Sunday, August 30, 2015

വാർദ്ധക്യേ ....!!!

വാർദ്ധക്യേ ....!!!
.
മേഘവിസ്പോടനങ്ങളിലൂടെയും മഞ്ഞുപാളികൾ അടർന്നു വീണും അപ്രതീക്ഷിത പ്രളയങ്ങളുണ്ടാകുന്ന ആ അതിമനോഹര ഹിമാലയൻ ഗ്രാമം എന്നും എന്റെ സ്വപ്നമായിരുന്നു . അതുകൊണ്ട് തന്നെ അവിടേക്ക് പോകാനുള്ള ഔദ്യഗികവും അല്ലാത്തതുമായ എതൊരവസരവും ഞാൻ നഷ്ടപെടുത്താറുമില്ല . എന്റെ ഒരു സുഹൃത്ത്‌ അവളുടെ ജോലി മാറ്റത്തിലൂടെ കുടുംബ സമേതം അവിടേക്ക് താമസം മാറ്റിയപ്പോൾ പിന്നെ ഞാൻ അവിടെ ചെല്ലുമ്പോഴെല്ലാം അവളുടെ കൂടെ താമസിക്കണമെന്നത് അവർക്ക് നിർബന്ധവുമായിരുന്നു .
.
സൌകര്യങ്ങൾ കുറവുള്ള അവളുടെ വളരെ പഴയ ആ ഔദ്യോഗിക വസതി പക്ഷെ എപ്പോഴും ഹൃദ്യമായിരുന്നു . ഒരു വസന്തത്തിന്റെ അപ്പാടെ എന്നപോലെ ആഘോഷം നിറഞ്ഞതും . രണ്ടുകുട്ടികളും അവളോടൊപ്പം ജോലിചെയ്യുന്ന ഭർത്താവും അവൾക്ക് എന്നും ഉത്സവങ്ങളുടെ ആരവം നിറഞ്ഞതും ആയിരുന്നു .
.
അക്കുറിപക്ഷേ അറിയിക്കാതെയാണ് അന്ന് ഞാൻ അവിടെ ചെന്നത് . അവൾ അവിടെ ഇല്ലാതിരുന്നതിനാൽ അവളുടെ ഭർത്താവും കുട്ടികളും കൂടിയാണ് എന്നെ സ്വീകരിച്ചത് . കഴിഞ്ഞ പ്രാവശ്യം ഞാൻ ഉറപ്പുനല്കിയിരുന്ന പുസ്തകങ്ങൾക്ക് വേണ്ടി കുട്ടികൾ എന്റെ ബാഗ്‌ വാങ്ങിയപ്പോൾ അദ്ദേഹം എന്നെ സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി .
.
ക്ഷീണിതനായിരുന്നതിനാൽ ഒന്ന് കുളിക്കണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പതിവിനു വിപരീതമായി അവരുടെ ബെഡ്റൂമിലെ ബാത്ത്റൂമിലേയ്ക്കാണ് എന്നെ കൊണ്ട് പോയത് . അവരുടെ ബെഡ്റൂമിൽ മറ്റാരെയും കയറ്റാറില്ലാത്ത അവർ എന്നെ അങ്ങോട്ട്‌ കൊണ്ടുപോയത് തെല്ലൊന്ന് അതിശയിപ്പിച്ചെങ്കിലും അപ്പോഴത്തെ തിരക്കിൽ ഞാൻ ഓടിക്കയറി കുളിക്കാൻ തുടങ്ങി .
.
കുളികഴിഞ്ഞ് വന്നപ്പോഴേക്കും അദ്ദേഹം എനിക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു . ഒരു ശുദ്ധ വെജിറ്റേറിയനായ എന്നെ പോറ്റാൻ വിഷമമാണെന്ന് അവൾ എപ്പോഴും പറയുമെങ്കിലും എനിക്കെപ്പോഴും അവർ പ്രത്യേകമായും ഭക്ഷണം തയ്യാറാക്കുമായിരുന്നു . കുട്ടികളും കൂടി ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം കുറച്ചു ജോലികൂടി ബാക്കിയുണ്ടെന്ന് പറഞ്ഞ് അടുക്കളയിൽ തിരിച്ചു കയറി..
.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മുറ്റത്ത്‌ ഒരു ഓട്ടോ വന്നുനിന്നതറിഞ്ഞ് കുട്ടികൾ അമ്മ വന്നെന്നും പറഞ്ഞ് അങ്ങോട്ട്‌ ഓടിയപ്പോൾ ഞാനും എഴുന്നേറ്റു . അപ്പോഴേക്കും അവൾ സഹായത്തിനായി അദ്ധേഹത്തെ വിളിക്കുന്നതറിഞ്ഞ് വേഗം കൈ കഴുകി ഞാൻ അവൾക്കടുത്തേയ്ക്ക്‌ ഓടിയെത്തി . അപ്പോഴേക്കും അവൾ കുട്ടികളുടെ സഹായത്തോടെ വിവശരും അവശരുമായ ഒരു അച്ഛനെയും അമ്മയെയും ഓട്ടോയിൽ നിന്നും കൈപിടിച്ച് ഇറക്കുകയായിരുന്നു .
.
എന്നോട് പറയാതെ ചെന്നതിലുള്ള പരിഭവം ആഗ്യത്തിൽ കാണിച്ച് അവരെ കൂട്ടി അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ക്ഷമ ചോദിച്ച് ഞാനും അവളെ സഹായിച്ചു . അവരെ അകത്തു കൊണ്ടുപോയി കിടത്തുമ്പോഴാണ്‌ എന്തുകൊണ്ടാണ് ഞാൻ പതിവായി ഉപയോഗിക്കാറുള്ള ആ മുറി എനിക്ക് തരാതിരുന്നതെന്ന് മനസ്സിലായത്‌ . എനിക്കപരിചിതരായ അവർ ആരെന്ന ചോദ്യഭാവത്തിന് പിന്നെ പറയാം മറുപടിയെന്ന് ആംഗ്യം കാണിച്ച് അവൾ ക്ഷീണിതരായ അവരെ അവിടെ കട്ടിലിൽ കിടക്കാൻ സഹായിച്ചു . പിന്നെ എന്നെയും കൂട്ടി വാതിലടച്ച് പുറത്തു കടന്നുകൊണ്ട് പറയാൻ തുടങ്ങി .
.
നാൽപത്‌ വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനൊടുവിൽ എഴുപതു കാരനും അസുഖബാധിതനുമായ ആ അച്ഛനെ ഉപേക്ഷിക്കാൻ കൊണ്ടുപോയ മക്കളുടെ കയ്യിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു പിടിച്ചു വാങ്ങി കൊണ്ടുവന്നതാണ് അറുപത്തിയഞ്ചുകാരിയായ ആ അമ്മ . എന്നിട്ട് അവളുടെ സഹായത്തോടെ അടുത്ത ഒരു കടമുറിയിൽ കച്ചവടം നടത്തി ജീവിതത്തിനുള്ള മാർഗ്ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇനി ആ അമ്മയെന്ന് അവൾ പറഞ്ഞു നിർത്തിയപ്പോൾ എന്നെപ്പോലുള്ള മക്കളെയോർത്ത് എന്റെയും ശിരസ്സുകുനിഞ്ഞു പോയി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, August 24, 2015

ആഘോഷിക്കേണ്ട യുവത്വം ...!!!

ആഘോഷിക്കേണ്ട യുവത്വം ...!!!
.
യുവതയ്ക്ക് എല്ലാം ആഘോഷമാണ് . എന്നും ആഘോഷമാണ് . ജനനവും മരണവും എന്തിന് ജീവിതം തന്നെയും ആഘോഷമാക്കുന്നവരാണ് യുവത്വം എല്ലായ്പോഴും. എല്ലാ കാലത്തും അത് അങ്ങിനെതന്നെ ആയിരുന്നു താനും . അല്ലെങ്കിൽ തന്നെയും അത് അങ്ങിനെതന്നെയാണ് വേണ്ടതെന്നുമാണ് എന്റെ അഭിപ്രായവും . ആഘോഷമില്ലാതെ പിന്നെ എന്ത് ജീവിതം .
.
ആഘോഷിക്കാൻ വേണ്ടിത്തന്നെയാണ് ഓരോ ഉത്സവങ്ങളും . അത് ഓണമായാലും പെരുന്നാളായാലും പൂരമായാലും നേർച്ചയായാലും . ഓരോ ആഘോഷങ്ങളും യുവതയ്ക്കുള്ളതുമാണ് . അത് അതാതു കാലഘട്ടത്തിനനുസരിച്ചുള്ള രീതികൾക്കും പരിഷ്കാരങ്ങൾക്കും അനുസരിച്ച് തന്നെ ആവുന്നതും സ്വാഭാവികവും .
.
യുവതയുടെ ആഘോഷങ്ങളെ പലപ്പോഴും പലരും വിമർശിക്കാറുണ്ട് . ആഘോഷത്തിന്റെ ഈ യുവത്വം കഴിഞ്ഞ് ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളും പ്രാരാബ്ധങ്ങളും പേറി ജീവിതവുമായി മല്ലിടുന്ന മുതിർന്നവരുടെ ഇടയിൽനിന്നാണ് പലപ്പോഴും അതുണ്ടാകാറുള്ളത് എന്നതാണ് അതിലെ വിരോധാഭാസവും .
.
തീർച്ചയായും എല്ലാറ്റിനും അതിർവരമ്പുകളും നിയന്ത്രണങ്ങളും വേണമെന്നതിൽ സംശയമില്ല . ഇവിടെയും അതുപോലെ ഈ ആഘോഷങ്ങൾ അതിരുവിടാതെ നോക്കേണ്ടത് , നിയന്ത്രിക്കേണ്ടത് അത് ആഘോഷമാക്കുന്നവരെക്കാൾ അവിടുത്തെ മുതിർന്നവർ തന്നെയാണ് .തീർച്ചയായും അത് അവരുടെ കടമയും ഉത്തരവാദിത്വവും തന്നെയാണ് താനും.
.
എന്നാൽ , മുതിർന്നവർ തങ്ങളുടെ കടമയും ഉത്തരവാദിത്വവും ശരിയായ രീതിയിൽ നിർവ്വഹിക്കാതെ ആഘോഷിക്കുന്ന യുവതയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും അടിച്ചമർത്തുന്നതും യുവത്വത്തോട്‌ എന്നപോലെ ഈ സമൂഹത്തോടും ചെയ്യുന്ന നീതികേടും ക്രൂരതയുമാണ് .
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, August 18, 2015

ഒരുമിച്ചൊരു വാക്കിലേക്ക് ...!!!

ഒരുമിച്ചൊരു വാക്കിലേക്ക് ...!!!
.
ഒരു വാക്കിന്റെ ഇങ്ങേ അറ്റത്തു നിന്നും അടുത്ത വാക്കിന്റെ തുടക്കം വരെയുള്ള സമയമാണ് ഈ ലോകത്തിലെ ഏറ്റവും അമൂല്ല്യമായതെന്ന് അവൾ ആവേശത്തോടെ പറഞ്ഞു നിർത്തിയിട്ട് തന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കിയിരുന്നപ്പോൾ താൻ തന്നിലലിഞ്ഞു ചേർന്നിരുന്ന മൌനത്തിന്റെ കറുത്ത പാടുകൾ മെല്ലെ മായ്ച്ചു കളയുകയായിരുന്നു .
.
ഇനിയുമൊരു ശിലാ കാലം . അവിടേയ്ക്കുള്ള ദൂരത്തിനു മാത്രം അടുപ്പമില്ല , അകലവും . എന്നിട്ടും അസാദ്ധ്യമാകുന്ന യാത്രയുടെ നേർ രേഖകൾ ഭാണ്ഡങ്ങൾക്ക് വേണ്ടി കരുതിവെക്കുന്നു , കാത്തിരിക്കുന്നു . അവിടെമാത്രം പക്ഷെ മൗനമില്ല , വാചാലതയും .
.
അവളുടെ നഷ്ടപ്പെട്ടുപോയ കണ്ണുകളിൽ തന്നെയായിരുന്നു അവളുടെ കാഴ്ച്ചയുടെ ബാക്കിയും എന്ന് അപ്പോഴും എപ്പോഴത്തേയും പോലെ താൻ മാത്രം അറിയാതെപോയി . എന്നിട്ടും അവൾ മാത്രം കരുതിവെച്ചു . അവൾ വരച്ച ചിത്രങ്ങളിൽ ചായങ്ങൾ ചാലിച്ച് ചേർക്കാൻ .
.
അവൾ കൊട്ടിയടച്ചുവെച്ച കാതുകൾക്കുള്ളിലായിരുന്നു അവളുടെ ശബ്ദങ്ങളത്രയും എന്നതും താൻ മാത്രം സ്വയം മറന്നുപോയി . അവളുടെ രക്തം കിനിയുന്ന ധമനികളുടെ ജീവനുള്ള ആ സ്പർശനത്തിന്റെ നഗ്നത തിരിച്ചറിയാതിരുന്നത് പോലെ .
.
ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുക എന്നത് ചലനത്തിന്റെ നിയോഗമെന്നാണ് അവൾ പിന്നെ പറഞ്ഞിരുന്നത് . നിയോഗിക്കപ്പെടുന്നവർ അത് അനുസരിക്കാൻ ബാധ്യസ്ഥരെന്നും . അതുപക്ഷെ അനുസരണയില്ലാത്ത ജിവിതം അവളെ നോക്കി പരിഹസിക്കുന്നത് അറിയാതെയും .
.
ഇനി , .... ? ഒരു യാത്രയാകാം ആ ഒരു വാക്കിന്റെ ഇങ്ങേ തലയ്ക്കുനിന്നും അടുത്ത വാക്കിന്റെ തുടക്കതിനിടയിലെ സമയത്തിലൂടെ, അല്ലെങ്കിൽ അവയ്ക്കിടയിലെ ആ സമയം തേടി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, August 15, 2015

അവളുടെ മുറി ...!!!

അവളുടെ മുറി ...!!!
.
അവളുടെ ആ വലിയ വീട്ടിൽ തനിക്ക് തൊട്ടപ്പുറത്താണ് അവളുടെ ആ മുറിയും . രണ്ട് ചുമരുകളാൽ വേർതിരിക്കപ്പെട്ട് , അല്ലെങ്കിൽ ഒരു ചുമരിനിടയിൽ വീർപ്പുമുട്ടലോടെ രണ്ടു വ്യത്യസ്ഥ മുറികൾ . ഒന്നിൽ നിന്നും വിഭിന്നമെന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കും വിധം തികച്ചും ഒന്നായ രണ്ടു മുറികൾ .
.
അവളെപ്പോലെ അവളുടെ ആ മുറിയും എപ്പോഴും ചൂടുപിടിച്ചതായിരുന്നു എന്നാണ് തനിക്കെപ്പോഴും തോന്നിയിട്ടുള്ളത് . കത്തിക്കഴിഞ്ഞ് , കെടാറാകുന്നതിന് മുൻപുള്ള കനലിൽ നിന്നുള്ളതുപോലെ , അല്ലെങ്കിൽ പോക്കുവെയിലിന്റെ ഊഷ്മളതയെന്നപോലെ, ഇളം ചൂടോടെ . പിന്നെ എപ്പോഴും പുതുമ മാറാത്ത അവളുടെ ചുടുവിയർപ്പിന്റെ മോഹിപ്പിക്കുന്നതും ലയിപ്പിക്കുന്നതുമായ വശ്യസുഗന്ധം നിറഞ്ഞതും .
.
ശീതീകരണ സംവിധാനങ്ങൾ ഏറെ ഉണ്ടായിട്ടും , മുറിക്കു പുറത്തുനിന്നും ശുദ്ധ വായു സഞ്ചാരത്തിന് മാർഗ്ഗങ്ങൾ ഉണ്ടായിട്ടും ആ മുറി എപ്പോഴും അതേ ചൂടോടെ നിലനിന്നു . അവളാൽ പലതരം സുഗന്ധ ലേപനങ്ങൾ എപ്പോഴും മാറി മാറി ഉപയോഗിക്കപ്പെട്ടിട്ടും ആ മുറിയിലെന്നും നിറഞ്ഞു നിന്നത് അവളുടെ ആ വിയർപ്പുമണം മാത്രവും . നനവാർന്ന, വശ്യമായ മോഹിപ്പിക്കുന്ന അതേ മണം .
.
മനോഹരമായാണ് ആ മുറി അലങ്കരിക്കപ്പെട്ടിട്ടുള്ളത് . പുതുമയാർന്ന ജാലക വിരികളും പട്ടുമെത്തയും മുറിക്കിണങ്ങുന്ന കിടക്കവിരികളും അതിനൊക്കെ ചേരുന്ന അലങ്കാരങ്ങളും ഉപകരണങ്ങളും വസ്തുക്കളും . എന്തിന് , ആ മുറിയിലേക്ക് കടന്നു ചെല്ലുന്ന അവൾക്കു പോലും ആ മുറിയുമായി സാമ്യമുണ്ടായിരുന്നു എപ്പോഴും .
.
ചുമരുകൾക്കു നടുവിൽ ഒരുവാതിലും അതിന് രണ്ടു പുറങ്ങളും ഉണ്ടായിട്ടും അവിടെ അവളുടെ ആ വീട്ടിൽ വന്നെത്തിയ അന്നുമുതൽ താൻ ഒരിക്കലും ആ മുറിക്കകത്തേയ്ക്ക് കടന്നിട്ടില്ലെന്നത് എന്നിട്ടും തനിക്ക് അത്ഭുതമേ ആയിരുന്നില്ല . അവൾ അത്രയ്ക്ക് വ്യക്തവും കൃത്യവുമായിരുന്നു ആദ്യ നിമിഷത്തിലേ .... .
.
പുറം കാഴ്ചകളിൽ വശീകരിക്കപ്പെടുമ്പോഴൊക്കെ ഒരു സ്വയഭോഗത്തിൽ തന്നെ നിയന്ത്രിച്ചു നിർത്തിയത് അവളോടുള്ള പ്രണയത്തേക്കാൾ ഏറെ , വിധേയത്വമാണെന്ന് സ്വയം കുറ്റപ്പെടുത്തുമ്പോഴും ആ മുറിക്കപ്പുറം കടക്കാൻ കാൽ വെച്ചതേയില്ല ഒരിക്കലും . അവൾക്കു ശേഷം അവളുടെ ഗന്ധത്തെ പിന്തുടരുമ്പോഴും അവൾ അവശേഷിപ്പിച്ചു പോകുന്ന വായുവിൽ സ്വയം അലിയുംപോഴും അവളുടെ കാലടികളിൽ കാൽപാദങ്ങൾ മെല്ലെ ചേർത്ത് വെക്കുമ്പോഴും മറ്റൊന്നും ആഗ്രഹിച്ചിരുന്നുമില്ല എന്നതാണ് സത്യവും .
.
ഇന്നിപ്പോൾ അവൾ ക്ഷണിക്കാതെ , അവളെ ധിക്കരിക്കാതെ അവളുടെ മുറിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ തനിക്കും അനുഭവപ്പെടുന്നു , തന്റെ മുറിയും ഇതുപോലെ തന്നെയെന്ന് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, August 9, 2015

മറവി ...!!!

മറവി ...!!!
.
മറവി
പലപ്പോഴും
ഒരനുഗ്രഹം
തന്നെയാണ് ,
അതൊരിക്കലും
ഓർമ്മകൾ
നഷ്ടപ്പെടുംപോലെയല്ലെങ്കിൽ ....!
.
മറവി
ചിലപ്പോഴെങ്കിലും
ഒരാശ്വാസവുമാണ്
അത്
തന്നെത്തന്നെ കുറിച്ചാവുമ്പോൾ
പ്രത്യേകിച്ചും ...!
.
മറവി
എല്ലായ്പോഴും
പ്രതീക്ഷയുമാണ് ,
അത്
മറവിയെ
മറക്കാതിരിക്കുകയാണെങ്കിൽ
തീർച്ചയായും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, August 5, 2015

രതി ....!!!

രതി ....!!!
.
രതിയെനിക്ക്
എന്നിൽ തുടങ്ങി
എന്നിലവസാനിക്കുന്ന
ഒരു സമസ്സ്യയാണ് ...!
.
അല്ലെങ്കിൽ
രതി ,
എന്നിൽ ഞാൻ
സ്വയം തേടുന്ന
മരീചികയും ...!
.
ആകാശം നിറയെ
വർണ്ണ മഴ പെയ്യിച്ച്
കണ്ണും കാതും നിറച്ച്
പൊട്ടിച്ചിതറുന്ന
ഒരമിട്ടു പോലെ ...!
.
അല്ലെങ്കിൽ
ഒരു മഹാമഴയുടെ
ശേഷിപ്പുമായി
ഇറ്റു വീഴുന്ന
അവസാന തുള്ളിയിലെ
നിശബ്ദത പോലെ ...!
.
രതി,
എനിക്കെന്റെ
ശാന്തിയും അശാന്തിയും
ജീവനും ജീവിതവും
ലഹരിയും സ്വകാര്യതയുമാകവെ
ഞാനെന്തിനത്
നിങ്ങൾക്കുമുന്നിൽ
തുറന്നു വെക്കണം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

എനിക്കും ഒരലമാര വേണം ...!!!

എനിക്കും ഒരലമാര വേണം ...!!! . ഓർമ്മകളില്ലെങ്കിലും ഓർമ്മിക്കാനില്ലെങ്കിലും സൂക്ഷിക്കാൻ എനിക്കും വേണം ഒരലമാര ....! . ചിത്രപ്പണികൾ ചെയ്...