Monday, May 26, 2014

കണ്ണുറങ്ങുമ്പോൾ ...!!!

കണ്ണുറങ്ങുമ്പോൾ ...!!!
.
എത്ര പറഞ്ഞാലും ഈ കുട്ടി പിന്നെയും ആ കുഞ്ഞു പാവയെയും കേട്ടിപ്പിടിച്ചേ ഉറങ്ങു.. അതിന്റെ നനുത്ത രോമങ്ങൾ ഉറങ്ങുമ്പോൾ അവളുടെ വായിൽ പോകുമെന്ന് പറഞ്ഞാൽ പോലും അവൾ കേൾക്കില്ല തന്നെ . അതിനെ നെഞ്ചോട്‌ ചേർത്ത്, ചരിഞ്ഞു കിടന്നെ അവൾ എപ്പോഴും ഉറങ്ങാറുള്ളൂ. എവിടെ പോകുമ്പോഴും കൂടെ കൂട്ടുന്ന ആ പഴയ പാവക്കുട്ടി അവളുടെ ജീവന്റെ ഭാഗം തന്നെയാകുന്നു ഇപ്പോൾ...!
.
താൻ എപ്പോഴാണ് ആ പാവയെ അവൾക്കു സമ്മാനിച്ചത്‌ എന്നോർമ്മയില്ല. എന്നോ ഒരിക്കൽ ഇതുപോലെ ഒരു രാത്രിയിൽ കടന്നു വരുമ്പോൾ തന്റെ കയ്യിൽ ആ പാവയും ഉണ്ടായിരുന്നു. മഹാബലി പുറത്തെ തെരുവിൽ നിന്നോ, അതോ മുംബയിലെ ഏതെങ്കിലും വലിയ ഷോപ്പിംഗ്‌മോളിൽ നിന്നോ... അവൾക്കു വേണ്ടി മാത്രം തിരഞ്ഞെടുത്തതാണെങ്കിൽകൂടിയും പക്ഷെ എവിടെ നിന്നാണത് വാങ്ങിയതെന്ന് പോലും ഓർമ്മയില്ല ...!
.
അവളുടെ കൈകൾ വിടുവിച്ച് അതിനെ എടുത്തു മാറ്റി അവളെ നേരെ കിടത്തുമ്പോൾ അവൾ ഒന്ന് കുറുകി, ഒരു സുരക്ഷിതത്വം നഷ്ട്ടപെടുന്ന വേവലാതിയാണ് അപ്പോൾ അവളിൽ താൻ കണ്ടത്. ഒന്നുകൂടി ചുരുണ്ട് അവളുടെ മുഖതോട് ചേർത്ത് തന്റെ കൈകൂടി പിടിച്ചു വെച്ച അവൾ വീണ്ടും ഉറങ്ങാൻ തുടങ്ങിയത് തന്നെ കുഴക്കി കളഞ്ഞു. എങ്ങോട്ടും തിരിയാൻ വയ്യാത്ത അവസ്ഥ. അവളെ ഉണർത്താതെ മെല്ലെ അവളുടെ തലയിലൂടെ വിരലോടിച്ച് അവൾക്കൊപ്പം അയാളും കിടന്നു. അവളെ ഹൃദയത്തോട് ചേർത്തു പിടിച്ചുകൊണ്ട് ...!
.
കട്ടിലിൽ കട്ടിയുള്ള കമ്പിളി പുതപ്പും പുതച്ച് ശാന്തമായി ഉറങ്ങുന്ന അവളെ നോക്കിയിരിക്കെ, വല്ലാത്ത ഒരു കൌതുകം .എപ്പോഴോ ഒരിക്കൽ അവൾ പറഞ്ഞത് അപ്പോൾ അയാൾ ഒരു വേദനയോടെ ഓർക്കുകയും ചെയ്തു. മകരത്തിലെ മരം കോച്ചുന്ന തണുപ്പിൽ പോലും പുതച്ചു മൂടി കിടക്കാൻ അവൾക്കു പേടിയായിരുന്നു എന്ന്. പുതപ്പിനടിയിലെ രാത്രിയുടെ ഇരുട്ട് അവളെ പരിഭ്രമിപ്പിച്ചിരുന്നുവത്രെ എപ്പോഴും....!
.
മുറിയുടെ കോണുകളിൽ നിന്നും തൊടിയുടെ പിൻഭാഗങ്ങളിൽ നിന്നും എന്തിന്, ഇടവഴികളിൽ നിന്ന് പോലും ആ പുതപ്പ്‌ ഒരു മനുഷ്യാകാരം പൂണ്ട് രാത്രിയേയും കൂട്ടി അവളെ വരിഞ്ഞു മുറുക്കാൻ വരുമായിരുന്നുവത്രേ എപ്പോഴും. ശരിയായിരിക്കാം. രാത്രിക്ക് ഒരുപാട് കരങ്ങലുണ്ടല്ലോ. കാഴ്ചയിലും കാഴ്ചക്ക് പുറത്തുമായി അനന്ന്യമായ വ്യാപ്തിയോടെ . ആ പുതപ്പിനകം നിറയെയാകട്ടെ കറുകറുത്ത കട്ടിയുള്ള ഇരുട്ടും....!
.
സ്കൂളിൽ, പൊതുവിടങ്ങളിൽ ആഘോഷങ്ങൾക്ക് പോകേണ്ടി വരുമ്പോൾ കണ്ണുനിറയെ കന്മഷിയുമായി അവൾ പിണങ്ങി നിൽക്കുന്നത് ഓർത്തെടുക്കുമ്പോൾ ഇപ്പോഴും ചിരിമായുന്നില്ല. തനിക്കറിയില്ലായിരുന്നല്ലോ അന്നൊന്നും കണ്ണെഴുതാനും മുടി ചീകിയൊതുക്കാനുമൊന്നും . കണ്ണീരിനിടയിലും തന്റെ മുഖത്തെ നിസ്സഹായതയിൽ അവൾ അപ്പോൾ തന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാറുള്ളത് കുഞ്ഞു നൊമ്പരത്തോടെയല്ലാതെ എങ്ങിനെയാണ് ഇപ്പോഴും ഓർക്കാൻ കഴിയുക ...!
.
തന്റെ മാത്രം നിഴലിൽ വളർന്നതിനാലാകാം അവളിലെ സ്ത്രൈണത അവൾക്കു പോലും പലപ്പോഴും അന്ന്യമായിരുന്നത്. നിഷ്ട്ടകൾ, വിലക്കുകൾ, വ്യത്യാസത്തിന്റെ അതിർത്തികൾ. അവൾക്കെല്ലാം ഒരുപക്ഷെ അജ്ഞാതം തന്നെയായിരുന്നു എപ്പോഴും . വായുവിൽ വരച്ചു വെക്കുന്ന അതിർ വരമ്പുകളുടെ നേർ രേഖകൾ അവൾ പലപ്പോഴും കാണാതെ പോയി. അല്ലെങ്കിൽ അങ്ങിനെയൊന്നിനെ കുറിച്ച് വ്യാകുലപ്പെടാൻ അവൾ തയ്യാറായതുമില്ലതാനും ...!
.
ആദ്യമായി ഹൃതുമാതിയായ അന്ന് അവൾ ചോരകൊണ്ട് ചുവന്നു തുടുത് പേടിയോടെ തന്നെ വിളിച്ചത് ഇന്നും ഓര്ക്കുന്നു. അന്നാദ്യമായാണ് അവൾ ചോരയുടെ ചുവപ്പിനെ പേടിയോടെ കണ്ടത്. ആ ചോര അവളുടെ ദേഹം മുഴുവനും വ്യാപിക്കാനുള്ളതുകൂടിയെന്ന് അവൾ പേടിയോടെ ഓർക്കുന്നു എന്ന് അപ്പോൾ തനിക്കു തോന്നിയിരുന്നു. ഓടിയെത്തി, ഉടുമുണ്ടിന്റെ കോന്തലകൊണ്ട് അവളുടെ നാണം മറയ്ക്കുമ്പോൾ അവൾ തന്റെ ആത്മാവിലേയ്ക്കാണ് അവളുടെ സ്ത്രീത്വം ഒളിപ്പിച്ചു വെച്ചത്...!
.
അച്ഛൻ... അന്നാദ്യമായി തനിക്കങ്ങിനെത്തന്നെ അനുഭവപ്പെട്ടത്തിൽ ഇന്നും അഭിമാനിക്കുന്നു..! ഒരു മകളുടെ അവാലാതികളിൽ നിറഞ്ഞു നില്ക്കാൻ, അവളുടെ ആകുലതകളിൽ നിറയാൻ കഴിയുന്നത്‌ തന്നെ തന്റെ മുൻജന്മ പുണ്യം...! കുഞ്ഞിൽ നിന്നും സ്ത്രീയിലെക്കുള്ള യാത്രയിൽ അവൾ ആദ്യം പിടിക്കുന്ന കൈ തന്റേതു മാത്രമായതിൽ ശരിക്കും അഹങ്കരിക്കുകയും ചെയ്യുന്നു ഇപ്പോൾ. ...!
.
ഒരിക്കൽ , ഒരിക്കൽ മാത്രം അവൾ തനിക്കു മുന്നിൽ നാണിച്ചു നിന്നത് അവളുടെ ആദ്യത്തെ പ്രണയം പുറത്തെടുത്തപ്പോഴായിരുന്നു എന്ന് താൻ ഇപ്പോഴും ഓർക്കുന്നു. ഒട്ടൊരു മടിയോടെ അവളുടെ മോഹം തന്നെ അറിയിക്കാൻ വാക്കുകൾ കിട്ടാതെ അവൾ കുഴങ്ങി. ഒരു സ്ത്രീയുടെ രൂപം അന്നാദ്യമായാണ് താൻ അവളിൽ കണ്ടത്. അന്നു തന്നെയല്ലേ താൻ ആദ്യമായി അവളെയോർത്ത്‌ വേവലാതിപെട്ടതും . ആശങ്കയോടെ, ആകുലതകളോടെ അവളുടെ തലയ്ക്കു മേലേയ്ക്കു താൻ നോക്കി നിന്നത് ഇപ്പോഴും ഓർമ്മയുണ്ട് ..!
.
അവൾ വളര്ന്നിരിക്കുന്നു. കണ്ണും മൂക്കും പോലെ അവളുടെ ശരീരവും വളര്ന്നിരിക്കുന്നു ഇപ്പോൾ. തന്റെ അത്രയും. അല്ലെങ്കിലൊരുപക്ഷെ തന്നെക്കാളും . ചിന്തകളിൽ പ്രവൃത്തികളിൽ മോഹങ്ങളിൽ ആശങ്കകളിൽ എല്ലാം എല്ലാം ഒരു പൂർണ്ണ വളർച്ചയെത്തിയ പെണ്ണ് . എന്നിട്ടും അവൾ തന്റെ മകൾ മാത്രമായിരിക്കുന്നതിൽ താൻ അഭിമാനിക്കുകതന്നെയല്ലേ വേണ്ടത് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

പ്രണയം....!!!

പ്രണയം....!!!
.
ജീവിതത്തിന്റെ
യാഥാർത്യത്തിലേയ്ക്കുള്ള
യാത്രയ്ക്കിടയിലെ
ഭ്രമിപ്പിക്കുന്ന
മോഹത്തിന്റെ -
പ്രതീക്ഷയുടെ
അസത്യംനിറഞ്ഞ
മായക്കാഴ്ച ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...