Sunday, December 11, 2011

വിശപ്പ്‌ ….!!!

ഇടതു കയ്യില്‍ ചോറും
വലതു കയ്യില്‍ പായസവും കൊണ്ടാണ്
അന്നവള്‍ എന്റെയടുത്തു
വിരുന്നു വന്നത് …!

പായസത്തിനു മധുരവും ,
ചോറിനും വിശപ്പും ,
രണ്ടും കൂടിയാകുമ്പോള്‍
അവസാനം അവളുമായി …!

എന്നിട്ടും , അവള്‍ വിളമ്പിയത്
വലതു കയ്യിലെ പായസം മാത്രം .
വിശപ്പാണെന്നും
അന്നം ജീവനാനെന്നും
ആണയിട്ടിട്ടും കേട്ടില്ലവള്‍ …!

പിന്നെയും എന്തിനാണവള്‍
ആ രണ്ടു പാത്രങ്ങളുമായി
എന്നെ തേടി മാത്രം വന്നത് ...?

*** *** ***
സുരേഷ്കുമാര്‍ പുഞ്ചയില്‍

എന്നിലേക്ക്‌ …!!

തുള്ളിയായി അവസാനിക്കുന്ന അവസാനത്തെ മഴത്തുള്ളിയെയും കാറ്റ് തുടചെടുക്കുന്നതും നോക്കി ഞാന്‍ മിണ്ടാതെ ഇരുന്നു . നിരത്തില്‍ വല്ലാത്ത തിരക്കൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മുന്നോട്ടുള്ള വഴി എനിക്ക് അപ്പോഴും അവ്യക്തമായിരുന്നു …!

തിടുക്കമില്ലാതതിനാല്‍ മാത്രം , ഞാന്‍ എന്റെ വാഹനത്തിന്‍റെ ഗതിയെ അതിന്റെ പാട്ടിനു വിട്ടു , പേരറിയാത്ത ഏതോ ഒരു ഗായകന്‍റെ മനോഹരമായ ഗസലിന് മനസ്സ് കൊടുത്തു . ആ ഗസല്‍ എന്നെ കൊണ്ട് പോകുന്നത് എനിക്കുള്ള വഴിയെ തന്നെ ആയിരുന്നതിനാല്‍ ഞാന്‍ മെല്ലെ സ്ടീയറിങ്ങില്‍ താളം പിടിക്കാന്‍ തുടങ്ങി . എന്റെ താളം പതിവ് പോലെ എന്നെ വിട്ടു അതിന്റെ വഴിക്കു പോകവേ ഞാന്‍ വീണ്ടും പാട്ടിലേക്ക് മാത്രം തിരിച്ചെത്തി ….!

മുന്നില്‍ നീണ്ട വഴിയുടെ ഓരത്ത് , തിരക്ക് കളില്‍ നിന്നും മെല്ലെ ഒതുങ്ങി ഒഴിഞ്ഞ്, എനിക്കുള്ള പാതയും തിരഞ്ഞു ഞാന്‍ മെല്ലെ യാത്ര തുടര്‍ന്നു . എനിക്കും എന്റെ ഗസലിനും എന്റെ വാഹനത്തിനും മാത്രമായ സമയത്തിലൂടെ , ഞങ്ങളുടെ മാത്രമായ അവസരങ്ങളിലൂടെ മുന്നോട്ടു മാത്രം …!

ആകാശത്തിനു ചുവട്ടില്‍ നിന്ന് ഒരു കറുത്ത പൊട്ടു പോലെ വളരെ പെട്ടെന്നാണ് ആ വാഹനം എന്റെ മുന്നിലേക്ക്‌ കയറി വന്നത് . വലത്തോട്ടോ ഇടത്തോട്ടോ , എന്തിനു മുന്നിലേക്ക്‌ പോലും കയറി മാറാന്‍ എനിക്കൊരവസരം തരാതെ അതെന്റെ ഹൃദയത്തിലേക്ക് തന്നെ ഇടിച്ചു കയറുകയും ചെയ്തു ….!

സീറ്റില്‍ മലര്‍ന്നു കിടന്നു ആകാശത്തേക്ക് നോക്കുമ്പോള്‍ അതുവരെ കാണാത്ത ഒരു നക്ഷത്രം അപ്പോള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടു . എനിക്ക് പുറകില്‍ പാഞ്ഞെത്തുന്ന രക്ഷകരെയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന രക്ഷിതാക്കളെയും ഞാന്‍ അപ്പോള്‍ പക്ഷെ കാണുന്നില്ലായിരുന്നു …!

ചുവട്ടില്‍ , മെല്ലെ ഇറ്റിറ്റു വീഴുന്ന എന്റെ ജീവന്‍ ആരൊക്കെയോ തുടചെടുക്കുന്നത് എനിക്ക് നോക്കിനില്‍ക്കാന്‍ തോന്നി . ഇടയ്ക്കു കയറി വരുന്ന ഉറുമ്പുകളെ തട്ടിമാറ്റി , അവര്‍ ആ തുള്ളികള്‍ മറക്കാതെ തുടച്ചെടുത്തു കൊണ്ടേയിരുന്നു...!. എന്നിട്ടും ഇടക്കെവിടെയോക്കെയോ ചില തുള്ളികള്‍ എനിക്ക് മേലെ കൂടി ഒഴുകി പോകുന്നത് ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ നോക്കിയിരുന്നു . എനിക്ക് വേണമെങ്കില്‍ അവരോടു പറയാമായിരുന്നിട്ടും ഞാന്‍ വെറുതേ നോക്കി കണ്ടിരുന്നു എല്ലാം …!

ഇനി ….! അറിയില്ല .. എന്നെ കൊണ്ടു പോകാന്‍ വരുന്നവരെ കാത്ത് ഞാന്‍ ഇവിടെ ഇരിക്കണോ , അതോ ഞാന്‍ എന്നില്ലേക്ക് മടങ്ങണോ …!! എന്തായാലും ഞാനും കാത്തിരിക്കുന്നു .. !!!

നക്ഷത്രങ്ങള്‍ .....!!!

നഷ്ട്ടങ്ങള്‍ക്ക് മേലെ ജീവിതം അന്ന്യമാകുന്ന ഏതെല്ലാമോ നിമിഷങ്ങളില്‍ ആശ്വാസമായോ ആല്ലെങ്കില്‍ ആകര്‍ഷണമായോ കാഴ്ച്ചയുടെ, അല്ലെങ്കില്‍ കേള്‍വിയുടെ വരമ്പുകള്‍ക്കിടയില്‍ എവിടെയോ ആണ് അയാള്‍ വന്നു നിന്നത് ....! കടലിനെ സ്നേഹിക്കുന്ന, തിരകളെയും ആകാശത്തെയും സ്നേഹിക്കുന്ന പെട്ടെന്ന് കോപിക്കുകയും, അതിനെക്കാള്‍ വേഗത്തില്‍ കരയുകയും ചെയ്യുന്ന അയാളിലെ പുരുഷനെ അയാളുടെ പൌരുഷത്തെ അടുത്ത് വളരെ അടുത്ത്, തൊട്ടറിയും വരെ അവള്‍ക്കു കാത്തിരിക്കണമായിരുന്നു ...!

ശബ്ദത്തിന് അപ്പുറം ചിത്രങ്ങള്‍ക്കും അപ്പുറം അയാള്‍ അവള്‍ക്കു വെറുമൊരു മരീചിക മാത്രം. കണ്ടുമുട്ടുന്ന വഴികളില്‍ കാണാത്ത ഓരങ്ങളില്‍ ഒന്ന് തിരയാന്‍ പോലും ആകാത്ത വിധം അയാള്‍ അവള്‍ക്കൊരു നിഴല്‍ മാത്രവും. സ്വപ്നങ്ങളില്‍ ഓര്‍ത്തെടുക്കാന്‍ അവള്‍ക്കാവുന്ന അയാളുടെ മുഖത്തിന്‌ മീതെ പോലും ഒരു അവ്യക്തത എപ്പോഴും നിഴല്‍ വിരിച്ചിരുന്നു ...!

അവളില്‍ നിന്നും അയാള്‍ ഒന്നും ആഗ്രഹിചിരുന്നില്ല എന്നത് അവളെ ഒട്ടും അത്ഭുതപ്പെടുത്തിയിരുന്നില്ല. അയാളെ അടുത്ത് അറിയുംതോറും അയാളുടെ ആഗ്രഹങ്ങളില്‍ അയാളുടെ വികാരങ്ങളില്‍ അവള്‍ അവളെതന്നെ കാണാന്‍ തുടങ്ങുകയായിരുന്നു. അയാള്‍ക്ക്‌ വേണ്ടി ഉണരാനും, അയാള്‍ക്ക്‌ വേണ്ടി ഉറങ്ങാനും അവള്‍ അവളുടെ ദിന ചര്യകളെ മാറ്റി വെച്ചു. അയാളുടെ ശബ്ദത്തിന്‌, അയാളുടെ വാക്കുകള്‍ക്ക്‌ അവള്‍ സമയം കടം കൊടുത്തു.

അയാള്‍ക്കവള്‍ എന്തായിരുന്നു എന്ന് ഒരുപക്ഷെ അപ്പോഴേക്കും അയാളെക്കാള്‍ അവള്‍ക്കായിരുന്നു അറിയാമായിരുന്നത്. ഒന്നും അവകാശപെടാതിരുന്നിട്ടും, ഒന്നും ആവശ്യപ്പെടാതിരുന്നിട്ടും , അയാള്‍ക്ക്‌ വേണ്ടി അവള്‍ അവളെതന്നെ സ്വയം മനസ്സാസമര്‍പ്പിച്ചു. ജീവിതത്തിനും അപ്പുറം, മരണത്തിനും അപ്പുറം ബന്ധങ്ങളുടെ പവിത്രതയില്‍ മനസ്സിന്റെ നിര്‍മ്മലതയില്‍ അവള്‍ അയാളെ കുടിയിരുത്തി.

എന്നിട്ടും അയാളെ സ്നേഹിക്കാന്‍ അവള്‍ക്കു മുന്നില്‍ കാരണങ്ങള്‍ ഒട്ടും കുറവല്ലായിരുന്നു ...! സ്നേഹത്തിനു മുന്നില്‍ അവള്‍ക്കു മുന്നില്‍ അയാള്‍ ഇല്ലാതാകുന്നു എന്ന് അവള്‍ അറിയുകയായിരുന്നു അപ്പോള്‍. അയാളുടെ ജീവിതത്തിനു നിറങ്ങള്‍ ഉണ്ടാകുന്നതും നിറങ്ങളില്‍ ജീവന്‍ തുടിക്കുന്നതും അവളായിരുന്നു തൊട്ടറിഞ്ഞത് ...! ആശ്വാസം എന്ന വാക്ക്, ആഗ്രഹം എന്ന വികാരം ..... അയാള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് അവള്‍ തൊട്ടറിഞ്ഞു ....!

അവള്‍ക്കു മുന്നില്‍ അപ്പോഴും, എപ്പോഴത്തെയും പോലെ പുതു നാമ്പുകള്‍ ഉടലെടുത്തിരുന്നു. പുതുതായി കണ്ട ആകാശത്തിന്റെ സ്വാതന്ത്ര്യത്തില്‍ അവള്‍ സ്വയം മറക്കുകയായിരുന്നു. അവള്‍ക്കു അവളുടെ സ്വന്തം ആകാശത്തിലേക്കുള്ള വാതിലുകള്‍ തുറന്നു കൊടുത്ത അയാളുടെ ജീവനുമേല്‍, അവള്‍ പ്രഖ്യാപിച്ചത് അവളുടെ അവകാശം...! അവളുടെ പ്രതീക്ഷകള്‍ ...! എന്നിട്ടും പക്ഷെ പടി വാതില്‍ക്കല്‍ പാതി വഴിയില്‍ അവളയാളെ നിഷ്ക്കരുണം ഉപേക്ഷിക്കുമ്പോള്‍ അവള്‍ക്കു തിരിഞ്ഞു നോക്കാന്‍ തന്നെ സമയവും ഇല്ലായിരുന്നു ....!!!

എന്നിട്ടും ജനാധിപത്യമേ ...!!!

എന്നിട്ടും ജനാധിപത്യമേ ...!!! . പുലരുവോളം കാവലിരുന്നിട്ടും തോക്കും നിയമവും കൂട്ടിരുന്നിട്ടും സംരക്ഷിക്കെപ്പെടാത്ത ജനാധിപത്യമേ നിന്നെയോർ...