Tuesday, December 4, 2012

ദൈവങ്ങള്‍ക്ക് ....!!!

ദൈവങ്ങള്‍ക്ക് ....!!!
.
തീവണ്ടി ആപ്പീസിലേക്ക് ഞാന്‍ കാലെടുത്തു വെച്ചത് തന്നെ അവളുടെ മുഖത്ത് നോക്കിക്കൊണ്ടായിരുന്നു. അവളെ അവിടെ അങ്ങിനെ ഒരു സാഹചര്യത്തില്‍ കാണുന്നതില്‍ എനിക്ക് ഒരു അതിശയവും തോന്നിയില്ലെങ്കിലും അപ്പോള്‍ എന്തോ ഒരു ആശ്ചര്യം എന്നെ പൊതിയാന്‍ തുടങ്ങി. അവള്‍ അപ്പോള്‍ അവളുടെ അച്ഛനെ യാത്രയാക്കുകയായിരുന്നു. തന്റെ രണ്ടു കുട്ടികളെയും തന്നിലേയ്ക്കു കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തി അച്ഛനെ അവള്‍ ഒട്ടും വിഷമമില്ലാതെ യാത്രയാക്കുമ്പോള്‍ ആ പാവം അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു.
.
പോകാന്‍ തുടങ്ങിയ അച്ഛന്‍ തന്റെ പോക്കറ്റില്‍ നിന്ന് കുറച്ചുകൂടി പൈസയെടുത്തു അവളുടെ കുട്ടികളുടെ കയ്യില്‍ തിരുകിയത് അവള്‍ പക്ഷെ മനമില്ല മനസ്സോടെയായിരുന്നു സ്വീകരിച്ചത്. എന്നിട്ട് ഒട്ടും തിടുക്കമില്ലാതെ അവള്‍ അച്ഛനെ സമാധാനിപ്പിച്ചുകൊണ്ട്‌ തന്നെ യാത്രയാക്കുന്നത്‌ ഞാന്‍ വളരെയേറെ അതിശയത്തോടെ തന്നെ നോക്കി നിന്നു . അവളാകട്ടെ വേദനയോടെ ആ അച്ഛന്‍ നടന്നു മറയുന്നത് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ തന്റെ മക്കളെയും ചേര്‍ത്ത് പിടിച്ചു ഒഴിഞ്ഞ ഒരു കോണിലേക്ക് മാറി ഇരിക്കുന്നത് ഞാന്‍ നിര്‍വൃതിയോടെ നോക്കി നിന്നു . അവളുടെ ആ ആത്മ ധൈര്യത്തില്‍ , അവളുടെ ആ ആത്മ വിശ്വാസത്തില്‍ ഞാന്‍ അഭിമാനം കൊണ്ടു .
.
എപ്പോഴും അച്ഛന്റെ കയ്യില്‍ തൂങ്ങി അല്ലെങ്കില്‍ അവളുടെ ഏട്ടന്റെ കയ്യില്‍ തൂങ്ങി മാത്രം നടക്കാറുള്ള അവളെയായിരുന്നു ഞാന്‍ ഇന്നുവരെ കണ്ടിട്ടുള്ളത്. എന്റെ അയല്‍ക്കാരിയും കളിക്കൂട്ടുകരിയുമായ അവള്‍ എനിക്ക് പക്ഷെ ഒരു സുഹൃതിനെക്കാള്‍ സഹോദരിയെന്നപോലെ ആയിരുന്നു എപ്പോഴും. അതുകൊണ്ട് തന്നെ അങ്ങിനെയൊരു വാത്സല്ല്യം എപ്പോഴും അവളോട്‌ കൂടുതലായി ഉണ്ടായിരുന്നു താനും.
.
പിന്നീട് വിവാഹ ശേഷം അവളെ ഞാന്‍ കാണാറുള്ളത്‌ എപ്പോഴും അവളുടെ ഭര്‍ത്താവിന്റെ കൂടെ മാത്രവും. ഏതു സമയവും അയാളോടൊപ്പം മാത്രമേ ഞാന്‍ അവളെ അപ്പോഴൊക്കെ കണ്ടിട്ടേ ഉള്ളു. അല്ലാത്തപ്പോള്‍ ഒക്കെയും അവളൊരു തികഞ്ഞ വീട്ടമ്മയായി അവളുടെ വീട്ടില്‍ മാത്രം ഒതുങ്ങി കൂടുകയും ചെയ്യുമായിരുന്നു. അവള്‍ക്കു രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായപ്പോഴും അതിലവല്‍ ആത്മാഭിമാനം കൊണ്ടിരുന്നു. ജീവനെപോലെ ആ കുട്ടികളെയും ഭര്‍ത്താവിനെയും നോക്കി നന്മ നിറഞ്ഞവളായി അവള്‍ ജീവിക്കുകയായിരുന്നു.
.
വളരെ പെട്ടെന്നാണ് അവളുടെ ജീവിതം മാറി മൈഞ്ഞത്. കണ്മുന്നിലൂടെ ജീവിതം ഒഴുകി പോയി എന്നൊക്കെ കവികള്‍ പറയും പോലെ. അങ്ങിനെയൊക്കെ തന്നെ ആയിരുന്നു അവളുടെ കാര്യങ്ങളും. കച്ചവടക്കാരനായിരുന്നു അവളുടെ ഭര്‍ത്താവ് കടം മൂലം ആത്മഹത്യ ചെയ്തപ്പോള്‍ മാത്രമാണ് അവള്‍ ജീവിതത്തെ കണ്ണ് തുറന്നു കാണാന്‍ തുടങ്ങിയത്. അപ്പോഴേക്കും ഒന്നും അവളുടെ കൈകളില്‍ നില്‍ക്കാതെ ആയിക്കഴിഞ്ഞിരുന്നു. അടുപ്പമുള്ളവരും സ്നേഹിതരും എല്ലാം അവളെ ഒരുപോലെ ഉപേക്ഷിച്ചപ്പോള്‍ അവള്‍ തികച്ചും അന്ന്യയായി.
.
കയറിക്കിടക്കാന്‍ വീടുപോലും ഇല്ലാതെ ആരും തുണയില്ലാതെ ജീവിക്കാന്‍ തുടങ്ങിയ അവളെ കടിച്ചുകീറാന്‍ ചെന്നയ്കൂട്ടം പാഞ്ഞടുക്കാന്‍ തുടങ്ങിയ അന്ന് മുതല്‍ അവള്‍ ആയുധമെടുത്തു. സ്വയം പ്രതിരോധിക്കാന്‍. പിന്നെ പറക്ക മുറ്റാത്ത ആ രണ്ടു പെണ്‍കുട്ടികളെയും കഴുകന്‍ മാര്‍ വേട്ടയ്ക്ക് ഇരയാക്കാന്‍ തുടങ്ങിതുടങ്ങിയപ്പോള്‍ പ്രതിരോധം വിട്ടു പ്രത്യാക്രമണത്തിലേക്കും നീങ്ങാന്‍ തുടങ്ങി അവള്‍...
.
പതുക്കെ പതുക്കെ ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ അവള്‍ പഠിച്ചു. ആരുടെ മുന്നിലും തല കുനിക്കാതെ, ആരെയും കൂസാതെ അവളും അവളുടെ കുഞ്ഞു മക്കളും പിച്ച വെച്ച് നടക്കാന്‍ തുടങ്ങിയത് ക്രൂരതയോടെയാണ് സമൂഹം നോക്കി കണ്ടത്. അവളെ നഗര മധ്യത്തില്‍ നഗ്നയാക്കാന്‍ അവര്‍ വെമ്പല്‍ കൊണ്ടപ്പോള്‍ തത്കാലം ഒരു പിന്തിരിയലിനു അവള്‍ തയ്യാറെടുത്തു . സിംഹം അതിന്‍റെ ഇരയ്ക്ക് മേല്‍ ചാടി വീഴാന്‍ തുടങ്ങും മുന്‍പ് പതുങ്ങും പോലെ.
.
അങ്ങിനെ അവിടെ നിന്നും തത്കാലത്തേക്ക് പോകുമ്പോഴായിരുന്നു ഞാന്‍ അവളെ ആ തീവണ്ടി ആപ്പീസില്‍ വെച്ച് കണ്ടത്. മാറി ഒരിടത് തന്റെ വണ്ടിക്കായി കാത്തിരിക്കുന്ന അവളുടെ അടുത്തേക്ക് ഞാന്‍ ചെല്ലവേ, അവള്‍ സന്തോഷത്തോടെ എന്റെ അടുത്ത് വന്നു. തന്റെ മക്കളെ ആത്മ വിശ്വാസത്തോടെ ഉറച്ച തീരുമാനത്തോടെ ചേര്‍ത്ത് പിടിച്ചു കൊണ്ട് സ്നേഹത്തോടെ നില്‍ക്കുകയായിരുന്നു അവള്‍ അവിടെ. ജീവിക്കാനും, മക്കളെ ജീവിപ്പിക്കാനും ഉള്ള യാത്രയിലാണ് താന്‍ എന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അവളെ ആശംസിക്കാന്‍ ഒരുങ്ങി. പെട്ടെന്ന് എന്റെ വായ്‌ പോതിക്കൊണ്ട് അവള്‍ ബാഗില്‍ നിന്നും ഒരു ചെറിയ കുപ്പി വിഷം എടുത്തു കാണിച്ചു. എന്നിട്ട് പറയാന്‍ തുടങ്ങി.
.
ഈ ജീവിതത്തില്‍ ഇതുവരെയും ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നിട്ടും എനിക്ക് കിടിയത് വേദനകള്‍ മാത്രം. മരിക്കാന്‍ എനിക്ക് പേടിയില്ല. പക്ഷെ എന്റെ മക്കളെ കൊല്ലാന്‍ എനിക്ക് വയ്യ. പക്ഷെ ഈ സമൂഹം എന്നെ ഇനി ജീവിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ആത്മഹത്യ ചെയ്യും. പക്ഷെ അതുവരെയും ഞാന്‍ എന്റെ മക്കളെ സ്വന്തമായി വളര്‍ത്തും. ആരുടേയും സഹായവും ഇല്ലാതെ തന്നെ. പക്ഷെ ഞാന്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ അത് ഏതെങ്കിലും ഒരു ആരാധനാലയത്തില്‍ വെചാകും. കാരണം എനിക്ക് ഈ ജീവിതം തന്ന ദൈവങ്ങള്‍ അപ്പോഴും സന്തോഷിക്കട്ടെ....!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ .

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...