Sunday, January 25, 2015

പുഛിക്കപ്പെടുന്ന പൈതൃകങ്ങൾ ...!!!

പുഛിക്കപ്പെടുന്ന പൈതൃകങ്ങൾ ...!!!
.
പഴമയെ പുഛിക്കുക എന്നതും പൈതൃകങ്ങളെ തള്ളി പറയുക എന്നതും കാലാകാലങ്ങളായുള്ള പല പുതു തലമുറക്കാരുടെയും ഒരു രീതിയാണ് . പുരാതനമായതെല്ലാം വിഡ്ഢിത്തരങ്ങൾ ആണെന്നും അവരൊക്കെ അന്തവിശ്വാസികളോ അപരിഷ്കൃതരോ ആണെന്നും അവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു പലപ്പോഴും . പൌരാണികമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും , കൂടാതെ ചരിത്ര സ്മാരകങ്ങളെയും എന്തിന് മഹത് വ്യക്തികളുടെ പ്രതിമകളെ പോലും പുഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഇക്കൂട്ടർക്ക് പഴയ തലമുറയിലെ മഹാന്മാരായ വ്യക്തിത്വങ്ങളെ പോലും അംഗീകരിക്കാനും ആദരിക്കാനും പലപ്പോഴും ബുദ്ധിമുട്ടാണ് എന്നതാണ് സത്യം ...!
.
താൻ ഒരു പരിഷ്കാരിയാണെന്ന് വരുത്തി തീർക്കാനും ആധുനികതയുടെ വക്താക്കളെന്ന് അവതരിപ്പിക്കാനും കൂടി വേണ്ടിയാണ് ചിലരെങ്കിലും അങ്ങിനെ ചെയ്യുന്നതും. പൌരാണികമായതിനെ , പൈതൃകങ്ങളെ തിരസ്കരിക്കുന്നതിലൂടെ തന്റെ വ്യക്തിത്വം വികസിപ്പിക്കാനും അവതരിപ്പിക്കാനും കഴിയും എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു . ദൈവങ്ങളെ, മഹത്വ്യതിത്വങ്ങളെ , മതവിശ്വാസങ്ങളെ , മഹത്ഗ്രന്ഥങ്ങളെ പുരാണങ്ങളെയും ഇതിഹാസങ്ങളെയും ഒക്കെ എന്തിനും ഏതിനും കണ്ണടച്ച് ഇക്കൂട്ടർ വിമർശിച്ചുകൊണ്ടേയിരിക്കും എപ്പോഴും . ചിലപ്പോഴെല്ലാം പുഛിക്കുകയും പരിഹസിക്കുകയും കൂടിയും . മതപരമായോ സാമൂഹികമായോ നിലനിൽക്കുന്ന അന്തവിസ്വാസങ്ങളെയും അനാചാരങ്ങളെയും തിന്മകളെയും എതിർക്കപ്പെടെണ്ടതും നിർമ്മാർജ്ജനം ചെയ്യപ്പെടേണ്ടതും അനിവാര്യമാണെങ്കിലും അതിന്റെ പേരിൽ മഹത്തായവയെ നിരാകരിക്കുകയും പുഛിക്കുകയും ചെയ്യുന്നത് അപലപനീയം തന്നെ ....!
.
പുതുമയെ അവതരിപ്പിക്കുമ്പോൾ പലപ്പോഴും ഇത്തരക്കാർ കൂട്ടുപിടിക്കുന്നത് ശാസ്ത്രത്തെയാണ് . ശാസ്ത്രീയ മായിതെളിയിക്കപ്പെട്ടത് എന്ന ലേബലിൽ ആണ് ഇത്തരക്കാർ പലപ്പോഴും തങ്ങളുടെ ആശയങ്ങളെ അവതരിപ്പിക്കാരും ഉള്ളത് . ആധുനികതയുടെ വക്താക്കളായ ഇവർ തങ്ങൾ മാത്രമാണ് ശരിയെന്ന് കഠിനമായി വാദിക്കുകയും അതിനുവേണ്ടി മാത്രം നിലനിൽക്കുകയും ചെയ്യുന്നു . പൌരാണികമായ എല്ലാം അങ്ങിനെ അടച്ചാക്ഷേപിക്കപ്പെടേണ്ട വസ്തുതകളാണോ എന്ന് ഒരിക്കലും ഇവർ ചിന്തിക്കുന്നേയില്ല . ശരിയായാലും തെറ്റായാലും അന്നത്തെ സാഹചര്യങ്ങളിൽ നന്മയെ മാത്രം ലക്ഷ്യമാക്കി ഏറെ യാതനകളും ത്യാഗങ്ങളും സഹിച്ച് സംഭവിപ്പിച്ച അത്തരം വസ്തുതകളുടെ / വ്യക്തികളുടെ പ്രയത്നവും മനസ്സും കണ്ടില്ലെന്നു നടിക്കുന്നത് ഏറെ വേദനാജനകമാണ് . നീണ്ട കാലങ്ങളുടെ കാത്തിരിപ്പിന്റെയും കഠിന പ്രയത്നങ്ങളുടെയും ഫലമായി രൂപപ്പെട്ട പലതും നിഷ്കരുണം ചവിട്ടിമെതിക്കുമ്പോൾ അതിന്റെ പുറകിലെ നന്മയുടെ അംശം അവഗണിക്കപ്പെടുന്നത് നീതീകരിക്കാൻ കഴിയാത്തത് തന്നെ ....!
.
ചരിത്രം നന്മ മാത്രമാണ് ചെയ്യുക എന്നല്ല ഇതിനർത്ഥം . ചരിത്രം തിരുതപ്പെടെണ്ടതല്ല എന്നോ , പൌരാണികമായതെല്ലാം നല്ലതുമാത്രമെന്നുമല്ല . പക്ഷെ എന്തും നശിപ്പിക്കും മുൻപ് , എന്തിനെയും എതിർക്കുകയും പുഛിച്ച് പരിഹസിച്ച് തള്ളും മുൻപ് ഒരു പുനർവിചിന്തനം അത്യാവശ്യമേന്നെ പറയുന്നുള്ളൂ . നശിപ്പിക്കാൻ എന്തും എളുപ്പമാണ്. പക്ഷെ നിർമ്മാണം ഒരു തപസ്യയാണ് . മനസ്സിന്റെയും ശരീരത്തിന്റെയും അർപ്പണതോടെയുള്ള തപസ്യ . മറ്റുള്ളവരെ ബഹുമാനിക്കാൻ കഴിയാത്തവർക്ക്‌ എങ്ങിനെയാണ് അവനവനെ തന്നെ ബഹുമാനിക്കാൻ കഴിയുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...