Thursday, August 11, 2016

മതിലുകൾ കൊണ്ടൊരു വീട് ...!!!

മതിലുകൾ കൊണ്ടൊരു വീട് ...!!!
.
പന്ത്രണ്ടാമത്തെ വരിയും കെട്ടി കഴിഞ്ഞപ്പോൾ അയാൾ ഒന്നിരുന്നു , ഒരു ദീർഘ നിശ്വാസത്തോടെ . തന്റെ വീടിന് ചുറ്റും താൻ തീർക്കുന്ന ഈ ചുറ്റുമതിലിനുള്ളിൽ നിന്നാൽ ഇനി തന്റെയും തനിക്കൊപ്പമുള്ളവരുടെയും തലയ്ക്കുമുകളിൽവരെ ഒന്നും പുറത്തുകാണില്ലല്ലോ എന്നത് അയാളെ തെല്ലൊന്നുമല്ല അപ്പോൾ ആശ്വസിപ്പിച്ചത് . ഇനിയുള്ളത് അല്പം സാവധാനത്തിലായാലും കുഴപ്പമില്ലെന്നും അയാൾക്കറിയാമായിരുന്നു .
.
തന്റെ വീട് തന്റെ സ്വപ്നമായിരുന്നു എന്നത് അയാൾ ഓർത്തെടുത്തു . എന്നാൽ ഇപ്പോഴും അടച്ചുറപ്പോടെ വൃത്തിയോടെ ഒരു മുറിപോലും ശരിയാക്കിയെടുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലല്ലോ എന്നതിൽ അയാൾക്ക് കുണ്ഠിതവുമുണ്ടായിരുന്നു . മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന വലിയ കുടുംബം പരിമിതികളോടെ അവിടെ കഴിയുന്നതിൽ അയാൾക്ക് വിഷമവും ഉണ്ടായിരുന്നു . എന്നാൽ അതിനേക്കാളൊക്കെ അയാൾക്ക് പ്രധാനമായിരുന്നത് ആ വീടിനുചുറ്റും വലിയൊരു മതിൽ കെട്ടുക എന്നതുതന്നെയായിരുന്നു . നഗരമദ്ധ്യത്തിൽ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് ആ വീട് ഉള്ളതെന്നതുപോലും അയാളെ അതിൽനിന്നും പിന്തിരിപ്പിച്ചിരുന്നുമില്ല.
.
അല്പസമയത്തെ ആ ആശ്വാസം പോലും അയാളെ അസ്വസ്ഥനാക്കാൻ തുടങ്ങിയപ്പോൾ വീണ്ടും അയാൾ തന്റെ ജോലിതുടർന്നു . കല്ലുകൾ പെറുക്കിയടുക്കി ചുമരുകൾ പടുത്ത്‌ ആ ചുമരുകൾക്കും മേലെ മറയുണ്ടാക്കുമ്പോൾ അയാളുടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ . തന്നെ ഇനിയൊരിക്കലും മറ്റൊരാളും കാണരുത് . തന്നെ മുഴുവനായും തന്നെ എല്ലാറ്റിൽനിന്നും മറച്ചു പിടിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് അയാൾ അപ്പോഴുമുറച്ചുതന്നെ വിശ്വസിച്ചു .
.
ചില പരിധികൾ എപ്പോഴും പരിമിതികൾക്കും അപ്പുറത്താണെന്നത് അയാൾ ഓർക്കാൻ കൂട്ടാക്കിയിരുന്നില്ല . എന്നിട്ടും തന്നിൽ നിന്നും തന്നിലേക്കുള്ള ദൂരം കൃത്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു എപ്പോഴും അയാൾ . തന്റെ ദൂര പരിധിക്കുള്ളിൽ , തന്റെ സംരക്ഷിത സംവിധാനത്തിനുള്ളിൽ തന്നെയും തന്നോട് ചേർന്നുള്ളവയെയും ചേർത്ത് നിർത്താനും അയാൾ വ്യഗ്രതപ്പെട്ടു .
.
കമ്പിയും കല്ലും , മണ്ണും കട്ടയും , എന്തിന് ... ചുള്ളിക്കമ്പുകൾ പോലും അയാൾ തന്റെ ചുമരുകൾക്കായി ഉപയോഗിച്ചു . പരമാവധി ഉറപ്പും ബലവുമായിരുന്നില്ല അപ്പൊഴും അയാൾ ലക്ഷ്യമാക്കിയിരുന്നതെന്ന് അയാളെപ്പോലും അമ്പരപ്പിച്ചില്ല . അയാൾക്കപ്പോഴെല്ലാം ആവശ്യമായിരുന്നത് തന്റെ നേർക്കുള്ള മറ്റുള്ളവരുടെ കാഴ്ച്ചയെ മറക്കുക എന്നത് മാത്രമായിരുന്നു .
.
തറയുടെ ബലമോ നിലത്തിന്റെ വിസ്തൃതിയോ അകത്തളത്തിന്റെ സൗകര്യമോ അയാൾ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല . ശുചിയായി ഭക്ഷണം കഴിക്കാനുള്ള സൗകര്യം പോലും ഒരുക്കുന്നതിനേക്കാൾ അയാൾ തിടുക്കപ്പെട്ടത് ആ ഭാഗത്തേക്കുള്ള വഴികൾ കൂടി അടച്ചുകെട്ടുന്നതിലായിരുന്നു .അഴുക്കുചാലുകൾ പുറത്തേക്ക്‌ തുറക്കാതിരിക്കാൻ പോലും അയാൾ ശ്രദ്ധിച്ചത് അതിലൂടെ ആരെങ്കിലും തന്നെ കണ്ടാലോ എന്ന ഭയം കൊണ്ടുതന്നെ .
.
ഇടയിൽ വരുന്ന വിടവുകൾ നികത്തി അതിലൂടെ വരുന്ന സൂര്യവെളിച്ചം പോലും തടയുന്നതിൽ അയാൾ വ്യാപൃതനായി . തന്റെയും തന്റെ കൂടെയുള്ളവരുടെയും വസ്ത്രങ്ങൾ പോലും അതിനായി ഉപയോഗിക്കാൻ അയാൾക്ക് മടിയുമില്ലായിരുന്നു . പകലുകളും രാത്രികളും നോക്കാതെ വെയിലും മഞ്ഞും മഴയും വകവെക്കാതെയുള്ള അയാളുടെ പരിശ്രമത്തിന് ഫലം കാണുക തന്നെ ചെയ്തു . ഒരു വെയിൽനാളം പോലും എത്തിനോക്കാത്ത വിധം മറച്ചുകെട്ടിയ ഒരു വീടൊരുക്കാൻ അയാൾക്ക് അപ്പോഴേക്കും കഴിഞ്ഞിരുന്നു .
.
മേൽക്കൂരപോലുമില്ലാത്ത ആ വീടിന്റെ അയാളേക്കാൾ പൊക്കമുള്ള മതിലിനുള്ളിൽ നിന്ന് ചാരിതാർഥ്യത്തോടെ കൃതാർത്ഥതയോടെ അയാൾ അയാളിലേക്ക് നോക്കുമ്പോൾ അയാളും അയാൾക്കൊപ്പമുള്ളവരും അപ്പോൾ നഗ്നരും ദരിദ്രരുമാണെന്ന് മാത്രം അയാൾ തിരിച്ചറിഞ്ഞുമില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

കുപ്പായം ...!!!

കുപ്പായം ...!!! . കുപ്പായം അങ്ങിനെത്തന്നെയായിരിക്കണം . ദേഹത്തിനിണങ്ങി മനസ്സിനിണങ്ങി തന്നോട് താൻ ചേർന്ന് ......! . ഞാൻ നനയുമ്പോൾ നന...