Tuesday, June 17, 2014

സുരക്ഷിതത്വത്തിന് ബെൽറ്റിടുമ്പോൾ ....!!!

സുരക്ഷിതത്വത്തിന് ബെൽറ്റിടുമ്പോൾ ....!!!
.
സുരക്ഷ ഓരോ ജീവിയുടെയും ജന്മാവകാശം തന്നെയാണ് . വീട്ടിൽ, നാട്ടിൽ, ജോലിസ്ഥലത്ത്, സമൂഹത്തിൽ അങ്ങിനെ എല്ലായിടത്തും ഓരോ പൗരനും എപ്പോഴും സ്വയവും മറ്റുള്ളവരാലും സംരക്ഷിക്കപ്പെടേണ്ടവർ തന്നെ . അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അവനവന് എന്നപോലെ മറ്റുള്ളവർക്കും ഒരിക്കലും ഒഴിഞ്ഞു മാറാനും കഴിയില്ല ...!
.
ഏതൊരു കാര്യങ്ങളിലും നമ്മൾ മുന്നേറ്റം നടത്തുമ്പോൾ അതിനു മുൻപ് നാം ഏർപ്പെടുത്തേണ്ട ചില അടിസ്ഥാന സൌകര്യങ്ങളുണ്ട് എവിടെയും . ഒരു വലിയ വ്യാപാര സമുച്ചയം നിർമ്മിക്കുമ്പോൾ അതിലേക്കുള്ള വഴികളും, വെള്ളവും വെളിച്ചവും കെട്ടിടത്തിന് ആവശ്യമായ മാനദണ്ഡങ്ങളും അതിലെത്തുന്നവർക്കുള്ള അടിസ്ഥാന സൌകര്യങ്ങളും ഒരുക്കേണ്ടതുപോലെ ഇത് എല്ലാറ്റിലും നിർബന്ധവുമാണ് ...!
.
പുരോഗതിയിലെയ്ക്കുള്ള പാത നിർമ്മിക്കുമ്പോൾ ഇതെല്ലാം വസ്തു നിഷ്ഠമായി കണക്കാക്കേണ്ടത് അനിവാര്യം തന്നെ. അടിസ്ഥാന സൗകര്യ വികസനമാണ് ഇതിൽ ഏറ്റവും പ്രധാനം. പിന്നെയുള്ളത് കാലോചിതമായ പരിഷ്കാരങ്ങളോടെയുള്ള നിയമ നിർമ്മാണവും അതിന്റെ ശരിയായ രീതിയിലുള്ള നടത്തിപ്പും . അങ്ങിനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധയോടെ നടപ്പിലാക്കുക അത്യന്താപേക്ഷിതമാണ് . ലോകത്തിനു മുൻപിൽ തല ഉയർത്തി നിൽക്കണമെങ്കിൽ അവരുടെ നിലവാരത്തിലേയ്ക്ക് നമ്മളും ഉയരുക തന്നെ വേണം....!
.
എല്ലാറ്റിലെയും എന്നപോലെ യാത്രയിലെ സുരക്ഷിതത്വവും അതിന് സ്വീകരിക്കുന്ന നടപടികളും ഈ ഗണത്തിൽ മുൻപന്തിയിൽ നിൽക്കേണ്ടത് തന്നെ. നമ്മൾ ഇപ്പോൾ ലോകത്തിൽ എതോരിടത്തുമെന്നപോലെ ഏറ്റവും പുതിയ വാഹനങ്ങളും ഏറ്റവും പുതിയ യാത്രാമാർഗ്ഗങ്ങളും ഇവിടെയും നമ്മൾ അവതരിപ്പിക്കുന്നു . നല്ല വാഹനങ്ങൾക്ക് നല്ല പാതകളും നല്ല സാഹചര്യങ്ങളും അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുകൊണ്ട് തന്നെ നമ്മളും പ്രാപ്തമാക്കുന്നു ഇപ്പോൾ ...!
.
ശരാശരി ലോകത്തിൽ സംഭവിക്കുന്ന അപകടമരണങ്ങളുടെ കണക്കെടുത്താൽ ഏറിയ പങ്കും എല്ലായിടത്തും നടക്കുന്നത് റോഡിൽ ആണെന്ന് എല്ലാവർക്കും അറിയാം . ഒരു റോഡ്‌ അപകടം വരുത്തുന്ന നാശനഷ്ടം അതിൽ നഷ്ടപെടുന്ന ജീവന്റെ വിലയേക്കാൾ എത്രയോ ഇരട്ടിയാണെന്ന് നമ്മൾ അറിയാതെ പോകുന്നതാണ് റോഡിലെ സുരക്ഷയുടെകാര്യത്തിൽ നമ്മളെ ഇത്രയും അലസരാക്കുന്നത്. ലോകം മുഴുവൻ എങ്ങിനെ റോഡ്‌ അപകടങ്ങൾ കുറയ്ക്കാം എന്ന് തല പുകയ്ക്കുമ്പോൾ നമ്മൾ അതിനു വിപരീതമായി ചിന്തിക്കുന്നതെങ്ങിനെയാണ് ...!
.
മറ്റെല്ലാ നിയമങ്ങളും എന്നപോലെ സുരക്ഷയ്ക്ക് വേണ്ടി ഉണ്ടാക്കുന്ന നിയമങ്ങളും ബുദ്ധിമുട്ടുള്ളതാണ് എങ്കിൽ കൂടി അത് നടപ്പിലാക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥരാണ് എന്ന സത്യം നമ്മളാണ് എപ്പോഴും ബോധപൂർവ്വം മറക്കുന്നത് . ഓരോ ജന സമൂഹത്തിന്റെയും ഭൂപ്രകൃതികളുടെയും രീതിയ്ക്കനുസരിച്ച് ആധുനിക രീതിയിൽ നിയമനിർമ്മാണത്തിന് ലോകം ശ്രമിക്കുന്നു എപ്പോഴും .എന്നാൽ ഈ നിയമങ്ങൾ നമ്മുടെ തന്നെ രക്ഷയ്ക്കുള്ളതാനെന്ന് ഇവിടെ നമ്മൾ വിസ്മരിയ്ക്കുന്നു പലപ്പോഴും . ...!
.
ഒരു വാഹനത്തിൽ കയറി ഇരിക്കും മുൻപേ അതിന്റെ ചുറ്റും ഒരുവട്ടം നടന്ന് പ്രത്യക്ഷത്തിൽ വാഹനത്തിന് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തുക. കയറി ഇരുന്നാൽ ഉടനെ സീറ്റ് ബെൽറ്റ് ഇടുക . സഹ യാത്രികരുടെ സൌകര്യവും സുരക്ഷയും ഉറപ്പുവരുത്തുക , വാഹനം തനിക്ക് നിശ്ചയിച്ച പാതയിലും സ്പീടിലും മാത്രം ഓടിക്കുക വാഹനം ഓടിക്കുമ്പോഴും പാർക്ക് ചെയ്യുമ്പോഴും വലത്തോട്ടോ ഇടത്തോട്ടോ മാറുമ്പോഴും സിഗ്നൽ ഇടുക തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ എന്താണ് ഇത്ര ബുദ്ധിമുട്ട് എന്ന് ഓരോരുത്തരും നിർബന്ധമായും ചിന്തിക്കേണ്ടത് തന്നെയാണ് ...!
.
ഇത്തരം നിയമങ്ങളോട് മുഖം തിരിക്കുന്നതിൽ മലയാളി എപ്പോഴും മുൻപിലാണ് എന്നത് ഏറെ രസകരമാണ്. കേരളത്തിൽ നിയമത്തെ പരിഹസിക്കും പോലെ ഹെൽമെറ്റ്‌ കയ്യിൽ വെച്ചിട്ടും തലയിൽ ധരിക്കാതെ വണ്ടിയോടിക്കുകയും സീറ്റ്ബെൽറ്റ് പോലീസിനെ കാണുമ്പൊൾ വലിച്ചുപിടിച്ച്‌ വണ്ടിയോടിക്കുകയും ഒക്കെ ചെയ്യുന്ന മലയാളിക്ക് ഇതൊന്നും കേരളത്തിന്‌ പുറത്ത് ശരിയായി ചെയ്യാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നതും കൂടാതെ ഈ വക എല്ലാ സൌകര്യങ്ങളുമുള്ള വാഹനം ഓടിക്കുന്നവർ പോലും അത് ചെയ്യില്ല എന്ന് ദുർവ്വാശി പിടിക്കുന്നതും ഏറെ വിരോധാഭാസം തന്നെ. ...!
.
കർക്കശമായ നിയമങ്ങൾ അനാവശ്യമായി നടപ്പിലാക്കുന്നു എന്ന് വിലപിക്കുന്നവർ ആലോചിക്കേണ്ട ഒരു വസ്തുതയുണ്ട് . അപ്രായോഗികാമെന്ന് പുഛിച്ച് തള്ളുന്ന ഇത്തരം നിയമങ്ങളൊക്കെ യാതൊരു തടസ്സവും കൂടാതെ ലോകത്തിന്റെ ഇതരഭാഗങ്ങളിൽ നടപ്പിലാക്കുന്നവയാണ് എന്ന്. ഒരു വ്യക്തിയുടെ സുരക്ഷ ആ സമൂഹത്തിന്റെ കൂടി സുരക്ഷയാണെന്ന് മനസ്സിലാക്കുകയും അതിനുവേണ്ടി നിയമങ്ങൾ കൂടുതൽ പ്രായിഗവും കർക്കശവും ആക്കാൻ ലോകം ശ്രമിക്കുമ്പോൾ , ലോകത്തിന് മുന്നിൽ ഓടാൻ വെമ്പി നിൽക്കുന്ന മലയാളി ലോക നിയമങ്ങൾക്കു മുഖം തിരിച്ചാൽ എങ്ങിനെയാണ് അവിടെ എത്തിച്ചേരുക ...!
.
ജനങ്ങളുടെ ദീർഘകാല നന്മയെക്കാൾ അവരെ താത്കാലിക ലാഭത്തിനു വേണ്ടി കയ്യിലെടുക്കാനാണ് പലപ്പോഴും ഭരണകൂടം ശ്രമിക്കാറുള്ളത് . പലപ്പോഴും പല നിയമങ്ങളും അതിന്റെ അന്തസ്സത്ത നഷ്ട്ടപ്പെടാതെ നടപ്പിലാക്കുന്നതിനു പകരം ജനങ്ങളുടെ താത്പര്യാർത്ഥം അതിൽ വെള്ളം ചേർക്കുമ്പോൾ അതൊരു സാമൂഹിക അനീതിയാണെന്ന് പക്ഷെ ആരും അറിയുന്നില്ലെന്നത് കഷ്ടം തന്നെ....!
.
ഒരു ഉദ്യോഗസ്ഥൻ സത്യസന്ധമായി എപ്പോഴെല്ലാം നിയമം നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴും നമ്മൾ ഏറെ അസ്വസ്തരാവുകയും അസഹിഷ്ണുതയുള്ളവരാവുകയും ചെയ്യും . അത് സ്വാഭാവികം . പക്ഷെ ഇവിടെ ആ ഉദ്യോഗസ്ഥൻ നിയമം നടപ്പിലാക്കുന്നത് അയാളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടിയല്ലെന്നും മറിച്ച് നമ്മൾ ഓരോരുത്തരുടെയും സുരക്ഷയ്ക്ക് വേണ്ടികൂടിയാണെന്നും ഒരിക്കലെങ്കിലും അതിനെ കണ്ണടച്ച് എതിര്ക്കുന്നതിനു മുൻപ് ഓർക്കുന്നത് നല്ലതായിരിക്കും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...