Tuesday, January 31, 2017

കുട്ടികളെ ഭയപ്പെടുത്താൻ ...!!!

കുട്ടികളെ ഭയപ്പെടുത്താൻ ...!!!
.
ഇതുവരെയ്ക്കും
എന്റെ കുട്ടികൾ
വികൃതി കാട്ടുമ്പോഴെല്ലാം
ഞാനവരെ പേടിപ്പിച്ചിരുന്നത്
ഗോവിന്ദച്ചാമിമാരുടെ
പേരുപറഞ്ഞാണ് ....!
.
എന്താണ് പീഡനം
എന്നൊന്നുമറിയില്ലെങ്കിലും
ഇപ്പോഴും സർക്കാർ ചിലവിൽ
സുരക്ഷിതരായിരിക്കുന്ന
ഗോവിന്ദച്ചാമിമാരെ
കുട്ടികൾക്ക് പേടിതന്നെയാണ് ...!
.
എന്നാൽ
ഇപ്പോൾ ഞാനവരെ
പേടിപ്പിക്കുന്നത്
സ്വാശ്രയ കോളേജുകളിൽ
ചേർക്കുമെന്ന് പറഞ്ഞാണ് ...!
.
ഇതും സർക്കാർ ചിലവിൽ
കുട്ടികളെ പീഡിപ്പിക്കുന്നതാകയാൽ
അവർ ഭയചകിതരുമാണ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, January 29, 2017

പൂജ്യൻ ...!!!

പൂജ്യൻ ...!!!
.
അക്കങ്ങളിൽ
ഒരു
പൂജ്യമാകുന്നത് തന്നെയാണ്
എനിക്കേറെയിഷ്ടം എപ്പോഴും ...!
.
തനിച്ചു നിൽക്കുമ്പോൾ
വിലയില്ലാത്തതെന്ന്
മറ്റുള്ളവർക്ക് തോന്നുമെങ്കിലും
എല്ലാം തുടങ്ങുന്നതും
ഒടുങ്ങുന്നതും
എന്നിൽതന്നെയെന്നത്
എനിക്കഭിമാനം പകരുന്നു ....!
.
പിന്നെ, എന്നെ
വിലയില്ലാതെ കാണുന്നവർക്ക്
വിലയുണ്ടാകണമെങ്കിൽ
ഞാൻ അവരുടെ കൂടെ കൂടിയേതീരൂ
എന്നതിനേക്കാൾ മഹത്വം
വേറെന്തു വേണം എനിക്ക് ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Tuesday, January 24, 2017

പോരാളിയായൊരു കാളയാകുവാൻ ...!!!

പോരാളിയായൊരു കാളയാകുവാൻ ...!!!
.
മോഹിക്കുന്നു ഞാനും
ആരാലും പിടിച്ചു കെട്ടാനാകാത്ത
പോരാളിയായൊരു കാളയാകുവാൻ ...!
.
മൂക്കുകയറില്ലാതെ ,
കാൽ ചങ്ങലകളില്ലാതെ ,
പാഞ്ഞു കയറണം
മുന്നിൽ
എനിക്ക് നേരെ നിൽക്കുന്ന
ഈ സമൂഹത്തിലേക്ക്
എന്റെ കൂർത്ത കൊമ്പുകളും
ഉറച്ച കുളമ്പുകളും കൊണ്ട്
തകർത്തു കയറണം , എന്നെ
പിടിച്ചു കെട്ടാൻ വെമ്പൽ പൂണ്ട
മുന്നിലെ പുരുഷാരത്തിലേക്ക്‌ ,
ഇരുളിന്റെ നഗ്നതതയിൽ വ്യഭിചരിച്
പകലിൽ സദാചാരം വിളമ്പുന്നവരിലേക്ക് ,
സ്വ സ്വതം മറന്ന് , മറ്റുള്ളവരിൽ
പരകായ പ്രവേശം നടത്തുന്നവരിലേക്ക് ,
സ്വ പിതൃത്വം തന്നെയും
അന്യനു പണയം വെക്കുന്നവരിലേക്ക് ,
മുഖം മറച് , അന്യന്റെ ചിലവിൽ
മഹാ തത്വങ്ങൾ വിളമ്പുന്നവരിലേക്ക് ,
അവനവനിൽ കൂടിനിന്ന്
കൂടെനിൽക്കുന്നവരെ ഒറ്റിക്കൊടുക്കുന്നവരിലേക്ക് ,
നിഷ്കളങ്കതയെ , നിസ്വാർത്ഥതയെ
ചൂഷണം ചെയ്യുന്നവരിലേക്ക് ,
പിന്നെ, ഇനിയും
എന്നെ അറിയാൻ ശ്രമിക്കാത്ത നിങ്ങളിലേക്ക് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, January 15, 2017

യക്ഷി ...!!!

യക്ഷി ...!!!
.
ശുക്ലത്തിന്റെ മണമാണ് യക്ഷികൾക്കെന്ന് അയാൾ എപ്പോഴും അവനെ പറഞ്ഞു പേടിപ്പിക്കുമ്പോഴെല്ലാം അവൻ മുഴുവനായും ഭയചകിതനാകുമായിരുന്നു . ഒരു കൊച്ചു കുട്ടിയെപ്പോലെ . അടുത്തുള്ള ആളുടെ ധൈര്യത്തിലേക്കവൻ ഒരു നാണവുമില്ലാതെ കൈപിടിച്ച് കയറുമായിരുന്നു അപ്പോഴൊക്കെയും . എന്നിട്ടും, അവൻ എപ്പോഴും ശരീരത്തിന്റെ ചൂടുള്ള ആ മണം ആസ്വദിച്ചു , അനുഭവിച്ചു , ആവോളം . തന്റെ രക്തത്തിനും മാംസത്തിനും വേണ്ടി കൊതിച്ചെത്തുന്ന യക്ഷിയെ പേടിച്ചാണെങ്കിലും ...!
.
തങ്ങളുടെ സൗന്ദര്യത്തിൽ മറ്റുള്ളവരെ ആവാഹിച്ചു കെണിയിൽപെടുത്തി കൊണ്ടുപോകുമെന്ന് അയാൾ അവന് യക്ഷികളെക്കുറിച്ചു മുന്നറിയിപ്പുനൽകി . അവരുടെ ചൂടും ചൂരും മാറിടത്തിന്റെ നനവിൽ മനസ്സുപോലും നിശ്ചലമാക്കാനുള്ള കഴിവും അയാൾ അവന് ഉപേദശിച്ചുകൊടുത്തു . അതൊക്കെയുമോർത്ത്‌ വെളുത്ത വസ്ത്രവും അഴിച്ചിട്ടമുടിയും കൂർത്ത ദ്രംഷ്ടകളുമായി രക്തം കൊതിച്ചെത്തുന്ന യക്ഷികളെപ്പേടിച്ച അവൻ രാത്രികളിൽ ഉറങ്ങാതിരുന്നു . ഉച്ചകളിൽ വിജനതകളിൽ വഴിനടക്കാതിരുന്നു ....!
.
ആഗ്രഹം സഫലമാകാതെ കൊലചെയ്യപെടുന്ന ശുദ്ധാത്മാക്കളാണ് യക്ഷികളായി പുനരവതരിക്കുക എന്നയാൾ പറഞ്ഞതിൽ അവന് അതിശയം തോന്നി . മരണം ഒരു നിശ്ചലതയാണെന്നിരിക്കെ , മരണം ഒരു ശാശ്വതികതയാണെന്നിരിക്കെ പിന്നെന്തിനവർ പുനരവതരിക്കണം എന്നത് അവനിൽ ചോദ്യമായി അവശേഷിച്ചു . ആത്മാക്കൾ എന്തിനാണ് പ്രതികാരത്തിന്റെ ഭാണ്ഡം പേറുന്നതെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായുമില്ല ....!
.
പിന്നെപ്പിന്നെ അവനാമണം അന്യമല്ലാതായി തീരുന്നത് ഒരു വേദനയോടെ അവൻ തിരിച്ചറിഞ്ഞു . നടവഴികൾ കയറി ഇടവഴികൾ താണ്ടി ഉമ്മറപ്പടിയും കടന്ന് അകത്തളത്തിലേക്കും വ്യാപിക്കുന്ന ആ മണം ബാന്ധവങ്ങളുടെ ബന്ധങ്ങൾക്കപ്പുറം സ്വരക്തത്തിൽ തന്നയും രുചി യാകുന്നത് അവനെ പേടിപ്പിക്കുകതന്നെചെയ്തു . അമ്മിഞ്ഞപ്പാലിന്റെ അമൃതത്വത്തിൽ പോലും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Wednesday, January 4, 2017

ഉൽപ്രേക്ഷം ...!!!

ഉൽപ്രേക്ഷം ...!!!
.
എന്റെ ഇരയെ നീ മോചിപ്പിക്കുമ്പോൾ നീയൊരു കൊലപാതകികൂടിയാവുകയാണ് ചെയ്യുന്നതെന്ന് അവൾ പറഞ്ഞപ്പോൾ അയാൾ അവളെ പുച്ഛിച്ചു തള്ളി . ഒഴുക്കു നിലച്ച ഒരു നദിയുടെ ദീനരോദനമെന്നയാൾ കളിയാക്കി . പിന്നെ പതിവ് പുഛച്ചിരിയോടെ , അഴിച്ചെടുത്ത അവളുടെ പാവടച്ചരടിൽ തന്റെ കത്തുന്ന ചുരുട്ട് കുത്തിക്കെടുത്തി . അയാൾ എഴുന്നേൽക്കുകയായിരുന്നു . സ്വയം പരിഹാസത്തിന്റെ , ദുരഭിമാനത്തിന്റെ , അഹങ്കാരത്തിന്റെ മുഖംമൂടിയുമണിഞ്ഞുകൊണ്ട് .
.
അന്നം വിഷമാകുന്നത് അത് വിളമ്പുന്നവരുടെ മനസ്സിലെ വിഷം അതിലേക്ക് കലരുമ്പോഴാണെന്ന് അവളാണ് അയാളെ പഠിപ്പിച്ചത് . ആങ്ങളയും അച്ഛനും പുരുഷനാകുന്നത് പെണ്ണ് സ്വയം മകളോ പെങ്ങളോ ആകാതാകുമ്പോഴാണെന്നും അവൾതന്നെയാണ് അയാളോട് പറഞ്ഞിരുന്നത് . എന്നിട്ടും അവൾക്കയാൾ മാത്രം ആരുമായില്ല എന്നതും അയാൾക്കവൾ എല്ലാമായി എന്നതും ആശ്ചര്യം തന്നെ .
.
വഴിവക്കിൽ എപ്പോഴും കാണാറുള്ള എട്ടുവയസ്സോളം പ്രായമുള്ള ആ പെൺകുട്ടി അയാൾക്കപ്പോഴേക്കും പരിചിതയായിരുന്നു . ഒരിക്കലും ഒരു പുഞ്ചിരിയുടെ അടുപ്പം പോലുമുണ്ടായിട്ടില്ലെങ്കിലും അയാൾക്കവൾ മുജ്ജന്മ പുണ്ണ്യം പോലെയായിരുന്നു . കവി ഭാവനയിലെയെന്നപോലെ പിറക്കാതെപോയ മകൾ . അന്നും പതിവുപോലെ അവളെക്കണ്ടതും അയാൾ മടിക്കാതെ അന്നാദ്യമായി അവൾക്കടുത്തേക്ക് നടന്നു . കടം വാങ്ങിയ ഒരു പുഞ്ചിരിയും മുഖത്തെടുത്തുവെച്ചുകൊണ്ട് . എന്നാൽ അയാൾ അവളുടെ അടുത്തെത്തിയതും അവൾ അവളുടെ മാറ് അയാൾക്കുമുന്നിൽ പക്ഷെ മറച്ചുപിടിച്ചത് അയാളെ മുറിവേൽപ്പിച്ചു . ഹൃദയത്തിലേക്കുള്ള ആഴത്തിലുള്ള വലിയ മുറിവ് .
..
പിന്നെയും ബാക്കിയാകുന്ന ചിന്തകൾ വിശപ്പിന്റേതു തന്നെ . ചിതറിത്തെറിച്ചും വിഹ്വലപ്പെട്ടും പരിതപിച്ചും ഒക്കെയായി ..... ഹൃദയത്തിന്റെ , മനസ്സിന്റെ ശരീരത്തിന്റെ പിന്നെ ഏറ്റവും ഒടുവിലായി വയറിന്റെയും . അല്ലെങ്കിൽ അതും അവൾ പറയുംപോലെ വയറിന്റേതിൽ നിന്നും തുടങ്ങുകയുമാകാം . ഇഷ്ടംപോലെയുള്ളതും ഒട്ടുമില്ലാത്തതുമായ നിസ്വാർത്ഥമായ വിശപ്പ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...