Tuesday, August 18, 2015

ഒരുമിച്ചൊരു വാക്കിലേക്ക് ...!!!

ഒരുമിച്ചൊരു വാക്കിലേക്ക് ...!!!
.
ഒരു വാക്കിന്റെ ഇങ്ങേ അറ്റത്തു നിന്നും അടുത്ത വാക്കിന്റെ തുടക്കം വരെയുള്ള സമയമാണ് ഈ ലോകത്തിലെ ഏറ്റവും അമൂല്ല്യമായതെന്ന് അവൾ ആവേശത്തോടെ പറഞ്ഞു നിർത്തിയിട്ട് തന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കിയിരുന്നപ്പോൾ താൻ തന്നിലലിഞ്ഞു ചേർന്നിരുന്ന മൌനത്തിന്റെ കറുത്ത പാടുകൾ മെല്ലെ മായ്ച്ചു കളയുകയായിരുന്നു .
.
ഇനിയുമൊരു ശിലാ കാലം . അവിടേയ്ക്കുള്ള ദൂരത്തിനു മാത്രം അടുപ്പമില്ല , അകലവും . എന്നിട്ടും അസാദ്ധ്യമാകുന്ന യാത്രയുടെ നേർ രേഖകൾ ഭാണ്ഡങ്ങൾക്ക് വേണ്ടി കരുതിവെക്കുന്നു , കാത്തിരിക്കുന്നു . അവിടെമാത്രം പക്ഷെ മൗനമില്ല , വാചാലതയും .
.
അവളുടെ നഷ്ടപ്പെട്ടുപോയ കണ്ണുകളിൽ തന്നെയായിരുന്നു അവളുടെ കാഴ്ച്ചയുടെ ബാക്കിയും എന്ന് അപ്പോഴും എപ്പോഴത്തേയും പോലെ താൻ മാത്രം അറിയാതെപോയി . എന്നിട്ടും അവൾ മാത്രം കരുതിവെച്ചു . അവൾ വരച്ച ചിത്രങ്ങളിൽ ചായങ്ങൾ ചാലിച്ച് ചേർക്കാൻ .
.
അവൾ കൊട്ടിയടച്ചുവെച്ച കാതുകൾക്കുള്ളിലായിരുന്നു അവളുടെ ശബ്ദങ്ങളത്രയും എന്നതും താൻ മാത്രം സ്വയം മറന്നുപോയി . അവളുടെ രക്തം കിനിയുന്ന ധമനികളുടെ ജീവനുള്ള ആ സ്പർശനത്തിന്റെ നഗ്നത തിരിച്ചറിയാതിരുന്നത് പോലെ .
.
ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുക എന്നത് ചലനത്തിന്റെ നിയോഗമെന്നാണ് അവൾ പിന്നെ പറഞ്ഞിരുന്നത് . നിയോഗിക്കപ്പെടുന്നവർ അത് അനുസരിക്കാൻ ബാധ്യസ്ഥരെന്നും . അതുപക്ഷെ അനുസരണയില്ലാത്ത ജിവിതം അവളെ നോക്കി പരിഹസിക്കുന്നത് അറിയാതെയും .
.
ഇനി , .... ? ഒരു യാത്രയാകാം ആ ഒരു വാക്കിന്റെ ഇങ്ങേ തലയ്ക്കുനിന്നും അടുത്ത വാക്കിന്റെ തുടക്കതിനിടയിലെ സമയത്തിലൂടെ, അല്ലെങ്കിൽ അവയ്ക്കിടയിലെ ആ സമയം തേടി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...