ നഷ്ടങ്ങൾ നികത്താനുള്ള തിരക്കുപിടിച്ച ജോലികൾ . ഏകദേശം ഒരു പത്തുമണിയായിക്കാണും അപ്പോൾ . എല്ലാവർക്കും വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ഭക്ഷണം വരുത്തി , അത് അവിടെയിരുന്ന് കഴിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുകയായിരുന്നു. അവിടെ, കൂറ്റൻ പൈപ്പുകളുടെയും യന്ത്രങ്ങളുടെയും മറവിൽ പൊള്ളിക്കുന്ന സൂര്യനു താഴെ , അതിനേക്കാൾ പൊള്ളുന്ന മണലിൽ , ഉള്ള സൌകര്യത്തിൽ ആഘോഷത്തോടെ ....!
.
ഏകദേശം അൻപതോളം പേരുണ്ട് എന്റെ ആ ഗ്രൂപ്പിൽ . കൂടുതലും ഭാരതീയരും പിന്നെ ഫിലിപ്പീൻസുകാരും നേപ്പാളുകാരും ബാക്കി സിറിയക്കാരും യെമനികളുമാണ് കൂട്ടത്തിൽ . തരാതരം പോലെ രുചിക്കനുസരിച്ചുള്ള ഭക്ഷണം കിട്ടാനുള്ള സൌകര്യമൊന്നും ഇല്ലാത്ത അവിടെ കുടിക്കാൻ കിട്ടുന്നതുപോലും പൊള്ളുന്ന വെള്ളമാണ് . കിട്ടിയ ഭക്ഷണം എല്ലാവരും കൂടി പങ്കിട്ടെടുത്ത് സന്തോഷത്തോടെ കഴിക്കാൻ ഇരിക്കവേ , ഞങ്ങളും അവർക്കൊപ്പം ചേർന്നു . കാലത്തുമുതലേ ഒന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്കുവേണ്ടി അവർ മാറ്റി വെച്ചിരുന്നത് ഞാനും ആർത്തിയോടെ കഴിക്കാൻ തുടങ്ങി ...!
.
കഴി ച്ചുകൊണ്ടിരിക്കെ നാട്ടിൽ നിന്നും വന്ന ഒരു ഫോണ്‍ എടുത്ത് സംസാരിച്ചുകൊണ്ട് ഞാൻ അപ്പുറത്തേക്ക് മാറിനിന്നു . സംസാരിക്കുന്നതിനിടയിൽ ചുറ്റും നോക്കവെയാണ് അപ്പുറം ദൂരെ മാറിയിരിക്കുന്ന അയാളെ കണ്ടത് . ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന ആ സിറിയക്കാരനെ എവിടെ വെച്ചും തിരിച്ചറിയാമായിരുന്നു ഞങ്ങൾക്ക് . നീണ്ടു വെളുത്ത താടിയും കുഴിഞ്ഞ കണ്ണുകളും എല്ലുകൾ പുറത്തുകാണുന്ന ശരീരവുമുള്ള നീണ്ടുമെലിഞ്ഞ അയാൾ എല്ലായ്പോഴും എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടും കൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ ...!
.
ഭരണകൂട ഭീകരതയ്ക്കെതിരെ സംസാരിച്ച അയാളെ അയാളുടെ നാട്ടിൽനിന്നും നാടുകടത്തിയതായിരുന്നു . അതുകൊണ്ടുതന്നെ അയാൾക്ക്‌ നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ പറ്റില്ല. ചെന്നാലും പോലീസ് പിടിച്ച് ജയിലിലാക്കും . അയാൾക്ക്‌ നാട്ടിൽ എട്ട്‌ മക്കളും ഭാര്യയും അമ്മയും അച്ഛനും സഹോദരിമാരും ഒക്കെ അടങ്ങുന്ന വലിയൊരു കുടുംബമുണ്ട്. ദാരിദ്ര്യം നിറഞ്ഞ അയാളുടെ കുടുംബം ജീവിക്കുന്നത് അയാളുടെ വരുമാനം കൊണ്ടും . ...!
.
അയാളെ പൊന്നുപോലെ സ്നേഹിക്കുന്ന അയാളുടെ മക്കളോട് അയാൾക്കൊന്നു സംസാരിക്കാൻ പോലും പറ്റാറില്ല ഇപ്പോൾ. ജനിച്ചപ്പോൾ മുതൽ ഇളയകുട്ടി അയാളുടെ നെഞ്ചിൽകിടന്നെ ഉറങ്ങാറുള്ളൂ . അവൾ ഉറങ്ങിക്കിടക്കുമ്പോഴാണ് അയാളെ പോലിസ് കൊണ്ടുപോയത് . കച്ചവടം നടത്തി നല്ല നിലയിൽ കുടുംബം നടത്തിയിരുന്ന അയാൾക്കിനി ആ കുടുംബത്തെ കാണാൻ കൂടി കഴിയുമോ എന്നറിയില്ല . വല്ലപ്പോഴും അയാളുടെ ഭാര്യയോ മക്കളോ ഇങ്ങോട്ട് വിളിക്കുംപോഴാണ് അയാൾ അവരുടെ വിവരം അറിയുന്നത് . മടികൂടാതെ വിശ്രമമില്ലാതെ ഏതു പണിയും ചെയ്യുന്ന അയാൾ ആ ഫോണ്‍ വരുമ്പോൾ എല്ലാം നിർത്തി ആ വാക്കുകൾക്ക് കാതോർക്കും ...!
.
അങ്ങകലെ പൈപ്പ് ഇടാനെടുത്ത വലിയ കുഴിക്കരുകിൽ അതിലേക്ക് കാലും നീട്ടി ഇരിക്കുകയായിരുന്നു അയാൾ അപ്പോൾ . കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചുട്ടുപഴുത്ത ആ മരുഭൂമിയുടെ കണ്ണെത്താത്ത അങ്ങേ അറ്റത്തേയ്ക്ക് നോക്കിക്കൊണ്ട്‌ . അങ്ങിനെയുള്ള അയാളുടെ ആ ഇരിപ്പിലെ പന്തികേട്‌ എനിക്ക് പെട്ടെന്ന് മനസ്സിലായി . അയാൾക്കരികിൽ ചേർന്നിരുന്ന് ഞാൻ അയാളെ ചേർത്തുപിടിച്ചു . ഒന്നും പറയാതെ അയാൾ എന്നെ ഒന്ന് നോക്കി . പിന്നെ പറഞ്ഞു ഇന്നലത്തെ കലാപത്തിൽ അയാളുടെ കുടുംബം ഇല്ലാതായെന്ന് . എന്നിട്ട് ആ വലിയ കുഴിയ്ക്കുള്ളിലേക്ക് ചാടിയിറങ്ങി മലർന്നു കിടന്നു. കണ്ണടച്ചുകൊണ്ട് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

എനിക്കും ഒരലമാര വേണം ...!!!

എനിക്കും ഒരലമാര വേണം ...!!! . ഓർമ്മകളില്ലെങ്കിലും ഓർമ്മിക്കാനില്ലെങ്കിലും സൂക്ഷിക്കാൻ എനിക്കും വേണം ഒരലമാര ....! . ചിത്രപ്പണികൾ ചെയ്...