Tuesday, October 31, 2017

തിരഞ്ഞെടുപ്പിൽ ദൈവങ്ങളും ..???

തിരഞ്ഞെടുപ്പിൽ ദൈവങ്ങളും ..???
.
നന്നേ കാലത്തേ തന്നെ വാതിലിൽ തുരുതുരെയുള്ള മുട്ട് കേട്ടാണ് ഞാൻ കണ്ണ് തുറന്നത് . ഇത്രകാലത്തെ ഇതരാവും എന്ന അത്ഭുതത്തോടെയും, കാലത്തേയുള്ള ആ ഉറക്കത്തിന്റെ സുഖം നഷ്ട്പ്പെട്ട ദേഷ്യത്തിലും ഞാൻ വാതിൽ തുറന്നു നോക്കുമ്പോൾ അതാ പരവേശത്തോടെ ഭഗവാൻ കൃഷ്ണൻ മുന്നിൽ നിൽക്കുന്നു . വാതിൽ തുറന്നതും എന്നെ തള്ളിമാറ്റി മൂപ്പർ അകത്തു കടന്ന് വെള്ളവും എടുത്തു കുടിച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു ....!
.
മൂപ്പരെ ഇങ്ങിനെ ആകെ പരവശനായി കണ്ടപ്പോൾ ഞാൻ ഒന്ന് സംശയിച്ചു , പിന്നെ ചോദിച്ചു എന്താ മാഷെ ആ കംസനെങ്ങാനും പിന്നേം ജനിച്ചോ , ഇയാളെ കൊല്ലാൻ രാക്ഷസരെ അയക്കാൻ എന്ന് . അതുകേട്ടതും അതൊക്കെ വളരെ നിസ്സാരമല്ലേ ഇത് അതിലും വലിയ കാര്യം എന്നമട്ടിൽ എന്നെ നോക്കി ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് മൂപ്പർ വീണ്ടും വെള്ളം വലിച്ചു കുടിച്ചു . ...!
.
ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ മെല്ലെ അടുത്തിരുന്നു . ഇനി ദേവാസുര യുദ്ധമായാലും ശരി ഞാൻ കൂടെയുണ്ട് എന്ന് പറഞ്ഞു സമാധാനിപ്പിച്ചപ്പോൾ മൂപ്പർ അതിനെ നിസ്സാരമട്ടിൽ ചിരിച്ചുതള്ളി , പിന്നെ പറയാൻ തുടങ്ങി . ഇതതൊന്നുമല്ല കാര്യം ദേവലോകത്തും ഇലെക്ഷൻ ആകുന്നു. മൂപ്പർ സ്ഥാനാർത്ഥിയാണ് . പത്രിക കൊടുക്കണം . തിരഞ്ഞെടുപ്പിൽ നിൽക്കണം , ജയിക്കണം . തിരഞ്ഞെടുപ്പിലെ പ്രത്യേകത എന്നാൽ ദേവന്മാർക്കും അസുരന്മാർക്കും മനുഷ്യർക്കും വോട്ട് ചെയ്യാം എന്നതാണ് .....!
.
ഇതിലെന്താണ് ഇത്രയും പാരാവശ്യത്തിനുള്ള സ്ഥാനം എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു . മൂപ്പർക്ക് സാമാന്യം നല്ല ആരാധക വൃന്ദമുണ്ട് . പണ്ടത്തെ ഗോപികമാരുടെ വോട്ട് കിട്ടിയാൽ മാത്രം മതി മൂപ്പർ ഈസിയായി ജയിച്ചു കയറും . പിന്നെ എന്താണിത്ര പേടിക്കാൻ . ഒന്നും മനസ്സിലാകാതെ ഞാൻ മൂപ്പരുടെ മുഖത്തു നോക്കിയപ്പോൾ അദ്ദേഹം പറയാൻ തുടങ്ങി ....!
.
തിരഞ്ഞെടുപ്പിൽ മറ്റുമതസ്ഥരുടെ ദൈവങ്ങളും ഉണ്ട് സ്ഥാനാർഥികളായി . ദേവന്മാരും അസുരന്മാരും ഒക്കെ അവരവരുടെ അസ്തിത്വത്തിൽ ഉറച്ചു നിൽക്കും . ആർക്കു വോട്ട് ചെയ്യണമെന്ന് അവർക്കു നല്ല നിശ്ചയമുണ്ട് . അതിൽനിന്നവർ പിന്മാറില്ല. അതിൽ മൂപ്പർക്ക് ആശങ്കയുമില്ല. പക്ഷെ മനുഷ്യരുടെ കാര്യത്തിലാണ് പ്രശ്നം. കൂടുതൽ വോട്ടുള്ളതും ഭൂമിയിലാണ് . ....!
.
ഇവിടെ ഓരോ മതക്കാരും ആളുകളെയെല്ലാം പ്രലോഭിപ്പിച്ചു മതപരിവർത്തനം നടത്തി അവരവരുടെ കൂട്ടത്തിലേക്കു ആളെ കൂട്ടുന്നു . വാഗ്ദാനങ്ങൾ , ഭീഷണികൾ ഒക്കെയുണ്ട് . അങ്ങിനെ അവരവരുടെ ദൈവങ്ങൾക്ക് അവരുടെ വോട്ട് കിട്ടും . അപ്പോൾ താൻ വെറുതെയിരുന്നാൽ തന്റെ കാര്യം കട്ടപ്പുകയാവും. അതുകൊണ്ട് തനിക്കും ആളെ കൂട്ടണം . അതിലെന്താണ് വഴിയെന്നാണ് മൂപ്പർക്കറിയേണ്ടത് . .... !
.
ഞാൻ ഇതിൽ എന്ത് ചെയ്യും ഇനി ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 30, 2017

മോഹഭംഗങ്ങൾ ...!!!

മോഹഭംഗങ്ങൾ ...!!!
.
ഒരു കണ്ണട വെക്കണം
പുറത്തേക്കു നോക്കണം
ഒറ്റക്കാക്കയെ കാണണം
ചെവിയടക്കണം ...!
.
പച്ചക്കുപ്പായമിടണം
വെയില് കൊള്ളണം
പുതച്ചുമൂടണം
പൂവും ചൂടണം ...!
.
മധുരം കഴിക്കണം
കട്ടിലിൽ കിടക്കണം
മഞ്ഞുകൊള്ളണം
മുങ്ങിക്കുളിക്കണം ...!
.
ആനപ്പുറത്തു കയറണം
മയിലാട്ടം ആടണം
പാട്ടു പാടണം
കുരവയുമിടണം ...!
.
ഇനി ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, October 28, 2017

കണക്ക് ...!!!

കണക്ക് ...!!!
.
2 + 2 = 4
2 X 2 = 4
1 + 1 = 2
1 X 1 = 1 ... !!!

എന്തുകൊണ്ട് ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, October 26, 2017

കാണേണ്ട സ്വപ്‌നങ്ങൾ ...!!!

കാണേണ്ട സ്വപ്‌നങ്ങൾ ...!!!
.
സ്വപ്നം കാണാനാണ്
എല്ലാവരും പറയുന്നത്
എന്നെയും നിങ്ങളെയും
അവരെയും കുറിച്ചുള്ള
നല്ല സ്വപ്‌നങ്ങൾ ...!
.
പക്ഷെ
എനിക്ക് വിതയ്ക്കാൻ
വിത്തുകളില്ല
കൊയ്യാൻ
വയലേലകളും ...!
.
എനിക്ക് കളിക്കാൻ
കളിസ്ഥലങ്ങളില്ല
പാടിനടക്കാൻ
പാട്ടുകളും ...!
.
നെഞ്ചിലെ ചൂടിനും
കാലിലെ തണുപ്പിനും
കൈവിരലുകളിൽ
പകരവുമില്ല ... !
.
ഇനി
ആഗ്രഹമുണ്ടെങ്കിലും
എനിക്ക് കാണാൻ
സ്വപ്നങ്ങളുമില്ല ....!
.
ആകെയുള്ളത്
ഒരു നിറഞ്ഞ ഭാണ്ഡമാണ്
എപ്പോഴും
കാത്തുവെക്കാൻ മാത്രമായി ...!
.
ഹൃദയമുരുകുന്ന
ഈ ചൂടിൽ
വലിയ കെട്ടിടത്തിന്റെ
ഇരുണ്ടകോണിൽ
നാലുകാലുള്ള
ഇരുമ്പു കട്ടിലിന്റെ
മുകളിലത്തെ ചെരുവിൽ
തലയൊന്നു ചായ്ക്കാൻ
സമയം തികയാത്ത
ഞാനെങ്ങനെ
നിങ്ങളെയും
അവരെയും കുറിച്ച്
സ്വപ്‌നങ്ങൾ കാണും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, October 24, 2017

വെള്ളം, കുടം , ശേഷവും ...???

വെള്ളം, കുടം , ശേഷവും ...???
.
നിറയാതെ നിറച്ച് ഓരോ കുടങ്ങളിലും വെള്ളം. വെള്ളം, കുന്നിൻ മുകളിലെ വലിയ കുളത്തിൽ നിന്നും. കുന്നിൻ മുകളിലേക്കുള്ള ദൂരം കുന്നിന്റെ താഴ്വാരത്തിന്റെ ചുറ്റളവിന്റെ രണ്ടിരട്ടി. കുന്നിന്മുകളിലേക്കുള്ള വഴി താഴ്വാരത്തുനിന്നും കുത്തനെയും . കുടങ്ങൾക്കുള്ള കനം വെള്ളത്തിന്റെ ഭാരത്തെക്കാൾ പകുതിയും. വെള്ളം കുടത്തിലും, കുടം തോളിലും , കയറ്റം മുകളിലേക്കും ...!
.
വെള്ളം നിറയ്‌ക്കേണ്ടതിനായി കുടങ്ങളും കൊണ്ടുള്ള യാത്ര നന്നേ പുലർച്ചെ. തുടക്കം ഗംഭീരമാക്കാൻ താളവും വാദ്യവും. പോരാത്തതിനൊരു പൂമാല തോരണവും. മുകളിലേക്കുള്ള യാത്രയുടെ ബാക്കി താഴേക്കുള്ള യാത്രയ്ക്കും നീക്കിവെച്ചിരിക്കാം എപ്പോഴും പക്ഷെ . പകൽ യാത്രയോ രാത്രി യാത്രയോ പകരം വെക്കാതെയുമുണ്ടാകും കൂട്ടിനും . എന്നിട്ടും ...!
.
കുന്നിനു താഴെ ജല സ്രോതസ്സുകൾ ധാരാളം . ഒരു വലിയ പുഴ, പിന്നെയൊരു തോട് ചുറ്റിലും നിറയെ കുളങ്ങൾ പിന്നെ കിണറുകളും . മണ്ണിലൂടെ അരിച്ചിറങ്ങി ശുദ്ധത ഉറപ്പു വരുത്തി നിറഞ്ഞു നിൽക്കുന്ന വെള്ളവും . എന്നിട്ടും ആവശ്യം മുകളിലെ കുന്നിൻ മേലെയുള്ള കുളത്തിലെ വെള്ളവും, അതും കുടത്തിൽ ചുമന്നുകൊണ്ട് വന്നു തന്നെയും ...!
.
കുടങ്ങളിൽ വെള്ളം നിറയ്ക്കൽ ഒരു വലിയ ശ്രമമാണ് . കയറിലൂടെ മറ്റൊരു കുടം കുളത്തിലേക്കിട്ട് അതിൽ വെള്ളം നിറയുന്നതുവരെ കാത്തുനിന്ന് , മേലേക്ക് വലിച്ചു കയറ്റി പുറത്തുപോകാതെ നിർത്തി നിർത്തിയൊഴിച്ചുനിറച്ച് നിർവൃതിയോടെ . പക്ഷെ നിറച്ചും നിറയ്ക്കാതെയാകണം അതെന്നു നിര്ബന്ധവും ...!
.
കുടങ്ങൾ താഴെയെത്തിക്കുക എന്നതാണ് പിന്നെയുള്ള പണി . മെല്ലെ തോളിലേറ്റി തട്ടാതെ മുട്ടാതെ, തുള്ളാതെ തുളുമ്പാതെ, വീഴാതെ തളരാതെ വെള്ളം കുടങ്ങളിലൂടെ താഴെയെത്തി, ചുറ്റിലും നോക്കി എല്ലാവരും കാണുന്നെന്നു ഉറപ്പുവരുത്തി, അൽപ്പം ഉയരത്തിൽ കയറിനിന്ന് സർവ്വ ശക്തിയുമെടുത്ത് കുടങ്ങൽ ആകാശത്തേക്കുയർത്തിപ്പിടിച്ച് നിറഞ്ഞ വെള്ളത്തോടെ നിലത്തെറിഞ്ഞ് ഒറ്റയുടക്കൽ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 23, 2017

പിന്നെയും പിന്നെയും , പടികൾ ...!!!

പിന്നെയും പിന്നെയും , പടികൾ ...!!!
.
പടികൾ ... പന്ത്രണ്ടായി തിരിഞ്ഞ് രണ്ടു ചുറ്റി നാലുവഴികളിലൂടെ മുകളിലേക്കും താഴേക്കും . മുകളിൽ ചെല്ലുമ്പോൾ താഴേക്കും താഴെയെത്തുമ്പോൾ മുകളിലേക്കും വഴികൾ വേറെയും . അപ്പോഴൊക്കെയും പക്ഷെ വശങ്ങളിലേക്ക് പോകാതെ വഴികൾ കാത്ത് നിൽക്കുന്നുമുണ്ട് . എന്നിട്ടും പടികൾ മാത്രം അപ്പോഴും പന്ത്രണ്ടിൽ നിന്നും പന്ത്രണ്ടായി മാത്രം നിലനിൽക്കുകയും ....!
.
നടക്കാനും ഓടാനും ചാടിക്കയറാനും തക്ക പാകത്തിൽ വെട്ടിയൊരുക്കി ഏണുകൾ തട്ടാതെ കാലടികൾ നോവാതെ കാത്തുവെച്ച വഴികളിലെ നേരുള്ള പടികൾ ചന്തത്തിൽ ചമച്ചൊരുക്കിയിരിക്കുന്നത് അതിശയകരമായ കയ്യൊതുക്കത്തിലും . കൂട്ടിമുട്ടാതിരിക്കാൻ കണ്ടുമുട്ടാനും കണ്ടുമുട്ടാതിരിക്കാനും , വഴിതെറ്റാതിരിക്കാൻ തിരിച്ചിറങ്ങാതിരിക്കാൻ മറിച്ചു കയറാതിരിക്കാൻ വളയാതിരിക്കാൻ തിരിയാതിരിക്കാനും എല്ലാം വഴികൾ ചേർന്ന പടികൾ ....!
.
പുറകെ വരുന്നവർക്ക് കാത്തുവെക്കാനും കരുതിവെക്കാനും തെറ്റിക്കാനും തിരുത്താനും നിരാശരാക്കാനും പ്രോത്സാഹിപ്പിക്കാനും കൂടി ഉതകും വിധമുള്ള ആ പടികളുടെ ഘടന ആരെയും അമ്പരപ്പിക്കും . തട്ടി വീഴ്ത്താനും വീഴ്ചയിൽ പിടിക്കാനും പിടിക്കപ്പെടാതെ പിടിക്കാതിരിക്കാനും പിടികൊടുക്കാതെയുള്ള അവയുടെ നിർമ്മിതി അതിശയകരം തന്നെ ...!
.
എന്നിട്ടും പിന്നെയും മോഹിപ്പിച്ച് , പിന്നെയും അമ്പരപ്പിച്ച് , പിന്നെയും പ്രതീക്ഷിപ്പിച്ച് പിന്നെയും പിന്നെയും
കയറാനും ഇറങ്ങാനും പടികൾ വേറെയും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, October 22, 2017

തൻ - താളവട്ടം ...!!!

തൻ - താളവട്ടം ...!!!
.
ഒരിക്കൽ കൂടി ശ്രമിച്ചിട്ടും ഒന്നുകൂടി കറങ്ങാതിരുന്ന ആ സൂചികൾ അവൾ നിർബന്ധപൂർവ്വം സർവാത്മനാ പറിച്ചെടുത്ത് തനിക്കു വേണ്ടിടത്തു തന്നെ തിരുകി വെച്ച് തിരിച്ചിറങ്ങുമ്പോൾ അവളിൽ ആശ്വാസത്തിന്റെ തേങ്ങൽ . അപ്പോഴും പക്ഷെ നിശ്ചലത തന്റെ അസ്തിത്വത്തിന്റെ അവസാനമെന്ന് ഘടികാരം ഓർമ്മപ്പെടുത്തുന്നത് അവൾക്ക് കേൾക്കേണ്ടിയിരുന്നില്ല തന്നെ ...!
.
ചലിക്കാത്ത സൂചികൾ നോക്കി അവൾ ആ കിടപ്പു തുടങ്ങിയിട്ട് നേരമേറെയായിരിക്കുന്നു . നഷ്ടപ്പെടലിന്റെ തീക്ഷണത പോലെ നിറഞ്ഞു നീങ്ങുന്ന ഓരോ നിമിഷങ്ങളും അവൾ അറിയാതെയാണ് അവളിലൂടെ ഊർന്നിറങ്ങുന്നതെന്ന് അവൾ അപ്പോഴും ചിന്തിച്ചിരുന്നുമില്ല . അവൾക്കു മുന്നിൽ ആ സൂചികൾ മാത്രം . അവൾക്കു മുന്നിൽ ആ സൂചികൾ തീർക്കാത്ത അവളുടെ സമയവും ....!
.
അവൾക്കു മുന്നിലൂടെ ആ സൂചികൾ ചിലപ്പോൾ കിതക്കുകയും മറ്റു ചിലപ്പോൾ കുതിക്കുകയും ചെയ്തിരുന്നതൊക്കെയും അവളിൽ അസ്വസ്ഥതയാണ് ഉണ്ടാക്കിയിരുന്നത് . അവൾ ആഗ്രഹിച്ചിരുന്നത് എപ്പോഴും നിശ്ചലതയാണെന്ന് എത്രയാവർത്തിച്ചിട്ടും ആ ഘടികാരം മനസ്സിലാക്കിയതുമില്ല . അതാകട്ടെ അപ്പോഴെല്ലാം പെൻഡുലത്തിന്റെ താളത്തിൽ തന്റെ സൂചികളിൽ രാപ്പകലുകളെ നിയന്ത്രിച്ചുകൊണ്ടേയിരുന്നു . അവളുടെ അനുവാദമില്ലാതെ തന്നെ ...!
.
ഇനി ... സ്വസ്ഥമായൊന്നുറങ്ങണം . ഘടികാരത്തിന്റെ സമയം തീർക്കാത്ത നിശ്ചല നിശബ്ദതയിൽ മുഖം പൂഴ്ത്തി . പകലിനും രാത്രിക്കുമിടയിൽ പെന്ഡുലങ്ങൾ ആടുന്നതോർക്കാതെ . വേഗത്തിനും നിശ്ചലതയ്ക്കുമിടയിൽ സൂചികൾ കറങ്ങുന്നതോർക്കാതെ , തന്റെ സമയവും തീർത്ത് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, October 19, 2017

പ്രണയം ഇങ്ങിനെയുമാണ് ...!!!

പ്രണയം ഇങ്ങിനെയുമാണ് ...!!!
.
പ്രണയം എന്നാൽ
ഒരു സമർപ്പണവുമാണ്
സർവ്വവും ഉപേക്ഷിച്ച്
സ്വയം ഉപേക്ഷിച്ച്
തന്നെത്തന്നെയുള്ള
സ്വയം സമർപ്പണം ....!
.
അവിടെ
കൊടുക്കൽ
വാങ്ങലുകളില്ല
പ്രതീക്ഷയും
നിരാശയുമില്ല
കൂടിച്ചേരലും
വേർപിരിയലുമില്ല ....!
.
ദേഹവും ദേഹിയുമില്ലാതെ
കാമനകളും കല്പിതങ്ങളുമില്ലാതെ
നിറങ്ങളും സുഗന്ധങ്ങളുമില്ലാതെ
നിഷ്കാമമായ പ്രണയം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, October 11, 2017

ഉത്തരവും ചോദ്യവും തമ്മിൽ ...!!!

ഉത്തരവും ചോദ്യവും തമ്മിൽ ...!!!
.
ഉത്തരവും ചോദ്യവും തമ്മിൽ
അഭേദ്യമായൊരു
രക്തബന്ധമുണ്ടാകണമെന്നാണ്
ദോഷൈകദൃക്കുകൾ പോലും
വീമ്പു പറയുന്നത് ...!
.
എന്നാൽ
ചോദ്യത്തിൽ ഉത്തരവും
ഉത്തരത്തിൽ ചോദ്യവും
പരസ്പരം
ഒളിപ്പിച്ചുവെക്കുമ്പോൾ
അല്ലെങ്കിൽ
ഉത്തരമില്ലാത്ത ചോദ്യവും
ചോദ്യമില്ലാത്ത ഉത്തരവും
ധാരാളമാകുമ്പോൾ
പിന്നെ
ചോദ്യവും ഉത്തരവും തമ്മിൽ
ബന്ധമുണ്ടായാലെന്ത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, October 4, 2017

പ്രാണനാഥനെനിക്ക് നൽകിയ പരമാനന്ദ ....!!!

പ്രാണനാഥനെനിക്ക് നൽകിയ പരമാനന്ദ ....!!!
.
അദ്ദേഹത്തിന്റെ കാൽക്കൽ മനസ്സുകൊണ്ട് നമിച്ചുകൊണ്ട് നിസ്സഹായയായി കിടക്കുകയായിരുന്നു അവൾ അന്നേരമത്രയും . ആ കാലുകളിൽ കണ്ണുനീരിനാൽ തന്റെ ഹൃദയം തന്നെ സമർപ്പിച്ചുകൊണ്ട് നിറഞ്ഞ മനസ്സോടെ അദ്ദേഹത്തെ തന്നെ നിശബ്ദമായി നോക്കിക്കൊണ്ട് . ഏറെ ശ്രദ്ധയോടെ ഏറെ കരുതലോടെ അതിലുമേറെ ഇഷ്ടത്തോടെ ഒട്ടും അറപ്പോ വെറുപ്പോ കൂടാതെ തന്റെ ശരീരത്തിലെ ഓരോ അണുവിലെയും വൃത്തികേടുകളൊക്കെ മെല്ലെ താൻ പോലുമറിയാത്തപോലെ തുടച്ചെടുത്ത് അനക്കമറ്റ തന്നെ നിത്യവും രണ്ടുനേരം വൃത്തിയാക്കിക്കൊണ്ടിരുന്ന അദ്ദേഹത്തെ എങ്ങിനെയാണ് താൻ നമിക്കാതിരിക്കുക ...!
.
തിരക്കിൽ നിന്നും തിരക്കിലേക്ക് ആധിപിടിച്ച മനസ്സുമായി എന്നും നിർത്താതെ ഓടിക്കൊണ്ടേയിരുന്നിരുന്ന അദ്ദേഹം എപ്പോഴും ഒരിടവേളയുണ്ടാക്കി നിറഞ്ഞ കുസൃതിയുമായി ആരുംകാണാതെ മക്കളുടെയും അമ്മയുടെയും കണ്ണുവെട്ടിച്ച് തന്നെയും പൊക്കിയെടുത്ത് ബെഡ്റൂമിലേക്ക് ഓടിയെത്തുമ്പോൾ , അതുവരെയുള്ള പണിത്തിരക്കിനിടയിൽ താൻ അന്ന് കുളിച്ചിട്ടില്ലെന്നറിഞ്ഞാൽ തന്നെയൊന്നു തൊടുകപോലും ചെയ്യാതെ ആ ബെഡിലേക്കിട്ട് ഒരു കുസൃതിച്ചിരിയോടെ തിരിച്ചുപോയിരുന്ന വൃത്തി രാക്ഷസനായ ആളാണ് ഇതെന്ന് തനിക്കെങ്ങിനെയാണ് മറക്കാൻ പറ്റുക .....!
.
അനുഭവിപ്പിക്കുന്ന ഓരോ നിമിഷവും സ്വർഗ്ഗ തുല്യമാക്കുന്ന അദ്ദേഹം തന്റെ ശരീരത്തിലെ ഓരോ അണുവും ആസ്വദിച്ചർമ്മാദിച്ചിരുന്നത് എന്തൊരാവേശത്തോടെയാണ് താൻ ഓരോ തവണയും അനുഭവിച്ചിരുന്നത് എന്നോർക്കുമ്പോൾ ഇപ്പോഴും ഓരോ രോമങ്ങളും എഴുന്നേറ്റു നിൽക്കുന്നതും താനറിയുന്നു . ഒഴിവുണ്ടാക്കിയെടുക്കുന്ന ഇട ദിവസങ്ങളിൽ കുളിമുറിയും അടുക്കളയും ഇരിപ്പുമുറിയും കിടപ്പുമുറിയും രാസലീലകളിൽ നിറച്ച് സ്വർഗ്ഗീയ മണിയറകളാക്കിയിരുന്നത് ഒരിക്കലും തീരാത്ത
വിശ്വാസത്തോടെയും സ്നേഹത്തോടെയുമായിരുന്നല്ലോ എന്നത് ഒരു തേങ്ങലോടെ അവൾ അപ്പോൾ ഓർത്തെടുത്തു ...!
.
തന്റെ ഇഷ്ടങ്ങൾക്ക് എന്നും പ്രാധാന്യം നൽകി തന്റെ താത്‌പര്യങ്ങൾക്ക് വിരുദ്ധമായി യാതൊന്നിനും നിർബന്ധിക്കാതെ തന്നിലൂടെ സ്വയം ആനന്ദമൂർച്ഛയിലെത്തുമായിരുന്ന അദ്ദേഹത്തിന്റെ ആ വലിയ മനസ്സ് തനിക്കെന്നും വിസ്മയമായിരുന്നു . അദ്ദേഹത്തിന് മതിവരുവോളം തന്നെ ഉപയോഗിക്കുമ്പോഴും അത് തനിക്കും സ്വയം ഉപയോഗപ്പെടുത്തിക്കൊണ്ടുകൂടിയാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ താൻ എത്രയോവട്ടം അഭിമാനം കൊണ്ടിരിക്കുന്നു ....!
.
ആഗ്രഹങ്ങൾ ഒരിക്കലും ഒളിച്ചുവെക്കാത്ത , മോഹിക്കുന്നതൊന്നും നടത്താതിരിക്കാറുള്ള കുസൃതിക്കാരനായ ,
കുറുമ്പനും വാശിക്കാരനുമായ അദ്ദേഹമിപ്പോൾ സർവ്വവും ത്യജിച്ച് അദ്ദേഹത്തിന്റെ മനസ്സിനെയും ശരീരത്തെയും സന്യസിക്കാൻ വിട്ടുകൊണ്ട് ഒരു യോഗിയെപോലെ ഇനിയൊരിക്കലും ഒരു ജീവിതമില്ലാത്ത തനിക്കുവേണ്ടിയുള്ള ശുശ്രൂഷയിൽ സർവ്വാത്മനാ ആനന്ദം കണ്ടെത്തുന്നത് എങ്ങിനെയാണ് നമിക്കാതെ നോക്കിയിരിക്കാനാവുക . പുരുഷനെന്നാൽ തന്റെ പാതിയായ സ്ത്രീയുടെ പരമവുമാണെന്ന് അനുഭവിപ്പിക്കുന്ന അദ്ദേഹത്തെ സർവ്വാത്മനാ സാഷ്ടാംഗം നമസ്കരിക്കുന്നു ......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, October 3, 2017

അടുത്ത ജന്മം ...!!!

അടുത്ത ജന്മം ...!!!
.
ഈരേഴുപതിനാലുലകും ചുമക്കുന്ന
ആ ഗർഭപാത്രത്തിൽ പിറക്കണം
ആ അമ്മിഞ്ഞകളിൽ പുരണ്ട
ദാരികന്റെ രക്തം തുടച്ചു കളഞ്ഞ്
എനിക്കെന്റെ
വയറു നിറയെ പാലുകുടിക്കണം
ആ നെഞ്ചിലെ എരിയുന്ന കനലിൽ
എന്റെ കണ്ണുനീർ
ബാഷ്പീകരിക്കണം
ആ കണ്ണുകളിലെ കത്തുന്ന തീയിൽ
എന്റെ നെഞ്ചകം ചുട്ടെടുക്കണം
ആ കൈകളിലെ രൗദ്രതയിൽ
എന്നിലെനിക്കാവേശം നിറയ്ക്കണം
ആ കാലുകളിലെ ചടുലതയിൽ
എനിക്കെന്റെ ജീവിതതാളം പിടിക്കണം
എന്നിട്ട്
തലയോട്ടിമാലകൾ കൊരുത്തൊരാ
പിടയ്ക്കുന്ന മാറിൽ ചേർന്നൊന്നുറങ്ങണം
ശാന്തമായൊരിക്കലെങ്കിലും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

കച്ചവടം ...!!!

കച്ചവടം ...!!! . മനുഷ്യൻ മനുഷ്യനെ തന്നെ കച്ചവടം നടത്തുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കച്ചവടങ്ങളിലൊന്ന് എന്നതിനേക്കാൾ നിരാശാജനകമായ ...