Thursday, October 2, 2014

അധ്യാപനം ഒരു തൊഴിൽ മാത്രമാകുമ്പോൾ ...!!!

അധ്യാപനം ഒരു തൊഴിൽ മാത്രമാകുമ്പോൾ ...!!!
.
പഠിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു ജോലി തന്നെയാണ് . ഒരുപാട് പ്രയത്നവും ആത്മാർഥതയും ത്യാഗവും സത്യസന്തതയും ഒക്കെ ആവശ്യമുള്ള ഒരു തരം സമർപ്പണ സ്വഭാവമുള്ള ഒരു വലിയ ജോലി . വിദ്യാർഥിയുടെ മാനസീകാവസ്ഥ മനസ്സിലാക്കി അതിനനുസരിച്ച് തന്റെ സ്വഭാവം പോലും നിയന്ത്രിച്ച്‌ കാലത്തിനും സമൂഹത്തിനും കൂടി വേണ്ടി ചെയ്യുന്ന ഒരു സത്കർമ്മം കൂടിയാകുന്നു പഠിപ്പിക്കൽ . ഭാവിയെ, ഒരു സമൂഹത്തെ തന്നെയാണ് ഓരോ അധ്യാപകരും വാർത്തെടുക്കുന്നത് . അതുകൊണ്ട് തന്നെയാണ് ഈ പ്രവർത്തി മഹത്തരം ആകുന്നതും . ....!
.
ഭാരതത്തിന്‌ അതിന്റെതായ ഒരു വിദ്യാഭ്യാസ സംസ്കാരവും ഉണ്ട് . ഗുരുക്കൾ ഒരു തപസ്സുപോലെ അവരുടെ അടുത്ത് പഠനത്തിന് എത്തുന്ന വിദ്യാർഥികളെ അവരവരുടെ താത്പര്യത്തിന് , അഭിരുചികൾക്ക് , അവരവരുടെ കഴിവുകൾക്ക് അനുസരിച്ച് തരം തിരിച്ച് പഠിപ്പിച്ചെടുക്കുന്ന ശ്രമകരമായ ഒരു വലിയ ദൌത്യമാണ് ഗുരുക്കന്മാർ ചെയ്തു പോന്നിരുന്നത്. ഭാരതത്തിൽ മാത്രമല്ല ലോകത്തിന്റെ നാനാ ഭാഗങ്ങളിലും മത, വർഗ്ഗ, സാമൂഹിക വ്യത്യാസമില്ലാതെ ഏതാണ്ട് ഇതേ അവസ്ഥ തന്നെയായിരുന്നു എപ്പോഴും നിലനിന്നിരുന്നത് ...!
.
സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം നമ്മുടെ കലാലയങ്ങളും വളരുക തന്നെ ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ പാഠശാലയും , മാതൃകാപരമായ അല്ലെങ്കിൽ ചരിത്രപരമായ അധ്യാപക വിദ്യാർഥി സമൂഹവും നിലനിന്നിരുന്ന ഒരു രാജ്യമാണ് ഭാരതം . മികച്ച അധ്യാപകരാണ് സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്തുക്കളിൽ ഒന്നെന്ന് നാം എപ്പോഴെ തിരിച്ചറിഞ്ഞിരുന്നു . അതുകൊണ്ടുതന്നെ കൃത്യമായ പരിശീലന പ്രക്രിയകളിലൂടെ മികച്ച അധ്യാപകരെ വാർത്തെടുക്കാനുള്ള പദ്ധതികളും ഇവിടെ നിലനിന്നിരുന്നു. ഒരു ആരാധനാലയത്തിന്റെ പരിശുദ്ധിയോടെയാണ് ഭാരതത്തിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കലാലയങ്ങൾ രൂപീകരിച്ചിരുന്നതും നിലനിന്നിരുന്നതും ...!
.
പഠിപ്പിക്കുക എന്നതിന് ആദ്യം വേണ്ടത് അത് ചെയ്യുന്ന ആൾ അതിന് യോഗ്യനാവുക എന്നതാണ്. കഴിവുകൊണ്ടും മനസ്സുകൊണ്ടും ശരീരം കൊണ്ടും അയാൾ തീർച്ചയായും അതിന് യോഗ്യനാവുക തന്നെ വേണം . ഏതൊരു പ്രവർത്തിയെയും പോലെ പഠിപ്പിക്കലും ഒരു തൊഴിൽ തന്നെയാണെങ്കിലും അതിനെ വ്യത്യസ്തമാക്കുന്ന മറ്റു പല ഘടകങ്ങളും കൂടിയുണ്ട് . ഒന്നാമതായി ഇതൊരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തൊഴിൽ അല്ല എന്നത് തന്നെയാണ് പഠിപ്പിക്കുന്ന വ്യക്തിക്കൊപ്പം പഠിക്കുന്ന വ്യക്തിക്കും അവരുടെ കുടുംബത്തിനും പിന്നെ ഈ സമൂഹത്തിനും ഇതിൽ വ്യക്തവും തുല്ല്യവുമായ പങ്കുണ്ട് . അതിൽ പരമ പ്രധാനമായ ഒന്നാണ് പരസ്പരമുള്ള ( അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ) സ്നേഹവും വിശ്വാസവും ആത്മാർഥതയും കടമയും ..!
.
ഒരു വിദ്യാർഥി ക്ക് അവന്റെ രണ്ടാമത്തെ വീടാണ് വിദ്യാലയം . അമ്മയെപോലെ കാണപ്പെട്ട ദൈവമാണ് അവന്റെ ഗുരു . പലപ്പോഴും അമ്മയോട് പോലും പറയാത്ത പലതും കുട്ടികൾ അവരവർക്കിഷ്ട്ടപ്പെട്ട അധ്യാപകരോട് മനസ്സുതുറന്ന് പറയാറുണ്ട്‌ , സ്നേഹിച്ച് അടുത്തിടപഴകാറുണ്ട് . ഒരു അധ്യാപകൻ ഒരിക്കലും ഒരു വിദ്യാർഥിയെ ( തിരിച്ചും ) തന്റെ ക്ലാസ്സ്‌ സമയം അല്ലെങ്കിൽ ആ അധ്യയന വർഷം കഴിഞ്ഞാൽ ഒഴിവാക്കാറുമില്ല . ജീവിതകാലതെയ്ക്ക് മുഴുവൻ അവർ ഓരോരുത്തരെയും മനസ്സിലാണ് കൊണ്ട് നടക്കാറുള്ളത് അതുകൊണ്ട് തന്നെയാണ് ഈ തൊഴിലും ഈ തൊഴിലിടവും മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാകുന്നതും ....!
.
പഠിപ്പിക്കൽ ഒരു തൊഴിൽ എന്നതിനേക്കാൾ ഒരു കച്ചവടമായി മാറുന്നിടത്ത് നിന്നാണ് കൂടുതലായും ഇതിലെ പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്നത് . കലാലയങ്ങളുടെ ഉത്തരവാദിത്വം പൊതു സമൂഹത്തിൽ നിന്നും വ്യക്തികളിലെയ്ക്ക് കേന്ദ്രീകരിക്കുമ്പോൾ സ്വാഭാവികമായും അവരതിനെ കച്ചവടപ്പെടുത്തും . അങ്ങിനെ വരുമ്പോൾ ആ സ്വാർത്ഥതയ്ക്ക് മുന്നിൽ പവിത്രമായ ഈ കർമ്മം ഒരു തൊഴിൽ എന്നതിലെയ്ക്ക് മാത്രം തരംതാഴ്തപ്പെടുകയും ചെയ്യും എന്ന് നിസ്സംശയം പറയാം ...!
.
അപവാദങ്ങൾ എല്ലായിടത്തുമുണ്ട് എല്ലാറ്റിനും . ശിഷ്യന്റെ പെരുവിരൽ അറുത്തുവാങ്ങിയ ദ്രോണരിൽ നിന്ന് തുടങ്ങുന്നു ആ കഥ. എങ്കിലും ആ ദ്രോണരും മഹാനായ ഒരു ഗുരുതന്നെയായിരുന്നു എന്ന് മറന്നുകൂടാ . ഒന്നോ രണ്ടോ അപവാദങ്ങൾ ഉണ്ടായി എന്നുവെച്ച് ആ സമൂഹത്തെ ഒന്നാകെ അക്ഷേപിക്കുന്നതിൽ കാര്യമില്ല . ഒരോ വിദ്യാർത്തിയും അവന്റെ അധ്യാപകനിൽ നിന്നും ഒരു പാട് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അധ്യാപകർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളും ഉണ്ട് . വീട്ടിൽ ഭാര്യയോടോ ഭർത്താവിനോടോ വഴക്കിട്ട്‌ ആ ദേഷ്യവുമായി ക്ലാസ്സിലെത്തി ആ ദേഷ്യം മുഴുവൻ കുട്ടികളോട് തീർക്കുന്ന അധ്യാപകരും ഇഷ്ട്ടമില്ലാത്ത ജോലി നിവൃത്തികേടുകൊണ്ട് ചെയ്യുന്ന അധ്യാപകരും ആളെ തികയ്ക്കാൻ സ്കൂൾ മുതലാളി വഴിയിൽ നിന്നെന്ന പോലെ പിടിച്ചുകൊണ്ടു വരുന്ന അധ്യാപകരും ഒക്കെ ഇതിലെ കരടുകൾ തന്നെയാണ് ...!
.
എങ്കിലും ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വവും ആദരവും ഉണ്ട്. അതിന്റെ ഉത്തരവാദിത്വം തീർച്ചയായും ആ തൊഴിലാളിയുടെ കയ്യിൽ തന്നെയാണ് താനും . താൻ ചെയ്യുന്ന തൊഴിലിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അത് കൃത്യമായും ആത്മാർത്ഥമായും ചെയ്യാനും ഓരോ തൊഴിലാളിയും തയ്യാറാവുകതന്നെ വേണം വ്യക്തിതാത്പര്യങ്ങൾ മാറ്റിവെച്ച് ഇത് മറ്റുള്ളവരുടെകൂടി കാര്യമാണ്, വേണമെങ്കിൽ അവർ ചെയ്യട്ടെ എന്ന മനോഭാവം മാറ്റിവെച്ച് പഠിപ്പിക്കൽ എന്നത് ഒരു വ്യക്തിക്കുവേണ്ടി മാത്രമല്ല ഈ സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വവും കടമയും ആണെന്ന് കൂടി കണക്കിലെടുത്ത് ഓരോ അധ്യാപകനും മുന്നോട്ടുപോകാൻ തയ്യാറാവുകതെന്നെ വേണം. അതിനാകട്ടെ ഇനിയെങ്കിലുമുള്ള ശ്രമം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

എനിക്കും ഒരലമാര വേണം ...!!!

എനിക്കും ഒരലമാര വേണം ...!!! . ഓർമ്മകളില്ലെങ്കിലും ഓർമ്മിക്കാനില്ലെങ്കിലും സൂക്ഷിക്കാൻ എനിക്കും വേണം ഒരലമാര ....! . ചിത്രപ്പണികൾ ചെയ്...