Wednesday, September 27, 2017

ആദിയും വ്യാധിയും ....!!!

ആദിയും വ്യാധിയും ....!!!
.
ആകുലതകളോടെയും വ്യാകുലതകളോടെയുമാണ് ഞാൻ എന്നും കാലത്തുണരുന്നത് തന്നെ . അങ്ങകലെ ആഫ്രിക്കയിലെയും ഏഷ്യയിലെ മറ്റിടങ്ങളിലെയും സഹോദരങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടോ വെള്ളം കുടിക്കുന്നുണ്ടോ ഉറങ്ങുന്നുണ്ടോ ഉണരുന്നുണ്ടോ അപ്പിയിടുന്നുണ്ടോ മൂത്രമൊഴിക്കുന്നുണ്ടോ എന്നൊക്കെയോർത്ത് എനിക്കൊരു സമാധാനനവുമില്ല കുറച്ചുകൂടിയൊന്ന് കിടന്നൊന്നുറങ്ങാൻ . പക്ഷെ എന്റെ തൊട്ട് അയൽക്കാരൻ മുഹമ്മദും അദ്ദേഹത്തിന്റെ കുടുംബവും ആഴ്ചകളായി കൊടും പട്ടിയിലാണെന്ന് ഞാൻ ഒരിക്കലും അറിയുന്നുമില്ല ...!
.
അങ്ങ് ദൂരെ ഉത്തരേന്ത്യയിലെയും പിന്നെ അയൽവക്കത്തും അകലെയുമുള്ള മറ്റു രാജ്യങ്ങളിലെയും എന്റെ സഹോദരിമാരുടെ ദുരിതപൂർണ്ണമായ ജീവിത സാഹചര്യങ്ങളുടെയും ആത്മാഭിമാനത്തിന്റെയും ഒക്കെ കാര്യമോർത്ത് ഞാൻ കണ്ണീർ വാർക്കാത്ത ദിവസങ്ങളില്ല . പക്ഷെ എന്റെ ബന്ധു നാരായണേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു പെൺമക്കളും സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത് ഞാൻ അറിഞ്ഞതേയില്ല ...!
.
എനിക്ക് കേട്ടുകേൾവി മാത്രമുള്ള സ്ഥലങ്ങളിലെ ജനാതിപത്യധ്വംസനങ്ങളെ കുറിച്ചും സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ചോർത്തും അവകാശ ലംഘനങ്ങളെക്കുറിച്ചോർത്തും എനിക്ക് പ്രതികരിക്കാനുള്ള ആവേശം പതിന്മടങ്ങു വർദ്ധിച്ച് ഉറക്കം തന്നെ നഷ്ടപ്പെടുമ്പോൾ , എന്റെ, സുഹൃത്തുക്കളുടെ , സഹപ്രവർത്തകരുടെ നീതിനിഷേധത്തെക്കുറിച്ച് അവരുടെ അത്യാവശ്യ ആവശ്യങ്ങൾ പോലും നടപ്പാക്കി കിട്ടാത്തതിനെ കുറിച്ച് ഞാൻ ഒരിക്കലും അറിയുന്നുപോലുമില്ല ...!
.
അയൽനാടുകളിലെ അഴിമതിയെക്കുറിച്ചും അരാചകത്വത്തെക്കുറിച്ചും വായിച്ചറിഞ്ഞ് തിളയ്ക്കുന്ന ചോരയുമായി സമരത്തിനിറങ്ങുന്ന ഞാൻ എന്നും നടക്കുന്ന റോഡ് പുതുതായി പണികഴിപ്പിച്ചയുടനെ പൊട്ടിപ്പൊളിഞ്ഞതും , ആശുപത്രിക്കെട്ടിടം ചോർന്നൊലിക്കുന്നതും നിരാലംബരും നിരാശ്രയരും രോഗികളുമായ അഗതികളുടെ പച്ചരിപോലും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി കയ്യിട്ടുവാരിയെടുക്കുന്നതൊന്നും കാണുന്നതുപോലുമില്ല ...!
.
പരിസ്ഥിതിക്കുവേണ്ടി ജീവൻ തന്നെ ത്യജിക്കാൻ തയ്യാറുള്ള ഞാൻ, വഴിവക്കിലും തൊടിയിലും വീടിന്റെ അടുക്കളയിലും വരെ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും , മുറ്റത്തും കക്കൂസിലും വരെ മഴക്കുഴികൾ കുഴിക്കുകയും അതിന്റെ ചിത്രങ്ങൾ ലോകം മുഴുവൻ ഷെയർ ചെയ്യുകയും ചെയ്ത് അഭിമാനം കൊള്ളുന്നു . പക്ഷെ എന്റെ കാടുകളും കുന്നുകളും പുഴയും തോടും തണ്ണീർത്തടങ്ങളും നശിപ്പിക്കപ്പെടുന്നത് ഞാൻ ഒട്ടും കാണുന്നേയില്ല താനും ....!
.
അങ്ങിനെയങ്ങിനെ മറ്റുള്ളവരെക്കുറിച്ചോർത്തോർത്ത് എന്റെ ആദിയും വ്യാധിയും കൂടിക്കൊണ്ടേയിരിക്കുമ്പോൾ എന്നെക്കുറിച്ചോർമ്മിപ്പിക്കാൻ നിങ്ങളിനി എന്ത് ചെയ്യും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

കച്ചവടം ...!!!

കച്ചവടം ...!!! . മനുഷ്യൻ മനുഷ്യനെ തന്നെ കച്ചവടം നടത്തുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കച്ചവടങ്ങളിലൊന്ന് എന്നതിനേക്കാൾ നിരാശാജനകമായ ...