Wednesday, June 10, 2015

പ്രവാസിജോലിക്കാരായ അമ്മമാർ

പ്രവാസിജോലിക്കാരായ അമ്മമാർ
.
കുടുംബം എന്നത് സമൂഹത്തിന്റെ നട്ടെല്ലാകവെ അത് സംരക്ഷിക്കാൻ സാമൂഹിക ജീവിയായ ഓരോ മനുഷ്യനും ധാർമികമായ അവകാശമുണ്ട്‌ ഉത്തരവാദിത്വവും ഉണ്ട് . അതുകൊണ്ട് തന്നെ വർദ്ധിച്ച ജീവിത ചിലവുകളുടെ ഇന്നത്തെ ലോകത്ത് കുടുംബനാഥനും കുടുംബനാഥയും ഒരുപോലെ പണിയെടുത്താലെ നല്ല രീതിയിൽ ഒരു സാധാരണക്കാരന്റെ കുടുംബം മുന്നോട്ടു പോവുകയുമുള്ളൂ .
.
പുരുഷൻ പുറത്തേക്ക് ജോലിക്ക് പോകുമ്പോൾ എപ്പോഴും ഒരൽപം സമാധനതോടെയാണ് പോവുക . വീട്ടിൽ കുട്ടികളെ നോക്കാൻ, കുടുംബം നോക്കാൻ അവരുടെ അമ്മയുണ്ട്‌ എന്ന ആശ്വാസം ചെറുതൊന്നുമല്ല അവർക്ക് . എന്നാൽ അമ്മ കൂടി ജോലിക്ക് പോകുമ്പോൾ കുട്ടികളെ നോക്കാൻ , കുടുംബം നോക്കാൻ ആരുണ്ട്‌ എന്നത്, എപ്പോഴും അച്ഛനെക്കാൾ അമ്മമാരെയാണ് പൊതുവിൽ ചിന്തിപ്പിക്കുക , വിഷമിപ്പിക്കുക . കുട്ടികൾ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും എന്ന ചിന്ത , കുടുംബത്തിൽ എന്ത് നടക്കുകയായിരിക്കും എന്ന ചിന്ത , അവരെ ചെയ്യുന്ന ജോലിക്കിടയിലും ഓരോ നിമിഷത്തിലും വല്ലാതെ അലട്ടിക്കൊണ്ടിരിക്കും .
.
ഇതുപോലെ , കുട്ടികളെയും ഭർത്താവിനെയും കുടുംബത്തെയും വിട്ട് മറ്റു രാജ്യങ്ങളിലേയ്ക്ക് ജോലിക്ക് പോകുന്ന അമ്മമാരുടെ അവസ്ഥ തീർച്ചയായും ഇതിനേക്കാൾ ചിന്തിക്കേണ്ടത് തന്നെ. മക്കളുടെ, ഭർത്താവിന്റെ ഒരു അത്യാവശ്യത്തിന് ഓടിയെത്താൻ പോലും കഴിയാത്ത അകലങ്ങളിൽ അവരുടെ ഓർമ്മകളിൽ ജോലി സ്ഥലത്തെ ദുരിദങ്ങളും പേറി ജീവിക്കേണ്ടി വരുന്ന ഇത്തരം അമ്മമാരെ കുറിച്ച് , അവരുടെ മാനസികവും ശാരീരികവുമായ വികാരങ്ങളെ കുറിച്ച് ഇവിടുത്തെ പ്രബുദ്ധരായ സ്ത്രീ സമൂഹം പോലും വേണ്ട വിധം ചിന്തിചിട്ടുണ്ടെന്നു തോന്നുന്നില്ല .
.
ഒന്നാമതായി പൊതു സമൂഹം അത്തരം സ്ത്രീകളെ കാണുന്നത് തന്നെ ഒരു തരം സംശയം നിറഞ്ഞ കണ്ണുകളോടെയാണ് എന്നതാണ് ഏറ്റവും ദയനീയം . പണത്തിനു വേണ്ടി കുടുംബത്തെ മറക്കുന്നവർ എന്ന ഒരു ലേബലാണ് അവർക്ക് . ഭർത്താവിനെ അകന്ന് ജീവിക്കേണ്ടി വരുന്ന ഇവരുടെ ദൈന്യത , അവിടെ എങ്ങിനെയോക്കെയാണോ ജീവിക്കുന്നത് എന്ന സംശയ ദൃഷ്ടിയോടെ കുടുംബക്കാരും നാട്ടുകാരും , അവരുടെ വാക്ക് കേട്ട് അത്തരം സംശയങ്ങൾ തങ്ങളിലെയ്ക്കും പകർത്തുന്ന ഭർത്താവിന്റെയും ചിലപ്പോഴെല്ലാം മക്കളുടെയും കുത്തുവാക്കുകളും അവരെ പലപ്പോഴും വേദനയിലും നിരാശയിലും ആഴ്തുകയും ചെയ്യുന്നു .
.
പലതരത്തിലുള്ള പീഡനങ്ങളും ചൂഷണങ്ങളും ഇവർ പലപ്പോഴും ഏൽക്കേണ്ടി വരുന്നുണ്ട് . ജോലി സ്ഥലത്തെ ചൂഷണങ്ങൾ , ശാരീരികവും മാനസികവുമായ ചൂഷണങ്ങളും ഉപദ്രവങ്ങളും , സാമ്പത്തിക ചൂഷണങ്ങൾ .. അങ്ങിനെ പലതും . എന്നാൽ പലരും പുറത്തു പറയാത്ത ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനോ നേരായ പഠനം നടത്തി പരിഹാരം കാണാനോ ആരും ശ്രമിച്ചിട്ടുമില്ല ഇതുവരെയും .
.
തങ്ങളുടെ മാനുഷികവും ശാരീരികവും മാനസികവുമായ വികാരങ്ങളെയും വിചാരങ്ങളെയും ഒക്കെ അടക്കിപ്പിടിച്ച് അടിച്ചമർത്തി ജീവിക്കേണ്ടി വരുന്ന ഇവർ പലപ്പോഴും തീരാ രോഗികളായി മാറുന്നു . ഒടുവിൽ കുടുംബം ഒരു കരയ്ക്കടുപ്പിച്ച് തിരിച്ചെത്തുമ്പോഴെക്കും ഭർത്താവും മക്കളുമൊക്കെ അവരിൽ നിന്നും മിക്കവാറും ഒരുപാട് അകന്നു പോയിട്ടുമുണ്ടാകും എന്നതാണ് ഭീകരമായ യാഥാർത്ഥ്യം .
.
വേണ്ടതിനും വേണ്ടാത്തതിനും മറ്റുള്ളവരെ കുറ്റം പറയുന്ന, അനാവശ്യ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് സമയം കളയുന്ന ഉത്ബുദ്ധരായ ഇവിടുത്തെ സ്ത്രീ സമൂഹം, ഇത്തരം സാമൂഹികപ്രസക്തിയുള്ള കാര്യങ്ങളിൽ ഇടപെടാനും സ്ത്രീ സമൂഹത്തിന്റെ ഇത്തരം കാതലായ പല പ്രശ്നങ്ങളിൽ ഒന്നിനെങ്കിലും ശാശ്വത പരിഹാരം കാണാനും ശ്രമിക്കേണ്ടത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും നന്മയ്ക്കു അത്യന്താപേക്ഷിതം തന്നെ .
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...