Sunday, July 2, 2017

അമ്മിഞ്ഞയുമായി ഓടുന്ന ഒരമ്മ ...!!!

അമ്മിഞ്ഞയുമായി ഓടുന്ന ഒരമ്മ ...!!!
.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇറ്റാലിയൻ നഗരമായ മിലനോയിലെ പ്രാന്ത പ്രദേശത്തെ ഒരു തെരുവോര കോഫി ഷോപ്പിൽ പരസ്യമായി തന്റെ കുഞ്ഞിന് അമ്മിഞ്ഞപ്പാൽ കൊടുക്കുന്ന ഒരമ്മയെ കണ്ടുകൊണ്ടാണ് ഞാനും എന്റെ സുഹൃത്തും അങ്ങോട്ട് കയറിയത് . സുഹൃത്ത് കാപ്പിക്ക് ഓർഡർ കൊടുക്കാൻ പോയപ്പോൾ ഞാൻ ആ അമ്മയ്ക്കടുത്തിരുന്നു . ഒരു അമ്മിഞ്ഞ കുഞ്ഞിന്റെ വായിലും മറ്റേ അമ്മിഞ്ഞ അവന്റെ കയ്യിലും കൊടുത്തുകൊണ്ട് ആ കുഞ്ഞിനാൽ തന്റെ നഗ്നത ചുറ്റിപ്പിടിച്ച് തനിക്ക് ചുറ്റുമുള്ള ലോകം മുഴുവൻ ആ കുഞ്ഞിന്റെ നിഷ്കളങ്കമായ കണ്ണുകളിലേക്ക് ആവാഹിച്ച ആ അമ്മ എന്റെയും അമ്മയെ ഓർമ്മിപ്പിച്ചു അപ്പോൾ ....!
.
എന്റെ നാലാമത്തെ വയസ്സിൽ എനിക്കൊരു അനിയൻ ഉണ്ടാകും വരെ ഞാൻ കുടിച്ച അമ്മിഞ്ഞപ്പാലിന്റെ സ്നേഹം ആ അമ്മയുടെ മുഖത്തും ഞാൻ അനുഭവിച്ചെടുത്തു ആ നിമിഷത്തിൽ . ഇതുപോലെ, നഗ്നമായ എന്റെ അമ്മയുടെ മാറിൽ പാടത്തായാലും പറമ്പിലായാലും ആൾക്കൂട്ടത്തിലായാലും അടുക്കളയിലായാലും കുസൃതികൾ കാട്ടി ഞാൻ അമ്മിഞ്ഞ കുടിച്ചിരുന്നത് നാൽപതു വർഷങ്ങൾക്ക് മുൻപായിരുന്നു എന്ന് അതിശയമായി തോന്നി എനിക്ക് ....!
.
പിന്നീടൊരിക്കൽ പുതിയ ഒരു യാത്രക്കിടയിൽ അവിടെ സാമാന്ന്യം നല്ല തിരക്കുള്ള ആ റെയിൽവേ സ്റ്റേഷനിൽ എനിക്കുള്ള തീവണ്ടിയും കാത്ത് ആളൊഴിഞ്ഞ ഒരിടത്ത് ഞാനിരിക്കുമ്പോൾ നവജാത ശിശുക്കൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ടെലിവിഷനിലെ ആ പരസ്യം എന്നെ കുറച്ചു ദിവസങ്ങൾ പുറകിലേക്ക് കൊണ്ടുപോവുകയായിരുന്നു . ഓർമ്മകളിൽ നിന്നും പിന്നെ ഞാനിറങ്ങിയത് കരയുന്ന ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ട് ഒരു യുവതി എനിക്ക് മുന്നിലൂടെ വെപ്രാളപ്പെട്ട് നടക്കുന്നതും കണ്ടുകൊണ്ടാണ് ...!
.
നിർത്താതെ കരയുന്ന ആ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ അവർ ആവുന്നതെല്ലാം ചെയ്യുന്നുണ്ട് . എന്നിട്ടും കുഞ്ഞ് കരച്ചിൽ നിർത്താത്തത് എന്നിലും സംശയങ്ങൾ ഉണർത്തി . ഇനി ഇവരെങ്ങാനും കുഞ്ഞിനെ മോഷ്ടിച്ചുകൊണ്ടുവരുന്നതാണോ എന്നുപോലും ഞാൻ സംശയിച്ചു . പലയിടങ്ങളിലും ഇരിക്കാനും കുഞ്ഞിനെ ആശ്വസിപ്പിക്കാനും അവർ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അവരെ തന്നെ ഉറ്റുനോക്കുന്ന ആളുകളിൽനിന്നും അവർ അപ്പോഴൊക്കെയും അസ്വസ്ഥതയോടെ പിന്മാറുകയുമായിരുന്നു . ഒടുവിൽ വിശ്രമമുറിയിൽ കയറി, അവിടുന്നും തിരിച്ചിറങ്ങി വരുന്ന അവർ പിന്നെ ഒരു ഒഴിഞ്ഞ മൂലയിൽ കുഞ്ഞിനേയും മടിയിലെടുത്ത് ഇരിക്കാൻ തുടങ്ങിയപ്പോഴാണ് ഒരുകൂട്ടം ആളുകൾ അവിടെയും എത്തിയത് ....!
.
അവിടെനിന്നും എഴുന്നേറ്റ് എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന ആ യുവതിക്കടുത്തേക്ക് അവരുടെ അമ്മയെന്ന് തോന്നിക്കുന്ന മറ്റൊരു സ്ത്രീ എത്തി അവർ എന്തോ സംസാരിക്കുന്നത് കണ്ടപ്പോഴാണ് എനിക്കും ശ്വാസം നേരെ വീണത് . ഞാൻ സംശയിക്കുന്ന വിധമുള്ള ആളുകളല്ല അവരെന്ന വിശ്വാസം എന്നിൽ ഉടലെടുത്തതോടെ പിന്നെ ഞാനും ആശ്വസിച്ചു . കുറച്ചു കൂടി സമയം അവർ രണ്ടു പേരും കൂടി അപ്പോഴും കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ വെപ്രാളത്തോടെ വീണ്ടും ചുറ്റും നോക്കാൻ തുടങ്ങി ..... !
.
അങ്ങിനെ അധികം തിരക്കില്ലാത്ത ഞാനിരിക്കുന്ന ഇടം ശ്രദ്ധയിൽ പെട്ടപ്പോൾ അവർ അങ്ങോട്ടുവന്നു . ഒന്നുമടിച്ചു നിന്നശേഷം ആ യുവതിയുടെ നിര്ബന്ധത്താൽ അവരുടെ 'അമ്മ എന്റെയടുത്തുവന്ന് സങ്കോചത്തോടെ പറഞ്ഞു , കുഞ്ഞിനൽപ്പം പാലുകൊടുക്കാനാണ് ഒന്ന് മാറി ഇരുന്നുതരാമോ എന്ന് . സന്തോഷത്തോടെ ഞാൻ എഴുന്നേറ്റുമാറിയതും ആ യുവതി വിങ്ങുന്ന മാതൃത്വത്തോടെ അവിടെ ധൃതിയിലിരുന്ന് തന്റെ വസ്ത്രമുയർത്തി കുഞ്ഞിനെ മുലയൂട്ടാൻ തുടങ്ങി . അവരെ ശ്രദ്ധിക്കാതെ കുറച്ചു മാറിനിൽക്കുമ്പോൾ ഞാൻ വല്ലാതെ വ്യാകുലപ്പെടുകയായിരുന്നു ...!
.
നാൽപ്പത് വർഷങ്ങൾക്കിപ്പുറം സമത്വവും സ്വാതന്ത്ര്യവും അടക്കം മുഴുവൻ അവകാശങ്ങളും വാശിയോടെ നേടിയെടുക്കുന്ന ഈ പുതുയുഗത്തിൽ ഒരമ്മയ്ക്ക്‌ തന്റെ മാതൃത്വത്തിലും കാമത്തിന്റെ നഗ്നത തേടാത്ത ഒരു സമൂഹത്തിനുമുന്നിൽ സ്വാതന്ത്ര്യത്തോടെ വിശ്വാസത്തോടെ അവരുടെ കുഞ്ഞിന് ഒരു പൊതു ഇടത്തിൽ വെച്ച് അമ്മിഞ്ഞപ്പാൽ കൊടുക്കാൻ കൂടി കഴിയുന്നില്ലെങ്കിൽ സമൂഹമേ, പിന്നെ നാം നേടിയതിനെല്ലാം എന്തർത്ഥമാണുള്ളത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...