Wednesday, December 17, 2014

വിതച്ചത് കൊയ്യുന്നവർ ....!!!

വിതച്ചത് കൊയ്യുന്നവർ ....!!!
.
ഭാരതീയ പുരാണത്തിൽ ഒരു കഥയുണ്ട് . അതി കഠിനമായ തപസ്സിലൂടെ തന്റെ ഇഷ്ട ദൈവമായ ശിവനെ പ്രസാദിപ്പിച്ച് ഭസ്മാസുരൻ എന്ന അസുരൻ താൻ ആഗ്രഹിച്ച വരം നേടുന്ന കഥ . പ്രീണനത്തിലും ഭക്തിയിലും സംതൃപ്തനായ ലോകനാഥൻ ആ അസുരന് ആവശ്യത്തിനുള്ള വരവും നൽകി . വരം കിട്ടിയപ്പോൾ അസുരന്റെ ആസുരഭാവം പുറത്തു വരികയും അയാൾ തന്റെ വരം അത് നൽകിയ ആളിൽ തന്നെ പരീക്ഷിച്ച് അതിന്റെ ശക്തി ഉറപ്പു വരുത്താൻ ശ്രമിക്കുകയും ചെയ്തു . ഇതൊരു കഥയാണ്‌ . പക്ഷെ , പുരാണങ്ങളിലെ ഓരോ കഥകളും മാനവ കുലത്തിനുള്ള പാഠങ്ങൾ കൂടിയാണ് എപ്പോഴും ...!
.
അധിനിവേശത്തിന് ലോകശക്തികൾ പലപ്പോഴും പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട് . കച്ചവട തന്ത്രങ്ങൾ , യുദ്ധം തുടങ്ങി അതിലെ ഏറ്റവും നിഷ്ടൂരവും ക്രൂരവുമായ ഒരു മാർഗ്ഗമാണ് ഭീകരപ്രവർത്തനം അല്ലെങ്കിൽ തീവ്രവാദ പ്രവർത്തനം . അതിനായി തീവ്രവാദി നേതാക്കളെയും ഗ്രൂപ്പുകളെയും ഒക്കെ ചെല്ലും ചിലവും കൊടുത്ത് വളർത്തിയെടുക്കുകയും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഒരു ആയുധമായി ഉപയോഗിക്കുകയും ചെയ്യാറുണ്ട് ഇവർ പലപ്പോഴും . അധിനിവേശത്തിനു മാത്രമല്ലാതെ ശത്രു രാജ്യങ്ങളെ ആക്രമിക്കാനും അയൽ രാജ്യങ്ങളിൽ കലാപം സൃഷ്ടിക്കാനും ഒക്കെയും പലപ്പോഴും പലരും ഇവരെ പോറ്റി വളർത്താറുണ്ട് ....!
.
എപ്പോഴും സമൂഹത്തിലും , സമൂഹത്തിലെ തീർത്തും സാധാരണക്കാർക്കിടയിലും ഭീതി വളർത്തി അതുവഴി സർക്കാരിലും അധികാരികളിലും സമ്മർദ്ധം സൃഷ്ടിക്കുകയും അങ്ങിനെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിപ്പിചെടുക്കുകയും ചെയ്യുകയാണ് ഓരോ ഭീകര - തീവ്രവാദ പ്രസ്ഥാനങ്ങളുടെയും എളുപ്പവഴികൾ . അതിലവർ മിക്കപ്പോഴും വിജയിക്കുകയും ചെയ്യുന്നു . എന്നാൽ പതിയെ പതിയെ അവരും പരാചയം രുചിക്കുമ്പോൾ അവർ പക്ഷെ കൂടുതൽ കൂടുതൽ ക്രൂരരാവുകയും സമൂഹത്തിന് കൂടുതൽ ദ്രോഹങ്ങൾ വരുത്താൻ തുനിയുകയുമാണ് ചെയ്യുന്നത് ...!
.
മതത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒക്കെ ലേബൽ ഒട്ടിക്കുമെങ്കിലും ഇക്കൂട്ടർക്കൊന്നും അത്തരത്തിലുള്ള ഒരു സാമൂഹിക നീതിയും അവകാശപ്പെടാനില്ല എന്നതാണ് സത്യം . അളവില്ലാത്ത ധനവും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയും ഇക്കൂട്ടരെ പിന്നീട് ഒരുതരം ബ്രാന്തിൽ തന്നെ എത്തിക്കുന്നു . ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഇവരൊക്കെയും തങ്ങളുടെ സൃഷ്ടാക്കളിൽ നിന്നും വഴി മാറുകയും പിന്നെ ലോകത്തിൽ തങ്ങളുടെ സ്വന്തമായ സ്ഥാനം ഉറപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്യുന്നു ....!
.
അങ്ങിനെ സ്വന്തം സൃഷ്ടാക്കളിൽ നിന്നും മാറി സ്വയം അധികാരം സ്ഥാപിക്കാനും പ്രവർത്തിക്കാനും ശ്രമിക്കുമ്പോഴാണ് ഇക്കൂട്ടർ സ്വന്തം സൃഷ്ടാക്കൾക്കും എതിരാകുന്നത് . അവർക്കും നിയന്ത്രണം നഷ്ടമാകുന്നതോടെ ഇവർ സർവ്വനാശകാരികളാകുന്നു . മറ്റ് തീവ്രാദി ഗ്രൂപ്പുകളുടെ ഇടയിൽ മേൽക്കൈ നേടാനും ലോകത്തിൽ ആധിപത്യം ഉറപ്പിക്കാനും വേണ്ടി ഇക്കൂട്ടർ പിന്നെ മനുഷ്യത്വം തന്നെ മറക്കുകയും ക്രൂരതയുടെ പര്യായങ്ങളുമാകുന്നു ...!
.
ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് മുൻപുതന്നെ നശിപ്പിക്കേണ്ടവയാണ് ഇത്തരം ആയുധങ്ങൾ . അല്ലെങ്കിൽ അത് എല്ലാവർക്കും ഉപദ്രവമാവുകയും സർവ്വനാശം വരുത്തുകയും ചെയ്യും . ഇപ്പോൾ ലോകത്തിനു മുന്നിലുള്ള പാഠങ്ങളിൽ നിന്നുതന്നെ തിരിച്ചറിവുണ്ടായി അതിന് ഈ ലോകം തയ്യാറായില്ലെങ്കിൽ ലോക സമാധാനത്തിനും മാനവികതയുടെ സ്വൈര്യ ജീവിതത്തിനും ഇത് വിലങ്ങുതടിയാവുകതന്നെ ചെയ്യും....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

കുപ്പായം ...!!!

കുപ്പായം ...!!! . കുപ്പായം അങ്ങിനെത്തന്നെയായിരിക്കണം . ദേഹത്തിനിണങ്ങി മനസ്സിനിണങ്ങി തന്നോട് താൻ ചേർന്ന് ......! . ഞാൻ നനയുമ്പോൾ നന...