Thursday, June 5, 2014

സേതുരാമൻ ആത്മഹത്യ ചെയ്യുകയാണ് ...!!!

സേതുരാമൻ ആത്മഹത്യ ചെയ്യുകയാണ് ...!!!
.
അതെ...! സേതു രാമൻ ഇപ്പോൾ ആത്മഹത്യ ചെയ്യുകയാണ്. അതല്ലാതെ അയാൾക്ക്‌ മറ്റൊന്നും ചെയ്യുവാൻ ഇല്ലാത്തതുകൊണ്ട് തന്നെയാണ് അയാള് അങ്ങിനെ ചെയ്യുന്നതും. നിങ്ങൾ ഒരു പക്ഷെ അയാളെ കളിയാക്കുമായിരിക്കും . ഒരു വിഡ്ഢിയെന്ന് അല്ലെങ്കിൽ ഒരു ഭീരുവെന്ന് വിളിക്കുകയോ ചെയ്യുമായിരിക്കും . നിങ്ങൾ പറയുന്നതൊക്കെ ശരിയായിരിക്കാം ഒരുപക്ഷെ . പക്ഷെ നിങ്ങൾ അറിയാത്ത ഒന്നുണ്ട് . ഒരു ഭീരു ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന്....!
.
അല്ലെങ്കിൽ നിങ്ങൾക്ക് തന്നെ പറയാം. സേതുരാമൻ ആത്മഹത്യ ചെയ്യുകയല്ലാതെ എന്താണ് ഇനി ചെയ്യേണ്ടത് . ശരി, ഞാൻ ഇപ്പോൾ അയാളെ അതിലേയ്ക്ക് നയിക്കുന്ന കാര്യങ്ങൾ പറയാം . എന്നിട്ട് നിങ്ങൾക്ക് അയാളെ അതിൽനിന്ന് പിന്തിരിപ്പിക്കണമെങ്കിൽ ആകാമല്ലോ ...!
.
അച്ഛന്റെയും അമ്മയുടെയും ഒറ്റമകനായിരുന്നു സേതുരാമൻ . അവൻ പത്താം ക്ലാസ്സിലെത്തിയപ്പോൾ അവന്റെ പരീക്ഷയിൽ ഒന്നാം റാങ്കോടെ പാസ്സാകാൻ വേണ്ടി ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ പൂജയും വഴിപാടും കഴിക്കാൻ പോകവേ ഉണ്ടായ ഒരു വാഹന അപകടത്തിൽ അവന് ആകെയുണ്ടായിരുന്ന അവന്റെ അച്ഛനെയും അമ്മയെയും നഷ്ട്ടപ്പെട്ടു ...!
.
അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട അവന് പിന്നെ സഹായം അടുത്ത വീട്ടിലെ ഒരു അകന്ന ബന്ധു ആയിരുന്നു. അത്യാവശ്യം അവനു സ്വത്തൊക്കെ ഉണ്ടായിരുന്നത് കൊണ്ട് അവർ പ്രത്യേക താത്പര്യവും കാണിച്ചിരുന്നു അവനോട് . ഭക്ഷണവും താമസവും ഒക്കെ ഒരുവിധം അവിടെത്തന്നെ എന്നപോലെ ആവുകയും ചെയ്തു. പഠനവും ഒപ്പം അവിടുന്ന് തന്നെ തുടർന്നു . അച്ഛന്റെയും അമ്മയുടെയും ജീവനെടുത്തത് കൊണ്ടായിരിക്കാം ദൈവങ്ങൾ അക്കുറി അവന് ഒന്നാം റാങ്ക് തന്നെ നല്കിയിരുന്നു ...!
.
ആ വീട്ടിൽ അവർക്കൊരു പെണ്‍കുട്ടിയുണ്ടായിരുന്നു . സീതാലക്ഷ്മി ....! നല്ല നിലയിൽ മുന്നോട്ടു പോകുന്ന സേതുരാമന്റെ പെണ്ണായി സീതാലക്ഷ്മിയെ അവർ അവരോധിക്കുകയും ചെയ്തിരുന്നു അപ്പോഴേക്കും . അവനും സ്വയവും ആ ചിന്ത വളർത്തുകയും അവളെ പ്രണയിക്കാൻ തുടങ്ങുകയും ചെയ്തു. അവൾക്കും അവനെ ആദ്യമേ ഇഷ്ട്ടമായിരുന്നു . പഠനത്തിൽ പുറകിലായിരുന്നെകിലും അവൻ കൂടെയുണ്ടായിരുന്നതിനാൽ അവൾ തട്ടിയും മുട്ടിയും ഒരുവിധം മുന്നോട്ടു പോവുകയും ചെയ്തു ...!
.
സേതുരാമൻ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ഉന്നതമായ ഒരു ജോലി കിട്ടിയപ്പോഴേക്കും അവളും ഒരു വിധം ഡിഗ്രീ കടന്നുകൂടി . കുറച്ചു ദൂരെയാണ് ജോലിസ്തലം എന്നതിനാൽ ആഴ്ച്ചയിലൊരിക്കലാണ് അവൻ വീട്ടിൽ വരാറുള്ളത് . എല്ലാം ഒരുവിധം ഭംഗിയായതോടെ പിന്നെ അവരുടെ കല്യാണത്തെ കുറിച്ചായി ചിന്ത എല്ലാവർക്കും . അവനും അവളുമാകട്ടെ അത് കാത്തു കാത്തിരുന്ന ദിനവും ...!
.
അങ്ങിനെ അവരുടെ കല്യാണവും ആർഭാട പൂർവ്വം ഭംഗിയായി കഴിഞ്ഞു. അവൾക്കും അവനും പരസ്പരം ഏറെ ഇഷ്ടവുമായിരുന്നതിനാൽ വിവാഹത്തിന് ഒന്നുകൂടി മോടികൂടുകയും ചെയ്തു . ജീവിതത്തിൽ ആരൊരുമില്ലാതിരുന്നിരുന്ന തന്റെ പഴയ നാളുകളിൽ തന്നെ സ്നേഹിക്കാനും സഹായിക്കാനും കൂടെ ഉണ്ടായിരുന്ന ആ കുടുംബത്തോടുള്ള സ്നേഹവും കടപ്പാടും കൂടിയായിരുന്നു അവന് ആ വിവാഹം ....!
.
മധുവിധുവിന്റെ ലഹരിയിൽ അവർ തുടക്കം ഗംഭീരമാക്കി . കുട്ടികൾ പെട്ടെന്ന് വേണ്ടെന്നതു രണ്ടുപേരുടെയും തീരുമാനമായിരുന്നു. വിവാഹത്തിന്റെ ആവശ്യത്തിനും മധുവിധുവിനും ഒക്കെയായി അവൻ രണ്ടു മാസമായിരുന്നു ലീവ് എടുത്തിരുന്നത് . യാത്രകളൊക്കെ കഴിഞ്ഞ് തിരിചെതിയപ്പോഴെക്കും അവനു വീണ്ടും ജോലിയിൽ കയറാനുള്ള സമയമായിരുന്നു. ജോലി സംബന്ധമായി ധാരാളം യാത്രകൾ ചെയ്യേണ്ടിയിരുന്ന അവനാകട്ടെ തത്കാലം അവളെ കൂടെ കൂട്ടാനും കഴിയില്ലായിരുന്നു . അതുകൊണ്ട് തന്നെ ഏറ്റവും സുരക്ഷിതയായി അവളെ അവളുടെ വീട്ടിൽ തന്നെ നിർത്താനും അവർ തീരുമാനിച്ചു ...!
.
അവൻ ജോലിക്കുപോയാൽ പിന്നെ അവൾ തനിച്ചായി വീട്ടിൽ . അവന്റെ ഓർമ്മയിൽ അവൾ വല്ലാതെ വേദനിക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാരാണ് ആദ്യം പറഞ്ഞത് അവൾക്കും ഒരു ജോലി ശരിയാക്കിയാൽ അവളുടെ മടുപ്പ് മാറുമല്ലോ എന്ന് . അവൾക്കും കൂടി ജോലി ചെയ്യേണ്ട സാഹചര്യം ഒന്നുമില്ലെങ്കിലും വിരസതയൊഴിവാക്കാൻ അവളോടും ജോലിക്ക് പോയ്ക്കൊളളാൻ അവൻ സമ്മതം മൂളി. അങ്ങിനെ വീടിന്റെ തൊട്ടടുത്ത്‌ തന്നെയുള്ള ഒരു ചെറിയ സ്ഥാപനത്തിൽ അവൾക്കു ജോലിയും കിട്ടി ...!
.
ആഴ്ചയിൽ ഒരിക്കൽ അവൻ വരുമ്പോൾ അവർ വീണ്ടും അവരുടെ ദിനങ്ങൾ ആഘോഷമാക്കി. ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകവേ സാവധാനം അവളിലെ മാറ്റങ്ങൾ അവനിൽ അസ്വസ്ഥത വളർത്താൻ തുടങ്ങി . സ്നേഹക്കൂടുത്തൽ കൊണ്ടുള്ള സംശയങ്ങളെന്നു വിവരം പറഞ്ഞപ്പോൾ അവളുടെ മാതാപിതാക്കളും ആശ്വസിപ്പിച്ചു . പക്ഷെ പിന്നെ പിന്നെ അവന്റെ സംശയങ്ങൾ പതിയെ പതിയെ സത്യമാവുകയായിരുന്നു ....!
.
അവൻ വിളിച്ചാൽ അവളെ കിട്ടാതായി. വീട്ടിലേക്കു മിക്കവാറും അവൾ വരുന്നത് പല സമയങ്ങളിലായി . അവൾ പലപ്പോഴും പലരോടുമോപ്പം പുരത്തുപോകുന്നതായി പലരും കണ്ടതായി പറയാൻ തുടങ്ങി . അവനിൽ മാത്രമല്ല അവളുടെ മാതാ പിതാക്കളിലും സംശയം ബലപ്പെട്ടതോടെ അവൻ അവളെക്കുറിച്ചുള്ള രഹസ്യമായ അന്വേഷണത്തിലേക്ക് കടന്നു. അതോടെ അവൻ അറിഞ്ഞത് ഏറെ വേദനിപ്പിക്കുന്ന സത്യങ്ങളായിരുന്നു ...!
.
വിരഹ ദുഃഖത്തിൽ ഓഫീസിൽ വിഷമിചിരുന്നിരുന്ന അവളെ അവിടുത്തെ ഒരു സഹപ്രവർത്തകൻ സമർത്ഥമായി ഉപയോഗിക്കാൻ തുടങ്ങി. ആദ്യമാദ്യം അവളുടെ നല്ല സുഹൃത്തായി കൂടെ കൂടി, അവളുടെ വിരസതയകറ്റാനും ആശ്വസിപ്പിക്കാനും കൂട്ടുനിന്നിട്ട് പതിയെ പതിയെ അവളെ അയാളുടെ വഴിയിലേക്ക് കൊണ്ട് പോവുകയായിരുന്നു . കൈവിട്ടു പോകുന്നു എന്ന് തിരിച്ചരിയുംപോഴേയ്ക്കും അവൾക്ക് അവളിൽ തന്നെയുള്ള എല്ലാ നിയന്ത്രണങ്ങളും നഷ്ട്ടമായിരുന്നു . പിന്നെ അയാളില്ലാതെ അവൾക്കു ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയിലായി അവൾ. അല്ലെങ്കിൽ അവൾക്കു വേറെ വഴിയില്ലെന്ന അവസ്ഥയും ...!
.
ഒടുവിൽ ഭാര്യയെ വേണ്ടവിധം സംരക്ഷിക്കാൻ അല്ലെങ്കിൽ പരിപാലിക്കാൻ കഴിവില്ലാത്ത ആണുംപെണ്ണുംകെട്ടവൻ എന്ന നാട്ടുകാരുടെ പരിഹാസവും വീട്ടുകാരുടെ കുറ്റപ്പെടുത്തലും . സ്വന്തമായി ഒരു ബന്ധുപോലും ഇല്ലാത്ത കുട്ടികൾ ഇല്ലാത്ത അവൻ അവനേക്കാൾ സ്നേഹിച്ചിരുന്നത് അവന്റെ ഭാര്യയേയും . ഒടുവിൽ , എങ്ങിനെയെങ്കിലും ഒന്ന് ഒഴിഞ്ഞു തന്ന് തന്നെ ജീവിക്കാൻ അനുവദിക്കണമെന്ന അവളുടെ അപേക്ഷയും .. ആരുമില്ലാത്ത, ആർക്കും വേണ്ടാത്ത അവൻ ഇനി ആത്മഹത്യ ചെയ്യുകയല്ലാതെ എന്തു ചെയ്യാൻ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

കുപ്പായം ...!!!

കുപ്പായം ...!!! . കുപ്പായം അങ്ങിനെത്തന്നെയായിരിക്കണം . ദേഹത്തിനിണങ്ങി മനസ്സിനിണങ്ങി തന്നോട് താൻ ചേർന്ന് ......! . ഞാൻ നനയുമ്പോൾ നന...