Saturday, April 18, 2020

മുത്തശ്ശിയും കൊച്ചുമോളും ... !!!

മുത്തശ്ശിയും കൊച്ചുമോളും ... !!!
.
നിറയെ മന്ദാരപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന കുന്നിന്മുകളിലെ ആ പഴകി ദ്രവിച്ച ഒറ്റമുറി ഓലപ്പുരയിലാണ് ആ മുതുമുത്തശ്ശിയും അവരുടെ ഒരു കൊച്ചു മാലാഖയെപ്പോലുള്ള നാലുവയസ്സുകാരി കൊച്ചുമോളും ഏറെ പ്രയാസത്തോടെ ജീവിച്ചിരുന്നത് . അമ്മയും അച്ഛനും നേരത്തെ മരിച്ചുപോയ ആ പെൺകുട്ടിയെ മുത്തശ്ശി എടുത്തുവളർത്തുന്നതായിരുന്നു ഏറെ സ്നേഹത്തോടെ ...!
.
മുറ്റം നിറയെ നട്ടുവളർത്തുന്ന വെളുത്ത മന്ദാരപ്പൂക്കൾ കൊണ്ട് മാലകോർത്ത് താഴെ ചന്തയിൽകൊണ്ടുപോയി വിൽക്കുകയായിരുന്നു അവരുടെ ഒരു പ്രധാന വരുമാനമാർഗം . എന്നും വസന്തമുണ്ടാകണേയെന്ന പ്രാർത്ഥനയോടെ ആ കൊച്ചുമോളും മുത്തശ്ശിയും മന്ദാരച്ചെടികളെയെല്ലാം ഏറെ അരുമയോടെയാണ് നട്ടുനനച്ച് വളമിട്ട് ആടുമാടുകൾ തിന്നുനശിപ്പിക്കാതെ നോക്കി വളർത്തിയിരുന്നത് ...!
.
ഏറെ സ്വാദുള്ള മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ അറിയാവുന്ന മുത്തശ്ശി പറ്റുമ്പോഴെല്ലാം അവയും ഉണ്ടാക്കി ചന്തയിൽ കൊണ്ടുപോയി വിൽക്കുമായിരുന്നു . നാവിൽ കൊതിയൂറുന്ന രുചിയോടെ വിവിധങ്ങളായ പലഹാരങ്ങൾ ഏറെ ശ്രദ്ധയോടെ മുത്തശ്ശി ഉണ്ടാക്കുമായിരുന്നു സാധിക്കുമ്പോഴെല്ലാം . അരിപൊടിക്കാനും ശർക്കര കുറുക്കാനും ഒക്കെ കൊച്ചുമോളാണ് മുത്തശ്ശിയെ സഹായിക്കാറുള്ളത് . ചന്ത ദിവസങ്ങളിൽ നല്ല കച്ചവടം കിട്ടുമെങ്കിലും എല്ലായ്‌പ്പോഴുമൊന്നും അവയുണ്ടാക്കാൻ മുത്തശ്ശിക്ക് സാധിക്കുമായിരുന്നില്ല ...!
.
നിറമുള്ള നൂലുകൾകൊണ്ട് മനോഹരമായ കുഞ്ഞുടുപ്പുകളുണ്ടാക്കാനും മുത്തശ്ശിക്ക് പ്രത്യേക മിടുക്കായിരുന്നു . വിവിധങ്ങളായ നിറങ്ങളുള്ള നൂലുകൾകോർത്ത് പ്രത്യേകതകളുള്ള ബട്ടണുകളും അലുക്കുകളും തൊങ്ങലുകളും ഒക്കെ തുന്നിപ്പിടിപ്പിച്ച് മുത്തശ്ശിയുണ്ടാക്കുന്ന കുഞ്ഞുടുപ്പുകൾക്ക് വലിയ ഖ്യാതിയുമായിരുന്നു ആ ഗ്രാമത്തിൽ എല്ലായിടത്തും . ...!
.
അന്നന്നത്തെ വിൽപ്പനക്കുള്ള വസ്തുക്കളുമായി മുത്തശ്ശിയും കൊച്ചുമോളും ഒന്നിച്ചാണ് ഗ്രാമച്ചന്തയിലേക്ക് പോവുക . അവർക്കായി ഉണ്ടാക്കുന്ന ഭക്ഷണവും പൊതിഞ്ഞെടുത്ത് രണ്ടുപേരുംകൂടി ചന്തയുടെ ഓരോരത്തിരുന്ന് വില്പനനടത്തി കിട്ടുന്ന കാശുകൊണ്ട് പിറ്റേന്നത്തേക്കുള്ള സാധങ്ങളും വാങ്ങി തിരിച്ചുപോരുകയാണ് എപ്പോഴും പതിവ് . ...!
.
ഉണ്ടാക്കാൻ സഹായിക്കുന്നതും എടുത്തുവെക്കുന്നതും വിൽക്കുന്നതും ഒക്കെയും അവൾതന്നെയായിട്ടും ഒരിക്കൽപോലും പൊടിഞ്ഞുപോകുന്ന മധുരപലഹാര പൊടിപോലും സ്വയം തിന്നാതെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളായിട്ടും ഏറെ ആഗ്രഹമുണ്ടായിട്ടും ആ കുഞ്ഞുടുപ്പുകളിലൊന്നുപോലും സ്വയമിടാൻ കൊതിക്കാതെ , നീളമുള്ള മനോഹരമായ മുടിയുണ്ടായിട്ടും കൊഴിഞ്ഞു വീഴുന്ന ഒരു മന്ദാരപ്പൂപോലും സ്വയം തലയിൽ ചൂടാൻ ശ്രമിക്കാതെ ,മുത്തശ്ശിക്കൊപ്പം ആ കൊച്ചുമോളും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...