Sunday, January 4, 2015

ജീവന്റെ കണ്ണീർ ....!!!

ജീവന്റെ കണ്ണീർ ....!!!

തിരക്കുള്ളപ്പോഴെല്ലാം അങ്ങിനെയാണ് പതിവ് . വിശ്രമമില്ലാതെ ജോലി സ്ഥലത്ത് തന്നെ ഭക്ഷണവും ലഘു വിശ്രമവും വീണ്ടും ജോലിയും . കാലത്ത് അഞ്ചുമണിക്ക് തുടങ്ങി ജോലി തീരും വരെ അങ്ങിനെ തുടരും . ചിലപ്പോൾ ഇരുപതു മണിക്കൂർ വരെ തുടർച്ചയായി . അൻപതുഡിഗ്രിക്കുമേൽ ഉള്ള പൊള്ളുന്ന ചൂടിൽ ഒരു പുൽക്കൊടിയുടെ പോലും തണൽ പോലുമില്ലാത്ത ജീവനില്ലാത്ത മരുഭൂമിയിൽ . അങ്ങിനെയുള്ള സന്ദർഭങ്ങളിൽ ഓഫീസ് മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങി അവർക്കൊപ്പം ഞാനടക്കമുള്ള സിനിയർ സ്റ്റാഫും ഉണ്ടാകും സഹായത്തിന് ...!
.
അന്നും അതുപോലൊരു തിരക്കുപിടിച്ച ദിവസമായിരുന്നു . തലേന്ന് നടന്ന ഒരു അപകടത്തെ തുടർന്ന് ഉണ്ടായ നാശ നഷ്ടങ്ങൾ നികത്താനുള്ള തിരക്കുപിടിച്ച ജോലികൾ . ഏകദേശം ഒരു പത്തുമണിയായിക്കാണും അപ്പോൾ . എല്ലാവർക്കും വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ഭക്ഷണം വരുത്തി , അത് അവിടെയിരുന്ന് കഴിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുകയായിരുന്നു. അവിടെ, കൂറ്റൻ പൈപ്പുകളുടെയും യന്ത്രങ്ങളുടെയും മറവിൽ പൊള്ളിക്കുന്ന സൂര്യനു താഴെ , അതിനേക്കാൾ പൊള്ളുന്ന മണലിൽ , ഉള്ള സൌകര്യത്തിൽ ആഘോഷത്തോടെ ....!
.
ഏകദേശം അൻപതോളം പേരുണ്ട് എന്റെ ആ ഗ്രൂപ്പിൽ . കൂടുതലും ഭാരതീയരും പിന്നെ ഫിലിപ്പീൻസുകാരും നേപ്പാളുകാരും ബാക്കി സിറിയക്കാരും യെമനികളുമാണ് കൂട്ടത്തിൽ . തരാതരം പോലെ രുചിക്കനുസരിച്ചുള്ള ഭക്ഷണം കിട്ടാനുള്ള സൌകര്യമൊന്നും ഇല്ലാത്ത അവിടെ കുടിക്കാൻ കിട്ടുന്നതുപോലും പൊള്ളുന്ന വെള്ളമാണ് . കിട്ടിയ ഭക്ഷണം എല്ലാവരും കൂടി പങ്കിട്ടെടുത്ത് സന്തോഷത്തോടെ കഴിക്കാൻ ഇരിക്കവേ , ഞങ്ങളും അവർക്കൊപ്പം ചേർന്നു . കാലത്തുമുതലേ ഒന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്കുവേണ്ടി അവർ മാറ്റി വെച്ചിരുന്നത് ഞാനും ആർത്തിയോടെ കഴിക്കാൻ തുടങ്ങി ...!
.
കഴി ച്ചുകൊണ്ടിരിക്കെ നാട്ടിൽ നിന്നും വന്ന ഒരു ഫോണ്‍ എടുത്ത് സംസാരിച്ചുകൊണ്ട് ഞാൻ അപ്പുറത്തേക്ക് മാറിനിന്നു . സംസാരിക്കുന്നതിനിടയിൽ ചുറ്റും നോക്കവെയാണ് അപ്പുറം ദൂരെ മാറിയിരിക്കുന്ന അയാളെ കണ്ടത് . ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന ആ സിറിയക്കാരനെ എവിടെ വെച്ചും തിരിച്ചറിയാമായിരുന്നു ഞങ്ങൾക്ക് . നീണ്ടു വെളുത്ത താടിയും കുഴിഞ്ഞ കണ്ണുകളും എല്ലുകൾ പുറത്തുകാണുന്ന ശരീരവുമുള്ള നീണ്ടുമെലിഞ്ഞ അയാൾ എല്ലായ്പോഴും എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടും കൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ ...!
.
ഭരണകൂട ഭീകരതയ്ക്കെതിരെ സംസാരിച്ച അയാളെ അയാളുടെ നാട്ടിൽനിന്നും നാടുകടത്തിയതായിരുന്നു . അതുകൊണ്ടുതന്നെ അയാൾക്ക്‌ നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ പറ്റില്ല. ചെന്നാലും പോലീസ് പിടിച്ച് ജയിലിലാക്കും . അയാൾക്ക്‌ നാട്ടിൽ എട്ട്‌ മക്കളും ഭാര്യയും അമ്മയും അച്ഛനും സഹോദരിമാരും ഒക്കെ അടങ്ങുന്ന വലിയൊരു കുടുംബമുണ്ട്. ദാരിദ്ര്യം നിറഞ്ഞ അയാളുടെ കുടുംബം ജീവിക്കുന്നത് അയാളുടെ വരുമാനം കൊണ്ടും . ...!
.
അയാളെ പൊന്നുപോലെ സ്നേഹിക്കുന്ന അയാളുടെ മക്കളോട് അയാൾക്കൊന്നു സംസാരിക്കാൻ പോലും പറ്റാറില്ല ഇപ്പോൾ. ജനിച്ചപ്പോൾ മുതൽ ഇളയകുട്ടി അയാളുടെ നെഞ്ചിൽകിടന്നെ ഉറങ്ങാറുള്ളൂ . അവൾ ഉറങ്ങിക്കിടക്കുമ്പോഴാണ് അയാളെ പോലിസ് കൊണ്ടുപോയത് . കച്ചവടം നടത്തി നല്ല നിലയിൽ കുടുംബം നടത്തിയിരുന്ന അയാൾക്കിനി ആ കുടുംബത്തെ കാണാൻ കൂടി കഴിയുമോ എന്നറിയില്ല . വല്ലപ്പോഴും അയാളുടെ ഭാര്യയോ മക്കളോ ഇങ്ങോട്ട് വിളിക്കുംപോഴാണ് അയാൾ അവരുടെ വിവരം അറിയുന്നത് . മടികൂടാതെ വിശ്രമമില്ലാതെ ഏതു പണിയും ചെയ്യുന്ന അയാൾ ആ ഫോണ്‍ വരുമ്പോൾ എല്ലാം നിർത്തി ആ വാക്കുകൾക്ക് കാതോർക്കും ...!
.
അങ്ങകലെ പൈപ്പ് ഇടാനെടുത്ത വലിയ കുഴിക്കരുകിൽ അതിലേക്ക് കാലും നീട്ടി ഇരിക്കുകയായിരുന്നു അയാൾ അപ്പോൾ . കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചുട്ടുപഴുത്ത ആ മരുഭൂമിയുടെ കണ്ണെത്താത്ത അങ്ങേ അറ്റത്തേയ്ക്ക് നോക്കിക്കൊണ്ട്‌ . അങ്ങിനെയുള്ള അയാളുടെ ആ ഇരിപ്പിലെ പന്തികേട്‌ എനിക്ക് പെട്ടെന്ന് മനസ്സിലായി . അയാൾക്കരികിൽ ചേർന്നിരുന്ന് ഞാൻ അയാളെ ചേർത്തുപിടിച്ചു . ഒന്നും പറയാതെ അയാൾ എന്നെ ഒന്ന് നോക്കി . പിന്നെ പറഞ്ഞു ഇന്നലത്തെ കലാപത്തിൽ അയാളുടെ കുടുംബം ഇല്ലാതായെന്ന് . എന്നിട്ട് ആ വലിയ കുഴിയ്ക്കുള്ളിലേക്ക് ചാടിയിറങ്ങി മലർന്നു കിടന്നു. കണ്ണടച്ചുകൊണ്ട് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...