Wednesday, December 10, 2014

ഭീകരാക്രമണങ്ങളുടെ ബാക്കിപത്രം ....!!!

ഭീകരാക്രമണങ്ങളുടെ ബാക്കിപത്രം ....!!!
.
ഭീകരാക്രമണങ്ങൾ എപ്പോഴും എവിടെയും സംഭവിക്കാവുന്നവയാണ് . ശക്തമായ സംവിധാനങ്ങളിലൂടെ എവിടെ എങ്ങിനെ എന്നൊക്കെ ഒരു പരിധിവരെ മുൻകൂട്ടി കണ്ടെത്തി തടയാമെങ്കിലും ചിലതെങ്കിലും കൈവിട്ടു പോവുക തന്നെ ചെയ്യും . ഒരു സംഘടനതന്നെ വേണമെന്നില്ല , മറിച്ച് അങ്ങിനെ ചിന്തിക്കാൻ കഴിയുന്ന ക്രിമിനൽ ചിന്താഗതിയുള്ള ഒരു വ്യക്തി വിചാരിച്ചാൽ പോലും ആക്രമണങ്ങൾ നടത്താവുന്നതേയുള്ളൂ എവിടെയും എപ്പോഴും .... !
.
സ്വാതന്ത്ര്യം ഏതൊരു ജീവിയുടെയും ജന്മാവകാശമാണ് . അതിനു വേണ്ടി നിലകൊള്ളാനും പോരാടാനും നേടിയെടുക്കാനും ഏതൊരു ജീവിക്കും ജന്മസിദ്ധമായ ഒരു വാസനയും ഉണ്ടാകും . ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇതുതന്നെയാണ് ഓരോ പ്രസ്ഥാനങ്ങളും തീവ്രവാദികളും ഭീകരവാദികളും പ്രാദേശിക വാദികളും ഒക്കെ അവരവരുടെ സ്വാർത്തതയ്ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതും . അത്തരതിലുള്ള അടിച്ചമർത്തപ്പെട്ടവരെ സമൂഹത്തിൽ നിന്നും കണ്ടെത്തി അവർക്കിടയിൽ വേരുറപ്പിക്കാൻ ഇക്കൂട്ടർക്ക് സാധിക്കുന്നിടത്തുനിന്നാണ് ഇതിന്റെ തുടക്കവും ...!
.
രാജ്യങ്ങൾ തമ്മിലുള്ള ശത്രുത , സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾ , സാമുദായികവും മതപരവുമായ സംഭവങ്ങൾ , സാംസ്കാരിക അപചയങ്ങൾ, സാമ്പത്തിക മുതലെടുപ്പുകൾ , സമൂഹത്തോടുള്ള പ്രതിഷേധം, അവകാശങ്ങൾ നേടിയെടുക്കാനുള്ള അവസാനത്തെ ശ്രമം , അടിച്ചമർത്തപ്പെടുന്നതിലെ അമർഷം, രാഷ്ട്രീയ ലക്ഷ്യങ്ങൾ , അധിനിവേശത്തിനുള്ള അവസരമൊരുക്കൽ, ദാരിദ്ര്യം ... തുടങ്ങി ഇതിനുള്ള കാരണങ്ങൾ പലതുമാണ് ....!
.
പക്ഷേ , നിരാശ്രയരും നിരാലംബരുമായ പാവങ്ങളായിരിക്കും എപ്പോഴത്തെയും പോലെ ഇവിടെയും ഇരകൾ എന്നതാണ് വേദനാജനകം . മിക്കവാറും സംഘടനകൾക്കൊന്നും അവർ ഉത്ഭവിക്കുന്ന സമയത്തെ അല്ലെങ്കിൽ പ്രചരിപ്പിക്കുന്ന തരത്തിലുള്ള തത്വങ്ങളോ ആശയങ്ങളോ ആയിരിക്കില്ല പ്രാവർത്തികമാക്കാൻ ഉണ്ടാവുക എന്ന സത്യം പക്ഷെ അതിലേയ്ക്ക് ആകർഷിക്കപ്പെടുന്നവർ മനസ്സിലാക്കില്ല പലപ്പോഴും . ചില സംഘടകൾ അങ്ങിനെയല്ലെങ്കിലും , മിക്കവാറും എല്ലായിടത്തും പക്ഷെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർ ഭൂരിഭാഗവും ഇതേ കുറിച്ച് ഒരു ബന്ധവുമില്ലാത്ത ഒന്നുമറിയാത്ത സാധാരണക്കാർതന്നെ ആയിരിക്കുകയും ചെയ്യും ....!
.
ഓരോ ആക്രമണങ്ങൾക്ക് മുൻപോ ആക്രമണം നടക്കുമ്പോഴോ എന്നതിനേക്കാൾ സത്യത്തിൽ ഭീകരമായ അവസ്ഥയുണ്ടാകുന്നത്‌ അതിനു ശേഷമാണ് എന്നതാണ് സത്യം. ആ നടുക്കം സൃഷ്ടിക്കുന്ന വേദനയെക്കാൾ , അതിൽ നഷ്ട്ടപെടുന്ന ജീവനുകളുടെ ആശ്രിതരുടെ ദുഃഖവും നഷ്ടവും ഒരിക്കലും മായ്ക്കാൻ കഴിയുന്നതല്ല . ദുഷ്കരമായ സാഹചര്യങ്ങളിൽ ജോലിചെയ്യേണ്ടി വരുന്ന സൈനികരും പോലീസുകാരും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും എന്നപോലെ കാത്തിരിക്കുന്ന കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ വെളിയിൽ വരുന്ന മാതാപിതാക്കൾ വരെ ഇത്തരം ആക്രമണങ്ങളുടെ ഇരകളാകുന്നു പലപ്പോഴും . യാതൊരു വിധത്തിലും അതു മായി പുലബന്ധം പോലുമില്ലാത്തവർ അതിന്റെ ഇരകളാകുന്നത് അപലപനീയം തന്നെ ...!
.
ചിലപ്പോഴൊക്കെ രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടി ഭരണകൂടങ്ങളും കൃത്രിമമായി ഇത്തരം ആക്രമണങ്ങൾ സൃഷ്ടിക്കാറുണ്ട് എന്നതും സത്യം . അതിലും പക്ഷെ ഇരകളാകുന്നത് സാധാരണക്കാർ തന്നെ . ആക്രമണം നടന്ന സ്ഥലത്തെ ആളുകൾ , അത് നടത്തിയവർ ഏതെങ്കിലും ഒരു പ്രത്യേക മതത്തെയോ ജാതിയേയോ സംഘടനയേയോ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ പിന്നെ സംശയത്തിന്റെ നിഴലിൽ ആ വിഭാഗത്തെ മുഴുവൻ നിർത്തുന്നിടത്തുനിന്നും തുടങ്ങുന്നു മറ്റു പ്രശ്നങ്ങൾ . ....!
.
ആക്രമണവുമായി ബന്ധപ്പെട്ട പ്രദേശത്തെ മുഴുവൻ ജനങ്ങളും പിന്നെ അതിന്റെ പ്രയാസങ്ങൾക്ക് നിരന്തരം പാത്രമായിക്കൊണ്ടേയിരിക്കും . അന്വേഷണ ഏജെൻസികളുടെ നിരന്തര ചോദ്യം ചെയ്യലുകൾ , അന്വേഷണത്തിന്റെ പേരിൽ ചിലപ്പോഴെങ്കിലും ഉദ്യോഗസ്ഥർ നടത്തുന്ന അതിക്രമങ്ങളും ക്രൂരതകളും , ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അറെസ്റ്റുകൾ , സംശയത്തിന്റെ പേരിൽ ജയിലിലടക്കപ്പെടുന്ന നിരപരാധികൾ തുടങ്ങി മാനസികവും ശാരീരികവും സാമൂഹികവുമായ ഒറ്റപ്പെടലുകളും പിരിമുറുക്കങ്ങളും ഇവർ അനുഭവിക്കേണ്ടി വരുന്നു തുടർച്ചയായി ...!
.
തീവ്രവാദം അല്ലെങ്കിൽ ഭീകരവാദം തീർച്ചയായും ഒരു ജനവിഭാഗത്തെ അല്ലെങ്കിൽ ഒരു സമൂഹത്തെ പുറകിലേക്ക് നയിക്കുക മാത്രമല്ല ചെയ്യുന്നത് ആ സമൂഹത്തെയൊന്നാകെ നിത്യ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു . എങ്ങിനെയായാലും ആ വിഭാഗം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെടുക തന്നെയാണ് ചെയ്യപ്പെടുന്നത് എന്നതൊരു സത്യമാണ് . അതുകൊണ്ട് തന്നെ ഇത് നിശ്ചയമായും തടയേണ്ടത് തന്നെയാണ് . അതിൽ ഭരണകൂടത്തിനു മാത്രമല്ല ഈ സമൂഹത്തിനും അതിന്റേതായ ഉത്തരവാദിത്വമുണ്ട് ...!
.
അന്താരാഷ്ട്ര തലത്തിൽ വലിയ വലിയ ഭീകര പ്രസ്ഥാനങ്ങളെയും ഭീകര നേതാക്കളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതും വൻ ശക്തി രാഷ്ട്രങ്ങൾ തന്നെ , ഒരു പരിധിവരെ പിന്നീട് അതിന്റെ ഫലം അനുഭവിക്കുന്നതും അവർ തന്നെ . എങ്കിലും അതും സമൂഹത്തിനും സാധാരണ ക്കാരായ ജനങ്ങൾക്ക്‌ തന്നെയാണ് ബാധ്യതയായും ദുരിതമായും എപ്പോഴും മാറുന്നത് ...!
.
ന്യായമായ അവകാശങ്ങൾ സാധിച്ചുകൊടുക്കുകയും തെറ്റായ ദിശയിൽനിന്നും അവരെ നേർവഴിയിലേക്ക് നയിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ് . തെറ്റായ ദിശയിലേക്കു സഞ്ചരിക്കുന്നവരെ കണ്ടെത്താനും അവരെ നേർ വഴിയിലേക്ക് നയിക്കാനും ഒരുപരിധിവരെ ശ്രമിച്ചാൽ നമുക്ക് സാധിക്കുക തന്നെ ചെയ്യും . അതുവഴി ശാന്തിയും സമാധാനവും എല്ലായിടത്തും ഉണ്ടാവുകയും ചെയ്യും . അതിനാകട്ടെ നമ്മുടെ ശ്രമവും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

കുപ്പായം ...!!!

കുപ്പായം ...!!! . കുപ്പായം അങ്ങിനെത്തന്നെയായിരിക്കണം . ദേഹത്തിനിണങ്ങി മനസ്സിനിണങ്ങി തന്നോട് താൻ ചേർന്ന് ......! . ഞാൻ നനയുമ്പോൾ നന...