Wednesday, July 23, 2014

സഹായത്തിന്റെ പ്രതിഫലം ...!!!

സഹായത്തിന്റെ പ്രതിഫലം ...!!!
.
അപ്പോൾ സമയം ഏകദേശം പുലർച്ചെ മൂന്നു മണി ആയിക്കാണും . അനിയന്റെ കല്യാണത്തിന് ഉള്ള ഒരുക്കങ്ങൾക്കിടയിൽ പാചകപ്പുരയിലെ തിരക്കുകൾ അൽപ്പം ഒതുക്കി കുറച്ചു ദൂരെയുള്ള പട്ടണത്തിലെ പൂക്കടയിൽ പോയി മാലയും ബൊക്കെയും ഒക്കെ വാങ്ങാൻ പോകാൻ ഇറങ്ങുകയായിരുന്നു ഞാനും എന്റെ സുഹൃത്തും . അടുക്കളയിൽ അപ്പോഴും സഹായിക്കുന്ന ഭാര്യയുടെ കയ്യിൽ നിന്നും ഒരു കട്ടൻ കാപ്പിയും വാങ്ങി ഞങ്ങൾ മെല്ലെ വണ്ടിയുമെടുത്ത്‌ പുറത്തേക്ക് യാത്രയായി....!
.
വീട്ടിൽ നിന്നും അധികം ദൂരമില്ല അവിടേക്ക് . പുലർകാലത്തിലെ കുഞ്ഞു തണുപ്പിൽ സുഹൃത്തിനെക്കൊണ്ട് വണ്ടിയുമോടിപ്പിച്ച് ചൂടുള്ള കട്ടൻ കാപ്പിയും കുടിച്ച് മെല്ലെ ഇരുട്ടും കുഴികളും നിറഞ്ഞ ആ റോഡിലൂടെ യാത്ര തുടരവേ പെട്ടെന്നാണ് മുന്നിൽ ഒരു ബൈക്ക് അപകടത്തിൽ പെട്ട് കിടക്കുന്നത് ഞങ്ങളുടെ വാഹനത്തിന്റെ വെളിച്ചത്തിൽ കണ്ടത് . ബൈക്കിനടുത്ത്‌ ഗുരുതരമായി പരിക്കേറ്റ ഒരു യുവാവും രക്തത്തിൽ കുളിച്ചു കിടക്കുന്നത് വ്യക്തമായി കണ്ടതും ഞങ്ങൾ വണ്ടി നിർത്തി താഴെയിറങ്ങി . മരണത്തിലേക്ക് നടന്നു കയറുന്ന അയാളുടെ രക്ഷിക്കണേ എന്ന യാചന ആ പരിസരം മുഴുവൻ നിറഞ്ഞു നിന്നിരുന്നു അപ്പോൾ....!
.
ഇടക്കൊക്കെയാണെങ്കിലും ധാരാളം വണ്ടികൾ കടന്നു പോകുന്ന ആ വഴിയിൽ ഏതോ വാഹനം അയാളെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയതായിരുന്നു . അപ്പോഴും ബോധമുണ്ടായിരുന്ന അയാൾക്ക്‌ പക്ഷെ ഇടിച്ചിട്ട വാഹനം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല . സഹായത്തിന് മറ്റാരെയും പ്രതീക്ഷിക്കാതെ അയാളെയും കോരിയെടുത്ത് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പായുമ്പോൾ വീട്ടിലെ കല്യാണ തിരക്കുപോലും മറന്നുപോയിരുന്നു. എന്റെ മടിയിൽ കിടത്തി ചോര വാർന്നൊഴുകുന്ന മുറിവുകൾ ഞാൻ കെട്ടിക്കൊടുക്കുമ്പോൾ അയാളുടെ മുഖത്തെ നന്ദിയുടെ ഭാവം എനിക്കൊരിക്കലും മറക്കാൻ പറ്റില്ലായിരുന്നു ...!
.
പരിചയമുള്ള ആശുപത്രിയായതുകൊണ്ട് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിലായി അവിടെ . അയാൾക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ഒരുക്കി കഴിഞ്ഞപ്പോഴെക്കും വീട്ടിൽ നിന്നും നേരം വൈകിയിട്ട് വിളിയോട് വിളിയായിരുന്നു . അയാളെ ആശ്വസിപ്പിച്ച് , യാത്രയും പറഞ്ഞ് പോരുമ്പോൾ അയാൾ എന്റെ കയ്യിൽ മുറുകെ പിടിച്ചത് നന്ദിയോടെ മാത്രമായിരുന്നു . അതിനിടയിൽ സുഹൃത്തിനെ വിട്ട് പൂക്കളും മാലയുമൊക്കെ വാങ്ങിപ്പിച്ച് ആശുപത്രിയിലേക്ക് വരുതിയിരുന്നതിനാൽ അവനോടൊപ്പം വേഗം തിരിച്ചിറങ്ങി, ഓടി വീട്ടിലെത്തി ...!
.
കല്യാണ തിരക്കുകൾക്കിടയിലും ആശുപത്രിയിൽ വിളിച്ച് വിവരം തിരക്കാൻ ഞാൻ മറന്നിരുന്നില്ല . പോലീസിലും പത്രത്തിലും അയാളുടെ വീട്ടിലും ഒക്കെ ഞാൻ തന്നെ വിവരം അറിയിച്ചിരുന്നിരുന്നതിനാൽ അയാളുടെ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ തന്നെ നടന്നിരുന്നു . അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ അയാൾക്ക്‌ ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നിരുന്നെങ്കിലും അതൊക്കെ ഭേദമാക്കാനും പറ്റിയിരുന്നു ...!
.
പിന്നെ എന്റെ വീട്ടിലെ കല്ല്യാണ തിരക്കുകൾ കുറച്ചുകൂടി എന്നെ എന്റെ വീട്ടിലേക്ക് മാത്രം ഒതുക്കിയപ്പോൾ അയാളെ കുറിച്ച് സത്യത്തിൽ ഞാൻ മറന്നുപോയി . അങ്ങിനെയിരിക്കെ ഒരാഴ്ചക്കുശേഷം ഞാൻ പുറത്തുപോയ ഒരവസരത്തിൽ വീട്ടിൽ എന്നെ അന്വേഷിച്ച് പോലീസ് വന്നിരിക്കുന്നു എന്നു ഭാര്യ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് ഓടിയെത്തി . കാര്യമറിയാതെ പരിഭ്രമത്തോടെ നിന്ന എന്നോട് പോലീസുകാരൻ പറഞ്ഞത് കേട്ട് ഞങ്ങൾ തളർന്നിരുന്നുപൊയി . ...!
.
അന്ന് അപകടത്തിൽ ഞാൻ രക്ഷിച്ചെടുത്ത ആ യുവാവ് പോലീസിൽ പരാതി കൊടുത്തിരിക്കുന്നത്‌ ഞാൻ ഓടിച്ചിരുന്ന എന്റെ വാഹനമാണ് അയാളെ ഇടിച്ചു വീഴ്ത്തിയത് എന്നാണ്. എന്നിട്ട് നിർത്താതെ പോകാൻ തുനിഞ്ഞ എന്നെ നാട്ടുകാർ പിടികൂടി അയാളെ നിർബന്ധ പൂർവ്വം ആശുപത്രിയിലേക്ക് വിടുകയായിരുന്നു എന്നും . അതിന് സാക്ഷികളായി കുറച്ചുപേരുടെ പേരും ഉണ്ടായിരുന്നു ഒപ്പം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

കുപ്പായം ...!!!

കുപ്പായം ...!!! . കുപ്പായം അങ്ങിനെത്തന്നെയായിരിക്കണം . ദേഹത്തിനിണങ്ങി മനസ്സിനിണങ്ങി തന്നോട് താൻ ചേർന്ന് ......! . ഞാൻ നനയുമ്പോൾ നന...