Wednesday, September 10, 2014

ഉറങ്ങുന്ന അമ്മമാർ ....!!!

ഉറങ്ങുന്ന അമ്മമാർ ....!!!
.
ഔദ്യോഗിക യാത്രയിലായിരുന്നതിനാൽ അക്കുറി റിസൾട്ട്ഡേയുടെ അന്ന് കുട്ടികളുടെ കൂടെ അവരുടെ വിദ്ധ്യാലയത്തിൽ പോകാൻ കഴിയാത്തതിനാൽ യാത്ര മറ്റൊരു ദിവസമാക്കി . ഭാര്യ അവിടെത്തന്നെ അദ്ധ്യാപികയാണെങ്കിലും അത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്ക് ഞാൻ തന്നെ അവരുടെ കൂടെ പോകണമെന്ന് നിർബന്ധമാണ്‌ . അഭിമാനത്തോടെ അച്ഛന്റെ കൂടെ പൊകാമെന്നതിനേക്കാൾ അമ്മയുടെ വിലക്കുകളില്ലാതെ അച്ഛനെക്കൊണ്ട് ഇഷ്ട്ടമുള്ളതെല്ലാം വാങ്ങിപ്പിക്കാൻ കിട്ടുന്ന അപൂർവ്വ അവസരങ്ങളിൽ ഒന്നുമാണല്ലോ അത് ...!
.
ഞാൻ വിദ്ധ്യാലയത്തിൽ എത്തി കുട്ടികളെ കണ്ട് അവരുടെ അദ്ധ്യാപകർക്കുവേണ്ടി പ്രധാനാദ്ധ്യാപകന്റെ മുറിക്ക് പുറത്ത് കാത്തിരിക്കെ അവിടെയ്ക്ക് രണ്ടു മൂന്ന് കുട്ടികളെയും ഉറക്കെ ശകാരിച്ചുകൊണ്ട് ഒരു അദ്ധ്യാപിക കടന്നെത്തി . അവരെ ഉറക്കെ ശകാരിക്കുമ്പോഴും അവരുടെ മുഖത്ത് ദേഷ്യത്തേക്കാൾ എന്തുകൊണ്ടോ ഞാൻ അപ്പോൾ കണ്ടത് സങ്കടവും സഹതാപവും ആയിരുന്നു ...!
.
ഉറക്കെയുള്ള അവരുടെ സംസാരം എനിക്ക് പുറത്തുനിന്നു പോലും വ്യക്തമായി കേൾക്കാമായിരുന്നു . കുട്ടികളിൽ ഒരാൾ മറ്റൊരു കുട്ടിയുടെ പൈസ മോഷ്ടിച്ചു എന്നതാണ് പ്രശ്നം . എടുത്ത കുട്ടി കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു . കേട്ടപ്പോൾ ഒരു സാധാരണ സംഭവമായി എനിക്ക് തോന്നിയെങ്കിലും തുടർന്നുള്ള ആ അദ്ധ്യാപികയുടെ വിശദീകരണം എന്നെ സ്ഥബ്ധനാക്കിക്കളഞ്ഞു ....!
.
ആ കുട്ടി വിശപ്പ്‌ സഹിക്കാതെ ഭക്ഷണം വാങ്ങാൻ വേണ്ടിയാണ് ആ പൈസ മോഷ്ടിച്ചതത്രേ . നാല് മക്കളിൽ ഇളയവനായ അവന്റെ അമ്മ എന്നും അവർ സ്കൂളിൽ വരുമ്പോൾ ഉറങ്ങുകയായിരിക്കുമെന്നും അവർക്ക് ഭക്ഷണം ഒന്നും എടുത്തു കൊടുക്കാറില്ലെന്നും ആണ് ആ കുട്ടി പറഞ്ഞതത്രേ. എന്നും മൂത്ത കുട്ടികളാണ് അവന്റെയും ആഹാരം എടുത്തു കൊടുക്കാറുള്ളത് . എന്നാൽ അന്ന് അവർ നേരത്തെ പോയതിനാൽ ഈ കുട്ടിക്ക് ഒന്നും കിട്ടിയില്ല . കാലത്തും ഒന്നും കഴിക്കാതതിനാൽ വിശപ്പ്‌ സഹിക്കാനാകാതെ ഒടുവിൽ ആ കുട്ടി കണ്ട എളുപ്പ മാർഗ്ഗമാണ് അത് ... !
.
ആ വാക്കുകൾ എന്നെ ശരിക്കും വേദനിപ്പിക്കുക തന്നെ ചെയ്തു . അപ്പോൾ തന്നെ എനിക്കെന്റെ മക്കളെ കാണണമെന്നാണ് തോന്നിയത് . അവിടെ നിന്നും എഴുന്നേറ്റ് അവരുടെ ക്ലാസ്സിലേയ്ക്ക് നടക്കുമ്പോൾ മറ്റൊരു കുട്ടിയുമായി ഒരു അദ്ധ്യാപിക വരുന്നത് കണ്ടു . ആ കുട്ടി അതിന്റെ രണ്ടു ചെവികളും പൊത്തിപ്പിടിച്ചുകൊണ്ട് ഉറക്കെ കരയുന്നുമുണ്ടായിരുന്നു ....!
.
വരുന്നതിനിടയിൽ വഴിയിൽ കണ്ട ഒരു അദ്ധ്യാപിക അവരോട് കാരണം തിരക്കിയപ്പോൾ അവർ പറയാൻ തുടങ്ങിയത് എനിക്ക് സഹിക്കാനെ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്നു ദിവസമായി ആ കുട്ടി ഭയങ്കര മായ ചെവി വേദനയുമായി കരയുകയാണ് . സ്കൂളിൽ നിന്നും കൊടുക്കുന്ന പ്രാഥമിക വൈദ്യ സഹായമല്ലാതെ ആ കുട്ടിയെ അതുവരെയും വിദഗ്ദ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകാൻ അതിന്റെ അച്ഛനോ അമ്മയോ തയ്യാറായിട്ടില്ല . ....!
.
വീട്ടിലെത്തിയാൽ കരഞ്ഞ് തളർന്നുറങ്ങുന്ന ആ കുട്ടിയോട് അതിന്റെ അമ്മ പറയുമത്രേ നാളെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് . സ്കൂൾ അധികൃധർ വിളിക്കുമ്പോൾ അവന്റെ അച്ഛനും പറയുമത്രേ നാളെ ആശുപത്രിയിൽ കൊണ്ട് പൊയ്ക്കൊള്ളാമെന്ന് . ഇതുവരെയും ആ നാളെ ആയിട്ടില്ലെന്ന് മാത്രം. എന്നാൽ വയ്യെങ്കിൽ ക്ലാസ്സിലേക്ക് വരാതിരുന്നുകൂടെ എന്ന് ചോദിച്ചപ്പോൾ ആ കുട്ടി പറയുകയാണത്രേ , വീട്ടിലിരുന്നാൽ അത് അമ്മയ്ക്ക് ശല്ല്യമാണെന്ന് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

എനിക്കും ഒരലമാര വേണം ...!!!

എനിക്കും ഒരലമാര വേണം ...!!! . ഓർമ്മകളില്ലെങ്കിലും ഓർമ്മിക്കാനില്ലെങ്കിലും സൂക്ഷിക്കാൻ എനിക്കും വേണം ഒരലമാര ....! . ചിത്രപ്പണികൾ ചെയ്...