Sunday, June 26, 2016

കേൾക്കുക നിങ്ങളെയെങ്കിലും ...!!!

കേൾക്കുക നിങ്ങളെയെങ്കിലും ...!!!
.
കേൾക്കുക എന്നത് ഒരു കലയാണ് . ഓരോരുത്തരും പറയുന്നത് അവരുടെ താത്പര്യത്തിനനുസരിച് അവർ ഉദ്ദേശിക്കുന്ന അർത്ഥത്തിൽ കേൾക്കാൻ കഴിയുക എന്നത് തീർത്തും നിസ്സാരമല്ല തന്നെ . നമുക്ക് പ്രിയപ്പെട്ടതും അല്ലാത്തതും , വേണ്ടതും വേണ്ടാത്തതും നല്ലതും ചീത്തയും ... അങ്ങിനെയങ്ങിനെ, കാഴ്ചയേക്കാൾ, സ്പർശനത്തേക്കാൾ , രുചിയേക്കാൾ , ഗന്ധത്തേക്കാൾ ഒരു പക്ഷെ വികാര വിക്ഷോഭങ്ങൾക്ക് എളുപ്പത്തിൽ വശംവദമാക്കപ്പെടാവുന്ന ഒരു സംവേദന മാധ്യമം തന്നെയായതുകൊണ്ട് കേൾവി എപ്പോഴും വളരെ പ്രാധാന്യവും അർഹിക്കുന്നു .
.
നമ്മളെ കേൾക്കാൻ ഒരാളുണ്ടാകുക എന്നത് ഈ ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള ഒരു കാര്യം തന്നെയാണ് . നമ്മുടെ സങ്കടങ്ങൾ , നമ്മുടെ കുസൃതികൾ , നമ്മുടെ സ്വകാര്യതകൾ നമ്മുടെ ആശങ്കകളും ആവലാതികളും ... അങ്ങിനെ നമ്മുടെ മനസ്സിലുള്ളതെന്തും തുറന്നു പ്രകടിപ്പിക്കാൻ നമുക്ക് ഏറ്റവും എളുപ്പം സാധിക്കുന്ന കേൾവിയെന്ന മഹാ സംഭവത്തിന് ഒരു വ്യക്തി ഇഷ്ടത്തോടെയുണ്ടാവുക എന്നു പറഞ്ഞാൽ അതൊരു സന്തോഷപ്രദവും വികാരപരവുമായ കാര്യം തന്നെ .
.
ഇതിനിടയിൽ നമ്മൾ പറയാൻ ആഗ്രഹിക്കുന്ന പോലെത്തന്നെ നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട് എന്നസത്യം നാം ഒരിക്കലും മറന്നുകൂട. ഒരു വാക്കിനു വേണ്ടി കാത്തുനിൽക്കുന്നതുപോലെ ഒരുവാക്ക് കേട്ടെങ്കിലെന്ന് കാത്തിരിക്കുന്നവരും തുല്ല്യം തന്നെ . അങ്ങിനെ ഒരേഒരു നിമിഷത്തെ ഒരു കേൾവിക്കുറവുകൊണ്ടു മാത്രം നഷ്ട്ടപ്പെട്ടുപോകുന്ന ഒരുപാട് ജീവിതങ്ങളുണ്ട് ഈ മണ്ണിൽ എന്നതും ഒരു പരമമായ സത്യം .
.
ആശയോടെ ആശങ്കയോടെ ആകുലതകളോടെ ആത്മഹർഷത്തോടെ ഉന്മാദത്തോടെ .... തന്റെ മനസ്സുതുറക്കാൻ കാത്തിരിക്കുന്ന . ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ കേൾക്കാൻ തയ്യാറാകാത്ത ഭർത്താവ് അല്ലെങ്കിൽ ഭാര്യ ആ കുടുംബത്തിന്റെ സ്വസ്ഥതയും സമാധാനവുമാണ് കൊട്ടിയടക്കുന്നതെന്ന് ഓർക്കുന്നതേയില്ല . തന്റെ കുഞ്ഞു കുഞ്ഞു നൊമ്പരങ്ങൾ പങ്കുവെക്കാൻ കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്ക് നേരെ ചെവിയടക്കുന്ന അച്ഛൻ അല്ലെങ്കിൽ അമ്മ അവരുടെ ഭാവിയും ജീവിതവുമാണ് മൂകമാക്കുന്നതെന്നും അറിയാതെ പോകുന്നു .
.
ഒരു നല്ല വാഗ്മിയാകാൻ കഴിയുക എന്നതുപോലെത്തന്നെ മഹത്തരമാണ് ഒരു നല്ല കേൾവിക്കാരനാവുക എന്നതും . ഒരു മഹാനായില്ലെങ്കിലും തന്റെ പ്രിയപ്പെട്ടവരുടെ വിലയേറിയ വാക്കുകൾക്ക് ഒരുനിമിഷമെങ്കിലും ചെവികൊടുക്കാൻ കഴിഞ്ഞാൽ അതവരുടെ ജീവിതം തന്നെ മാറ്റിമറിക്കുമെങ്കിൽ ആ ഒരുനിമിഷം നമുക്കും മാറ്റിവെക്കാം .ഇന്നത്തെ ഈ ലോക ലഹരി ദിനത്തിന്റെ ആപ്ത വാക്യം തന്നെ നമ്മുടെ കുട്ടികളുടെ കേൾവിക്കാരനാവുക എന്നതാണ് . നമ്മൾ ഒരുനിമിഷം അവർക്ക് കേൾവിക്കാരനായിരുന്നാൽ നമ്മുടെ കുട്ടികൾ ലഹരിക്കെങ്കിലും അടിമപ്പെടാതിരിക്കുമെങ്കിൽ തീർച്ചയായും അവരെ പറയാൻ അനുവദിക്കുക , അവരെ കേൾക്കാൻ തയ്യാറാവുക ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...