Saturday, August 20, 2016

സിംഹങ്ങൾ ചിരിക്കാറില്ല ...!!!

സിംഹങ്ങൾ ചിരിക്കാറില്ല ...!!!
.
ഒരു സ്മാർട് ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കിൽ നിനക്കും ലോക സാഹിത്യകാരനോ വേദാന്തിയോ വിമർശകനോ തത്വജ്ഞാനിയോ ആയിയൊക്കെ നിഷ്പ്രയാസം പ്രശസ്തനാകാം എന്ന് അവളെന്റെ മുഖത്തുനോക്കി പറഞ്ഞപ്പോൾ ഞാനും ഒന്ന് ചൂളിപ്പോയി . ഇനി ഇവളെങ്ങാനും എന്റെ തലതിരിഞ്ഞ എഴുത്തുകളെന്തെങ്കിലും വായിച്ചിട്ടാണോ എന്നെ പരിഹസിക്കുന്നതെന്ന് സ്വാഭാവികമായും ചിന്തിച്ചും പോയി ഞാനപ്പോൾ ....!
.
എന്നാൽ അവളുടെ ഭാഗ്യത്തിന് അതൊന്നും വായിക്കാനുള്ള ഗതികേട് അവൾക്കില്ലാതിരുന്നതിനാൽ ഞാൻ തത്കാലം രക്ഷപ്പെട്ടു എന്നാശ്വസിച്ചുകൊണ്ട് അവളെയും കൂട്ടി അടുത്തുള്ള കോഫി ഷോപ്പിലേക്ക് കയറുമ്പോൾ അവൾ ചോദിച്ചു നീ എപ്പോഴെങ്കിലും ഒരു സിംഹം കരയുന്നത് കണ്ടിട്ടുണ്ടോ എന്ന്. ഒരു സിംഹത്തെ പോയിട്ട് നേരെ ചൊവ്വേ ഒരു കഴുതയെ പോലും കണ്ടിട്ടില്ലാത്ത ഞാൻ എങ്ങിനെയാണ് അതിനുള്ള ഉത്തരം പറയുക . മിണ്ടാതെ കാപ്പിക്കും കൂടെ കഴിക്കാനുള്ളതിനും ഓർഡർ കൊടുത്തിട്ട് അവളെയും കൂട്ടി തുറന്ന ടെറസ്സിലെ മറച്ചുപിടിച്ച ഇരിപ്പിടങ്ങളിലേക്ക് നടന്നു നീങ്ങവേ ഇവളുടെ അടുത്ത ചോദ്യത്തിൽ നിന്നും എങ്ങിനെ രക്ഷപ്പെടും എന്ന് മാത്രമായിരുന്നു എന്റെ ചിന്ത .....!
.
കാപ്പിക്കായി കാത്തിരിക്കുന്നതിനിടയിൽ അവൾ തന്റെ ലാപ്ടോപ്പ് ഓപ്പൺ ചെയ്‌തുകൊണ്ട് എന്നോടാവശ്യപ്പെട്ടത് നാളെ അവൾക്ക് സെനറ്റിൽ പ്രെസന്റ് ചെയ്യാൻ ഒരു ലേഖനം തയ്യാറാക്കി കൊടുക്കാനായിരുന്നു . അതും പൊതുസമൂഹത്തിൽ അതിന്റെ കാഴ്ചപ്പാടുകളിൽ വരുത്തേണ്ട ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടാണ് വിഷയം . കേട്ടത് സത്യം തന്നെയെന്ന് ഒന്നുകൂടി ചോദിച്ചുറപ്പുവരുത്തിയപ്പോൾ കാപ്പിയും കടിയും കിട്ടിയില്ലെങ്കിലും വേണ്ടില്ല ആ ടെറസ്സിൽ നിന്നും എടുത്തു ചാടിയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി എനിക്കപ്പോൾ . ...!
.
എല്ലാം കെട്ടുകാഴ്ചകൾ മാത്രമാണെന്നും നമ്മൾ ജീവിക്കുന്നു എന്നത് തന്നെ ഒരു വിശ്വാസം മാത്രമാണെന്നും തുടങ്ങി അവൾ വാചാലമായി മഹത്തായ തത്വങ്ങൾ പറയാൻ തുടങ്ങിയപ്പോൾ അറിയാതെ വായ്തുറന്നുപോയ എന്റെ മൂക്കിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞത് ഞാൻ ഒരു വിഡ്ഢിയാണെന്നാണ് . അതുവരെ അവൾ പറഞ്ഞതെല്ലാം സത്യമോ മിഥ്യയോ എന്ന് എനിക്കുതന്നെ ഉറപ്പില്ലായിരുന്നെങ്കിലും അപ്പോൾ അവൾ പറഞ്ഞ ആ സത്യത്തിനുമുന്നിൽ ഞാൻ അടിയറവുപറഞ്ഞുപോയി ...!
.
നേരിൽ കാണുന്നതല്ലാതെ അനുഭവിക്കുന്നതല്ലാതെ ഒന്നും വിശ്വസിക്കരുതെന്ന് നമ്മെ പഠിപ്പിക്കുന്ന ശാസ്ത്രംപോലും നമ്മെ പറ്റിക്കുകയാണെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ എന്നെയൊന്ന് ഉറക്കെ നുള്ളിനോക്കി . ഉദാഹരണമായി അവൾ പറഞ്ഞത് ഒരു പമ്പരം കറങ്ങുന്നത് നമുക്ക് നമ്മുടെ കണ്ണുകൊണ്ട് കാണാം , പക്ഷെ ഭൂമി കറങ്ങുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ ഇതുവരെ എന്നാണ് . എന്നിട്ടും ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത് ഭൂമി സ്വയമുള്ള അച്ചുതണ്ടിൽ കറങ്ങുന്നു എന്നാണ് . അങ്ങിനെ ഒരു അച്ചുതണ്ട് ഉണ്ടെങ്കിൽ ആ തണ്ടിന്റെ വേര് എവിടെയെന്ന അവളുടെ ചോദ്യം കൂടിയായപ്പോൾ ഞാൻ ഉറക്കെ പറഞ്ഞുപോയി, നാളെ അവൾക്ക് പ്രസന്റ് ചെയ്യാനുള്ള ലേഖനം ഞാൻ തന്നെ എഴുതിത്തരാമെന്ന് . എന്നിട്ട് അപ്പോഴേക്കും കൊണ്ടുവന്ന ചൂട് കാപ്പിയും കുടിച്ചുകൊണ്ട് ഞാൻ ടൈപ് ചെയ്യാൻ തുടങ്ങി , സിംഹങ്ങൾ ചിരിക്കാറില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...