Saturday, September 19, 2015

പണിയെടുക്കുന്നവരുടെ സമരം.....!!!

പണിയെടുക്കുന്നവരുടെ സമരം.....!!!
.
സമരം എന്നത് ജീവിതമാണ് പലപ്പോഴും . എന്നാൽ ചിലപ്പോഴെല്ലാം അങ്ങിനെയല്ലാതെയും ഉണ്ടുതാനും . മദ്യപിച്ച് ജോലിചെയ്യാൻ സമ്മതിക്കാത്തതിന് സമരം ചെയ്യുന്നവരും , അഴിമതി നടത്താൻ സമ്മതിക്കാത്തതിന് സമരം നടത്തുന്നവരും കൃത്യവിലോപത്തിന് പിടിക്കപ്പെട്ടതിന്റെ പേരിൽ സമരം നടത്തുന്നവരും ഒക്കെയുള്ള നമ്മുടെ ഈ നാട്ടിൽ ജീവിത സമരങ്ങളും ജീവിക്കാനുള്ള സമരങ്ങളും അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളും ഉള്ളതുപോലെ സമരത്തിന്‌ വേണ്ടിയുള്ള സമരങ്ങളും ഒത്തുതീർപ്പ് സമരങ്ങളും പൊതുജനത്തെ വിഡ്ഢിയാക്കാനുള്ള സമരങ്ങളും ധാരാളം .
.
ഒരു വ്യക്തി തന്റെ ജീവിതവുമായി പൊരുത്തപ്പെട്ടു പോകാനാകാത്ത വിധം പ്രാരാബ്ദങ്ങളിൽ പെട്ട് ഉഴലുമ്പോഴാണ്‌ സാധാരണയായി സമരമുഖത്തേയ്ക്കിറങ്ങാൻ നിർബന്ധിതനാകുന്നത് . നമ്മുടെ നാട്ടിലാണെങ്കിൽ അതിന് ശക്തമായ പിന്തുണയും വ്യക്തമായ നയങ്ങളും ചട്ടക്കൂടുകളും മുന്നിൽ നിന്ന് നയിക്കാൻ യൂണിയനുകളും നേതാക്കളും ഒക്കെയുണ്ട് താനും .
.
എന്നാൽ പലപ്പോഴും ഈ യൂണിയനുകളും നേതാക്കളും അവകാശികൾക്കൊപ്പം നിൽക്കുന്നതിനു പകരം അവകാശങ്ങൾ നിഷേധിക്കുന്നവർക്കൊപ്പമാണ് നിൽക്കാറുള്ളത് എന്നതാണ് യാഥാർത്ഥ്യം . അത് ചിലപ്പോൾ വ്യക്തി പരമോ സംഘടനാപരമോ രാഷ്ട്രീയപരമോ ഒക്കെയായ കാരണങ്ങൾ കൊണ്ടാകാം . എന്നാൽ അതിന്റെ ഫലം , യഥാർത്ഥത്തിൽ നീതി ലഭിക്കേണ്ടവർക്ക് അത് ലഭിക്കുന്നില്ല എന്നതും തത്ഫലമായി അവർക്ക് ഇവരിലൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുന്നു എന്നതുമാണ്‌ .
.
പണിയെടുക്കുന്നവർക്ക് അവർക്കുള്ള ന്യായമായ അവകാശങ്ങൾ ലഭിക്കണം എന്നതിൽ തർക്കമില്ല . പലപ്പോഴും അത് നടപ്പിലാക്കുന്നുമുണ്ട് മിക്ക മുതലാളിമാരും എന്നതാണ് യാധാർത്യവും . എന്നാൽ ഫലത്തിൽ അത് പണിയെടുക്കുന്നവർക്ക് നേരിട്ട് എത്താറില്ല എന്നുമാത്രം . അവർക്ക് ഇടയിൽ നിൽക്കുന്ന മധ്യവർഘവും ഇടത്തട്ടുകാരും സംഘടനകളും നേതാക്കളുമാണ് ഇവരുടെ ഈ അവകാശങ്ങൾ എല്ലായ്പ്പോഴും കവർന്നെടുക്കാറുള്ളത് .
.
ചൂഷണം ചെയ്യപ്പെടുന്നതിൽ പലപ്പോഴും മുന്നിലുള്ളത് സ്ത്രീകളാണ് എന്നത് അവർ ബലഹീനരാണ് എന്നതുകൊണ്ടല്ല , മറിച്ച് അവർക്ക് ക്ഷമാ ശീലവും സഹനവും ഒക്കെ കൂടുതൽ ഉള്ളതുകൊണ്ടാണ് എന്നതാണ് പലരും തിരിച്ചറിയാതെ പോകുന്നത് . എന്നാൽ എല്ലാ ക്ഷമയ്ക്കും അതിരുകളുണ്ട്‌ എന്നും അവർ ഓർക്കാതെ പോകുന്നു . അങ്ങിനെ എല്ലാ അതിരുകളും ലംഘിക്കുമ്പോൾ ഇവരും സമരമുഖത്തേയ്ക്കിറങ്ങാൻ നിർബന്ധിതരാകും . അപ്പോൾ പക്ഷെ അവരെ തടയുക അസാധ്യവുമാകും .
.
നേതാക്കളിലും സംഘടനകളിലും വ്യവസ്ഥിതികളിലും ഉള്ള വിശ്വാസം നഷ്ടപെടുക എന്നത് സത്യത്തിൽ സമൂഹത്തിന്റെ ഭാവിക്കുതന്നെ ദോഷമാണ് എന്ന് ആരും തിരിച്ചറിയുന്നില്ല . താത്കാലികമായി ഒരു വിജയം ഉണ്ടാകുമെങ്കിലും അത് വ്യവസ്ഥാപിതമായ കെട്ടുറപ്പുള്ള ഒരു സമൂഹത്തിന് തീർത്തും ദോഷകരമാണ് . അതുപക്ഷെ തിരിച്ചറിയേണ്ടത് നേതാക്കളും സംഘടനകളും സർക്കാരും സമൂഹം തന്നെയുമാണ് .
.
തങ്ങളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം സംഭവിക്കുന്നത്‌ , പാവങ്ങളായ തൊഴിലാളികളെ ചൂഷണം ചെയ്തും മുതലാളിമാർക്ക് സഹായം ചെയ്തും തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നത് നേതാക്കൾക്കും സംഘടനകൾക്കും സഹിക്കാവുന്നതിലും അപ്പുറമാകും . അവിടെ അവർ സമരമുഖം ശിധിലമാക്കാനുള്ള എല്ലാ അടവുകളും പയറ്റും. അതോടെ തൊഴിലാളികൾ വീണ്ടും ദുരിതത്തിൽനിന്നും ദുരിതത്തിലേക്ക് നയിക്കപ്പെടും . അതുപിന്നീട്‌ പാവങ്ങളും നിരാശരുമായ തൊഴിലാളികളെ നയിക്കുക അക്രമങ്ങളിലേക്കും അരാജകത്വത്തിലേയ്കുമായിരിക്കുകയും ചെയ്യും .
.
തൊഴിലെടുക്കുന്ന ആളുകളുടെ സമൂഹത്തിൽ എപ്പോഴും ദുരിതം കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകൾ തന്നെയാണ് എന്നത് സത്യമാണ് . സാമൂഹികമായ ചെരിതിരിവോ സ്ത്രീകളെ അടിച്ചമർത്തുന്നു എന്നതുകൊണ്ടോ ഒന്നുമല്ല അത് . സ്ത്രീകൾക്കാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂടുതൽ ഉത്തരവാദിത്വവും എന്നതുകൊണ്ടാണ് ഇത് . എന്നാൽ ഇതുമാനസ്സിലാക്കാത്തത് സ്ത്രീകളും അവരുടെ സംഘടനകളും തന്നെയാണ് എന്നതാണ് ഏറ്റവും വേദനാജനകം .
.
പരസ്യമായി വ്യഭിച്ചരിക്കാനുള്ള അവകാശതിനുവേണ്ടിയും ചുംബിക്കാനുള്ള സ്വാതന്ത്ര്യതിനുവേണ്ടിയും ആർത്തവകാലത്ത് ആരാധനാലയങ്ങളിൽ പോകാൻ വേണ്ടിയും ഒക്കെ സമരം ചെയ്യുന്ന ഇവിടുത്തെ ഒരു സ്ത്രീ സംഘനടയും വയനാട്ടിലെ പട്ടിണികിടന്നു മരിക്കരായ സ്ത്രീകൾക്കുവേണ്ടിയോ കന്നുകാലികൾക്കുള്ളതിനേക്കാൾ മോശമായ അവസ്ഥയിൽ ജീവിക്കുന്ന തോട്ടം തൊഴിലാളികൾക്കുവേണ്ടിയോ, ജോലിയും പിന്നെ ചെയ്ത ജോലിക്കുള്ള കൂലിയും കിട്ടണമെങ്കിൽ മേലാളന്മാർക്ക് തുണിയഴിച്ചുകൊടുക്കേണ്ടിവരുന്ന അരപ്പട്ടിണിക്കാർക്കുവേണ്ടിയോ ശബ്ദമുയർത്തികാണാറില്ല എന്നത് ലജ്ജാവഹം തന്നെ .
.
സമരം എന്നാൽ മാറ്റമാണ് . സ്വയം മാറാൻ തയ്യാരാകാത്തവരെ കാലം മാറ്റുകതന്നെ ചെയ്യും . ഓർക്കുക എല്ലായ്പോഴും എല്ലാവരും ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...