Monday, October 25, 2010

എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന്‍ എന്ന മനുഷ്യന് )

എന്റെ ജഡം ...!
( സമര്‍പ്പണം - അയ്യപ്പന്‍ എന്ന മനുഷ്യന് )

എനിക്ക് വര്‍ണതൂവലുകളില്ല
ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല
വര്‍ണ്ണ തൊപ്പിയും നീളന്‍ മേലാപ്പുമില്ല
വെളുത്ത നിറവും കറുത്ത മനസ്സുമില്ല ...!

എനിക്ക് സ്തുതിപാഠകരില്ല
ഞാന്‍ ആരെയും സ്തുതിക്കാറുമില്ല
എനിക്ക് സ്ഥാനമാനങ്ങളില്ല
നാണംകെട്ട അവസ്തയുമില്ല ...!

എനിക്കു വായിക്കാന്‍ വിശ്വസാഹിത്യമില്ല
എനിക്കു സഞ്ചരിക്കാന്‍ വിശ്വവീഥികളും ഇല്ല
എനിക്കു പണവും പദവിയുമില്ല
എനിക്കു ഉന്നതങ്ങളില്‍ പിടിപാടുമില്ല ...!

ഞാന്‍ ജനിച്ചത്‌ ഈ വെറും മണ്ണില്‍
ഞാന്‍ വളര്‍ന്നത്‌ ഈ നിലത്ത്
ഞാന്‍ വായിച്ചത് പച്ചയായ ജീവിതങ്ങള്‍
ഞാന്‍ എഴുതിയത് നഗ്നമായ സത്യങ്ങള്‍
ഞാന്‍ ജീവിച്ചത് ഞാന്‍ മാത്രമായി
ഞാന്‍ മരിച്ചതും ഞാന്‍ മാത്രമായി ....!

എന്നെക്കുറിച്ച് എല്ലാവരും പറയുന്നു
എന്നെയോര്‍ത്ത് എല്ലാവരും വിലപിക്കുന്നു
എന്നിട്ടുമെന്തേ എന്റെ പ്രിയപ്പെട്ടവരേ
എനിക്കൊരു മരണ ശുശ്രൂഷയ്ക്ക്
നിങ്ങള്‍ക്ക് നേരമില്ലാതെ പോയി ....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com







Saturday, October 23, 2010

പ്രണയത്തിനു ...!!!

പ്രണയത്തിനു ...!!!

പ്രണയത്തിന്റെ മറുപുറം മരണമാണെന്നാണ് അവള്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ ഇനി ജീവിക്കേണ്ട എന്നും . പ്രണയം നഷ്ട്ടപ്പെടുന്നവര്‍ക്കെല്ലാം മരണമെന്നല്ലല്ലോ. പക്ഷെ അവള്‍ക്കു ജീവിതം പ്രണയം മാത്രമാകുമ്പോള്‍ പിന്നെ അവശേഷിക്കുന്നത് മരണം മാത്രവും. അതുകൊണ്ട് തന്നെ എനിക്ക് കിട്ടിയ അവളുടെ മുടിയിഴകളില്‍ പിടിച്ച് ആഴങ്ങളില്‍ നിന്ന് അവളെ കയറ്റുമ്പോള്‍ ജീവന്‍ അവശേഷിച്ചിരിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല. എങ്കിലും കരക്കെതിയപ്പോള്‍ അവള്‍ പിടച്ചത് ജീവന് വേണ്ടിയല്ലെന്നത് എന്നെയാണ് വേദനിപ്പിച്ചത്. അവള്‍ കൊതിച്ചതും കാത്തതും മരണത്തെയായിരുന്നു.

കിട്ടിയ വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക് ഓടുമ്പോള്‍ കൂടെ ആരെല്ലാം ഉണ്ടെന്നു പോലും നോക്കിയില്ല. അതുവരെ കൂടെപോന്നവരെല്ലാം വഴിയില്‍ അപ്രത്യക്ഷരാകുന്നത് വല്ലാതെ വേദനിപ്പിച്ചു എങ്കിലും അപ്പോഴത്തെ ആവശ്യത്തിനു മുന്നില്‍ സ്വയം മറക്കാന്‍ ശ്രമിച്ചു. കയ്യില്‍ അപ്പോഴും അവസാനത്തെ ശ്വാസത്തിനായി പിടക്കുന്ന അവളുടെ മുഖം മാത്രമായിരുന്നു കയ്യിലും മനസ്സിലും. ആ ശ്വാസം അവള്‍ക്കു വേണ്ടതാണോ അല്ലയോ എന്ന് അപ്പോള്‍ നോക്കാന്‍ കഴിയില്ലായിരുന്നല്ലോ .

എന്നിട്ടും മരണം മണക്കുന്ന ആശുപത്രിയിലെ തണുത്ത വരാന്തയില്‍ ഡോക്ടറുടെ അല്ലെങ്കില്‍ നഴ്സിന്റെ വരവിനായി കാതോര്തിരിക്കെ, പിടക്കുന്ന ഹൃദയതോടെയാണ് ചുറ്റും നോക്കിയിരുന്നത്. എങ്ങാനും പതുങ്ങിയിരിക്കുന്ന കാലന്റെ കാലൊച്ചപോലും കേള്‍ക്കല്ലെയെന്ന പ്രാര്‍ത്ഥനയോടെ. എന്നിട്ടും അവര്‍ വിളിച്ചപ്പോള്‍ അകത്തേക്ക് കടന്നതും പിടക്കുന്ന ഹൃദയത്തോടെയും. കണ്ണ് തുറന്ന് എന്നെ മാത്രം പകയോടെ കാത്തിരിക്കുന്ന അവള്‍ക്കു മുന്‍പില്‍ ഞാന്‍ പൂര്‍ണ്ണമായും നിശബ്ദനായി. അപ്പോള്‍ എനിക്കും അറിയില്ലായിരുന്നു തിരസ്കരിക്കപ്പെടുന്ന പ്രണയത്തിന്റെ മറുപടി മരണം തന്നെയാണോ എന്ന് .....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Thursday, October 21, 2010

മഴ പെയ്യുമ്പോള്‍ ....!!!

മഴ പെയ്യുമ്പോള്‍ ....!!!

ആശ്ച്ചര്യമായിരുന്നു ആദ്യം.. കൌതുകം കലര്‍ന്ന നീളന്‍ മിഴികളോടെ നോക്കിനില്‍ക്കാന്‍ തന്നെ പാടായിരുന്നു. പിന്നെ പിന്നെ ആഘോഷം... കൊതിയോടെ കരുതിവെക്കാന്‍, കാട്ടിക്കൊടുക്കാന്‍ , അലിഞ്ഞു ചേരാന്‍ .... ഒപ്പത്തിനൊപ്പം അടിതിമിര്‍ക്കാനുള്ള ആവേശം... നിറയാനും തുളുംബാനുമുള്ള വെമ്പല്‍ ... ഇപ്പോള്‍ ആശ്വാസം.... അല്ലെങ്കില്‍ പ്രതീക്ഷ... ആവേശവും കൊതിയുമില്ല. കണ്ണുകളില്‍ നിറയുന്നത് ആശ്ച്ചര്യവുമല്ല... അതല്ലേ അവരുടെ മഴ .....!!!

ഇവര്‍ക്കുപക്ഷേ അത് അങ്ങിനെയല്ലായിരുന്നു . നിറഞ്ഞ പേടി. ഭീകരമായ ഭയം. ഇനി അതിലുമപ്പുറം പലതും. മാനം കറുക്കുന്നത് ഹൃദയത്തില്‍ പെരുമ്പറ മുഴക്കിയാണ്. ആകാശത്ത് കത്തുന്ന മിന്നലും ഇടിയും വന്നു കൊള്ളുന്നത്‌ മനസ്സിലാണ്. പെയ്തിറങ്ങുന്ന ഓരോ തുള്ളിയും ജീവനിലേക്കാണ് . ജീവനില്‍ തീകത്തിച്ചുകൊണ്ട് ...! ജീവിതങ്ങളെ ആളിക്കതിച്ചുകൊണ്ട്‌ ഓരോ അണുവിലും അത് പെയ്തിറങ്ങുമ്പോള്‍ , ജന്മം തന്നെ ശപിക്കപ്പെട്ടതാകുന്നു ... അതെപ്പോഴും അങ്ങിനെതന്നെയായിരുന്നു എന്നാകുമ്പോള്‍ പ്രത്യേകിച്ചും. ഇതാണ് ഇവരുടെ മഴ ...!

സുരേഷ്കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Tuesday, October 12, 2010

മനുഷ്യര്‍ ....!!!

മനുഷ്യര്‍ ....!!!

അപേക്ഷയോടെ
കാത്തിരുന്ന് കാത്തിരുന്ന്
കരഞ്ഞ് കാലുപിടിച്ചപ്പോള്‍
ഒരിതള്‍ നുള്ളിയെടുക്കാനാണ്
ചെടി അനുവാദം നല്‍കിയത്...!

പക്ഷെ
ഒരവസരം കിട്ടിയപ്പോള്‍
അവര്‍
ആ ചെടി തന്നെ പിഴുതെടുത്തു....!

എന്നിട്ടും
ചെടിക്ക് പരിഭവമില്ലായിരുന്നു
കാരണം
പുതിയ പിറവിയ്ക്കായി
അത് തന്റെ വിത്ത്
അപ്പോഴേക്കും ഭൂമിയില്‍
കരുതിവെച്ചിരുന്നു ...!

ഒരുപാട് നാളായി
ഇവിടെ തുടരുന്ന
ആ ചെടിക്കറിയാം
അപേക്ഷകരെയും
ഉപേക്ഷകരെയും
പിന്നെന്തിനു
പരിഭവവും പരാതിയും ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Sunday, October 10, 2010

ഉയരങ്ങളിലേയ്ക്ക് ....!!!

ഉയരങ്ങളിലേയ്ക്ക് ....!!!

ആകാശത്തിലേക്കുള്ള ചവിട്ടുപടികള്‍
ഒന്നൊന്നായി കയറുമ്പോഴും
അവളുടെ ഉള്ളില്‍
തിരകളായിരുന്നു ഇളകിയിരുന്നത് ....!

ആകാശത്തിലെത്തി
ഒരു വെള്ളിമേഘതിന്റെ ചിറകിലിരുന്നു
കാലുകള്‍ മെല്ലെ ആടിയാട്ടി
ഒരു മൂളിപ്പാട്ടും പാടി
ഭൂമിയെ നോക്കിക്കാണാന്‍ മാത്രമായിരുന്നു
അവളുടെ അപ്പോഴാതെ മോഹം ...!

പടികള്‍ കയറിപോകുമ്പോള്‍
പക്ഷെ, അവളെ തൊട്ടുരുമ്മി കടന്നുപോകുന്ന
മഴവില്ലിനെയും
അവളോട്‌ കുശലം ചോദിക്കാന്‍ ചെന്ന
പറവകളെയും
പടികള്‍ കയറി ക്ഷീണിക്കുന്ന
അവളെ തഴുകി ആശ്വസിപ്പിക്കാന്‍
കടന്നെത്തുന്ന കാറ്റിനെയും
അവള്‍ കണ്ടില്ലെന്നു നടിച്ചു ...!

അല്ലെങ്കില്‍ ഇനി അവള്‍ക്കെന്തിനാണ്
അവരുടെ കൂട്ട് ...!
ഒരിക്കല്‍ അവരുടെയെല്ലാം
കൂട്ടിനായി കൊതിയോടെ പ്രാര്‍ഥിച്ചിട്ടും
ഗൌനിക്കുകപോലും ചെയ്യാത്തവരുടെ കൂട്ട് ....!!!

അവള്‍ കയറുന്നത് അവയ്ക്കും മുകളിലുള്ള
ആകാശതിലേക്കല്ലേ. ...!
അതിരുകളില്ലാത്ത ആകാശത്തിലേയ്ക്ക് ...!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.കോം

Saturday, October 9, 2010

അഗ്നിയില്‍ കത്തുന്ന പകല്‍ ...!!!

അഗ്നിയില്‍ കത്തുന്ന പകല്‍ ...!!!

കത്തുന്ന പകലിന്റെ
നടുവില്‍ നിന്നും
ഊരിയെടുത്ത
ഒരു നുള്ള് കനല്‍ ...!

മനസ്സില്‍ കാത്തുവെച്ചു
കെടാതെ സൂക്ഷിക്കാന്‍
കരുത്തോടെ
എന്നും അവള്‍ ....!

കത്തി തീരാന്‍
പകല്‍ ഇനിയെത്ര
ബാക്കിയുണ്ടെന്ന്
രാത്രിയോട്‌ ചോദിക്കാനാണ്
എന്നിട്ടും അവള്‍
കാത്തിരുന്നിരുന്നതും ...!

രാത്രിയുടെ കുളിരില്‍
കനല്‍ എരിഞ്ഞടങ്ങാതിരിക്കാന്‍
അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച്
എപ്പോഴും ഇരുട്ടാക്കി ...!

ഇരുട്ടിനു
തണുപ്പാണെന്ന്
ആരാണാവോ
അവളോടൊരു
കള്ളം പറഞ്ഞത് ......!

ഇരുട്ടിലെ
കൊടും തനുപ്പിലാണ്
ചിലപ്പോള്‍
അഗ്നി ആളിക്കതുന്നതെന്ന്
എപ്പോഴാണാവോ
അവള്‍ തിരിച്ചറിയുക ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Thursday, October 7, 2010

ഇവിടെ കഥ തുടങ്ങുന്നു....!!!

ഇവിടെ കഥ തുടങ്ങുന്നു....!!!

ഈ കഥ ഇങ്ങിനെ പറയാനാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ ഇങ്ങിനെയാണ് ഈ കഥ പറയേണ്ടതും. ഒരുപക്ഷെ ഇങ്ങിനെ മാത്രമല്ലാതെയും ഈ കഥ പറയാമായിരിക്കും. ചിലപ്പോള്‍ ഞാന്‍ പറയുമ്പോള്‍ പതിവുപോലെ അല്‍പ്പം പൈങ്കിളിയുമായിരിക്കാം. അതെങ്ങിനെയും ആകട്ടെ. ഞാന്‍ ഇപ്പോള്‍ ഈ കഥ പറയുന്നത് ഇങ്ങിനെയാണ്‌.

ഒരിടത്തൊരിടത്ത് ഒരു അച്ഛനും മകളും ഉണ്ടായിരുന്നു. വളരെ പണ്ടൊന്നുമല്ല കേട്ടോ. കുറച്ചു കാലം മുന്‍പ്. ഒരു നാല് വര്‍ഷം മുന്‍പ് എന്ന് പറയാം കൃത്യമായി. എന്റെ താമസ സ്ഥലത്തിന് അടുത്തായിരുന്നു അവര്‍ . അവള്‍ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അവളുടെ അമ്മ മരിച്ചു പോയതാണ്. പിന്നെ അച്ഛനാണ് അവളെ നോക്കി വളര്‍ത്തിയത്‌. അച്ഛനവളെ ഒരുപാടിഷ്ടമായിരുന്നു. അവള്‍ക്ക് തിരിച്ചും. അമ്മയില്ലാത്ത കുറവ് അറിയിക്കാതെയല്ല, അമ്മയുടെകൂടി സ്നേഹം നല്‍കിയാണ്‌ അയാള്‍ അവളെ വളര്‍ത്തിയത്‌. എന്നിട്ടും അമ്മയുടെ സ്ഥാനം ഒഴിഞ്ഞു കിടന്നത് മനപ്പൂര്‍വ്വം തന്നെ. അവിടെ മറ്റൊരാളെ കാണാന്‍ അയാള്‍ക്കോ അവള്‍ക്കോ താത്പര്യവുമില്ലായിരുന്നു.

എങ്കിലും അയാള്‍ അവള്‍ക്കും, അവള്‍ അയാള്‍ക്കും എല്ലാമായി. പറയാതെ അറിയാനും അറിയാതെ പറയാനും അവര്‍ കാണാതെ പഠിച്ചു. അച്ഛനും അമ്മയും ഗുരുവും വഴികാട്ടിയും സുഹൃത്തും സഹോദരനും .... അയാള്‍ അവള്‍ക്ക് എല്ലാമായി. അച്ഛന്റെ അതിരുകള്‍ക്കപ്പുറം പോകാന്‍ എന്നിട്ടും അയാള്‍ ഒരിക്കലും ശ്രമിച്ചില്ല. അവള്‍ക്കുള്ള സ്വാതന്ത്ര്യത്തില്‍ ഇടപെടാനോ അതിരുവിട്ട് അവളെ നിയന്ത്രിക്കാനോ അയാള്‍ മുതിര്‍ന്നില്ല. പക്ഷെ അയാള്‍ അവളെ എന്നിട്ടും കാത്തു സൂക്ഷിച്ചിരുന്നു. കണ്ണിലെ കൃഷ്ണമണി പോലെ തന്നെ.

അവളുടെ പഠനം ഒരു വലിയ ബാധ്യതയായപ്പോള്‍ അയാള്‍ കൂടുതല്‍ ജോലി ചെയ്യാന്‍ തുടങ്ങി. എല്ലാം അവളെ അറിയിചിട്ടുതന്നെയെങ്കിലും അവളുടെ എതിര്‍പ്പുകളെ അയാള്‍ വകവെച്ചില്ല. അവള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്ന അയാളല്ലാതെ അവള്‍ക്കാരാണ് ഇതെല്ലാം ചെയ്യാന്‍ . അയാള്‍ എല്ലാറ്റിനും തയ്യാറായി. അവള്‍ അറിഞ്ഞുകൊണ്ട് തന്നെ. കഠിനമായി അധ്വാനിക്കുമ്പോഴും അയാളുടെ ഒരേ ഒരു ദുഃഖം അവളുടെ അടുത്ത് എപ്പോഴും ഉണ്ടാകാന്‍ പറ്റില്ലല്ലോ എന്ന് മാത്രമായിരുന്നു.

അതയാള്‍ക്ക്‌ ഒരു വലിയ പ്രശ്നം തന്നെയായി താനും. താന്‍ ഇല്ലാത്തപ്പോഴതെ അവളുടെ സംരക്ഷണം. ഒടുവില്‍ തൊട്ടടുത്തുള്ള അയാളുടെ അനിയനെയും കുടുംബത്തെയും അയാള്‍ ആശ്രയിക്കാന്‍ തുടങ്ങി. അവര്‍ക്ക് അവളെയും അവള്‍ക്ക് അവരെയും പണ്ടേ ഇഷ്ട്ടവുമായിരുന്നു. അച്ഛനെയും അമ്മയെയും പോലെതന്നെ അവര്‍ അവള്‍ക്കു സംരക്ഷണം നല്‍കി. അവിടെയും രണ്ടു കുട്ടികളുണ്ട്. അവള്‍ അവരോടൊപ്പം എപ്പോഴും ഉണ്ടാകും. അതയാള്‍ക്ക്‌ വലിയ ആശ്വാസം തന്നെയായിരുന്നു.

അയാള്‍ സമാധാനത്തോടെ ജോലി ചെയ്യാന്‍ തുടങ്ങി. എങ്കിലും അയാളുടെ ഒരു കണ്ണും മനസ്സ് മുഴുവനും അവളുടെ കൂടെതന്നെയായിരുന്നു. എന്നിട്ടും .... എനിക്ക് തന്നെ എഴുതാന്‍ വരികളില്ല. ഒരിക്കല്‍ അയാള്‍ ജോലി കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ മകള്‍ അയാളുടെ വീട്ടിലില്ല. അയാള്‍ക്ക്‌ ഒരു പരിഭ്രമവും ഉണ്ടായില്ല. അവിടെയില്ലെങ്കില്‍ തൊട്ടടുത്തുള്ള അനിയന്റെ വീട്ടില്‍ ഉണ്ടാകും അവള്‍ . അയാള്‍ വേഗം അവിടെയെത്തി. പക്ഷെ അവിടെയും ആരുമുള്ളതായി അയാള്‍ക്ക്‌ തോന്നിയില്ല. വീട് അടച്ചിരിക്കുന്നു. ചിലപ്പോള്‍ എല്ലാവരും കൂടി അമ്പലത്തില്‍ പോയതാകാം. അവര്‍ പോകുമ്പോള്‍ അവളെയും കൂടെ കൊണ്ട് പോകാറുണ്ടായിരുന്നു.

വീടിന് ചുറ്റും ഒന്ന് നടന്നുനോക്കി അയാള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ആരോ ഞരങ്ങുന്നപോലെ അയാള്‍ക്ക്‌ തോന്നിയത്. ശ്രദ്ധിച്ചപ്പോള്‍ അതൊരു പെണ്‍കുട്ടിയുടേത് പോലെ തോന്നി . അതോടെ അയാള്‍ക്ക്‌ നില്‍ക്കാന്‍ വയ്യാതായി. ഒന്ന് ഞെട്ടിയ അയാള്‍ മനസ്സിലേക്ക് കടന്നെത്തിയ അശുഭ ചിന്തകളെ ആട്ടിയോടിക്കാന്‍ ശ്രമിച്ചുകൊണ്ട് ചുറ്റും തിരയാന്‍ തുടങ്ങി. അയാളുടെ ശ്രമം വൃധാവിലായില്ല. ശബ്ദം വരുന്നത് വീട്ടിനകത്ത് നിന്ന് തന്നെ എന്ന് മനസ്സിലാക്കിയ അയാള്‍ അകത്തേക്ക് ശ്രദ്ധ തിരിച്ചു. വാതിലോ ജനലോ തുറക്കാന്‍ പരിശ്രമിച്ചു. ഒടുവില്‍ ഒരു ജനല്‍ തുറന്നു കിട്ടിയപ്പോള്‍ അതിലൂടെ നോക്കിയ അയാള്‍ തരിച്ചു പോയി. അടച്ചിട്ട മുറിക്കുള്ളില്‍ ചോരയില്‍ കുളിച്ച് ഒരു പെണ്‍കുട്ടി.

അത് അവളുടെ മകളാകല്ലേ എന്ന പ്രാര്‍ത്ഥനയോടെയാണയാല്‍ വാതില്‍ ചവിട്ടി തുറന്നത്. പ്രതീക്ഷ എപ്പോഴും ശരിയാകണം എന്നില്ലല്ലോ . അത് അയാളുടെ മകള്‍ തന്നെയായിരുന്നു. ജീവന് വേണ്ടിയുള്ള അവാസാനത്തെ പിടച്ചിലും കഴിഞ്ഞ് നിര്‍ജ്ജീവമായ അയാളുടെ മകള്‍ . അപ്പോഴും അവളുടെ കണ്ണുകള്‍ പ്രതീക്ഷയോടെ അയാളെ തിരഞ്ഞിരുന്ന പോലെ തോന്നി അയാള്‍ക്ക്‌. രക്ഷിക്കാന്‍ താന്‍ പറന്നെത്തുമെന്ന് അവള്‍ ആഗ്രഹിചിരുന്നപോലെ. പ്രാണന്‍ പിടയുമ്പോഴും മാനം കാക്കാന്‍ ശരീരത്തില്‍ ചേര്‍ത്തുപിടിച്ച തുണിക്കഷ്ണങ്ങള്‍ അപ്പോഴും അവളുടെ കൈക്കുള്ളിലുണ്ടായിരുന്നു. ചേതനയറ്റ അവളുടെ ശരീരം കയ്യിലെടുത്ത്, ജീവശ്ശവമായി അയാളിരിക്കവേ പെട്ടെന്ന് ആരോ ഓടിവരുന്നതായി അയാള്‍ക്ക്‌ തോന്നി.

വളരെ പെട്ടെന്ന് അയാള്‍ അവളെ അവിടെ കിടത്തി മറഞ്ഞു നിന്നു. യുക്തിയോ ബുദ്ധിയോ.. അയാള്‍ക്ക്‌ തന്നെ നിശ്ചയമില്ലായിരുന്നു. കടന്നെത്തിയ മനുഷ്യന്‍ മറ്റൊന്നും ശ്രദ്ധിക്കാതെ വാതില്‍ തുറന്ന് അകത്തെത്തി കയ്യില്‍ കരുതിയിരുന്ന ചാക്കില്‍ താന്‍ കടിച്ചുകീറിയ ആ പെണ്‍കുട്ടിയുടെ ശരീരം കുത്തികയറ്റാന്‍ ശ്രമം തുടങ്ങി. മങ്ങിയ വെളിച്ചത്തില്‍ കണ്ട അയാളുടെ മുഖമാണ് ആ അച്ഛനെ ശരിക്കും കൊന്നു കളഞ്ഞത്. അത് അയാളുടെ അനിയന്‍ തന്നെയായിരുന്നു. പിന്നെ അയാള്‍ക്കൊന്നും ഓര്‍മ്മയില്ല. കയ്യില്‍ കിട്ടിയ ആയുധമെടുത്ത് അയാള്‍ അനിയന് നേരെ ചാടിവീണ് ആഞ്ഞുവെട്ടി. അപ്രതീക്ഷിതമെങ്കിലും അയാളുടെ വെപ്രാളം ഉന്നം തെറ്റിച്ചുപോയി. ലക്‌ഷ്യം കാണാതെ വഴിതെറ്റിയ ആയുധം അയാളുടെയും അടിതെറ്റിച്ചപ്പോള്‍ ആ തക്കത്തിന് അയാള്‍ പുറത്തേക്കു ഓടിയിറങ്ങി. അലറിവിളിച്ച്‌ ഒപ്പം ചാടിയെങ്കിലും അയാള്‍ക്ക്‌ എത്തിപ്പിടിക്കാനാകും മുന്‍പേ അവന്‍ ഓടി മറഞ്ഞിരുന്നു.

പിന്നെ തിരച്ചിലായിരുന്നു. ലോകം മുഴുവനും. മറ്റാരും കണ്ടെത്തും മുന്‍പേ പിടികൂടാനും നീതി നടപ്പിലാക്കാനും. മനുഷ്യന്റെ വേദനയുടെ നീറ്റല്‍ അയാളെ കൊണ്ടെത്തിച്ചത് ശത്രുവില്‍ തന്നെ. കഴുത്ത് അറുക്കുമ്പോള്‍ കൈ വിറച്ചില്ല .... മനസ്സ് പതറിയുമില്ല. ഉന്നം പിഴ്ക്കാതിരിക്കാന്‍ അയാളുടെ മകളുടെ നിഷ്ക്കളങ്ക മുഖം എപ്പോഴും മുന്നിലുള്ളപ്പോള്‍ പിന്നെന്തു വേണം വേറെ.

ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാകും, ഇതെന്തു കഥ.. ഇതൊരു നിത്യ സംഭവമല്ലേ എന്ന്. പക്ഷെ കഥ ഇവിടെ തുടങ്ങുന്നെയുള്ളു. പിന്നെ എന്തുണ്ടായി എന്നാണു നിങ്ങള്‍ കരുതുന്നത്. ശത്രുവിനെയും കൊന്ന് അയാള്‍ ജയിലിലായി എന്ന്. അല്ലെങ്കില്‍ അയാള്‍ ആത്മഹത്യ ചെയ്തു എന്ന് അല്ലെ. അല്ല.. അയാള്‍ ഇപ്പോഴും ജീവിക്കുന്നു. അനിയന്റെ മക്കളെയും നോക്കി. അവരുടെ അച്ഛനായി, അമ്മയായി, എല്ലാം എല്ലാമായി ... ഇവിടെ ഇവര്‍ രണ്ടുപേരെക്കാള്‍ തകര്‍ന്നു പോയ മറ്റൊരാളുണ്ടായിരുന്നു. ആരും ശ്രദ്ധിക്കാത്ത ഒരാള്‍ .... അനിയന്റെ ഭാര്യ. അവളെ മകളെപോലെ കണ്ടിരുന്ന അവര്‍ക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായി. അവര്‍ അയാളുടെ കുറ്റം അയാള്‍ പോലുമറിയാതെ ഏറ്റെടുത്ത് ജയിലിലായി. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com




Monday, October 4, 2010

പ്രതീക്ഷ ....!!!

പ്രതീക്ഷ ....!!!

ആകാശം പകുത്ത്
സൂര്യന്‍
പകലുമായി പടിയിറങ്ങുമ്പോള്‍
ഒരിക്കലും കരുതിയില്ല
ഇനി രാത്രിയാകുമെന്ന്.

രാത്രിയെന്നാല്‍
ഇരുട്ട് എന്ന് മാത്രമല്ലാത്തതിനാല്‍ ,
പേടിയുണ്ടായില്ലെങ്കിലും
വെളിച്ചം അപ്പോഴവിടെ
അനിവാര്യമായിരുന്നു താനും.
എന്നിട്ടും
നിറഞ്ഞു നിന്നത്
രാത്രിമാത്രം.

ഇനി
പ്രതീക്ഷിക്കാന്‍ മാത്രമായി
കുറെ നിമിഷങ്ങള്‍
പ്രതീക്ഷയ്ക്കൊടുവില്‍
പകല്‍ വന്നെത്തുമ്പോള്‍
കാണാന്‍
താന്‍ തന്നെ അവശേഷിക്കും
എന്നതിന്
യാതൊരു ഉറപ്പുമില്ലാതെയെങ്കിലും. ....!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.കോം

Sunday, October 3, 2010

തിരിച്ചറിവ് ....!!!

തിരിച്ചറിവ് ....!!!

കാറ്റ് നേര്‍ത്തു നേര്‍ത്ത് ഒടുവില്‍ അവളിലാണ് ഇല്ലാതാകുന്നതെന്ന് അവള്‍ക്ക് തോന്നിപോയി അപ്പോള്‍ . എന്നിട്ടും ഒന്നും പറയാതെ തല കുമ്പിട്ടിരിക്കുന്ന അയാളോട് അവള്‍ക്കു തോന്നിയത് പുച്ഛമോ പരിഹാസമോ എന്നുപോലും നിശ്ചയമായില്ല. അതുകൊണ്ട് തന്നെ അവള്‍ കാത്തിരുന്നു. ഈ രാവിന്റെ തിരശ്ശീലയൊന്നുയരാന്‍ . മനസ്സും ശരീരവും ഒന്നാകേണ്ട ഈ ധന്ന്യ മുഹൂര്‍ത്തത്തില്‍ ഇങ്ങിനെയൊരവസ്ഥ ഇദ്ദേഹത്തിന് ഉണ്ടായതില്‍ മനസ്സ് വല്ലാതെ വേദനിക്കുമ്പോഴും. ....!

അല്ലെങ്കില്‍ തന്നെ തന്റെ പേരില്‍ ഇനിയും ഈ പാവത്തിനെ ക്രൂശിക്കുന്നതെന്തിന്. ഇദ്ദേഹം തന്നെ ഇഷ്ട്ടപ്പെടുകയും താന്‍ പോലുമറിയാതെ തന്നെ തന്നെ കല്ല്യാണം കഴിക്കണമെന്ന് വാശിപിടിക്കുകയും ചെയ്തതിനല്ലേ ഇവിടുത്തെ അമ്മ തന്നോടങ്ങിനെ പറഞ്ഞത്. ആരും കേള്‍ക്കാതെ തന്നെ മാത്രം കുത്താന്‍ കിട്ടിയ അവസരം മുതലാക്കുന്നതിനിടയില്‍ ഇദ്ദേഹം കടന്നെതുമെന്ന് അവര്‍ പോലും ആലോചിച്ചിട്ടുണ്ടാകില്ലല്ലോ .....!

പക്ഷെ ..... ആ അമ്മയുടെ വാക്കുകള്‍ ... കല്ല്യാണം കഴിഞ്ഞ് എല്ലാ മോഹങ്ങളോടെയും കടന്നു ചെന്ന തനിക്ക് അതുമാത്രം സഹിക്കാനായില്ല. പലപ്പോഴും പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ടെങ്കിലും അത് ചോദിക്കാന്‍ തന്റെ അമ്മയുടെ മുന്നിലെത്തുമ്പോള്‍ വാക്കുകള്‍ മുറിയും. അക്ഷരങ്ങള്‍ വിങ്ങും. ചോദ്യം തന്നോട് തന്നെയാകും. എന്തിന് .... അല്ലെങ്കില്‍ ആര്‍ക്ക്‌ .... പറയുന്നവരുടെ വാക്കുകള്‍ക്ക്‌ അവരുടെ വിലമാത്രമാകുമ്പോള്‍ പിന്നെ തനിക്കെന്ത്‌ ... ....!!! എന്നിട്ടും അറിയാനുള്ള ഒരാഗ്രഹം.. അത് ബാക്കിയായി മനസ്സിലുണ്ടായിരുന്നു ...!

ആ ആഗ്രഹത്തിന്റെ നിറം ഇപ്പോള്‍ മാറിയിരിക്കുന്നു. അല്ലെങ്കില്‍ ആ അമ്മയുടെ ചോദ്യം അതിന്റെ നിറം മാറ്റിയിരിക്കുന്നു. അതിനിപ്പോള്‍ , പകയുടെ, അല്ലെങ്കില്‍ ഒരുപക്ഷെ പ്രതികാരത്തിന്റെ പകര്‍പ്പായിരിക്കുന്നു. തന്റെ അമ്മ പോലും പറയാത്ത സത്യങ്ങളാണ് അദ്ധേഹത്തിന്റെ അമ്മയുടെ വായില്‍ നിന്ന് അഗ്നിയായി ആളിക്കത്തിയത്‌. ഇനി കണ്ടെത്തണം .. അതുമാത്രം.. എന്നിട്ടുവേണം ചോദിക്കാന്‍ .... എന്തിന് വേണ്ടിയാണ് തന്നോടും തന്റെ അമ്മയോടും ഇങ്ങിനെ ചെയ്തതെന്ന് ....!

ഒരിക്കല്‍ പോലും ആരെയും ഒരു ദുഷിച്ച വാക്കുപോലും പറയാത്ത തന്റെ അമ്മയ്ക്ക് എങ്ങിനെ ഇങ്ങിനെയൊരു ദുരിത ജീവിതം കിട്ടിയെന്നു താന്‍ തന്നെ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്‌. അമ്മയ്ക്കെങ്ങിനെ ഇങ്ങിനെ ആരുമില്ലാതായെന്നു ഒരിക്കലെങ്കിലും ചോദിക്കണമെന്ന് പലകുറി കരുതിയതാണ്. പക്ഷെ ആരുമില്ലെങ്കിലും തന്നെ താഴത്തും തലയിലും വെക്കാതെ, അല്ലലൊട്ടും ഇല്ലാതെ കൊണ്ടുനടക്കുന്ന ആ അമ്മയോട് എങ്ങിനെ ചോദിക്കാന്‍ ..! എന്ത് ചോദിക്കാന്‍ ...!

പക്ഷെ ഇനി വയ്യ... അല്ലെങ്കില്‍തന്നെ, ജീവനായി താന്‍ അവശേഷിക്കെ എങ്ങിനെ വെറുതെയിരിക്കും . ഇതുവരെ ഒന്നും അറിയാത്തതായിരുന്നു പ്രശ്നം. ഇപ്പൊ പലതും അറിയുന്നു. പലതും ഇനി അറിയാനിരിക്കുന്നു. അറിയേണ്ടതോ, അറിയേണ്ടാതതോ . എന്തായാലും തനിക്കുള്ളത്. അതുകൊണ്ട് തന്നെ ഇനി വയ്യ... പോവുക തന്നെ... അമ്മയെ അറിയിക്കാതെയിരിക്കുവാന്‍ മനസ്സനുവതിച്ചില്ല. അനുഗ്രഹത്തിനായി കാത്തു നിന്നില്ലെങ്കിലും...... അല്ലെങ്കില്‍തന്നെ ഈ യാത്ര അനിവാര്യവും. ഇത് തന്നെ തന്നെയുള്ള തേടലല്ലേ .. തന്നിലേക്ക് തന്നെയുള്ളതല്ലേ ഈ യാത്ര .... തുടക്കവും, ഒരുപക്ഷെ ഒടുക്കവും ഇവിടെ തന്നെയാകട്ടെ ...!!!

തിരച്ചിലിനൊടുവില്‍ എത്തിച്ചേര്‍ന്നത് ഒരു വലിയ വീട്ടില്‍ . പൂമുഖത്തെത്തിയപ്പോള്‍ കാത്തിരിക്കുന്ന പോലെ അദ്ദേഹം ....! പിതൃത്വത്തിന്റെ ജീവ രൂപം ... ഒരിക്കലും കണ്ടിട്ടില്ലെങ്കിലും രക്തം രക്തത്തെ തൊട്ടറിയുന്നു. പരിസരം മറന്നുനിന്ന തന്റെ ശിരസ്സില്‍ ഒരു തലോടല്‍ . ആ സ്പര്‍ശം, തന്നെ കൊണ്ടുപോകുന്നത് ജീവന്റെ അങ്ങേ പുറത്തേക്ക് ... ജീവിതത്തിലേക്ക് ....! ലോകം തനിക്ക് ചുറ്റും കറങ്ങുകയാണെന്ന് ഒരിക്കലെങ്കിലും മറന്നുപോയ നിമിഷം. .. പിന്നെ ഒന്നും ഓര്‍മ്മതന്നെയില്ല. സ്വയം അലിഞ്ഞ് തന്നെത്തന്നെ നഷ്ടപ്പെട്ട് കുറെയേറെ നിമിഷങ്ങള്‍ . .....!

ഉണര്‍ന്നെണീറ്റപ്പോള്‍ പക്ഷെ ഏറെ വൈകിയിരുന്നു. .. വൈകി എന്നതിനേക്കാള്‍ സ്വയംതന്നെ നഷ്ടപ്പെടുകയും ചെയ്തിരുന്നു അപ്പോഴേക്കും. തന്റെ ചിന്തകള്‍ ... തന്റെ പ്രതീക്ഷകള്‍ ... തന്റെ വികാരങ്ങള്‍ ... എല്ലാം മാറ്റി മറിക്കപ്പെട്ടിരിക്കുന്നു .... അല്ലെങ്കില്‍ മാറി മറിഞ്ഞിരിക്കുന്നു. ....! പിന്നെ തിരിഞ്ഞ് ഓടുകയായിരുന്നു. തിരിച്ച് തന്റെ അമ്മയുടെ അടുത്തേക്ക്. കൊല്ലാന്‍ വന്നവന്‍ സ്വയം ചാകാന്‍ വേണ്ടി ....! അങ്ങിനെതന്നെയാണ് പറയേണ്ടത് ...! എന്നിട്ടും, സര്‍വ്വ ശക്തിയുമെടുത്ത് ഓടിതളര്‍ന്ന് അവിടെയെത്തിയപ്പോഴേക്കും ദൈവം തന്നെത്തന്നെ വീണ്ടും തോല്‍പ്പിച്ച്കളഞ്ഞു. ...! ഇനിയൊരിക്കലും ജയിക്കനാകാത്ത വിധം .....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

പ്രണയം ....!!!

പ്രണയം ....!!!

പ്രണയം
പൂത്തു തളിര്‍ക്കുന്നത്
ഹൃദയത്തിലാണെന്ന്
എല്ലാവരും പറയുന്നു ...!

കാലത്ത് കാണുകയും
ഉച്ചക്ക് പരിചയപ്പെടുകയും
വൈകീട്ട് വിളിച്ചു
രാത്രി മുഴുവന്‍
സംസാരിക്കുകയും ചെയ്ത്
പിറ്റേന്ന് കാലത്ത്
വീട്ടുകാര്‍ അറിയാതെ ഒളിച്ചോടി
കല്ല്യാണം കഴിക്കുന്നതിനിടയില്‍
പ്രണയത്തിനു എവിടെയാണ്
പൂക്കാനും തളിര്‍ക്കാനും
ഹൃദയത്തില്‍ വസിക്കാനും
സമയം കിട്ടുക ...!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Thursday, September 30, 2010

മനുഷ്യനും ദൈവവും ...!!!

മനുഷ്യനും ദൈവവും ...!!!

പള്ളി പൊളിച്ച്
അവിടെയൊരു
അമ്പലം പണിതിട്ടും
അമ്പലം മാറ്റി
അതൊരു പള്ളിയാക്കിയിട്ടും
അവിടെ
ദൈവമില്ലെങ്കില്‍
പിന്നെന്തു കാര്യം ...!

ദൈവമിരിക്കുന്നത്
മനുഷ്യന്റെ
മനസ്സിലാണെന്ന്
മനസ്സിലാക്കാന്‍ മാത്രം
മനസ്സാക്ഷിയില്ലാത്തവര്‍ക്ക്
പിന്നെ
ദൈവമെന്തിനു ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Tuesday, September 28, 2010

പച്ചക്ക് കത്തുന്ന ജീവന്‍ ....!!!

പച്ചക്ക് കത്തുന്ന ജീവന്‍ ....!!!

പകയുടെ ചോരച്ചാലുകള്‍ നീന്തിക്കടന്ന്, ഗന്ധകത്തിന്റെ പുകച്ചുരുളുകള്‍ക്കുള്ളിലൂടെ കറുത്ത് മെലിഞ്ഞ ആ പെണ്‍കുട്ടി അവിടെയെത്തിയത് ജീവിക്കാന്‍ മാത്രമാണ്. അവള്‍ക്കു വേണ്ടി മാത്രമല്ല. അവളുടെ കുടുംബത്തിനു വേണ്ടി കൂടി . പിന്നെ അവളുടെ രാജ്യത്തിന് വേണ്ടികൂടിയും. അതുകൊണ്ട് തന്നെ, അവള്‍ക്കു വല്ലാത്ത വാശിയുമായിരുന്നു. ജീവിതത്തോടും, ജീവനോടും. കലാപത്തിന്റെ അഗ്നിനാളങ്ങള്‍ അപ്പോഴും കത്തിനില്‍ക്കുന്ന അവളുടെ കണ്ണുകളാണ് മരണത്തിന്റെ ആ കാവല്‍ക്കാരനെകുറിച്ച് ആദ്യം എന്നോട് പറഞ്ഞത്. അപ്പോഴും ഭൂതകാലത്തിന്റെ ഓര്‍മ്മയായി അവള്‍ കാത്തു സൂക്ഷിക്കുന്ന ആ ദൂതനെ എനിക്ക് കാണിച്ചു തന്നതും.....!

അങ്ങിനെയൊന്ന് ഇവിടെ ഈ കൊച്ചു ഗ്രാമത്തില്‍ ഞാന്‍ കണ്ടപ്പോള്‍ അതിശയിക്കുകയല്ല, പേടിക്കുകയാണ് ആദ്യം ചെയ്തത്. ഒരു ദുരന്തം തീര്‍ത്ത ജീവിതങ്ങള്‍ തന്നെ ദുരിതം കൊണ്ടാടുമ്പോള്‍ പിന്നെയും ...! ഞാന്‍ വല്ലാതെ പേടിച്ചതുകൊണ്ടുതന്നെ എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് അതിന്റെ സത്യത്തിലേക്ക് ഒരു എത്തിനോട്ടതിനു സ്വയം സന്നദ്ധനായി. അവിടെ വഴിയരുകില്‍ ജീവിതത്തിന്റെ പ്രാരാബ്ദങ്ങള്‍ കുത്തിനിറച്ച ഭാണ്ടവും പേറി അവള്‍ കാതിരുന്നിരുന്നത് ഗന്ധകത്തിന്റെ മണത്തിനായല്ല എന്ന തിരിച്ചറിവ് ഉള്ളില്‍ വല്ലാത്തൊരു വിങ്ങലായി ....!

അത് പിന്നെ എന്നെ നയിച്ചത് അവളുടെ വീട്ടിലേക്കും. അവിടെയാണ് ജീവിതം എന്തെന്ന് ഞാന്‍ തന്നെ അന്നാദ്യമായി കാണുന്നത്. തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനും മന്ദബുദ്ധികളായ രണ്ടു കുട്ടികള്‍ക്കും വേണ്ടി ശരീരം വിറ്റ് പണമുണ്ടാക്കുന്ന അവള്‍ എന്നെയും ഈ സമൂഹത്തെയും നോക്കി കൊഞ്ഞനം കുത്തുകയായിരുന്നു. വീട്ടുകാരെയും നാട്ടുകാരെയും ധിക്കരിച്ചു സ്നേഹിച്ച പുരുഷന്റെ ഒപ്പം ഇറങ്ങിപ്പോന്ന അവള്‍ എല്ലാം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു അപ്പോള്‍ . അവളുടെ മനസ്സുപോലും. മനസ്സില്ലാത്ത ശരീരത്തിന് അല്ലെങ്കില്‍ തന്നെ എന്ത് വില. എന്നിട്ടും അതിനു വേണ്ടി കടിപിടി കൂടുന്ന മനസ്സില്ലാത്ത മനുഷ്യര്‍ക്കുമുന്‍പില്‍ അവള്‍ തന്നെ അപ്പോഴും അജയ്യയായി നിന്നു. ....!

അവളുടെ ശരീതിണോ, അവളുടെ വാര്തകല്‍ക്കോ മാത്രമായി അവളെ സമീപിക്കുന്നവരില്‍ ഒരാളായി മാത്രമേ അവള്‍ എന്നെയും കാണാന്‍ കൂട്ടാക്കിയുള്ളൂ. ഒരു കണക്കിന് അത് ശരിയായതിനാല്‍ ഞാന്‍ തലകുനിച്ചിരുന്നു. അവളോടുള്ള ദയയേക്കാള്‍ എനിക്കരിയെണ്ടിയിരുന്നത് അവളെക്കുറിച്ചുള്ള വിവരങ്ങലായിരുന്നല്ലോ. എന്നെ ശ്രദ്ധിക്കുക പോലും ചെയ്യാതെ അവളുടെ കര്‍മ്മങ്ങളില്‍ മുഴുകുന്ന അവള്‍ക്കുമേലെ എന്റെ കണ്ണുകള്‍ വീണ്ടും ഉടക്കിയത് ഞെട്ടിപ്പിക്കുന്ന മറ്റൊരു കഴ്ചയുമായായിരുന്നു. ...!

മരുന്നുകുപ്പികള്‍ക്കൊപ്പം അവള്‍ അവളുടെ ഭര്‍ത്താവിന്റെ തല്ക്കടുത്തു വെച്ചിരിക്കുന്നത് ഒരുകുപ്പി വിഷമാണ്. എന്നെങ്കിലും അവളുടെ ശരീരത്തിന് വിലയില്ലാതായാല്‍ , ആ ശരീരത്തോടൊപ്പം അവരുടെ എല്ലാവരുടെയും അത്മാവിനെകൂടി സ്വതന്ത്രമാക്കാനുള്ള വിഷം. അതിലൊരു പങ്കായിരുന്നു അവള്‍ കഴുത്തിലണിഞ്ഞുനടക്കുന്നതും. എന്നിട്ടും എന്തിന് പിന്നെയും ജീവിക്കുന്നു എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ മറുപടി എന്നെ വിസ്മയിപ്പിച്ചു. വരും ജന്മത്തിലെങ്കിലും അവള്‍ക്കൊരു ജീവിതത്തിനായി ഈ ജന്മത്തിലെ അവളുടെ പാപം മുഴുവന്‍ അവള്‍ക്കിവിടെ അനുഭവിച്ചു തീര്‍ക്കണമെന്ന് ....!!!!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Monday, September 27, 2010

മുഖങ്ങള്‍ .....!!!

മുഖങ്ങള്‍ .....!!!

നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. പിന്നെ അയാളിലവള്‍ തളിര്‍ക്കുകയും പൂക്കകയും ചെയ്തു. അയാളെ പോലും വിസ്മയിപ്പിച്ചു കൊണ്ട് പലവട്ടം. അവളെ അയാള്‍ക്ക്‌ മാത്രമായി സമര്‍പ്പിക്കാന്‍ അവള്‍ മത്സരിക്കുക തന്നെയായിരുന്നോ എന്നയാള്‍ സംശയിച്ചുപോയി. എങ്കിലും അയാള്‍ ആസ്വദിക്കുക തന്നെയായിരുന്നു. അവളുടെ ഓരോ ചലനങ്ങളും, അവളിലെ ഓരോ ശ്വാസ നിശ്വാസവും ....!

അയാളിലേക്ക് അവള്‍ കടന്നു വന്നിട്ട് അധികം നാളുകളായിരുന്നില്ല അപ്പോള്‍ . ജീവിത പങ്കാളിയായി അവളെ തിരഞ്ഞെടുത്തത് അയാളുടെ വീട്ടുകാര്‍ ഇഷ്ട്ടപ്പെട്ടു തന്നെ. അയാള്‍ക്ക്‌ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അയാളുടെ അച്ഛന്റെ ഇഷ്ടങ്ങള്‍ക്ക് അയാള്‍ പ്രത്യേകം പ്രധാന്ന്യം തന്നെ കൊടുത്തിരുന്നു. അതുപക്ഷേ അച്ഛനോടുള്ള വിധേയത്വമല്ല, അച്ചനിലുള്ള വിശ്വാസം തന്നെയായിരുന്നു. തനിക്കിഷ്ടമില്ലാതതൊന്നും അച്ഛന്‍ ചെയ്യില്ലെന്ന വിശ്വാസം. അതുമല്ലെങ്കില്‍, അമ്മയുടെ കൂടി സ്നേഹം അച്ഛന്‍ ആവോളം തന്നതിന്റെ നന്ദിയും ആകാം ...!

അച്ഛന്‍ കണ്ടിഷ്ടപ്പെട്ട് , മറ്റു ബന്ധുക്കളും സുഹൃത്തുക്കളും അംഗീകരിച്ച് , അവളുടെയും വീട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ഒരു വിവാഹം. അയാള്‍ തന്നെ പലകുറി അവളുടെ ഹൃദയത്തിലേക്ക് കടന്നു കയറാന്‍ കിട്ടിയ അവസരങ്ങള്‍ എല്ലാം ഉപയോഗിച്ചിരുന്നു. ഒഴിവു വേളകളിലെല്ലാം അവളെയും കൂട്ടി പുറത്തിറങ്ങി ഹൃദയം തുറന്ന് സംസാരിക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു. തന്റെ പാതിതന്നെ ആയിരിക്കണം അവളെന്ന് അയാള്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു. വിവാഹത്തിന്റെ ആദ്യ നാളുകള്‍ അയാള്‍ക്ക്‌ നല്‍കിയത് സംതൃപ്തി തന്നെ. അവളെ തന്നെക്കാള്‍ തന്റെ വീട്ടുകാരും സുഹൃത്തുക്കളും അംഗീകരിക്കുന്നത് അയാളുടെ മനസ്സ് നിറച്ചു ....!

എന്നിട്ടും അവളുടെ ഹൃദയം കടന്ന് ശരീരത്തിലേക്ക് കൂടി കടന്നു ചെല്ലാന്‍ ദിവസങ്ങള്‍ എഴു കൂടി വേണ്ടി വന്നു. അത് തന്റെ നിയോഗമെന്ന് അയാള്‍ ആശ്വസിച്ചു. പ്രതീക്ഷിച്ചു. ഒടുവില്‍ ആ നിമിഷം കൂടി. ജീവന്റെ പാതി ശരീരതിന്റെതും കൂടിയെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അല്ലെങ്കില്‍ തന്നെ ശരീരത്തെ മാത്രമായി അയാളൊരിക്കലും ആഗ്രഹിച്ചിരുന്നില്ല തന്നെ. എന്നിട്ടും അവളുടെ ആഗ്രഹങ്ങള്‍ക്കൊന്നും അയാള്‍ എതിരായിരുന്നില്ല തന്നെ. അവളാകട്ടെ അയാളെ മാത്രം കാത്തിരുന്ന പോലെ, മനസ്സും ശരീരവും അര്‍പ്പിച്ച് എന്ന മട്ടിലും ....!

ഓരോ അണുവിന്റെയും അകത്തളങ്ങളിലൂടെ അയാള്‍ക്ക്‌ മുന്‍പേ പറന്നിറങ്ങുന്ന അവളെ ശരീരത്തിലൂടെ മനസ്സിലേക്ക് ആവാഹിക്കുമ്പോള്‍ അയാള്‍ പൂര്‍ണ്ണ തൃപ്തനായിരുന്നു. ആഗ്രഹിച്ച പോലെ ഒരു പെണ്ണ്. കൊതിച്ച പോലെ ഒരു ജീവിതം. അയാളില്‍ അലിഞ്ഞു തീരാന്‍ വെമ്പുന്ന അവളെ ചേര്‍ത്ത് പിടിക്കവേ, അവളും നിറയുകയായിരുന്നു. അവളുടെ മനസ്സും തുളുമ്പുകയായിരുന്നു. അയാളുടെ നെഞ്ചില്‍ അമര്‍ന്നമരുമ്പോള്‍ അവളുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് അയാള്‍ക്ക്‌ മുന്‍പേ അവളെ നിറഞ്ഞറിഞ്ഞ മറ്റൊരുവന്റെ മുഖമായിരുന്നു ......!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Sunday, September 26, 2010

ഏറ്റു പറച്ചില്‍ ...!!!

ഏറ്റു പറച്ചില്‍ ...!!!

കടലാസും പേനയും കൊടുത്തു മടങ്ങിയ വാര്‍ഡന് മുഖം കൊടുക്കാതെ അതുമായി അയാള്‍ തന്റെ മൂലയിലേക്ക് ഉള്‍വലിഞ്ഞു. അവിടെയിരുന്ന് ഒരു നിമിഷം വീണ്ടും ആ കടലാസിലേക്ക് സൂക്ഷിച്ചു നോക്കി. വെളുപ്പിന്റെ വിശുദ്ധി നഷ്ട്ടമാകും മുന്‍പുള്ള പിടച്ചില്‍ ആ കടലാസില്‍ അയാള്‍ തൊട്ടറിഞ്ഞു അപ്പോള്‍ . എങ്കിലും നിശബ്ദനായി, നിസ്സഹായനായി, അയാള്‍ വെറുതേ ഇരുന്നു, ഒരു നിമിഷം കൂടി. പിന്നെ നീലച്ച വരകളിലൂടെ തന്റെ ഹൃദയം തുറക്കാന്‍ തുടങ്ങി.

ഇനി ഏതാനും നിമിഷങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എല്ലായിടത്തും കുറ്റം ഏറ്റുപറഞ്ഞിരുന്നതിനാല്‍ നടപടികള്‍ എളുപ്പമായിരുന്നു. നിയമത്തിന്റെ തടിച്ച എടുകള്‍ക്കിടയില്‍ വല്ലാതെ ഞെങ്ങി ഞെരുങ്ങേണ്ടി വന്നില്ല എന്നത് അയാളില്‍ ആശ്വാസമല്ല ഉണ്ടാക്കിയത്. പോലീസുകാര്‍ക്ക് പണി എളുപ്പമാക്കി കൊടുക്കുന്നതില്‍ അയാള്‍ക്കൊട്ടും ആവേശമുണ്ടായിരുന്നില്ല തന്നെ. തന്റെ തെറ്റുകള്‍ക്ക് താന്‍ തന്നെ ശിക്ഷയും അനുഭവിക്കണമെന്ന് അയാള്‍ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു.

അല്ലെങ്കില്‍ തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ആ സംഭവത്തില്‍ സമൂഹം തന്നെ ഇടപെട്ടിരുന്നത് വല്ലാത്തൊരു ആവേശത്തിലും ആയിരുന്നല്ലോ. അതി നിഷ്ടൂരമായി ഒരു പെണ്‍കുട്ടിയെ പതിയിരുന്ന് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ തന്നെ വെറുതേ വിടണമെന്ന് ആരെങ്കിലും പറയുമോ. സാമൂഹിക സങ്കടനകളും പൊതു സമൂഹവും അതുകൊണ്ട് തന്നെ ശക്തമായാണ് പ്രശ്നത്തില്‍ ഇടപെട്ടതും. പൊതുവേദികളില്‍ കൊണ്ടുവരുമ്പോഴെല്ലാം ജനം അയാളെ തുരു തുരാ കല്ലെറിഞ്ഞു. അപ്പോഴൊക്കെ ഒന്നില്‍ നിന്നും ഒഴിഞ്ഞു മാറാതെ അയാള്‍ എല്ലാറ്റിനും നിന്ന് കൊടുത്തിരുന്നു. ഒരു അവകാശം പോലെ.

എന്നിട്ടും അയാളുടെ കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടാണ് വിധി വന്നത്. ജീവ പര്യന്തം തടവിനു ശിക്ഷിച്ചു കൊണ്ട്. അതുകൊണ്ട് തന്നെ അയാള്‍ വല്ലാതെ പരിഭവിച്ചു. അവിടെ മാത്രം പക്ഷെ ദൈവം അയാളുടെ വിളി കേട്ടു, അന്ന് ആദ്യമായി. ഒരു സന്നദ്ധ സംഘടന അയാളുടെ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയി, അയാളുടേത് വധ ശിക്ഷയാക്കി ഉറപ്പിച്ചു. അന്നായിരുന്നു ഒരുപാട് നാളുകള്‍ക്കു ശേഷം അയാള്‍ ഏറെ സന്തോഷിച്ചത്‌.

എന്നിട്ടും അടുത്തറിയുന്ന ഒരാളും തന്നെ അവിശ്വസിക്കാന്‍ തയ്യാറായില്ല എന്നത് അയാളെ തളര്‍ത്തുക തന്നെ ചെയ്തു. എത്ര പറഞ്ഞിട്ടും അവരാരും മാറുന്നെയില്ല എന്നതാണ് അയാളെ വേദനിപ്പിച്ചത്. അങ്ങിനെ വേണ്ടപ്പെട്ടവരെന്നു പറയാന്‍ മാത്രം അയാള്‍ക്കുണ്ടായിരുന്നത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരുന്നിട്ടും. അതില്‍ തന്നെ അവളായിരുന്നു അയാളെ തോല്‍പ്പിച്ചു കൊണ്ടെയിരുന്നത്. ആരുമല്ലാതിരുന്നിട്ടും അയാളുടെ എല്ലാമായി അയാള്‍ക്കൊപ്പം നില്‍ക്കുന്ന അവള്‍ . അതുകൊണ്ട് തന്നെ അവളോട്‌ തന്നെയാണ് അയാള്‍ക്ക്‌ സത്യം പറയേണ്ടിയിരുന്നതും.

വേദനയുടെ തുടിപ്പുകള്‍ നീര്‍ചാലുകളായി അയാളിലൂടെ ഊര്‍ന്നിറങ്ങി, മരവിച്ച ആ തടങ്കല്‍ പാളയത്തിന്റെ തണുത്ത തറയിലൂടെ പുറത്തേക്കൊഴുകാന്‍ തുടങ്ങിയിരുന്നു അപ്പോള്‍ . ഒരുപാട് ആലോചനകള്‍ക്ക് ശേഷം, ഒരുപാട് തിരുത്തലുകള്‍ക്ക് ശേഷം ഏറെ നേരത്തിനു ശേഷം അയാള്‍ അത് മുഴുവിപ്പിച്ചു. അപ്പോഴേക്കും ആ കടലാസില്‍ അവശേഷിച്ചത് കുറച്ചു വരികള്‍ മാത്രം.

മാപ്പ്. ഞാന്‍ തന്നെയാണ് തെറ്റുകാരന്‍. ഒരിക്കലും ആരോടും പറയാത്ത ആ സത്യം നിന്നോട് മാത്രം ഇപ്പോള്‍ പറയുന്നു. അവളെ ഞാന്‍ കാത്തിരുന്നു കൊന്നത് തന്നെയാണ്. കരുതിക്കൂട്ടി പതിയിരുന്ന്, കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെ. കാരണം എന്നെ ജീവിതത്തില്‍ ചതിച്ചത് ആവള്‍ മാത്രമായിരുന്നു. ഞാന്‍ എന്റെ ജീവന്‍ തന്നെ കൊടുത്തിട്ടും അവള്‍ എന്നെ മനപ്പോര്‍വ്വം ചതിച്ചു. ചതിയുടെ പ്രതിഫലം മരണമല്ലാതെ മറ്റെന്താണ് . എന്നിട്ടും എനിക്ക് കുറ്റബോധമുണ്ട്. കാരണം ഞാന്‍ നിന്നോടോന്നും പറഞ്ഞിരുന്നില്ല എന്നതില്‍ . അതുകൊണ്ട് തന്നെ മാപ്പ് ചോതിക്കുന്നു . നിന്നോട് മാത്രം. പക്ഷെ നീയെനിക്ക് മാപ്പ് തരരുത്. കാത്തിരിക്കണം, അടുത്ത ജന്മം വരെ. എന്നോട് പകരം ചോദിക്കാന്‍ ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Saturday, September 25, 2010

എന്റെ സുഹൃത്ത്‌ .....!!!

എന്റെ സുഹൃത്ത്‌ .....!!!

മഴയ്ക്കും മഞ്ഞിനുമിടയില്‍ വീര്‍പ്പുമുട്ടുന്ന പുലരിയിലാണ് അയാള്‍ എവിടെനിന്നോ എന്ന പോലെ വീട്ടിലേക്കു കയറി വന്നത്. ഉറക്കത്തിന്റെ അവസാന തുള്ളികളില്‍ സ്വയം അലിയുന്ന ആ മനോഹര നിമിഷങ്ങളില്‍ കടന്നു വന്ന അയാളുടെ വിളികള്‍ സ്വപ്നത്തിലെന്ന പോലെ കാതില്‍ മുട്ടി വിളിച്ചപ്പോള്‍ ഞാന്‍ മെല്ലെ പുതപ്പില്‍ നിന്നും ഊര്‍ന്നിറങ്ങി. അതിനു മുന്‍പേ, അടുക്കളയിലായിരുന്ന ഭാര്യ അയാളുടെ വിളി കേട്ട്, പേടിയോടെ എന്റെ അടുത്തേക്ക് വരികയായിരുന്നു. ഇത്ര വെളുപ്പിന് ആരാണ് എന്ന അതിശയത്തേക്കാള്‍ , ഒരു ചെറിയ ഭയം തന്നെയായിരുന്നു അവളില്‍ .

എനിക്ക് പിന്നില്‍ മറഞ്ഞുനിന്ന് നോക്കുന്ന അവളെ നോക്കി ഞാന്‍ ഉറക്കം വകഞ്ഞു മാറ്റിയ കണ്‍പീലികള്‍ ഉയര്‍ത്തി വാതില്‍ തുറന്നു. തുറന്നു നോക്കിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. അതുപക്ഷേ ഭാര്യയിലാണ് വേവലാതിയുണ്ടാക്കിയത്. അവള്‍ തടഞ്ഞിട്ടും ഞാന്‍ പുറത്തിറങ്ങി ചുറ്റും നോക്കി. നനയാന്‍ നിറഞ്ഞു നില്‍ക്കുന്ന പ്രഭാതത്തിലെ കുളിരില്‍ വെയില്‍നാളങ്ങള്‍ കടന്നെത്താന്‍ തിരക്ക് കൂട്ടുന്ന ഞങ്ങളുടെ കണിക്കൊന്നയുടെ ചുവട്ടില്‍ അയാള്‍ ഒരു സിഗരറ്റ് ആഞ്ഞാഞ്ഞ് വലിച്ചു കൊണ്ട് നില്‍ക്കുന്നു. യാത്ര ക്ഷീണം കൊണ്ട് വിവശനായ അയാളുടെ ചുമലില്‍ ഒരു കുഞ്ഞു തളര്‍ന്ന് ഉറങ്ങുന്നുമുണ്ടായിരുന്നു.

പുറം തിരിഞ്ഞു നില്‍ക്കുന്ന അയാളെ ഒറ്റ നോട്ടത്തില്‍ എനിക്ക് മനസ്സിലായില്ല. എന്റെ കാല്‍പ്പെരുമാറ്റം കേട്ടാണെന്നു തോന്നുന്നു, അയാള്‍ എന്റെ മുഖത്തേക്ക് തന്നെ തിരിഞ്ഞു നോക്കവേ ഞാന്‍ അതിശയപ്പെട്ടു പോയി. അത് അവനായിരുന്നു. എന്റെ നാട്ടുകാരനും സുഹൃത്തും വഴികാട്ടിയും, ഗുരുവും ഒക്കെയായ എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌. എനിക്ക് മാത്രമല്ല, ഒരുകാലത്ത് നാട്ടുകാര്‍ക്ക് വരെ സര്‍വ്വ സമ്മതനായിരുന്നു അവന്‍. നാട്ടുകാരുടെ കണ്ണിലുണ്ണി. വീട്ടുകാരുടെ പൊന്നോമന. പെണ്‍കുട്ടികളുടെ ആരാധന പാത്രം. ചിലപ്പോഴൊക്കെ അവനോട് എനിക്ക് അസൂയ തോന്നാറുണ്ടായിരുന്നതും അതുകൊണ്ടൊക്കെ തന്നെ.

എല്ലാ പെണ്‍കുട്ടികളുടെയും മോഹങ്ങളും വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രതീക്ഷകളും പാടെ തെറ്റിച്ചു കൊണ്ടായിരുന്നു അവന്റെ വിവാഹം. മറ്റൊരു മതത്തില്‍ പെട്ട പെണ്‍കുട്ടിയെ നാട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ ശക്തമായ എതിര്‍പ്പിനും ഭീഷണികള്‍ക്കും വഴങ്ങാതെ അതി സാഹസികമായി വിവാഹം കഴിച്ച് യുവാക്കളുടെ വീരനായി അവന്‍ അവതരിച്ചപ്പോള്‍ ഞാന്‍ പോലും ഞെട്ടിപ്പോയി. നാട്ടില്‍ ആരും സഹായിക്കാന്‍ ഇല്ലാതിരുന്നിട്ടും , ആരെയും കൂസാതെ അവനും അവളും അവിടെത്തന്നെ ജീവിച്ചു കാണിച്ചു. ധൈര്യ പൂര്‍വ്വം.

പിന്നെ അവനു ജോലികിട്ടി അവര്‍ രണ്ടുപേരും നാട്ടില്‍ നിന്നും പോകും വരെ അവന്‍ തന്നെയായിരുന്നു എല്ലാവരുടെയും വീര പുരുഷന്‍ . ഇപ്പോള്‍ വര്‍ഷങ്ങള്‍ പലതും കടന്ന് പോയിരിക്കുന്നു. ഞാന്‍ അങ്ങോട്ട്‌ വിളിച്ചില്ലെങ്കിലും ഇടയ്ക്കിടെ എന്നെ വിളിച്ച് വിവരങ്ങള്‍ തിരക്കാരുള്ള അവന്‍ ഭാര്യയുമായി എന്റെ വീട്ടിലും കുറെ മുന്‍പൊരിക്കല്‍ വന്നിട്ടുണ്ട്. പിന്നീട് പിന്നീട് അവന്റെ സംസാരത്തില്‍ എന്നെ മാത്രമേ അവന് വിശ്വാസമുള്ളൂ എന്ന തോന്നല്‍ ഉണ്ടാക്കിയത് എന്നെ അത്ഭുതപെടുത്തുകയും ചെയ്തിരുന്നു.

ആലോചനയില്‍ ഞാന്‍ ഒരു നിമിഷം എന്നെ മറന്നപ്പോള്‍ അവന്‍ എന്റെ അടുതെത്തി ഉറങ്ങുന്ന കുഞ്ഞിനെ എന്റെ കയ്യില്‍ തന്ന് ഒന്നും പറയാതെ അകത്തേക്ക് നടന്നു. വാതില്‍ക്കലുണ്ടായിരുന്ന എന്റെ ഭാര്യയെ കണ്ടതായി പോലും നടിക്കാതെ അകത്തു കടന്ന അവന്‍ നേരെ അകത്തേക്ക് കടന്ന്, ബാത്‌റൂമില്‍ പോയി വാതിലടച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അതിശയത്തോടെ നില്‍ക്കുന്ന എന്നെ ഭാര്യ സംശയത്തോടെ നോക്കവേ ഞാന്‍ കുഞ്ഞിനെ അവളുടെ കയ്യില്‍ കൊടുത്തു.

ഒന്നുമറിയാതെ തളര്‍ന്നുറങ്ങുന്ന ഏകദേശം മൂന്നു വയസ്സുള്ള ഓമനയായ ആ പെണ്‍കുഞ്ഞിനെ അവള്‍ വാത്സല്യത്തോടെ എടുത്ത് അകത്തു കൊണ്ടുപോയി പുതപ്പിച്ചു കിടത്തി, വീണ്ടും അടുക്കളയിലേക്കു പോയി. . അടഞ്ഞ വാതിലിനു പുറത്ത് ഞാന്‍ അയാളെ കാത്തു നില്‍ക്കവേ അയാള്‍ക്കുള്ള ചായ കൊണ്ടുവന്നു വെച്ച് വീണ്ടും എന്നെ ചോദ്യ ഭാവതിലൊന്ന് നോക്കി അവള്‍ അടുക്കളയിലേക്കു വലിഞ്ഞു.

കാത്തിരിപ്പിനൊടുവില്‍ അവന്‍ ബാത് റൂമില്‍ നിന്നിറങ്ങി, ഞാന്‍ നീട്ടിയ ടവല്‍ കൊണ്ട് മുഖം തുടച്ച്, പിന്നെ കൊടുത്ത ചായയും കുടിച്ചുകൊണ്ട് എന്റെ മൊബൈല്‍ വാങ്ങി എന്നോടൊന്നും പറയാതെ ആരെയോ വിളിക്കാന്‍ തുടങ്ങി. അവന് അവന്റെ സ്വകാര്യത കൊടുക്കാം എന്നുവെച്ച് പുറത്തിറങ്ങാം എന്ന് കരുതവേ, അവന്‍ സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ക്ലിയര്‍ അല്ലാത്തത് കൊണ്ടോ എന്തോ ഹലോ ഹലോ എന്ന് പലകുറി പറഞ്ഞ് ഒടുവില്‍ പോലീസ് സ്റ്റേഷന്‍ അല്ലെ എന്ന ചോദ്യം കേട്ടത് കൊണ്ടാണ് ഞാന്‍ ശരിക്കും പിന്തിരിഞ്ഞു നിന്നത്.

പിന്നെ അവന്‍ പറഞ്ഞതൊക്കെ ഇടിവെട്ടായാണ് എന്റെ കാതില്‍ വീണത്‌. അവന്റെ ഭാര്യയെ കൊന്നിട്ടാണ് അവന്‍ വരുന്നതെന്നും, കുഞ്ഞിനെ എന്നെ എല്പ്പിക്കാനാണ് അവന്‍ ഇങ്ങോട്ട് വന്നതെന്നും, ഇവിടെ എത്തിയാല്‍ അവനെ അറസ്റ്റു ചെയ്യാമെന്നുമാണ് അവന്‍ പോലീസിനോട് പറഞ്ഞത്. എന്നിട്ട് ഒഴുകുന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് ഒരു നിമിഷം കണ്ണടച്ച് നിന്ന്, പിന്നെ ഫോണ്‍ എന്റെ കയ്യില്‍ തന്ന് എന്റെ ചുമലിലോന്നു തട്ടി എന്റെ കണ്ണിലേക്കു തന്നെ ഒന്ന് തറപ്പിച്ചു നോക്കി അവന്‍ മെല്ലെ അകത്തേക്ക് കടന്ന്. ഞാന്‍ എഴുന്നേറ്റു പോന്ന എന്റെ കിടക്കയില്‍ കയറി തിരിഞ്ഞു കിടന്നപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ എനിക്ക് പിന്നില്‍ എല്ലാം കേട്ടുകൊണ്ട് കരച്ചിലടക്കി നില്‍ക്കുകയായിരുന്ന എന്റെ ഭാര്യയുടെ കയ്യും പിടിച്ച് അവന്റെ കുഞ്ഞിനടുതേക്ക് നടന്നു. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Friday, September 24, 2010

എന്റെ സ്ഥാനം ...!!!

എന്റെ സ്ഥാനം ...!!!

വാക്കുകള്‍
മുരിയുന്നിടത്
ചിലക്കുന്ന
അക്ഷരങ്ങള്‍ക്ക്
നടുവില്‍
മൌനം നിറയുന്നു.
നിറഞ്ഞ മൌനത്തിനു
വാക്കുകളുടെ
ചിലമ്പലും ...!
മൌനത്തിനും
ശബ്ദതിനുമിടയില്‍
ഈ ഞാനും ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...