Wednesday, March 30, 2016

വിശപ്പ്‌ ...!!!

വിശപ്പ്‌ ...!!!
.
മരണത്തേക്കാൾ ഭീതിതവും
രതിയേക്കാൾ ഉത്തേജിതവും
പ്രണയത്തേക്കാൾ തീവ്രവും
വിരഹത്തേക്കാൾ വികാരപരവും
നഷ്ടപ്പെടലിനേക്കാൾ വേദനാജനകവും
തോൽവിയേക്കാൾ ഭയചകിതവും
വിശപ്പ്....!
.
മതത്തേക്കാൾ മദോന്മത്തവും
രാഷ്ട്രീയത്തെക്കാൾ ആവേശഭരിതവും
വിജയത്തേക്കാൾ ഊഷ്മളവും
കടലിനേക്കാൾ ആഴമേറിയതും
അകാശത്തേക്കാൾ വിശാലമായതും
വിശപ്പ്‌ ...!
.
വിശപ്പാണ് ജീവിതം
ജീവിതമാണ് വിശപ്പും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, March 28, 2016

രൂപക്കാഴ്ചകൾ ...!!!

രൂപക്കാഴ്ചകൾ ...!!!
.
കാണുന്നവയിൽ
ചില മുഖങ്ങൾക്കെല്ലാം
ഒരേ രൂപമായത്‌
യാദൃശ്ചികം മാത്രമല്ല
അത്
രാത്രിയിൽ നിന്നാണ്
പകലുകൾ ഉണ്ടാകുന്നത്
എന്ന് പറയുംപോലെയോ
അല്ലെങ്കിൽ
മറവിക്ക് ശേഷമാണ്
ഓർമ്മകൾ ഉണ്ടാകുന്നത്
എന്ന് പറയും പോലെയോ
ആയിരിക്കാം ...!
.
എങ്കിലും
ഞാനിപ്പോൾ തിരയുന്നത്
ചില രൂപങ്ങളെ തന്നെ
തെരുവിൽ അലയുന്ന അനാഥരുടെ ,
വിശപ്പ്‌ ഒട്ടിച്ച വയറുള്ളവരുടെ
രോഗപീഡയാൽ ഉഴലുന്നവരുടെ ...!
.
എന്നിട്ടുവേണം
മുഖപുസ്തകത്തിൽ,
പൊതു ചുമരുകളിൽ ,
വിഡ്ഢിപ്പെട്ടിയിൽ ,
പത്രത്താളുകളിൽ ....
ഒക്കെയും എനിക്കവർക്കൊപ്പം
ചേർന്നുനിൽക്കുന്ന രൂപങ്ങളാകാൻ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, March 23, 2016

ഗർഭപാത്രതിനും, ഹൃദയത്തിനുമിടയിൽ ...!!!

ഗർഭപാത്രതിനും,
ഹൃദയത്തിനുമിടയിൽ ...!!!
.
ഗർഭപാത്രതിനും,
ഹൃദയത്തിനുമിടയിൽ
ഒരു വലിയ ഇടമുണ്ട് ...!
.
ബീജം വളർന്ന്
കുഞ്ഞാകുന്നിടത്തോളം
വലിയ ദൂരം ...!
.
പാത്രങ്ങൾ
വിതയ്ക്കാനും കൊയ്യാനും മാത്രമുള്ള
വയലുകൾ മാത്രമാകാത്തിടത്തുനിന്നും ...!
.
സ്ത്രീയിൽനിന്നും
അമ്മയിലേക്കുള്ള
സുകൃതത്തിന്റെ ഇടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, March 9, 2016

പ്രണാമം , സ്ത്രീയേ നിനക്ക് ...!!!

പ്രണാമം , സ്ത്രീയേ നിനക്ക് ...!!!
.
പ്രണാമം ,
തെരുവിൽ നഗ്നയാക്കപ്പെടുന്നവൾക്ക്
അകത്തളങ്ങളിൽ ഒറ്റപ്പെടുന്നവൾക്ക്
വാക്കുകൾ പണയം വെക്കേണ്ടിവരുന്നവൾക്ക്
കാഴ്ചകൾ നഷ്ടപ്പെടുത്തേണ്ടിവരുന്നവൾക്ക്
താലിമാല പണയം വെക്കേണ്ടിവരുന്നവൾക്ക്
ചായാനൊരു തോളില്ലാതെവരുന്നവൾക്ക്
ഛായകളിൽ രൂപങ്ങൾ നഷ്ടപ്പെടുന്നവൾക്ക്
തലമുറകൾക്ക് ജീവിതം ബലിനൽകുന്നവൾക്ക്
കണ്ണീരിലുണക്കി സ്നേഹം സൂക്ഷിക്കുന്നവൾക്ക്
പ്രണാമം , സ്ത്രീയേ നിനക്ക് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, March 8, 2016

ഭാരം ...!!!

ഭാരം ...!!!
.
നിഴലിന് കനം കൂടുന്നത്
കാഴ്ചക്ക് ഭാരം വെക്കുമ്പോൾ ...!
.
ഭാരം
മാംസത്തിന്റെയാകാം
മനസ്സിന്റെയാകാം
മരണത്തിന്റെയുമാകാം ...!
.
മാംസത്തിന്റെയാകുമ്പോൾ
മാനത്തിനും
മാനത്തിന്റെയാകുമ്പോൾ
മനസ്സിനും ...!
.
ഭാരം മാത്രം
പിന്നെയും ശേഷിക്കുന്നത്
നിഴലിൽ മാത്രവും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, March 7, 2016

ഞാൻ എന്നത് ...!!!

ഞാൻ എന്നത് ...!!!
.
ഞാൻ എന്നത്
പിന്നെയും അവശേഷിക്കുന്ന
ഒരു മായ മാത്രമെന്ന്
എനിക്ക് തോന്നുന്നിടത്ത്
ഞാൻ ഞാനാകുന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, March 2, 2016

മടക്കയാത്രചെയ്യുന്നവർ ...!!!

മടക്കയാത്രചെയ്യുന്നവർ ...!!!
.
വിവരം അറിഞ്ഞപ്പോൾ തന്നെ ഞാനും എന്റെ സുഹൃത്തും കൂടി പറ്റാവുന്ന വിധത്തിലുള്ള എല്ലാ മാർഘങ്ങളിലൂടെയും പരമാവധി പൈസയും സ്വരൂപിച്ച് അങ്ങോട്ട്‌ യാത്ര തിരിച്ചു . ആയിരത്തി ഒരുന്നൂറ് മൈൽ ദൂരെയുള്ള ജോലി സ്ഥലത്ത് നിന്നും ഭീകരമായ മരുഭൂമിയിലൂടെ രാത്രിയിലെ ആ കൊടും തണുപ്പിൽ സ്പീഡിൽ യാത്ര ചെയ്ത് അങ്ങോട്ടെത്തുക എന്നത് ഏറെ ദുഷ്കരമായിരുന്നിട്ടും ഞങ്ങൾക്ക് പിന്തിരിയുക അസാധ്യമായിരുന്നു . എന്നിട്ടും പകുതിയിലേറെ ദൂരം താണ്ടിയപ്പോഴേക്കും തളർന്നുപോയ ഞാൻ വാഹനം സുഹൃത്തിനെ ഏൽപ്പിച്ച് മാറിയിരുന്നു .
.
പത്തു പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് വളരെ യാദൃശ്ചികമായാണ് ഒരു ഔദ്യോഗിക സന്ദർശനത്തിനിടയിൽ ഞാൻ അദ്ധേഹത്തെ പരിചയപ്പെടുന്നത് . രണ്ട് വ്യത്യസ്ത രാജ്യങ്ങളിലാണ് ഞങ്ങൾ താമസിച്ച് പണിയെടുക്കുന്നതെങ്കിലും, സമാന മനസ്ഥിതിക്കാരായതിനാലാകാം വളരെ പെട്ടെന്നാണ് ഞങ്ങൾ അടുത്തതും നല്ലൊരു കുടുംബ സൌഹൃദത്തിലേക്ക് ആ ബന്ധം വളർന്നതും . യാത്രയുടെ ഇടവേളകളിൽ മാറുന്ന കുപ്പായങ്ങൾക്കിടയിൽ പലപ്പോഴും പല ബന്ധങ്ങളും കൂടി ഊർന്നു വീണു പോകാറുണ്ടെങ്കിലും എന്തുകൊണ്ടോ അപൂർവ്വങ്ങളിൽ ചിലതിലോന്നായി ഞങ്ങളുടെ ബന്ധവും നിലനിന്നു .
.
രാജ്യാന്തരങ്ങൾ താണ്ടി ഞാൻ പിന്നീട് എത്തിപ്പെട്ടത് അദ്ദേഹം ജോലി ചെയ്യുന്ന ഇതേ രാജ്യത്തായത് ഈ കാഴ്ച്ചകൂടി എന്നെ കാണിക്കാനുള്ള വിധിയുടെ ക്രൂരതയാകാം . ബന്ധങ്ങൾക്ക് പ്രാധാന്ന്യം നൽകി ജീവിതം ബന്ധനത്തിലായ ആ മഹാനായ മനുഷ്യൻ ഒരു പരാചിതനാണെന്നാണ് ഏല്ലാവരും എപ്പോഴും പറഞ്ഞിരുന്നതെന്ന് ഞാൻ ഓർത്തെടുത്തു . ഒരു നല്ല ഭർത്താവോ നല്ല അച്ഛനോ എന്തിന് നല്ലൊരു സുഹൃത്തുപോലും അല്ല താനെന്ന് അദ്ദേഹം തന്നെയും പലപ്പോഴും പറയുമായിരുന്നത് അദ്ധേഹത്തിന്റെ കുറ്റസമ്മതം തന്നെയുമായിരുന്നു .
.
നീണ്ട ഇരുപതു വർഷം കുടുംബസമേതം പ്രവാസിയായിരുന്നിട്ടും നല്ല ജോലിയും നല്ല സ്ഥിതിയും ഉണ്ടായിരുന്നിട്ടും ഭാര്യയ്ക്ക് താലി കോർത്തിടാൻ ഒരു സ്വർണ്ണ മാല പോലുമില്ലെന്നത്‌ അയാളുടെ പരാജയത്തിന്റെ പര്യായം തന്നെ . ബാപ്പ ഇല്ലാതെ ഉമ്മയെയും ആറ് സഹോദരങ്ങളെ നോക്കി വളർത്തി വലുതാക്കി , തന്റെയും കുടുംബത്തിന്റെയും ബാദ്ധ്യതകൾ ഏറ്റെടുത്ത് തീർത്തെടുത്തു എന്നത് അതിനൊരു ന്യായീകരണമായി അദ്ദേഹം പോലും ഒരിക്കലും പറഞ്ഞിട്ടുമില്ല . ഒടുവിൽ ജീവിക്കാൻ അറിഞ്ഞുകൂടായിരുന്ന ആ മനുഷ്യന് ശൂന്ന്യതയിൽ അവശേഷിക്കുന്നതാകട്ടെ പറക്കമുറ്റാത്ത മൂന്നു പെണ്മക്കളും വയ്യാത്ത ഭാര്യയും .
.
നേരം ഉച്ചയോടടുക്കുമ്പോഴേക്കും ഞങ്ങൾ അവിടെയെത്തി . സാമൂഹ്യ പ്രവർത്തകരുടെ തിക്കിത്തിരക്കിനിടയിൽ നിന്നും ആശുപത്രി മോർച്ചറിയുടെ വളരെ ദൂരെ തിരിച്ചുപോക്കിനുള്ള ഭാണ്ടവും കെട്ടി അദ്ധേഹത്തിന്റെ വരവും കാത്തിരിക്കുന്ന അവരെ കണ്ടെത്താൻ എനിക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നു . കണ്ണീരുണങ്ങിയ ആ എട്ടു കണ്ണുകളിലും ജീവൻ തന്നെ അവശേഷിച്ചിരുന്നില്ലെന്നത്‌ എന്നെ നന്നേ തളർത്തി നാലുവയസ്സു മാത്രം പ്രായമുള്ള ഇളയ കുട്ടിപോലും എന്നെക്കാൾ പക്വതയോടെ ആ അവസ്ഥയെ അഭിമുഖീകരിക്കുന്നത് കണ്ടുനിൽക്കാൻ എനിക്കാവുമായിരുന്നില്ല .
.
ഭക്ഷണം കഴിച്ച് കിടക്കുന്നതിനിടയിൽ യാത്രപോലും പറയാതെ ഒരു കുഞ്ഞു പിടച്ചിലിൽ തങ്ങളെ മുഴുവനായും തനിച്ചാക്കിപോയ അദ്ധേഹത്തെ അവർ എത്രമാത്രം സ്നേഹിക്കുകയും ആശ്രയിക്കുകയും ചെയ്തിരുന്നു എന്നത് ഇടയ്ക്കിടെ മോർച്ചറിയുടെ വാതിലിലേക്ക് എത്തിനോക്കുന്ന ആ കണ്ണുകളിൽ നിന്നും കണ്ടെടുക്കാമായിരുന്നു . അവശേഷിക്കുന്ന നാലുജീവനുകളുടെ ജീവിതം മുഴുവൻ രണ്ടു കൈസഞ്ചികളിൽ കൊരിനിറക്കുമ്പോൾ ശേഷിക്കുന്നതെല്ലാം കൊടും ശൂന്ന്യത മാത്രമാണെന്ന് അവർക്കും നന്നേ തിരിച്ചറിയാമായിരുന്നു .
.
കയ്യിൽ കരുതിയതെല്ലാം എന്റെ കുഞ്ഞിന്റെ ഒപ്പമുള്ള ആ മൂത്തകുട്ടിയെ ഏൽപ്പിക്കുമ്പോൾ അവളിൽ കണ്ട ദയവുചെയ്ത് ഞങ്ങളോട് സഹതപിക്കല്ലേ എന്ന അപേക്ഷ എന്നെ കർമ്മ നിരതനാക്കി . എന്നെക്കൊണ്ട് കഴിയുന്നതുപോലെ സഹായിച്ചോളാം എന്ന് പറയുന്നതിന് പകരം എന്നും കൂടെനിൽക്കാം എന്ന് ഉറപ്പിച്ചു പറഞ്ഞത് അവൾ പ്രതീക്ഷിച്ചത് തന്നെയായിരുന്നു . പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള ആ കുട്ടി ഞാൻ കൊടുത്ത പൈസ വാങ്ങി സൂക്ഷിച്ചുവെച്ച് അനിയത്തിമാരെയും കൂട്ടി തളർന്നിരിക്കുന്ന ഉമ്മയെ പരിചരിക്കുന്നത് അപ്പോൾ ഞാൻ അഭിമാനത്തോടെ നോക്കിനിന്നു .
.
അദ്ധേഹത്തെ കാണാൻ ഞാൻ പിന്നെ ശ്രമിച്ചില്ല എന്നത് എന്നെ വിഷമിപ്പിച്ചില്ല . അതുപക്ഷെ ഒരിക്കലും അദ്ധേഹത്തെ അവഹേളിക്കലായിരുന്നില്ല . മറിച്ച് അയാളിൽ ഞാൻ എന്റെ പ്രതിബിംബവും കാണുന്നതുകൊണ്ടായിരുന്നു . മറ്റൊരു പരാജിതന് അതിനുള്ള അർഹതയില്ല എന്ന വിശ്വാസവും . അപ്പോഴേക്കും പുറത്തുകൊണ്ടുവന്ന അദ്ധേഹത്തിന് പുറകിലായി ആ കുട്ടികൾ അവരുടെ ഉമ്മയുടെ കയ്യും പിടിച്ച് നടന്നകലുന്നത് ഞാൻ എന്റെ കണ്ണാടിയിൽ കണ്ടുനിന്നു. ഒരു ജീവിതത്തിന്റെ മുഴുവൻ ബാക്കിപത്രമായി അവശേഷിക്കുന്ന ആ കുട്ടികളെങ്കിലും പരാജയപ്പെടല്ലേ എന്ന ഒരു വലിയ പ്രാർഥനയോടെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

കച്ചവടം ...!!!

കച്ചവടം ...!!! . മനുഷ്യൻ മനുഷ്യനെ തന്നെ കച്ചവടം നടത്തുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കച്ചവടങ്ങളിലൊന്ന് എന്നതിനേക്കാൾ നിരാശാജനകമായ ...