Wednesday, November 20, 2013

ദൈവങ്ങൾക്കുള്ള ഇടം , എനിക്കും ... !!!

ദൈവങ്ങൾക്കുള്ള  ഇടം , എനിക്കും ... !!!

മലമുകളിൽ ആ ക്ഷേത്രം അതിന്റെ എല്ലാ പവിത്രതയോടെയും നില്ക്കാൻ തുടങ്ങിയിട്ട് കാലമേറെയായി .  വല്ലപ്പോഴും മാത്രമെത്തുന്ന ആരാധകർക്ക് നടുവിൽ , അവരുടെ സ്വയമുള്ള പൂജകൾ നേരിട്ട് ഏറ്റുവാങ്ങി ദൈവവും മനുഷ്യനും ഒന്നായി സംവദിക്കുന്ന ആ ക്ഷേത്രം അതുകൊണ്ട് തന്നെ എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു . 

ആ ക്ഷേത്രത്തിലേക്ക് എന്നെ ആദ്യം കൊണ്ട് പോയത് അവളായിരുന്നു. എനിക്കൊപ്പം ജോലി ചെയ്തിരുന്ന ആ പെണ്‍കുട്ടി ആപ്പോൾ മാത്രം സന്തോഷവതിയായിരിക്കാറുണ്ട് എന്ന  കാരണം കൊണ്ട് കൂടി അവള്ക്കൊപ്പം ഞാനും ഏറെ കഠിനമായ ആ മല ചവിട്ടി,  കൂടാതെ , കിട്ടുന്ന എല്ലാ അവസരങ്ങളിലും ഞാൻ അവിടെ പോകാറുമുണ്ട്. 

നിറയെ പക്ഷികളും, കുഞ്ഞു കുഞ്ഞു മൃഗങ്ങളും വ്യത്യസ്തമായ മരങ്ങളും ഒരു കുഞ്ഞു അരുവിയും, ഒരിക്കലും വറ്റാത്ത നീര് തടവും അവിടം സമ്പന്ന മാക്കിയിരുന്നു . എപ്പോഴും വീശുന്ന തണുത്ത കാറ്റും, കാറ്റിൽ നിറയുന്ന പൂക്കളുടെ മണവും അവിടം ഒരു സ്വപ്ന ലോകമാക്കിയിരുന്നു. 

പഴകി ദ്രവിച്ച ഒരു വിഗ്രഹവും, ചരിത്ര സ്മൃതികൾ അയവിറക്കി നഷ്ട്ട പ്രതാ പങ്ങളിൽ എങ്കിലും അപ്പോഴും തലയെടുപ്പോടെ നില്ക്കുന്ന ആ ക്ഷേത്രത്തിനു പക്ഷെ മനുഷ്യൻ സൃഷ്ട്ടിച്ച പൂജാ  വിധികളില്ല, ദൈവത്തെ ഒന്ന് നേരാം വണ്ണം കാണാൻ പോലുമാകാതെ പിടിച്ചു തല്ലാൻ മാത്രമുള്ള കാവൽക്കാരില്ല. എല്ലാറ്റിനും പണം പിടുങ്ങുന്ന ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമില്ല .  

നമുക്ക്  മതിയാവോളം ദൈവത്തോട് നേരിട്ട് പറയാനുള്ളതെല്ലാം പറയാനുള്ള മനോഹരമായ അവസരം ശരിക്കും ഞാൻ മുതലാക്കാൻ തുടങ്ങി.  സത്യത്തിൽ ആവലാതികൾ പറയാനും അവാശ്യങ്ങൾ അന്ഗീകരിപ്പിച്ചു കിട്ടാനുമല്ല ഞാൻ ദൈവത്തെ കാണാൻ പോകാറുള്ളത്. എന്റെ മനസ്സിലുള്ളത് അതെ പോലെ തുറന്നു പറയാനാണ് .  അതിനു ഏറ്റവും പറ്റിയ ആൾ ദൈവം മാത്രമാണെന്ന് എനിക്ക് ബോധ്യമായിരുന്നു.  

എന്റെ വ്യാകുലതകൾ എന്റെ ആശങ്കകൾ എന്റെ വിഡ്ഢിത്തരങ്ങൾ എന്റെ ജല്പനങ്ങൾ ....! ആദ്യമാദ്യം ഞാൻ അങ്ങോട്ട്‌ പറയുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ .  പിന്നെ പിന്നെ ഞാൻ സംസാരിക്കുന്നതിനു എന്റെ മനസ്സില് തന്നെ മറുപടികളും ലഭിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ശരിക്കും ആസ്വദിക്കാൻ തുടങ്ങി ...!  ദൈവത്തെ  അനുഭവിക്കാനും. 

പിന്നെ പിന്നെ അവൾ ഇല്ലാതെയും ഞാൻ അവിടെ പോകാൻ തുടങ്ങി . ഒരുപാട് സമയം ചിലവഴിക്കാൻ തുടങ്ങി.. അങ്ങിനെ കുറച്ചു നാളുകൾക്കു ശേഷം, ഞാൻ ജോലി ആവശ്യങ്ങള്ക്ക് വേണ്ടി അവിടെ നിന്നും മാറി നില്ക്കേണ്ടി വന്നു . കുറച്ചു കാലത്തേക്ക് .  പിന്നെ മടങ്ങി എത്തുന്നത്‌ ഇപ്പോൾ.  എത്തിയപാടെ ഞാൻ ഓടുകയായിരുന്നു അങ്ങോട്ട്‌ . ഒരുപാട് നാളത്തെ മനസ്സ് മുഴുവൻ തുറക്കാൻ . 

പക്ഷെ അവിടെയെതിയതും ഞാൻ  പോയി . ഇപ്പോൾ അവിടെ ആ ക്ഷേത്രമില്ല. ആ പ്രതിഷ്ടയില്ല . എന്തിനു, അവിടെ ആ കുന്നു പോലുമില്ല . എല്ലാം ഇടിച്ചു നിരത്തി കെട്ടിടങ്ങള പണിതിരിക്കുന്നു . ഇനി ഞാൻ എങ്ങിനെപ്രാർത്ഥിക്കും ...??? 
 . 
സുരേഷ്കുമാർ  പുഞ്ചയിൽ   

1 comment:

ajith said...

മലകള്‍ ഇപ്പോള്‍ വേറെ ദൈവങ്ങളുടേതാണ്

പുതപ്പിനടിയിലെ രാത്രികൾ ...!!!

പുതപ്പിനടിയിലെ രാത്രികൾ ...!!! . പുതപ്പ് ദേഹത്തോട് വലിച്ചു ചേർത്ത് ഉള്ളിൽ തന്റെ ദേഹം ചുരുട്ടി കൂട്ടി കട്ടിലിന്റെ അറ്റത്തിനും ചുമരിനുമിട...