Saturday, August 26, 2017

ഭഗവാനും ഞാനും ...!!!

ഭഗവാനും ഞാനും ...!!!
.
പണിസ്ഥലത്തെ അമ്പതു ഡിഗ്രിക്കുമേലുള്ള കത്തുന്ന ചൂടിൽ നിന്നും പ്രത്യേക പരിശോധനകൾ കഴിഞ്ഞ് , ഉന്നത ഉദ്യോഗസ്ഥരെ പറഞ്ഞയച്ച് , പണിസ്ഥലത്തെ ഉച്ച വിശ്രമ സമയത്ത് വീട്ടിലെത്തി ഭക്ഷണമൊക്കെ കഴിച്ച് ഒന്ന് കിടക്കാമെന്നു വെച്ചപ്പോഴാണ് വാതിലിൽ ചിരിച്ചുകൊണ്ട് മൂപ്പർ പ്രത്യക്ഷപ്പെട്ടത് . ആ കള്ളച്ചിരി കണ്ടപ്പോഴേ തോന്നിയിരുന്നു നമുക്കുള്ള എന്തോ പണിയുമായാണ് ആ വരവെന്ന് . പക്ഷെ ചിരി വിടാതെയുള്ള ഗൗരവത്തിൽ എന്റെ സുഹൃത്ത് അപകടത്തിലാണെന്ന് പറഞ്ഞപ്പോൾ അതിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ടുതന്നെ ഞാൻ മറ്റൊന്നും ആലോചിക്കാതെ വസ്ത്രം മാറി അവന്റെയടുത്തേക്ക്‌ ഇറങ്ങി ....!
.
ഭഗവാൻ ശ്രീകൃഷ്ണനെ എനിക്കിഷ്ട്ടവും ആരാധനയുമാണ് . എപ്പോഴും എന്റെ കൃഷ്ണാ എന്ന് നീട്ടിവിളിക്കുന്നത് എന്റെ തന്നെ മനസ്സിനുള്ളിലെ കൃഷ്ണനെ തന്നെ ആകയാൽ മൂപ്പർ എന്നും വിളിപ്പുറത്തുമുണ്ട് . പക്ഷെ ഓടിയെത്തുന്നതൊക്കെ എന്നെ രക്ഷിക്കാനോ സഹായിക്കാനോ അല്ല . ഒരിക്കലും ഞാൻ വീഴാൻ പോകുമ്പോൾ മൂപ്പരെന്നെ താങ്ങിയിട്ടില്ല . വീണു കിടക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിച്ചിട്ടില്ല . തളർന്നു പോകുമ്പോൾ ആശ്വസിപ്പിച്ചിട്ടില്ല . വരാൻ പോകുന്ന ആപത്തിനെ കുറിച്ച് മുന്നറിയിപ്പ് തരാറില്ലെന്നു മാത്രവുമല്ല പലപ്പോഴും വിചാരിച്ചിരിക്കാത്ത നേരത്ത് പുറകിൽ നിന്നും കുത്താറുമുണ്ട് . മറ്റുള്ളവർക്കുമുന്നിൽ പരിഹാസ്യനായി നമ്രശിരസ്കനായി നിൽക്കേണ്ടി വരുമ്പോഴും എന്റെ അപമാനം മാറ്റാൻ മൂപ്പർ മിനക്കെട്ടിട്ടേയില്ല . പക്ഷെ അപ്പോഴൊക്കെയും എന്റെയടുത്തുനിന്ന് എന്നെ നോക്കി നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് മൂപ്പർ കൂടെയുണ്ടാകും ....!
.
ഞാൻ ചെയ്യുന്ന തെറ്റുകൾക്കുള്ള ശിക്ഷയായാണ് പലപ്പോഴും ഞാൻ എന്റെ വീഴ്ചകളെ കാണാറുള്ളത് . അതുകൊണ്ടുതന്നെ ഞാൻ ഓരോ പ്രാവശ്യവും അഗ്നിശുദ്ധി വരുത്തുമ്പോഴും മൂപ്പർ നിറഞ്ഞു ചിരിക്കാറുണ്ട് കൂടെ നിന്ന് . അഹങ്കാരവും തോന്ന്യവാസവും കുറയ്ക്കാത്തതിനാൽ കുറ്റവും ശിക്ഷയും തുടർന്നുകൊണ്ടേയിരിക്കുന്നു എന്റെ ജീവിതത്തിൽ എന്നുമാത്രം . എങ്കിലും ആ സാമീപ്യം , ആ സ്നേഹം , ആ പുഞ്ചിരി, എല്ലാം എന്റെ ആത്മ വിശ്വാസത്തിന് , പരാജയത്തിൽനിന്നും കരകയറാനുള്ള തന്റേടത്തിന് , ഒപ്പം എന്റെ അഹങ്കാരത്തിനുംകൂടിയുള്ള മുതൽക്കൂട്ടുമാണ് എപ്പോഴും ....!
.
വണ്ടിയെടുത്ത് വേഗത്തിൽ സുഹൃത്തിന്റെ വീട്ടിലെത്തുമ്പോൾ ഒന്നും സംഭവിച്ചിരിക്കരുതേയെന്ന് ഞാൻ മൂപ്പരോട് കരഞ്ഞു പറഞ്ഞിരുന്നു . കച്ചവടം തകർന്ന് നാട്ടിലും ഇവിടെയും കടം നിറഞ്ഞ് , നാട്ടിൽ പോകാൻ പോലും പറ്റാതെ, ജീവിക്കാൻ മറ്റുവഴികളില്ലാതെ വയസ്സായ ഉമ്മയും, ഭാര്യയും മൂന്ന് പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന അവനെ ഇന്നലെ കൂടി ഞാനും സുഹൃത്തുക്കളും കൂടി ആശ്വസിപ്പിച്ചു വന്നതേ ഉണ്ടായിരുന്നുള്ളു . അതിനിടയ്ക്ക് ഇന്നെന്താകും ഉണ്ടായിട്ടുണ്ടാകുക എന്ന വേവലാതി വല്ലാതെ എന്നെ നൊമ്പരപ്പെടുത്തിയിരുന്നു . ...!
.
അകത്തേക്ക് കയറാൻ ബെല്ലടിച്ചു കാത്തുനിൽക്കുമ്പോഴേക്കും കുട്ടികളാണ് ഓടിവന്ന് വാതിൽ തുറന്നത് . പതിവിനു വിപരീതമായി ആ നേരത്ത് കുട്ടികൾക്കിഷ്ട്ടപ്പെട്ട കോഴിക്കാൽ പൊരിച്ചത് പാത്രത്തിലാക്കി ചൂടാറാൻ കാത്തിരുന്ന്, കഴിക്കാൻ തുടങ്ങുകയായിരുന്ന കുട്ടികളെയും , അതിലേക്കും എന്നെയും മാറിമാറി പരിഭ്രാന്തിയോടെ നോക്കുന്ന അവനെയും അവന്റെ ഭാര്യയേയും കണ്ടതും എന്റെ മനസ്സുപിടഞ്ഞു . കുട്ടികളിൽ നിന്നും അവരിൽ നിന്നും അത് ധൃതിയിൽ തട്ടിപ്പ്റിച്ചെടുത്തപ്പോൾ കുട്ടികൾ ഭയപ്പെട്ടുപോയി . അവനും അവളും പൊട്ടിക്കരയുകയും . നിയന്ത്രണം വിട്ട് അവന്റെയും അവളുടെയും മുഖത്ത് ആഞ്ഞടിച്ച് ചെറിയകുട്ടിയെയും വാരി നെഞ്ചോട് ചേർത്തെടുത്ത് മറ്റുകുട്ടികളെയും കൂട്ടി ഞാൻ കിതപ്പോടെ താഴെ ഇരിക്കാൻ തുടങ്ങുമ്പോഴും മൂപ്പരവിടെ വാതിലിൽ നിന്ന് പുഞ്ചിരിക്കുന്നുണ്ടായിരുന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, August 19, 2017

വാർദ്ധക്യത്തിനെ വരവേൽക്കാൻ ....!!!

വാർദ്ധക്യത്തിനെ വരവേൽക്കാൻ ....!!!
.
നഷ്ടപ്പെട്ടതെന്ന് എല്ലാവരും വിലപിക്കുന്ന
ബാല്യം
എനിക്കൊരിക്കലും തിരികെ വേണ്ട
ഞാനത് ഒരു രാജകുമാരനെ പോലെ
അനുഭവിച്ചവസാനിപ്പിച്ചതാണ് ...!
.
തിരിച്ചുവേണമെന്ന്
എല്ലാവരും ആഗ്രഹിക്കുന്ന
കൗമാരവും എനിക്ക് വേണ്ട .
എല്ലാ ചപലതകളോടെയും
കൗതുകത്തോടെയും
ഞാനത് അറിഞ്ഞവസാനിപ്പിച്ചതാണ് ...!
.
എല്ലാവരെയും എന്നും മോഹിപ്പിക്കുന്ന ,
അവസാനിക്കരുതെന്ന് പ്രാർത്ഥിക്കുന്ന,
നിത്യ യൗവ്വനവും
എനിക്കവസാനിക്കാതെ വേണ്ട .
കയ്പ്പും മധുരവും നിറച്ച് ,
ഉന്മാദവും ഉന്മേഷവും നിറച്ച്
എല്ലാ ആർഭാടത്തോടെയും
ഞാനത് ഇപ്പോഴും ആഘോഷിച്ച് ,
ആസ്വദിച്ചനുഭവിക്കുന്നതാണ് ....!
.
ഇനി ഞാൻ കാത്തിരിക്കുന്നത്
എന്റെ വാർദ്ധക്യത്തിനാണ് .
ആർക്കും വേണ്ടാത്തവരുടെ
ഉപേക്ഷിക്കപ്പെടുന്നവരുടെ
എങ്ങിനെയെങ്കിലുമൊന്ന് ,
അവസാനിച്ചുകിട്ടണേ എന്ന്
പ്രാർത്ഥിക്കുന്നവരുടെ
അതേ വാർദ്ധക്യത്തിന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, August 17, 2017

വിളവെടുപ്പിന് ...???

വിളവെടുപ്പിന് ...???
.
വിതയ്ക്കലായിരുന്നു
എല്ലാവരും ....!
.
പാടത്തും ,
പറമ്പിലും ,
മുറ്റത്തും,
ഇറയത്തും ,
തട്ടിന്മേലും ....!
.
എന്തിനേറെ ,
അടുപ്പിൽ പോലും
വിത്തിറക്കലായിരുന്നു
ഇതുവരെയും ....!
.
പക്ഷെ
കൊയ്യാനായപ്പോൾ
വിളയില്ല .
പകരം ,
ആർക്കും വേണ്ടാത്ത
കുറെ
തലകൾ മാത്രം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, August 14, 2017

പ്രതികരിക്കാൻ ...!!!

പ്രതികരിക്കാൻ ...!!!
.
എനിക്കെന്റെ
ചെമ്പട്ടൊന്ന് ഞൊറിഞ്ഞുടുക്കണം
പള്ളിവാള് കയ്യിലെടുക്കണം
കഴുത്തിൽ കുങ്കുമ മാലചാർത്തണം
കയ്യിലും കാലിലും ചിലമ്പണിയണം
അരയിൽ അരമണികെട്ടണം
അതുകഴിഞ്ഞെന്നെ
എന്നിലേക്കാവാഹിക്കണം
പിന്നെയെൻ തലവെട്ടി
ചോരകൊണ്ട് ബലികൊടുക്കണം
മഞ്ഞളിൽ ആറാടണം
എന്നിട്ടെന്റെയകക്കാവിൽ
ഉറഞ്ഞൊന്നു തുള്ളണം
മനം നിറയുവോളം
കലിയടങ്ങുവോളം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

കച്ചവടം ...!!!

കച്ചവടം ...!!! . മനുഷ്യൻ മനുഷ്യനെ തന്നെ കച്ചവടം നടത്തുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കച്ചവടങ്ങളിലൊന്ന് എന്നതിനേക്കാൾ നിരാശാജനകമായ ...