Tuesday, October 27, 2015

നാണയം ...!!!

നാണയം ...!!!
.
ഓരോ നാണയത്തിനും
വ്യത്യസ്ത മുഖങ്ങളുള്ള
രണ്ടു വശങ്ങളെന്നാണ് ...!
എന്നാൽ
രണ്ടു വശങ്ങളിലും
ഒരേമുഖങ്ങളുള്ള
നാണയങ്ങളും ഉണ്ടാകാം
അപൂർവ്വമായെങ്കിലും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, October 26, 2015

എന്നെ ഞാനാക്കാൻ ....!!!

എന്നെ ഞാനാക്കാൻ ....!!!
.
മഴ എനിക്കിഷ്ടമാണ്
അത് പക്ഷെ
എല്ലാവരും പറയുന്നപോലെ
മഴയിലെന്റെ കണ്ണുനീർ
മറ്റുള്ളവർ കാണാതലിഞ്ഞുപൊകും
എന്നത് കൊണ്ട് മാത്രമല്ല ,
മറിച്ച്
വെയിലും മഞ്ഞും പോലെ
അതെന്നെ എന്നിൽ നിന്നും
പൊതിഞ്ഞു പിടിക്കും
എന്നതുകൊണ്ട്‌ കൂടിയാണ് ...!
.
ഇരുട്ട് എനിക്കിഷ്ടമാണ്
അത് പക്ഷെ
എനിക്കെന്നിൽനിന്നും
ഒളിച്ചിരിക്കാനൊരിടംതരുന്നു
എന്നതുകൊണ്ട്മാത്രമല്ല
മറിച്ച്
നിഴൽപോലുമന്ന്യമാകുന്ന
എന്റെ വന്ന്യ വിജനതയിൽ
വെയിലും നിലാവും പോലെ
അതെനിക്ക് കൂട്ടുനിൽക്കും
എന്നതുകൊണ്ട്കൂടിയാണ് ...!
.
വേദനകൾ എനിക്കിഷ്ട്ടമാണ്
അതുപക്ഷെ
സഹതാപത്തിന്റെ
ആലസ്യശീതളിമ
അനുഭവിക്കാമെന്നതുകൊണ്ട് മാത്രമല്ല ,
മറിച്ച്
സുഖവും ദുഖവും പോലെ
അതെന്നെ ഞാനാക്കും
എന്നതുകൊണ്ട്കൂടിയാണ് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, October 18, 2015

മക്കളേ, മാപ്പ് ...!!!

മക്കളേ, മാപ്പ് ...!!!
.
മാപ്പ് ...
തെരുവിൽ ചീന്തിയെറിയപ്പെട്ട
മുലപ്പാൽ മണക്കുന്ന
നിങ്ങളെ സംരക്ഷിക്കാത്തതിന് ...!
.
കാരണം,
ഞാൻ തിരക്കിലായിരുന്നു ...
വിശപ്പാളുന്ന വയറിനു നൽകുന്ന
മാംസത്തിന്റെ രൂപമെടുക്കുന്നതിന്റെ ,
ജാതി തിരിച്ച്
എന്റെ അവകാശങ്ങൾ
ഊട്ടിയുറപ്പിക്കുന്നതിന്റെ ,
എന്റെ ദുരയ്ക്കുമേൽ
തങ്ങളുടെ ജീവിതം പടുക്കുന്നവരുടെ
തലയറുക്കുന്നതിന്റെ ,
ദുസ്വാതന്ത്ര്യത്തിനുവേണ്ടി
സമരം ചെയ്യുന്നതിന്റെ ,
എന്റെ അടയാളങ്ങളും ,രാഷ്ട്രീയവും , സ്വാർഥതയും
സംരക്ഷിച്ചു നിർത്തുന്നതിന്റെ ,
പ്രതികരണ ശേഷിയും സദാചാര ബോധവും
വിപ്ലവവീര്യവും നഷ്ട്ടപ്പെട്ടിട്ടില്ലെന്ന്
ബോധിപ്പിക്കുന്നതിന്റെ ,
നിങ്ങളിൽ കരുത്തരുടെ
പക്ഷം പിടിക്കുന്നതിന്റെ,
ദൈവങ്ങളില്ലാത്ത
പള്ളികളും ക്ഷേത്രങ്ങളും കുരിശടികളും
കെട്ടിപ്പൊക്കുന്നതിന്റെ,
എന്നെ
നിങ്ങളിൽ പ്രതിഷ്ടിക്കുന്നതിന്റെ ....!
.
ഇനി തീർച്ചയായും
ഞാൻ നിങ്ങൾക്കുവേണ്ടിയും ശബ്ദിക്കും ...
കാരണം,
നിങ്ങളും എനിക്കിപ്പോൾ ഇരകളാണല്ലൊ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 15, 2015

ഫാസിസത്തിന്റെ വിഭിന്ന മുഖങ്ങൾ ...!!!

ഫാസിസത്തിന്റെ വിഭിന്ന മുഖങ്ങൾ ...!!!
.
തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയ വലതുപക്ഷപ്രസ്ഥാനം എന്നതാണ് ഫാസിസത്തിന്റെ ഒരു വിവക്ഷ അല്ലെങ്കിൽ അർത്ഥം . എന്നാൽ ഫാസിസം എന്നത് അതിന്റെ ഭാവ തീവ്രതയേക്കാൾ അതിന്റെ ഭീകര ഭാവത്തേക്കാൾ അതിന്റെ യാധാർത്യതെ തുറന്നുകാട്ടാത്ത ഒരു പറഞ്ഞു പഴകിയ വാക്ക് മാത്രമാകുന്നു ചിലപ്പോഴെല്ലാം ഇപ്പോൾ . അല്ലെങ്കിൽ അനാവശ്യമായി കൂടി ഉപയോഗിച്ചുപയോഗിച്ച് മൂർച്ച കുറഞ്ഞ ഒരു മാരകായുധം പോലെയും.
.
മതം, ഭാഷ, സാമൂഹികം , സാമ്പത്തികം , ഭരണകൂടം , ഭരണാധികാരികൾ .. അങ്ങിനെയൊക്കെയായി ഫാസിസത്തിന് അതുപയോഗപ്പെടുതുന്നവരുടെ അല്ലെങ്കിൽ യഥാർത്ഥ ഫാസിസ്റ്റുകളുടെ മുഖങ്ങൾ പലതാണ് . തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയി പെരുമാറുന്ന ആരും യഥാർത്ഥത്തിൽ ഫാസിസ്റ്റുകൾ തന്നെയാകുന്നു . അതിൽ ന്യൂ നപക്ഷ മെന്നോ ഭൂരിപക്ഷമെന്നോ മുതലാളിയെന്നോ തോഴിലാളിയെന്നോ വ്യത്യാസമില്ല എന്നതാണ് സത്യം .
..
ഭരണകൂടതിന്റെയോ ഭൂരിപക്ഷതിന്റെയോ തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയ രീതികളും ഭാവങ്ങളും വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ഒക്കെ ചെയ്യുമെങ്കിലും നമ്മൾ പലപ്പോഴും കാണാതെ പോകുന്ന ഒരു ഫാസിസ്റ്റ് മുഖമാണ് ഉദ്യോഗസ്ഥരുടെ അല്ലെങ്കിൽ ഭരണകർത്താക്കളുടെ . . അവിടെമാത്രമുള്ള ഒരു സവിശേഷ പ്രത്യേകത എന്നത്, അവിടെ അവരിൽ മതവും, ജാതിയുമില്ല എന്നതാണ് .ഔദ്യോഗിക പദവിയുടെ വലിപ്പ ചെറുപ്പം മാത്രമേ ഉള്ളൂ
.
ഏതൊരു സർക്കാർ ഓഫീസിലും പ്രത്യക്ഷത്തിൽ കാണാവുന്ന ഈ സംഭവം പക്ഷെ ആരാലും ഗൌനിക്കപ്പെടാതെ പോകുന്നത് ലജ്ജാവഹം തന്നെ .. പലപ്പോഴും മുകളിലുള്ള ഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരോട് പെരുമാറുന്നത് , ചിലപ്പോഴെല്ലാം മുഴുവൻ ഉദ്യോഗസ്ഥരും സാധാരണക്കാരോട് പെരുമാറുന്നത് ഒക്കെ ശരിക്കുനോക്കിയാൽ ഒരു ഫാസിസ്റ്റു രീതിയിൽ തന്നെയാണ് എന്നതാണ് സത്യം .
..
മേലുദ്യോഗസ്ഥരുടെ സ്വകാര്യ ജോലികൾ അടിമകളെ പോലെ ചെയ്യിക്കാൻ കീഴുദ്യോഗസ്ഥരെ ഉപയോഗിക്കുന്നതോടൊപ്പം അവരെ മാനസികമായും സാമ്പത്തികമായും ഔദ്യോഗികമായും പിന്നെ ചിലപ്പോഴെല്ലാം ശാരീരികവും ലൈംഗികവുമായുള്ള ചൂഷണം ചെയ്യലും ഇവിടെ നിർബാധം നടന്നുകൊണ്ടേയിരിക്കുന്നു എന്നതാണ് സത്യം . ചൂഷണം അല്ലെങ്കിൽ ചേരിതിരിവ്‌ എന്നൊക്കെ ലളിതമായി പറഞ്ഞ് ഒഴിവാക്കുന്ന ഇത് പക്ഷെ ഫാസിസത്തിന്റെ മറ്റൊരു മുഖമെന്ന് ആരും സമ്മതിച്ചു തരില്ല .
.
പൊതുവിൽ ഉദ്യോഗസ്ഥ തലത്തിൽ മാത്രമൊന്നുമല്ല ഇവയുള്ളത് . കലാലയങ്ങളിൽ, തൊഴിലിടങ്ങളിൽ സമൂഹത്തിൽ എന്തിനു വീടുകളിൽ പോലും ഫാസിസ്റ്റ് മുഖങ്ങൾ നമുക്ക് കാണാം . എന്നാൽ പുരോഗമന വാദികൾ അല്ലെങ്കിൽ സാമൂഹിക പരിഷ്കർത്താക്കൾ എന്ന പേരിൽ അവസര വാദികളായ ചിലരും അവരുടെ പക്ഷം പിടിക്കുന്നവരും ഇതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കുന്നില്ല എന്നത് വേദനാജനകം തന്നെ. ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Wednesday, October 14, 2015

എന്റെ നാവ് ...!!!

എന്റെ നാവ് ...!!!
.
ഞാൻ
നിന്റെ നാവാകുമ്പോൾ
നിനക്കുവേണ്ടി
കുരയ്ക്കണം
കുറുകണം
മൌനം പൂകണം
വളച്ചൊടിക്കണം
കടിച്ചു പിടിക്കണം
നിനക്കും അവർക്കും
വേണ്ടതുമാത്രവും
ചൊല്ലണം ...!
.
എന്റെ നാവ്
പിന്നെ
നിനക്ക് മടുക്കുമ്പോൾ
നീയത്
അവർക്കിട്ടുകൊടുക്കും,
അവർക്കാവോളം
എരിവും പുളിയും
തേച്ചുപിടിപ്പിക്കാൻ
അവർക്കുവേണ്ടി
ആർത്തു വിളിപ്പിക്കാൻ ...!
.
പിന്നെയത്
അവർക്കും മടുക്കുമ്പോൾ
അവരതെനിക്കുതന്നെ
തിരിച്ചുതരും,
അതിന്റെ അങ്ങേ അറ്റത്ത്‌
ഒരിറ്റു ചോരയുമായി .
അതുവരെ ഒന്നുമറിയാത്ത
എന്റെതന്നെ
ചുടുചോരയുമായി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 8, 2015

യുദ്ധഭൂമിയിൽ നിന്ന് ...!!!

യുദ്ധഭൂമിയിൽ നിന്ന് ...!!!
.
യുദ്ധം തുടങ്ങിയ ശേഷം തുടർച്ചയായ ആക്രമണങ്ങളിൽ ആ അതിർത്തി നഗരത്തിലും നാശനഷ്ടങ്ങൾ ഉണ്ടാകാൻ തുടങ്ങിയതുകൊണ്ടാണ് അവിടുത്തെ ഞങ്ങളുടെ തൊഴിലാളികളെ ഒഴിപ്പിച്ചെടുക്കാൻ ഞാനും സഹപ്രവർത്തകരും അന്നവിടെ ചെന്നത് . അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ ആ പ്രൊജക്റ്റ്‌ ലാഭകരവും ധീർഘ കാലാടിസ്ഥാനതിലുള്ളതുമാകയാൽ എളുപ്പത്തിൽ അടച്ചുപൂട്ടാനോ ഉപേക്ഷിക്കാനോ ഞങ്ങൾക്ക് കഴിയുമായിരുന്നുമില്ല . എങ്കിലും പരിതസ്ഥിതികൾ ഗുരുതരമായിരുന്നതിനാൽ അവിടുത്തെ തോഴിലാളികൾക്ക് എന്തെങ്കിലും സംഭവിക്കും മുൻപുതന്നെ അവരെ ഒഴിപ്പിച്ച്‌ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കേണ്ടത്‌ അനിവാര്യവുമായിരുന്നു .
.
അവിടെയെത്തിയതുമുതലുള്ള യാത്രയിലുടനീളം അതിർതിക്കപ്പുറത്തുനിന്നുള്ള ആക്രമണത്തിൽ തകർന്ന അവശിഷ്ടങ്ങൾ ഞങ്ങളിലും ഭീതി പടർത്തിയിരുന്നു. അതിന് ആക്കം കൂട്ടുമാര് കുറച്ചു ദൂരെയായാണ് ഞങ്ങൾക്ക് കാണാനാകും വിധം അപ്പോൾ ഒരു ആക്രമണം നടന്നതും . എങ്കിലും നൂറിൽ കൂടുതൽ വരുന്ന ഞങ്ങളുടെ തൊഴിലാളികളുടെ ജീവൻ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നതിനാൽ പിന്തിരിയാതെ ഞങ്ങൾ മുന്നോട്ടു പോവുക തന്നെചെയ്തു .
.
അതിർതിക്കപ്പുറത്തുനിന്നുള്ള നിരന്തര ആക്രമണം നടക്കുന്ന അവിടെ എത്തിയ ഞങ്ങൾക്ക് അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശക്തമായ സുരക്ഷാ കവചത്തിലൂടെ ഞങ്ങളുടെ തോഴിലാളികളെയെല്ലാം പെട്ടെന്ന് തന്നെ അവിടുന്ന് സുരക്ഷിതമായി പുറത്തെത്തിക്കുവാനും സാധിച്ചു . സുരക്ഷിതമായാണ് അവിടെയും അവരെ താമസിപ്പിച്ചിരുന്നത് എങ്കിലും യുദ്ധഭൂമിയിൽ ജീവനും കയ്യിൽപിടിച്ച് ജീവിച്ചിരുന്ന ആ തോഴിലാളികളെല്ലാം രക്ഷപ്പെടാനുള്ള ആവേശത്തോടെ പെട്ടെന്ന് തന്നെ അവിടുന്ന് പോരുകയും ചെയ്തു
.
രാജ്യങ്ങളുടെ ശത്രുതയോ മതങ്ങളുടെ വേലിക്കെട്ടുകളോ ഭാഷയുടെ അതിർവരമ്പുകളോ വേർതിരിക്കാതെ , ഏതു മൃഗത്തിന്റെ മാംസമെന്നോ എവിടെ വളർന്ന പച്ചക്കറിയെന്നോ നോക്കാൻ പോലുമാകാതെ വിശപ്പടക്കാനുള്ള , ജീവൻ നിലനിർത്താനുള്ള ഒരുനേരത്തെ അന്നത്തിനും, ദൂരെ തങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരാലംബരായ തങ്ങളുടെ കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്ന പച്ചയായ ആ മനുഷ്യർ അവരുടെ ജീവൻ രക്ഷിക്കാനെത്തിയ ഞങ്ങളെ നന്ദിയോടെ സ്മരിച്ചുകൊണ്ട് ഒരുമയോടെ സാഹോദര്യത്തോടെ തങ്ങളുടെ വാഹനങ്ങളിലെയ്ക്ക് കയറുന്നത് ഞങ്ങളും ചാരിദാർത്യത്തോടെ നോക്കിനിന്നു .
.
അതുവരെയും തങ്ങളുടെ ജീവൻ കൊണ്ട് ഞങ്ങളുടെ ജീവിതവും ജീവനും സംരക്ഷിച്ചിരുന്ന അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങളുടെ കൂടെത്തന്നെ ക്ഷമയോടെ ഉണ്ടായിരുന്നു . ഒടുവിൽ എല്ലാവരും പൊയ്ക്കഴിഞ്ഞു സ്ഥാപനവും പൂട്ടി ഞങ്ങൾ പുറത്തിറങ്ങുമ്പോൾ അവർ ഞങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും കൂടി സങ്കടിപ്പിക്കുകയും ചെയ്തുതന്നു .
.
സുരക്ഷാ പാതയൊരുക്കി ഞങ്ങളെ സുരക്ഷിതമായ ഇടത്തെത്തിക്കും വരെ ആ സുരക്ഷാ ഉദ്യോഗസ്ഥരും ഞങ്ങൾക്കൊപ്പം പോന്നു . അതിർത്തിക്കപ്പുറത്തുനിന്നുള്ള ആക്രമണപരിധി കഴിഞ്ഞ് ഞങ്ങൾ സുരക്ഷിതമായ ഇടത്തെത്തി എന്നുറപ്പുവരുത്തിയാണ് അവർ പിന്നെ തിരിച്ചുപോകാൻ തുടങ്ങിയത്. അതുവരെയും മുൾമുനയിൽ നിന്നിരുന്ന ഞങ്ങൾ, അവിടെ അവർ പോകുന്നതും നോക്കി നിന്ന് ഒരൽപം ആശ്വാസത്തോടെ അവർതന്നെ തന്ന വെള്ളവും ഭക്ഷണവും കഴിക്കാനും തുടങ്ങി .
.
ഞങ്ങൾക്കരികിൽ നിന്നും തിരിഞ്ഞ് പോകാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ ആ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹം അപ്പോൾ . ഭക്ഷണം കുറേശ്ശേയായി കഴിക്കാൻ ആരംഭിച്ച ഞങ്ങളുടെ കണ്ണിൽ നിന്നും അവർ മറയാൻ തുടങ്ങും മുൻപാണ് അത് സംഭവിച്ചത് . അതിർത്തികടന്നെത്തിയ ഒരു ഷെൽ , ഞങ്ങളുടെ ജീവൻ രക്ഷിച്ച ആ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തെ തകർത്തെറിഞ്ഞു കളയുന്നത്‌ വേദനയോടെ, നടുക്കത്തോടെ ഞങ്ങൾക്ക് നോക്കി നിൽക്കേണ്ടി വന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, October 5, 2015

മാതൃ ഭാവേ …!!!

മാതൃ ഭാവേ …!!!
.
നിന്റെ മടിയിൽ ഇടത്തെ തുടയിൽ കിടന്നുകൊണ്ട് എനിക്കുനിന്റെ ഇടത്തെ മുല മതിയാവോളം കുടിക്കണമെന്ന് അവൻ തെല്ലൊരു അധികാരത്തോടെ ആവശ്യപ്പെട്ടപ്പോൾ ഉറക്കെ കരയാനാണ് പെട്ടെന്ന് തോന്നിയത് . അന്നാദ്യമായി അവനോടുള്ള ഇഷ്ടത്തോടെ , പതിയെ പതിയെ തുടങ്ങി അവളുടെ അകത്തളങ്ങൾ മുഴുവൻ കിടുങ്ങുമാറുച്ചതിൽ , ഹൃദയം നുറുങ്ങുന്ന വേദനയോടെ ... പിന്നെ ശാന്തമായ ഒരു പുഴപോലെ കടലിലേയ്ക്ക് ഒഴുകിയിറങ്ങിക്കൊണ്ട് ....!
.
പരിചയപ്പെട്ട നാൾ മുതൽ അവൻ അവൾക്കൊരു വികൃതിയായ പയ്യനായിരുന്നു . പ്രായത്തെക്കാൾ കുറഞ്ഞ പക്വത മനപ്പൂർവ്വം അഭിനയിക്കുകയാണ് അവനെന്ന് അവൾക്കറിയാമായിരുന്നിട്ടു കൂടിയും . .വേണ്ടാത്തതൊക്കെ പറഞ്ഞും ഇഷ്ടമില്ലാത്തത് സംസാരിച്ചും മനപ്പൂർവ്വം അവൻ അവളെ അരിശം കൊള്ളിക്കുമായിരുന്നു . എന്നിട്ടും പലകുറി ശ്രമിച്ചിട്ടും അവൾക്ക് അവനെ ഒരിക്കലും ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ല എന്നതൊരു സത്യവും .
.

എല്ലാം നിർബന്ധപൂർവ്വം എന്നപോലെ തമാശയായി മാത്രം അവതരിപ്പിക്കുന്ന അവന്റെ സ്വഭാവം ചിലപ്പോഴെല്ലാം അവൾക്ക് അരോചകവുമായിരുന്നു . ചിലപ്പോൾ ഒരു വലിയ അഹങ്കാരിയായും മറ്റുചിലപ്പോൾ തീരെ വഷളനായും ചില സമയങ്ങളിൽ മോശമായൊരു തെമ്മാടിയായും പെരുമാറിയിരുന്ന അവനെ അവൾക്ക് പക്ഷെ വെറുക്കാനും കഴിഞ്ഞിരുന്നില്ല . ഒരിക്കൽ പോലും വ്യക്തതയോ സ്ഥിരതയോ , പക്വതയോടെയുള്ളതോ ആയ ഒരുസ്വഭാവ വിശേഷവും അവൻ കാണിച്ചിരുന്നേയില്ലെങ്കിലും .
.
എന്നിട്ടും തീർത്തും അഹങ്കാരത്തോടെ, ധാർഷ്ട്യത്തോടെ , ധൈര്യത്തോടെ വായിൽ തോന്നിയതൊക്കെ അതുപോലെ തുടർച്ചയായി എഴുതിക്കൊണ്ടിരുന്ന അവന്റെ വാക്കുകൾക്കായി അവൾ കാത്തിരുന്നു . ആ വാക്കുകളിൽ അവൻ സൂക്ഷിക്കുന്ന അവന്റെ ഹൃദയം അവൾ തിരിച്ചറിഞ്ഞു . ആ അക്ഷരങ്ങളിൽ അവൻ കരുതുന്ന സത്യസന്തത അവൾ അനുഭവിച്ചറിഞ്ഞു . അവന്റെ ഓരോ വരികളും ആദ്യം വായിക്കുന്നത് താനായിരിക്കണമെന്ന് പിന്നെ പിന്നെ അവൾ സ്വയം നിർബന്ധം പിടിച്ചു . ഒരിക്കലും അവനെ അതറിയിച്ചിരുന്നില്ലെങ്കിലും അങ്ങിനെ ഭാവിച്ചിരുന്നില്ലെങ്കിലും അവനവളെ തിരിച്ചറിയുന്നുണ്ടെന്നു അവൾക്കറിയാമായിരുന്നു അപ്പോഴെല്ലാം .
.
സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവനാണ് അവനെന്ന് തനിക്കെപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും മാതൃത്വം എന്ന ഭാവം അവനിൽ അപരിചിതത്വം സൃഷ്ടിക്കുന്നത് അവൾ അതിശയത്തോടെ നോക്കി നിന്നു . ഒരിക്കലെ ഒരു വാഗ്വാദത്തിൽ മാതാവ് എന്നത് പണ്ടോരോ പറഞ്ഞത് പോലെ ബീജം സൂക്ഷിക്കാനുള്ള ഒരു വയൽ മാത്രമാണെന്ന് അവൻ വേദനയോടെ പറഞ്ഞത് തന്നെ ശരിക്കും അരിശം കൊള്ളിച്ചു .
.
മാതൃഭാവത്തെ അവൻ അങ്ങിനെ അപമാനിച്ചതിലെ അമർഷം കത്തിപ്പടരവേ ആ ജ്വാലയിൽ അവനെ എരിച്ചു കളയാനുള്ള വാശിയോടെ അവനെ തേടവേ തനിക്കു മുന്നിൽ പൊട്ടിവീണു ചിതറിയ തന്റെ കണ്ണാടിയിൽ പരന്നു പടർന്ന തന്റെ തന്നെ മാതൃഭാവം അപ്പോൾ തന്നെ നിശ്ചലയാക്കിയത് നിസ്സഹായതയോടെയല്ല , പസ്ചാതാപതോടെയാണ് അനുഭവിക്കേണ്ടി വന്നതെന്ന് തിരിച്ചറിവായിരുന്നു .
.
ചാരാൻ ചുമരുകൾ പോലും അപ്രാപ്യമായിടത്ത് തളർന്നിരിക്കവേ അന്നാദ്യമായി താൻ തന്റെ കാൽതുടകൾ നഗ്നമാക്കി . മാറിടവും . എന്നിട്ട് അവൻ ആവശ്യപ്പെട്ട പോലെ തന്റെ ഇടത്തെ മുല കയ്യിലെടുത്ത് അവനുവേണ്ടി കാത്തിരിക്കവേ, അനുഭവിക്കുകയായിരുന്നു, പശ്ചാത്താപം പാപ പരിഹാരമല്ലെന്ന് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
സമർപ്പണം : മാതാക്കളാൽ തിരസ്കരിക്കപ്പെടുന്ന ഓരോ കുഞ്ഞിനും

എനിക്കും ഒരലമാര വേണം ...!!!

എനിക്കും ഒരലമാര വേണം ...!!! . ഓർമ്മകളില്ലെങ്കിലും ഓർമ്മിക്കാനില്ലെങ്കിലും സൂക്ഷിക്കാൻ എനിക്കും വേണം ഒരലമാര ....! . ചിത്രപ്പണികൾ ചെയ്...