Monday, June 22, 2015

അച്ഛൻ ...!!!

അച്ഛൻ ...!!!
.
അടുത്തറിയാത്ത
അനുഭവിച്ചു മതിയാകാത്ത
പരിഭവം പറയാത്ത
പ്രത്യുപകാരം പ്രതീക്ഷിക്കാത്ത
പരിദേവനങ്ങളില്ലാത്ത
പ്രതീക്ഷനൽകുന്ന
കരുതലും കാവലും നൽകുന്ന
താങ്ങും വഴികാട്ടിയുമാകുന്ന
ഭാരങ്ങളേൽക്കുന്ന
മാതൃകയാകുന്ന
ആത്മാവിൽനിന്നുള്ള
നിസ്വാർത്ഥ സ്നേഹം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, June 18, 2015

അനാഥരെ ഉപദ്രവിക്കുന്നവർ

അനാഥരെ ഉപദ്രവിക്കുന്നവർ
.
ഈ ലോകത്തിന്റെ വേദനകളും വിഷമങ്ങളും ദുരിതങ്ങളും തിന്മകളും ഒരുപോലെ കണ്ടു വളരുന്നവരാണ് , അനുഭവിക്കുന്നവരാണ് ശരിക്കും അനാഥർ . അനാഥരെന്നാൽ പേര് സൂചിപ്പിക്കും പോലെ ശരിക്കും നാഥനില്ലാത്തവർ തന്നെ . അനാഥത്വം എന്നത് ഒരിക്കലും അല്ലെങ്കിൽ പലപ്പോഴും അവർ അറിയാതെയെങ്കിലും അവരിൽ വന്നു ഭവിക്കുന്നതാണെങ്കിൽ പോലും .
.
നാഥനില്ലാത്തവരെ സംരക്ഷിക്കാൻ നാഥനുള്ളവർക്ക് തന്നെയാണ് ചുമതലയുള്ളത് . നമ്മുടെ സഹ ജീവികളോട് സ്നേഹത്തോടെയും ദയയോടെയും പെരുമാറുക എന്നത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ് . ചിലപ്പോഴെല്ലാം ഇതിനെല്ലാം സ്വമനസ്സാലെ സന്നദ്ധരാകുന്നവരുണ്ട് ഭൂമിയിൽ , എന്നാൽ മറ്റു ചിലപ്പോൾ നിർബന്ധിക്കപ്പെടുന്നവരും ഉണ്ട് . സ്വയം അറിഞ്ഞു ചെയ്യുന്നതും നിർബന്ധിച്ചു ചെയ്യിക്കുന്നതും തമ്മിലെ വ്യത്യാസം വ്യക്തമാണെങ്കിലും , അതിനു വേണ്ടി ആരെയെങ്കിലും പ്രതിഫലതോടെയോ അല്ലാതെയോ നിയോഗിക്കുന്നുവെങ്കിൽ അവരുടെ ഉത്തരവാദിത്വം ഒരിക്കലും അതിൽ നിന്നും ഒഴിവാകപ്പെടുന്നില്ല തന്നെ.
.
അനാധരാണ് എന്നതിന്റെ പേരിൽ അശരണരും നിരാലംബരുമായ മനുഷ്യരോട് അവരെ നോക്കാൻ നിയോഗിക്കപ്പെട്ടവർക്ക് പലപ്പോഴും പുച്ഛവും പരിഹാസവുമാണ് ഉണ്ടാകാറുള്ളത് . ആരും ചോദിക്കാനില്ല എന്ന ധൈര്യം , എളുപ്പം ചൂഷണം ചെയ്യാം എന്ന അവസ്ഥ . പിന്നെ മുജ്ജന്മ പാപത്തിന്റെ ഫലമാണ് എന്നൊക്കെയുള്ള തരത്തിലുള്ള വികലവും വികൃതവുമായ ചിന്തകൾ തുടങ്ങി പലവിധ കാരണങ്ങൾ കൊണ്ട് മിക്കവാറും അങ്ങിനെ പെരുമാറുന്നു .
.
മറ്റൊരു ജീവിയെ , അത് മനുഷ്യനായാലും മൃഗമായാലും ഉപദ്രവിക്കുക എന്നത് മറ്റു മൃഗങ്ങളെ കൊന്നു തിന്ന് ജീവിക്കുന്ന കാട്ടുമൃഗങ്ങൾ പോലും ചെയ്യുന്ന പ്രവൃത്തിയല്ല. അതുകൊണ്ടുതന്നെ അനാധരായവരെ അത്, കുട്ടികളായാലും മുതിർന്നവരായാലും ഉപദ്രവിക്കുന്നവരെ ഈ പൊതു സമൂഹത്തിൽ നിന്നും പുറന്തള്ളേണ്ടത് അത്യാവശ്യം തന്നെ .
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Sunday, June 14, 2015

ലൗ ജിഹാദ്

ലൗ ജിഹാദ്
.
ഹിന്ദു പെണ്‍കുട്ടികളെ ,ക്രിസ്ത്യാനികളും മുസ്ലീങ്ങളും പ്രണയിച്ച് അവരുടെ ഇഷ്ടത്തിനനുസരിച്ച് ആഗ്രഹങ്ങൾക്കൊപ്പം നിന്ന് കല്ല്യാണം കഴിച്ച് അവർക്കുണ്ടാകുന്ന കുട്ടികളെയും പിന്നീട് അവരെ തന്നെയും മതം മാറ്റുകയും അങ്ങിനെ ഗൂഡമായ ഒരു മതപരിവർതന സംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുന്നു എന്ന് ഹിന്ദു സംഘടനകൾ .
.
തങ്ങളുടെ മത വിശ്വാസികളായ പെണ്‍കുട്ടികളെ ഹിന്ദുക്കളും മുസ്ലീങ്ങളും പ്രണയിച്ച് വിവാഹം കഴിച്ച് മതപരിവർത്തനം നടത്തുന്നു എന്ന് ക്രിസ്തീയ സഭകൾ . അതിന് സർക്കാരുകൾ ഒത്താശ ചെയ്യുന്നു എന്നും മതമേലദ്ധ്യക്ഷൻമാർ.
.
തങ്ങളുടെ പെണ്‍കുട്ടികളെ ഹിന്ദുക്കളും ക്രിസ്ത്യാനികളും പ്രലോഭിപ്പിച്ച് പ്രണയം നടിച്ച് വശത്താക്കി കല്ല്യാണം കഴിച്ച് മതപരിവർത്തനം നടത്തുന്നു എന്ന് മുസ്ലീം സമുദായവും അവരുടെ മത നേതാക്കളും . അങ്ങിനെ തങ്ങളുടെ സാമുദായിക ശക്തി തന്നെ ക്ഷയിപ്പിക്കുന്നു എന്നും അവർ .
.
മൃഗങ്ങൾ മൃഗങ്ങളെയും , പക്ഷികൾ പക്ഷികളെയും , മത്സ്യങ്ങൾ മത്സ്യങ്ങളെയും കല്ല്യാണം കഴിക്കുന്ന ഈ ലോകത്ത് എന്നാണിനി മനുഷ്യൻ മനുഷ്യനെ കല്ല്യാണം കഴിക്കുക ...?
.
സുരേഷ്കുമാർ പുഞ്ചയിൽ

Friday, June 12, 2015

സുരക്ഷാപാലകരുടെ സുരക്ഷാനടത്തിപ്പിന്

സുരക്ഷാപാലകരുടെ സുരക്ഷാനടത്തിപ്പിന്
.
സുരക്ഷിതത്വം എന്നത് വെറും വാക്കുകളിൽ മാത്രം ഒതുക്കാതെ വിട്ടു വീഴ്ച്ചയില്ലാതെ നടപ്പിലാക്കേണ്ട ഒരു അടിയന്തിര വസ്തുത തന്നെ. രാജ്യത്തിനും പൊതു സമൂഹത്തിനും ഏറ്റവും അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയാണ് അത് . പൊതു സുരക്ഷയ്ക്കായി അവതരിപ്പിക്കുന്ന നിയമങ്ങളും മാർഘ നിർദ്ദേശങ്ങളും അനുസരിക്കുക എന്നത് ഏതൊരു പൌരന്റെയും കടമയുമാണ് . പ്രത്യേകിച്ചും അത് നടപ്പിലാക്കേണ്ടവരുടെ .
.
പലപ്പോഴും അപകടങ്ങൾ അല്ലെങ്കിൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് സുരക്ഷാ വീഴ്ചകൊണ്ട് തന്നെയാണ് അല്ലെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒത്താശയോ അനാസ്ഥയോ കൊണ്ടുകൂടിയാണ് എന്ന സത്യം എല്ലാവരും ഓർമിച്ചേ പറ്റൂ . അതുകൊണ്ട് തന്നെ അത്തരം സന്ദർഭങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും നിർബന്ധമായും അനുസരിക്കേണ്ടതും അത്യാവശ്യം തന്നെ.
.
നമ്മുടെ മുന്നിൽ അത്തരത്തിലുള്ള ഒരുപാട് ഉദാഹരണങ്ങളും ഉണ്ട് . പ്രധാന നേതാക്കൾ മുതൽ സാധാരണക്കാർ വരെ അവരവരുടെ സുരക്ഷാ ഉദ്യോഗസ്ഥരാൽ തന്നെ വധിക്കപ്പെട്ടിട്ടുള്ള ഈ നാട്ടിൽ നാം ഒരിക്കലും ആരുടേയും സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിക്കൂട തന്നെ . മതപരമായ ചടങ്ങുകൾക്ക് വേണ്ടി , വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി , തൊഴിൽ ഇടത്തെ തൻപൊരിമയുടെ പേരിലൊക്കെ ഔദ്യാഗിക കാര്യങ്ങൾ മാറ്റിവെക്കുന്നതും ജോലിയിൽ ഉദാസീനത വരുത്തുന്നതും അതുകൊണ്ട് തന്നെ ഒരിക്കലും അനുവദിക്കാവുന്നതുമല്ല .
.
നിയമ പാലകർക്ക് , നിയമ നിർമ്മാതാക്കൾക്ക് , നിയമപാലനം ഉറപ്പു വരുത്തേണ്ടവർക്ക് , മേലേ തട്ടിലുള്ള ഭരണകര്താക്കൾക്ക് ..... അങ്ങിനെയുള്ള ആളുകൾക്കെല്ലാം ഉള്ള ഒരു പൊതു വികാരം നിയമങ്ങൾ തങ്ങൾക്കുള്ളതല്ല എന്നതാണ്. മതമോ ജാതിയോ, ദേശീയ , പ്രാദേശിക വികാരങ്ങളോ , ഉദ്യോഗസ്ഥ രാഷ്ട്രീയ സമ്മർധങ്ങളോ ഒന്നും സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഒരു വിധ വിട്ടുവീഴ്ചയും ഉണ്ടാകാൻ ഇടയാക്കരുത് തന്നെ . നിയമങ്ങൾ എല്ലാവർക്കും ബാധകമാണ് എന്ന പൊതു തത്വം അന്ഗീകരിക്കാനുള്ള മാനസീകാവസ്ഥ ഉണ്ടാവുക എന്നതാണ് ഒരു പൊതു സമൂഹത്തിൽ ആദ്യമേ വേണ്ടത് .
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, June 10, 2015

പ്രവാസിജോലിക്കാരായ അമ്മമാർ

പ്രവാസിജോലിക്കാരായ അമ്മമാർ
.
കുടുംബം എന്നത് സമൂഹത്തിന്റെ നട്ടെല്ലാകവെ അത് സംരക്ഷിക്കാൻ സാമൂഹിക ജീവിയായ ഓരോ മനുഷ്യനും ധാർമികമായ അവകാശമുണ്ട്‌ ഉത്തരവാദിത്വവും ഉണ്ട് . അതുകൊണ്ട് തന്നെ വർദ്ധിച്ച ജീവിത ചിലവുകളുടെ ഇന്നത്തെ ലോകത്ത് കുടുംബനാഥനും കുടുംബനാഥയും ഒരുപോലെ പണിയെടുത്താലെ നല്ല രീതിയിൽ ഒരു സാധാരണക്കാരന്റെ കുടുംബം മുന്നോട്ടു പോവുകയുമുള്ളൂ .
.
പുരുഷൻ പുറത്തേക്ക് ജോലിക്ക് പോകുമ്പോൾ എപ്പോഴും ഒരൽപം സമാധനതോടെയാണ് പോവുക . വീട്ടിൽ കുട്ടികളെ നോക്കാൻ, കുടുംബം നോക്കാൻ അവരുടെ അമ്മയുണ്ട്‌ എന്ന ആശ്വാസം ചെറുതൊന്നുമല്ല അവർക്ക് . എന്നാൽ അമ്മ കൂടി ജോലിക്ക് പോകുമ്പോൾ കുട്ടികളെ നോക്കാൻ , കുടുംബം നോക്കാൻ ആരുണ്ട്‌ എന്നത്, എപ്പോഴും അച്ഛനെക്കാൾ അമ്മമാരെയാണ് പൊതുവിൽ ചിന്തിപ്പിക്കുക , വിഷമിപ്പിക്കുക . കുട്ടികൾ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും എന്ന ചിന്ത , കുടുംബത്തിൽ എന്ത് നടക്കുകയായിരിക്കും എന്ന ചിന്ത , അവരെ ചെയ്യുന്ന ജോലിക്കിടയിലും ഓരോ നിമിഷത്തിലും വല്ലാതെ അലട്ടിക്കൊണ്ടിരിക്കും .
.
ഇതുപോലെ , കുട്ടികളെയും ഭർത്താവിനെയും കുടുംബത്തെയും വിട്ട് മറ്റു രാജ്യങ്ങളിലേയ്ക്ക് ജോലിക്ക് പോകുന്ന അമ്മമാരുടെ അവസ്ഥ തീർച്ചയായും ഇതിനേക്കാൾ ചിന്തിക്കേണ്ടത് തന്നെ. മക്കളുടെ, ഭർത്താവിന്റെ ഒരു അത്യാവശ്യത്തിന് ഓടിയെത്താൻ പോലും കഴിയാത്ത അകലങ്ങളിൽ അവരുടെ ഓർമ്മകളിൽ ജോലി സ്ഥലത്തെ ദുരിദങ്ങളും പേറി ജീവിക്കേണ്ടി വരുന്ന ഇത്തരം അമ്മമാരെ കുറിച്ച് , അവരുടെ മാനസികവും ശാരീരികവുമായ വികാരങ്ങളെ കുറിച്ച് ഇവിടുത്തെ പ്രബുദ്ധരായ സ്ത്രീ സമൂഹം പോലും വേണ്ട വിധം ചിന്തിചിട്ടുണ്ടെന്നു തോന്നുന്നില്ല .
.
ഒന്നാമതായി പൊതു സമൂഹം അത്തരം സ്ത്രീകളെ കാണുന്നത് തന്നെ ഒരു തരം സംശയം നിറഞ്ഞ കണ്ണുകളോടെയാണ് എന്നതാണ് ഏറ്റവും ദയനീയം . പണത്തിനു വേണ്ടി കുടുംബത്തെ മറക്കുന്നവർ എന്ന ഒരു ലേബലാണ് അവർക്ക് . ഭർത്താവിനെ അകന്ന് ജീവിക്കേണ്ടി വരുന്ന ഇവരുടെ ദൈന്യത , അവിടെ എങ്ങിനെയോക്കെയാണോ ജീവിക്കുന്നത് എന്ന സംശയ ദൃഷ്ടിയോടെ കുടുംബക്കാരും നാട്ടുകാരും , അവരുടെ വാക്ക് കേട്ട് അത്തരം സംശയങ്ങൾ തങ്ങളിലെയ്ക്കും പകർത്തുന്ന ഭർത്താവിന്റെയും ചിലപ്പോഴെല്ലാം മക്കളുടെയും കുത്തുവാക്കുകളും അവരെ പലപ്പോഴും വേദനയിലും നിരാശയിലും ആഴ്തുകയും ചെയ്യുന്നു .
.
പലതരത്തിലുള്ള പീഡനങ്ങളും ചൂഷണങ്ങളും ഇവർ പലപ്പോഴും ഏൽക്കേണ്ടി വരുന്നുണ്ട് . ജോലി സ്ഥലത്തെ ചൂഷണങ്ങൾ , ശാരീരികവും മാനസികവുമായ ചൂഷണങ്ങളും ഉപദ്രവങ്ങളും , സാമ്പത്തിക ചൂഷണങ്ങൾ .. അങ്ങിനെ പലതും . എന്നാൽ പലരും പുറത്തു പറയാത്ത ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനോ നേരായ പഠനം നടത്തി പരിഹാരം കാണാനോ ആരും ശ്രമിച്ചിട്ടുമില്ല ഇതുവരെയും .
.
തങ്ങളുടെ മാനുഷികവും ശാരീരികവും മാനസികവുമായ വികാരങ്ങളെയും വിചാരങ്ങളെയും ഒക്കെ അടക്കിപ്പിടിച്ച് അടിച്ചമർത്തി ജീവിക്കേണ്ടി വരുന്ന ഇവർ പലപ്പോഴും തീരാ രോഗികളായി മാറുന്നു . ഒടുവിൽ കുടുംബം ഒരു കരയ്ക്കടുപ്പിച്ച് തിരിച്ചെത്തുമ്പോഴെക്കും ഭർത്താവും മക്കളുമൊക്കെ അവരിൽ നിന്നും മിക്കവാറും ഒരുപാട് അകന്നു പോയിട്ടുമുണ്ടാകും എന്നതാണ് ഭീകരമായ യാഥാർത്ഥ്യം .
.
വേണ്ടതിനും വേണ്ടാത്തതിനും മറ്റുള്ളവരെ കുറ്റം പറയുന്ന, അനാവശ്യ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് സമയം കളയുന്ന ഉത്ബുദ്ധരായ ഇവിടുത്തെ സ്ത്രീ സമൂഹം, ഇത്തരം സാമൂഹികപ്രസക്തിയുള്ള കാര്യങ്ങളിൽ ഇടപെടാനും സ്ത്രീ സമൂഹത്തിന്റെ ഇത്തരം കാതലായ പല പ്രശ്നങ്ങളിൽ ഒന്നിനെങ്കിലും ശാശ്വത പരിഹാരം കാണാനും ശ്രമിക്കേണ്ടത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും നന്മയ്ക്കു അത്യന്താപേക്ഷിതം തന്നെ .
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, June 8, 2015

അന്നം വിഷമാക്കുന്നവർ

അന്നം വിഷമാക്കുന്നവർ
.
ഓരോ ജീവിയുടെയും പരമ പ്രധാനമായ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ് അന്നം . ജീവന്റെയും നിലനിൽപ്പിന്റെയും തന്നെയും . സ്വയം ഉണ്ടാക്കിയും, മറ്റുള്ളവരെ ആശ്രയിച്ചും ജീവികൾ അവരവർക്കുള്ള അന്നം എന്നത്തേയ്ക്കും കണ്ടെത്തുന്നു . ജീവൻ നിലനിർത്താൻ തന്നെയാണ് എല്ലാവരും നിശ്ചയമായും അന്നം കഴിക്കുന്നതും . മനുഷ്യൻ എന്ന ജീവി മാത്രം അതിൽ ഒരൽപം വ്യത്യാസം വരുത്തി, കഴിക്കുന്ന ഭക്ഷണത്തിൽ ഒരൽപം രുചി കൂടി കൂട്ടുന്നു, ആസ്വാദനത്തിനു വേണ്ടി .
.
മറ്റെല്ലാറ്റിലും എന്ന പോലെ ഭക്ഷണ കാര്യത്തിലും ഭൂരിഭാഗം മനുഷ്യരും പലപ്പോഴും ഒരു നല്ല സംസ്കാരം രൂപപ്പെടുതുന്നില്ല എന്നത് തീർത്തും കഷ്ടമാണ് . എന്ത് ഉണ്ടാക്കണം എന്നും എങ്ങിനെ ഉണ്ടാക്കണം എന്നും അത് എങ്ങിനെ കഴിക്കണം എന്നും , എങ്ങിനെയെല്ലാം അത് ദുരുപയോഗം ചെയ്യാതെ മാന്ന്യമായി ഉപയോഗിക്കണം എന്നും പലപ്പോഴും പലരും ചിന്തിക്കുന്നെ ഇല്ല . നമ്മുടെ ഈ ലോകത്തിൽ , വേണ്ടതിൽ കൂടുതൽ ഭക്ഷണം കഴിച്ചു മരിക്കുന്നവരും വേണ്ടത്ര ഭക്ഷണം കിട്ടാതെ മരിക്കുന്നവരും ധാരാളമുണ്ട് എന്നതും വിരോധാഭാസം തന്നെ .
.
ശരിയായ രീതിയിലുള്ള ഭക്ഷണ ക്രമം തന്നെയാണ് ഒരു മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ ഒരു നിർണ്ണായക വസ്തു . സമയം, ശരീരപ്രകൃതി , കാലാവസ്ഥ , വൃത്തി , കൃത്യമായ അളവുകൾ അങ്ങിനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഭക്ഷണ ക്രമത്തിൽ. നിർബന്ധമായും സ്വീകരിക്കേണ്ടതും ഒഴിവാക്കേണ്ടതും ഉണ്ട് ഭക്ഷണത്തിൽ . ഇതൊക്കെ കൃത്യമായി പാലിച്ചില്ലെങ്കിലും നിർബന്ധമായും ഒഴിവാക്കെണ്ടവയെല്ലാം ഒഴിവാക്കുകയെങ്കിലും മനുഷ്യന് തീർച്ചയായും ചെയ്യാവുന്നതെയുള്ളു .
.
കച്ചവടം മനുഷ്യൻ തന്റെ അഭിവൃധിയ്ക്ക് വേണ്ടി കണ്ടു പിടിച്ച പല വഴികളിൽ ഒന്നാണ് . കൊടുക്കുന്നതിനു തുല്ല്യമായി വാങ്ങിയും വാങ്ങുന്നതിന് തുല്ല്യമായി കൊടുത്തും തുടങ്ങിയ ബന്ധം , പക്ഷെ പിന്നീട് പതിവുപോലെ മനുഷ്യന്റെ സ്വാർത്ഥതയ്ക്ക് കീഴടങ്ങുകയും ചെയ്തു . അതിന്റെ ഫലമായി ലാഭം എന്ന ഒറ്റ കാര്യത്തിനു വേണ്ടി മാത്രം എന്തും ചെയ്യാൻ മനുഷ്യൻ തയ്യാറാവുകയും ചെയ്യുന്നു .
.
ആധുനികതയുടെ പേരിൽ , സംസ്കാരത്തിന്റെ പേരിൽ , മനുഷ്യന്റെ സാഹചര്യങ്ങളും അവസ്ഥകളും മുതലാക്കി അവരെ കച്ചവടക്കാർ ശരിക്കും ചൂഷണം ചെയ്യുന്നു ഇവിടെ പലപ്പോഴും . മുലപ്പാൽ മാത്രം കുടിക്കുന്ന കൊച്ചു കുഞ്ഞിനുള്ള അത്യാവശ്യ ഭക്ഷണത്തിൽ തൊട്ട് ആഘോഷത്തിനും ആർഭാടത്തിനുമുള്ള ഭക്ഷണത്തിൽ വരെ അവർ രുചിയുടെയും വൈവിധ്യതിന്റെയും പേരും പറഞ്ഞ് വെറും ലാഭം മാത്രം നോക്കി കൊടും വിഷങ്ങൾ വരെ ചേർക്കുന്നു .
.
നേരിട്ട് ഭക്ഷണത്തിൽ മാത്രമല്ല , ഭക്ഷണം ഉണ്ടാക്കാനുള്ള മിക്കവാറും എല്ലാ വസ്തുക്കളിലും പറ്റാവുന്ന വിധത്തിലൊക്കെ മായം ചേർക്കാൻ കച്ചവടക്കാർ തയ്യാറാകുന്നു . ഉണ്ടാക്കുന്ന വസ്തുക്കളിൽ നേരിട്ട് തന്നെയോ, അതിന്റെ ഉത്പാദന വഴികളിലോ അല്ലെങ്കിൽ എന്തിന് മണ്ണിലും വെള്ളത്തിലും വായുവിലും വരെ അവർ മായം അല്ലെങ്കിൽ വിഷം ചേർക്കാൻ ധൈര്യം കാണിക്കുന്നു .
.
ഇതൊക്കെ നോക്കിയാൽ, അങ്ങിനെയൊക്കെ ചിന്തിച്ചാൽ എങ്ങിനെ ജീവിക്കാൻ പറ്റും എന്ന പൊതു ചോദ്യമാണ് പലപ്പോഴും ഇതിനെയെല്ലാം എതിർക്കാതിരിക്കാനുള്ള നമ്മുടെയൊക്കെ സ്വയം ന്യായീകരണം . എല്ലാം നമുക്ക് സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ പറ്റില്ലല്ലോ എന്ന തുരുപ്പു ചീട്ടും . അതുകൊണ്ട് തന്നെ അറിഞ്ഞുകൊണ്ട് നമ്മൾ ഈ വിഷം കഴിക്കുകയും ചെയ്യുന്നു . അങ്ങിനെ നമ്മൾ ഇതിനെല്ലാം വളം വെച്ച് കൊടുക്കുകയും ചെയ്യുന്നു .
.
എന്നാൽ ഒരു ചെറിയ കാര്യം മാത്രം നമ്മൾ ചിന്തിച്ചാൽ, പ്രവർത്തിച്ചാൽ ഇത്തരം ദുഷ്പ്രവണതകൾ ഈ ലോകത്തിൽ നിന്നുതന്നെ പാടെ തുടച്ചു നീക്കാം . ഉപഭോക്താക്കൾ ഇല്ലെങ്കിൽ ഉത്പാദകരും ഇല്ല എന്ന സത്യം .
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, June 3, 2015

ബന്ധങ്ങളുടെ പ്രതീകങ്ങൾ

ബന്ധങ്ങളുടെ പ്രതീകങ്ങൾ
.
ബന്ധങ്ങൾ ഒരു പ്രതീകത്തിലോ ബന്ധനങ്ങളിലോ തളച്ചിടപ്പെടേണ്ടതല്ല ഒരിക്കലും തന്നെ . പ്രതീകങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ബന്ധങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നുമില്ല . എന്നാൽ , ചില ജീവിത രീതികളിൽ ചില സാമൂഹിക ചുറ്റുപാടുകളിൽ ചില ആചാരങ്ങളിൽ മറ്റു ചില അനുഷ്ട്ടാനങ്ങളിൽ അങ്ങിനെയൊക്കെ ചിലപ്പോഴെങ്കിലും പ്രതീകങ്ങൾക്ക് ബന്ധങ്ങളിൽ കുറചെങ്കിലുമൊക്കെ പ്രാധാന്ന്യമുണ്ടുതാനും .
.
നിലനില്ക്കുന്ന ഒരു ബന്ധത്തിൽ നിന്നും അതിനെ ഉപേക്ഷിക്കാതെ, അതറിയാതെ മറ്റൊന്നിലേക്ക് പടർന്നുകയറുമ്പോഴും , ഉള്ള ബന്ധത്തെ ഓർമ്മിക്കാതിരിക്കുംപോഴും , വഴികൾ തെറ്റി നടന്നു തുടങ്ങേണ്ടി വരുമ്പോഴും ചിലപ്പോഴെങ്കിലും പ്രതീകങ്ങൾ ഓർമ്മപ്പെടുത്തലുകളുമായി മുൻപേ നടക്കാറുമുണ്ട് .
.
എന്നിരുന്നാലും തിരുത്തലുകളുമായി മുന്നിട്ടിറങ്ങുന്ന എക്കാലത്തെയും പുതു തലമുറകൾ ബിംബങ്ങളെയും പ്രതീകങ്ങളെയും ഒക്കെ തച്ചുടയ്ക്കാനും മാറ്റി മറിക്കാനും ശ്രമിച്ചുകൊണ്ടിരിക്കും എന്നതും കാലത്തിന്റെ വികൃതികൾ തന്നെ . തച്ചുടയ്ക്കുന്നതിനെ ചിലപ്പോഴെല്ലാം അവർതന്നെ പിന്നീട് ഒട്ടിച്ചു ചേർത്ത് ജീവിതത്തോട് പറ്റിച്ചു വെക്കാറുണ്ട് എന്നത് വിരോധാഭാസവും .
.
എന്നാൽ ചിലപ്പോഴെല്ലാം തത്പര കക്ഷികൾ തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം മറ്റുള്ളവർക്കു മുന്നിൽ ഇവയെ തള്ളി പറയുകയും എതിർക്കുകയും ചെയ്യാറുണ്ട് . ചിലപ്പോഴെല്ലാം അതുപക്ഷെ മാറ്റത്തിന് വേണ്ടിയുള്ള അല്ലെങ്കിൽ പരിവർത്തനത്തിന് വേണ്ടിയുള്ള ആധുനികതയുടെ ത്വര മാത്രമല്ലാതെ തങ്ങളുടെ ഉള്ളിലെ അഴിഞ്ഞാടാനുള്ള ദുഷ് ചിന്തകൾക്കുള്ള കുടചൂടൽ കൂടിയാകുന്നു എന്നത് തീർച്ചയായും അഭിലഷണീയമല്ല , അനുവദനീയവും .
.
സുരേഷ്കുമാർ പുഞ്ചയിൽ

എനിക്കും ഒരലമാര വേണം ...!!!

എനിക്കും ഒരലമാര വേണം ...!!! . ഓർമ്മകളില്ലെങ്കിലും ഓർമ്മിക്കാനില്ലെങ്കിലും സൂക്ഷിക്കാൻ എനിക്കും വേണം ഒരലമാര ....! . ചിത്രപ്പണികൾ ചെയ്...